ലക്ഷദ്വീപിലേക്കൊരു യാത്ര

ഹസീന ടി. കല്‍പറ്റ
ഫെബ്രുവരി 2024

കുറച്ച് കാലമായി മനസ്സില്‍ താലോലിച്ചുകൊണ്ടിരുന്ന  സ്വപ്നമായിരുന്നു ദ്വീപ് കാണണമെന്നത്. പത്ത് വര്‍ഷം മുമ്പുള്ളൊരു  യാത്രയില്‍ അന്തമാന്‍ ദ്വീപിലെ ഉമ്മമാരെ പരിചയപ്പെട്ടിരുന്നു. അവര്‍ അവിടത്തെ കഥകള്‍ പറഞ്ഞ കൂട്ടത്തില്‍, നരഭോജികളായ ആദിമ മനുഷ്യര്‍ ഇപ്പോഴുമുള്ള ദ്വീപ് ഉണ്ടെന്നും അവിടെ പോകുമ്പോള്‍ ബസ്സിന്റെ ചില്ലുകള്‍ താഴ്ത്തി വെക്കുമെന്നും അവര്‍  നഗ്‌നത മറക്കുന്നത് ഇലകള്‍ കൊണ്ടാണെന്നുമൊക്കെയുള്ള കഥ കേട്ടിരുന്നു. അന്ന് മുതല്‍ അന്തമാന്‍ സന്ദര്‍ശിക്കണമെന്ന മോഹം കൊണ്ടുനടക്കുകയായിരുന്നു.
പിന്നീടൊരിക്കല്‍ 'അനാര്‍ക്കലി' സിനിമ കണ്ടപ്പോള്‍ ലക്ഷദ്വീപെങ്കിലും ഒന്ന് കാണണമെന്ന് ആഗ്രഹിച്ച് നടന്നു. അങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു ടൂര്‍ പാക്കേജിന്റെ പരസ്യത്തെ പറ്റി മോള്‍ പറഞ്ഞത്. താങ്ങാവുന്ന പൈസയാണെന്നറിഞ്ഞപ്പോള്‍ ബുക്ക് ചെയ്തു. അങ്ങനെ ആകാംക്ഷാഭരിതമായ രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ആ സുദിനം വന്നെത്തി.

കടല്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അതിന്റെ ഇരമ്പം പലപ്പോഴും നമ്മെ ഭയപ്പെടുത്തും. എന്നാല്‍, ലക്ഷദ്വീപിലെ കടല്‍ വല്ലാത്തൊരു ആസ്വാദ്യകരമായ അനുഭവമാണ്.

ഞങ്ങള്‍ 6 സ്ത്രീകളും 3 കുട്ടികളും  നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലെ ഡൊമസ്റ്റിക് ടെര്‍മിനലില്‍ നിന്ന് രാവിലെ 9 മണിക്ക് ലക്ഷദ്വീപിലേക്കുള്ള വിമാനം കയറി. 11.30 ആയപ്പോഴേക്കും റൂമിലെത്തി. വലിയ ക്ഷീണമൊന്നുമില്ലാത്തതിനാല്‍ നേരെ കടലിലേക്ക്. പാക്കേജ് കോഡിനേറ്റര്‍ അബ്ദുല്‍ മാനിഹ് മറ്റൊരു പാക്കേജിനെ ആ വിമാനത്തില്‍ തിരിച്ചയച്ച് ഞങ്ങളെ അഗത്തി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനിരിക്കയായിരുന്നു. കടലിന്റെ തെളിഞ്ഞ നീല വെള്ളം കണ്ടപ്പോള്‍ വല്ലാത്ത അത്ഭുതം.

ഞങ്ങളുടെ ഫ്‌ളാറ്റിന്റെ കിഴക്കും പടിഞ്ഞാറും കടലായിരുന്നു. റൂമിലിരുന്നാല്‍ കിഴക്കുനിന്നുള്ള തിരയടി ശബ്ദം കേള്‍ക്കാം. റൂമിന്റെ മുന്‍വശത്ത് നിന്ന് നോക്കിയാല്‍ പടിഞ്ഞാറു ഭാഗത്തെ കടലും കാണാം. പടിഞ്ഞാറ് ഭാഗത്ത് തിര കുറവായിരുന്നു. കടലിന്റെ അടിഭാഗം കാണാന്‍ പറ്റുന്ന ഗൂഗിള്‍ കണ്ണടയും, അതിന്മേല്‍ ഘടിപ്പിച്ച വായ കൊണ്ട് ശ്വാസം എടുത്ത് പുറത്തേക്ക് മുകളിലേക്ക് വിടാന്‍ പറ്റുന്ന പൈപ്പ് ഘടിപ്പിച്ച ഒരു ഉപകരണവും മുഖത്ത് ഫിറ്റ് ചെയ്ത് തന്ന് സേഫ്റ്റി ജാക്കറ്റ് ഇടുവിച്ച് ഞങ്ങളെ വെള്ളത്തിലിറക്കി. നീന്തല്‍ വശമില്ലാത്ത പലരുമുണ്ടെങ്കിലും കോഡിനേറ്റേഴ്‌സിന്റെ സഹായത്തോടെ ലൈഫ് ജാക്കറ്റിട്ട് വെള്ളത്തിലേക്കിറങ്ങി ഞങ്ങളെ പരിശീലിപ്പിച്ചു. അല്‍പ്പ സമയത്തെ പരിശീലനത്തിന് ശേഷം ഞങ്ങള്‍ റൂമില്‍ വന്നു. വെയിലിനെ അതിജീവിക്കാന്‍ തൊപ്പിയും കണ്ണടയുമെല്ലാം എടുത്ത് വീണ്ടും ഇറങ്ങി. ബോട്ടില്‍ കടലിന്റെ കുറച്ച് ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ കോര്‍ഡിനേറ്റേഴ്‌സ് വെള്ളത്തിലേക്ക് ചാടി ബോട്ടില്‍ ഒരു കോണി പിടിപ്പിച്ചു തന്ന് ഓരോരുത്തരെയായി സേഫ്റ്റി ജാക്കറ്റും കണ്ണടയും ഫിറ്റ് ചെയ്തു വെള്ളത്തിലിറക്കി. നീന്തിക്കൊണ്ട് കടലിന്റെ ആഴത്തിലുള്ള അത്ഭുതങ്ങള്‍ കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി!

കടലില്‍ കുറച്ച് മത്സ്യങ്ങളും മണലുമായിരിക്കും എന്ന് ധരിച്ചിരുന്ന എനിക്ക് തെറ്റി. പലതരത്തിലുള്ള കോറല്‍സ് (പവിഴപ്പുറ്റുകള്‍), പാറകള്‍, കല്ലുകള്‍, ചെടികള്‍, പലതരം ജീവികള്‍ അവയുടെ ആവാസ വ്യവസ്ഥ എല്ലാം കണ്ടു. ദൈവത്തെ ഒരു പാട് പ്രകീര്‍ത്തിച്ചു. ഒരുപാട് സ്തുതിച്ചു. ഭൂമിയെക്കാള്‍ സൗന്ദര്യം കടലിന് ഉണ്ടെന്ന് തോന്നി. മുകളില്‍ നീല നിറത്തിലും ചിലയിടങ്ങളില്‍ പച്ച നിറത്തിലും ആഴം കൂടുമ്പോള്‍ കൂടുതല്‍ തെളിമയുള്ള വെള്ളം കാണുമ്പോള്‍ കടലിനോട് വല്ലാത്ത പ്രണയം.

കേവലം ഒമ്പത് കിലോമീറ്റര്‍ മാത്രമാണത്രെ അഗത്തി ദ്വീപ്. ആദ്യം പോയത് പോലീസ് സ്റ്റേഷനിലേക്കാണ്. പെര്‍മിറ്റ് കാണിച്ച് ഒപ്പിടാന്‍.
മൂന്ന് ബീച്ചുകളായിരുന്നു പ്ലാന്‍. പേരോര്‍മയില്ല. ഞങ്ങള്‍ക്ക് വേണ്ടി രണ്ട് വണ്ടികളായിരുന്നു. മൂന്ന് മീറ്റര്‍ വീതിയുള്ള റോഡില്‍ എപ്പോഴെങ്കിലും ഒരു പ്രൈവറ്റ് കാര്‍ കാണും. ബൈക്കുകളില്‍ ആ നാട്ടുകാര്‍ സഞ്ചരിക്കുന്നു. റോഡിന്റെ രണ്ട് സൈഡും കടല്‍. നിറയെ തെങ്ങുകളും കൂടെ ഇടത്തരം വീടുകളും സര്‍ക്കാര്‍ ഓഫീസുകളും. തെങ്ങുകളെല്ലാം അടിയില്‍ ചുവപ്പും അതിന് മുകളില്‍ വെള്ളയും പെയിന്റടിച്ചിട്ടുണ്ട്. ഓട്ടോഡ്രൈവറോട് ചോദിച്ചപ്പോള്‍ ലക്ഷദ്വീപിന്റെ പുതിയ അഡ്മിന്‍ (പട്ടേല്‍) ചെയ്തതാണത്രെ. അതായത് അവരുടെ ഉപജീവനമാര്‍ഗമായ തെങ്ങുകള്‍ (റോഡില്‍ കാണാവുന്നതെല്ലാം) സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന്.

പട്ടേല്‍ അഡ്മിന്‍ ആയി വന്നതിന് ശേഷം തങ്ങള്‍ക്കുണ്ടായ ദുരിതങ്ങളെക്കുറിച്ചാണ്  ആ നാട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നത്.  കുറെ യുവാക്കള്‍ക്കും യുവതികള്‍ക്കും ജോലി നഷ്ടപ്പെട്ടു. അംഗന്‍വാടി മുതല്‍ മുകളിലേക്ക് ഒരുപാട് പേരെ ജോലിയില്‍നിന്ന് പിരിച്ച് വിട്ടു. തെങ്ങുകളും ചില സ്ഥലങ്ങളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അളന്നുകൊണ്ടിരിക്കുന്നു. ബോട്ടുകള്‍ക്ക് സബ്‌സിഡി കൊടുക്കുന്നില്ല. കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരാള്‍ക്കും ജോലി കൊടുക്കുന്നില്ല. കേവലം ഒമ്പത് കി.മീ മാത്രമുള്ള, ഒരു ബസ്സ് പോലും ഓടേണ്ട ആവശ്യമില്ലാത്ത ദ്വീപിലെ റോഡ് മൂന്ന് മീറ്റര്‍ വീതം രണ്ട് സൈഡും കൂട്ടി ഒമ്പത് മീറ്റര്‍ ആക്കാന്‍ പ്ലാന്‍ വരുന്നു. അതിനാല്‍ തന്നെ റോഡിന്റെ ഇരുവശത്തുമുള്ള വീടുകളും കെട്ടിടങ്ങളും റോഡില്‍ നിന്നും കടലില്‍ നിന്നും വീണ്ടും മൂന്ന് മീറ്റര്‍ വീതം വിട്ടുകൊടുത്ത് വീട് പണിയണം. ഫലത്തില്‍ എല്ലാം പൊളിക്കണം.

ഇങ്ങനെ ദ്വീപുകാരെ നിത്യ ദുരിതത്തിലാക്കുന്ന നീക്കങ്ങളാണ് അവിടത്തെ ഇപ്പോഴത്തെ അഡ്മിന്റെ പ്ലാന്‍ എന്ന് ആ പാവങ്ങള്‍ സങ്കടം പറയുന്നു.

ദ്വീപിലേക്ക് തേങ്ങയും മീനുമല്ലാത്ത, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള  സാധനങ്ങള്‍ കേരളത്തില്‍ നിന്നും മറ്റും എത്തണം. അവിടെ കുടുംബശ്രീക്കാരുടെ പച്ചക്കറി കൃഷി ഉണ്ടായിരുന്നത്രെ. അതും അഡ്മിന്‍ ഒഴിവാക്കിച്ചു എന്നാണവര്‍ പറഞ്ഞത്. ജീവിക്കാന്‍ കടലിനെയും ടൂറിസത്തെയും ആശ്രയിക്കുന്ന, സ്‌നേഹം ഒരുപാട് തരുന്ന ജനത. എവിടെ നോക്കിയാലും തേങ്ങയും പട്ടയും ഇഷ്ടം പോലെ. പലയിടത്തും തേങ്ങകള്‍ കൂട്ടത്തോടെ മുളച്ച് മുളംകൂട്ടം പോലെ തെങ്ങിന്‍ തൈകള്‍ നില്‍ക്കുന്നത് കാണാം.
അതിനിടക്ക് ചിലര്‍ ഉപജീവനമാര്‍ഗമായി തെങ്ങിന്റെ പട്ട രാത്രി കടല്‍ വെള്ളത്തിലിട്ട് രാവിലെ എടുത്ത് രണ്ട് കീറാക്കി മെടഞ്ഞ് (തടുക്ക്) കൂട്ടി വെക്കുന്നു. ഒന്നിന് 10 രൂപ. ആവശ്യക്കാര്‍ വീട് മേയാന്‍ വാങ്ങിക്കൊണ്ടുപോകും. ടാര്‍പായ, ഷീറ്റ്, ഓട് കൊണ്ടുള്ള വീടുകളും കാണാം.
ഞങ്ങള്‍ അസ്തമയം കാണാന്‍ മറ്റൊരു ബീച്ചില്‍ പോയി. അതിമനോഹരമായ കാഴ്ച. നീല വെള്ളത്തിലേക്ക് ചുവന്ന സൂര്യന്‍ താഴ്ന്നിറങ്ങുന്നു. കുറെ നേരം ഞങ്ങളാ ബീച്ചില്‍ ചെലവഴിച്ചു. അവിടെ കാറ്റ് കൊള്ളാന്‍ വന്ന ദ്വീപുകാരോട് കുശലം പറഞ്ഞ് ഇരുട്ടിയ ശേഷം പോന്നു.
രണ്ടാം ദിവസം രാവിലെ ഞാന്‍ കടലിന്റെ തിരയടി കേള്‍ക്കുന്ന പിറക് വശത്തേക്ക് പോയി. അവിടെ കുറച്ച് നേരം നിന്നപ്പോള്‍ ഒരാള്‍ വെള്ളത്തില്‍ നിന്ന് ഓല കുതിര്‍ത്തെടുത്ത് മെടഞ്ഞുണ്ടാക്കുന്നത് നോക്കി നിന്നു.  ഞാന്‍ ചെറിയ കുട്ടിയായപ്പൊള്‍ എന്റെ ഉമ്മ ഇത് പോലെ ഓലമെടയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഉപയോഗിച്ചായിരുന്നു ഞങ്ങള്‍ക്ക് ബാത്ത്‌റൂം ഉണ്ടാക്കുന്നതും വീടിന്റെ ഇറയത്ത് വെള്ളം വീഴാന്‍ ബാപ്പ കെട്ടിക്കൊടുക്കാറുള്ളതും. അതോര്‍ത്തു പോയി.

ബോട്ട് ജെട്ടിയില്‍ പോയി ഒരു ബോട്ടില്‍ കയറി, കടലിലൂടെ രസകരമായ യാത്ര. പച്ചനിറത്തിലുള്ള ആഴക്കടലിലൂടെ ബോട്ട് നീങ്ങുന്നു. രാവിലെയായത് കൊണ്ട് കടലിന് ഇത്തിരി ഉശിര് കൂടുതലായിരുന്നു. ഉയര്‍ന്ന വേലിയേറ്റവും. ബോട്ട് ആടിയുലയാന്‍ തുടങ്ങി. കോഡിനേറ്റര്‍മാര്‍ ഞങ്ങളോട് നന്നായി പിടിച്ചിരിക്കാനും താഴെ ഇരിക്കാനും പറഞ്ഞു. 'പേടിക്കേണ്ട, ഇതാണ് കടല്‍' എന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ സമാധാനിപ്പിച്ചു. ഒന്ന് ശാന്തമായപ്പോള്‍ ഞങ്ങള്‍ എണീറ്റു. ഞാന്‍ കപ്പിത്താനോട് വളയം പിടിക്കട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ എന്നെ ഏല്‍പ്പിച്ചു. അങ്ങനെ കുറെ സമയം ഞാന്‍ ബോട്ട് ഓടിച്ചു. ദൂരെ ഒരു പൊട്ടുപോലെ കാണുന്ന തുരുത്തും ബോട്ടും ചൂണ്ടി പറഞ്ഞു: 'അവിടേക്കാണ് നമുക്ക് പോകേണ്ടത്.' അതായത് 'തിന്നക്കര' ദ്വീപ്. ഏകദേശം പത്ത് കി.മീറ്റര്‍ യാത്ര ചെയ്തു. 4 ഭാഗവും കടല്‍. നല്ല തെളിഞ്ഞ വെള്ളം. കടലിന്റെ ഓളങ്ങളെ വകഞ്ഞ് മാറ്റി ഞാന്‍ ബോട്ട് ഓടിച്ചു.

തിന്നക്കര ദ്വീപിലെത്തി. കേവലം മൂന്നോ നാലോ കുടുംബം മാത്രം താല്‍ക്കാലികമായി താമസിക്കുന്ന ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ വീട്. ബാക്കിയുള്ള സ്ഥലങ്ങള്‍ മുഴുവന്‍ തെങ്ങുകള്‍. അവര്‍ അവിടെ സുര്‍ക്ക, നീര തുടങ്ങിയവ ഉണ്ടാക്കുന്നു. ഞങ്ങള്‍ ഒരു വീട്ടില്‍ കയറി. 19 വയസ്സുള്ള മോള്‍ അവിടെ വയറുവേദനിച്ച് കിടക്കുന്നു. ഒരു നഴ്‌സ് എന്ന രീതിയില്‍ ഞാന്‍ അവളെ പരിചരിച്ചു. ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുത്തു. അവള്‍ ആന്ത്രോത്ത് ദ്വീപില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.

ഇടക്കിടക്ക് ഉണ്ടാവുന്ന ഈ വയറ് വേദന കാരണം പഠനം നിര്‍ത്തേണ്ടിവന്നു. കല്യാണം നിശ്ചയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആ ദ്വീപ് മുഴുവന്‍ ചുറ്റിനടന്നു. കരിക്ക് കുടിച്ച് കടല്‍ തീരത്തുനിന്ന് കുറെ ഫോട്ടോകള്‍ എടുത്തു. ആ വീട്ടില്‍ അവര്‍ ഞങ്ങള്‍ക്കായി ഫ്രഷ് മീന്‍ പൊരിച്ച് വെച്ചിരുന്നു. അതും കഴിച്ച് അവിടെ നിന്നും വെള്ളത്തിലിറങ്ങാനുള്ള വസ്ത്രം മാറി തിരികെ ബോട്ടിലേക്ക് വന്നു.  ഒരിടത്ത് ബോട്ട് നിര്‍ത്തി ഞങ്ങളെ ഓരോരുത്തരെയായി കോഡിനേറ്റര്‍മാര്‍ ഇറക്കി. പഴയതുപോലെ ലൈഫ് ജാക്കറ്റും കണ്ണടയും ഫിറ്റ് ചെയ്തു. ഇവിടം വെള്ളം കുറവായിരുന്നതിനാല്‍ ഞങ്ങളില്‍ പലര്‍ക്കും നടന്ന് കാണാനായി. അവിടെയും ഇതുപോലെ കടലിന്റെ അടിത്തട്ടില്‍  പല വര്‍ണത്തിലുള്ള മത്സ്യങ്ങളും പവിഴപ്പുറ്റുകളും മുങ്ങിപ്പോയ ബോട്ടും കണ്ടു.

ശേഷം 'ബംഗാരം' ദ്വീപിലേക്ക്. അവിടെ സാധാരണക്കാര്‍ താമസമില്ല. കേന്ദ്ര സര്‍ക്കാറിന്റെ വി.ഐ.പികള്‍ക്കുള്ള റിസോര്‍ട്ടും ഓഫീസുകളുമാണവിടെ.  ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമെല്ലാം താമസിക്കാനുള്ള ഫ്‌ളാറ്റുകള്‍ കാണിച്ചുതന്നു. ഇവിടേക്ക് സാധാരണ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. സര്‍ക്കാറിന് കീഴിലുളള റിസോര്‍ട്ട് താമസിക്കാന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ഒരു റൂമിന് 18000/ മുതല്‍ 25000/ വരെയാണ് ഒരു ദിവസത്തെ വാടക. അങ്ങനെയുള്ള അതിഥികളെ ഞങ്ങളവിടെ കണ്ടു. ഞങ്ങളുടെ ബോട്ടുടമ ആര്‍മിയില്‍ ജോലി ചെയ്ത ആളായതുകൊണ്ട് അദ്ദേഹം പ്രത്യേകം അനുമതി വാങ്ങിത്തന്നതിന് ശേഷമാണ് ഞങ്ങള്‍ അവിടെ കയറിയത്. 'സാന്റ് ബാങ്ക്' എന്ന വെറും മണല്‍ മാത്രമുള്ള ഒരു തുരുത്തും കണ്ടു.

മൂന്നാം ദിവസം സ്‌കൂബ ഡൈവിംഗിന്റെയും കയാക്കിങ്ങിന്റെയും ദിവസമാണ്. ഞങ്ങളുടെ മുന്‍വശത്തുള്ള കടലില്‍ തന്നെയായിരുന്നു. മുങ്ങാനുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ അടങ്ങിയ യന്ത്രം വെച്ച് കടല്‍ക്കരയില്‍ വെള്ളത്തിലിറങ്ങി ഞങ്ങളെ പരിശീലിപ്പിച്ചു. അതിന് ശേഷം ബോട്ടില്‍ കയറി ആഴക്കടലിലേക്ക് പോയി. മൂന്ന് പേരായിരുന്നു സ്‌കൂബ ഡൈവിംഗ് മാസ്‌റ്റേഴ്‌സ്. എന്റെ മാസ്റ്ററുടെ പേര് മിര്‍ഷാദ്. ബോട്ടില്‍ വയനാട്ടുകാരായ ഹാഷിം, റാഷിദ് എന്നിവരും ഉണ്ടായിരുന്നു. അവര്‍ കവരത്തിയിലേക്ക് കപ്പലില്‍ വന്നവരാണത്രെ. നല്ല മഴക്കാറുണ്ട്. കുറച്ചകലെ മഴ പെയ്യുന്നുമുണ്ട്. ഞങ്ങളില്‍ ഓരോരുത്തരായി സ്‌കൂബക്ക് റെഡിയായി കടലിലേക്കിറങ്ങി. മാസ്റ്റര്‍ കടലിലേക്ക് ചാടി. ആദ്യം പേടി തോന്നിയെങ്കിലും പിന്നെ ധൈര്യമായി. അവിടെ അഞ്ച് മീറ്ററോളം ആഴമുണ്ട്. ഒരാള്‍ വെള്ളത്തിനടിയില്‍ നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.

20 മിനുട്ട് ആയിരുന്നു ഒരാള്‍ക്ക് സ്‌കൂബക്കുള്ള സമയം. കടലിന്റെ ആഴത്തിലേക്ക്... പലതരം കോറല്‍സ് മത്സ്യങ്ങള്‍...  അതിമനോഹരമായ കാഴ്ച... നിലത്ത് നിര്‍ത്തി കുറെ ഫോട്ടോകള്‍ എടുപ്പിച്ചു. ഓരോരുത്തരും സ്‌കൂബക്ക് പോവുമ്പോള്‍ ഞങ്ങള്‍ ബാക്കിയുള്ളവര്‍ ബോട്ടില്‍ പിടിച്ച് നീന്തിത്തുടിച്ചു.

പിന്നീട് കരയില്‍ വന്ന് കയാക്കിംഗിന് റെഡിയായി. മൂന്ന് തോണികള്‍ ഞങ്ങളെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. അതില്‍ കയറി തുഴഞ്ഞ് ഞങ്ങള്‍ ആസ്വദിച്ചു. ഗ്ലാസ് ബോട്ടിലൂടെയുള്ള യാത്രയില്‍ കടലിന്റെ അടിത്തട്ട് കാണാന്‍ കഴിയുമായിരുന്നു. കോറല്‍സ്, കടലാമ, മറ്റു മത്സ്യങ്ങള്‍ എന്നിവ ഉള്ള സ്ഥലങ്ങളില്‍ നിര്‍ത്തി ഗ്ലാസിനടിയിലൂടെ കാഴ്ചകള്‍ കണ്ടു.

'കല്‍പെട്ടി' ദ്വീപിലേക്ക്

തീരെ ആള്‍താമസമില്ലാത്ത ആ ദ്വീപ് കാട് പിടിച്ച് കിടക്കുകയാണ്. അഗത്തി ദ്വീപിനോട് ചേര്‍ന്ന സ്ഥലമാണത്. അഗത്തിയിലെ വിമാനത്താവളം ഈ ദ്വീപിലേക്ക് പാലം കൊടുത്ത് നീട്ടി ഈ ദ്വീപില്‍ റണ്‍വേ ചേര്‍ക്കാന്‍ വേണ്ടി സര്‍ക്കാര്‍ പ്ലാനിട്ടതായിരുന്നുവത്രെ. അതിനായി അവിടെയുള്ള ആളുകളെ എല്ലാം ഒഴിപ്പിച്ചു, തെങ്ങുകളെല്ലാം വെട്ടിക്കളഞ്ഞു. പിന്നീട് സര്‍ക്കാര്‍ ആ പ്ലാന്‍ ഉപേക്ഷിച്ചു. ആ ദ്വീപിന്റെ ഓരത്ത് കൂടി ആഴക്കടലിനെ വേര്‍തിരിക്കുന്ന റീഫിലേക്ക് പോയി. ആഴക്കടല്‍ തുടങ്ങുന്നിടത്ത് ഒരു തുരുത്ത് പോലെ കുറച്ച് പാറകളുള്ള റീഫ് ദ്വീപിന്റെ ചുറ്റുപാടും എല്ലാ കടലിലും ഉണ്ട്. അവിടെയാണ് ശക്തമായ തിരമാലകള്‍ വന്നടിക്കുന്നത്. റീഫ് കഴിഞ്ഞാല്‍ ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമാണ് കടല്‍. അവിടെ തിര കുറവാണ്. ദ്വീപിനെ വലിയ തിരയില്‍ നിന്ന് സംരക്ഷിക്കാന്‍ ദൈവം തമ്പുരാന്‍ ഒരുക്കിയ സുരക്ഷാ കവചമാണ് ഈ റീഫ്. ഒരു ബോട്ട് ആ റീഫില്‍ വന്നിടിച്ച് തകര്‍ന്നതിന്റെ അവശിഷ്ടം അവിടെയുണ്ട്. ബോട്ടിലുള്ളവര്‍ ഉറങ്ങിപ്പോയതാണത്രെ കാരണം.

നാലാം ദിനം സൂര്യോദയം കാണാന്‍ റൂമിന് കിഴക്കുവശത്തുള്ള കടല്‍ത്തീരത്തേക്ക് പോയി. കടലില്‍ നിന്നും ചുവന്ന ഒരു പൊട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതു പോലെ സൂര്യന്‍ അതാ മനോഹരമായി ഉയര്‍ന്നു വരുന്നു. അതിമനോഹര ദൃശ്യം. ആ കടല്‍ത്തീരത്ത് ഒരു കാന്റീനും കുറെ കസേരയും മേശയും ഊഞ്ഞാലുമെല്ലാം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാത്രി ഒരു മണി വരെയും എന്റെ കൂട്ടുകാര്‍ സൈക്കിള്‍ ഓടിച്ചും കടല്‍ തീരത്തിരുന്നും ആസ്വദിക്കുകയായിരുന്നു. ഏത് പാതിരാത്രിയിലും പട്ടാപ്പകലും ഒരു കള്ളനെയും പേടിക്കേണ്ടതില്ല. കള്ളനില്ല. പട്ടിയില്ല, കാക്കയില്ല, പാമ്പ് ഇല്ല എന്നതൊക്കെ ദ്വീപിന്റെ പ്രത്യേകതകളാണ്.

ഞങ്ങള്‍ 9.30ന് തിരിച്ച് എയര്‍പോര്‍ട്ടിലേക്ക്. 11 മണിക്ക് ഒരേ ഒരു വിമാനം. ആ നാട്ടുകാര്‍ക്ക് എമര്‍ജന്‍സി ആവശ്യത്തിന് ഹെലികോപ്റ്റര്‍ ഉണ്ട്. കൂടാതെ ആര്‍മി, വി.ഐ.പി എന്നിവര്‍ വരുന്ന വിമാനമോ ഹെലികോപ്റ്ററോ... ഇതാണ് അഗത്തി എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി ചില പ്ലാനുകള്‍ തയ്യാറാക്കാന്‍ പോവുന്ന കൊച്ചിയിലെ ഒരു ഓഫീസര്‍ എന്റെ അടുത്ത സീറ്റിലുണ്ടായിരുന്നു. അടുത്ത് തന്നെ ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

അങ്ങനെ നല്ല കുറേ ഓര്‍മകളുമായി ദ്വീപിനോട് ഞങ്ങള്‍ വിടപറഞ്ഞു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media