വ്യക്തിബന്ധങ്ങളില്‍ ഉണ്ടായ വീഴ്ചമൂലം അറ്റുപോയ ബന്ധങ്ങള്‍
വീണ്ടെടുക്കാനുള്ള വഴികള്‍
സാമൂഹിക ബന്ധങ്ങള്‍ മനുഷ്യനെ പോലെയാണ്. രോഗവും മരണവും ആരോഗ്യവുമൊക്കെ അതിനും ബാധകമാണ്. ബന്ധങ്ങള്‍ മരണമടഞ്ഞാല്‍ അതിനെ പുനര്‍ജീവിപ്പിക്കാം. പുനരുജ്ജീവന ശ്രമങ്ങള്‍ക്ക് അത്യധ്വാനം വേണം, തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയോടുള്ള പെരുമാറ്റവും അയാള്‍ക്കുള്ള പരിചരണവും പോലെത്തന്നെ. ആരോഗ്യം വീണ്ടെടുത്ത് സുഖം പ്രാപിച്ച് ആശുപത്രി വിടുവോളം ശ്രദ്ധയും ജാഗ്രതയും ആവശ്യമാണല്ലോ.
സാമൂഹിക ബന്ധങ്ങളുടെ സ്ഥിതിയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ബന്ധങ്ങള്‍ മാതാപിതാക്കളുമായുള്ളതാവാം, ശിക്ഷണപരമായ ബന്ധമാവാം. സുഹൃദ് ബന്ധമാവാം, ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധമാവാം. പ്രേമബന്ധമാവാം, ദമ്പതികള്‍ക്കിടയിലെ ബന്ധമാവാം. ഈ ബന്ധങ്ങള്‍ ആരോഗ്യപൂര്‍ണമാണോ എന്ന് വിലയിരുത്താന്‍ ചില മാനദണ്ഡങ്ങളുണ്ട്. ബന്ധങ്ങള്‍ സുരക്ഷിതവും ഭദ്രവുമാണെന്ന് തെളിയിക്കുന്ന സൂചകങ്ങളുണ്ട്.
ഇരു കക്ഷികള്‍ക്കുമിടയില്‍ പരസ്പരാദരവിന്റെയും ധാരണയുടെയും മനോഘടന നിലനില്‍ക്കണം. അഭിപ്രായങ്ങളെയും വികാരങ്ങളെയും മാനിക്കുന്നിടത്താണ് മനുഷ്യന്റെ നിലയും വിലയും അംഗീകരിക്കപ്പെടുന്നത്. പിന്തുണയും സഹായവും ആവശ്യമാവുമ്പോള്‍ അവ നല്‍കുന്ന സാഹചര്യത്തിലാണ് ബന്ധങ്ങള്‍ ശക്തിപ്പെടുക. ഇരു കക്ഷികള്‍ക്കുമിടയില്‍ അനിവാര്യമായി വേണ്ടതാണ് പരസ്പര വിശ്വാസം. ബന്ധങ്ങളിലെ ദൃഢതയുടെ അടയാളമാണ് വിശ്വാസം. പ്രശ്നങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉത്ഭവിച്ചാല്‍, അവ കൂടുതല്‍ അകല്‍ച്ചക്ക് ഹേതുവാകാതെയും ബന്ധം അറ്റ് പോകാന്‍ ഇട നല്‍കാതെയും പരിഹരിക്കാനായിരിക്കണം ശ്രദ്ധ. ഉള്ളിലുള്ളത് തുറന്നു പറഞ്ഞും സംഭാഷണം നടത്തിയും ആശയവിനിമയം സുതാര്യവും സുഗമവും ആക്കണം. ഇത് ബന്ധങ്ങളിലെ ആരോഗ്യത്തിന്നാവശ്യമാണ്. ബന്ധങ്ങള്‍ തകര്‍ക്കുന്ന തമോഗുണങ്ങള്‍ പലതുമുണ്ട്: ഇരു കക്ഷികള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം ഇല്ലായ്ക. ഇരുവര്‍ക്കുമിടയില്‍ ഉള്ള തുറന്ന വര്‍ത്തമാനവും ആശയവിനിമയവും നടക്കാതിരിക്കുക, ആവശ്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും ചെവി കൊടുക്കാത്ത അവഗണന, കേവല യാന്ത്രികവും മടുപ്പുളവാക്കുന്നതുമായ ബന്ധങ്ങളിലെ ഊഷരത, പരിഹാരമില്ലാതെ പ്രശ്നങ്ങള്‍ തുടര്‍ന്നുപോകുന്ന അവസ്ഥ. എല്ലാ ദിവസവും ഊതിവീര്‍പ്പിക്കുന്ന ബലൂണ്‍ പോലെയാകും ബന്ധം. കാറ്റ് നിറഞ്ഞ് ബലൂണ്‍ പൊട്ടുന്നത് കാണാം. ബന്ധങ്ങളുടെ മരണത്തിന് ഹേതുവാകുന്ന സ്വഭാവങ്ങളുമുണ്ട്. അതിരുവിട്ട ഈര്‍ഷ്യയും സ്വാര്‍ഥ മനസ്സും, അടക്കിഭരിക്കാനും ആധിപത്യം ചെലുത്താനുമുള്ള ത്വര, പരുഷമായി സംസാരിച്ചും പീഡനങ്ങളേല്‍പിച്ചും സ്വൈര്യം കെടുത്തല്‍. ദീനും മദ്ഹബും വ്യത്യസ്തമാകുക- ഇതൊക്കെയാണ് ബന്ധങ്ങളെ 'വധിക്കുന്ന' ഹേതുക്കള്‍. ഇപ്പോള്‍ ഉയരുന്ന ചോദ്യം, ബന്ധങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍, പുനര്‍ജീവിപ്പിക്കാന്‍ സാധ്യമാണോ? തീര്‍ച്ചയായും സാധ്യമാണ് എന്നതാണ് ഉത്തരം.
ബന്ധങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ആറ് വഴികള്‍
ഇരുകക്ഷികളും ഉള്ള് തുറന്നു സംസാരിക്കുക. മനസ്സില്‍ അടിഞ്ഞ് കൂടിയ വിഷമങ്ങളെല്ലാം എടുത്ത് പുറത്തിടുക. സംസാരം കടുത്തതാണെങ്കിലും മുറിവേല്‍പിക്കുന്നതാണെങ്കിലും അത് പ്രയോജനം ചെയ്യും. കെട്ടുകള്‍ അഴിയുമ്പോള്‍ മനസ്സിന് ഒരു സ്വസ്ഥ്യവും സുഖവും അനുഭവപ്പെടാനുണ്ട്.
ഇരുവരും പരസ്പരം മനസ്സിലാക്കുക. ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിത്തീര്‍ന്ന മറ എങ്ങനെയുണ്ടായി എന്ന് തിരിച്ചറിയണം.
ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഭാവിപദ്ധതി ആവിഷ്‌കരിക്കുക. പഴയ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണത്. അനാദരവ്, പെരുമാറ്റ ദൂഷ്യം, കാര്‍ക്കശ്യം, പീഡനം, വികാരങ്ങളെ വ്രണപ്പെടുത്തല്‍- അങ്ങനെ പലതും നേരത്തെയുണ്ടായിരുന്നുവല്ലോ.
അനുരഞ്ജനത്തിനും പുതിയ ജീവിതം തുടരാനുമുള്ള അദമ്യവും ആത്മാര്‍ഥവുമായ താല്‍പര്യം ഇരുവര്‍ക്കും കൂടിയേ തീരൂ. ഭാവി ബന്ധത്തില്‍ പോറലുകള്‍ ഏല്‍ക്കാതിരിക്കാന്‍ പരസ്പര വിശ്വാസവും ധാരണയും വേണം. കഠിന ശ്രമം ആവശ്യമായ രംഗമാണത്. സമയവും എടുക്കും. അതിന്റെ ഫലങ്ങള്‍ പെട്ടെന്ന് കണ്ടുകൊള്ളണം എന്നില്ല. ഐ.സി.യുവില്‍നിന്ന് പുറത്ത് കടന്ന് രോഗിക്ക് കുറച്ചു ദിവസങ്ങള്‍ വേണ്ടിവരുമല്ലോ ആരോഗ്യം പൂര്‍വസ്ഥിതിയിലെത്താന്‍. ചില സന്ദര്‍ഭങ്ങളില്‍ പുറത്തുനിന്നുള്ള വിദഗ്ധരുടെ ഉപദേശവും ആവശ്യമായി വന്നേക്കും.
ബന്ധങ്ങളിലെ ഭാവിലക്ഷ്യങ്ങള്‍ നിര്‍ണയിക്കണം. ലക്ഷ്യപ്രാപ്തിക്ക് ഒരേ ദിശയിലൂടെ സഞ്ചരിക്കാന്‍ ഇരുകക്ഷികള്‍ക്കും സാധിക്കണമെങ്കില്‍ വ്യക്തമായ ലക്ഷ്യബോധം വേണം.
ഹൃദയത്തില്‍ ദീര്‍ഘകാലമായി ഇടംപിടിച്ച വെറുപ്പ്, വിരോധം, പ്രതികാരവാഞ്ച- ഇവയെല്ലാം കഴുകിക്കളയണം. ഹൃദയം
ശുഭസുന്ദരമാവണം. വിട്ടുവീഴ്ച ചെയ്യാനും പൊറുത്തുകൊടുക്കാനുമുള്ള വിശാലമനസ്സാണ് ഏറ്റവും പ്രധാനം. മരണ വക്രത്തില്‍ എത്തിയ ബന്ധങ്ങള്‍ക്ക് പുതുജീവന്‍ പകരാനുള്ള നിര്‍ദേശങ്ങളാണിവ. എന്റെ ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍നിന്ന് മനസ്സിലായത്, ചത്തുകഴിഞ്ഞ ബന്ധങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ഇരുകക്ഷികള്‍ക്കും ആദ്യമായി വേണ്ടത് ഒന്നിച്ച് പോകാനുള്ള മനസ്സാണ്. അദമ്യവും ആത്മാര്‍ഥവുമായ ആഗ്രഹം ഉണ്ടെങ്കില്‍ ബന്ധം പുനരുജ്ജീവനത്തിന്റെ പകുതിദൂരം പിന്നിട്ടു എന്ന് കരുതാം.
വിവ: പി.കെ.ജെ