(പൂര്‍ണ്ണ ചന്ദ്രനുദിച്ചേ - 22)
ഇപ്പോഴിതാ വീണ്ടും പരാജയപ്പെട്ടതായി തോന്നുന്നു, വിധേയപ്പെട്ടതായി തോന്നുന്നു. ഒരു മനുഷ്യ സൃഷ്ടി എന്ന നിലക്ക് നന്മ- തിന്മകളെ വേര്‍തിരിച്ച് നല്ലത് സ്വീകരിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് കരുതിയത് തെറ്റായിപ്പോയോ? പ്രവാചകന്റെ നിര്‍ദേശം താന്‍ ലംഘിക്കുകയാണെന്ന് വരുമോ? പക്ഷേ, ഒരാളെയും അയാള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ റസൂല്‍ പ്രേരിപ്പിക്കുകയില്ലല്ലോ. എങ്കില്‍ അബൂബസ്വീര്‍ എന്ന തന്നോട് റസൂല്‍ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാവും? റസൂലിന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ ആ നിര്‍ദേശങ്ങള്‍ക്ക് പല അര്‍ഥങ്ങളുമുണ്ടാവാമെന്ന് തോന്നി. അതിനപ്പുറവും അര്‍ഥങ്ങളുണ്ടോ എന്ന് മനസ്സിലാക്കാനും കഴിയുന്നില്ല.
കൂടെ വരുന്ന ആമിരി ഗോത്രക്കാരന്റെ ശബ്ദം കേട്ടാണ് അബൂബസ്വീര്‍ ചിന്തയില്‍നിന്നുണര്‍ന്നത്.
"അബൂബസ്വീര്‍, നിന്നോട് ഞങ്ങള്‍ മോശമായി പെരുമാറിയിട്ടില്ല."
"ഒരാളെ അയാള്‍ക്ക് ഇഷ്ടമില്ലാത്ത വിശ്വാസത്തിലേക്ക് കെട്ടിവലിച്ചു കൊണ്ടുപോവുക എന്നതിനേക്കാള്‍ മോശം പ്രവൃത്തി മറ്റെന്താണ്...?"
"നിന്റെ യജമാനന് നിന്റെ മേല്‍ അവകാശമില്ലേ? അതെങ്ങനെയാണ് മോശം പ്രവൃത്തിയാകുന്നത്? സര്‍വരും അംഗീകരിക്കുന്ന പലതിനെയുമല്ലേ ഈ പുതിയ മതം അട്ടിമറിച്ചു കളഞ്ഞത്."
"എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളോ? എന്തൊക്കെയാണത്?"
"നമ്മുടെ ഉപ്പ-ഉപ്പൂപ്പമാരുടെ പാരമ്പര്യങ്ങളില്ലേ. എല്ലാവരുമത് തൃപ്തിയോടെ അംഗീകരിക്കുന്നില്ലേ?'
"കുറെയധികം പിഴവുകളുമില്ലേ?'
"ശരിയാണ്. പിഴവുകള്‍ ഉണ്ട്. പക്ഷേ, അതൊക്കെ മാറ്റാന്‍ നമുക്ക് എന്ത് അധികാരം? അത് നമ്മുടെ പാരമ്പര്യത്തെ ഇകഴ്ത്തലാണ്, നമ്മുടെ വ്യവസ്ഥയെ ചോദ്യം ചെയ്യലാണ്."
ആമിരി മുഖം കോട്ടിക്കൊണ്ട് തുടര്‍ന്നു.
"എനിക്ക് മനസ്സിലാവുന്നില്ല, നീ എന്തിനാണ് ആ നബിയുടെ അടുത്തേക്ക് ഓടിപ്പോയതെന്ന്. ഇപ്പറയുന്ന മദീനയില്‍ എന്തെല്ലാം കുരുക്കുകളാണ്. സ്വതന്ത്രനായ ഒരാള്‍ക്ക് അതൊരിക്കലും അംഗീകരിക്കാനാവില്ല."
"എന്ത് കുരുക്കുകള്‍?"
"അവിടെ അവര്‍ക്ക് കള്ള് കുടിക്കാന്‍ പാടില്ല, തോന്നിയ പോലെ സ്ത്രീകളുടെ അടുത്ത് ചെല്ലാന്‍ പറ്റില്ല. ചൂതുകളിയും മറ്റുകളികളും പറ്റില്ല. മുഴുവന്‍ രസംകൊല്ലികളായ വിലക്കുകള്‍."
അബൂബസ്വീര്‍ പരിഹാസത്തോടെ കൂട്ടിച്ചേര്‍ത്തു.
"എന്തേ നിര്‍ത്തിയത്? അവര്‍ അടിമയെയും യജമാനനെയും ഒരേപോലെ കാണുന്നു, ഭക്ഷണത്തിനും ഉറക്കിനും പ്രാര്‍ഥനക്കും വിവാഹത്തിനും വിവാഹമോചനത്തിനും വ്യവസ്ഥകള്‍- നിങ്ങളുടെ ഭാഷയില്‍ വിലക്കുകള്‍- വെക്കുന്നു... ഇങ്ങനെ ഒരുപാട് ഇനിയും കൂട്ടിച്ചേര്‍ക്കാമല്ലോ."
ആമിരിക്കത് ഒട്ടും പിടിച്ചില്ല.
"നീ എന്നെ കളിയാക്കുകയാണോ? എന്തായാലും മുഹമ്മദ് അനുയായികളെ പഠിപ്പിക്കുന്നതൊന്നും എനിക്ക് സഹിക്കാനേ പറ്റില്ല. അതൊരു ജയിലാണ്. ആ തടവറക്കകത്ത് ഒരു നിമിഷം പോലും എനിക്ക് കഴിയാന്‍ പറ്റില്ല."
അബൂബസ്വീര്‍ ഒന്നും പറഞ്ഞില്ല. ഓരോരുത്തര്‍ക്കും അവരുടേതായ യുക്തിയും ന്യായവുമുണ്ടല്ലോ. താന്‍ പറയുന്നത് തന്നെ ശരി എന്ന് പറയാന്‍ ആമിരിക്ക് ചില ന്യായങ്ങളുണ്ട്. അയാള്‍ വ്യഭിചാരം ന്യായമെന്ന് കരുതുന്നു. അടിമയെ അപമാനിക്കുന്നത് അവകാശമാണെന്ന് വിചാരിക്കുന്നു. ജനങ്ങളെ അരാജകത്വത്തിലേക്കും ദൈവനിഷേധത്തിലേക്കും കൊണ്ടുപോകുന്നത് പൈതൃക സംരക്ഷണമാണെന്ന് ഊറ്റം കൊള്ളുന്നു. അബൂബസ്വീര്‍ ഒന്നും മിണ്ടിയില്ല. കാരണം, അയാള്‍ക്കും ആമിരിക്കുമിടയില്‍ ആകാശഭൂമികള്‍ തമ്മിലുള്ള അകലമുണ്ട്. അബൂബസ്വീര്‍ ചിരിച്ചു. അത് മുഴങ്ങുന്ന പൊട്ടിച്ചിരിയായപ്പോള്‍ ആമിരി തിരിഞ്ഞുനോക്കി.
"എന്തേ ചിരിക്കാന്‍?"
"ഞാന്‍ എന്നെയോര്‍ത്ത് ചിരിച്ചതാണ്."
ആമിരി ഒന്നും മനസ്സിലാകാതെ അന്തംവിട്ട നോട്ടം നോക്കി. കൂടെയുള്ള അടിമ ഒന്നും പറയാതെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
അബൂബസ്വീര്‍ തുടര്‍ന്നു.
"എനിക്കാവശ്യമില്ലാത്തതില്‍ ഞാന്‍ മൂക്കിട്ടത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. നമ്മുടെ കാലം വല്ലാത്തൊരു വിചിത്രകാലം തന്നെ. ഓരോരുത്തരും വിശ്വസിക്കുന്നു, താന്‍ വിശ്വസിച്ചത് തന്നെ ശരി. അതിന് വേണ്ടി പോരടിക്കുന്നു, രക്തം ചിന്തുന്നു. അല്ലെങ്കില്‍ ഉടമ്പടികളുണ്ടാക്കുന്നു. ഇതുമായി എനിക്കെന്ത് ബന്ധം? ഞാന്‍ ദുര്‍ബലനായ ഒരടിമ മാത്രം. ഞാനത് മനസ്സിലാക്കേണ്ടതായിരുന്നു. മുഹമ്മദിന്റെ അടുത്തേക്ക് ഓടിപ്പോയത് വലിയ തെറ്റായിപ്പോയി. മുഹമ്മദ് ഞാന്‍ ഇസ്ലാം സ്വീകരിച്ചത് അംഗീകരിച്ചു. പക്ഷേ, പിന്നീട് എന്നെ തള്ളിപ്പറഞ്ഞു... അതാണ് ഞാന്‍ പറഞ്ഞത് ഈ മതക്കാര്‍ തമ്മില്‍ ചില അഡ്ജസ്റ്റ്മെന്റുകള്‍ ഉണ്ട്; അവര്‍ പുറത്ത് പരസ്പരം പൊരിഞ്ഞ് യുദ്ധം ചെയ്യുമെങ്കിലും."
ആമിരിയുടെ മുഖത്ത് ആശ്വാസം വിടര്‍ന്നു.
"അബൂബസ്വീര്‍, ഇപ്പോള്‍ നിനക്ക് കാര്യങ്ങള്‍ മനസ്സിലായി വരുന്നു."
"ചില എടുത്തുചാട്ടങ്ങള്‍. അത് മതിയല്ലോ പാതാളത്തിലേക്ക് വീഴാന്‍."
"ശരിയാണ്."
"അല്ല ആമിരീ, ഖുറൈശികള്‍ എന്നോട് പൊറുക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?"
ആമിരി അല്‍പനേരം ആലോചിച്ചു.
"നീ ചെയ്തത് ഞങ്ങളെ ഒട്ടൊന്നുമല്ല മുറിപ്പെടുത്തിയത്, അരിശം കൊള്ളിച്ചത്. നിന്നെ തീര്‍ക്കാന്‍ തന്നെയാവും അവരുടെ ഉദ്ദേശ്യം. പക്ഷേ, ചെയ്തത് വലിയ മണ്ടത്തരമായി എന്ന് നീ സമ്മതിച്ചല്ലോ, ആ നിലക്ക് അവരുടെ അരിശം കുറച്ചൊക്കെ കെട്ടടങ്ങാന്‍ മതി."
അബൂബസ്വീര്‍ ശാന്തനായി പറഞ്ഞു.
"ഖുറൈശികള്‍ക്ക് എന്റെ മേല്‍ കൈവെക്കാന്‍ അവകാശമില്ല."
"ഈ വായില്‍ക്കൊള്ളാത്ത വര്‍ത്തമാനമൊന്നും അംഗീകരിക്കാനാവില്ല; അല്ല, ആരാ നീ?"
"മനുഷ്യന്‍."
"അത് മനസ്സിലായി. പക്ഷേ, എല്ലാ മനുഷ്യരും തുല്യരല്ലല്ലോ... ഉദാഹരണത്തിന് നീ എന്നെപ്പോലെയാണോ?"
"ആമിരീ, നാം തമ്മില്‍ എന്ത് വ്യത്യാസം? നാമെല്ലാവരും ആദമില്‍നിന്ന്, ആദം മണ്ണില്‍നിന്ന്..."
"ഇത് മുഹമ്മദിന്റെ ആള്‍ക്കാര്‍ പറഞ്ഞു നടക്കുന്ന പൊട്ടവര്‍ത്തമാനമല്ലേടാ."
അത് പറയലും അബൂബസ്വീറിന്റെ മുഖമടച്ച് അടിവീഴലും ഒപ്പം കഴിഞ്ഞു. ഭൂമി തന്നെയുംകൊണ്ട് കറങ്ങുന്നതായി തോന്നി അബൂബസ്വീറിന്. വാളിന്റെ മറുഭാഗം കൊണ്ടാണ് അടി. മൂക്ക് പൊട്ടി ചോരയൊഴുകി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടി അബൂബസ്വീറിന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുത്തി. വേട്ടയാടുന്ന കുറുനരി കണക്കെ അയാള്‍ ആമിരിയുടെ മേല്‍ ചാടി വീഴാന്‍ നിന്നതാണ്. പക്ഷേ, എങ്ങനെയൊക്കെയോ സ്വയം നിയന്ത്രിച്ചു. തനിക്ക് പരിക്ക് പറ്റിയിരിക്കുന്നു. തന്റെ കൈയില്‍ ആയുധവുമില്ല. ആമിരിയാണെങ്കില്‍ വാളൂരിപ്പിടിച്ച് നില്‍ക്കുകയാണ്. അബൂബസ്വീര്‍ മൂക്കില്‍ നിന്നൊഴുകുന്ന ചോര തുടച്ച് പുഞ്ചിരിച്ചു. പിന്നെ ശാന്തനായി പറഞ്ഞു:
"അറബ് സഹോദരാ, താങ്കള്‍ ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്."
"നിന്റെ വൃത്തികെട്ട രക്തത്തില്‍ വഞ്ചനയും ധിക്കാരവും തിമര്‍ക്കുകയാണ്."
അബൂബസ്വീര്‍ തലയുയര്‍ത്തി പതിഞ്ഞ സ്വരത്തില്‍ ദുഃഖത്തോടെ പറഞ്ഞു:
"ക്ഷമിക്കണം. ചിലപ്പോള്‍ ഇങ്ങനെ മണ്ടത്തരങ്ങള്‍ പറ്റാറുണ്ട്. പറയാന്‍ വിചാരിച്ചതാവില്ല നാവില്‍ വരുന്നത്. യജമാനന്മാരും അടിമകളും ഒരേ തട്ടിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ യജമാനനോട് വളരെ കൂറുള്ളവനാണ് ഞാന്‍ എന്ന് പറയാന്‍ ഉദ്ദേശിച്ചതാണ്. ആരെക്കാളും ആത്മാര്‍ഥമായ കൂറ് എനിക്കുണ്ട്."
ആമിരി വാള്‍ താഴ്ത്തി. അയാളുടെ അരിശമടങ്ങി. പുഞ്ചിരിച്ചു.
"ഇങ്ങനെ രണ്ടെണ്ണം കിട്ടിയാലേ നിങ്ങള്‍ക്കൊക്കെ ബോധം വരൂ."
കണ്ണിമ വെട്ടുന്ന നേരംകൊണ്ട് അബൂബസ്വീര്‍ ആമിരിയുടെ മേല്‍ ചാടിവീഴുന്നതാണ് പിന്നെ കണ്ടത്. വാള്‍ അയാളുടെ കൈയില്‍നിന്ന് പിടിച്ചുവാങ്ങി. ഊരിപ്പിടിച്ച വാളുമായി അബൂബസ്വീര്‍ രണ്ടടി പിന്നോട്ട് നടന്നു. അപ്പോഴും മൂക്കില്‍നിന്ന് രക്തമൊലിക്കുന്നുണ്ട്. ആമിരി പേടിച്ചരണ്ട കണ്ണുകളോടെ ചൂളിനിന്നു.
"എടോ ആമിരീ, നിന്നെ വലിയൊരു ജീവിതപാഠം ഞാന്‍ പഠിപ്പിക്കാന്‍ പോവുകയാണ്. അടിമകളും നിന്നെപ്പോലെ മനുഷ്യരാണെന്ന് നീ മനസ്സിലാക്കണം. എന്നല്ല, മനുഷ്യത്വത്താല്‍ അവര്‍ നിന്നേക്കാള്‍ എത്രയോ മീതെയാണ്."
ആമിരിക്ക് വിറ മാറുന്നില്ല.
"നീ എന്നെ കൊല്ലാന്‍ പോവുകയാണോ?"
"അതിപ്പോള്‍ എനിക്ക് എളുപ്പം കഴിയുമല്ലോ."
"കരുണ കാണിക്കണം."
"അത്തരം ശ്രേഷ്ഠതകള്‍ ഇല്ലാത്തവരാണ് അടിമകള്‍ എന്നല്ലേ, പാമ്പുകളേ, നിങ്ങള്‍ പറയാറ്."
"നിങ്ങള്‍ക്ക് ചതിക്കാതിരിക്കാമല്ലോ."
"നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുന്നത് മനുഷ്യരാശിക്ക് അപകടമാണ്."
"അബൂബസ്വീര്‍..."
"എന്ത് വേണം?"
"നീയിത് ചെയ്യരുത്. ചെയ്താല്‍ മക്ക മുഴുവന്‍ നിനക്കെതിരെ ഇളകിവരും. നിന്നെ വെട്ടിയരിയും. മുഹമ്മദ് നിന്നെ സഹായിക്കാനുണ്ടാവില്ല. മക്കക്കാരുടെ പ്രതികാരത്തില്‍നിന്ന് നിനക്ക് രക്ഷപ്പെടാനാവില്ല."
അബൂബസ്വീറിന് കുലുക്കമില്ല. അനുനയത്തില്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് ആമിരിക്ക് മനസ്സിലായി. ഒന്ന് ചീത്ത പറഞ്ഞ് പേടിപ്പിച്ചു നോക്കാം. അതായിരിക്കും ചിലപ്പോള്‍ പ്രയോജനപ്പെടുക.
"നിനക്ക് ചെയ്യാന്‍ കഴിയില്ലെടോ, അത്രക്ക് നികൃഷ്ടനാണ് താന്‍."
അബൂബസ്വീര്‍ പല്ല് ഞെരിച്ച് ദേഷ്യം അടക്കി.
"താന്‍ എന്തും പറഞ്ഞോ. ഏതായാലും എന്റെ പിരടി ഞാന്‍ മക്കയിലെ ആരാച്ചാരന്മാരെ ഏല്‍പ്പിക്കാന്‍ പോകുന്നില്ല."
"നീ രണ്ടാമതും ഓടിപ്പോകുമോ, വൃത്തികെട്ട ഭീരൂ."
അബൂബസ്വീറിന്റെ രക്തം ശരിക്കും തിളച്ചു. കണ്ണുകളില്‍ ചുവപ്പ് പടര്‍ന്നു. അയാള്‍ ആമിരിയുടെ കഴുത്ത് ലാക്കാക്കി വാള്‍ വീശി. രക്തം ചീറ്റി. ആമിരി തറയിലേക്ക് കമിഴ്ന്ന് വീണു. ഇതുകണ്ട് ഒപ്പമുള്ള അടിമ പേടിച്ച് നിലവിളിച്ചു. വാഹനത്തില്‍ നിന്നിറങ്ങി അവന്‍ മദീനയുടെ നേരെ ഓടി.
ആമിരിയുടെ ചലനവും ശ്വാസവും നിലച്ചു. വാള്‍ കുത്തിപ്പിടിച്ച് അബൂബസ്വീര്‍ അവിടെ ഇരുന്നു. കറുത്ത നെറ്റിയിലൂടെ വിയര്‍പ്പൊഴുകി. ശരീരം വിറക്കാന്‍ തുടങ്ങി... "വിഡ്ഢീ, നിന്നെ ഞാന്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. എങ്ങോട്ടെങ്കിലും ഓടിപ്പോകണം എന്നേ ഉണ്ടായിരുന്നുള്ളൂ. നിന്റെ ഓരോ വാക്കും ഹൃദയത്തില്‍ കൂരമ്പിനേക്കാള്‍ വേദനയുണ്ടാക്കി. നീ എന്റെ മനുഷ്യത്വത്തെ കൊച്ചാക്കി, അപമാനിച്ചു. ഞാന്‍ നിന്നെ സന്തോഷിപ്പിക്കാന്‍ നോക്കി. ഞാന്‍ വിശ്വസിക്കാത്ത പലതും ഞാന്‍ പറഞ്ഞു. പക്ഷേ, നീ മണ്ടനായ തെമ്മാടിയായി നിന്നു. നീ മക്കക്കാരുടെ കൈയിലെ ഒരു ഉപകരണം മാത്രം. ഞാന്‍ നിന്നെയല്ല കൊന്നത്; അതിക്രമത്തെയും വഴിവിട്ട പോക്കിനെയും ജീര്‍ണിച്ച വ്യവസ്ഥയെയുമാണ് കൊന്നത്."
അബൂബസ്വീറിന്റെ വിവരം യസ് രിബില്‍/മദീനയില്‍ എത്തി. എല്ലായിടത്തും അത് തന്നെ സംസാരം. ചിലര്‍ അനുകൂലിച്ചു. റസൂല്‍ അയാള്‍ക്ക് മാപ്പു നല്‍കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് കരാറിന്റെ ലംഘനമാവില്ലേ എന്ന് സംശയിച്ചവരും ഉണ്ടായിരുന്നു. മക്കക്കാര്‍ അടങ്ങിയിരിക്കില്ലെന്ന് അവര്‍ ഭയപ്പെട്ടു. ഈ കൃത്യത്തിന് അബൂബസ്വീറിനെ പ്രേരിപ്പിച്ച ചിലര്‍ മദീനയിലുണ്ടാവുമെന്ന് മക്കക്കാര്‍ സംശയിക്കുമെന്നും അവര്‍ പറഞ്ഞു.
ഉമര്‍ പറഞ്ഞത് ഇങ്ങനെ:
"യജമാനന്റെ അനുവാദമില്ലാതെ മക്കയില്‍നിന്ന് മുസ് ലിമായി മദീനയില്‍ വരുന്നവരെ തിരിച്ചയക്കണമെന്ന ഹുദൈബിയ സന്ധിയിലെ വ്യവസ്ഥ പിശകാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. അതിനിയും പ്രശ്‌നങ്ങളുണ്ടാക്കും."
റസൂല്‍ അതു കേട്ട് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
അബൂബസ്വീര്‍ തിരിച്ച് മദീനയില്‍ തന്നെ എത്തി റസൂലിനെ കണ്ടു.
"അല്ലാഹുവിന്റെ ദൂതരേ, കരാര്‍ പ്രകാരമുള്ളതെല്ലാം താങ്കള്‍ നിര്‍വഹിച്ചു. എന്നെ എന്റെ ആള്‍ക്കാര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തല്ലോ. എന്റെ വിശ്വാസത്തെ അവരങ്ങനെ ചവിട്ടി മെതിക്കണ്ടാ എന്നത് എന്റെ തീരുമാനമാണ്.'
റസൂലിന് അബൂബസ്വീര്‍ പറഞ്ഞ ന്യായം ബോധ്യമായി. പ്രമുഖ സ്വഹാബികളും ഒപ്പം നിന്നു; പിന്നെ മദീനയിലെ മുസ്ലിം പൊതുജനവും. ഇതുപോലെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെടുന്ന വേറെയും ആളുകളുണ്ടാവില്ലേ എന്ന ധ്വനിയും റസൂലിന്റെ സംസാരത്തിലുണ്ടായിരുന്നു.
ഒരാള്‍ അബൂബസ്വീറിന്റെ അരികിലെത്തി ചോദിച്ചു.
"ഇവിടെ തങ്ങാന്‍ പറ്റില്ലല്ലോ. ഇനിയെങ്ങോട്ടാണ്?"
"ഭൂമി വിശാലമല്ലേ സഹോദരാ... ഞാന്‍ അല്‍ ഐസ്വിലേക്ക് പോകും."
"അല്‍ ഐസ്വിലേക്കോ?"
"അതെ. സമുദ്രതീരത്തുള്ള ആ പ്രദേശത്തേക്ക്. മക്കയില്‍നിന്ന് സിറിയയിലേക്കുള്ള വഴിയിലാണല്ലോ അത്. ഹുദൈബിയ കരാര്‍ പ്രകാരം ഖുറൈശികള്‍ക്കുള്ള കച്ചവട പാത റസൂല്‍ തുറന്നു കൊടുക്കണം. അങ്ങനെ ചെയ്യാമല്ലോ. പക്ഷേ, ഞാന്‍ ഒറ്റയാണ്. എന്റെ കൂടെ ഇനിയും ആളുകള്‍ ചേരും. അവിടെ ചെന്ന് ഞങ്ങള്‍ ഖുറൈശികളുടെ കച്ചവടസംഘങ്ങളെ പിടികൂടും. ഏതൊരാള്‍ക്കും ഏത് ആദര്‍ശവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് അക്കൂട്ടര്‍ മനസ്സിലാക്കട്ടെ."
"അബൂബസ്വീര്‍, നിങ്ങള്‍ ഏര്‍പ്പെടാന്‍ പോകുന്നത് കടുത്ത പോരാട്ടത്തിലാണ്.'
അബൂബസ്വീര്‍ ആത്മവിശ്വാസത്തോടെ തലയാട്ടി.
"സഹോദരാ, ഇതേ മാര്‍ഗമുള്ളൂ. റസൂലതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുപോലുള്ള മറ്റുള്ളവരും ചേരട്ടെ എന്ന് ആശിക്കുകയും ചെയ്തുവല്ലോ. ദീനുല്‍ ഇസ്ലാം പുല്‍കിയതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങാനായി ഒരാളെ മക്കയിലേക്ക് തിരിച്ചയക്കുന്നത് റസൂലിന് മനസ്സമാധാനം കൊടുക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?"
"വല്ലാത്തൊരു മനുഷ്യന്‍ തന്നെ ഈ അബൂബസ്വീര്‍.
അയാള്‍ പിറുപിറുത്തു.
(തുടരും)
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി