വേണ്ടത് എത്തിപ്പിടിക്കാനുള്ള മനസ്സാണ്

ഡോ. ബുശ്‌റ ബാനു/ആയിശ സൈദ് No image

ആദ്യം തന്നെ നിങ്ങളുടെ ജീവിത സഞ്ചാരത്തെപ്പറ്റി ഒരു ചിത്രം നല്‍കുന്നത് നന്നാകും.

എന്റെ ജീവിതത്തെകുറിച്ച് പറയാന്‍ എനിക്കേറെ താല്‍പര്യമാണ്. അത്രയേറെ ദുരിതങ്ങള്‍ ഞാന്‍ സഹിച്ചിട്ടുണ്ട്. ആ സമയത്ത് ഞാനതെല്ലാം ആസ്വദിക്കുകയായിരുന്നു എന്നും പറയാം. ഇപ്പോള്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോഴാണ് അതെല്ലാം ജീവിതത്തിലെ വലിയ പോരാട്ടം തന്നെയായിരുന്നു എന്ന് മനസ്സിലാവുന്നത്. യു.പിയിലെ കനോജ് ജില്ലയിലെ ചെറിയൊരു പഞ്ചായത്തിലായിരുന്നു ഞങ്ങളുടെ വീട്. എന്റെ കുടുംബം അത്യാവശ്യം വിദ്യാഭ്യാസമുള്ളവരായിരുന്നു. ഗവണ്‍മെന്റ് ജോലി ലഭിക്കുന്ന ആറാമത്തെയാളായിരുന്നു നാട്ടില്‍ ഞാന്‍. ഇത്തരമൊരു ചെറിയ സ്ഥലത്ത് യു.പി.എസ്.സിക്ക് യോഗ്യത നേടുന്നതിനെ കുറിച്ച് അവിടെയാരും ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല.
ചെറുപ്പത്തില്‍ തന്നെ എനിക്ക് പഠനത്തില്‍ വലിയ താല്‍പര്യമായിരുന്നു. നാലാം വയസ്സില്‍ തന്നെ രണ്ടാം ഗ്രേഡിലേക്ക് അഡ്മിഷന്‍ കിട്ടി. ഹൈസ്‌കൂള്‍ ഞാന്‍ പൂര്‍ത്തിയാക്കുന്നത് പന്ത്രണ്ടാം വയസ്സില്‍. 23-ാം വയസ്സില്‍ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. 
ഓരോ ക്ലാസുകളും കഴിഞ്ഞുകൊണ്ടിരിക്കെ ഉപരിപഠനം നടത്താനുള്ള വഴികള്‍ കുറേക്കൂടി പ്രയാസം നിറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അണ്ടര്‍ േ്രഗഡ് പൂര്‍ത്തിയാക്കുമ്പോള്‍ എനിക്ക് പതിനേഴര വയസ്സായിരുന്നു. യു.പി.എസ്.സി എഴുതാനുള്ള മിനിമം പ്രായപരിധി 21-ഉം. അതുകൊണ്ട് ഞാന്‍ എം.ബി.എ ചെയ്യാന്‍ തീരുമാനിച്ചു. 
പിന്നീട് എന്റെ കുടുംബക്കാരും അയല്‍ക്കാരുമെല്ലാം ഐ.എ.എസ് എക്‌സാം എഴുതുന്നതിനെ പറ്റി എന്നോട്  എപ്പോഴും സൂചിപ്പിച്ചുകൊണ്ടിരുന്നു. ഐ.എ.എസ് എഴുതണം എന്ന് അപ്പോള്‍ മുതല്‍ എന്റെ മനസ്സിലുണ്ടായിരുന്നു. 
എം.ബി.എ ചെയ്യുമ്പോള്‍ തന്നെ ഞാന്‍ ജെ.ആര്‍.എഫും ചെയ്തു. ആദ്യ ശ്രമത്തില്‍ തന്നെ അത് കിട്ടുകയും ചെയ്തു. എം.ബി.എയുടെ മൂന്നാം സെമസ്റ്ററിന്റെ സമയത്ത് എ.എം.യുവില്‍ പി.എച്ച്.ഡിക്ക് അപേക്ഷിച്ചു. ആ സമയത്ത് ഞാന്‍ വ്യത്യസ്ത ജേണലുകളിലായി ഇരുപത്തഞ്ചോളം റിസര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 
പി.എച്ച്.ഡിക്കു ശേഷമാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. എന്റെ ഭര്‍ത്താവ് സുഊദി അറേബ്യയിലെ ജിസാന്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു. അവിടെ ഞാന്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ആ ജോലി ലഭിക്കുകയും ചെയ്തു. ഞങ്ങളങ്ങനെ സുഊദിയില്‍ താമസിക്കുമ്പോഴാണ് യു.പി.എസ്.സി എന്ന എന്റെ സ്വപ്‌നം എന്നെ അലട്ടാന്‍ തുടങ്ങിയത്. എനിക്കാകെ വല്ലായ്മ തോന്നി. ഇന്ത്യയില്‍നിന്ന് ഞാന്‍ പല അറിവുകളും നേടിയെങ്കിലും അതൊന്നും ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയില്ലെന്ന് തോന്നാന്‍ തുടങ്ങി. 
ഭര്‍ത്താവുമായി ഇക്കാര്യം ഞാന്‍ സംസാരിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം എന്റെ ആഗ്രഹത്തോട് യോജിച്ചു. അങ്ങനെ ഞങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചു. എ.എം.യുവില്‍ ഞാന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷിച്ചു. യു.പി.എസ്.സിക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങുകയും ചെയ്തു. 
ആദ്യശ്രമത്തില്‍ ഒരു മാര്‍ക്കിനായിരുന്നു എനിക്കത് നഷ്ടപ്പെട്ടത്. രണ്ടാം തവണ 277-ാം റാങ്ക് ലഭിക്കുകയും ചെയ്തു. പിന്നീട് പി.സി.എസ് എക്‌സാം എഴുതുകയും ആറാം റാങ്ക് ലഭിക്കുകയും ചെയ്തു. രണ്ടു കുട്ടികളെയും കൊണ്ട് നീയിതെങ്ങനെ സാധിച്ചു എന്നെന്നോട് പലരും ചോദിക്കാറുണ്ട്. എക്‌സ്ട്രാ ഓര്‍ഡിനറി ആയി ഞാനൊന്നും ചെയ്തിരുന്നില്ല. 

ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ആരൊക്കെയാണ്?

എനിക്ക് ശക്തമായ പിന്‍ബലം തരുന്ന ഒട്ടേറെ പേരുണ്ട്. എന്റെ ഭര്‍ത്താവിനെ എടുത്തു പറയണം. സാധ്യമാകുന്ന രീതിയിലെല്ലാം അദ്ദേഹം എന്നെ പിന്തുണക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെയും എന്റെയും മാതാപിതാക്കളും എന്നെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 
നിങ്ങളുടെ പ്രചോദനങ്ങളെന്താണ്?
റോള്‍ മോഡല്‍ ആരാണെന്നാണ് ചോദ്യമെങ്കില്‍ അത് പ്രവാചകന്‍ മുഹമ്മദ് (സ) ആണ്. പിന്നെ ഞാന്‍ സെല്‍ഫ് മോട്ടിവേഷന്‍ ഉള്ള ആളാണ്. നമ്മള്‍ സ്വപ്‌നം കണ്ടാല്‍ അത് നടക്കും എന്ന വിശ്വാസം എനിക്കുണ്ട്. പടച്ചവനിലും എന്നിലും എനിക്ക് വിശ്വാസമുണ്ട്. കുടുംബം നല്ല സപ്പോര്‍ട്ട് തരും എന്ന തോന്നലും നമ്മെ പലതും നേടാന്‍ സഹായിക്കും. 

ഇന്റര്‍വ്യൂവിന്റെ ക്രമങ്ങള്‍ വിശദമാക്കാമോ..?

പി.സി.എസ് ഇന്റര്‍വ്യൂവിനെ അപേക്ഷിച്ച് യു.പി.എസ്.സി(യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍)യുടെ രീതികളാണ് കുറച്ചു കൂടി നന്നായി തോന്നിയത്. എങ്കിലും രണ്ടും എനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞു. ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നവര്‍ നല്ല ഫ്രണ്ട്‌ലി ആയിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രയാസമേറിയ ഇന്റര്‍വ്യൂ പാനലിന്റെ മുന്നിലാണ് ഇരിക്കുന്നതെന്ന് തോന്നിയതേയില്ല. ഇന്റര്‍വ്യൂ റൂമിന്റെ പുറത്തിരിക്കുമ്പോള്‍ നല്ല പരിഭ്രമം ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ   അകത്ത് മനസ്സ് ശാന്തമായിരുന്നു.
ഇന്റര്‍വ്യൂവിനെ കുറിച്ച് പറയുകയാണെങ്കില്‍ ഡി.എ.എഫ് എന്ന ഫോം എക്‌സാമിനു മുമ്പ് പൂരിപ്പിച്ചു നല്‍കണം. നിങ്ങളുടെ ക്വാളിഫിക്കേഷന്‍, ജോലി പരിചയം, ഹോബികള്‍, നേട്ടങ്ങള്‍, ഒപ്ഷനല്‍ വിഷയം എല്ലാം എഴുതണം. ഇതേപ്പറ്റി നിങ്ങള്‍ നന്നായി തയാറെടുക്കുകയും വേണം. നിങ്ങളുടെ പേരിന്റെ അര്‍ഥം അവര്‍ ചോദിക്കും. നിങ്ങളുടെ സ്റ്റേറ്റിനെ കുറിച്ചും അതെന്തിന്റെ പേരിലാണ് പ്രസിദ്ധം എന്നും ചോദിക്കും.
നിങ്ങളുടെ ഓപ്ഷനല്‍ വിഷയത്തെ കുറിച്ച് നന്നായി പഠിക്കണം. കാലിക വിഷയങ്ങളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. ഹിസ്റ്ററി, ജ്യോഗ്രഫി, ഇകണോമിക്‌സ്, പൊളിറ്റിക്‌സ് തുടങ്ങിയവയെ കുറിച്ച് ആഴത്തില്‍ തന്നെ അറിഞ്ഞിരിക്കണം. എന്റെ വിഷയം മാനേജ്‌മെന്റ് ആയിരുന്നു. 
എന്റെ ഹോബികളെ കുറിച്ച് എന്നോട് ഒട്ടും ചോദിച്ചില്ല. ഒരുപക്ഷേ നിങ്ങളോട് ചോദിച്ചേക്കാം. അതുകൊണ്ട് അതേപ്പറ്റിയും ആലോചിച്ചു വെക്കണം. 
ഡി.എ.എഫില്‍ നിങ്ങള്‍ എഴുതിയതെല്ലാം കീവേര്‍ഡ് ആണ്. ആ കീവേര്‍ഡുകളെ ചുറ്റിയാകണം നിങ്ങള്‍ തയാറെടുക്കേണ്ടത്. സമകാലിക വിഷയങ്ങളെ കുറിച്ചും നല്ല ധാരണ വേണം. പത്രങ്ങള്‍ വായിക്കണം. 
ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് കാര്യങ്ങളാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഒന്നാമത് നിങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് നല്ല ധാരണ വേണം. രണ്ടാമത് നിങ്ങള്‍ തെരഞ്ഞെടുത്ത വിഷയത്തെ കുറിച്ച്, മൂന്നാമത് സമകാലിക വിഷയങ്ങളെ കുറിച്ച്.  
പലരും എന്നോട് ഇന്റര്‍വ്യൂവിന്റെ സമയത്ത് ഹിജാബ് ധരിക്കരുത് എന്ന് പറഞ്ഞു. യു.പി.എസ്.സിയിലും പി.സി.എസിലും ഹിജാബ്ധാരിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടിലും ഞാന്‍ വിജയിക്കുകയും ചെയ്തല്ലോ. ഹിജാബിനെ കുറിച്ചും ഇന്റര്‍വ്യൂവില്‍ എന്നോട് ചോദിച്ചിരുന്നു. നിങ്ങള്‍ കൃത്യമായൊരു ഉത്തരം അവര്‍ക്ക് നല്‍കിയാല്‍ മാത്രം മതി. എന്തു കാരണത്താല്‍ ഇത് ധരിക്കുന്നു എന്ന് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ട കാര്യമേയുള്ളൂ. 

അക്കാദമിക്‌സിനു പുറത്ത് എന്തെല്ലാമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്..?

ഗ്രൂപ്പായുള്ള ചര്‍ച്ചകള്‍ ഏറെ ഉപകാരപ്പെടും. ഇന്ന് ഇന്‍ഫര്‍മേഷനുകളുടെ അതിപ്രസരമാണ്. ആ കെണിയില്‍ വീണുപോകരുത്. ഒരു പുസ്തകം പത്തു തവണ വായിക്കുക. പത്ത് പുസ്തകം ഒരു തവണ വായിക്കുന്നതിലും അത് ഉപകാരപ്പെടും. റിവിഷനാണ് താക്കോല്‍. കൂടുതല്‍ തവണ റിവൈസ് ചെയ്യുമ്പോള്‍ ആ അറിവ് നിങ്ങളില്‍ ശക്തമായി ഉറക്കും.
കഠിന പ്രയത്‌നം തന്നെ വേണം. പഠനത്തിന് കൃത്യമായ ഷെഡ്യൂള്‍ വേണം. അതില്ലെങ്കില്‍ നിങ്ങള്‍ക്ക് യോഗ്യത നേടാന്‍ കഴിയില്ല. കഠിനാധ്വാനമല്ലാതെ മറ്റൊരു മാജിക് ഫോര്‍മുലയും ഇല്ല. ക്ഷമയും ഉറച്ച തീരുമാനവുമാണ് വേണ്ടത്. 

പരീക്ഷക്കു മുമ്പ് വല്ലാത്ത സ്ട്രസ്സ് അനുഭവപ്പെടുന്നവര്‍ക്ക് നല്‍കാനുള്ള നിര്‍ദേശമെന്താണ്? 

നല്ല റിലാക്‌സ് ആണെങ്കില്‍ മാത്രമേ നന്നായി എക്‌സാം എഴുതാന്‍ കഴിയൂ എന്ന് ആദ്യം മനസ്സിലാക്കണം. എക്‌സാമിന്റെ തലേ ദിവസം നന്നായി ഉറങ്ങണം. ഒറ്റ രാത്രികൊണ്ട് എല്ലാം നിങ്ങള്‍ക്ക് മാറ്റിമറിക്കാനൊന്നും കഴിയില്ല. 
മറ്റൊന്ന് നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസം വേണം എന്നതാണ്. സ്ട്രസ്സ് തോന്നുന്നുവെങ്കില്‍ അത് കൂട്ടുകാരുമായോ കുടുംബക്കാരുമായോ പങ്കുവെക്കണം. അത് സമ്മര്‍ദം കുറക്കാന്‍ സഹായിക്കും.

പഠനത്തിന് ഒരു ഷെഡ്യൂള്‍ വേണമെന്ന് പറഞ്ഞല്ലോ. നിങ്ങളുടെ ഷെഡ്യൂള്‍ എങ്ങനെയായിരുന്നു?

കുടുംബം കൂടി നോക്കാനുള്ളതുകൊണ്ട് എന്റെ ഷെഡ്യൂള്‍ പ്രയാസമേറിയതായിരുന്നു. രാവിലെ അഞ്ചരക്ക് എഴുന്നേല്‍ക്കും. എട്ട്- ഒമ്പതു മണി വരെ പഠിക്കും. ബ്രേക്ക്ഫാസ്റ്റിനു ശേഷം കുറച്ച് നേരം കൂടി പഠിക്കും. എനിക്ക് ജോലി ഉണ്ടായിരുന്നു എന്നതുകൊണ്ട് ജോലിയുടെ സമയം നോക്കിയായിരുന്നു പഠനസമയം നിശ്ചയിച്ചിരുന്നത്. പിന്നീട് ജോലിയില്‍നിന്ന് രണ്ടു മാസം ഞാന്‍ ലീവെടുത്തു. 
കുട്ടികളേയും കുടുംബത്തെയും നോക്കുന്നതോടൊപ്പം തന്നെ ഒരു ദിവസം 15-16 മണിക്കൂര്‍ ഞാന്‍ പഠിക്കുമായിരുന്നു. പഠനസമയം എങ്ങാനും നഷ്ടപ്പെട്ടാല്‍ ഏതുവിധേനയും അത് കവര്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. ജോലിയുള്ളപ്പോള്‍ ജോലിക്ക് പോകുന്നതിനു മുമ്പ് മൂന്ന് മണിക്കൂറെങ്കിലും പഠിക്കാന്‍ ശ്രമിക്കുമായിരുന്നു. അപ്പോള്‍ ഒരു ദിവസം ആറ് മണിക്കൂറെങ്കിലും പഠിക്കണം എന്നതായിരുന്നു പ്ലാന്‍. 

ഭാവിയിലേക്കുള്ള പ്ലാനുകള്‍ എന്തെല്ലാമാണ്? 

ഞാനിപ്പോഴും സംതൃപ്തയല്ല. 277-ാം റാങ്ക് എന്നതിനര്‍ഥം ഞാനൊരു ജനറല്‍ കാന്‍ഡിഡേറ്റ് ആണ് എന്നാണ്. എനിക്ക് ഐ.എ.എസോ ഐ.പി.എസോ ലഭിച്ചിട്ടില്ല. 2020 ഏപ്രിലിലെ പരീക്ഷയും എഴുതണം. ദിവസവും പത്തു മണിക്കൂര്‍ പഠിക്കണമെന്നാണ് കരുതുന്നത്. ആദ്യത്തെ ഇരുപത് റാങ്കിനുള്ളില്‍ തന്നെ ഇത്തവണ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരും പ്രാര്‍ഥിക്കണം.

വായനക്കാരോട് എന്താണ് പറയാനുള്ളത്..?

ഏത് ഫീല്‍ഡിലാണെങ്കിലും ഏറ്റവും ഉയരത്തില്‍തന്നെ നിങ്ങളെത്താന്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടറോ ക്ലര്‍ക്കോ പ്യൂണോ ആരുമായിക്കൊള്ളട്ടെ, നിങ്ങളുടെ ജോലിയില്‍ സംതൃപ്തി കണ്ടെത്തലാണ് പ്രധാനം. മറ്റുള്ളവര്‍ക്ക് അതുകൊണ്ട് നന്മ പകരാനും കഴിയണം.  
എനിക്കിത് കഴിയുമെങ്കില്‍ നിങ്ങള്‍ക്കെല്ലാം കഴിയും എന്നാണെന്റെ വിശ്വാസം. പരീക്ഷകള്‍ കടുപ്പമായതല്ല, എല്ലാവരും പറഞ്ഞു പറഞ്ഞ് അങ്ങനെ ആക്കിത്തീര്‍ത്തതാണ്. സാധ്യമാകുന്നവരെല്ലാം പരീക്ഷ എഴുതണമെന്നാണ് എനിക്ക് പറയാനുള്ളത്, പ്രാതിനിധ്യം നിര്‍ബന്ധമായും വേണ്ട മേഖലയാണിത്.

ഭാവിയില്‍ ഏതു രീതിയില്‍ ജോലി ചെയ്യാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്..? 

അലീഗഢിലെ ഡ്രെയിനേജ് സംവിധാനം വളരെ പരിതാപകരമാണ്. അതിലെന്തെങ്കിലും മാറ്റം കൊണ്ടുവരണം. അതുപോലെ യാചനയും ഇല്ലാതാക്കാന്‍ കഴിയണം. പ്രത്യേകിച്ച് കുഴപ്പങ്ങളില്ലാത്തവര്‍ പോലും യാചിക്കുകയും അവര്‍ക്ക് ജനങ്ങള്‍ കാശ് നല്‍കുകയും ചെയ്യുന്നു. ഒരുപാട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനും യാചന ഒരു കാരണമാണ്. 
സ്ത്രീ ശാക്തീകരണവും ചര്‍ച്ചയില്‍ വരേണ്ട കാര്യമാണ്. എന്റെ ജില്ലയിലെങ്കിലും എനിക്ക് അത്തരം ചില കാര്യങ്ങള്‍ ചെയ്യണം. മറ്റുള്ളവര്‍ക്ക് അതില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണം. വിദ്യാഭ്യാസരംഗത്തും എനിക്ക് ചിലത് ചെയ്യണമെന്നുണ്ട്. 

വിവ: അബൂ ഇനാന്‍ 
അവലംബം: റേഡിയന്‍സ്‌

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top