നിങ്ങളറിഞ്ഞോ ആവോ. കാലാവസ്ഥ മാറുന്നത് പ്രമാണിച്ച് പുതിയ സാങ്കേതിക വിദ്യകള്‍ എത്തിക്കഴിഞ്ഞു.
സോളാര്‍ ഷീല്‍ഡ് എന്ന ഭൂമിക്കുടയാണ് പുതിയത്. സൂര്യ പ്രകാശത്തെ തടുക്കാനും നിയന്ത്രിക്കാനുമുള്ള സൂത്രം. ക്ലൗഡ് സീഡിങ് വഴിയുള്ള കൃത്രിമമഴ നേരത്തെ ഉണ്ടല്ലോ.
എന്റെ അഭിപ്രായത്തില്‍ ഇത് നന്ന്. ഇനിയങ്ങോട്ട് വെയില് കൂടിയാലും മഴ പിഴച്ചാലും ഗവണ്മെന്റിനെ കുറ്റം പറയാമല്ലോ.
ഇതുവരെ അങ്ങനെ ആയിരുന്നില്ല. വരള്‍ച്ച വന്നാല്‍ ആരും സര്‍ക്കാറിനെ കുറ്റപ്പെടുത്തില്ല. കൃഷിമന്ത്രിക്ക് ധൈര്യമായി പത്രസമ്മേളനം നടത്തി ആശ്വാസത്തുക പ്രഖ്യാപിച്ച് വെറുതെയിരിക്കാമായിരുന്നു.
മഴ കൂടിയാലും സര്‍ക്കാര്‍ സുരക്ഷിതം. പാവം അവരെന്ത് ചെയ്യാനാണ്? മഴദുരിതം കൂടിയാല്‍ പ്രളയ ദുരിതാശ്വാസമെന്നു പറഞ്ഞ് പിരിവെടുക്കാനും പറ്റും.
അതുകൊണ്ട്, കാലാവസ്ഥ ഭരണത്തിന്റെ ഭാഗമാകുന്നത് തലവേദനയാണ്. എന്നുവെച്ച് അതത്ര മോശമാണെന്നും കരുതേണ്ട.
ധനകാര്യം, വിദ്യാഭ്യാസം, ആഭ്യന്തരം ഒക്കെ പോലെ കാലാവസ്ഥയും ഒരു വകുപ്പാക്കാം. വകുപ്പാകുമ്പോള്‍ മന്ത്രി. പിണങ്ങി നില്ക്കുന്ന ഒറ്റയാന് പാര്‍ട്ടിയെ മെരുക്കാന്‍ പറ്റും. മന്ത്രിയെന്നു പറഞ്ഞാല്‍ വീട്, കാറ്, പേഴ്സണല്‍ സ്റ്റാഫ്, പരിവാരം. എത്രയോ പേരെ തൃപ്തിപ്പെടുത്താം.
പക്ഷേ, ശരിക്കും ലാഭം പ്രതിപക്ഷത്തിനാണ്. മഴയായാലും വെയിലായാലും മഞ്ഞായാലും കാറ്റായാലും ഇതൊന്നുമില്ലെങ്കിലും പ്രതിപക്ഷ നേതാവിന് പത്രസമ്മേളനം നടത്താനുള്ള വകയുണ്ടാകും. മണ്ഡലം തോറും പ്രതിഷേധക്കൂട്ടായ്മകള്‍ നിരന്തരം നടത്താം. 'മഴ ഇന്നലെ രണ്ടിഞ്ചാണ് കൂടിയത്. കോട്ടമുക്കില്‍ വെള്ളക്കെട്ടുണ്ടായതിന് ആര് മറുപടി പറയും? മഴ ഇല്ലാത്തതിനാല്‍ കുടവ്യവസായികള്ക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ കാണുന്നില്ലേ? കൃഷിക്കാവശ്യമായ വെള്ളമോ വെയിലോ യഥാസമയം സര്‍ക്കാര്‍ റിലീസ് ചെയ്യുന്നില്ല. ഈ കെടുകാര്യസ്ഥതക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും....'' എന്നൊക്കെ തരം പോലെ പ്രസംഗിക്കാം.
തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ മന്ത്രാലയം സൃഷ്ടിക്കുന്ന അവസരം ചെറുതല്ല. നീതിയുക്തമായ മഴനയം വാഗ്ദാനം ചെയ്യാം. പഞ്ചായത്ത് തോറും കാലാവസ്ഥാ ഫണ്ടുകളുണ്ടാക്കാം. വാര്‍ഡുകള്‍ തോറും മഴദിനങ്ങളും വെയില് ദിനങ്ങളും നിശ്ചയിക്കാന്‍ ഹിതപരിശോധന പ്രഖ്യാപിക്കാം.
(ഭരണം കിട്ടിയാല്‍ ജി.എസ്.ടി നിരക്ക് കൂടി കാലാവസ്ഥക്ക് ചുമത്താം. അത് പുറത്ത് പറയണമെന്നില്ല).
തെരഞ്ഞെടുപ്പ് കഴിഞ്ഞാലാണ് പ്രശ്നം. പാര്‍ലമെന്റും, (കാലാവസ്ഥ കണ്‍കറന്റ് ലിസ്റ്റിലാണെങ്കില്‍) അസംബ്ലിയും ആദ്യം തീരുമാനിക്കേണ്ടി വരിക ജനഹിതം എന്ത് എന്നതാവും. കര്ഷകന് കൃത്യസമയത്ത് മഴയും കൃത്യസമയത്ത് വെയിലും വേണ്ടി വരും; ചിലര്‍ക്ക് ഇടക്ക് മഞ്ഞും, വല്ലപ്പോഴും ഇടിയും. വാട്ടര്‍ തീം പാര്‍ക്ക് ലോബിക്ക് ഇടക്കിടെ ശക്തമായ മഴ കിട്ടണം. ക്രിക്കറ്റ് ഭ്രാന്തന്മാര്ക്ക് മഴയോടല്ല വെയിലിനോടാണ് പ്രിയം.
ചുറ്റുമുള്ളവരോട് ചോദിച്ച് നോക്കൂ. ഇതാ, ഇടതു ഭാഗത്തുള്ള ചെറുപ്പക്കാരന് നാളെ തെളിഞ്ഞ കാലാവസ്ഥ നിര്‍ബന്ധം; മൂന്നാറിലേക്കൊരു ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നു.
വലതു ഭാഗത്തെയാള്ക്ക് മഴ വേണം. വീട്ടുമുറ്റവും തൊടിയും കാടുവെട്ടി വൃത്തിയാക്കാന്‍ ഭാര്യ പറഞ്ഞുകൊണ്ടിരിക്കുന്നു; മഴ ഒഴിഞ്ഞാല്‍ ചെയ്യാമെന്ന് അയാള്‍ ഏറ്റുപോയി.
മുന്നിലെ സ്ത്രീക്ക് മഴ വേണ്ട. മഴ ഒഴിഞ്ഞിട്ടു വേണം റേഷന്‍ വാങ്ങാന്‍.
പിന്നില്‍ വരുന്ന കുട്ടിക്ക് നാളെ മഴ പെയ്താലും പെയ്തില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ, വരുന്ന തിങ്കളാഴ്ച നല്ല കനത്ത മഴ പെയ്യണം. അന്നാണ് ക്ലാസ് പരീക്ഷ; അതും മാത്സ്!
ഈ അവസ്ഥയില്‍ എന്ത് തരം കാലാവസ്ഥാ നയമാണ് സര്‍ക്കാറിന് എടുക്കാനാവുക? അക്കാര്യത്തില്‍ വിദഗ്ധരാണ് രാഷ്ട്രീയ നേതാക്കള്‍. ഒരു കരടു നയം ഇതാ:
'സര്‍ക്കാറിന് കാലാവസ്ഥാ വിഷയത്തില്‍ പിടിവാശികളില്ല; തുറന്ന മനസ്സാണ്. എല്ലാവിഭാഗം ആളുകള്‍ക്കും തൃപ്തികരമായ തീരുമാനങ്ങള്‍ യഥാസമയം എടുത്ത് നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഉറപ്പു നല്കുന്നു.''
ഇതെങ്ങനെ നടപ്പാക്കുമെന്നാണോ? കര്‍ഷകര്‍ മഴക്കായി നിവേദനം തന്നാല്‍ മഴയുടെ ടാപ്പ് തുറക്കാം; അന്നേരം ടൂറിസം ലോബി മഴക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ ടാപ്പ് അടക്കാം. കുടവ്യാപാരികളും മഴക്കോട്ട് വ്യവസായികളും സെക്രട്ടേറിയേറ്റ് നട ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ തീരുമാനം മാറ്റാം. എ.സി നിര്‍മാതാക്കള്‍ (ഫാന്‍ വ്യവസായികളുടെ ശക്തമായ പിന്തുണയോടെ) ചൂടും വെയിലുമാവശ്യപ്പെട്ട് ജാഥ നടത്തിയാല്‍ തീരുമാനം പിന്നെയും മാറ്റാം.
എല്ലാം ശുഭം. ഒറ്റ കുഴപ്പം മാത്രം. ആളുകള്‍ തമ്മില്‍ കുശലം ചോദിക്കാന്‍ ഇനി മറ്റെന്തെങ്കിലുമൊക്കെ കണ്ടുപിടിക്കേണ്ടി വരും. 'നാട്ടില്‍ മഴയുണ്ടോ?' എന്നൊന്നും ചോദിക്കാന്‍ പറ്റില്ല. അത് രാഷ്ട്രീയമായിപ്പോകും.