കിനാഭാരം

വി.ടി അനീസ് അഹമ്മദ് No image

കുഞ്ഞായിരിക്കെ, ഡോക്ടര്‍ എന്ന വാക്ക് ആദ്യമായി കേട്ട ദിവസം ഓര്‍മയിലുണ്ട്. കര്‍ക്കിടകത്തിലെ മഴമുരളുന്ന ഒരു രാത്രി. പനി പിടിച്ച ഉമ്മച്ചിയുടെ തൊലിപ്പുറം അയേണ്‍ ബോക്‌സിന്റെ പ്രതലം പോലെ പൊള്ളി. വിറയല്‍ കൂടിക്കൂടി വന്നു. ഓട്ടുപുരയ്ക്കു മുകളില്‍ മഴത്തുള്ളികള്‍ ഒച്ചയില്‍ തലതല്ലിപ്പതിക്കുന്നു. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ഉപ്പ, ഉമ്മച്ചിടെ കൂട്ടിയിടിക്കുന്ന വിരലുകള്‍ കോര്‍ത്തുപിടിച്ച് കുടചൂടി ഇരുട്ടിലേക്ക് പടിയിറങ്ങി. കൂടെ പോകാനുള്ള എന്റെ വാശിപിടിച്ച കരച്ചില്‍ മഴയൊച്ചക്കു മുകളില്‍ പൊങ്ങിയെങ്കിലും ഫലപ്പെട്ടില്ല.  ബാറ്ററി ടോര്‍ച്ചിന്റെ പപ്പടവട്ടം മിന്നാമിനുങ്ങ് വെട്ടത്തോളം ചെറുതായി വന്നു. വെളിച്ചം പൂര്‍ണമായി മറയുന്നത് നോക്കി ഞങ്ങള്‍ വരാന്തയില്‍ തന്നെയിരുന്നു. ഉമ്മയെ കാണാന്‍ ഇങ്ങോട്ട് വരാത്ത ഡോക്ടറോട് എന്റെ കുഞ്ഞുമനസ്സില്‍ പക മുളച്ചു.
മഴച്ചാറ്റിന് വീര്യമേറി. ഇടക്ക് വീശുന്ന മിന്നല്‍ വെട്ടം കനത്ത മഴനൂലുകളില്‍ തട്ടി ആയിരം മിന്നാമിനുങ്ങുകള്‍ ഒരുമിച്ചുകൂടിയ വണ്ണം വെളിച്ചം തള്ളി. ഇക്കാക്ക പാടിയ താരാട്ടുപാട്ടിന് കാതോര്‍ത്ത് പുതപ്പില്‍ ചുരുണ്ടു.
'ഉമ്മാ....' എന്ന ഏങ്ങലോടെയാണ് രാവിലെയുണര്‍ന്നത്. പോളകള്‍ വിടര്‍ത്തിയപ്പോഴേക്കും അണപൊട്ടിയ വെള്ളംപോലെ കണ്ണുകളിലേക്ക് വെളിച്ചം ഇരച്ചുകയറി. മഴ നിലച്ചിരുന്നു. ഉമ്മ അടുത്തില്ല. സൂര്യന്‍ തലയിട്ടുനോക്കുന്ന കിളിവാതില്‍പഴുതിലൂടെ പീളവലിച്ച നോട്ടം കടത്തിവിട്ടു. മുറ്റത്ത് നിറയെ ആളുകളുണ്ട്. പുറത്തേക്ക് നോക്കിയിരിക്കുന്ന എന്നെ ഇക്കാക്ക വാരിയെടുത്ത് വെള്ള പുതപ്പിച്ചു കിടത്തിയ ഉമ്മയുടെ ഉറങ്ങുന്ന മുഖം കാണിച്ചു.
വീട് കരയുകയായിരുന്നു. 
ഉമ്മയുടെ വിയോഗത്തിന് രണ്ടു വര്‍ഷം കഴിഞ്ഞ്, സര്‍ക്കാര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്ക് ആദ്യ ദിവസം ഉപ്പയുടെ കൈപിടിച്ചാണ് കയറിച്ചെന്നത്. പുതിയ ബാഗും കുടയും കൂട്ടിപ്പിടിച്ചാണ് ക്ലാസ്സിലെ ഇരിപ്പ്. കൃഷ്ണന്‍കുട്ടി മാഷ് ഓരോരുത്തരോടായി ഇന്നലെ കണ്ട കിനാവെന്താന്ന് ചോദിച്ചു. വലുതായാല്‍ ആരാവാനാ മോഹം എന്നും. ഇതാദ്യമായാണ് വലുതാവുന്നതിനെ കുറിച്ചും എന്നിട്ട് എന്തെങ്കിലും ആവുന്നതിനെ കുറിച്ചുമൊക്കെ ഒരു ചോദ്യമെനിക്ക് മുന്നിലെത്തുന്നത്. കുട്ടികളോരോന്നായി കിനാക്കള്‍ പറയു
േമ്പാള്‍ മാഷ് കണ്ണിറുക്കി ചുണ്ടു പൂട്ടി ചിരി പൊട്ടാതിരിക്കാന്‍ പാടുപെടുകയായിരുന്നു. ക്ലാസിലെ പതിമൂന്നു പേരില്‍ ഞങ്ങള്‍ മൂന്നാള്‍ മാത്രമാണ് സ്വന്തമായി മോഹം അവതരിപ്പിച്ചത്. ഞങ്ങള്‍ മോഹക്കോട്ടകള്‍ കെട്ടുന്നത് കണ്ട്, മാഷ് എല്ലാവരോടും കൈയടിക്കാന്‍ പറഞ്ഞു. ആദ്യദിവസത്തിന്റെ ആന്തല്‍ അകത്ത് അടങ്ങാതെ കിടക്കുന്നതിനാല്‍ ആവേശമില്ലാത്ത കുഞ്ഞുകരഘോഷം ക്ലാസിലുയര്‍ന്നു. മറ്റു രണ്ടുപേരും മാഷിന്റെ സഹായത്തില്‍ തങ്ങളുടെ മോഹം ഒരു വിധം രൂപപ്പെടുത്തി എടുക്കുകയായിരുന്നു. എന്നാല്‍ എന്റെ മറുപടി ഉറച്ചതും വ്യക്തവുമായിരുന്നു: 'സര്‍, എനിക്ക് ഡോട്ടറാവണം'.
അതുകേട്ട്, ഒന്നാമത്തെ ബെഞ്ചിലിരുന്ന രാഗേഷിന്റെ എഴുന്നുനിന്ന പീതകൊമ്പുകള്‍ മൂക്കിലേക്കു പിന്‍വലിഞ്ഞു. തൊട്ടുപിന്നിലിരുന്ന അസീസ് കണ്ണീരിനൊപ്പം ഒലിച്ചിറങ്ങിയ മൂക്കട്ട കൈപ്പുറത്ത് കോരിയെടുത്ത് ട്രൗസറില്‍ തേച്ചു. കുട്ടികള്‍ കണ്ണുമിഴിച്ച് പരസ്പരം നോക്കി. 
'ഫരീദ മോള് മിടുക്കിയാണല്ലോ, ഇത്ര ചെറുപ്പത്തിലേ ഡോക്ടറാവാനോ പൂതി'. മാഷ് എന്നോട് വല്ലാത്ത ഇഷ്ടം കാട്ടി. കീഴ്ചുണ്ടിലേക്ക് തൂങ്ങിയ മീശരോമങ്ങള്‍ വിടര്‍ന്ന് വെളുത്ത മതില്‍കെട്ട് പുറത്തുവന്നു. ഏറെ നേരം പ്രകാശം പരത്തി ആ അര്‍ധ ചന്ദ്രന്‍ നിലകൊണ്ടു. എന്നാല്‍ മാഷിന്റെ ആവേശത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. 'സാറേ,  ഇന്റെ ഉമ്മാനെ കൊന്നോരെ കൊല്ലാനാ നാന്‍ ടോട്ടറാവ്‌ന്നേ.....' എന്റെ വിശദീകരണം കേട്ട് സാറിന്റെ  കണ്ണുതള്ളി. മുഖം കോടി. കവിളുകള്‍ക്ക് ബലം വെച്ചു. മീശരോമങ്ങള്‍ വാടി തിരികെ വീണു. ബോര്‍ഡില്‍ നിലകൊണ്ട വെളുത്ത അക്ഷരങ്ങള്‍ നിലത്തുതിര്‍ന്നുവീണു. മാഷിന്റെ വല്ലായ്ക കണ്ടപ്പോ മറ്റ് കുട്ടികള്‍ക്ക് പേടിയായി. 'ഈ ഡോക്ടര്‍ന്ന് പറഞ്ഞാല്‍ മനുഷ്യമ്മാരെ കൊല്ലുന്നോരല്ലേ....?' കൃഷ്ണന്‍കുട്ടി മാഷ് ശരിക്കും ഞെട്ടിപ്പോയി. കസേരയില്‍ പോയി ഇരുന്നു. എന്നെ മേശക്കരികിലേക്ക് വിളിച്ചു. തലയിലും പുറത്തും തലോടി ഒന്നും മിണ്ടാതെ ഏറെ നേരമങ്ങനെ കഴിഞ്ഞു. ഞാന്‍ ഉറക്കെ നിലവിളിച്ചു. ഒരു തുടക്കം കിട്ടാന്‍ കാത്തിരുന്നതുപോലെ കുട്ടികള്‍ എല്ലാവരും എനിക്കൊപ്പം ചേര്‍ന്ന് കരഞ്ഞു.
അബൂദബിയിലെ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ് സുല്‍ഫിക്കല്‍ സുല്‍ത്താന്റെ ഭാര്യ ഫരീദ സുല്‍ഫിക്കര്‍ ഇന്ന് ഡോക്ടറല്ല. പ്ലസ്ടു സയന്‍സിന് മുഴുവന്‍ എ പ്ലസ് നേടിയപ്പോള്‍ നാട്ടിലത് ഉത്സവമായിരുന്നു. നാട്ടിലെ ആദ്യത്തെ ഫുള്‍മാര്‍ക്കുകാരിക്ക് ക്ലബുകള്‍, സ്‌കൂള്‍, മദ്‌റസ കമ്മിറ്റികള്‍ വക അനുമോദന സദസ്സുകള്‍. കുടുംബക്കാരുടെ വക ഉപഹാരങ്ങള്‍. ചെറുപ്പത്തിലേ ഉമ്മയുടെ തണല്‍ നഷ്ടപ്പെട്ട കുട്ടി എന്ന പരിഗണനയുടെ വിവിധ തരം പ്രദര്‍ശനങ്ങള്‍. സയന്‍സ് പഠിച്ച് ഫരീദ ഡോക്ടറാവണമെന്ന് പല വേദികളിലും ആളുകള്‍ അഭിപ്രായപ്പെട്ടു. അങ്ങനെ നമ്മുടെ നാട്ടിലും ഒരു ഡോക്ടറുണ്ടാവട്ടെയെന്ന് ആശംസാ പ്രസംഗകര്‍ പൂതിപറഞ്ഞു.
ഉമ്മയുടെ ഓര്‍മകളോടൊപ്പം മനസ്സിലേക്ക് ക്രൂരനായ ഒരു ഡോക്ടര്‍ കൂടി കടന്നുവരുന്ന ചെറുപ്പകാലത്തില്‍നിന്ന് വിമോചിതയാവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഡോക്ടറാവില്ലെന്നത് ഉറച്ച തീരുമാനമായിരുന്നു. മുതിര്‍ന്നു തുടങ്ങിയപ്പോളും അതിനു മാറ്റമുണ്ടായില്ല. ഉമ്മയുടെ മരണത്തിന് ഡോക്ടര്‍ ഒരിക്കലും കുറ്റക്കാരനായിരുന്നില്ലെന്ന് ബോധ്യമായിരുന്നെങ്കിലും മനസ്സിന്റെ  അടിയിലെവിടെയോ ഡോക്ടര്‍ എന്ന വാക്ക് നീറ്റലുണ്ടാക്കിക്കൊണ്ടിരുന്നു. അങ്ങനെയാണ് മറ്റുള്ളവര്‍ക്കെല്ലാം അജ്ഞാതമായ കാരണത്താല്‍ ബി.എ ലിറ്ററേച്ചറിന് ചേര്‍ന്നത്. കോളേജ് പഠനശേഷം വിവാഹാലോചനകളുമായി വന്ന ഡോക്ടര്‍മാരെയൊക്കെ പറയാന്‍ വയ്യാത്ത കാരണത്താല്‍ മടക്കി. ആങ്ങളമാരെ ഇനിയും വട്ടം കറക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് അവസാനം ഡോക്ടര്‍ സുല്‍ഫിക്കറിനെ വിവാഹം കഴിക്കാന്‍ സമ്മതം മൂളിയത്. അപ്പോഴും ഫരീദയുടെ മനസ്സില്‍ ഡോക്ടര്‍ എന്ന വാക്ക് കൂടാത്ത മുറിവായി ബാക്കി കിടന്നിരുന്നു.
ലീവിന് നാട്ടില്‍ വന്നിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ 'ചെറിയ ലീവിന് നാട്ടിലെത്തിയിട്ടുണ്ട്' എന്ന് പോസ്റ്റിട്ടു. 'ജോലിയില്ലാത്ത നിനക്കെന്ത് ലീവ്? ഒരു അടുക്കള മാറ്റം എന്ന് പറയെടോ...' അനുരാധയുടെ പതിവ് പരിഹാസം. 
'ഫരീദയെത്തിയല്ലോ, ഇനി നമുക്കൊന്ന് കൂടണം' ആയിഷയുടെ അഭിപ്രായത്തിന് എല്ലാവരും ലൈക്കിട്ടു. മഴയുടെ വരവറിയിച്ച്, ആകാശത്ത് മിന്നല്‍ വെളിച്ചം വേരുകള്‍ പോലെ പടര്‍ന്ന് മായുന്നത് കണ്ടാണ് ഉറക്കത്തിലേക്ക് വഴുതിയത്. 
പാതിരാവില്‍ വീട്ടിലെ കാളിംഗ് ബെല്‍ ആവര്‍ത്തിച്ചലറി. കനത്ത മഴയൊച്ച മുറിച്ച് വരുന്ന അടര്‍ന്ന സംഭാഷണ ശകലങ്ങള്‍ അകത്തുനിന്ന് കേള്‍ക്കാം. സുല്‍ഫിക്കര്‍ എഴുന്നേറ്റ് വാതില്‍ തുറന്നു. പനിച്ചു വിറക്കുന്ന ഒരു സ്ത്രീയെ താങ്ങിയെടുത്ത് നാലഞ്ചു പേര്‍. 'ഡോക്ടറേ... ഒന്നു രക്ഷിക്കണേ, ആശുപത്രിയിലൊന്നും ഡോക്ടര്‍മാരില്ല. താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ചയച്ചതാണ്. അവിടത്തെ ഡോക്ടര്‍മാര്‍ അഞ്ചു പേരും സ്ഥലത്തില്ല. ഒന്നു രക്ഷിക്കണം സാറേ...' കൂട്ടത്തിലൊരാള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു.
അകത്തേക്ക് കയറ്റിക്കിടത്താന്‍ പറഞ്ഞ് സുല്‍ഫിക്കര്‍ പരിശോധനകളിലേക്ക് കടക്കവെ ആ സ്ത്രീയുടെ കണ്ണുകള്‍ അടഞ്ഞു തുടങ്ങിയിരുന്നു. ശരീരം പതുക്കെ നിശ്ചലമായി. കാല്‍ വിരലുകള്‍ നിവര്‍ന്ന് വലിഞ്ഞു. അല്‍പം നീണ്ട ഒരു ഞെരക്കത്തോടെ അവരുടെ ശ്വാസം കെട്ടു.
രോഗിയുമായി എത്തിയവര്‍ മൃതദേഹവുമായി തിരികെ പോയി. സമയം പാതിര കഴിഞ്ഞിരിക്കുന്നു. കണ്‍മുന്നില്‍ ഒരു ജീവന്‍ ഇല്ലാതാവുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നതിന്റെ സങ്കടം സുല്‍ഫിക്കറിന്റെ ഉള്ളില്‍ കൊളുത്തിവലിച്ചു. ഫരീദക്ക് ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല. 'അവര്‍ എവിടെനിന്ന് വന്നവരായിരുന്നു?' ഫരീദയുടെ ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. മഴപ്പെയ്ത്തിന് ശക്തി കൂടി. മഴത്തുള്ളികള്‍ ടെറസിന് മുകളില്‍ തലതല്ലിപ്പതിച്ചു.
'അവരുടെ വീട് എവിടെയാണ്? ആ വീട്ടില്‍ ഒരു പെണ്‍കുട്ടി ഉമ്മയെ കാത്തിരിക്കുന്നുണ്ടാവുമോ?' മഴയോടൊപ്പം ഫരീദയും ഉറക്കെ പെയ്തു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top