പൂര്‍ണമായും ആര്‍ത്തവം അവസാനിക്കുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം. 45 മുതല്‍ 55 വയസ്സ് വരെയാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. ഒരു വര്‍ഷം പൂര്‍ണമായും ആര്‍ത്തവം വരാതിരിക്കുന്ന അവസ്ഥയിലാണ് ഒരു സ്ത്രീക്ക് ആര്‍ത്തവ വിരാമം വന്നതായി കണക്കാക്കുന്നത്. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്പാദനം നില്‍ക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവ വിരാമത്തോടടുക്കുമ്പോഴുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണം. 40 വയസ്സാകുമ്പോള്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാറുണ്ട്. അണ്ഡാശയം നീക്കം ചെയ്തവര്‍ക്കും കാന്‍സര്‍ ചികിത്സ തേടുന്നവര്‍ക്കും നേരത്തെ തന്നെ ആര്‍ത്തവവിരാമം ഉണ്ടാകുന്നു.
സ്ത്രീശരീരത്തെ ഗര്‍ഭധാരണത്തിന് അനുയോജ്യമാക്കി മാറ്റുന്ന അവസ്ഥയാണ് ആര്‍ത്തവം. ഇതിന് സഹായിക്കുന്ന ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രൊജസ്ട്രോണും. ഈസ്ട്രജന് അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും മാസത്തില്‍ (28 ദിവസം) ഒരു അണ്ഡം എന്ന തോതില്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ മാസവും ഗര്‍ഭധാരണം പ്രതീക്ഷിച്ചുകൊണ്ട് ഗര്‍ഭാശയം സജ്ജമാവുകയും രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യുന്നു. എന്നാല്‍, ഗര്‍ഭധാരണം നടക്കാത്ത പക്ഷം ഗര്‍ഭാശയം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുപോകുന്നു. അപ്പോള്‍ വികസിച്ച രക്തക്കുഴലുകളും കോശങ്ങളും നശിച്ചു രക്തസ്രാവമായി പുറത്തു പോകുന്നു. ഇങ്ങനെയാണ് ആര്‍ത്തവം ഉണ്ടാകുന്നത്.
ഇപ്രകാരം ഒരു സ്ത്രീമധ്യവയസ്സ് എത്തുന്നതുവരെ അണ്ഡോല്പാദനം തുടരുകയും ക്രമേണ അത് നിലക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമത്തിലൂടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഉണ്ടാവാറുണ്ട്.
എങ്ങനെ നേരിടാം
ആര്‍ത്തവ വിരാമം ശരീരത്തില്‍ ഉണ്ടാക്കിയേക്കാവുന്ന വ്യതിയാനങ്ങളെ പറ്റി ബോധവാന്മാരാവുക എന്നതാണ് ആദ്യം വേണ്ടത്. ശാരീരികമാനസിക വ്യതിയാനങ്ങള്‍ സ്വന്തമായി മനസ്സിലാക്കുകയും ജീവിതരീതികളില്‍ അതനുസരിച്ച് മാറ്റം വരുത്തുകയും വ്യായാമം ശീലമാക്കുകയും ഭക്ഷണരീതികള്‍ ക്രമീകരിക്കുകയും വേണം. യോഗ, റീഡിങ്, സിംഗിംഗ്, ഡാന്‍സിങ് തുടങ്ങി തനിക്ക് പറ്റിയ പുതിയ ഹോബീസ് കണ്ടുപിടിച്ച് അതില്‍ സന്തോഷം കണ്ടെത്തുക. ഭക്ഷണത്തില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുക. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക. ഈസ്ട്രജന് അടങ്ങിയ ചേന, ചേമ്പ്, സോയാബീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച് പങ്കാളി, സഹാനുഭൂതിയും സ്നേഹവും പ്രകടിപ്പിക്കണം. ആര്‍ത്തവ വിരാമത്തിന്റെ സങ്കീര്‍ണതകള്‍ തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി ആവശ്യമാണ്.
ലക്ഷണങ്ങള്‍
ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്നു. 50 ശതമാനം സ്ത്രീകളിലും ഇത് കാണപ്പെടുന്നു. തലയിലോ മറ്റോ തുടങ്ങി ശരീരം മുഴുവന്‍ ഈ ചൂട് വ്യാപിക്കുന്നു. ഹോട്ട് ഫ്ളശസ് (വീ േളഹൗവെല)െ അഥവാ ആവി പറക്കുക എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ക്ഷീണം, നിരാശ, ദേഷ്യം, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം, ആത്മഹത്യാ പ്രവണത, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ കാണപ്പെടാറുണ്ട്.
ജനനേന്ദ്രിയത്തില്‍ വരള്‍ച്ച അനുഭവപ്പെടാറുണ്ട്. ഇതുകാരണം ലൈംഗിക ബന്ധം വേദനാജനകമായി മാറാന്‍ സാധ്യതയുണ്ട്. കൂടാതെ മൂത്രം പിടിച്ചുനിര്‍ത്താനുള്ള ശേഷി കുറയുകയും ചെയ്യുന്നു. മൂത്രാശയ അണുബാധകള്‍ പതിവാകുന്നു.
ഗര്‍ഭാശയം പുറത്തേക്ക് തള്ളി വരാന്‍ സാധ്യത കൂടുന്നു. ആ ഭാഗത്ത് പേശികളുടെ ബലം കുറയുന്നതാണ് ഇതിന് കാരണം.
ആര്‍ത്തവ വിരാമത്തോടെ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യതകളും ഉയരുന്നു. ഈസ്ട്രജന് ഹോര്‍മോണ്‍ ഹൃദയത്തില്‍ ഒരു രക്ഷാകവചമാണ്. അത് നഷ്ടപ്പെടുമ്പോള്‍ ഹൃദ്രോഗങ്ങളും കൂടുന്നു.
എല്ലുകളുടെ ബലക്കുറവ് എല്ലുകള്‍ പൊട്ടാന്‍ കാരണമാകുന്നു.
ഈ ഘട്ടത്തില്‍ മുടികൊഴിച്ചില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കൂടാതെ ചര്‍മത്തിന് വരള്‍ച്ചയും ഉണ്ടാകാറുണ്ട്.
ആര്‍ത്തവചക്രം ക്രമരഹിതമായി സംഭവിക്കുക. അമിത രക്തസ്രാവവും മറ്റും ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് മറ്റ് കാരണങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
മേല്പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാവരിലും ഉണ്ടാവണമെന്നില്ല. ചില ലക്ഷണങ്ങള്‍ താല്ക്കാലികമാണ്. ആര്‍ത്തവ വിരാമം വാര്‍ധക്യത്തിന്റെ സൂചനയാണ് എന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത് സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവിക ഘട്ടം മാത്രമാണ്.