മര്‍വ കവാചി- വിശ്വാസത്തിന്റെ സാമൂഹിക പ്രതിനിധാനം

സൈഫുദ്ദീന്‍ കുഞ്ഞ് No image

ആധുനിക തുര്‍ക്കിയില്‍ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ അനിതരസാധാരണമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ വനിതയാണ് മര്‍വ സഫാ കവാചി. കമാലിസ്റ്റ്- സെക്യുലരിസ്റ്റ് ചിന്തകള്‍ക്കിടയില്‍ തുര്‍ക്കിയില്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ സാമൂഹിക പ്രതിനിധാനം ഉറപ്പുവരുത്തുന്നതില്‍ മര്‍വ കവാചി നേതൃപരമായ പങ്കു വഹിച്ചു. നജ്മുദ്ദീന്‍ അര്‍ബകാനിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനമായ നാഷ്‌നല്‍ ഔട്ട്‌ലുക്ക് മൂവ്‌മെന്റില്‍ അണിചേര്‍ന്ന മര്‍വ കവാചിയുടെ വ്യക്തിപ്രഭാവവും പാണ്ഡിത്യവും  സംഘടനയില്‍  സ്ത്രീസാന്നിധ്യം  കൂടുതല്‍ ശക്തമാകാന്‍ ഇടവരുത്തിയിട്ടുണ്ട്.

മര്‍വ കവാചിയും തുര്‍ക്കി മതേതരത്വവും

ഹെഡ് സ്‌കാര്‍ഫ് ധരിച്ചതിന്റെ പേരില്‍ കടുത്ത വിവേചനം അനുഭവിച്ച മര്‍വ കവാചി മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മലേഷ്യയിലേക്കുള്ള രാജ്യത്തിന്റെ അംബാസഡറായി 2017-ല്‍ നിയമിതയായി. സെക്യുലരിസ്റ്റ് തുര്‍ക്കി പുലര്‍ത്തി വന്ന മതവിവേചനത്തിനോടുള്ള ചരിത്രപരമായ മധുര പ്രതികാരമായിരുന്നു അത്. ആധുനിക തുര്‍ക്കി രൂപപ്പെട്ടതിനു ശേഷം പൊതുയിടങ്ങളില്‍ ഹെഡ് സ്‌കാര്‍ഫ് നിരോധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയില്‍ എ.കെ പാര്‍ട്ടിയുടെ സാമൂഹിക രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നോക്കിക്കാണേണ്ടത്. ഒരു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തില്‍ വിശ്വാസാടിസ്ഥാനത്തില്‍ സംഘടിക്കാനും ഇസ്‌ലാമിക ചിഹ്നങ്ങള്‍ നിര്‍ഭയതയോടെ സ്വീകരിക്കാനും കമാലിസ്റ്റ് - സെക്യുലരിസ്റ്റ് അധികാരവൃന്ദങ്ങളും അവര്‍ രൂപപ്പെടുത്തിയ സാംസ്‌കാരിക ലോകവും അനുമതി കൊടുത്തിരുന്നില്ല. മതവിശ്വാസികളായ പെണ്‍കുട്ടികള്‍ സ്‌കൂള്‍. കോളേജുകളില്‍ വിഗ്ഗുകള്‍ ധരിച്ചാണ് പലപ്പോഴും പോയിരുന്നത്. എ.കെ പാര്‍ട്ടി അവരെ മലേഷ്യയിലേക്കുള്ള പ്രതിനിധിയായി തെരഞ്ഞെടുത്തത് തുര്‍ക്കി സെക്യുലര്‍ ഘടനയോടുള്ള വെല്ലുവിളി എന്ന അര്‍ഥത്തിലാണ്.
1999-ല്‍ ഫസീല പാര്‍ട്ടി (വെര്‍ച്യു പാര്‍ട്ടി)യാണ് തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌കാര്‍ഫ് ധരിച്ച വനിതയെ സ്ഥാനാര്‍ഥിയായി നിയമിച്ചത്. സ്‌കാര്‍ഫ് തുര്‍ക്കിയുടെ  ദേശിയ താല്‍പര്യത്തിന് വെല്ലുവിളിയായാണ് കമാലിസ്റ്റ് - സെക്യുലര്‍ ചിന്തകളുടെ അടിസ്ഥാനത്തിലുള്ള അധികാരികള്‍   വിലയിരുത്തിയിരുന്നത്. എന്നാല്‍ അവര്‍ രൂപപ്പെടുത്തി വെച്ച മതവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതുകയും മര്‍വ കവാചി എം.പി ആയി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. സത്യപ്രതിജ്ഞാ വേളയില്‍ പാര്‍ലമെന്റിലേക്കു കടന്നു വന്ന മര്‍വ കവാചിയെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാക്കള്‍, സ്ത്രീകളടക്കമുള്ള മറ്റു പ്രതിനിധികളെല്ലാം ചേര്‍ന്ന് കോലാഹലം സൃഷ്ടിക്കുകയും പുറത്തേക്ക് തള്ളിയിറക്കുകയും ചെയ്തു.
കമാലിസ്റ്റ് ചായ്വുള്ള ഹുറിയത് ദിനപത്രം പോലുള്ള മാധ്യമങ്ങള്‍ മര്‍വ കവാചിക്കെതിരെ അപകീര്‍ത്തിപ്രചാരണം അഴിച്ചുവിടാനും തുടങ്ങി. അവര്‍ക്ക്  അമേരിക്കന്‍ പൗരത്വം ഉണ്ട് എന്നതും നടപടിയെടുക്കാന്‍ കാരണമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പൗരത്വമുള്ള ഹെഡ് സ്‌കാര്‍ഫ് ധരിക്കാത്ത ത്വയ്യിബ ഗുലെക് എന്ന സ്ത്രീയെ സത്യപ്രതിജ്ഞ ചൊല്ലുന്നതില്‍നിന്നും വിലക്കിയില്ല എന്നത് ഇസ്‌ലാമിക ചിഹ്നത്തിനെതിരെയുള്ള തുര്‍ക്കിയുടെ സെക്യുലര്‍ പൊതുബോധത്തിന്റെ ആഴം വ്യക്തമാക്കി. അമേരിക്കന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് പെരെസിന്റെ ‑'The Day Turkey Stood Still: Merve Kavakci's Walk Into the Turkish Parliament‑'  ല്‍ മര്‍വ കവാചി നേരിട്ട സാമൂഹിക - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിവരിക്കുന്നുണ്ട്.

വിദ്യാഭ്യാസവും അക്കാദമിക ലോകവും

1968-ല്‍ ജനിച്ച മര്‍വ കവാചി ഖുര്‍ആന്‍ മനഃപാഠമാക്കിയിട്ടുണ്ട്. അങ്കാറ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി,
ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദാനന്തര ബിരുദവും ഹൊവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.
ഇപ്പോള്‍  ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്റര്‍നാഷ്‌നല്‍ അഫേഴ്‌സ് അധ്യാപികയാണ്. 'വകിത്' പോലെ വിവിധ തുര്‍ക്കിഷ് ദിനപത്രങ്ങളില്‍ കോളമിസ്റ്റ് കൂടിയാണ്. നിലവില്‍ തുര്‍ക്കിയിലെ ഉസ്‌കുദാര്‍ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് കൊളോണിയല്‍ റിസര്‍ച്ച് സെന്ററിന്റെ മേധാവി കൂടിയാണ്.
മുസ്‌ലിം രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയ, സമകാലിക തുര്‍ക്കി രാഷ്ട്രീയം,  ഇസ്‌ലാമിലെ സ്ത്രീ, രാഷ്ട്രീയവും മുസ്‌ലിം വനിതകളും തുടങ്ങിയവയാണ് മര്‍വ കവാചിയുടെ പ്രധാന വ്യവഹാര മേഖലകള്‍.
Being Muslim in the West  എന്ന കൃതിയില്‍ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ മുസ്‌ലിം ജനത അഭിമുഖീകരിക്കുന്ന വ്യത്യസ്ത വിഷയങ്ങള്‍ വിശദീകരിക്കുന്നു. വ്യത്യസ്ത സാംസ്‌കാരിക രീതികള്‍ പുലര്‍ത്തുന്ന ഭൂമിശാസ്ത്ര മേഖലകളാണെങ്കിലും പടിഞ്ഞാറന്‍ ലോകത്തെ മുസ്‌ലിം മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍  ജീവിതത്തെ പരുവപ്പെടുത്തുന്നതിനെക്കുറിച്ച് മര്‍വ കവാചി ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.'siyasetin oyunu' (Political game) എന്ന കൃതി തുര്‍ക്കിയുടെ ആഭ്യന്തര രാഷ്ട്രീയ പരിവര്‍ത്തനങ്ങളും മനുഷ്യാവകാശ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മര്‍വ കവാചിയുടെ ജീവിതത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെ പരാമര്‍ശിക്കുന്ന കൃതിയാണ്  ‑'Dünyanin Güzel Insanlari' (Beautiful people of the world).
തുര്‍ക്കിയില്‍ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍  മുസ്‌ലിം സ്ത്രീയുടെ അവകാശപോരാട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന 'Örtünün Altinda Kalanlar'(Veiled people), Bas‑örtüsüz Demokrasi'de Adi Konmamis Darbe (democracy without heads carves)  എന്നീ കൃതികള്‍ ഹെഡ് സ്‌കാര്‍ഫ് വിഷയത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുകയും രാഷ്ട്രത്തിലെ മതേതരത്വ-ജനാധിപത്യ സങ്കല്‍പ്പങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നവയുമാണ്.
തുര്‍ക്കിയിലെ ആധുനികവല്‍ക്കരണ- പാശ്ചാത്യവല്‍ക്കരണ പ്രക്രിയയില്‍ കൂടുതല്‍ പ്രയാസമനുഭവിച്ചത് സ്ത്രീകളാണ്. മതേതരവല്‍ക്കരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് തന്നെ പാശ്ചാത്യ വസ്ത്രധാരണത്തിന്റ പ്രചാരണം ഏറ്റെടുത്തതിലൂടെ മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള 'റോള്‍ മോഡല്‍' പദവി തുര്‍ക്കിക്ക് പടിഞ്ഞാറ് പതിച്ചുനല്‍കിയിരുന്നു. 'സിവിലൈസ്ഡ്' ആകണമെങ്കില്‍ പാശ്ചാത്യ ആധുനികതയെ പുല്‍കണമെന്ന ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടിനോടുള്ള തുര്‍ക്കിഷ് മതേതരത്വത്തിന്റെ വിധേയത്വത്തെ 'Headscarf Politics in Turkey: A Postcolonial Reading'-ല്‍ മര്‍വ കവാചി ചോദ്യം ചെയ്യുന്നു. ആധുനികവല്‍ക്കരണ പദ്ധതിയിലൂടെ തുര്‍ക്കിഷ് വനിതയുടെ ശാക്തീകരണം എന്ന കമാലിസ്റ്റ്-സെക്യുലരിസ്റ്റ് വൃന്ദം ഉയര്‍ത്തിയ വാദത്തിന്റെ നിരര്‍ഥകത ചൂണ്ടിക്കാട്ടുന്ന ഈ കൃതി തുര്‍ക്കിഷ് ദേശീയ ഐഡന്റിറ്റിയെ അപനിര്‍മിക്കുന്നുണ്ട്.
അന്താരാഷ്ട്ര രാഷ്ട്രീയ ഗതിവിഗതികളെ നിരൂപണം ചെയ്യുന്ന 'International Relations in the Global Village: Changing Interdependencies' അന്താരാഷ്ട്ര ബന്ധങ്ങള്‍, ദേശ-രാഷ്ട്ര വിഷയങ്ങള്‍, ദേശീയ- ദേശാന്തര സംഘടനകള്‍ എന്നീ ഗൗരവമാര്‍ന്ന അവലോകനങ്ങള്‍ അടങ്ങിയതാണ്. റിയലിസം, ലിബറലിസം, ഐഡിയലിസം, മനുഷ്യാവകാശം, ഇന്റര്‍നാഷ്‌നലിസം, ആഗോളീകരണം, ഫെമിനിസം, ജനാധിപത്യവല്‍ക്കരണം, ഇസ്‌ലാമിന്റെ സാമൂഹിക പ്രസക്തി എന്നു തുടങ്ങിയ സിദ്ധാന്തങ്ങളും അവയുടെ രാഷ്ട്രീയ വ്യവഹാരങ്ങളും ചര്‍ച്ചചെയ്യുന്ന ഈ കൃതി സമകാലിക രാഷ്ട്രീയ ചിന്തകള്‍ ആഴത്തില്‍ ഗ്രഹിക്കാന്‍ സഹായിക്കുന്നതാണ്.
ഇസ്‌ലാമിക വിരുദ്ധതയും കുര്‍ദിഷ് വംശത്തോടുള്ള വൈരവും അടിസ്ഥാനപ്പെടുത്തി കമാലിസ്റ്റ്-സെക്യുലര്‍ വ്യവഹാരങ്ങള്‍ രൂപപ്പെടുത്തിയ 'തുര്‍ക്കിഷ് ദേശീയത' എന്ന നിര്‍മിതിയിലെ ഓറിയന്റലിസ്റ്റ് വീക്ഷണത്തെ വിമര്‍ശിക്കുന്ന നിരവധി ലേഖനങ്ങള്‍ മര്‍വ കവാചി എഴുതിയിട്ടുണ്ട്. എ.കെ പാര്‍ട്ടിയുടെ രാഷ്ട്രീയ സാന്നിധ്യത്തോടെ രൂപപ്പെട്ട പുതിയ ദേശീയ ഐഡന്റിറ്റിയെ പോസ്റ്റ് കൊളോണിയല്‍ വീക്ഷണത്തിന്റെ സഹായത്തോടെ അവര്‍ നോക്കിക്കാണുന്നു. 
ആധുനിക തുര്‍ക്കി റിപ്പബ്ലിക് രൂപപ്പെട്ടതിനു ശേഷം, ഇസ്‌ലാമിക ലോകവുമായുള്ള ബന്ധം മുറിച്ചുമാറ്റാനും രാഷ്ട്രത്തെ  പാശ്ചാത്യവല്‍ക്കരിക്കാനും നേതൃത്വം കൊടുത്തത് ദേശീയ സുരക്ഷയുടെയും മതേതരത്വത്തിന്റെയും സംരക്ഷണം സ്വയം ഏറ്റെടുത്ത മിലിറ്ററിയാണ്. തുര്‍ക്കിയുടെ സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയില്‍ ഇടക്കിടെ വിഘാതം വരുത്താന്‍ ശ്രമിച്ച സൈനിക നേതൃത്വത്തെ 'ഡീപ് സ്റ്റേറ്റ്' എന്നാണ് മര്‍വാ കവാചി വിളിക്കുന്നത്. ഈ മിലിട്ടറിയുടെ ആശയധാര പിന്‍പറ്റുന്ന സാമൂഹിക ശക്തികള്‍ സുതാര്യമായ ജനാധിപത്യ പ്രക്രിയക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഓറിയന്റലിസ്റ്റ് ചിന്താഗതിയില്‍ അഭിരമിച്ച് ഇസ്‌ലാമില്‍നിന്നും 'വിമുക്തി' നേടിയ രാജ്യം കെട്ടിപ്പെടുക്കാന്‍ ശ്രമിച്ച കമാലിസ്റ്റുകളുടെ നിയോ-ഓറിയന്റലിസ്റ്റ് പ്രവണതകളെയും മര്‍വ കവാചി പ്രശ്‌നവല്‍ക്കരിക്കുന്നു. 2016 ജൂലൈയില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയ പട്ടാള അട്ടിമറി ശ്രമത്തോടുള്ള പടിഞ്ഞാറന്‍ ലോകത്തിന്റെ നിശ്ശബ്ദതയും മതവിശ്വാസിയായ റജബ് ത്വയ്യിബ്  ഉര്‍ദുഗാനിന്റെ നേതൃത്വത്തിലുള്ള എ.കെ പാര്‍ട്ടിയോടുള്ള അവരുടെ സമീപനവും തുര്‍ക്കിയിലെ പുതിയ രാഷ്ട്രീയ ചലനങ്ങളോടുള്ള അവരുടെ വിമുഖത വ്യക്തമാക്കുന്നുവെന്ന് മര്‍വ കവാചി വ്യക്തമാക്കുന്നു.
മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനത്തെ അപകീര്‍ത്തിപ്പെടുത്തി ഒറ്റപ്പെടുത്താന്‍ രൂപപ്പെടുത്തിയ ഇസ്‌ലാമിസം എന്ന ഓറിയന്റലിസ്റ്റ് സംജ്ഞയെ വിനീതവിധേയരായി ഏറ്റെടുക്കുന്ന നിയോ-ഓറിയന്റലിസ്റ്റുകളെ അവര്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്.
സമകാലിക  മുസ്‌ലിം ലോകത്ത് അക്കാദമിക- രാഷ്ട്രീയ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച മഹതികളിലൊരാളാണ് മര്‍വ സഫാ കവാചി. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ സംഭാവനകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ച മര്‍വ കവാചി ലോകത്തെ ജനസ്വാധീനമുള്ള അഞ്ഞൂറ് മുസ്‌ലിംകളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നു. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top