പൗരബോധമുള്ളവരാകണം

No image

ജനജീവിതത്തെ സംഘര്‍ഷത്തിലും ഭീതിയിലുമാഴ്ത്തിക്കൊണ്ട് കോവിഡ് 19 എന്ന മഹാവ്യാധി ലോകത്തെ ഭയപ്പാടിലെത്തിച്ചിരിക്കുകയാണ്. ചൈനയിലെ ഹുവാനില്‍ തുടങ്ങിയ രോഗം ഇന്ന് അതിര്‍ത്തികളും ദേശങ്ങളും ഭേദിച്ച് മുന്നേറുമ്പോള്‍ മനുഷ്യന്‍ പകച്ചുനില്‍ക്കുകയാണ്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഈ രോഗം മൂലം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ നാലായിരത്തിലധികം ആളുകള്‍ വിവിധ ഭാഗങ്ങളിലായി മരണപ്പെടുകയുണ്ടായി. ശക്തമായ പ്രതിരോധമാര്‍ഗങ്ങള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നൂറ്റിപ്പതിനാല് രാജ്യങ്ങളിലായി പടര്‍ന്നു പിടിച്ച രോഗം ലക്ഷത്തിലധികം ആളുകളില്‍ പകര്‍ന്നിരിക്കുകയാണ്.
  വൈദ്യശാസ്ത്ര ലോകം  കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും മറുമരുന്ന് സാധ്യമല്ലാത്ത ഈ രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. കേരളത്തിലും ഈ രോഗം റിപ്പോര്‍ട്ടുചെയ്യപ്പെടുകയും ജനങ്ങളില്‍ ഭീതി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായ നിപയെന്ന കടുത്ത രോഗത്തെ വളരെ വിജയകരമായാണ് കേരളം നേരിട്ടത്. അത് വ്യാപിക്കുന്നതില്‍ നമ്മുടെ സര്‍ക്കാറും വിശിഷ്യാ ആരോഗ്യ മന്ത്രിയും കാണിച്ച ശുഷ്‌കാന്തി വളരെ പ്രശംസനീയവുമായിരുന്നു. അതുപോലെ തന്നെ ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ നിരീക്ഷിക്കാനും രോഗം സ്ഥിരീകരിക്കാനും നിയന്ത്രിക്കാനും മറ്റുള്ളവരില്‍ ആര്‍ക്കും പടരാതിരിക്കാനും ആരോഗ്യ വകുപ്പും മന്ത്രിയും ബന്ധപ്പെട്ട സംവിധാനങ്ങളും കാണിച്ച പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലവും ഉണ്ടായിരുന്നു. ഹുവാനില്‍നിന്നും വന്നവര്‍ മുഖേന ആര്‍ക്കും പടരാതിരിക്കാന്‍ ഈ ജാഗ്രത ഗുണം ചെയ്തു.  
എന്നാല്‍ കോവിഡ് തടഞ്ഞു നിര്‍ത്തിയതിന്റെ പേരില്‍ കേരള മോഡല്‍ വികസനത്തെ കുറിച്ച് ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ പ്രശംസിക്കുമ്പോഴാണ് വീണ്ടും കോവിഡ് 19 ഭീതി നാട്ടില്‍ വന്നത്. ഇറ്റലിയില്‍നിന്നും വന്ന മറ്റൊരു സംഘത്തിലൂടെയാണ് അത് പടര്‍ന്നത്. അതോടെ നിയന്ത്രിച്ചു എന്നാശ്വാസത്തില്‍നിന്നും രോഗഭീതിയില്‍ വീണ്ടും ജനങ്ങളെത്തി. ചൈനയില്‍ നിന്നും തിരിച്ചുവന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണമായും സഹകരിച്ചുകൊണ്ടു സ്വയം നിയന്ത്രണത്തില്‍ നില്‍ക്കാനും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും സന്നദ്ധമായത് തുടക്കത്തില്‍ ഈ രോഗം വ്യാപിക്കുന്നത് തടയാനായി.
എന്നാല്‍ രോഗഭീതി ആവര്‍ത്തിക്കുമ്പോള്‍ ഇത് ചില ആലോചനകള്‍ നമുക്കു തരുന്നുണ്ട്. സര്‍ക്കാറും സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ, നമുക്കോരോരുത്തര്‍ക്കും വ്യക്തിയെന്ന നിലയില്‍  ഉദാത്തമായ പൗരബോധവും കൂടി ഉണ്ടാവണമെന്ന പാഠം. പൗരനെന്ന നിലയില്‍ സമൂഹത്തോടു ചില ബാധ്യതകള്‍ നമുക്കുണ്ട്. അവകാശങ്ങളെക്കുറിച്ച ആലോചനയില്‍ നാം കൈവിട്ടുപോകുന്ന ബാധ്യതാ വിചാരങ്ങളാണവ. മഹാമാരികളും പകര്‍ച്ചവ്യാധികളുമൊക്കെ നാടുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അന്നാട്ടിലേക്ക് ആരും പോകരുതെന്നും അന്നാട്ടില്‍നിന്നും മറ്റിടങ്ങളിക്ക് വരരുതെന്നുമൊക്കെയുള്ള മഹത് വചനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയില്‍ വ്യക്തിശുചിത്വം പാലിക്കാന്‍ പഠിപ്പിക്കുന്നതോടൊപ്പം സമൂഹത്തിലേക്കിറങ്ങുമ്പോള്‍ പാലിക്കേണ്ട ആരോഗ്യകരമായ മാര്‍ഗനിര്‍ദേശങ്ങളുമടങ്ങിയിട്ടുണ്ട്. ഇതൊക്കെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യത്തിനും ഹിതത്തിനും വേണ്ടി കഴിവത് പ്രവര്‍ത്തിക്കാന്‍ നാം സന്നദ്ധമായാലേ ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമാവൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top