നമുക്കേറെ ഇഷ്ടപ്പെട്ട ഒരു ചെടി മണ്ണിൽ നടുമ്പോൾ അതിനാവശ്യമുള്ള വെള്ളവും വളവുമിടാൻ നാം മറക്കാറില്ല. ഏറെ സന്തോഷവും കൺകുളിർമയും നൽകുന്ന അതിന്റെ പൂമൊട്ടുകളും പൂവുകളും ഹരിതാഭമായ കാഴ്ചയും നൽകുന്ന സന്തോഷമാണ് അതിനെ പരിപാലിച്ചു വളർത്തുമ്പോൾ ഓരോ ഘട്ടത്തിലും നമുക്കുണ്ടാവുക. എന്നാൽ, വളരെ ഇഷ്ടത്തോടെയുള്ള പരിപാലനത്തിനിടയിൽ അമിത വളപ്രയോഗമായാൽ അത് ചീയും. വീടുകളിൽ മക്കൾ വളരുമ്പോൾ നമ്മൾ കാണിക്കുന്ന സൂക്ഷ്മതയും ഇതുപോലെയാണ്. കുട്ടികളുടെ പരിപാലനത്തിൽ അമിതലാളനയും കടുത്ത ശിക്ഷയും ചിലപ്പോൾ ഇതുപോലെ ആയിരിക്കും. കുടുംബവും സമൂഹവും രാഷ്ട്രവും ഒരു കുഞ്ഞിന്റെ വളർച്ചയ്ക്ക് വേണ്ടി ഒരുക്കിക്കൊടുക്കുന്ന എല്ലാ സൗകര്യങ്ങളും, നാളെ നല്ലൊരു പൗരനാകാൻ വേണ്ടി അവനാണോ ഉപയോഗിക്കുന്നത് അതല്ല വളം ഇടുമ്പോൾ ചെടിക്ക് ചുറ്റും കള വളരുന്നത് പോലെ ചുറ്റുമുള്ള ചതിക്കുഴികളാണോ വളരുന്നത് എന്ന് നാം ശ്രദ്ധിക്കണം. പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്ന കള യാതൊരു ദയയുമില്ലാതെ നാം പറിച്ചുമാറ്റും. കളകൾ കാരണം തലയുയർത്താൻ പോലും സാധിക്കാതിരുന്ന ചെടി, അതോടെ സൂര്യപ്രകാശവും കാറ്റുമേറ്റ് വളരാൻ തുടങ്ങും. ചില ശിക്ഷകളിലൂടെയും ശിക്ഷണങ്ങളിലൂടെയും ഒരു പൗരന്റെ വളർച്ചക്ക് വിഘാതം നിൽക്കുന്ന ചിലതിനെ നമ്മൾ സംസ്കരിച്ചെടുക്കേണ്ടി വരും. അവിടെയാണ് ശിക്ഷകളുടെ പ്രസക്തി. മുന്നറിയിപ്പുകാരനും സന്തോഷവാർത്ത അറിയിക്കുന്നവനുമായി പ്രവാചകനെ അല്ലാഹു പരിചയപ്പെടുത്തുമ്പോഴും ഈ സൂക്ഷ്മത നമുക്ക് കാണാം.
ശിക്ഷ ശിക്ഷണത്തിനു വേണ്ടിയുള്ളതാവണം. ആൾബലമോ സമ്പത്തോ രാഷ്ട്രീയ സ്വാധീനമോ മൂലം കുറ്റവാളികൾ രക്ഷപ്പെടുകയോ നിരപരാധികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നത് എത്രമാത്രം അനീതിയാണോ അതിനേക്കാളും അപകടകരമാണ് അപക്വമായ ശിക്ഷാരീതികളും. മക്കൾക്ക് രക്ഷിതാക്കൾ നൽകുന്ന ശിക്ഷാരീതികളെക്കുറിച്ച് മാത്രമല്ല, വ്യക്തികൾക്ക് സമൂഹമോ രാഷ്ട്രമോ നടപ്പിലാക്കുന്ന ശിക്ഷാരീതികളെ കുറിച്ചും വ്യത്യസ്ത അഭിപ്രായം പുലർത്തുന്നവരാണ് നമ്മൾ. വ്യത്യസ്ത രാജ്യങ്ങൾ മലയാളികൾക്ക് നൽകിയ ശിക്ഷാ രീതികളെയും അവരുടെ മോചനത്തെയും കുറിച്ച് സംസാരിക്കുന്ന സാഹചര്യം കൂടിയാണിത്. ഷഹബാസ് എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ, കുട്ടിക്കുറ്റവാളികളെ കുറിച്ചും അവരുടെ മനുഷ്യാവകാശത്തെക്കുറിച്ചും സംസാരിച്ചവരാണ് നാം. കൊല്ലപ്പെട്ടയാളെയും കൊല ചെയ്തയാളെയും മാത്രമല്ല, അവർക്കു ചുറ്റുമുള്ള കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും കൂടി ചർച്ച ചെയ്യുമ്പോൾ മാത്രമേ ആരോഗ്യമുള്ള സമൂഹ നിർമിതി സാധ്യമാവൂ.
നിരന്തരമായ ചർച്ചകളിലൂടെയും വായനകളിലൂടെയുമാണ് ഇത്തരം അവസ്ഥയെ അഭിസംബോധന ചെയ്യേണ്ടത് എങ്ങനെ എന്ന തീർപ്പിലേക്ക് എത്തുക.
മാനവിക മൂല്യങ്ങളിലൂന്നിയ ബാല്യ കൗമാരങ്ങളെ വളർത്തുന്നതിനുള്ള കുടുംബ പശ്ചാത്തലം സജ്ജീകരിക്കുന്നതിനുള്ള വഴികൾ എന്നത്തേയും പോലെ ആരാമം ചർച്ചക്കിടുകയാണ്.