മദീനയിലെ സ്ത്രീകള്‍ മതപരമായ സംശയ
നിവാരണത്തിന് പ്രധാനമായും അവലംബിച്ചിരുന്നത് അര്‍വ ബിന്ത് ഉനൈസിനെയായിരുന്നു. ചില സ്ത്രീകള്‍ നബിയോട് സംശയ
നിവാരണത്തിനായി വരുമ്പോഴും അര്‍വ
തന്നെയാണ് അവരെ സഹായിക്കാറ്.
മദീനയിലെ സ്ത്രീകള്‍ മതപരമായ സംശയ നിവാരണത്തിന് പ്രധാനമായും അവലംബിച്ചിരുന്നത് അര്‍വ ബിന്ത് ഉനൈസിനെയായിരുന്നു. ചില സ്ത്രീകള്‍ നബിയോട് സംശയ നിവാരണത്തിനായി വരുമ്പോഴും അര്‍വ തന്നെയാണ് അവരെ സഹായിക്കാറ്. അവരുടെ മനസ്സിലെ പ്രബോധക എപ്പോഴും ഉണര്‍ന്നിരുന്നു. അദമ്യമായ ദീനീബോധവും പ്രവാചക സ്നേഹവും ഈ സഹാബി വനിതയുടെ സവിശേഷതകളായിരുന്നു. അവരുടെ പ്രഭാഷണങ്ങള്‍ സ്ത്രീകളില്‍ ഏറെ സ്വാധീനം ചെലുത്തി.
ഹസ്റത്ത് അര്‍വ (റ) ചെറിയ കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികളോട് അവരിലേക്കിറങ്ങിച്ചെന്ന് സംവദിച്ചു. നബിയുടെ ജീവിത മാതൃകകള്‍ പരിശീലിപ്പിക്കുകയും കുട്ടികളുടെ മനസ്സുകളില്‍ ഇസ്ലാമിന്റെ കളം വരക്കുകയും ചെയ്തു.
ഒരു ദിവസം ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം: 'താങ്കള്‍ ഞങ്ങളെ യുദ്ധമുഖത്തേക്ക് കൊണ്ടുപോകുമോ?'
ഒരു നിമിഷം പകച്ചെങ്കിലും ഈ ചോദ്യം അവരെ സന്തോഷപുളകിതയാക്കി...
അന്നേരം സദസ്സില്‍ മദീന മുനവ്വറയിലെ ഒരു കൂട്ടം സ്ത്രീകളുണ്ടായിരുന്നു.
ചോദ്യം ഉന്നയിച്ച കുട്ടിയുടെ അന്വേഷണത്തിന് സാധാരണയായി വലിയവര്‍ കുട്ടികളോട് പറയുന്ന രീതിയിലാണ് അവര്‍ മറുപടി പറഞ്ഞത്:
നിങ്ങള്‍ ഇസ്ലാമില്‍ ചെറിയ കുട്ടികളും അതിന്റെ സേവകരുമാണ്. കുറച്ചുകാലം നിങ്ങള്‍ കുട്ടിക്കാലം കഴിച്ചു ശേഷം യുവാക്കളാകും. അപ്പോള്‍ നിങ്ങള്‍ ഞങ്ങളെ കാണാതാവും. ഞങ്ങളുടെ പ്രായം കൂടുകയും ഞങ്ങളുടെ യുവത്വം വൃദ്ധഭാവത്തിലേക്ക് ചായുകയും ചെയ്യും. അല്ല, ഞങ്ങള്‍ ഇഹലോകം വെടിഞ്ഞിട്ടുണ്ടാവും. നിങ്ങളാവട്ടെ യുവത്വത്തിന്റെ നല്ല കാലത്ത് ജിഹാദിന്റെ വഴി കണ്ടെത്തിയേക്കാം.
ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞങ്ങള്‍ ഏറെ സഹിച്ചിട്ടുണ്ട്. പല തരത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. എല്ലാ അരുതായ്മകളോടും പൊരുതി. സങ്കീര്‍ണതകളെ സങ്കോചമില്ലാതെ നേരിട്ടു. പ്രയാസങ്ങളെ അവസരങ്ങളായി കണ്ടു. അന്ന് തൊട്ട് ഇന്നേവരെ അതെ. എന്നാല്‍, ഭാഗ്യവശാല്‍ ഇന്ന് നല്ല നിലയിലാണ്. ഇന്ന് അല്ലാഹുവിന്റെ സഹായത്താല്‍ ഇസ്്ലാം അറേബ്യയുടെ അതിരുകള്‍ കടന്നുപോയിരിക്കുന്നു. നമ്മുടെ പോരാളികള്‍ ഏറെ ദൂരെ ചെന്നെത്തിയിരിക്കുന്നു. ഹിജാസിന്റെ നാലു ചുമരുകള്‍ക്കപ്പുറം ഇതെത്തുമെന്ന് കരുതിയതല്ല. നിങ്ങളെല്ലാം യുവത്വം പ്രാപിക്കുമ്പോള്‍ നിങ്ങളുടെ കുതിരകള്‍ ഇനിയുമേറെ ദൂരെ പറന്നെത്തും. തീര്‍ച്ച!
ലോകം തന്നെ നിങ്ങളുടെ കാല്ചുവട്ടിലാകും അര്‍വ ദീര്‍ഘദര്‍ശനം ചെയ്തു. ഇസ്ലാമിന്റെ നല്ല സേവകരും റസൂല്‍ തിരുമേനിയുടെ നല്ല സഹചാരികളുമാകാന് നിങ്ങള്‍ക്ക് കഴിയട്ടെ.
ഇസ്ലാമില്‍ വെളുത്തവനെന്നോ കറുത്തവനെന്നോ വ്യത്യാസമില്ല. ആരും ഇവിടെ മേലാളരല്ല, കീഴാളരുമല്ല. അര്‍വ ബിന്ത് ഉനൈസ് ദീര്‍ഘദര്‍ശനം പോലെ പറഞ്ഞവസാനിപ്പിച്ചതിങ്ങനെ:
'ഇസ്ലാം അംഗീകരിക്കുന്നവര്‍ നല്ല കര്‍മം ചെയ്യണം. നിങ്ങളുടെ മുന്‍ഗാമികള്‍ കര്മയോഗികളായിരുന്നു. ഇരുട്ടില്‍നിന്ന് ഓടിയകലുക, പ്രകാശത്തിലേക്ക് ഓടിയണയുക. സത്യം മുറുകെ പിടിക്കുക. അല്ലാഹു കൂടെ കരുത്തായുണ്ടാവും.'
ഇത്രയും അര്‍വ ബിന്ത് ഉനൈസ് തന്റെ ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞുവെച്ചത് ചരിത്രം.
അര്‍വയുടെ ജനനം, വാസം, മരണം ഇവയുടെയൊന്നും വിശദ ചരിത്രം ലഭ്യമല്ല.
(അവലംബം: തദ്കിറെ സഹാബിയ്യ)