നോമ്പിന്റെ അത്താഴപ്പോരിശ

ടി. മുഹമ്മദ് വേളം No image

നോമ്പിന്റെ രണ്ടറ്റങ്ങള്‍ അത്താഴവും ഇഫ്ത്വാറുമാണ്. നോമ്പിനെക്കുറിച്ച് മാത്രമല്ല പ്രവാചകന്‍ സംസാരിച്ചത്. അത്താഴത്തെയും ഇഫ്ത്വാറിനെയും കുറിച്ച് കൂടിയാണ്. അത്താഴവും ഇഫ്ത്വാറും ചേര്‍ന്നാലേ ഘടനക്കപ്പുറം ചൈതന്യത്തില്‍ നോമ്പ് പൂര്‍ണമാവുകയുള്ളൂ. നോമ്പിന് ഒരു ക്രമമുണ്ട്. തുടക്കവും ഒടുക്കവുമില്ലാത്തതല്ല. അത്താഴവും ഇഫ്ത്വാറും നോമ്പിന്റെ തുടക്കവും ഒടുക്കവുമാണ്. അവസാനിപ്പിച്ച് വീണ്ടും ആരംഭിക്കുന്ന രീതിയിലല്ലാതെ നോമ്പെടുക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. ഐഛിക വ്രതങ്ങള്‍ പരമാവധി എടുക്കാവുന്ന രൂപം ഒന്നിടവിട്ടാണെന്നും നബി പഠിപ്പിക്കുന്നു. അത് ദാവൂദ് നബിയുടെ നോമ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്താഴം പിന്തിക്കുകയും നോമ്പുതുറക്കാന്‍ ധൃതികാണിക്കുകയും ചെയ്യുന്നിടത്തോളം എന്റെ സമുദായം നന്മയിലായിരിക്കുമെന്ന് പ്രവാചകന്‍ പറയുന്നുണ്ട് (അഹ്മദ്). മുസ്‌ലിം സമൂഹത്തിന്റെ നന്മസ്ഥിതിയുടെ രണ്ടു മുദ്രകള്‍ നോമ്പിന്റെ രണ്ടറ്റങ്ങളില്‍ പ്രവാചകന്‍ സ്ഥാപിച്ചു; പിന്തിയ അത്താഴവും ധൃതിപ്പെട്ട നോമ്പുതുറയും.
ലൗകിക ജീവിതത്തിന് തന്നെ അലൗകികതയുടെ മാനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന രീതി ഇസ്‌ലാമിന് സ്വന്തമാണ്. സാധാരണ ജീവിതത്തിന് തന്നെ അസാധാരണത്വം കല്‍പിക്കുക എന്നത് ഇസ്‌ലാമിക ആത്മീയതയുടെ സവിശേഷതയാണ്. അത്താഴം ഒരു ഭക്ഷണമാണ്. സമയത്തിന് അമാനുഷിക തലങ്ങളൊന്നുമില്ല. നിത്യസമയങ്ങളില്‍ ഒരു സമയം തന്നെയാണത്. മനുഷ്യപ്രകൃതത്തില്‍ ആ നേരത്തെ ആഹരിക്കല്‍ പരിചിതമല്ല. പക്ഷേ, പ്രവാചകന്‍ നോമ്പിലെ അത്താഴ ഭക്ഷണത്തെ അസാധാരണമായ ഒരു തലത്തിലേക്കുയര്‍ത്തുന്നുണ്ട്. അതില്‍ ദൈവത്തിന്റെ സവിശേഷമായ അനുഗ്രഹമുണ്ടെന്ന് (ബറകത്ത്) പഠിപ്പിക്കുന്നുണ്ട്. അനുഗ്രഹം തേടി തന്റെ ജീവിതത്തിനു പുറത്തു മാത്രമലയുന്ന ഭക്തരോട് ബറകത്തിന്റെ, അനുഗ്രഹത്തിന്റെ ചില നാഴികകളും വിനാഴികകളും നിങ്ങളുടെ ജീവിതത്തില്‍ തന്നെയുണ്ടെന്ന് പ്രവാചകന്‍ കാണിച്ചുതരുന്നു. അത്താഴം കഴിക്കുന്നവരെ മാലാഖമാര്‍ ആശീര്‍വദിക്കുന്നുണ്ട്. മാലാഖമാരുടെ അനുഗ്രഹം മാത്രമല്ല പ്രവാചകന്റെ പ്രത്യേകമായ അനുഗ്രഹ പ്രാര്‍ഥനയും നോമ്പിലെ അത്താഴക്കാര്‍ക്കുണ്ട്. അനസ് (റ) പറയുന്നു: ഞങ്ങള്‍ റമദാനിലെ ഒരു രാത്രിയില്‍ പ്രവാചകന്റെ കൂടെ നടക്കുകയായിരുന്നു. പ്രവാചകന്‍ ചോദിച്ചു: 'അല്ലയോ അനസ്, നാം കാണുന്ന തീനാളങ്ങള്‍ എന്താണ്? ഞാന്‍ പറഞ്ഞു: 'ദൈവദൂതരേ, അന്‍സാറുകള്‍ തങ്ങളുടെ വീടുകളിലിരുന്ന് അത്താഴം കഴിക്കുകയാണ്. അവര്‍ കത്തിച്ച വിളക്കുകളാണത്.' അതു കേട്ടപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ഥിച്ചു: 'എന്റെ സമുദായത്തെ അവരുടെ അത്താഴത്തില്‍ നീ അനുഗ്രഹിക്കേണമേ....' പ്രവാചകന്റെ അനുഗ്രഹ പ്രാര്‍ഥന ലഭിച്ചവരാണ്, മാലാഖമാരുടെ അനുഗ്രഹ പ്രാര്‍ഥന നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ് ഓരോ നോമ്പിലെയും ഓരോ അത്താഴക്കാരനും.
അത്താഴത്തിന് ഇത്രമാത്രം പോരിശ ഉണ്ടാവാന്‍ എന്തായിരിക്കും കാരണം? അത്താഴം പിന്തിക്കുന്നതിലും നോമ്പ് തുറക്കലില്‍ ധൃതികാണിക്കുന്നതിലും ഇത്രമാത്രം പുണ്യം നിക്ഷേപിക്കപ്പെടാനെന്താവും കാരണം?
വ്രതം ഒരു യാന്ത്രികാനുഷ്ഠാനമാകാതിരിക്കാനുള്ള കരുതലുകളാണവ. നോമ്പ് നമ്മളിലൂടെ കടന്നുപോവുന്നതിനു പകരം നാം നോമ്പിലൂടെ കടന്നുപോവണം. നോമ്പ് ഒരു ഋതുവല്ല, ഒരാരാധനയാണ്. ബോധപൂര്‍വമായ കീഴ്‌വണക്കമാണ്. യഥാര്‍ഥത്തില്‍ നോമ്പ് ഉള്‍പ്പെടെ എല്ലാ ഇബാദത്തുകള്‍ക്കും നിര്‍ബന്ധ ഘടകമായ നിയ്യത്ത് ഈ ബോധപൂര്‍വത തന്നെയാണ്; അതും മാനസിക പ്രവര്‍ത്തനം എന്നതിനേക്കാള്‍ ആചാരപ്രകടനം മാത്രമായി പരിണമിക്കുകയായിരുന്നു. അത്താഴം കഴിച്ചില്ലെങ്കിലെന്താ, ഉറക്കം കളയുന്നതെന്തിനാ എന്ന യുക്തിക്ക് പ്രസക്തിയുണ്ട്. അതിന്റെ ഉത്തരം; നോമ്പ് ബോധപൂര്‍വമാകാനാണ് രണ്ടറ്റങ്ങളില്‍ അത്താഴവും ഇഫ്ത്വാറും നിശ്ചയിക്കപ്പെട്ടത്, അതിലെ ജാഗ്രത നിഷ്ഠയാക്കപ്പെട്ടത്. ഒരു ബെല്ലടിക്കുമ്പോള്‍ തുടങ്ങുകയും മറ്റൊരു ബെല്ലടിക്കുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന പട്ടാളച്ചിട്ട കൂടിയാണ് നോമ്പ്. നോമ്പിന്റെ ആത്മാവിന്റെ എല്ലാ ആര്‍ദ്രതലങ്ങളും നിലാവുപോലെ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ.
ഇഷ്ടമുള്ളപ്പോള്‍ ഉണരാന്‍ നോമ്പല്ലാത്ത കാലത്തും വിശ്വാസിക്ക് വിധിയില്ല. ഉറക്കത്തേക്കാള്‍ ഉത്തമമാണ് നമസ്‌കാരമെന്നാണ് പൂര്‍വ 
പുലര്‍ച്ചക്ക് ഉയര്‍ന്നുനില്‍ക്കുന്ന ഓരോ പള്ളിമിനാരങ്ങളും വിശ്വാസിയെ വിളിച്ചുണര്‍ത്തുന്നത്. എല്ലാ ഉറക്കച്ചടവും തീര്‍ത്തിട്ട് നമസ്‌കാരമെന്നല്ല, ഉറക്കത്തെ മെത്തയില്‍ ഉപേക്ഷിച്ച് പള്ളിയിലേക്കുത്സുകരാവൂ എന്നാണ് ആ പ്രഭാതാഹ്വാനം. നിങ്ങള്‍ക്ക് നമസ്‌കാരത്തിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കാം, അല്ല ക്രമീകരിക്കണം. സ്വുബ്ഹിയോടെ തെളിഞ്ഞുണരാന്‍ നേരത്തേ ഉറങ്ങണം. എപ്പോഴെങ്കിലും ഉറങ്ങി എപ്പോഴെങ്കിലുമെഴുന്നേറ്റു നമസ്‌കരിക്കുന്നതല്ല നമസ്‌കാരം. 'നിശ്ചയമായും നമസ്‌കാരം വിശ്വാസികളുടെ മേല്‍ സമയനിര്‍ണിതമായ ഒന്നാണ്...' (അന്നിസാഅ് 103).
ദിവ്യമായ ഒരാഹ്വാനത്തിനുമുന്നില്‍ ഉറക്കത്തെ ബലികൊടുക്കല്‍ കൂടിയാണ് അത്താഴം. അപ്പുറത്ത് ഒരാഹ്വാനത്തിന്റെ മുന്നില്‍ എത്രയും വേഗം ഭക്ഷണം കഴിക്കലാണ് ഇഫ്ത്വാറിലെ ധൃതിപുണ്യം. ഒന്ന് ശരീരത്തിന് പ്രയാസമാണെങ്കില്‍, മറ്റേത് ശരീരത്തിന് സന്തോഷമാണ്.
ഇത്രനേരം വിശപ്പുസഹിച്ച എനിക്ക് ഒരു പത്തു മിനിറ്റു കൂടിയായാല്‍ അതെന്തു വിഷയം എന്നു ചിന്തിക്കുന്നവരുണ്ടാവാം. മാത്രമല്ല കാര്യമിപ്പോള്‍ എന്റെ നിയന്ത്രണത്തില്‍ വന്നു. എനിക്ക് എപ്പോള്‍ വേണമെങ്കിലും ഭക്ഷണം കഴിക്കാം. കുറച്ചുനേരം കൂടി കഴിക്കാതിരിക്കാം. കാര്യം അങ്ങനെയല്ലെന്നാണ് പ്രവാചകന്‍ നിരവധി തിരുമൊഴികളിലൂടെ പഠിപ്പിക്കുന്നത്. നോമ്പ് നിന്റെ നിയന്ത്രണത്തിലാവരുത്. അത് സമയപരമായി അവസാനിച്ച ശേഷവും. നോമ്പിന്റെ നിയന്ത്രണം അല്ലാഹുവിന്റെ കല്‍പ്പനയിലാണ്. ലഭ്യമെങ്കില്‍, സാധിക്കുമെങ്കില്‍ മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് ഭക്ഷണം കഴിക്കാന്‍ നബി പഠിപ്പിക്കുന്നുണ്ട്. 'രാത്രി ഭക്ഷണം തയാറായിട്ടുണ്ടെങ്കില്‍ മഗ്‌രിബ് നമസ്‌കാരത്തിനുമുമ്പുതന്നെ അത് കഴിക്കുക....' ജാഗ്രതയുടെ രണ്ടങ്ങളാണ് അത്താഴവും ഇഫ്ത്വാറും. ബോധപൂര്‍വമായ നോമ്പിന്റെ അടയാളങ്ങളാണ് ഈ ജാഗ്രതാക്കുറ്റികള്‍. പ്രവാചകന്‍ അരുള്‍ ചെയ്യുന്നു: 'അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്റെ ദാസന്മാരില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവര്‍ അവരില്‍ ഏറ്റവും വേഗത്തില്‍ നോമ്പുതുറക്കുന്നവരാണ്....' ജാഗ്രതയുടെ അടയാളത്തിലൂടെ നോമ്പുകാരന്റെ നോമ്പിലെ ജാഗ്രതാ ഗുണത്തെ തന്നെയായിരിക്കും നോമ്പ് നല്‍കിയവന്‍ ഇഷ്ടപ്പെടുന്നുണ്ടാവുക. അത്താഴത്തിലെയും ഇഫ്ത്വാറിലെയും നിഷ്ഠകള്‍, ഒന്ന് ശരീരസുഖത്തിന് പ്രതികൂലമാണെങ്കില്‍ മറ്റൊന്ന് അനുകൂലമാണ്. രണ്ടിടത്തും പൊതുവായുള്ളത് ദൈവാജ്ഞയുടെ സമയം തെറ്റാത്ത അനുസരണമാണ്.
നോമ്പില്‍ സന്യാസത്തിന്റെ ഘടകമുണ്ട്. അതൊരു സമ്പൂര്‍ണ സന്യാസത്തിലേക്ക് ബാലന്‍സ് തെറ്റി വീഴാതിരിക്കാനുള്ള നോമ്പിന്റെ ആന്തരിക സംവിധാനമാണ് അത്താഴവും നോമ്പ് മുറിക്കുന്നതിലെ ധൃതിപുണ്യവും. വ്രതമെന്നത് ശരീരത്തെ എത്ര പീഡിപ്പിക്കാന്‍ കഴിയുമോ അത്രയും പീഡിപ്പിക്കുന്നതിന്റെ പേരല്ല. അത് ആത്മനിയന്ത്രണ പദ്ധതിയുടെ പേരാണ്. ദൈവം രൂപകല്‍പ്പന ചെയ്ത ശാരീരിക-മാനസിക ശിക്ഷണ പദ്ധതി. ജൂത-ക്രൈസ്തവരുടെ വ്രതങ്ങള്‍ അത്താഴമില്ലാത്തവയായിരുന്നു. ഒരിടവേളയില്‍ നോമ്പ് മുറിച്ച് രാത്രി വീണ്ടും തുടരുന്ന നോമ്പുകള്‍. ഇസ്‌ലാം അതിനെ വിലക്കി. പ്രവാചകന്‍ പറയുന്നു: നമ്മുടെയും വേദക്കാരുടെയും നോമ്പുകള്‍ തമ്മിലുള്ള വ്യത്യാസം അത്താഴമത്രെ. അഹ്‌ലു കിതാബിന്റെ സന്യാസ നോമ്പിനും ഇസ്്‌ലാമിന്റെ സന്തുലിത നോമ്പിനുമിടയില്‍ പ്രവാചകന്‍ അത്താഴം കൊണ്ട് അതിര്‍ത്തി കെട്ടി വേര്‍തിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ തീവ്രമായാല്‍ കൂടുതല്‍ ഇസ്‌ലാമികമാവും എന്ന തെറ്റിദ്ധാരണയെ പ്രവാചകന്‍ ഇതിലൂടെ തിരുത്തുന്നു. നല്ലതല്ലേ, പഠിപ്പിക്കപ്പെട്ടതിനേക്കാള്‍ അധികമിരിക്കട്ടെ എന്ന പിഴച്ച മതയുക്തിയെ തിരുത്തുന്നു.
അതിസൂക്ഷ്മതയുടെ ഭാഗമായി സ്വുബ്ഹ് ബാങ്ക് നേരത്തേ വിളിക്കുകയും മഗ്‌രിബ് ബാങ്ക് വൈകി വിളിക്കുകയും ചെയ്യുന്നവര്‍ റമദാനിന്റെ ഒരു വലിയ നന്മയെ നഷ്ടപ്പെടുത്തുകയാണ്. സൂക്ഷ്മതയുടെ പേരു പറഞ്ഞ് പുണ്യത്തിന് എതിരു പ്രവര്‍ത്തിക്കുകയാണ്. ഇല്ലാത്തിടങ്ങളില്‍ പോലും ബറകത്ത് (ഭാഗ്യാനുഗ്രഹം) അന്വേഷിക്കുന്നവന്‍ യഥാര്‍ഥത്തില്‍ തന്നെ ബറകത്തുള്ള സമയത്തെ നിഷ്ഠയോടെ നഷ്ടപ്പെടുത്തുകയാണ്.
ജൂത-ക്രൈസ്തവരുടെ സന്യാസനോമ്പ് ചരിത്രത്തില്‍ ഏറെക്കാലം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പക്ഷേ മുസ്‌ലിംകളുടെ മിതത്വമുള്ള, അത്താഴമുള്ള നോമ്പ് എല്ലാ ഋതുക്കളിലും കോടാനുകോടി വിശ്വാസികള്‍ ചിട്ടയോടെ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top