അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ നരഹത്യക്കെതിരെ
ആഞ്ഞടിച്ച ശ്രദ്ധേയ വ്യക്തിത്വ൦
അടുത്തിടെ ലോകത്ത് ഉയര്‍ന്നുകേട്ട ശക്തമായ പെണ്‍ ശബ്ദങ്ങളിലൊന്നായിരുന്നു ആദില ഹാസിമിന്റെത്. പ്രമുഖ ദക്ഷിണാഫ്രിക്കന്‍ അഭിഭാഷകയാണ് ആദില ഹാസിം. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ നരഹത്യക്കെതിരെ ആഞ്ഞടിച്ചാണ് അവര്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയാണവര്‍. ഇപ്പോള്‍ ഗസ്സക്കെതിരെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തെ ആധുനിക യുദ്ധ ചരിത്രത്തിലെ ഏറ്റവും കനത്ത പരമ്പരാഗത ബോംബിംഗ് കാമ്പെയ്‌നുകളിലൊന്ന് എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
യുദ്ധത്തോടെ ഫലസ്തീന്‍ ജനതക്ക് അനുഭവിക്കേണ്ടിവന്ന താങ്ങാനാവാത്ത പ്രയാസങ്ങൾ, നാശനഷ്ടങ്ങൾ, യുദ്ധം ഗസ്സ നഗരങ്ങളെ തകർത്തെറിഞ്ഞത്, ജീവിക്കാന്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകാത്തത്, അന്താരാഷ്ട്ര സഹായങ്ങള്‍ തടസ്സപ്പെടുത്തുന്നത് എല്ലാം അവര്‍ അന്താരാഷ്ട്ര കോടതിക്കു മുമ്പാകെ വിളിച്ചുപറഞ്ഞു. ഗസ്സയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിലൂടെ മനുഷ്യാവകാശം ഊന്നിപ്പറയുന്ന അന്താരാഷ്ട്ര നീതിന്യായ നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് അവര്‍ ഐ.സി.ജെയില്‍ വാദിച്ചു. 'കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നുമുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ഇല്ലാതാക്കപ്പെടുകയാണ് ഗസ്സ. പട്ടിണിയും രോഗവുംകൊണ്ട് മരണത്തിന്റെ മുനമ്പില്‍ നില്‍ക്കുന്നവരാല്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു ഗസ്സ. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യാ കുറ്റങ്ങളാണെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റും.' അന്താരാഷ്ട്ര കോടതിയില്‍ ഇസ്രായേലിനെയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും ലോകത്തിനു മുന്നില്‍ അവര്‍ തുറന്നുകാട്ടി.
ഇരുപത് വര്‍ഷമായി നിയമ രംഗത്തുള്ള ആദില കറപ്ഷന്‍ വാച്ച് എന്ന അഴിമതി വിരുദ്ധസ്ഥാപനത്തിന്റെ സഹസ്ഥാപകയും ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും മുന്‍നിര്‍ത്തി സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്ന സെക്ഷന്‍ 27-ലെ മുന്‍ ഡയറക്ടറുമാണ്.
'ഈ നിമിഷം ഞാനിവിടെ നില്‍ക്കുമ്പോള്‍ 21300 ആണ് ഗസ്സയിലെ മരണ നിരക്ക്. കൊന്നുതള്ളിയ മനുഷ്യരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. മൂന്ന് മാസം കൊണ്ട് 7000 മനുഷ്യരെ കാണാതായി. സ്‌കൂളുകള്‍, ആശുപത്രികള്‍, അഭയാര്‍ഥി ക്യാമ്പുകള്‍- എവിടെയായാലും ഇസ്രായേല്‍ ബോംബുകള്‍ വര്‍ഷിച്ച് ഫലസ്തീനികളെ കൊല്ലുന്നു. അവര്‍ പറയുമ്പോഴേക്കും പാലായനം ചെയ്തില്ലെങ്കില്‍, അവര്‍ സുരക്ഷിത പാതയെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ പോയാല്‍, അവര്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളില്‍ പോയാല്‍ എല്ലാം ഇസ്രായേല്‍ ബോംബു വര്‍ഷിച്ച് കൊലചെയ്യുകയാണ്, ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാണ്. മരിച്ചവര്‍ മാത്രമല്ല, അംഗഭംഗം വന്നവര്‍, ബന്ദികളാക്കപ്പെട്ട് മാനസികാഘാതം ഏറ്റവര്‍ തുടങ്ങി വേറെയും പീഡിതർ ഗസ്സയിലുണ്ട്. നാല് ലക്ഷത്തോളം വീടുകള്‍ നശിപ്പിക്കപ്പെട്ടു. അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ ഇനിയൊരിടത്തേക്കും പോകാനില്ലാതെ ബാക്കിയുണ്ട്. ഇത് തുടര്‍ന്നാല്‍ ആളുകള്‍ മരിച്ചുവീഴുന്നത് പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലമായിക്കും'. മൂന്ന് മണിക്കൂറോളം തുടര്‍ന്ന വാദത്തിനിടയില്‍ ഗസ്സയുടെ യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്കയുടെ ശ്രദ്ധേയമായ പ്രാതിനിധ്യം അവര്‍ അടയാളപ്പെടുത്തി. 'ഈ അന്താരാഷ്ട്ര കോടതിയില്‍ നിന്നുള്ള ഒരു ഉത്തരവല്ലാതെ യാതൊന്നും ഗസ്സയിലെ കഷ്ടപ്പാടുകള്‍ തടയില്ലെന്നും. ഐ.സി.ജെ ഇസ്രായേലിനോട് സൈനിക വിന്യാസം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണ'മെന്നും അവര്‍ ആവശ്യപ്പെട്ടു.
ഭരണഘടനാ, ആരോഗ്യ നിയമങ്ങളാണ് 2003 ജൂണില്‍ ജൊഹന്നാസ്ബര്‍ഗ് സൊസൈറ്റി ഓഫ് അഡ്വക്കേറ്റില്‍ പ്രവേശനം ലഭിച്ച ആദിലയുടെ പരിശീലന മേഖലകള്‍. ഹൈക്കോടതികളിലെയും ഭരണഘടനാ കോടതിയിലെയും വിവിധ ഡിവിഷനുകളില്‍ ആദില ഹാജരായിട്ടുണ്ട്. ഭരണഘടന, അഡ്മിനിസ്‌ട്രേറ്റീവ്, ആരോഗ്യം, നിയമം എന്നിവയില്‍ വൈദഗ്ധ്യം നേടിയ ആദില പതിറ്റാണ്ടുകളായി നിയമ മേഖലയിൽ പ്രവര്‍ത്തിച്ചു. ആക്ടിംഗ് ജഡ്ജിയുടേയും ഭരണഘടനാ കോടതിയിലെ നിയമ ഉദ്യോഗസ്ഥയുടെയും ഉള്‍പ്പെടെ ഒന്നിലധികം പദവികള്‍ അവര്‍ അലങ്കരിച്ചിട്ടുണ്ട്.