മക്കളെ നല്ലവരാക്കി
വളർത്താനുള്ള മാർഗങ്ങൾ
ഓരോരുത്തരുടെയും
വീടിനകത്ത് തന്നെയുണ്ട്.
മക്കളുടെ ജീവിതരീതിയെ
ഏറ്റവും കൂടുതൽ
സ്വാധീനിക്കുന്നത്
മാതാപിതാക്കളും വീട്ടിലെ
അന്തരീക്ഷവുമാണ്.
'ചോക്ക് മലയിൽ ഇരുന്ന് ചോക്ക് അന്വേഷിച്ച് പോകുന്നവൻ' എന്നൊരു ചൊല്ലുണ്ട്. അഥവാ അയാൾ അന്വേഷിച്ചു നടക്കുന്ന സംഗതി അയാളുടെ അടുത്ത് തന്നെയുണ്ട്. പക്ഷേ, അയാൾ അത് തിരിച്ചറിയുന്നില്ല. ഇതുപോലെയാണ് ചില മാതാപിതാക്കൾ. മക്കളെ നല്ലവരാക്കി വളർത്താനുള്ള മാർഗങ്ങൾ അന്വേഷിച്ച് അവർ നടക്കുന്നു. അതിനുള്ള മാർഗം തങ്ങളുടെ വീടിന്റെ അകത്ത് തന്നെയുണ്ട് എന്നവർ മനസ്സിലാക്കുന്നില്ല.
മക്കളുടെ ജീവിതരീതിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് മാതാപിതാക്കളും വീട്ടിലെ അന്തരീക്ഷവുമാണ്.
" എല്ലാ കുട്ടികളും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവരുടെ മാതാപിതാക്കളാണ് അവരെ ജൂതനോ അഗ്നിയാരാധകനോ ക്രിസ്ത്യനോ ആക്കുന്നത്". ഈ ഹദീസ് മറ്റൊരു അർഥത്തിൽ കൂടി നമുക്ക് മനസ്സിലാക്കാം. അതായത്, നമ്മുടെ വീടുകളിൽ ഓരോ കുട്ടിയും സ്വാലിഹായാണ് പിറന്നു വീഴുന്നത്. പിന്നീട് വലുതാകുമ്പോൾ അവർ സ്വാലിഹ് ആകുന്നതിലും സ്വാലിഹ് അല്ലാതാകുന്നതിലും ഏറ്റവും കൂടുതൽ പങ്കുവഹിക്കുക മാതാപിതാക്കളും വീട്ടിലെ അന്തരീക്ഷവുമാണ്. ഒരു കുട്ടിയുടെ ആദ്യത്തെ റോൾ മോഡൽ അവന്റെ ഉമ്മയും ഉപ്പയും ആയിരിക്കും. മാതാപിതാക്കളുടെ ഓരോ ചലനവും അവൻ വീക്ഷിക്കും. അതിനെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. നല്ല ശീലങ്ങളാണെങ്കിലും ദുശ്ശീലങ്ങളാണെങ്കിലും അവൻ ഒപ്പിയെടുക്കും. മാതാപിതാക്കളുടെ ജീവിതം എങ്ങനെയാണോ അതുപോലെയാണ് അവന്റെ മനസ്സും ചിന്തയും പ്രവൃത്തികളും ആദ്യകാലത്ത് ക്രമീകരിക്കപ്പെടുക. നമ്മൾ ആ പ്രായത്തിൽ കൊടുക്കുന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ തർബിയത്ത്.
മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഇസ് ലാമിന്റെ സുഗന്ധം മക്കൾക്ക് പകർന്നു കൊടുക്കുമ്പോഴാണ് അവർ സ്വാലിഹായി വളരുന്നത്. ചില കുട്ടികൾ മറ്റുള്ളവരുടെ സ്വാധീന ഫലമായി സ്വാലിഹായി മാറാനുള്ള സാധ്യതയുണ്ട്. എന്നാൽ, എല്ലാവർക്കും ആ അവസരം ലഭിച്ചുകൊള്ളണമെന്നില്ല. സുബഹിക്ക് പള്ളിയിലേക്ക് പോകുന്ന പതിവില്ലാത്ത ഉപ്പ നമസ്കാരത്തിൽ കൃത്യനിഷ്ഠ പുലർത്തുന്ന വ്യക്തിയായി തന്റെ മകൻ വളരണമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഖുർആനുമായി ഊഷ്മള ബന്ധമില്ലാത്ത വീട്ടിലെ കുട്ടി ഖുർആനുമായി ഊഷ്മള ബന്ധമുള്ളവനായി വളരണം എന്ന്രാഗ്രഹിക്കുന്നതിൽ അർഥമില്ല. മാതാപിതാക്കൾ നമസ്കാരം കൃത്യമായി നിർവഹിക്കുന്നവരാണെങ്കിൽ കുട്ടി അത് ശ്രദ്ധിക്കും. സുബഹിക്ക് ശേഷവും മഗ് രിബിന് ശേഷവും വീട്ടിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ കുട്ടി അത് വീക്ഷിക്കും. ആ സംസ്കാരം അവൻ പോലും അറിയാതെ അവനിലേക്ക് പതുക്കെ പതുക്കെ ഇറങ്ങി വരും. ഇങ്ങനെയൊരു അന്തരീക്ഷം നമ്മുടെ വീടിനകത്ത് ഉണ്ടോ? ഉമ്മയും ഉപ്പയും നാട്ടുകാരുടെയും അയൽപക്കത്തുള്ളവരുടെയും നെഗറ്റീവുകൾ എപ്പോഴും വീട്ടിനകത്ത് ചർച്ച ചെയ്യുന്നു. ആ വീട്ടിൽ വളർന്നുവരുന്ന കുട്ടിയിൽ മറ്റുള്ളവരുടെ ന്യൂനതകൾ കണ്ടെത്തുന്ന സ്വഭാവം വളർന്നുവരും. മറ്റുള്ളവരുടെ പോസിറ്റീവ് മാത്രം സംസാരിക്കുന്ന വീടാണെങ്കിലോ? എല്ലാവരെയും വിശാലമനസ്സോടെ കാണുന്ന സ്വഭാവമുള്ളവനായി കുട്ടി വളരും. മാതാപിതാക്കൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും കോപിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന സ്വഭാവമുള്ളവരാണെങ്കിൽ കുട്ടിയുടെ സ്വഭാവവും അങ്ങനെയായി മാറും. പരസ്പരം വിട്ടുവീഴ്ച ചെയ്യുന്ന, മനോഹരമായും മൃദുവായും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന അന്തരീക്ഷത്തിൽ വളരുന്ന കുട്ടി സുന്ദരമായ സ്വഭാവത്തിന്റെ ഉടമയായി വളരും. നാം ഉമ്മയോടും ഉപ്പയോടും എങ്ങനെയാണോ പെരുമാറുന്നത് അത് നമ്മുടെ മക്കൾ നിരീക്ഷിക്കുന്നുണ്ട്. നമ്മളോടും ആ രൂപത്തിൽ പെരുമാറുന്നവരായി ക്രമേണ അവർ മാറും. ചുരുക്കത്തിൽ, മാതാപിതാക്കളുടെ ജീവിതരീതിയും വീട്ടിലെ അന്തരീക്ഷവുമാണ് പ്രധാനം. ഇപ്പറഞ്ഞതിനെല്ലാം വിപരീതമായതും സംഭവിക്കാറുണ്ടല്ലോ എന്ന് ചോദിക്കാവുന്നതാണ്. സദ്‌വൃത്തരായ മാതാപിതാക്കളുടെ മക്കൾ വഴിമാറിപ്പോകുന്ന അനുഭവങ്ങൾ ഉണ്ടാകാം. പൊതുവായ അവസ്ഥയാണ് ഇവിടെ പങ്കുവെച്ചത്.
നിരന്തരമുള്ള ഉപദേശം ഒരാളും ഇഷ്ടപ്പെടുകയില്ല. പ്രത്യേകിച്ചും കൗമാരക്കാരായ മക്കൾ. വീട്ടിൽനിന്ന് എപ്പോഴും ഉപദേശം കേട്ടുകൊണ്ടിരിക്കുമ്പോൾ അവർക്ക് മടുപ്പ് അനുഭവപ്പെടും. വീട്ടിനുള്ളിൽ ഇരിക്കുന്നത് ചടപ്പായി മാറും. റസൂൽ (സ) അനുചരന്മാരെ കൂടുതൽ ഉപദേശിക്കുമായിരുന്നില്ല. അവർക്ക് മടുപ്പ് അനുഭവപ്പെട്ടാലോ എന്ന ആശങ്കയായിരുന്നു കാരണം. ഉപദേശിക്കാതെ കുട്ടികളെ ഒരു കാര്യം ശീലിപ്പിക്കുക എങ്ങനെയാണ് എന്ന് നാം ചിന്തിച്ചേക്കാം. അത് സ്വന്തം ജീവിതത്തിൽ ചെയ്തു കാണിച്ചു കൊടുക്കലാണ് റസൂലിന്റെ രീതി. അനുചരന്മാരിലേക്ക് ആ ഗുണങ്ങൾ സ്വാഭാവികമായി പകരുകയും അവർ റസൂലിനെ അനുകരിക്കുകയും ചെയ്യും. ഇനി ഉപദേശിക്കേണ്ട ഘട്ടം എത്തിയാലോ, ഉപദേശിക്കുകയല്ല റസൂൽ ചെയ്യുക. നസ്വീഹത്താണ് നൽകിയിരുന്നത്. സ്നേഹത്തോടെയും ആത്മാർഥതയോടെയും മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ കാര്യങ്ങൾ ഉണർത്തലാണ് നസീഹത്ത്. തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത് പറയുന്നത് എന്ന് നസീഹത്ത് കേൾക്കുന്ന വ്യക്തി ചിന്തിക്കും. ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകണം എന്ന ആഗ്രഹം അതുവഴി അവനിൽ രൂപപ്പെടും.
മക്കളോടൊപ്പം സഹവസിക്കൽ
മക്കളോടൊപ്പം സഹവസിക്കാൻ സമയം കണ്ടെത്തൽ വളരെ പ്രധാനമാണ്. അവരോടൊപ്പം സഹവസിക്കുന്നതിലൂടെ രണ്ട് കാര്യങ്ങൾ സംഭവിക്കും. ഒന്ന്, നമ്മളിലുള്ള എല്ലാ ഗുണങ്ങളും നമ്മൾ പോലും അറിയാതെ അവരിലേക്ക് പകരും. നാം അങ്ങാടിയിലേക്ക് നടക്കാൻ ഇറങ്ങുമ്പോൾ സാധ്യമാകുന്ന സന്ദർഭങ്ങളിൽ മക്കളെയും കൂടെ കൊണ്ടുപോവുക. വഴിയരികിൽ പരിചയമുള്ളവരെ കാണുമ്പോൾ നാം അവരോട് പുഞ്ചിരിക്കുന്നു, കൈ കൊടുക്കുന്നു, ആലിംഗനം ചെയ്യുന്നു, വിശേഷങ്ങളെല്ലാം അന്വേഷിക്കുന്നു. നമ്മുടെ അടുത്ത് നിൽക്കുന്ന മക്കൾ ഈ പ്രവൃത്തി സൂക്ഷ്മമായി നോക്കുന്നു. ഒരാളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അവർ അതിലൂടെ പഠിക്കുന്നു. കഷ്ടപ്പെടുന്ന ഒരു വ്യക്തി വഴിവക്കിൽ വെച്ച് നമ്മളോട് ഒരു പ്രയാസം പറയുന്നു. നമ്മൾ അയാളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന പാഠം ഈ കാഴ്ച കണ്ടുനിൽക്കുന്ന മക്കൾക്ക് ലഭിക്കുന്നു. കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട് എന്ന് സാന്ദർഭികമായി നാം മക്കളോട് പറയുക കൂടി ചെയ്താൽ വലിയ സ്വാധീനം ചെലുത്തും. റസൂൽ (സ) വീട്ടിൽ വന്നാൽ പേരക്കുട്ടികളോടൊപ്പം കളിക്കാൻ സമയം കണ്ടെത്തിയിരുന്നു. കുഞ്ഞുഫാത്തിമയുടെ കൈപിടിച്ച് അങ്ങാടിയിലൂടെ നടക്കുമായിരുന്നു. ഹസനെയും ഹുസൈനെയും തോളിലിരുത്തി കവലയിലേക്ക് പോകുമായിരുന്നു.
മക്കളോടൊപ്പം ധാരാളമായി സഹവസിക്കുമ്പോൾ ഉണ്ടാവുന്ന രണ്ടാമത്തെ ഗുണം, നമ്മളും മക്കളും തമ്മിലുള്ള വൈകാരിക ബന്ധം ആഴമുള്ളതായി മാറും എന്നതാണ്. ചെറുപ്രായത്തിൽ തന്നെ ആഴത്തിലുള്ള വൈകാരിക ബന്ധം മക്കളുമായി രൂപപ്പെടുത്താൻ നമുക്ക് സാധിക്കണം. തിരക്കുകളിൽ പെട്ട് അവരോടൊപ്പം സഹവസിക്കാൻ സമയം കിട്ടാതെ വരുന്ന അവസ്ഥ ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്. സ്വാഭാവികമായും അവർ കൗമാര പ്രായമെത്തുമ്പോൾ നമ്മളിൽ നിന്ന് അകലാൻ തുടങ്ങും. സഹവസിക്കുന്നതോടൊപ്പം തന്നെ അളവറ്റ് സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. കാണുമ്പോൾ പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും വേണം. റസൂൽ (സ) അങ്ങനെയായിരുന്നല്ലോ. കല്യാണ ശേഷവും ഫാത്തിമ ബീവിയെ കാണുമ്പോൾ സന്തോഷത്താൽ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യുമായിരുന്നു, എന്തും തുറന്നു പറയാനുള്ള മാനസിക അടുപ്പവും സൗഹൃദവും മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ ഉണ്ടാകണം. സ്നേഹം പ്രകടിപ്പിക്കപ്പെടുന്ന അന്തരീക്ഷം കുടുംബത്തിൽ രൂപപ്പെടണം. സ്നേഹം പരസ്പരം പ്രകടിപ്പിക്കേണ്ടത് ഉമ്മയും ഉപ്പയും തമ്മിൽ തന്നെയാണ്. മാതാപിതാക്കൾ പരസ്പരം സ്നേഹം പങ്കുവെക്കുന്ന കാഴ്ച കുട്ടികൾക്ക് പോസിറ്റീവ് എനർജി സമ്മാനിക്കും. . എന്നാൽ, ഇടക്കിടക്ക് വഴക്കിലേർപ്പെടുകയും പരസ്പരം ബഹുമാനമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ദമ്പതികളാണെങ്കിലോ? വീടിന്റെ അകം തന്നെ കുട്ടികൾക്ക് മടുത്തു പോകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവർക്ക് താല്പര്യം ഇല്ലാതെയായി മാറും. അവരുടെ മാനസികാരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. സമാധാനവും സന്തോഷവും ലഭിക്കുന്ന കൂട്ടുകെട്ടുകൾ അന്വേഷിച്ചുകൊണ്ട് അവർ കറങ്ങിത്തിരിയും.
മാതാപിതാക്കളോട് ഒരു കുട്ടിക്ക് അങ്ങേയറ്റം സ്നേഹവും ആഴത്തിലുള്ള സൗഹൃദവും ബഹുമാനവും ഉണ്ടായാൽ പിന്നീട് തർബിയത്ത് വളരെ എളുപ്പമാകും. എല്ലാം തുറന്നു പറയാൻ പറ്റുന്ന ഇടമായി അവൻ മാതാപിതാക്കളെ കാണും. അവന്റെ എല്ലാ സംഘർഷങ്ങളും ഇറക്കിവെക്കാനുള്ള അത്താണിയായി അവൻ വീടിനെ മനസ്സിലാക്കും. ഒരുദാഹരണം പറയാം. കൗമാരക്കാലം പലവിധ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ഘട്ടമാണ്. ഒരു കുട്ടി അശ്ലീല വീഡിയോ മൊബൈലിൽ കണ്ടാൽ 'ഞാൻ ഇങ്ങനെ ചെയ്തു പോയി' എന്ന് സ്വന്തം ഉമ്മയോട് അല്ലെങ്കിൽ ഉപ്പയോട് എത്ര കുട്ടികൾക്ക് പറയാൻ സാധിക്കും? അങ്ങനെ തുറന്നു പറയാനുള്ള സൗഹൃദ ബന്ധം മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ ഉണ്ടാകൽ അനിവാര്യമാണ്. ഒരു കൗമാരക്കാരൻ കൂട്ടുകാരോടൊപ്പം സഹവസിച്ചപ്പോൾ ലഹരി ഉപയോഗിച്ചു. 'ഞാൻ ലഹരി ഉപയോഗിച്ചുപോയി. ഇനി എന്ത് ചെയ്യണം?' എന്ന് ഉമ്മയോടും ഉപ്പയോടും മക്കൾക്ക് പങ്കുവെക്കാൻ സാധിക്കണം. അങ്ങനെയാണെങ്കിൽ തെറ്റുകളിൽനിന്ന് തെറ്റുകളിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥ ഉണ്ടാകില്ല.
നല്ല കൂട്ടുകെട്ട്
നമ്മുടെ മക്കൾക്ക് നാം നൽകേണ്ട വളരെ പ്രധാനപ്പെട്ടൊരു സമ്മാനമുണ്ട്. നല്ല കൂട്ടുകെട്ടിലേക്ക് അവരെ എത്തിക്കുക എന്നതാണത്. വീടിന്റെ അകത്ത് നല്ല അന്തരീക്ഷം ഒരുക്കിയാൽ മാത്രം പോരാ. വീടിന് പുറത്ത് മക്കൾ സഞ്ചരിക്കേണ്ട വഴികളെക്കുറിച്ച് നമുക്കൊരു ധാരണയുണ്ടാകണം. എത്രയോ കുട്ടികൾ വഴിതെറ്റിപ്പോകുന്നത് ദുഷിച്ച കൂട്ടുകെട്ടിൽ പെടുന്നതുകൊണ്ടാണ്. നമ്മുടെ മക്കൾ ഏത് കൂട്ടുകാരോടൊപ്പമാണ് സ്ഥിരമായി സഹവസിക്കുന്നത് എന്ന് ഇടക്കിടക്ക് പരിശോധിക്കണം. മക്കളെ നന്മയുള്ള സംഘങ്ങളോടൊപ്പവും ദീനീ കൂട്ടയ്മകളോടൊപ്പവും എത്തിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. ഈ ലോകത്ത് ഉയർച്ചയും പരലോകത്ത് വിജയവും അതിലൂടെ സാധ്യമാകും. നാട്ടിലുള്ള ദീനീ കൂട്ടായ്മകളിൽ മക്കൾ പ്രവർത്തിക്കുന്നതിനെ ചില രക്ഷിതാക്കൾ നിരുത്സാഹപ്പെടുത്താറുണ്ട്. പഠനത്തിന്റെ സമയം നഷ്ടപ്പെടും എന്നതാണ് പലപ്പോഴും അതിന് പറയുന്ന കാരണം. കുറച്ചുകാലം കഴിഞ്ഞാൽ ഇതേ രക്ഷിതാക്കൾ സങ്കടത്തോടെ വന്ന് പറയാറുണ്ട്: "നിങ്ങളുടെ സംഘത്തിൽ ഞങ്ങളുടെ മകനെ കൂടി ചേർത്തുനിർത്തണം. ഞങ്ങൾ കരുതിയതു പോലെയല്ല അവന്റെ സഞ്ചാരം..."
ഇതുവരെ പറഞ്ഞ കാര്യങ്ങളാണ് കുട്ടികളുടെ തർബിയത്തിന് അടിത്തറ പാകുന്ന ഘടകങ്ങൾ. അക്കാര്യങ്ങൾ വീടുകളിൽ ഇല്ലെങ്കിൽ പിന്നെ തർബിയത്തിന്റെ വഴികൾ അന്വേഷിച്ചു നടന്നിട്ട് കാര്യമില്ല
വടിയും അടിയും
ഒരിക്കലും വടിയെടുക്കരുത് എന്നും ഒരു കാരണവശാലും അടിക്കരുത് എന്നുമുള്ള വാദം പൂർണമായും ശരിയാവുകയില്ല. കുട്ടികൾ പല പ്രകൃതക്കാരാണ്. ചില കുട്ടികളുടെ മുമ്പിൽ വടി ഉയർത്തേണ്ട ഘട്ടം വരും. അടി നൽകേണ്ട സന്ദർഭങ്ങളും ഉണ്ടാകാം. പക്ഷേ, മുകളിൽ സൂചിപ്പിച്ച അന്തരീക്ഷം നിലനിൽക്കുന്ന വീടുകളിൽ മാത്രമേ വടി പോലും പ്രയോജനപ്പെടുകയുള്ളൂ. ഒരു ഉപ്പയെ കുട്ടി വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് കരുതുക. ആ കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും വലിയ റോൾ മോഡൽ അവന്റെ മാതാപിതാക്കളായിരിക്കും. അവൻ ഒരു തെറ്റ് തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുന്നു. നസീഹത്ത് കൊണ്ട് അവനിൽ മാറ്റമുണ്ടാകുന്നില്ല. രൂക്ഷമായ ഒരു നോട്ടമോ അല്ലെങ്കിൽ അടിയോ നൽകിയാൽ എന്താണ് സംഭവിക്കുക. അവന്റെ മനസ്സ് സങ്കടപ്പെടുകയും കുറ്റബോധം നിറയുകയും ചെയ്യും. കാരണം, അവൻ അത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉപ്പ അവനെ അടിച്ചത് അവന്റെ മനസ്സിന് വല്ലാത്ത വിഷമം ഉണ്ടാക്കും. തിരുത്തണമെന്ന ചിന്ത അവനിൽ രൂപപ്പെടും. നിരന്തരം ശകാരിക്കുകയും എപ്പോഴും ഉപദേശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന അന്തരീക്ഷമാണ് വീട്ടിൽ എങ്കിൽ തെറ്റ് തിരുത്താൻ വേണ്ടി അവനെ അടിച്ചാൽ അവന്റെ മനസ്സിൽ ദേഷ്യവും കോപവും അമർഷവുമാണ് രൂപപ്പെടുക. . സ്നേഹം നൽകാത്ത കൈകൊണ്ട് അടി നൽകുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണിത്. ചില കുട്ടികളെ സംബന്ധിച്ചിടത്തോളം തെറ്റ് ചെയ്താൽ ഉപ്പ ശിക്ഷിക്കുമെന്ന ഭയം ഉണ്ടാകുന്നത് ഉപകാരപ്പെടു. അടിയെ ഇസ് ലാം പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല. അതുകൊണ്ടാണ് പത്ത് വയസ്സായിട്ടും മക്കൾ നമസ്കരിക്കുന്നില്ലെങ്കിൽ അടി എന്ന ഓപ്ഷനെ കുറിച്ച് റസൂൽ (സ) സൂചിപ്പിച്ചത്. പക്ഷേ, റസൂൽ ഒരാളെയും അടിച്ചിട്ടില്ല. കാരണം, സ്വന്തം ജീവിതം കൊണ്ട് മാതൃക സമ്മാനിക്കുകയും സ്നേഹം പങ്കുവെക്കുകയും സൗഹൃദവും ബഹുമാനവും രൂപപ്പെടുകയും ചെയ്യുന്ന ഒരു അന്തരീക്ഷത്തിൽ അപൂർവമായി മാത്രമേ വടി ആവശ്യം വരികയുള്ളൂ.
ഇന്ന് നമ്മുടെ സമൂഹത്തിൽ കൗമാരക്കാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് സജീവ ചർച്ചാവിഷയമാണ്. കുറ്റകൃത്യങ്ങളെ കുറിച്ചും അതിനു കൊടുക്കേണ്ട ശിക്ഷയെക്കുറിച്ചും എല്ലാവരും ശക്തമായി ശബ്ദിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, കുറ്റകൃത്യങ്ങളിലേക്ക് അവർ എത്തിപ്പെടാനുള്ള സാഹചര്യത്തെയും വഴികളെയും കുറിച്ചുള്ള ചർച്ചകൾ പൊതുവേ കുറവാണ്. കുറ്റകൃത്യങ്ങൾ പോലെ തന്നെ കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്ന വഴികളും ഇല്ലാതാക്കപ്പെടണം എന്നത് ഇസ് ലാമിക ശരീഅത്തിലെ പ്രധാനപ്പെട്ടൊരു തത്ത്വമാണ്. തെറ്റിലേക്കുള്ള എല്ലാ വഴികളും അടക്കപ്പെട്ട ശേഷം വീണ്ടും ആ തെറ്റ് ചെയ്യുമ്പോഴാണ് ഇസ് ലാമിക ശരീഅത്തിൽ ശിക്ഷ പോലും നടപ്പാക്കപ്പെടുന്നത്. ഉമറിന്റെ (റ) ഭരണകാലം. ഒരാൾ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടു. മോഷ്ടിച്ചാൽ കൈവെട്ടണം എന്നതാണ് ശിക്ഷ. എന്തുകൊണ്ട് മോഷ്ടിച്ചു എന്ന് ഉമർ അയാളോട് ചോദിച്ചു. പട്ടിണി കാരണം, എന്നതായിരുന്നു മോഷ്ടാവിന്റെ മറുപടി. അയാളുടെ മേൽ ശിക്ഷ നടപ്പാക്കരുത് എന്ന് ഉമർ കൽപ്പിച്ചു. കാരണം ഒരു കുറ്റകൃത്യത്തിന് ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ആ കുറ്റകൃത്യത്തിലേക്ക് എത്താനുള്ള വഴികൾ അടക്കപ്പെടേണ്ടതുണ്ട്. പട്ടിണി അകറ്റാനുള്ള തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാതെ മോഷണത്തിന് കൈവെട്ടുന്നത് ഉചിതമല്ല എന്ന് ഉമർ മനസ്സിലാക്കിയിരുന്നു.
കള്ളും കഞ്ചാവും അശ്ലീലതകളും ലൈംഗിക ആഭാസങ്ങളും വയലൻസും കോളേജ് വിദ്യാർഥികളിൽ ഒഴുകി പരക്കുന്നുണ്ട്. അവയെ ആക്ഷേപിക്കുമ്പോൾ തന്നെ എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥ സംജാതമായി എന്ന ചോദ്യവും പ്രധാനമാണ്. എന്റെ ശരീരം എന്റെ അവകാശം എന്ന സങ്കൽപ്പം, ധാർമികതയൊക്കെ പഴഞ്ചനാണ് എന്ന ചിന്ത, സദാചാരത്തോടുള്ള പുച്ഛം, ജീവിതം പരമാവധി ആഘോഷിക്കാനുള്ളതാണെന്നും ഒരു അതിർവരമ്പും നോക്കേണ്ടതില്ല എന്നുമുള്ള വിചാരം, തുടങ്ങിയവയെല്ലാം കൗമാരക്കാരിൽ കുത്തിവെക്കപ്പെടുന്ന സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. ഇത്തരം ജീവിത സങ്കല്പങ്ങൾ കുറ്റകൃത്യങ്ങളുടെയും അരാജകത്വത്തിന്റെയും ലോകത്തേക്ക് വിദ്യാർഥികളെ കൈപിടിച്ചു നടത്തുന്നു എന്നത് കാണാതിരുന്നുകൂടാ.
അടിക്കുമ്പോൾ
അടിക്കുമ്പോൾ പോലും ചില നിബന്ധനകൾ പാലിക്കണമെന്ന് ഇസ് ലാം പഠിപ്പിക്കുന്നുണ്ട്. മുഖത്തടിക്കരുത് എന്നതാണ് അതിലൊന്ന്. മുഖത്തടിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. നാം മക്കളുടെ മുഖത്തടിച്ചാൽ അത് അവരുടെ മനസ്സിൽ കോപവും അമർഷവും ആളിക്കത്തിക്കും. ഗുണത്തിന് പകരം ദോഷമാണ് ചെയ്യുക. ശരീരത്തിൽ നന്നായി വേദനിക്കുന്ന ഭാഗത്തും അപകടമുണ്ടാക്കുന്ന ഭാഗത്തും അടിക്കരുത്. . അടി ശരീരത്തെ വേദനിപ്പിക്കാനുള്ളതല്ല. മനസ്സിൽ കുറ്റബോധം ജനിപ്പിക്കുന്നതിന് വേണ്ടിയാണ്. അപ്പോൾ മാത്രമേ തിരുത്തൽ പ്രക്രിയ സാധ്യമാവുകയുള്ളൂ. കുട്ടി കോപിഷ്ഠനായിരിക്കെ അവനെ അടിക്കരുത് എന്നതാണ് മൂന്നാമത്തെ നിബന്ധന. ആ അവസ്ഥയിൽ അവനെ അടിക്കുന്നത് അവനിൽ നല്ല ചിന്ത ഉണർത്തുകയില്ല. തിളച്ചു മറിയുന്ന കോപം ആളിക്കത്താൻ മാത്രമാണ് വഴിയൊരുക്കുക. അതുപോലെതന്നെ, നമ്മുടെ ദേഷ്യം തീർക്കാൻ വേണ്ടി ഒരിക്കലും മക്കളെ അടിക്കരുത്. ആ അടി ഒരുപകാരവും ചെയ്യുകയില്ല. അഥവാ, ഇസ് ലാം ശിക്ഷ അനുവദിച്ചതിന്റെ പ്രധാന കാരണം സ്വയം തിരുത്താനും തിരിച്ചുവരാനുമുള്ള അവസരം വ്യക്തികൾക്ക് ഒരുക്കാൻ വേണ്ടിയാണ്. ശിക്ഷക്ക് വേണ്ടി ശിക്ഷ എന്ന കാഴ്ചപ്പാട് ഇസ് ലാമിലില്ല.