ഇന്ത്യാ ചരിത്രത്തിലെ ദുഃഖപുത്രിയാണ് റസിയ. രാജകുമാരിയായി പിറക്കുകയും
കൊട്ടാരത്തിലെ സര്വാഡംബരങ്ങളിലും ജീവിക്കുകയും ചെയ്തിട്ടും അതിന്റെയൊന്നും
ഭാരം പേറാതെ തനിക്ക് പിതാവില്‍നിന്ന് ദാനമായി കിട്ടിയ അധികാരവും ചെങ്കോലും
ജനങ്ങളെ ദ്രോഹിക്കാതെ അവരുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി നാല് വര്‍ഷത്തോളം
ദേശത്തിന്റെ സേവികയായി ജീവിച്ചവര്‍
നമ്മുടെ നാട്ടിലിന്ന് ഒളിച്ചുപിടിക്കാനും കുഴിച്ചുമൂടാനും മത്സരിക്കുന്ന ചരിത്ര ഘട്ടമാണ് ഇന്ത്യയിലെ മുസ്ലിം പ്രഭാവ കാലം. സാമ്പത്തികമായും സാംസ്കാരികമായും നാഗരികമായും രാജ്യം ഏറ്റവും പുഷ്കലമായ കാലമാണിത്. ഗതകാല ഇന്ത്യയിലെ അധികാര ശാലകളില്‍ ഉപജീവനം തേടിയ സ്ത്രീ ജീവിതങ്ങളെ നാം അധികവും കാണുന്നത് ഇതിഹാസങ്ങളിലും പുരാണങ്ങളിലും സങ്കല്പ കഥാപാത്രങ്ങളായിട്ടാണ്. എന്നാല്‍, തേജോമയമായ സാമൂഹ്യ നിര്വഹണങ്ങളുമായി സ്വന്തം അസ്തിത്വം തെളിയിച്ച് ജീവിച്ചു പോയ നിരവധി സ്ത്രീ സാന്നിധ്യങ്ങളെ നാം കാണുക മധ്യകാല ഇന്ത്യയില്‍ മുസ്ലിം പ്രഭാവകാലത്തായിരിക്കും. ഇങ്ങനെ ജ്വലിച്ചു നില്ക്കുന്ന ചരിത്ര സാന്നിധ്യമാണ് റസിയ സുല്‍ത്താന.
ജഹനാരാ, ബീഗം ഹസ്രത്ത് മഹല്‍... ഈ മഹാ പ്രതിഭാ നിര നീണ്ടുപോകുന്നു. ഇന്ത്യാ ചരിത്രത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നിര്വാഹകത്വമുണ്ടായിരുന്നോ എന്ന കേവലാന്വേഷണം പാടേ മറിച്ചിട്ട് പോകുന്ന സാന്നിധ്യങ്ങളാണ് അതൊക്കെ. ഇവരൊക്കെ ജീവിച്ചതും പ്രവര്‍ത്തിച്ചതും ഭാവഗാനങ്ങളിലോ കഥകളിലോ അല്ല. മറിച്ച്, പൊതുജീവിതത്തിന്റെ മധ്യത്തിലാണ്.
'എനിക്ക് എന്റെ സിദ്ധികളും സാധ്യതകളും ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു അവസരം നല്‍കൂ. ഏത് പുരുഷനേക്കാളും ശേഷിയും സാമര്‍ഥ്യവും ഞാന്‍ തിരിച്ചുനല്‍കുക തന്നെ ചെയ്യും. അതില്‍ ഞാന്‍ പരാജിതയാണെന്ന് നിങ്ങള്‍ തീര്‍പ്പിലെത്തിയാല്‍ നിങ്ങള്‍ക്കെന്നെ ഉചിത ശിക്ഷയാല്‍ അവസാനിപ്പിക്കാം.' ഡല്‍ഹി സുല്‍ത്താനായിരുന്ന ഇല്തുമിഷിന്റെ പുത്രി റസിയ തന്റെ ദേശവാസികളോട് നടത്തിയ അര്ഥനയാണിത്. അന്നവര്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം സമ്പൂര്‍ണമായും സത്യമായിരുന്നു എന്ന് കാലം സാക്ഷ്യപ്പെടുത്തി. എണ്ണൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാ രാജ്യത്ത് ജീവിച്ച ഒരു മുസ്ലിം സ്ത്രീയുടെ ഉറച്ച അവകാശബോധമാണിത്. അങ്ങനെ പറയാനും ധീരമായി പ്രവര്‍ത്തിച്ചു വിജയിപ്പിക്കാനും അനായാസം സാധിച്ചത് ആ പറച്ചലിനെ ഏറ്റെടുക്കാന്‍ മാത്രം അന്നാ സാമൂഹ്യ വ്യവസ്ഥ നിരപ്പുള്ളതുകൊണ്ടായിരുന്നു എന്നുകൂടി നാം അറിയണം.
ഖുതുബുദ്ദീന്‍ ഐബക്കിന് ശേഷം ഡല്‍ഹിയില്‍ അധികാരത്തിലേറിയ ഇല്‍തുമിഷിന് നസ്റുദ്ദീന്‍, ഫിറോസ്, ഗിയാസുദ്ദീന്‍, ബഹ്റാം ഷാ തുടങ്ങി നിരവധി ആണ്മക്കള് ഉണ്ടായിരുന്നു. എന്നിട്ടും, അധികാരത്തിന്റെ ഭാരമേല്‍ക്കാന്‍ ആ പിതാവ് കണ്ടെത്തിയത് പ്രിയ മകളെയായത് യാദൃഛികമല്ല. കുഞ്ഞ് റസിയക്ക് അക്കാലത്ത് ലഭ്യമാകുന്ന സര്‍വ വിജ്ഞാനലോകങ്ങളും ഇല്തുമിഷ് ലഭ്യമാക്കി. എഴുത്തും വായനയും കവിതയും തര്‍ക്കശാസ്ത്രവും റസിയ വശമാക്കി. വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായും മനോഹരമായി പാരായണം ചെയ്യാന്‍ അവര്‍ പഠിച്ചു. മാത്രമല്ല, കുതിരസവാരിയിലും യുദ്ധ തന്ത്ര കലകളിലും അവര്‍ വിദഗ്ധയായി. ഇതിനിടയിലാണ് സാമ്രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഗ്വാളിയോറില്‍ ലഹള പൊട്ടിപ്പുറപ്പെട്ടത്. ഇല്തുമിഷ് അവിടേക്ക് പടയെടുത്ത് പോയി. ആ സമയത്ത് കൊട്ടാരത്തില്‍ ഇരുന്ന് രാജ്യഭാരം നടത്തിയത് റസിയയായിരുന്നു. ഇത്രയും ആണ്മക്കള് ഉണ്ടായിരുന്നിട്ടും അധികാരമത്രയും റസിയയെ ഏല്‍പ്പിച്ചത് എന്തിനാണെന്ന് വിസ്മയപ്പെട്ടവരോട് സുല്‍ത്താന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. 'എന്റെ ആണ്മക്കള് വീഞ്ഞിന്റെയും ചൂതുകളിയുടെയും സ്ത്രീകളുടെയും സ്തുതിപാഠകരുടെയും കുടീരങ്ങളില്‍ തടവുകാരാണ്. അവര്‍ക്ക് രാജ്യഭരണം ഒരു ഭാരമാവും. എന്നാല്‍, റസിയ അങ്ങനെയല്ല. തെളിഞ്ഞ ബുദ്ധിയും വിവേകവും അവര്‍ക്കുണ്ട്. അവര്‍ കരുത്തയാണ്. അവര്‍ക്ക് രാജ്യഭാരം സാധ്യമാകും'. ഇതുകേട്ട മന്ത്രിമാര്‍ നിശ്ശബ്ദരായി.
കൊട്ടാരത്തിന്റെ ഉപശാലകളില്‍ സാകൂതം നിലയുറപ്പിക്കുന്ന സാമന്തന്മാര്ക്ക് ഈ നേര് നേരത്തെ അറിയാമായിരുന്നതാണ്. അതുകൊണ്ടുതന്നെ ഗ്വാളിയോര്‍ പട ജയിച്ച് തലസ്ഥാനത്തെത്തിയ സുല്‍ത്താന്‍ തന്റെ പിന്‍ഗാമിയായി മകള്‍ റസിയയെ ഔപചാരികമായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, ഇല്തുമിഷ് മരിച്ചപ്പോള്‍ മറ്റൊരു ഭാര്യയായിരുന്ന ഷാതുര്ക്കാന് അവരുടെ മകന് ഫിറോസിനെ റുക്നുദ്ദീന് ഫിറോസ് എന്ന പേരില്‍ സുല്‍ത്താനായി വാഴിച്ചു. മാത്രമല്ല, റസിയയെ വധിക്കാനുള്ള ഗൂഢാലോചനയും കൊട്ടാരത്തില്‍ അരങ്ങേറി. റസിയ ഇത് മനസ്സിലാക്കി. അന്നൊരു വെള്ളിയാഴ്ച. കൊട്ടാര പ്രാന്തത്തിലും തെരുവിലും പള്ളിത്തളങ്ങളിലും ജനം കൂടിനില്‍പ്പുണ്ട്. രാജ്യം അതീവ ഗുരുതരമായ സന്ദിഗ്ധതയിലൂടെയാണ് പോകുന്നതെന്നവര്ക്കറിയാം. അപ്പോള്‍ തലസ്ഥാനത്തെ പ്രധാന പള്ളിയുടെ സമീപത്തുള്ള ദൗലത്ത് ബാഗ് കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍നിന്ന് ആത്മവിശ്വാസം തുളുമ്പുന്നൊരു സ്ത്രീശബ്ദം കേള്‍ക്കാനിടയായി. ജനം വിസ്മയപ്പെട്ടു അങ്ങോട്ട് നോക്കി. അത് റസിയ.
അംഗവസ്ത്രങ്ങള്‍ അണിഞ്ഞ് കുലീനയായി റസിയ ജനങ്ങളോട് ഏറെ വിഹ്വലതയോടെ സംസാരിച്ചു. ആദ്യം അവര്‍ പിതാവിന്റെ ജനക്ഷേമ താല്പര്യത്തെയും ഗ്വാളിയോര്‍ വിജയത്തെയും അതു മുഖേന രാജ്യത്തിന് ലഭിച്ച വലിയ സമ്പാദ്യത്തെയുമൊക്കെ എടുത്തുപറഞ്ഞു. എന്നിട്ടൊരു അപേക്ഷയും: 'നേടിയ വിജയം നിലനിര്‍ത്താനും കൂടുതല്‍ ഐശ്വര്യത്തിലേക്ക് നാടിനെ നയിക്കാനും പിതാവിന്റെ അഭിലാഷം പോലെ നാട് ഭരിക്കാനും നിങ്ങള്‍ എനിക്ക് പിന്തുണ നല്കുകയില്ലേ? നിങ്ങളുടെ ഉദ്ദേശ്യം പോലെ ഞാന്‍ പെരുമാറുന്നില്ലെങ്കില്‍ നിങ്ങള്‍ വിധിക്കുന്ന എന്ത് ശിക്ഷയും ഞാന്‍ സ്വമേധയാ ഏറ്റെടുക്കുന്നതാണ്'. കാരിരുമ്പിന്റെ ശക്തിയുണ്ടായിരുന്നു ആ പ്രഭാഷണത്തിന്. തടിച്ചുകൂടിയ പുരുഷാരം ആര്‍ത്തുവിളിച്ചു. 'അതേ, ഞങ്ങള്‍ ഒപ്പമുണ്ട്. ബാദ്ഷായുടെ ആഗ്രഹം അങ്ങ് ഞങ്ങളെ ഭരിക്കണമെന്നാണ്. അതു നടക്കും. ഇല്ലെങ്കില്‍ ഞങ്ങള്‍ നടത്തും.' അവര്‍ ഇളകി ഓടി. ഗൂഢാലോചനാ സംഘങ്ങള്‍ ഒന്നടങ്കം ക്ഷണത്തില്‍ തുറുങ്കിലായി. ഇത് ആയിരത്തി ഇരുനൂറ്റിമുപ്പത്തി ഒന്നില്‍. തുടര്‍ന്ന് നാലോളം വര്‍ഷം ഡല്‍ഹി ആസ്ഥാനമായി തന്റേടിയും പ്രജാക്ഷേമ തല്പ്പരയുമായ ഈ സുല്‍ത്താനയുടെ കരുത്തുറ്റ ഭരണമായിരുന്നു ദേശത്ത് നടന്നത്.
ഒരു ഭരണാധികാരിക്ക് വേണ്ട സകല ഗുണമേന്മകളും അവര്‍ക്കുണ്ടായിരുന്നു. സുല്‍ത്താനയുടെ ഏറ്റവും വലിയ സ്വഭാവഗുണം കൃത്യനിഷ്ഠയും വേഗതയുമായിരുന്നു. അതോടൊപ്പം ദീര്ഘദൃഷ്ടിയും. ഒരു കുഞ്ഞു വീട് കൊണ്ടുനടക്കുന്ന ആലസ്യത്തില്‍ ഒരു രാഷ്ട്രം ഭരിക്കാനാവില്ല. കഴുകക്കണ്ണുകളുമായി പതിയിരിക്കുന്ന നിരവധി ബാദുഷമാരും രാജ്യസ്വരൂപങ്ങളും ചുറ്റുമുണ്ട്. കൊട്ടാരത്തിനകത്ത് തന്നെ ഗൂഢാലോചകരും അവരെ പിന്തുണക്കുന്ന സാമന്തരും പുരോഹിതരും. തന്റെ മാതാവ് ഷാതുര്ക്കന് ഖാത്തൂനല്ലാതെ പിതാവിന്റെ മറ്റു ഭാര്യമാരും അവരുടെ മക്കളും അവരൊക്കെയും താലോലിക്കുന്ന അധികാരത്തിന്റെ പ്രൗഢിയും കാമനകളും കൊട്ടാരത്തിലുണ്ട്. ആര് ആരെ ഒറ്റി വീഴ്ത്തുമെന്ന് ഒരു നിശ്ചയവും ഇല്ലാതെ അത്യന്തം സങ്കീര്‍ണമാണ് അന്നാ കൊട്ടാരവും തലസ്ഥാന നഗരിയും.
അധികാരം ആഡംബരമല്ലെന്നും അത് കടുത്ത ചുമതലാ ബോധമാണെന്നും റസിയക്ക് അറിയാമായിരുന്നു. ദര്‍ബാറില്‍ പിതാവിനോടൊത്തിരിക്കുമ്പോള് അവരത് മനസ്സിലാക്കിയതാണ്. അതുകൊണ്ടുതന്നെ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെ പ്രതി കൃത്യമായ രൂപരേഖ മന്ത്രിമാരില്‍ നിന്നും സുല്‍ത്താന നേരത്തേ സമാഹരിക്കാന്‍ തുടങ്ങി. അതൊന്നും അന്ധമായി വിശ്വസിക്കാതെ സ്വന്തമായി അതില്‍ നിരീക്ഷണം നടത്തുകയും കണക്കുകൂട്ടുകയും ചെയ്തു. എപ്പോഴും താന്‍ ജനങ്ങളുടെ വേദനകളോട് കടപ്പെട്ടവളാണെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. എന്നും അവര്‍ ദര്‍ബാര്‍ കൂടും. അവിടെ പ്രജകള്‍ക്ക് സങ്കടങ്ങള്‍ ഉണര്‍ത്തിക്കാന്‍ അവസരം നല്കി. കേട്ട സങ്കടങ്ങള്ക്കൊക്കെയും പരിഹാരമുണ്ടാക്കി. ഏതു കാര്യത്തിന്റെയും വരുംവരായ്കകളെപ്പറ്റി ദീര്‍ഘദര്‍ശനം ചെയ്യാനുള്ള വൈഭവവും അവര്‍ക്കുണ്ടായിരുന്നു. നീതിയും ന്യായവും സുല്‍ത്താനക്ക് പരമമായ ലക്ഷ്യവും മാര്‍ഗവുമായി. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ അവര്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. അവരെ വേണ്ട വിധം നിയന്ത്രിച്ചു. അതില്‍ അസംതൃപ്തരായ ഉദ്യോഗസ്ഥസമൂഹവും പില്ക്കാലത്ത് അവരുടെ പതനത്തിന് കാരണമായി. ചെയ്തുതീര്‍ക്കേണ്ട ചുമതലകള്‍ അപ്പാടെ കണിശമായി പൂര്‍ത്തീകരിച്ചേ ഓരോ ദിവസവും അവര്‍ ദര്‍ബാര്‍ വിട്ടുപോയിരുന്നുള്ളൂ. ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് സുഖാലസ്യത്തില്‍ മുഴുകിയിരുന്ന യുവരാജാക്കന്മാരുടെ പതിവ് രീതികള്‍ റസിയ തീര്‍ത്തും ഉപേക്ഷിച്ചു. ഡല്‍ഹി പ്രാന്തങ്ങളിലൂടെ സുല്‍ത്താന കുതിരപ്പുറത്ത് നിരന്തരം സഞ്ചരിച്ചു. ജനങ്ങളിലേക്കും അവരുടെ പ്രതിസന്ധികളിലേക്കും നേരിട്ട് യാത്ര പോകുന്ന ഭരണാധിപയായി അവര്‍ ഉയര്‍ന്നുനിന്നു.
അതോടെ നികുതി ഭണ്ഡാരത്തില് കൈയിട്ടു വാരാന്‍ കഴിയാതെ പോയ പ്രഭുക്കന്മാരും ശിങ്കിടികളും പണ്ഡിത വേഷം ചുറ്റിയ പുരോഹിതരും റസിയക്കെതിരെ ഗൂഢാലോചനകള്‍ കൊഴിപ്പിച്ചു. കൊള്ളക്കൊക്കാതെ വന്ന സാമന്തന്മാര് അപ്പോള്‍ പുരോഹിതന്മാരെ വിലക്കെടുത്ത് സുല്‍ത്താനക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അപ്പോഴേക്കും റസിയ വിവാഹിതയായിക്കഴിഞ്ഞിരുന്നു. ജമാലുദ്ദീന്‍ യാഖൂത്ത് എന്ന കൊട്ടാര ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്. പ്രമാണിമാര്‍ വിലക്കെടുത്ത പുരോഹിതന്മാര് ഉടന്‍ മതവിധികളുമായി വന്നു. പ്രജാക്ഷേമവും സത്യസന്ധതയും തണല്‍ വിരിച്ചിരുന്ന കൊട്ടാരത്തില്‍ ക്ഷുദ്രശക്തികള്‍ പതിയെ നില ഭദ്രമാക്കിത്തുടങ്ങി. പ്രതിലോമശക്തികളുടെ പ്രേരണയാല്‍ സ്വന്തം പ്രവിശ്യയായിരുന്ന ബാട്ടിന്ഡയിലെ ഗവര്‍ണര്‍ അല്‍ത്തുനിയ സുല്‍ത്താനക്കെതിരെ പട കൂട്ടി. റസിയയും പടക്കൊരുങ്ങി. സ്വന്തം പ്രവിശ്യകളിലൊന്നിലെ ഗവര്‍ണര്‍ തന്നെ കേന്ദ്രഭരണത്തെ വെല്ലുവിളിച്ചാല്‍ അതെങ്ങനെ അനുവദിക്കാനാവും? ഒറ്റുകാരെയും കൂറുമാറ്റക്കാരെയുംകൊണ്ട് കുമിഞ്ഞ് നിറഞ്ഞ പടഭൂമിയില്‍ ഭാഗ്യം റസിയക്കനുകൂലമായിരുന്നില്ല. അവര്‍ തോല്‍പ്പിക്കപ്പെട്ടു. ഭര്‍ത്താവും വിശ്വസ്ത നായകനുമായ യാഖൂത്തി വധിക്കപ്പെട്ടു. സുല്‍ത്താനയുടെ സൈന്യം ശിഥിലമായി. അപ്പോഴും പടഭൂമി വിടാതെ റസിയ അചഞ്ചലയായി പൊരുതിനിന്നു. പടക്കളത്തില്‍ നിന്നും ശത്രുക്കള്‍ റസിയയെ പിടികൂടി. അല്ത്തൂനി അവരെ സ്വന്തം പ്രവിശ്യയിലെ കാരാഗൃഹത്തില്‍ പിടിച്ചടച്ചു. ഇത് ആയിരത്തി ഇരുനൂറ്റി നാല്പത് ഒക്ടോബര്‍ പതിമൂന്നിന്. പിറ്റേന്ന് പ്രഭാതത്തില്‍ ആ മഹാറാണിയെ അല്ത്തുനിയന്റെ കിങ്കരന്മാര് കൊന്നുമൂടി.
ഇന്ത്യാ ചരിത്രത്തിലെ ദുഃഖപുത്രിയാണ് റസിയ. രാജകുമാരിയായി പിറക്കുകയും കൊട്ടാരത്തിലെ സര്വാഡംബരങ്ങളിലും ജീവിക്കുകയും ചെയ്തിട്ടും അതിന്റെയൊന്നും ഭാരം പേറാതെ തനിക്ക് പിതാവില്‍നിന്ന് ദാനമായി കിട്ടിയ അധികാരവും ചെങ്കോലും ജനങ്ങളെ ദ്രോഹിക്കാതെ അവരുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി നാല് വര്‍ഷത്തോളം ദേശത്തിന്റെ സേവികയായി ജീവിക്കുക. അതില്‍ ഒരു ഒത്തുതീര്‍പ്പിനും വിട്ടുവീഴ്ചക്കും നിന്നുകൊടുക്കാതിരിക്കുക. ഭരിച്ച കാലമത്രയും ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി അവരുടെ നികുതിപ്പണത്തിന് സത്യസന്ധമായി കാവല്‍ നില്ക്കുക. അതിന്റെ പേരില്‍ ശത്രുക്കളുണ്ടാവുമെന്ന് തിരിച്ചറിയുമ്പോഴും വിട്ടുവീഴ്ചയില്ലാതെ നീതിയില്‍ തുടരുക. ശത്രുക്കളുമായി മുഖാമുഖം ഏറ്റുമുട്ടി ഒടുവില്‍ ശ്രേഷ്ഠമായ അന്ത്യവും. പഴയ ഡല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റിന് ചാരെ ആരുടെയും ശ്രദ്ധയേല്ക്കാതെ ഇന്നുമാ മഹാറാണിയുടെ അന്ത്യ കുടീരമുണ്ട്.