വീട്ടിലിരുന്നും സമ്പാദിക്കാം

ഖാസിദ കലാം
ഫെബ്രുവരി 2024
2024ല്‍ ഹൈ ഡിമാന്റുള്ള 12 സ്‌കില്ലുകളെ ലിസ്റ്റ് ചെയ്തതില്‍ ഒന്ന് കോപ്പി റൈറ്ററുടെ ജോലിയാണ്. പ്രൊജക്ട് മാനേജ്‌മെന്റ്, കോഡിംഗ്, ഫോട്ടോഷോപ്പ്, എസ്.ഇ.ഒഗൂഗിള്‍ അനലിറ്റിക്‌സ്, ഫെയ്‌സ്ബുക്ക് ആഡ്, വെബ് ഡെവലപ്പ്‌മെന്റ്, പബ്ലിക് സ്പീക്കിംഗ്, എക്‌സല്‍ നോളജ്, യുഎക്‌സ് ഡിസൈന്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ആപ് ഡെവലപ്പ്‌മെന്റ് എന്നിവയാണ് മറ്റുള്ളവ.. നമ്മുടെ പെണ്‍കുട്ടികള്‍ മിടുക്കരാണ്. ഇവയിലെല്ലാം ഫ്രീലാന്‍സ് ആയി തന്നെ തങ്ങളുടെ കരിയര്‍ അവര്‍ പടുത്തുയര്‍ത്തി കഴിഞ്ഞു. അങ്ങനെയുള്ള ചില പെണ്‍കുട്ടികളെ പരിചയപ്പെടുത്തുകയാണ് ആരാമം ഈ ലക്കത്തില്‍....

അധ്വാനത്തിന്റെ ഫലം വലിയ സന്തോഷമാണ് 

-ശദ

ഡിഗ്രി കഴിഞ്ഞത് മുതല്‍ ഫ്രീലാന്‍സ് ആയി പല ജോലികളും ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് ശദ. ഉപ്പയാണ് ഡി.ടി.പി പഠിക്കാന്‍ പ്രേരിപ്പിച്ചത്. ചെയ്യാനുള്ള വര്‍ക്കുകളും ഉപ്പ തരും. ആളുകള്‍ എഴുതിയിട്ട് ആ പേജ് ഫോട്ടോ എടുത്ത് അയക്കാറാണ് പതിവ്. ആ മാറ്ററുകള്‍ ടൈപ്പ് ചെയ്താണ് ടൈപ്പിംഗില്‍ സ്പീഡായി വന്നത്. പിന്നെ അടുത്തുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുത്തു. ആദ്യം തുടങ്ങിയത് വീടിന് തൊട്ടടുത്തുള്ള രണ്ട് ചെറിയ കുട്ടികള്‍ക്കായിരുന്നു. കോവിഡ് കാലമായപ്പോള്‍ പല രക്ഷിതാക്കളും വന്ന് അന്വേഷിച്ച് തുടങ്ങി. അങ്ങനെ ട്യൂഷന്‍ കുട്ടികളുടെ എണ്ണം കൂടി. അത് സത്യത്തില്‍ ടീച്ചിംഗില്‍ എനിക്ക് കഴിവുണ്ടെന്ന ആത്മവിശ്വാസം കൂട്ടി. ഡി.ടി.പി വര്‍ക്കുകള്‍ക്കും ട്യൂഷനുമൊപ്പം കണ്ടന്റ് റൈറ്റിംഗും ഡാറ്റാ അനാലിസിസും കൂടി ചെയ്യുന്നുണ്ട് ശദ. താമരശ്ശേരി പൂനൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ പിജി കഴിഞ്ഞു. ഫ്രീ ടൈമില്‍ കിട്ടുന്ന  വര്‍ക്കാണ് ചെയ്യുക, അങ്ങനെയാണ് പഠനത്തിനൊപ്പം ഇതുവരെ വര്‍ക്കുകള്‍ മുന്നോട്ട് പോയത്. സമയം കിട്ടിയതു കൊണ്ട് ചെയ്തു. തുടക്കത്തില്‍ വരുമാനമൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു. വലിയ സന്തോഷമാണ് സ്വന്തം അധ്വാനത്തിന്റെ പൈസ കൈയില്‍ കിട്ടുമ്പോള്‍.

 

സമ്പാദിക്കണമെന്ന് പഠിപ്പിച്ചത് ഉമ്മ

-സജ്‌ന

കോഴിക്കോട്ടുകാരിയാണെങ്കിലും സജ്‌ന പഠിച്ചതെല്ലാം എറണാകുളത്ത്. ഉമ്മക്കും ഉപ്പക്കും അവിടെയായിരുന്നു ജോലി. ഡിഗ്രി കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞു, കുഞ്ഞായി... അന്നൊന്നും ജോലിക്ക് പോകണം എന്നൊന്നും തോന്നിയിരുന്നില്ല. ഒരു പെണ്ണ് ഫിനാന്‍ഷ്യലി ഇന്റിപെന്റഡ് ആകണമെന്ന് ഭര്‍ത്താവിന്റെ ഉമ്മയാണ് പറഞ്ഞത്. അന്ന് ഞാനത് തമാശയായി കണ്ടെങ്കിലും, തുടര്‍ന്ന് പഠിക്കാനും ജോലി വേണമെന്ന് തോന്നാനും കാരണമായത് ഉമ്മയുടെ ആ വാക്കുകളാണ്.

ഹസ്‌ബെന്‍ഡിന്റെ സുഹൃത്തിന് ഒരു മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ സെന്ററുണ്ടായിരുന്നു. അവിടെ പോയി ടെസ്റ്റ് എഴുതി. അന്നെനിക്ക് 21 വയസ്സാണ്. ഇംഗ്ലീഷില്‍ ബേസിക് നോളജ് ഉള്ളവരെയാണ് അവര്‍ ആ കോഴ്‌സിന് എടുക്കുന്നത്. ആ ടെസ്റ്റില്‍ പാസ്സായി, അവിടുന്ന് ട്രെയിനിംഗ് തന്നു. അന്നു മുതല്‍ വര്‍ക് ഫ്രം ഹോമാണ്; ഫ്രീലാന്‍സറുമാണ്. ഇപ്പോള്‍ 17 വര്‍ഷമായി. വീട്ടില്‍ പങ്കാളിയും രണ്ടു മക്കളും.

 

ലീവ് എടുക്കാതെ ജോലി ചെയ്യാം

-സകിയ്യ മദാരി

കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സകിയ്യ. വിവാഹം കഴിഞ്ഞ് എത്തിപ്പെട്ടത് സൗദിയില്‍. ഇപ്പോള്‍ അവിടെയിരുന്ന് യു.കെ ആസ്ഥാനമായ ഒരു കമ്പനിക്ക് വേണ്ടി ഫ്രീലാന്‍സായി വര്‍ക്ക് ചെയ്യുകയാണ് സകിയ്യ.

ആളുകളെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സഹായിക്കുന്ന യു.കെയിലെ കമ്പനികളില്‍ ഒന്നാണിത്. സത്യത്തില്‍ ഞാനിപ്പോള്‍ ചെയ്യുന്നത് ഒരു അക്കൗണ്ടന്റ് ചെയ്യുന്ന ജോലിയാണ്; ടാക്‌സുമായി ബന്ധപ്പെട്ടത്. എക്‌സല്‍ അറിയണം. യു.കെ ടീമുമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഭാഷ പ്രശ്‌നമാകരുത് എന്നുമാത്രമായിരുന്നു അവര്‍ പറഞ്ഞത്. പേയ്‌മെന്റ് എല്ലാം കൃത്യമാണ്. പൗണ്ടിലാണ് പേയ്‌മെന്റ് കണക്കാക്കുന്നത് എന്നതുകൊണ്ട് തന്നെ മാസം നല്ലൊരു വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നു.

കുട്ടികളെ ഡേ കെയറിലാക്കി ജോലിക്ക് പോകണ്ട, കുട്ടികളെ ശ്രദ്ധിച്ചുകൊണ്ടുതന്നെ ജോലി ചെയ്യാം. കൂടാതെ യു.കെ കമ്പനിയായതുകൊണ്ട് അവിടുത്തെ സമയവും ഇവിടുത്തെ സമയവും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ അത്യാവശ്യം വീട്ടുജോലികളെല്ലാം ഒതുക്കിയതിന് ശേഷം ജോലിക്ക് ഇരിക്കാം. അങ്ങനെയെല്ലാമുള്ള സൗകര്യങ്ങളുമുണ്ട്. ട്രെയിനിംഗും മീറ്റിംഗും ഓണ്‍ലൈന്‍ ആയി അറ്റന്‍ഡ് ചെയ്യണമെന്ന് മാത്രം. ഇടയ്ക്ക് നാട്ടിലേക്ക് പോകുമ്പോഴും നാട്ടില്‍ തന്നെ എന്റെ വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ ആയാലും ലീവ് എടുക്കേണ്ടിയും വരുന്നില്ല.


ജോലി എവിടെ ചെയ്യുന്നുവെന്ന് ആരെയും ബോധിപ്പിക്കണ്ട

-ഫഹീമ സി

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ആര്‍ട്ടൊക്കെ ചെയ്യുമായിരുന്നു. ഡിഗ്രി ഡിസ്റ്റന്‍സായിട്ട് ഇഗ്‌നോയിലാണ് ചെയ്തത്. 201718 കാലത്തായിരുന്നു അത്. അക്കാലത്ത് ഗ്രാഫിക്‌സ് ഡിസൈനിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നതിന്റെയൊന്നും സാധ്യത ഇത്രത്തോളം ആക്ടീവ് ആയിട്ടില്ല. ആര്‍ട്ട് ഉപയോഗിച്ചുകൊണ്ടുള്ള ഒരു തൊഴില്‍ എന്നാലോചിക്കുമ്പോള്‍ ഒന്നുകില്‍ ഇന്റീരിയര്‍ ഡിസൈന്‍, അല്ലെങ്കില്‍ ഫാഷന്‍ ഡിസൈനിംഗ് ഒക്കെയായിരുന്നു. അല്ലെങ്കില്‍ ഒരു പെയിന്റര്‍ ആകാം. ചിത്രപ്രദര്‍ശനങ്ങള്‍ നടത്താം. അതല്ലാതെയുള്ള മറ്റ് അവസരങ്ങളൊന്നും അന്ന് മുന്നിലില്ലായിരുന്നു. ആളുകളുടെ ചിത്രങ്ങള്‍, ബര്‍ത്ത്‌ഡേ ഗിഫ്റ്റായി കൊടുക്കാന്‍ പറ്റുന്ന രീതിയിലുള്ള ചില വര്‍ക്കുകള്‍ ഫ്രീലാന്‍സായി ചെയ്യുന്നുണ്ടായിരുന്നു. അതൊന്നും അങ്ങനെ സ്ഥിരം വര്‍ക്കായിരുന്നില്ല. അത് സുഹൃത്തുക്കളില്‍ മാത്രമായി ഒതുങ്ങി.

പിന്നീട് ഒരു അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ട്രെയിനിയായി കയറി. വരയ്ക്കാനുള്ള കഴിവ്, കൊമേഴ്‌സ്യലാക്കി മാറ്റിയെടുക്കണമെന്ന ആഗ്രഹത്താലാണ് അങ്ങനെയൊരു തീരുമാനം. ആര്‍ട്ട് ഡിജിറ്റലൈസ് ചെയ്യാനുള്ള ഒന്നുരണ്ട് ടൂള്‍സ് പഠിച്ചെടുത്തു. ഫോട്ടോഷോപ്പും ഇല്ലസ്‌ട്രേഷനും പഠിച്ചു. ജോലിക്ക് കയറിയതിന് ശേഷമാണ് കഴിവുകളെ എങ്ങനെ ഡിജിറ്റലൈസ് ചെയ്യണമെന്ന് മനസ്സിലാക്കുന്നത്. അങ്ങനെ പോസ്റ്റര്‍ ഡിസൈനിംഗും മറ്റും പഠിച്ചു. പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് ഫ്രീലാന്‍സിംഗ് വര്‍ക്കുകളൊക്കെ ചെറുതായി കിട്ടി.

2021ല്‍ ഡിജിറ്റല്‍ ഡ്രോയിംഗിന്റെ ഒരു ബൂം വന്നു.  അത് പഠിക്കാന്‍ ശ്രമിച്ചു. ശേഷം ചില ബുക്ക് പബ്ലിഷിംഗ് കമ്പനികളുമായി അങ്ങോട്ട് കോണ്‍ടാക്ട് ചെയ്ത് ഇല്ലസ്‌ട്രേഷന്‍ വര്‍ക്കുകള്‍ പിടിച്ചു. തുടക്കത്തില്‍ ഒന്നോ രണ്ടോ കവര്‍ ഡിസൈന്‍ വര്‍ക്കുകള്‍ വല്ലപ്പോഴുമാണ് കിട്ടിയിരുന്നത്.  പിന്നെ അവരുടെ എല്ലാ പുസ്തക കവറുകളും ചെയ്യുന്ന തലത്തിലേക്ക് അത് വളര്‍ന്നു. അതോടെ മറ്റ് പബ്ലിഷേഴ്‌സില്‍ നിന്നും വര്‍ക്കുകള്‍ കിട്ടിത്തുടങ്ങി. കൂടെ വാള്‍ ആര്‍ട്ട് വര്‍ക്കുകളും.  ഗ്രാഫിക് ഡിസൈനും കണ്ടന്റ് റൈറ്റിംഗും കണ്ടന്റ് ക്രിയേഷനും. ആനിമേഷനും പിന്നെ പഠിച്ചു.

പെണ്‍കുട്ടിയല്ലേ, കല്യാണം വരുമ്പോഴോ ഗര്‍ഭിണി ആകുമ്പോഴോ പ്രൊജക്ട് പൂര്‍ത്തിയാക്കുമോ എന്ന ആശങ്കയില്‍ വലിയ വര്‍ക്കുകള്‍ ഏല്‍പ്പിക്കാത്ത ക്ലയന്റുകള്‍ ഇന്നുമുണ്ട്. എന്നാല്‍, ഫ്രീലാന്‍സ് ആയിരിക്കുമ്പോള്‍ ഇതൊന്നും നമ്മുടെ വര്‍ക്കിനെ ബാധിക്കില്ല. യാത്രയിലായിരിക്കുമ്പോള്‍ പോലും ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ എനിക്ക് സമയത്തിന് കൊടുക്കാന്‍ സാധിക്കുന്നുണ്ട്.
പാഷന്റെ പിറകെ പോകുന്ന  പെണ്‍കുട്ടികള്‍ നേരിടേണ്ടിവരുന്ന എതിര്‍പ്പുകള്‍ എനിക്ക് വീട്ടില്‍നിന്ന് ഉണ്ടായിട്ടുണ്ട്. നിറയെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്ള കുടുംബമാണ് ഞങ്ങളുടേത്. ഒരു പെണ്‍കുട്ടിക്ക് എപ്പോഴും നല്ലത് സെയ്ഫ് ആന്റ് സൗണ്ട് ഇന്‍കം ഉള്ള ജോലിയാണ്, ടീച്ചിംഗ് നോക്കൂ, ബി.ടെക്കിന് ചേരൂ... എന്നിങ്ങനെയുള്ള സ്റ്റീരിയോടൈപ്പ് ഉപദേശങ്ങള്‍. പക്ഷേ, ഉമ്മയും ഉപ്പയും കൂടെ നിന്നു. കണ്ണൂരാണ് സ്വദേശം. ഇര്‍ഷാദാണ് ഭര്‍ത്താവ്.

 

സര്‍വീസ് ആവശ്യമുള്ളവര്‍ തേടിവന്നിരിക്കും

-റംഷിന മഹമ്മൂദ്

ഡിജിറ്റല്‍ മാര്‍ക്കറ്ററാണ്. ഫ്രീലാന്‍സര്‍. കോഴിക്കോട്ടുകാരി... നാലുവയസ്സുള്ള ഒരു മകളുണ്ട്. മുമ്പ് ഖത്തറില്‍ ആയിരുന്നു. റേഡിയോയില്‍. കോവിഡ് കാലത്താണ് നാട്ടിലേക്ക് വന്നത്. അന്ന് കുഞ്ഞിന് ഒരു വയസ്സ്. പ്രായം, ജോലിക്ക് പോകുന്നത് അതോടെ ബുദ്ധിമുട്ടായി... അന്ന് പക്ഷേ, എല്ലാവരെയും പോലെ ഫ്രീലാന്‍സ് വര്‍ക്കിന്റെ സാധ്യതകളൊന്നും അറിയില്ല. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അറിയാമായിരുന്നിട്ടും കണ്ടന്റ് റൈറ്റിംഗും കമ്യൂണിക്കേഷനും ആയിരുന്നു എന്റെ സ്‌ട്രോംഗ് ഏരിയകള്‍. അതിനാകട്ടെ ജോലി സ്ഥലത്ത് ഒരു വിലയുമില്ല. പലര്‍ക്കും കണ്ടന്റുകള്‍ ആവശ്യമുണ്ട് എന്ന് എനിക്ക് മനസ്സിലായി. 

അതുകൊണ്ടുതന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാ മേഖലകളിലേക്കും ഞാനെന്റെ കഴിവ് വളര്‍ത്താന്‍ തീരുമാനിച്ചു. എനിക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അറിയാമെന്നും എന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തിയാല്‍ നിങ്ങളുടെ ബിസിനസ് വളരുമെന്നും ആളുകളെ അറിയിക്കാനായി  Linkedinലും Instagramലും ഞാന്‍ കണ്ടന്റുകള്‍ ഇട്ടു തുടങ്ങി.

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയോ ജോലിക്കാരിയോ ആരോ ആയിക്കൊള്ളട്ടെ 9മുതല്‍ 5വരെ ജോലിക്ക് ദിവസവും പോയി കഷ്ടപ്പെടാതെ വരുമാനമുണ്ടാകണോ ഫ്രീലാന്‍സിംഗ് തന്നെയാണ് ഏറ്റവും നല്ല വഴി. അതിന് ആദ്യം വേണ്ടത് നിങ്ങളുടെ ഒന്നോ രണ്ടോ നല്ല കഴിവുകള്‍ കണ്ടെത്തുക എന്നതാണ്. അതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുക, വീഡിയോകള്‍ ചെയ്യുക. നിങ്ങളുടെ സര്‍വീസ് ആവശ്യമുള്ളവര്‍ നിങ്ങളെ തേടിവന്നിരിക്കും. നിങ്ങള്‍ക്ക് സൗകര്യപ്രദമായ വര്‍ക്കിംഗ് മണിക്കൂറുകളും നിങ്ങള്‍ക്ക് തീരുമാനിക്കാം.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ഒരു ഫ്രീലാന്‍സര്‍ക്ക് നിരവധി സാധ്യതകളുണ്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മികച്ച വരുമാനം, ഫിനാന്‍ഷ്യല്‍ ഫ്രീഡം, ഇഷ്ട കോഴ്‌സ് തെരഞ്ഞെടുത്ത് സ്വന്തം വരുമാനത്തില്‍ തന്നെ പഠിക്കാം. 
വെല്ലുവിളികള്‍ ഒരുപാടുണ്ടാകും. അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയണം. എസ്.ഇ.ഒ, കണ്ടന്റ് റൈറ്റിംഗ്, കോപ്പി റൈറ്റിംഗ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ജോലികള്‍ വഴി നല്ലൊരു വരുമാനം ഉണ്ടാക്കുന്നുണ്ട്.


ഫ്രീലാന്‍സറാണോ; നമ്മള്‍ ഫ്ലക്സിബിളാകും

-ശബ്‌ന സുമയ്യ

പഠനമൊക്കെ കഴിഞ്ഞ് ആറുമാസമേ ഒരു ഓഫീസ് അറ്റ്‌മോസ്ഫിയറില്‍ ജോലി ചെയ്തിട്ടുള്ളൂ. അന്നു മുതല്‍ ഇന്നുവരെ ഫ്രീലാന്‍സ് ആയിട്ടാണ് ജോലി ചെയ്തത്.  കണ്ടന്റ് റൈറ്ററായിട്ടാണ് തുടങ്ങിയത്. അത് പിന്നെ ചെറിയ ചെറിയ ഡിസൈനിംഗ് വര്‍ക്കുകളായി. അതിന് ശേഷമാണ് ആര്‍ട്ടില്‍ ഫോക്കസ് ചെയ്യാന്‍ തുടങ്ങിയത്. അതും ഫ്രീലാന്‍സായിട്ട് തന്നെ. ഒരു ഫ്രീലാന്‍സറായി ഇരിക്കുക എന്നതിന്റെ അര്‍ഥം പോലും ഫ്ലക് സിബിളായി ഇരിക്കുക എന്നാണ്. ക്രിയേറ്റീവ് വര്‍ക്കാണ്. നമുക്ക് എപ്പോഴാണ് ക്രിയേറ്റിവിറ്റി വരുന്നത്, അപ്പോള്‍ വര്‍ക്കിന് ഇരിക്കാം. രാവിലെ 9 മണിക്ക് ഓടിക്കിതച്ച് ഓഫീസിലേക്ക് എത്തേണ്ടതില്ല. 

വൈകിട്ട് ഇരുട്ടായില്ലേ എന്ന വെപ്രാളത്തില്‍ ആറുമണിക്ക് ഇറങ്ങി വീട്ടിലേക്ക് ഓടുകയും വേണ്ട. മാത്രമല്ല, 9 മുതൽ 6 വരെജോബിന് ഒരു ഫിക്‌സഡ് സാലറിയാണ് നമുക്ക് കിട്ടുന്നത്. ആ സമയത്ത് ചെയ്യുന്നത് ചെറുതായാലും വലുതായാലും നമ്മുടെ സാലറി ഫിക്‌സഡ് ആണ്. ഫ്രീലാന്‍സറായിരിക്കുമ്പോള്‍, വര്‍ക്കിന്റെ സ്വഭാവമനുസരിച്ച് പേയ്‌മെന്റും വ്യത്യാസപ്പെടും. ചെലപ്പോ കൂടും ചിലപ്പോ കുറയും. ചില സമയത്ത് സ്ട്രഗ്ള്‍ ചെയ്യേണ്ടിവരും. മറ്റു ചിലപ്പോള്‍ സാലറിയേക്കാള്‍ എത്രയോ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയും. പക്ഷേ, അത് അങ്ങനെ പെട്ടെന്ന് ഉണ്ടായി വരുന്നതല്ല. ഒരുപാട് കാലം വര്‍ക്ക് ചെയ്താല്‍ മാത്രമേ അത്തരമൊരു സാഹചര്യത്തിലേക്ക് എത്തുകയുള്ളൂ. എപ്പോഴും വെല്ലുവിളികള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനെ അതിജീവിക്കാന്‍ കഴിയണം. അതുപോലെ നമുക്ക് നമ്മുടേതായ സമയങ്ങള്‍ കിട്ടും.

ബുക്ക് ഇല്ലസ്‌ട്രേഷന്‍, ബുക്ക് കവര്‍ ഡിസൈന്‍, കസ്റ്റം പെയിന്റിംഗ്, ആര്‍ട്ട് പഠിപ്പിക്കാനായി നടത്തുന്ന വര്‍ക്ക് ഷോപ്പുകള്‍ ഇതൊക്കെയാണ് നിലവില്‍ ചെയ്യുന്നത്. തുടക്കത്തില്‍ വര്‍ക്ക് കണ്ടെത്താന്‍ സഹായിച്ചത് സോഷ്യല്‍ മീഡിയയും സോഷ്യല്‍ മീഡിയാ സൗഹൃദങ്ങളുമാണ്. നമ്മുടെ കഴിവുകള്‍ എന്തുമായിക്കൊള്ളട്ടെ അതിന് മാക്‌സിമം പബ്ലിസിറ്റി കൊടുക്കുക, എക്‌സിബിറ്റ് ചെയ്യുക. സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുക. വര്‍ക്കുകള്‍ അന്വേഷിച്ച് കണ്ടുപിടിക്കുക. എങ്കില്‍ മാത്രമേ നമ്മുടെ കഴിവുകള്‍ മറ്റുള്ളവരറിയൂ.
നമ്മുടെ പാര്‍ട്ണര്‍ക്ക് നമ്മളെക്കൂടി പോറ്റാനുള്ള വരുമാനമുണ്ടെങ്കിലും നാം സ്വന്തം വരുമാനം കണ്ടെത്തണമെന്നാണ് ഓരോ പെണ്‍കുട്ടിയോടും എനിക്ക് പറയാനുള്ളത്.


വീട്ടിലിരുന്ന് എംബ്രോയ്ഡറി പഠിക്കണോ

-നാജിയ

എംബ്രോയ്ഡറി വര്‍ക്‌ഷോപ്പുകളാണ് നാജിയയുടെ പാഷന്‍. ലസ്റ്റി നീഡില്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് മാര്‍ക്കറ്റിംഗ്.
പിജി പഠനകാലത്താണ് ഹാന്റ് എംബ്രോയ്ഡറിക്ക് വേണ്ടി ഞാനൊരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നത്. കസ്റ്റമൈസ്ഡ് വര്‍ക്കുകളിലാണ് തുടങ്ങിയത്. പിന്നീടാണ് വര്‍ക്‌ഷോപ്പുകളിലേക്ക് കടന്നത്. തുടക്കക്കാര്‍ക്കും അത്യാവശ്യം വര്‍ക്ക് അറിയുന്നവര്‍ക്കും വെവ്വേറെയാണ് നടത്തുന്നത്. ബിഗിനേഴ്‌സും മാസ്റ്ററും. രണ്ട് ഇന്‍സ്റ്റഗ്രാം പേജുകളിലായിട്ട് കണ്ടന്റുകള്‍ അപ്‌ലോഡ് ചെയ്തുവെച്ചിട്ടുണ്ട്. വര്‍ക്ക് ഷോപ്പിന്റെ ഭാഗമാകുന്നവരാണ് അവരുടെ പഠനസമയം തീരുമാനിക്കുന്നത്. ഇപ്പോള്‍ 1500ലധികം വിദ്യാര്‍ഥികളായി. ചിലര്‍ അതിനോടുള്ള പാഷന്‍ കാരണം പഠിക്കാന്‍ വന്നതാണെങ്കില്‍, ചിലര്‍ ഇന്‍സ്റ്റഗ്രാം വഴി തങ്ങളുടെ കസ്റ്റമൈസ്ഡ് വര്‍ക്കുകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ വന്നവരാണ്. കസ്റ്റമൈസ്ഡ് വര്‍ക്കുകളും ചെയ്യാറുണ്ട്. ബള്‍ക്ക് ഓര്‍ഡറുകള്‍ എടുക്കാറില്ല. ഞാനൊറ്റയ്ക്കാണ് ചെയ്യുന്നത്.


ബന്ധങ്ങള്‍ ഉണ്ടാക്കുക

-രേവതി

കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും നടക്കുന്ന എന്ത് സ്റ്റേജ് ഇവന്റുകളിലും നിറ സാന്നിധ്യമാണ് രേവതി. ഒരു ഫ്രീലാന്‍സ് ആങ്കര്‍. സ്റ്റേജിലാണ് പ്രധാനമായും പ്രോഗ്രാം അവതരിപ്പിക്കുന്നതെങ്കിലും മീഡിയാ വണ്‍, ദര്‍ശന പോലുള്ള ചാനല്‍ പരിപാടികളിലും അവതാരകയുടെ കസേരയില്‍ രേവതിയെ കാണാം. 2019ലാണ്  ആങ്കറിംഗിലേക്ക് എത്തുന്നത്. കോഴിക്കോട് ആകാശവാണിയിലൂടെയായിരുന്നു തുടക്കം. കാഷ്വല്‍ അനൗണ്‍സറായിട്ട്. ഫ്രീലാന്‍സറായി, കോണ്‍ട്രാക്ടിലാണ് അവിടെയും ജോലിക്ക് കയറിയത്. അതിന് ശേഷമാണ് ആങ്കറിംഗ് ചെയ്യാനുള്ള അവസരങ്ങള്‍ വരുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി വേദികള്‍ ലഭിച്ചു.
ആങ്കറിംഗ് പ്രൊഫഷനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഫ്രീലാന്‍സായി ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. നമ്മളൊരു ചാനലിലോ മറ്റോ ആണ് ആങ്കറായി ജോലി ചെയ്യുന്നതെങ്കില്‍ നമുക്കിഷ്ടമില്ലാത്ത ഒരു പ്രോഗ്രാം, ഇഷ്ടമില്ലാത്ത സമയത്ത് ചെയ്യേണ്ടതായി വരും. പക്ഷേ, എനിക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്ത് പരിപാടി ചെയ്യണം, ഏത് സമയത്ത് ചെയ്യണം എന്നതൊക്കെ എന്റെ തീരുമാനമാണ്.

ഞാന്‍ ഒരു വേദിയില്‍ ഒരു പരിപാടി ചെയ്തുകൊണ്ടിരിക്കെ, അതു കാണുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ പ്രോഗ്രാമിന് ഒരു ആങ്കറെ ആവശ്യമുണ്ടെങ്കില്‍ ആ പ്രോഗ്രാം കഴിയുന്നതുവരെ ഒന്ന് കാത്തിരുന്നാല്‍ മാത്രം മതി. എന്നാല്‍ ഞാനൊരു ഓര്‍ഗനൈസേഷന്റെ കീഴിലാണെങ്കില്‍ എനിക്ക് മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ വേണ്ടി പ്രോഗ്രാം അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകില്ല.
നമ്മുടെ ജോലി നമ്മള്‍ തന്നെ കണ്ടെത്തണമെന്ന് മാത്രം. ബന്ധങ്ങള്‍ ഉണ്ടാക്കണം, അത് നിലനിര്‍ത്തണം,


കുഞ്ഞുണ്ടായതുകൊണ്ട് ഒന്നും മാറ്റിവെക്കേണ്ടതില്ല

-അനു ഷറീജ


വീഡിയോ ഗ്രാഫിയോടുള്ള താല്‍പര്യം മാത്രമാണ് ഷറീജയെ ഒരു കാമറാ വുമണാക്കിയത്. വീഡിയോ ഗ്രാഫിയിലോ ഫോട്ടോഗ്രാഫിയിലോ പ്രൊഫഷണല്‍ ബിരുദമൊന്നും ഷറീജയ്ക്കില്ല. അസിസ്റ്റന്റായി നാലു വര്‍ഷത്തോളം ജോലി ചെയ്തു. സ്വന്തമായി കാമറ വാങ്ങാനോ, സ്റ്റുഡിയോ ഇടാനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ട്, കാമറ വാടകക്കെടുക്കും, സ്വന്തം റിസ്‌ക്കില്‍ വര്‍ക്ക് പിടിക്കും, അങ്ങനെയാണ് മുന്നോട്ട് പോകുന്നത്.

എന്നെ സംബന്ധിച്ചടത്തോളം എനിക്ക് കംഫര്‍ട്ടായി ചെയ്യാന്‍ പറ്റുന്ന ഒരു ജോലി കാമറ വര്‍ക്കാണ്.. ആരെയും ആശ്രയിക്കാതെ തന്നെ അത് സ്വന്തമായി ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആളുകളെ കണക്ട് ചെയ്ത് കോണ്‍ടാക്ട് ഉണ്ടാക്കി, അങ്ങനെയാണ് വര്‍ക്ക് പിടിക്കുന്നത്. ഇപ്പോള്‍ ഒരാള്‍ വിളിച്ചു കഴിഞ്ഞാല്‍, ഓ അതിനെന്താ നമുക്ക് ചെയ്യാം എന്ന് കൂളായി പറയാനും ചെയ്ത് കൊടുക്കാനും സാധിക്കുന്നുണ്ട്. നല്ല കാശുകിട്ടുമല്ലോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പൈസയെക്കാളേറെ കരിയര്‍ ഗ്രോത്ത് കൂടിയാണ് ഉണ്ടാകുന്നത്.

സ്ഥിരമായ വര്‍ക്കുണ്ടാകില്ല. അതിന്റെ ഒരു സ്ട്രഗ്ള്‍ ഉണ്ടാകാറുണ്ട്. ഒരുമാസം നല്ല തിരക്കും, നല്ല വര്‍ക്കും ഉണ്ടാകാം, ചിലപ്പോള്‍ രണ്ടുമാസത്തേക്ക് വര്‍ക്കുകള്‍ ഉണ്ടായെന്ന് വരില്ല. എല്ലാ രംഗത്തും ഉള്ളതുപോലെ ഈ മേഖലയിലും മത്സരങ്ങളും പാരവെപ്പും എല്ലാം ഉണ്ട്. അതിനെയെല്ലാം അതിജീവിച്ച് വേണം മുന്നോട്ട് പോകാന്‍. പെണ്ണല്ലേ, അവളെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞിട്ട് നമ്മളെ വര്‍ക്ക് ഏല്‍പ്പിക്കുന്നവരെ പോലും പിന്തിരിപ്പിക്കുന്നവരുണ്ട്. പക്ഷേ, സ്വതന്ത്രമായി, ആഗ്രഹിച്ച ജോലി ചെയ്യാന്‍ സാധിക്കുന്നു എന്ന കാര്യത്തില്‍ എനിക്ക് എന്നെ ഓര്‍ത്ത് അഭിമാനം തോന്നാറുണ്ട്.

മറ്റെല്ലാ ഫ്രീലാന്‍സിംഗ് വര്‍ക്ക് പോലെയല്ല കാമറ വര്‍ക്ക്. അതിന് നമ്മള്‍ ഫീല്‍ഡിലേക്ക് ഇറങ്ങുക തന്നെ വേണം. എന്റെ ഏറ്റവും വലിയ വെല്ലുവിളി, ഒരു വയസ്സായ എന്റെ മോളെ നോക്കാന്‍ മറ്റാരുമില്ല എന്നതാണ്. അതുകൊണ്ടുതന്നെ വര്‍ക്കിന് പോകുന്നത് അവളെയും കൊണ്ടാണ്. പ്രസവം കഴിഞ്ഞ് 50 ദിവസം ആയപ്പോഴേക്ക് വര്‍ക്കിന് പോയിട്ടുണ്ട് ഞാന്‍. അതിന്റെ ചില വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആള്‍ക്കൂട്ടത്തിലേക്കാണ് പോകുന്നത്, പലപ്പോഴും കുഞ്ഞ് കരയും അവള്‍ക്ക് പാലു കൊടുക്കേണ്ടിവരും. അപ്പോള്‍ വര്‍ക്ക് നിര്‍ത്തി വെക്കേണ്ടിവരും. എന്റെ ചാനലിലേക്കുള്ള, എന്റെ വര്‍ക്കുകളായിരുന്നു അതെല്ലാം എന്നതുകൊണ്ട് അത് അത്ര പ്രശ്‌നമായില്ല.

കുഞ്ഞുണ്ടായി എന്നതുകൊണ്ട് നമ്മളതുവരെ ചെയ്ത ഒരു കാര്യവും മാറ്റിവെക്കേണ്ടതില്ല.  കുഞ്ഞിനെ പ്രസവിച്ച് അതിന്റെ കാര്യങ്ങളെല്ലാം നോക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് നമ്മുടെ വില്‍പവറാണ്.  അതിനൊപ്പം നമ്മുടെ പാഷനും കൂടി ചെയ്യാനുള്ള സമയം നമുക്ക് കണ്ടെത്താന്‍ കഴിയും. കുട്ടിയുടെ പേര് പറഞ്ഞ് നമ്മള് വീട്ടിലിരുന്നാല്‍ കുട്ടിയും വീട്ടിനുള്ളില്‍ അടച്ചിടപ്പെടുകയാണ്.


റെസ്റ്റ്‌ വേണോ, ഒരു ബ്രേക്ക് എടുക്കാം

-ലുഹ

2019 മുതല്‍ ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നുണ്ട് ലുഹ സുമയ്യ. ഒരു ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമില്‍ ട്യൂട്ടറായിട്ടായിരുന്നു തുടക്കം. പിന്നെ ഒരു സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ ജോലി കിട്ടി. അതും ഫ്രീലാന്‍സായി തന്നെ.

കമ്പ്യൂട്ടര്‍ സയന്‍സിലായിരുന്നു ബിരുദം. പിന്നെ സ്വന്തമായി വെബസൈറ്റ് ഒക്കെ ചെയ്തുതുടങ്ങി. മൊബൈല്‍ ആപ്പുകളും ചെയ്തു കൊടുക്കാറുണ്ട്. വെബ്‌സൈറ്റ് ആണെങ്കിലും ആപ്പ് ആണെങ്കിലും ഡിസൈന്‍ ചെയ്യുന്നതും ഡെവലപ്പ് ചെയ്യുന്നതും എല്ലാം ഫ്രീലാന്‍സ് ആയി തന്നെ. കംഫര്‍ട്ട് ആയി ജോലി ചെയ്യാനും സാധിക്കുന്നുണ്ട്. പേയ്‌മെന്റും കിട്ടുന്നു. ഇടയ്ക്ക് ഒരു റെസ്റ്റ് വേണം എന്ന് തോന്നുമ്പോള്‍ ഒരു ബ്രേക്കും എടുക്കാം. ആരെയും പേടിക്കണ്ട, ആരുടെ സമ്മതവും വേണ്ട. പുതിയ ഒരു വര്‍ക്ക് ഏറ്റെടുക്കാതിരുന്നാല്‍ മതിയല്ലോ...


അത്ര ഫ്രീ അല്ല, ഈ ഫ്രീലാന്‍സര്‍

-സൂര്യ

മാധ്യമ പ്രവര്‍ത്തകയായിരുന്നു അലീന. സിംഗിള്‍ പാരന്റ്. പല സമയത്തുള്ള ഷിഫ്റ്റും ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളും. എല്ലാമായി ഒരു ഞാണിന്മേല്‍ കളി. സഹായത്തിന് അമ്മയുള്ളതായിരുന്നു ഒരു ആശ്വാസം. വിദേശത്തുള്ള സഹോദരി, അമ്മയെ അവിടേക്ക് വിളിച്ചു. അതോടെ ധര്‍മസങ്കടത്തിലായത് അലീനയാണ്.

വീട്ടുജോലിയും ഓഫീസ് ജോലിയും ഒരുവിധം മാനേജ് ചെയ്യാം. പക്ഷേ, തന്റെ ഷിഫ്റ്റും കുട്ടികളുടെ സ്‌കൂള്‍ ടൈമും ഒരുമിച്ച് പോകില്ലല്ലോ. കുഞ്ഞുങ്ങളെ തനിച്ച് വീട്ടിലാക്കാനും പറ്റില്ല. രണ്ടും കല്‍പ്പിച്ച് അവള്‍ ജോലി രാജി വെച്ചു. ഫ്രീലാന്‍സ് ആയി വര്‍ക്കുകള്‍ കിട്ടുമെന്ന പ്രതീക്ഷ മാത്രമായിരുന്നു സമ്പാദ്യം.
വര്‍ക്കുകള്‍ വരുമ്പോള്‍ എല്ലാം കൂടി വരും. ചിലത് ചെയ്തുകൊടുക്കും. ചിലത് ഒഴിയും. ചെയ്ത് കൊടുക്കുന്നതിന് ആകട്ടെ സമയത്തിന് പേയ്‌മെന്റും കിട്ടില്ല. സ്ഥിരവരുമാനം എന്ന അവസ്ഥയില്‍ നിന്ന് അനിശ്ചിതത്വത്തിലേക്ക് ജീവിതം വഴിമാറിയ അവസ്ഥ.

സമാന അവസ്ഥ തന്നെയാണ് സൂര്യയും പങ്കുവെക്കുന്നത്. മനോരമയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സൂര്യ. ഈ അടുത്താണ് ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് ചേക്കേറിയത്. അവിടെ എന്തെങ്കിലും ജോലി ശരിയാകുന്നത് വരെ ഫ്രീലാന്‍സ് ആയി ജോലി നോക്കാം എന്നാണ് കരുതിയത്. ഇത്ര നാളും സ്ഥിര ജോലി, സ്ഥിര വരുമാനം എന്ന അവസ്ഥയില്‍ നിന്ന് ഫ്രീലാന്‍സിംഗിലേക്ക് ഇറങ്ങുമ്പോള്‍ ചെറിയ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ നമ്മള്‍ തയാറാകേണ്ടതുണ്ടെന്ന് അവര്‍ പറയുന്നു. കണ്ടന്റ് റൈറ്റിംഗ് ഫ്രീലാന്‍സ് ആയി ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി, കൃത്യമായി ആളുകള്‍ പേയ്‌മെന്റ് നല്‍കില്ല എന്നതാണ്. എഴുത്തെന്നാല്‍ എളുപ്പമാണ് എന്ന ചിന്താഗതിയാണ് പലര്‍ക്കും.Fiverr, Upwork പോലുള്ള പ്ലാറ്റ്‌ഫോമുകളിലൊക്കെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുവഴി വര്‍ക്കുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media