അഹ്ലം വളരെ ക്ഷീണിതയായിരുന്നു. മുഖം ഇരുകൈകളിലമർത്തി തല താഴ്ത്തി ഇരിക്കുകയാണവൾ. തലയിൽ ഭംഗിയായി ചുറ്റിയ സ്കാർഫിന്റെ മുന്നിലൂടെ ഒന്നു രണ്ട് മുടിച്ചുരുളുകൾ കൈകൾക്ക് മുകളിൽ വീണു കിടന്നിരുന്നു. സഹ്റ അവളുടെ തോളത്ത് പതുക്കെ തട്ടി. അവൾ മുഖമുയർത്തി നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ.
" നമുക്ക് ഒരു കോഫിയാകാം. "സഹ് റ ഒരു നിർദേശം പോലെ മൊഴിഞ്ഞു.
അവൾ മുടിയൊതുക്കി. സ്കാർഫ് നേരെയാക്കി. പതുക്കെ എഴുന്നേറ്റു. വാഷ് റൂമിൽ നിന്ന് മുഖം കഴുകി വന്നപ്പോൾ തീഷ്ണമായ അവളുടെ കണ്ണുകൾ തിളങ്ങി നിന്നു. അവളുടെ കണ്ണിൽ നിന്നു മിസൈലുകൾ പാഞ്ഞു പോകുമ്പോലെ സഹ്റക്ക് തോന്നി.
ലിഫ്റ്റിൽ െവച്ച് അവളൊന്നും സംസാരിച്ചില്ല. മൊബൈൽ കയ്യിൽ ഇറുകെ പിടിച്ചിട്ടുണ്ട്. ഗസ്സയിൽ നിന്നുള്ള ഏതെങ്കിലും ബ്ലോഗ് അവൾ കണ്ടിട്ടുണ്ടാകണം. വാർത്താ ചാനലുകളെ അവൾക്ക് വിശ്വാസമില്ല.
"മുഴുവനും പടച്ചുണ്ടാക്കിയതാവും. കള്ളങ്ങളാവും." പലയാവർത്തി അവളത് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഗസ്സയിൽനിന്ന്, സമര മുഖത്ത് നിന്ന് സത്യം വിളിച്ചു പറയുകയാണ് ഇവർ. ഒന്നു രണ്ട് ബ്ലോഗർമാരെ സഹ് റക്ക് അവൾ കാണിച്ചു കൊടുത്തു.
അഹ് ലം കോഫി പതുക്കെ മൊത്തിക്കുടിക്കുന്നത് ആസ്വദിക്കാനായിരുന്നില്ല. ഓരോ സിപ്പിലും ഓർമ്മകൾ കൂടി അവൾ ചവച്ചരക്കുന്നുണ്ടായിരുന്നു. ഇടയക്കിടക്ക്
അവൾ പോലും അറിയാതെ അവളുടെ ചിന്തകൾ പുറത്തുവന്നുകൊണ്ടിരുന്നു. അവൾ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു. അഹ് ലം വേഗം വാടി പോകുന്ന പൂവല്ല. അവൾ ഉത്സാഹവതിയും ഊർജ്ജസ്വലയുമാണ്. ഹോസ്പിറ്റൽ അഡ്മിൻ എന്ന നിലക്ക് എത്ര ചടുലമായാണ് കാര്യങ്ങൾ ചെയ്യുന്നത്. ആളുകളെ എത്ര മിടുക്കോടെയാണ് കൈകാര്യം ചെയ്യുന്നത്. നല്ല മനോഹരമായ അറബിയിൽ സംസാരിക്കും. എങ്കിലും ഇടക്ക് ഇംഗ്ലീഷ് കടന്നു വരും. അമ്മാനിൽ ഇംഗ്ലീഷ് സ്കൂളിലല്ലേ ഞാൻ പഠിച്ചത് എന്ന് അവൾ കൂട്ടി ചേർക്കും .
അവൾ ഇൻസ്റ്റയിലെ വീഡിയോ സഹ്റക്ക് കാണിച്ചു കൊടുത്തു. പ്ലെസ്റ്റിയ അൽ അക്കാദ്.... ഗസ്സയിലെ ബ്ലോഗറാണ്. പലായനം ചെയ്യുന്ന ഉമ്മയോടൊപ്പം സംസാരിച്ച് നീങ്ങുന്നു. ഇരു വശത്തും രണ്ട് പെൺകുട്ടികൾ.... ഇവരെ ഞാൻ വളർത്തും. പോരാടി ശഹാദത്ത് വരിക്കാനുള്ള ആൺ കുട്ടികളെ ജനിപ്പിക്കാൻ .....
ഉറച്ച സ്വരം.... ഭാവം.
ഈ വീഡിയോ കണ്ടപ്പോൾ ഉമ്മി വിവരിച്ചു തന്ന അനുഭവ കഥകളിലൂടെ ഞാൻ കടന്നു പോയി. അമ്മാനിലെ ജീവിത കാലത്ത് പലയാവർത്തി ആ കഥ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് കഥയല്ല ....
ഒരു രാവിൽ രണ്ട് പെൺകുട്ടികളുടെ കൈ പിടിച്ച് നടന്ന എന്റെ നാനയെ ഓർമ വന്നു. അബ്ബയെ ഓർമ്മ വന്നു. ഓർമകൾ എന്നെ കരയിച്ചു.
സഹ് റ ഒന്നും ചോദിച്ചില്ല. ഒന്ന് പുഞ്ചിരിച്ചു.
അബ്ബക്ക് വലിയൊരു തോട്ടമുണ്ടായിരുന്നു, ഒലിവ് മരങ്ങളുടെ. ഒരു അരികിലായി മനോഹരമായ വീട്. ഒലിവ് കയറ്റി അയച്ചിരുന്നതിനാൽ നല്ല വരുമാനവും. എത്ര സന്തോഷത്തിലായിരുന്നു ഉമ്മിയുടെ കുടുംബം എന്നറിയുമോ.
തോട്ടത്തിൽ ധാരാളം ജോലിക്കാരുണ്ടായിരുന്നു.
ഒരു ദിവസം പുതിയ ചില പണിക്കാരെ കണ്ടു.
അബ്ബ പറഞ്ഞു, ജൂതരാണ്. മുഷിഞ്ഞ വേഷമായിരുന്നു. പട്ടിണി കൊണ്ട് മെലിഞ്ഞിരുന്നു. അബ്ബ തോട്ടത്തിൽ പണി കൊടുത്തു. ഭക്ഷണം കൊടുത്തു. തോട്ടത്തിൽ താൽക്കാലിക പുര കെട്ടി താമസിക്കാൻ ഇടം നൽകി. പിന്നെയും കുറച്ച് പേർ കൂടി വന്നു.
അബ്ബക്ക് സംശയമൊന്നും തോന്നിയില്ല.
ആരെയും വിശ്വസിക്കുന്ന, എപ്പോഴും സഹായിക്കാൻ തയ്യാറായിരുന്ന ഒരു നല്ല മനുഷ്യൻ.....
ഇടവേളകളിൽ അവർ , പുതിയ ജോലിക്കാർ വട്ടം കൂടിയിരുന്ന് വെടിവട്ടം പറഞ്ഞ് ചിരിക്കുന്നത് കാണാമായിരുന്നു. മട്ടുപ്പാവിൽനിന്ന് ഉമ്മിയും കൂട്ടുകാരും അത് കണ്ടിട്ടുണ്ട്.
അവരുടെ സംസാരം അവർക്ക് മനസ്സിലായില്ല. ഹീബ്രുവായിരുന്നില്ല. ഹീബ്രു കേട്ടാൽ അവർക്ക് മനസ്സിലാകും. ഹീബ്രു സംസാരിക്കുന്ന ജൂതരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇടകലർന്നായിരുന്നു ജീവിച്ചിരുന്നത്.
അവരുടെ മുഖം പ്രസന്നമായി. നല്ല വസ്ത്രം ധരിക്കാൻ തുടങ്ങി.
കണ്ടില്ലേ, അവരിപ്പോൾ മനുഷ്യരായി... അബ്ബാ ജാൻ സന്തോഷത്തോടെ പറഞ്ഞത്രെ.
പക്ഷെ, അവർ മനുഷ്യ മൃഗങ്ങളായിരുന്നുവെന്നത് ആരും അറിഞ്ഞിരുന്നില്ല.
അഹ് ലം കുറച്ച് നേരം ഫ്ലൈ ഓവറിലൂടെ ചീറി പാഞ്ഞ് പോകുന്ന കാറുകളെ നോക്കിയിരുന്നു.
പതിഞ്ഞ സ്വരത്തിൽ തുടർന്നു:
ഒരു ദിവസം രാവിലെയാണ് ഞങ്ങളുടെ വീട്ടിലേക്ക് അവർ കുതിച്ച് പാഞ്ഞ് വന്നത്. ഓരോരുത്തരെയായി പുറത്തേക്ക് വലിച്ചിട്ടു. അബ്ബാ ജാന്റെ തലയിൽ നിന്ന് രക്തം തെറിച്ച് വീഴുന്നത് ഉമ്മി കണ്ടതാണ്. നാന ഉമ്മിയെയും സഹോദരിയെയും കൊണ്ട് തോട്ടത്തിലൂടെ ഓടി. ഓട്ടത്തിനിടയിൽ തിരിഞ്ഞു നോക്കുമ്പോൾ ഒലിവു മരങ്ങൾക്ക് അവർ തീയിട്ടിരുന്നു. തീ നാളങ്ങൾ ഉയർന്നു കത്തുന്നു.
രക്ഷപ്പെട്ട അവർ ഒരു സംഘത്തോടൊപ്പം അമ്മാനിലെത്തി.
നഖ്ബ.... നഖ്ബയെന്ന് എല്ലാവരും പറയുന്നത് ഉമ്മി അന്ന് കേട്ടിരുന്നു. ഞങ്ങളുടേത് മാത്രമല്ല, നിരവധി വീടുകൾ കയ്യേറിയത്രെ. എല്ലാം ആസൂത്രിതമായിരുന്നു. കയ്യേറിയവർക്ക് കാവലായി പട്ടാളവും.
ഉമ്മിയുടെ അന്നത്തെ അമ്മാനിലേക്കുള്ള യാത്രയാണ്, ഇന്ന് ഗസ്സയിലെ പലായനം എന്നെ ഓർമിപ്പിച്ചത്. അവിടെ അഭയാർത്ഥി ക്യാമ്പിലെത്തി. കഷ്ടപ്പാടുകൾക്കിടയിലും ഉറച്ച് നിൽക്കാൻ ഉമ്മി പഠിച്ചു. കഷ്ടപ്പാടുകളുടെ കയ്പ്നീർ കുടിച്ചു. പിന്നെ ജോർദാൻ പൗരത്വം കിട്ടി. കുടുംബമായി. ഞങ്ങൾക്ക് വേണ്ടി ജീവിച്ചു. ഉമ്മയുടെ കഥയാണ് ഇന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കഴിഞ്ഞ് ദുബൈയിലെത്താൻ പ്രേരിപ്പിച്ചത്. സഹ്റ... ഞാനിവിടെയാണെങ്കിലും എന്റെ മനസ്സ് ഇവിടില്ല.
എനിക്ക് ഫലസ്തീനിലേക്ക് മടങ്ങണം... അവിടെ മുറിവേറ്റു വീഴുന്ന കുട്ടികളെയും ഉമ്മമാരെയും ചികിത്സിക്കണം. ജീവിക്കുന്നെങ്കിൽ സ്വതന്ത്ര ഫലസ്തീനിൽ ജീവിക്കണം. ഇല്ലെങ്കിൽ ശഹാദത്ത് വരിക്കണം.
സഹ്റ... നഖ്ബ വലിയൊരു ദുരന്തമായി. അവർ അബ്ബയുടെ മയ്യത്ത് പോലും ഞങ്ങളുടെ കുടുംബത്തിന് തന്നില്ല. ആ മയ്യത്ത് എന്ത് ചെയ്തെന്ന് ഞങ്ങൾക്കറിയില്ല. അതോർത്തായിരുന്നു പ്രായമായപ്പോഴും ഉമ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നത്.
അഹ്ലത്തിന്റെ കൈവിരൽ തട്ടി, മൊബൈലിൽ വീഡിയോകൾ ഓണായി. മിസൈൽ വീണ് തകർന്ന കെട്ടിടത്തിൽനിന്ന് മുറിവേറ്റ കുട്ടികളുമായി യുവാക്കൾ ഹോസ്പിറ്റലിലേക്ക് ഓടുന്നു.
സഹ്റ സൂക്ഷിച്ച് നോക്കി...
ഹോസ്പിറ്റൽ കെട്ടിടങ്ങളാണല്ലോ, അല്ലാഹ്... തകർന്നു വീഴുന്നത്.
അഹ് ലം മൊബൈലുമെടുത്ത് എമർജെൻസി കൗണ്ടറിലേക്ക് ഓടി.