ചേതോഹരം ഈ സംഗമം

ഷാഹിദ ഇസ്മായില്‍
ഏപ്രില്‍ 2024
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മക്കള്‍ക്കുവേണ്ടി ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വനിതാ വിഭാഗം സംഘടിപ്പിച്ച 'കൂട്ടുകൂടാം ചേര്‍ത്തുപിടിക്കാം' എന്ന പരിപാടി

നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ് നമ്മുടെ മക്കള്‍. നാം ഏറെ പ്രയാസപ്പെട്ടാണ് അവരെ പരിചരിക്കുന്നത്. ഗര്‍ഭ കാലവും പ്രസവവും പിന്നെ നവജാത ശിശുവായിരിക്കുമ്പോഴുള്ള ആ ഒരു ഘട്ടവുമൊക്കെ മാതാവെന്ന നിലക്ക് നമ്മള്‍ വളരെ പ്രയാസപ്പെട്ടാണ് തരണം ചെയ്യുന്നത്. എന്നാല്‍, അപ്പോഴൊക്കെ നമുക്ക് അവരെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായിരിക്കും. അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നമ്മള്‍ ആകാംക്ഷയോടെ നോക്കിക്കാണും. അങ്ങനെ അവര്‍ പതിയെ ഇരിക്കാനും നടക്കാനും തുടങ്ങും. മൂന്നോ നാലോ വയസ്സാകുമ്പോഴേക്കും ഒരു വിധം കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ അവര്‍ പ്രാപ്തരാകും. അങ്ങനെ പതിയെ നമ്മള്‍ ഫ്രീയാകും.
എന്നാല്‍, നമ്മുടെ മക്കള്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാതെ എന്നും കുഞ്ഞു മക്കളെപ്പോലെയാണെങ്കിലോ, എന്തായിരിക്കും സ്ഥിതി...? കുറച്ചു നാളുകള്‍ക്ക് മുമ്പ് അങ്ങനെയുള്ള കുറച്ചു മക്കളുമായും അവരുടെ മാതാക്കളുമായും കൂട്ടുകൂടാനും ഇത്തിരി നേരം ചേര്‍ന്നിരിക്കാനും അവസരം ലഭിക്കുകയുണ്ടായി.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മക്കള്‍ക്കുവേണ്ടി ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വനിതാ വിഭാഗം സംഘടിപ്പിച്ച 'കൂട്ടുകൂടാം ചേര്‍ത്തുപിടിക്കാം' എന്ന പരിപാടി തുടക്കം മുതല്‍ ഒടുക്കം വരെ വളരെ ഹൃദ്യമായി.
കുറ്റിപ്പുറത്തുകാരായ ഹര്‍ഷ, സുമിത എന്നീ രണ്ടു കുട്ടികളോടും അവരുടെ മാതാക്കളോടുമൊപ്പം വന്നതായിരുന്നു ഞാനും എന്റെ സഹപ്രവര്‍ത്തക റസിയയും.

പ്രോഗ്രാം തുടങ്ങാറായപ്പോഴേക്കും ജില്ലയുടെ  പല ഭാഗങ്ങളില്‍നിന്നായി വ്യത്യസ്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മക്കളുമായി ധാരാളം പേര്‍ വന്നുതുടങ്ങി. വളരെ വേഗം സദസ്സ് നിറഞ്ഞു കവിഞ്ഞു. പലരും വീല്‍ ചെയറിലായിരുന്നു.        
സാഹിറ ടീച്ചറുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയിരുന്നത് ജനാബ് ശിഹാബ് പൂക്കോട്ടൂരായിരുന്നു. ഏറെ സരസവും ലളിതവുമായി അദ്ദേഹം സദസ്സിനോട് സംവദിച്ചു. ഭൂമിയില്‍ ഒരു മനുഷ്യന്  വായുവും വെള്ളവും കഴിഞ്ഞാല്‍ അത്യന്താപേക്ഷിതമായ മറ്റൊന്നാണ് മനസ്സമാധാനം. ഈ സമാധാനവും സന്തോഷവും നമുക്ക് എവിടെ നിന്നാണ് കിട്ടുന്നത്? ഏറ്റവും കൂടുതല്‍ സമയം നാം ചെലവഴിക്കുന്ന വീടായിരിക്കും അതിന്റെ പ്രധാന ഉറവിടം. ഉമ്മയും ഉപ്പയും സഹോദരി സഹോദരന്മാരും ചേര്‍ന്നതാണല്ലോ കുടുംബം. ആ കുടുംബത്തില്‍ സന്തോഷത്തിന്റെ പ്രധാന ഘടകമാണ് ഭാര്യയും ഭര്‍ത്താവും മക്കളുമെന്നത്. ജഗന്നിയന്താവ് നമുക്ക് നല്കിയ അനുഗ്രഹമാണ് മക്കള്‍. വലിയൊരളവ് സന്തോഷവും സമാധാനവും നമുക്ക് ലഭിക്കുക മക്കളിലൂടെയാണ്. മക്കളില്ലാത്ത വീട്, ഒന്ന് സങ്കല്‍പിച്ചു നോക്കൂ... എന്തായിരിക്കും ആ വീടിന്റെ അവസ്ഥ. ചെറിയ മക്കളാണെങ്കില്‍ അവരുടെ ആ കളിയും ചിരിയും തമാശയും നമ്മുടെ ഉള്ളില്‍ തളം കെട്ടി നില്‍ക്കുന്ന എല്ലാ വേദനകളും മായിച്ചു കളയും.

മക്കളെ കൂടുതല്‍ സ്നേഹിക്കുകയും ആദരിക്കുകയും പരിഗണിക്കുകയും വേണം. അപ്പോഴാണ് തിരിച്ചും സ്നേഹവും ആദരവും പരിഗണനയും ലഭിക്കുക. ഫലം തരുന്ന വൃക്ഷത്തെ ശ്രദ്ധിച്ചിട്ടില്ലേ... നന്നായി വെള്ളവും വളവും കൊടുത്ത് പരിപാലിക്കുമ്പോഴാണല്ലോ അതില്‍നിന്ന് ധാരാളം കായ്കള്‍ ലഭിക്കുക. ഇഹത്തിലും പരത്തിലും നന്മ ലഭിക്കുന്ന മക്കളായി അവരെ വളര്‍ത്താന്‍ കഴിയണം. സ്നേഹവും കാരുണ്യവും പരസ്പരം കൈമാറാന്‍ അവരെ പഠിപ്പിക്കണം. സ്നേഹിക്കാനും സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്താനും ഒരു മനുഷ്യന്‍ പഠിക്കുന്നത് അവന്റെ ആദ്യ പാഠശാലയായ കുടുംബത്തില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

റസൂലിന് മക്കളോടുണ്ടായിരുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃകയായി ശിഹാബ് സാഹിബ് എടുത്തുദ്ധരിച്ച ചരിത്രമുഹൂര്‍ത്തങ്ങള്‍ ഒളിമങ്ങാതെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.  നബി തിരുമേനിക്ക് ഏറെ പ്രിയപ്പെട്ട മകളായിരുന്ന ഫാത്തിമ ബീവിയെ 'എന്റെ കരളിന്റെ കഷണമേ'..... എന്നാണ്  നബി തിരുമേനി വിളിച്ചിരുന്നത്. എന്ത് കിട്ടിയാലും ഒരു ഭാഗം അവര്‍ക്കു വേണ്ടി റസൂല്‍ മാറ്റിവെക്കുമായിരുന്നു. നബി തിരുമേനി (സ)യുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന സംഭവമായിരുന്ന ഹിജ്റയുടെ സമയത്ത് ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്ന മൂത്ത മകള്‍ സൈനബിനെ ശത്രുക്കള്‍ തടഞ്ഞുവെച്ചു. ഗര്‍ഭിണിയായിരുന്നു അവര്‍. ശത്രുക്കള്‍ ഒട്ടകത്തെ പിടിച്ചു കുലുക്കി. അവര്‍ പാറക്കൂട്ടത്തിലേക്ക് വീഴുകയും നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. കിടപ്പിലായ സൈനബി(റ)നെ പരിചരിച്ചിരുന്നത് നബി തിരുമേനി (സ) ആയിരുന്നു. ഉമ്മ നേരത്തെ മരണപ്പെട്ടുപോയ സൈനബി (റ)ന് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റിക്കൊടുത്തിരുന്നത് റസൂലുല്ലയാണ്. അവിടെ ഒരു ആത്മീയ ആചാര്യനെയല്ല, സ്നേഹനിധിയായ പിതാവിനെയാണ് നമുക്ക് കാണാന്‍ കഴിയുക.

ഈയൊരു സംഗമത്തിന് വേണ്ടി തെരഞ്ഞെടുത്ത സ്ഥലം തിരൂര്‍ ടൗണില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയായി തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന നൂര്‍ ലേക്ക് പാര്‍ക് ആണ്. വിവിധ മുളകളാല്‍ നിബിഡമായ ഒരു പ്രകൃതി സൗഹൃദ വനമെന്ന് വേണമെങ്കില്‍ അതിനെ വിളിക്കാം. പന്ത്രണ്ട് ഏക്കറോളം പരന്നു കിടക്കുന്ന സ്ഥലത്ത് അങ്ങിങ്ങായി ചെറു സൂര്യന് മറയായ് കുടവിരിച്ചു നില്‍ക്കുന്ന കുളങ്ങളും ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ മുളക്കൂട്ടങ്ങളുമാണ്. അതുകൊണ്ടുതന്നെ നട്ടുച്ച സമയത്തും നല്ല കുളിരായിരുന്നു.

വൈകല്യങ്ങളെ അതിജീവിക്കുന്ന മക്കള്‍ കാഴ്ചവെച്ച കലാപ്രകടനങ്ങളും ഏറെ ശ്രദ്ധേയമായി. സംസാരിക്കാന്‍ കഴിയാത്ത മക്കള്‍ക്കു വേണ്ടി അവരുടെ സഹോദരങ്ങള്‍ പാട്ടുപാടി. ഒരു മാതാവ് അവരുടെ മകള്‍ക്കു വേണ്ടി വിശുദ്ധ ഖുര്‍ആനില്‍ നിന്ന് അല്‍പം പാരായണം ചെയ്തു. മറ്റൊരു മാതാവ് തന്റെ മകള്‍ക്ക് ഏറെ പ്രിയപ്പെട്ട 'മധുവര്‍ണ പൂവല്ലേ...' എന്നുതുടങ്ങുന്ന ഗാനം മനോഹരമായി ആലപിച്ചു. സമൂഹത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാക്കള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് അവര്‍ വാചാലയായി.

ജില്ലാ പ്രസിഡന്റ് സാജിദ സി.എച്ച്  സമാപന പ്രസംഗത്തില്‍, വഴിവിട്ട മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ മാതാക്കളെയും ഇതുപോലെ ചേര്‍ത്തുനിര്‍ത്തേണ്ടതാണെന്ന് എടുത്തുപറഞ്ഞു. അത് ഏറെ ശ്രദ്ധേയമായി തോന്നി. മക്കള്‍ വഴിതെറ്റുമ്പോള്‍ സമൂഹം പലപ്പോഴും പഴിക്കുന്നത്  മാതാക്കളെയാണ്. സമൂഹത്തില്‍നിന്നുള്ള കുത്തുവാക്കുകളും അടക്കം പറച്ചിലുകളും ഇത്തരം മാതാക്കളെ സമ്മര്‍ദത്തിലേക്കും വിഷാദ രോഗത്തിലേക്കും കൊണ്ടെത്തിക്കും.

എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു മാതാവുണ്ടായിരുന്നു. വീല്‍ചെയറിലിരിക്കുന്ന പല മക്കളെയും അത്യുത്സാഹത്തോടെ അവര്‍ പരിപാലിക്കുന്നതായി കണ്ടു. അതേ വസ്ത്രം ധരിച്ച വേറെയും രണ്ടു പേര്‍. ബഡ്സ് സ്‌കൂളില്‍ നിന്നുള്ള കുട്ടികളുമായി വന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. അടുത്തറിഞ്ഞപ്പോഴാണ് അവര്‍ സുഹൃത്തുക്കളാണെന്നും മൂന്നു പേര്‍ക്കും ഭിന്നശേഷിക്കാരായ മക്കളുണ്ടെന്നും അവരുമായി ഇത്തരം പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നും അതിനായി പ്രത്യേക ഡ്രസ് കോഡ് ഉപയോഗിക്കാറുണ്ടെന്നും അറിഞ്ഞത്. അത്ഭുതം തോന്നി അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍! പല രക്ഷിതാക്കളും ഇത്തരം മക്കളുമായി പുറത്തുപോവാന്‍ മടികാണിക്കുന്നവരാണ്. അവിടെയാണ് ഈ മൂന്ന് മാതാക്കള്‍ വേറിട്ടുനില്‍ക്കുന്നത്. യാത്ര പറഞ്ഞു പോകാനൊരുങ്ങുമ്പോള്‍ ഹര്‍ഷക്കും സുമിതക്കുമൊപ്പം നൂര്‍ ലേക്ക് പാര്‍ക്ക് മുഴുവന്‍ ചുറ്റിക്കറങ്ങി ഏറെ സംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media