അനുഭവിക്കാന്‍ ഇനിയൊന്നുമില്ലാത്ത ഒരു സ്ത്രീയുടെ കരളുറപ്പിന്റെ പേരാണ് ബില്‍കീസ് ബാനു. ഗര്‍ഭിണിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയും അവരുടെ കണ്മുന്നിലിട്ട് സ്വന്തം മാതാവിനെയും പിതൃസഹോദര പുത്രിയെയും കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൂന്നര വയസ്സുള്ള ആദ്യ കണ്മണിയെ തല നിലത്തടിച്ച് കൊല്ലുകയും അതും പോരാഞ്ഞ് കുടുംബത്തിലെ 11 പേരെ കൂടി കൊലപ്പെടുത്തുകയും ചെയ്ത നരാധമന്മാരെ ഒന്ന് ശിക്ഷിച്ചു കിട്ടാന്‍ ഇന്ത്യന്‍ സ്ത്രീത്വം നടത്തിയ പോരാട്ടത്തിന്റെ കഥയുടെ പേരാണ് ബില്‍കീസ് ബാനു. 2002-ലെ വംശഹത്യക്ക് ശേഷം ഗുജറാത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അടച്ചുവെച്ച കേസാണ് ബില്‍കീസ് തുറപ്പിച്ചെടുത്ത് നരാധമന്മാരായ 11 സംഘ് പരിവാറുകാരെ കല്തുറുങ്കിലടപ്പിച്ചത്. ഒരു സ്ത്രീ താണ്ടിയ കനല്‍പഥം രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഇത്രയേറെ തവണ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടാവില്ല. അതിന് മാത്രമുണ്ട് ബില്‍കീസ് നടത്തിയ നിയമയുദ്ധങ്ങളും നേടിയെടുത്ത വിധികളും.
നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ അരങ്ങേറിയ ഏറെ നിര്‍ഭാഗ്യകരവും അതിനിഷ്ഠൂരവുമായ കുറ്റകൃത്യത്തിന്റെ കേസ് അട്ടിമറിക്കാനായി 'അജ്ഞാതരായ ആളുകള്‍ക്കെതിരെ' എഫ്.ഐ.ആറിട്ടത് മുതല്‍ തുടങ്ങിയതാണ് ബില്‍കീസിന്റെ പോരാട്ടവും. സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ഭരണഘടനാ സ്ഥാപനങ്ങളോരോന്നും നീതിക്കായുള്ള അവരുടെ പോരാട്ടത്തിന്റെ വഴിയില്‍ വൈതരണികള്‍ തീര്‍ത്ത് കൊടിയ അനീതി കാണിച്ചു. അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയില്‍ നേരിട്ട വധഭീഷണികള്‍ മൂലം 20 തവണയാണ് ബില്‍കീസിന് വീട് മാറേണ്ടി വന്നത്. പല തവണ പതറിയിട്ടും അടി തെറ്റി വീണിട്ടും വീണ്ടും എഴുന്നേറ്റുനിന്ന് അവര്‍ പോരാട്ടം തുടര്‍ന്നു.
ഒരു ബലാല്‍സംഗത്തിന്റെ ഇരയുടെ പേരുപയോഗിക്കുന്നതും മുഖം കാണിക്കുന്നതും കുറ്റകരമായ രാജ്യത്ത് സ്വന്തം പേരും മുഖവുമായി പ്രത്യക്ഷപ്പെട്ട് പോരാടിയ ബില്‍കീസ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വതയായി. ഇരയെന്നും അതിജീവിതയെന്നും നിര്ഭയയെന്നുമൊക്കെയുള്ള വിളിപ്പേരുകളില്‍ മുഖം പൂഴ്ത്താന്‍ ബില്‍കീസ് തയാറാകാതിരുന്നതോടെ, 14 പേരുടെ കൂട്ടക്കൊലയും മൂന്ന് പേരുടെ കൂട്ടമാനഭംഗവും അരങ്ങേറിയ കിരാത കൃത്യം 'ബില്‍കീസ് ബാനു കേസ്' എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. അതിനവരെ ചേര്‍ത്തുപിടിച്ച ഭര്‍ത്താവ് യാകൂബ് റസൂലിനെ കൂടി പറയാതെ ഈ പോരാട്ടത്തിന്റെ കഥ പൂര്‍ത്തിയാകില്ല. കോടതിയിലും പുറത്തും ബില്‍കീസിന്റെ പോരാട്ട വഴിയില്‍ യാകൂബ് നിഴലായി നടന്നു. ഒരു സ്ത്രീക്ക് സഹിക്കാവുന്നതിനപ്പുറം കടന്നുപോയ പീഡനപര്‍വം ബില്‍കീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുമ്പോഴെല്ലാം ദുരഭിമാനം തൊട്ടുതീണ്ടാതെ കുഞ്ഞുങ്ങളുമായി കൂട്ടിരുന്ന ധീരനായ ആ പുരുഷനെ പല തവണ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ശരീരവും മനസ്സും തകര്‍ന്ന് മാനസികാഘാതത്തിന്റെയും വിഷാദത്തിന്റെയും കയത്തിലാണ്ട നിസ്സംഗതയും നിര്‍വികാരതയും കലര്‍ന്ന ഒരു ഭാവമാണ് ബില്കീസിനെങ്കില് ഞാനല്ലാതെ പിന്നെയാരാണ് അവര്‍ക്ക് കൂട്ടിരിക്കേണ്ടത് എന്നതായിരുന്നു യാകൂബിന്റെ ഭാവം. ഏതൊരു ഭര്‍ത്താവിനും എന്നെന്നേക്കുമുള്ള ഒരു പാഠപുസ്തകമായി യാകൂബിന്റെ ദാമ്പത്യ ജീവിതവും മാറുകയാണ്.
2002 മാര്‍ച്ച് നാലിനാണ് 'അറിയാത്ത പ്രതികള്‍ക്കെതിരെ' ഗുജറാത്ത് പൊലീസിന്റെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നത്. കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍, പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് മോദിയുടെ പോലീസ് കേസ് അടച്ചുവെക്കുന്നതാണ് കണ്ടത്. അന്വേഷണം അടച്ചുവെച്ച പൊലീസ് റിപ്പോര്‍ട്ട് ഗുജറാത്ത് കോടതി അംഗീകരിച്ചെങ്കിലും ബില്‍കീസ് വിട്ടുകൊടുത്തില്ല. ഹീനമായ കുറ്റകൃത്യത്തിന്റെ കേസ് അടച്ചുവെച്ച 2003 മാര്‍ച്ച് 25-ലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിനെതിരെ ബില്‍കീസ് യാകൂബ് റസൂല്‍ എന്ന ബില്‍കീസ് ബാനു 2003-ല്‍ സുപ്രീം കോടതിയിലെത്തി. ബില്‍കീസിന്റെ ഹരജി അംഗീകരിച്ച് മോദിയുടെ പോലീസ് അടച്ചുവെച്ച കേസ് ഫയല്‍ തുറപ്പിച്ച സുപ്രീം കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറി. പുതുതായി അന്വേഷണം നടത്തി ഒരു വര്‍ഷത്തിനകം അത് പൂര്‍ത്തിയാക്കിയ സി.ബി.ഐ 2004 ഏപ്രില്‍ 19-ന് 21 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു ലക്ഷ്യത്തിനായി സംഘം ചേര്‍ന്ന് മാരകായുധങ്ങളേന്തി നടത്തിയ കലാപവും ബലാല്‍സംഗവും കൊലപാതകവും ഇവര്‍ക്കെതിരെ കുറ്റങ്ങളായി ചുമത്തി.
പോലീസിനെ പോലെ കോടതിയും നിഷ്പക്ഷമല്ല ഗുജറാത്തിലെന്ന് കണ്ട ബില്‍കീസ് കേസിന്റെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍ വീണ്ടും സുപ്രീം കോടതിയിലെത്തി. 2004 ആഗസ്റ്റ് ആറിന് സുപ്രീം കോടതി മറ്റൊരു ഉത്തരവിലൂടെ അഹമ്മദാബാദിലെ ദാഹോഡ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റി. ഈ കേസിലെ പ്രത്യേക സാഹചര്യങ്ങളും വസ്തുതകളും കണക്കിലെടുത്തായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ഗുജറാത്തില്‍നിന്ന് കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റിയില്ലായിരുന്നുവെങ്കില്‍ ബില്‍കീസിന് നീതി ലഭിക്കില്ലായിരുന്നു. 2005 ജനുവരി 13-ന് മുംബൈ വിചാരണ കോടതി 11 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തി. വിചാരണ പൂര്‍ത്തിയാക്കി 2008 ജനുവരി 21-ന് വിധി പുറപ്പെടുവിച്ചു.
പ്രതികളെ രക്ഷപ്പെടുത്താനായി കരുതിക്കൂട്ടി എഫ്.ഐ.ആര് തിരുത്തിയ പോലീസ് ഉദ്യോഗസ്ഥന് സോമഭായ് ഗൗരിയെ ഗ്രേറ്റര്‍ മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചു. ഗുരുതരമായ കുറ്റം ആരോപിച്ചിരുന്ന അഞ്ച് പോലീസുകാരെയും രണ്ട് ഡോക്ടര്‍മാരെയും വെറുതെ വിട്ടു. ജീവപര്യന്തം തടവുശിക്ഷക്കെതിരെ 11 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ബോംബെ ഹൈക്കോടതി തള്ളി. മാത്രമല്ല, വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പോലീസുകാരെയും രണ്ട് ഡോക്ടര്‍മാരെയും ബോംബെ ഹൈക്കോടതി ശിക്ഷിച്ചു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ദിവസംതൊട്ട് തെറ്റായ ദിശയിലാണ് ഗുജറാത്ത് പോലീസ് അന്വേഷണം കൊണ്ടുപോയതെന്ന് ബോംബെ ഹൈക്കോടതി കുറ്റപ്പെടുത്തി. ഗുജറാത്ത് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് മാത്രമല്ല, പ്രതികളെ രക്ഷിക്കാന്‍ സത്യത്തിന് നിരക്കാത്ത നടപടികളുണ്ടായെന്നും ആ വിധി പ്രസ്താവത്തിലുണ്ട്. ഈ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജി ബോംബെ ഹൈക്കോടതി തള്ളി.
താന്‍ അനുഭവിച്ച യാതനകള്‍ക്ക് നഷ്ടപരിഹാരം തേടിയായിരുന്നു ബില്‍കീസ് ബാനുവിന്റെ അടുത്ത നിയമയുദ്ധം. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചപ്പോഴും നഷ്ടപരിഹാരം നല്‍കാതിരുന്നത് ചോദ്യം ചെയ്ത് ബില്‍കീസ് ബാനു 2019 ഏപ്രില്‍ 23-ന് വീണ്ടും സുപ്രീം കോടതിയിലെത്തി. ബില്കീസിനുണ്ടായ നഷ്ടം ഇത്തരം കേസുകളെയെല്ലാം മറികടക്കുന്ന തരത്തിലുള്ളതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കണ്മുന്നില് നടന്ന നിഷ്ഠൂരവും അതിക്രൂരവുമായ അക്രമങ്ങള്‍ മായ്ക്കാനാകാത്ത പാടായി ബില്‍കീസിന്റെ മനസ്സില്‍ പതിഞ്ഞുകിടക്കുകയാണെന്നും അവ ഇനിയും വിടാതെ അവരെ വേട്ടയാടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ ക്രൂരകൃത്യത്തോടെ ഒരു നാടോടിയുടെയും അനാഥയുടെയും ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ബില്‍കീസ് ബാനു എന്‍.ജി.ഒകളുടെ ജീവകാരുണ്യത്താല്‍ കഴിയേണ്ടവളല്ലെന്ന് പറഞ്ഞ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചു.
പരമോന്നത കോടതി ഇത്രയൊക്കെ പിന്തുണച്ചിട്ടും ഗുജറാത്തിന്റെ നിയമ വ്യവസ്ഥ ബില്‍കീസിനെ നോക്കി പല്ലിളിച്ചുകൊണ്ടിരുന്നു. കുറ്റവാളികളെ കല്തുറുങ്കിലടപ്പിച്ചിട്ടും പോരാട്ടം അവസാനിപ്പിക്കാനാകാത്ത തരത്തില്‍ ഗുജറാത്ത് ഭരണകൂടം പെരുമാറി. തുറുങ്കിലടച്ച കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കും മുമ്പെ മോചിപ്പിച്ച് ബില്‍കീസിനെയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും കൊഞ്ഞനം കാട്ടി. കേസ് അന്വേഷിച്ച സി.ബി.ഐയും ശിക്ഷ വിധിച്ച വിചാരണ കോടതിയും ശിക്ഷ തീരാതെ മോചിപ്പിക്കാവുന്ന കുറ്റവാളികളല്ല ഇവരെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടും അതെല്ലാം മറികടന്നായിരുന്നു മോചന നടപടി. ശിക്ഷ തീരും മുമ്പെ മോചനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച രാധേ ശ്യാം ഭഗവാന് ദാസ് എന്ന കുറ്റവാളി നിഷ്ഠൂരമായ ക്രൂര കൃത്യത്തില്‍ സജീവമായി പങ്കെടുത്തയാളാണെന്നും, അതിനാല്‍ മോചനം അനുവദിക്കാനാവില്ലെന്നുമായിരുന്നു സി.ബി.ഐയുടെ നെഗറ്റീവ് റിപ്പോര്‍ട്ട്. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു കാരണവശാലും മോചന അപേക്ഷ അനുവദിക്കരുതെന്ന് മുംബൈയിലെ വിചാരണ കോടതിയും നെഗറ്റീവ് റിപ്പോര്‍ട്ട് നല്കി. ഇതും പോരാഞ്ഞ്, കുറ്റകൃത്യം നടന്ന പ്രദേശമുള്‍ക്കൊള്ളുന്ന ഗുജറാത്തിലെ ദാഹോഡ് ജില്ലാ കലക്ടറും ഈ കുറ്റവാളികളുടെ മോചനം അരുതെന്ന് റിപ്പോര്‍ട്ട് നല്കി. ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയവര്‍ അവയൊക്കെയും മറികടന്ന് കുറ്റവാളികളെ മോചിപ്പിക്കുന്നതാണ് കണ്ടത്. സുപ്രീം കോടതി പോലും ഈ നീക്കത്തില്‍ കബളിപ്പിക്കപ്പെടുകയും കരുവാക്കപ്പെടുകയും ചെയ്തു.
2022 ആഗസ്റ്റ് 25-ന് 11 കുറ്റവാളികളെയും ഗുജറാത്ത് ജയിലില്‍നിന്ന് മോചിപ്പിച്ച് ഹാരമണിയിച്ചാനയിച്ച് വായില്‍ ലഡു വെച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ഓഫീസില്‍ അവര്‍ക്ക് സ്വീകരണമേര്‍പ്പെടുത്തി. ഗര്‍ഭിണിയായ തന്നെയും അവരുടെ മാതാവിനെയും പിതൃസഹോദര പുത്രിയെയും കൂട്ട ബലാല്‍സംഗം ചെയ്തവരെല്ലാം വിലയുള്ള ബ്രാഹ്മണരാണെന്ന ബി.ജെ.പി എം.എല്‍.എയുടെ അനുമോദന പ്രസംഗവും കൂടി കേട്ടാണ് വീണ്ടുമൊരിക്കല്‍ കൂടി ബില്‍കീസിന് സുപ്രീം കോടതിയില്‍ വരേണ്ടി വന്നത്. ഈ കാഴ്ചകളെല്ലാം കണ്ട് നൊമ്പരപ്പെട്ട, മനുഷ്യത്വം മരവിക്കാത്ത ഒരു പറ്റം സ്ത്രീകളും കൂടെ പൊതുതാല്പര്യ ഹരജികളുമായി ബില്‍കീസിനൊപ്പം സുപ്രീം കോടതിയിലെത്തി. ഈ ഹരജികള്‍ പരിഗണിക്കുന്നത് നീട്ടിവെപ്പിച്ചും നടപടിക്രമങ്ങളില്‍ സാങ്കേതിക തടസ്സങ്ങളുന്നയിച്ചും ഹരജി കേള്‍ക്കാതെ നീട്ടിക്കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ നടത്തിയ നീക്കങ്ങളാണ് പിന്നീട് കണ്ടത്. നീതിബോധമുള്ള മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫ് വിരമിക്കുന്നത് വരെ കേസ് കേള്‍ക്കാതിരിക്കാനുള്ള കളികളായിരുന്നു ഇതെല്ലാം. ഈ കളികളെല്ലാം കണ്ട് സഹികെട്ട ജസ്റ്റിസ് കെ.എം ജോസഫ് തനിക്കിതൊക്കെ മനസ്സിലാകുന്നുണ്ടെന്ന് അതേക്കുറിച്ച് കോടതിയില്‍ തുറന്നടിക്കുന്നതും കണ്ടു. ജസ്റ്റിസ് ജോസഫ് മാറിയതോടെ വിധി അനുകൂലമാകുമെന്ന് കരുതിയ കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബി.ജെ.പി സര്‍ക്കാറുകളുടെ കരണത്തേറ്റ അടിയായി ജസ്റ്റിസ് ബി.വി നാഗരത്ന എഴുതിയ വിധിപ്രസ്താവം. ജനുവരി എട്ടിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ബില്‍കീസ് നടത്തിയ പ്രതികരണത്തില്‍ എല്ലാമുണ്ട്. ബില്‍കീസിന്റെ ജീവിതത്തില്‍ ഒരാഴ്ച വൈകിയെത്തിയ പുതുവര്‍ഷമായിരുന്നു സുപ്രീം കോടതി വിധി.
ബില്‍കീസിന് ഒപ്പം നിന്ന പെണ്ണുങ്ങള്
ബില്‍കീസ് സമര്‍പ്പിച്ച ഹരജിക്കൊപ്പം, ജീവിതത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീത്വത്തിനായുള്ള ബില്‍കീസിന്റെ പോരാട്ടത്തില്‍ അണിചേര്‍ന്നു. മുന്‍ എം.പിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ഉപാധ്യക്ഷയുമായ സുഭാഷിണി അലിയാണ് കുറ്റവാളികളുടെ മോചനത്തിനെതിരെ ആദ്യം സുപ്രീംകോടതിയിലെത്തിയത്. മുന്‍ വനിതാ പോലീസ് ഓഫീസറും പിന്നീട് നയതന്ത്ര ഉദ്യോഗസ്ഥയുമായിരുന്ന ഡോ. മീരന് ഛദ്ദ ബോര്‍വങ്കര്‍ എന്ന ഗുജറാത്തി വനിതയാണ് ബില്‍കീസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയിലെത്തിയ മറ്റൊരു വനിത. ശിക്ഷാ കാലാവധി തീരും മുമ്പ് കുറ്റവാളികളെ മോചിപ്പിക്കാനുള്ള ഇളവ് ഭാവിയില്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് കൂടി ആവശ്യപ്പെട്ടായിരുന്നു പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മഹുവ മൊയ് ത്രയുടെ ഹരജി. ലഖ്നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രൂപ് രേഖാ വര്‍മ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക രേവതി ലോല്, ഗുജറാത്തിലെ സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ അസ്മ ശഫീഖ് ശൈഖ്, ഇന്ത്യന്‍ മഹിളാ ഫെഡറേഷന് എന്നിവരും പിന്നാലെയെത്തി.