ഇന്ത്യയിലെ മുസ്‌ലിം എന്തു ചിന്തിക്കുന്നുവെന്നും അവന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്നും ഏറെയായി രാജ്യത്തിന്റെ
ഇന്ത്യയിലെ മുസ്‌ലിം എന്തു ചിന്തിക്കുന്നുവെന്നും അവന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്നും ഏറെയായി രാജ്യത്തിന്റെ മുഖ്യധാരയെ അലട്ടുന്ന വിഷയമായിരുന്നില്ല. എന്നാല്‍ ഇത്തരം മുഖ്യധാരാ ആഖ്യാനങ്ങളെ തിരുത്തി കുറേ പെണ്ണുങ്ങള്‍ എത്തിയിരിക്കുന്നുവെന്ന് പറയുന്നു, യു.എസിലെ ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റി നരവംശ ശാസ്ത്രജ്ഞ പ്രഫസര്‍ ദിന എം. സിദ്ദീഖി.
എന്തു വേണമെന്നും ഏതൊക്കെ ചെയ്യണമെന്നുമുള്ള സ്വന്തം ചിന്തകളെ കുറിച്ച് വാചാലരായ കുറേ പേര്‍. അവരാണ്, ശാഹീന്‍ ബാഗിലെ സ്ത്രീകള്‍. വിവാദ പൗരത്വ നിയമത്തിന്റെ പേരില്‍ മോദി സര്‍ക്കാറിനെയും പാര്‍ലമെന്റിനെയും മുനയില്‍നിര്‍ത്തി സമരമുഖത്തിറങ്ങിയ ഇവരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലക്ഷങ്ങളാണ് രാജ്യംമുഴുക്കെ തെരുവിലെത്തിയത്, ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. അതുവഴി അവര്‍ രചിക്കുന്നത് പുതിയ ഇതിഹാസമാണ്.
പൗരത്വത്തിന് മതം ആധാരമാക്കുന്നുവെന്ന് വിമര്‍ശകര്‍ വാദിക്കുന്ന വിവാദ പൗരത്വ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് നൂറു കണക്കിന് സ്ത്രീകള്‍ ദക്ഷിണ ദല്‍ഹിയിലെ ശാഹീന്‍ ബാഗിലുള്ള പൊതുനിരത്തില്‍ സമരവുമായി എത്തിയത്. പകലും രാത്രിയുമെന്ന ഭേദമില്ലാതെ, അന്തരീക്ഷ മര്‍ദം രണ്ട് ഡിഗ്രി വരെ താഴ്ന്നിട്ടും പ്രായഭേദമന്യേ സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ചും പ്രഭാഷണം നടത്തിയും ശാഹീന്‍ ബാഗില്‍ കുത്തിയിരുന്നു. അവര്‍ നല്‍കിയ ആവേശം ഏറ്റുവാങ്ങി ആയിരങ്ങളാണ് ശാഹീന്‍ ബാഗിലേക്ക് ഒഴുകിയെത്തിയത്. ചില ദിവസങ്ങളില്‍ അത് ലക്ഷങ്ങളിലേക്ക് വളര്‍ന്നു. പൗരത്വ നിയമത്തിനെതിരെ സമരം നയിക്കാന്‍ മറ്റു നഗരങ്ങളിലെയും മുസ്‌ലിം സ്ത്രീകള്‍ക്ക് ഇവര്‍ ആവേശത്തിന്റെ അഗ്നി പകര്‍ന്നു.
സത്യത്തില്‍, രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് ഇവര്‍ തിരിതെളിച്ചത്. രണ്ടു മാസമായി തുടരുന്ന ഈ സമരം എന്തുതരം പരിവര്‍ത്തനമാണ് സാധ്യമാക്കിയതെന്ന് വിശദമായി സംസാരിക്കുകയാണ് ജനുവരിയില്‍ ശാഹീന്‍ ബാഗ് സന്ദര്‍ശിച്ച ദിന സിദ്ദീഖി. അവര്‍ ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖം.
സ്വതന്ത്ര പ്രസ്ഥാനമായി മുസ്‌ലിം സ്ത്രീകള്‍ നയിക്കുന്ന ശാഹീന്‍ ബാഗ് സമരം ഇന്ത്യന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണല്ലോ?
ഏറെ ആവേശകരമായ മുഹൂര്‍ത്തമാണിത്. സ്വതന്ത്ര പ്രസ്ഥാനമെന്ന നിലക്ക് എണ്ണിയിട്ടില്ലെങ്കിലും മുസ്‌ലിം സ്ത്രീകള്‍ ഭാഗമായ നിരവധി വിഷയങ്ങള്‍ ഇന്ത്യയിലുണ്ടായിക്കൊണ്ടിരുന്നതാണ്. മുത്ത്വലാഖ് വിഷയത്തില്‍ സ്ത്രീകള്‍ കോടതി കയറിയത് ഉദാഹരണം. ഷാബാനു പോലും അതിലെ കണ്ണി മാത്രം. നികാഹ് ഹലാല മാറ്റാനായിരുന്നു അവരുടെ ശ്രമം.
പക്ഷേ, മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യാശ നല്‍കുന്നതാണ് പുതിയ സംഭവം. ഞാന്‍ ശാഹീന്‍ ബാഗിലായിരുന്നപ്പോള്‍, ഒരു പ്രഭാഷക പറയുന്നത് കേട്ടു: മുത്ത്വലാഖ് വിഷയമുണ്ടായപ്പോള്‍ ഞങ്ങള്‍ തെരുവിെലത്തിയില്ല. ബാബരി മസ്ജിദ് വിധി വന്നപ്പോഴും ഞങ്ങളെ കൊണ്ട് തെരുവുനിറഞ്ഞില്ല. പക്ഷേ, ഇനിയും ഞങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല. ഇത് ഭരണഘടനയുടെ വിഷയമാണെന്നും അത് ഏറെ പവിത്രമാണെന്നുമായിരുന്നു അവരുടെ സംസാരത്തിന്റെ ചുരുക്കം. എനിക്കും തോന്നുന്നത്, ഇനിയും രാജ്യത്തെ മുസ്‌ലിംകള്‍ക്ക് വിട്ടുനില്‍ക്കാനാവില്ലെന്നാണ്. പൗരത്വ നിയമം വഴി അവരുടെ അസ്തിത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയാണ് ഈ സമരമെന്ന് മറ്റൊരു പ്രഭാഷക പറയുന്നത് കേട്ടു. ഇതൊരു ഫെമിനിസ്റ്റ് വിഷയമായി അവര്‍ കാണുന്നുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം കുഞ്ഞുങ്ങളുടെ അസ്തിത്വമാണ് അവര്‍ക്കു പ്രശ്‌നം. ഇപ്പോള്‍ ഉറക്കെയുറക്കെ സംസാരിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും സംസാരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല.
ശാഹീന്‍ ബാഗിനെ കുറിച്ച് എന്തു തോന്നി?
മൂന്നു പ്രഭാഷകരെയാണ് ഞാന്‍ വീക്ഷിച്ചത്. ഒരാള്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള വിദ്യാര്‍ഥിനിയായിരുന്നു. എടുത്തടിച്ച് സംസാരിക്കുന്ന പ്രകൃതം. പറ്റ്‌നയില്‍നിന്നു വന്ന ഒരു അഭിഭാഷകയായിരുന്നു രണ്ടാമത്തേത്. മുസ്‌ലിം സമുദായ നേതാവായിരുന്നു മൂന്നാമത്തേത്. ഇന്ത്യയില്‍ ഇത്രയും ഇസ്‌ലാമികമായി സംസാരിക്കുന്ന ഒരു വേദി എനിക്ക് തീര്‍ത്തും പുതിയതായിരുന്നു. 'മുബാറക്' എന്ന് പരസ്യമായി ആശംസിക്കുന്നു. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന് ഇന്ത്യയിലെ മുസ്‌ലിംകളിലേറെയും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. അതില്‍ വലിയ പങ്കു വഹിക്കാന്‍ ശാഹീന്‍ ബാഗിനായിട്ടുണ്ട്. മറുവശത്ത്, കേട്ടില്ലെന്നു നടിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധ്യമാകാത്തത്ര രീതിയില്‍ ഇസ്‌ലാംഭീതി കൂടി വളര്‍ന്നുവരുന്നുണ്ട് എന്നതും പരമാര്‍ഥമാണ്. രാജ്യത്തെ പൗരന്മായിതന്നെ ഈ ഭീതിയെ കൂടി മുസ്‌ലിംകള്‍ക്ക് അഭിമുഖീകരിക്കാന്‍ ഇപ്പോള്‍ സാധ്യമാകുമെന്നാണ് എനിക്ക് തോന്നുന്നത്. മുസ്‌ലിമായതിന് ക്ഷമാപണമില്ലാതെ തന്നെ ഇസ്‌ലാംഭീതിയെ കുറിച്ച് ഉറക്കെ വിളിച്ചുപറയുന്ന നിരവധി പേരെ ഇപ്പോള്‍ കേള്‍ക്കാനാകുന്നുണ്ട്.
ചുരുങ്ങിയ പക്ഷം, ലഖ്‌നോയിലെങ്കിലും മുസ്‌ലിം സ്ത്രീകള്‍ കുത്തിയിരുപ്പ് ഒരു സമര തന്ത്രമെന്ന നിലക്ക് നയിച്ചുവരുന്നുണ്ട്. സ്ത്രീകളായതിനാല്‍ പൊലീസ് അതിക്രമങ്ങള്‍ക്ക് മുതിരില്ലെന്ന് അവര്‍ കരുതുന്നു
ഞാന്‍ ശാഹീന്‍ ബാഗില്‍ മാത്രമേ സന്ദര്‍ശനം നടത്തിയുള്ളൂ. മറ്റു നിരവധി സ്ഥലങ്ങളെ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നടക്കുന്നവയെ കുറിച്ച് അറിയാവുന്നതുകൊണ്ടും, മുസ്‌ലിം യുവാക്കള്‍ക്കു നേരെ പലപ്പോഴും സംഭവിക്കുന്നതിന്റെ അപകടകരമായ ചരിത്രം അടുത്തറിയുന്നതു കൊണ്ടും ഇത് ബുദ്ധിപരമായ നീക്കമാണെന്നു തന്നെ പറയണം. സ്റ്റേറ്റിനെതിരെ പ്രതിരോധിക്കുന്ന വ്യക്തികള്‍ക്കു നേരെ ഉണ്ടാകാവുന്ന അതിക്രമ സാധ്യത ലഘൂകരിക്കല്‍ മാത്രമല്ല, വിഷയം. മുസ്‌ലിം യുവാക്കള്‍ എളുപ്പം ഇരയാക്കപ്പെടാം എന്ന വസ്തുത മനസ്സിലാക്കല്‍ കൂടിയാണ്. ഏറ്റവുമെളുപ്പം ഭീകരമുദ്ര ചുമത്തപ്പെടാവുന്നവരാണ് മുസ്‌ലിം യുവാക്കള്‍. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പിടിക്കപ്പെട്ട് എളുപ്പം അപ്രത്യക്ഷരാക്കപ്പെടുന്നവര്‍.
ഇന്ന് ശാഹീന്‍ ബാഗിലെ സ്ത്രീകള്‍ അനുവര്‍ത്തിച്ചുപോരുന്ന ഈ നയം ലോകത്തിന്റെ മറ്റിടങ്ങളിലും കാണാനായിട്ടുണ്ട്. മുസ്‌ലിം യുവാക്കള്‍ ഭരണകൂടത്താല്‍ ഇരയാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിയുേമ്പാള്‍ സ്ത്രീകള്‍ സമരമുഖത്തിറങ്ങിയ രീതി പഴയ യൂഗോസ്ലാവ്യ, അര്‍ജന്റീന കാലങ്ങളിലും സംഭവിച്ചുവെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. അത് തീര്‍ച്ചയായും ഒരു തന്ത്രമാണ്. യുവാക്കള്‍ക്ക് അതിക്രമകാരികളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള തന്ത്രം.
ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കുന്നുവെന്ന ചര്‍ച്ച സജീവമാണ്. എന്താണതിന്റെ വിവക്ഷ?
നല്ല ചോദ്യം. എന്താണതിന്റെ അര്‍ഥം? സ്വന്തം വീടും കുടുംബവും വിട്ട് ഇത്രയും നാള്‍ സമരപ്പന്തലില്‍ കഴിയേണ്ടിവരുമെന്ന് ശാഹീന്‍ ബാഗിലെ സ്ത്രീകള്‍ ഒരിക്കലും കരുതിക്കാണില്ല. അവര്‍ ഏറിയകൂറും ജോലിക്കാരല്ല. ഭാര്യയും മാതാവുമെന്ന അസ്തിത്വം മാറ്റിവെച്ച് ഇവിടെയിരിക്കുന്നത് ആരെയും മാറ്റിക്കളയും. ആ അര്‍ഥത്തില്‍ ഇവിടെയുള്ള സ്ത്രീകളെയും അത് പരിവര്‍ത്തിപ്പിച്ചിരിക്കണം. സമാന പശ്ചാത്തലമുള്ള മറ്റു സ്ത്രീകള്‍ക്കുകൂടി സ്വന്തമായി ശബ്ദം കണ്ടെത്താന്‍ സഹായകമാകുന്നുമുണ്ടാകണം. ഒരിക്കലും ഇങ്ങനൈയാന്നും ആകുമായിരുന്നിട്ടില്ലാത്ത കുറേ മുസ്‌ലിം സ്ത്രീകളില്‍ ഈ അവബോധം വളര്‍ന്നുവരികയെന്നത് രാഷ്ട്രീയ ശാക്തീകരണം എന്ന ക്ലാസിക്കല്‍ നിര്‍വചനത്തിന്റെ പരിധിയില്‍ വരില്ലേ. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചാല്‍, ഇങ്ങനെയൊക്കെ സംഭവിക്കാന്‍ അടിസ്ഥാനപരമായ കുറേ കാര്യങ്ങള്‍ സംഭവിക്കണം. മുസ്‌ലിം സ്ത്രീകളെ കുറിച്ച് ചിന്തിക്കുേമ്പാള്‍ മതപരമായ വിഷയങ്ങള്‍ മാത്രമേ നമുക്ക് മനസ്സില്‍ വരൂ. അതൊരിക്കലും വസ്തുതയല്ല. മുസ്‌ലിം സ്ത്രീകള്‍ ഒരിക്കലും മുസ്‌ലിം വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നവരല്ല.
(2007-ല്‍ പുറത്തിറക്കിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരത 59.1 ശതമാനമാണ്. ദേശീയ ശരാശരിയായ 65.1 ശതമാനത്തേക്കാള്‍ ഏറെ താഴെ. മുസ്‌ലിം സ്ത്രീകളാകട്ടെ, 50 ശതമാനം മാത്രം. 44 ശതമാനം സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുേമ്പാള്‍ അത് മുസ്‌ലിം സ്ത്രീകളില്‍ 25 ശതമാനം മാത്രം. നഗര പ്രദേശങ്ങളിലെത്തുേമ്പാള്‍ പിന്നെയും കുറഞ്ഞ് 19 ശതമാനവും).
120 കോടി ജനസംഖ്യയില്‍ മുസ്‌ലിം സ്ത്രീകള്‍ 6.9 ശതമാനം വരും. ലോക്‌സഭയില്‍ മൂന്ന് മുസ്‌ലിം സ്ത്രീകളുണ്ട്- സഭയുടെ 0.5 ശതമാനം. രാജ്യസഭയില്‍ സംപൂജ്യമാണ് സംഖ്യ).
ശാഹീന്‍ ബാഗ് പ്രസ്ഥാനം എവിടെ വരെയെത്തും?
പെണ്ണുങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് സംഭവിച്ച സുപ്രധാന മാറ്റം, വൈവിധ്യം പേറുന്ന മുസ്‌ലിം സമുദായത്തെ എന്നും പ്രതിനിധാനം ചെയ്യുന്ന പതിവ് നേതാക്കളായ സയ്യിദ് ശഹാബുദ്ദീനെ പോലുള്ളവരുടെ കാലം കഴിഞ്ഞിരിക്കുന്നു എന്നതാണ്. വളരെ പ്രധാനമാണ് ഈ മാറ്റം.
ആത്മവിശ്വാസവും വാചാലതയും ഒപ്പം കൃത്യമായ അപഗ്രഥന ശേഷിയും സമം ചേര്‍ന്നതാണ് ഈ പുതിയ സ്ത്രീകളുടെ വാക്കുകള്‍. വിപ്ലവകരമായ പരിവര്‍ത്തനമാണിത്. മുസ്‌ലിംകളെ വോട്ടുബാങ്കായി മാത്രം കാണുകയും അവരെ പ്രതിനിധാനം ചെയ്യാന്‍ സ്ഥിരമായി ചിലരെ മാത്രമാവുകയും ചെയ്യുന്ന സാഹചര്യം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ മുസ്‌ലിം വനിതകളെ സംബന്ധിച്ച് വലിയ കുതിപ്പാണിത്. യഥാര്‍ഥ പ്രതിനിധികളാകാന്‍ ഒരിക്കലും സാധിക്കാത്ത കുറേ പുരുഷ പ്രമാണിമാര്‍ മാത്രമാണവര്‍. പ്രത്യേക രാഷ്ട്രീയ മൂലധനം മാത്രമാണ് അവര്‍ക്കു കൈമുതലായുള്ളത്.
ഈ പ്രസ്ഥാനംവഴി ഇന്ത്യന്‍ മുസ്‌ലിമിന്റെ ശബ്ദം ശരിക്കും മാറിയോ, അതും എന്നന്നേക്കുമായി?
ശാശ്വതമായി മാറിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, പതിവു നേതൃത്വത്തിന് ഇന്ത്യയിലെ മുസ്‌ലിം എന്ത് ചിന്തിക്കുന്നുവെന്നും അവരുടെ മുന്‍ഗണനകള്‍ എന്തെന്നും വലിയ വിഷയമായിരുന്നില്ല. അത് മാറിയിട്ടുണ്ട്. എന്തു ചെയ്യണമെന്നും തങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവെന്നും വാചാലമായി ഈ പെണ്ണുങ്ങള്‍ സംവദിക്കുന്നുണ്ട്. അതിനാല്‍, മാധ്യമ പ്രവര്‍ത്തകരും ഇതര രാഷ്ട്രീയക്കാരും പ്രത്യേക രാഷ്ട്രീയ നേതാക്കളെ ചെന്നു കണ്ട്, മുസ്‌ലിംകളുടെ വിഷയങ്ങള്‍ അന്വേഷിക്കുന്ന പഴയ സാഹചര്യം ഇനി തിരിച്ചുവരില്ല.
ശാഹീന്‍ ബാഗില്‍ നിങ്ങള്‍ക്കെന്തു തോന്നി?
സമരമതിലിന്റെ പിറകുവശത്ത് ചില പോസ്റ്ററുകള്‍ എന്റെ ശ്രദ്ധയില്‍പെട്ടു. അവസാനത്തേത് ബംഗാളി മുസ്‌ലിമായ റുഖിയ സഖാവത്ത് ഹുെൈസന്റെയായിരുന്നു. (ബംഗ്ലദേശില്‍) അവര്‍ സത്യമായും ഒരു പ്രതീകമാണ് ഞങ്ങള്‍ക്ക്.
എന്റെ മുറി ഹിന്ദിയും ഉര്‍ദുവും ചേര്‍ത്ത് അവിടെയുള്ള സ്ത്രീകളോട് സംവദിക്കുന്നതിനിടെ ബംഗ്ലാദേശിന്റെ ഐക്യദാര്‍ഢ്യം ഉറപ്പാക്കാമെന്ന് ഞാന്‍ ഉറപ്പുനല്‍കി. ഏറെ ഹൃദ്യമായിരുന്നു പ്രതികരണം. പൊതുവികാരം എന്നെ കൊതിപ്പിച്ചു. ഐക്യദാര്‍ഢ്യത്തിന് അവരുടെ ഭാഷയില്‍ എന്തു പറയണമെന്ന് ഞാന്‍ 'തപ്പു'ന്നതിനിടെ അടുത്തുള്ള സ്ത്രീ പദം പറഞ്ഞുതന്നു-'ഹിമ്മത്ത്'.
(റുഖിയ സഖാവത്ത് ഹുസൈന്‍ 1880-ലാണ് ജനിച്ചത്. ബംഗാളിയിലെ ആദ്യ ഫെമിനിസ്റ്റായാണ് അവര്‍ അറിയപ്പെടുന്നത്. 1911-ല്‍ അവര്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച വിദ്യാലയം ഇപ്പോഴും പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രധാന കലാലയങ്ങളിലൊന്നാണ്).
ഈ മുഹൂര്‍ത്തത്തിന്റെ സാക്ഷാത്കാരം എന്താകണം?
പൗരത്വഭേദഗതി നിയമം ഇല്ലാതെയാകണം. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ശക്തിപകരുന്ന അവിശ്വസനീയ അനുഭവമാകും അത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പുതിയ ശബ്ദവും പ്രതീക്ഷയും അതുവഴി ലഭിക്കും. ഓരോ സ്ത്രീയെയും വ്യക്തിപരമായി അത് ശക്തിപ്പെടുത്തും. പക്ഷേ, ലളിതമല്ല കാര്യങ്ങള്‍. സര്‍ക്കാറിനുമേല്‍ നിരന്തര സമ്മര്‍ദം തുടരുകയും രാജ്യം മുഴുക്കെ ഈ സമരാഗ്നി പടര്‍ത്തുകയും ചെയ്യുന്നതില്‍ അവര്‍ വിജയിച്ചാല്‍ അത് മഹത്തായ നേട്ടമാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാറുകളെ ഏതെങ്കിലും തരത്തില്‍ പ്രതികരണത്തിന്റെ വഴിയില്‍ എത്തിക്കാനാകണം.
ഇനി ഒന്നും സംഭവിച്ചില്ലെങ്കിലോ ശാഹീന്‍ ബാഗ് സമരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടാലോ ഈ സമരം വിസ്മൃതമായി മാറുമോ?
ഒരിക്കലുമില്ല. പകരം, ജനത്തെ പ്രചോദിപ്പിക്കുന്ന, പ്രതീക്ഷ ജ്വലിപ്പിക്കുന്ന ഓര്‍മയായി ശാഹീന്‍ബാഗ് നിലനില്‍ക്കും. സര്‍ക്കാറുകളെ വെല്ലുവിളിച്ചാണ് ഈ സ്ത്രീകള്‍ സമരരംഗത്ത് സജീവമായത്. സര്‍ക്കാറാകട്ടെ, ഏകാധിപത്യ മനസ്സ് പുലര്‍ത്തുന്നതും. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിലും അവര്‍ പരാജയപ്പെട്ടവരാകില്ല. ഭാവി തലമുറകള്‍ക്ക് ആവേശം പകരുന്ന വലിയ ഓര്‍മയായി അവര്‍ നിലനില്‍ക്കും. പൗരത്വ നിയമത്തിനെതിരെ രംഗത്തുവന്ന പ്രഥമ വ്യക്തികളായി ചരിത്രം അവരെ രേഖപ്പെടുത്തും. ധീരതയുടെ നിറവാര്‍ന്ന കഥയാണത്, തീര്‍ച്ചയായും.
വിവ: മന്‍സൂര്‍