ഒരു പെങ്ങളാണ് എനിക്കുള്ളത്, രേണുക. പ്രായംകൊണ്ട് ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 14 വയസ്സെങ്കിലും എന്നേക്കാള്‍ ചെറുതാണ്. അതിനൊരു കാരണമുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഒരാളുണ്ടായിരുന്നു, അനുജന്‍. കുട്ടിക്കാലത്ത് തന്നെ അവന്‍ മരണപ്പെട്ടു. അതിനുശേഷമാണ് പെങ്ങള്‍ ജനിക്കുന്നത്. പ്രായവ്യത്യാസം കാരണം അവള്‍ പെങ്ങള്‍ എന്നതിലുപരി മകളെന്ന പോലെയാണ് എന്നോടൊപ്പം വളര്‍ന്നത്. അവള്‍ സ്‌കൂള്‍ പഠനം ആരംഭിക്കുമ്പോഴേക്കും എന്റെ സ്‌കൂള്‍ പഠനം അവസാനിച്ചിരുന്നു.
സാധാരണ പറയുന്നതുപോലെ പാടവരമ്പിലൂടെ ഞങ്ങള്‍ ഒരുമിച്ച് സ്‌കൂളില്‍ പോയിട്ടില്ല. എന്നാല്‍ ഞാനവളെ എടുത്ത് നടന്നിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു പെങ്ങളുടെ ജനനം. അന്ന് ഞാനവിടെ ഉണ്ട്. ആശുപത്രിയില്‍ എല്ലാ കാര്യത്തിനും ഞാന്‍ ഓടിനടന്നു. അവളുടെ ജനനം മുതലുള്ള കാര്യങ്ങള്‍ എനിക്കറിയാം. അതുകൊണ്ടു തന്നെ ഞാന്‍ അവള്‍ക്ക് വലിയൊരു ആശ്രയമാണ്.
അഛന്‍ രാഘവന്‍ നായര്‍. പാലേരിയാണ് തറവാട്. അധ്യാപകനായിരുന്നു. അമ്മ ദേവി അമ്മ. കോട്ടൂരാണ് അമ്മയുടെ വീട്. പാലേരി വടക്കുമ്പാട് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഏഴു കിലോമീറ്ററോളം നടന്നുവേണം സ്‌കൂളില്‍ പോകാന്‍. പെങ്ങള്‍ പഠിച്ചത് കുറ്റിയാടി ഹൈസ്‌കൂളിലാണ്. അവളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അഛനോടൊപ്പം ഞാനും പോയിരുന്നു. കോളേജില്‍ ചേര്‍ക്കാനും ഞാന്‍ പോയി.
ഞങ്ങളുടെ കുട്ടിക്കാലത്ത് നാട്ടിലൂടെ ബസ് ഇല്ല. കുറ്റിയാടിക്ക് പോകണമെങ്കില്‍ പുഴ കടക്കണം. അന്ന് പാലം ഇല്ല എന്നാണെന്റെ ഓര്‍മ.
ഒരു ദിവസം പെങ്ങള്‍ക്ക് അപസ്മാരം ഉണ്ടായി. അഛനന്ന് വീട്ടിലില്ല. വടകരയില്‍ എന്തോ ആവശ്യത്തിനു പോയതായിരുന്നു. വടകരയില്‍ പോയാല്‍ സാധാരണ അന്ന് തന്നെ തിരിച്ച് വീട്ടില്‍ വരാറില്ല. വാഹനസൗകര്യം ഇല്ലാത്തതായിരുന്നു കാരണം. കുടുംബക്കാരുടെ ആരുടെയെങ്കിലും വീട്ടില്‍ അന്ന് താമസിക്കുകയാണ് പതിവ്. ഇക്കാര്യമറിയുന്ന അമ്മ, അസുഖബാധിതയായ പെങ്ങളെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുക്കലെത്തിക്കാന്‍ തീരുമാനിച്ചു. ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. സമീപത്തൊന്നും വീടുമില്ല, ആളുമില്ല. മറ്റൊന്നും ആലോചിക്കാതെ അമ്മ രേണുകയെ എടുത്ത് തോളിലിട്ടു നടന്നു. അവള്‍ക്കന്ന് രണ്ടോ മൂന്നോ വയസ്സേയുള്ളൂ. പിന്നാലെ കരഞ്ഞുകൊണ്ട് ഞാനും നടന്നു. മുണ്ടും ബ്ലൗസുമായിരുന്നു അമ്മയുടെ വേഷം. എന്റേത് ട്രൗസറും ബനിയനും.
അന്നൊക്കെ ഒരസുഖം വന്നാല്‍ ഡോക്ടറെ കാണിക്കാന്‍ കുറ്റിയാടി പോകണം. അവിടെയാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയുള്ളത്. അത്ര വലുതൊന്നുമല്ലായിരുന്നു ആശുപത്രി. പിന്നെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് കുറ്റിയാടിയിലുള്ള ഭാസ്‌കരന്‍ ഡോക്ടറെയാണ്. അദ്ദേഹം എം.ബി.ബി.എസ് ഡോക്ടറായിരുന്നില്ല. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷ്ണര്‍ ആയിരുന്നു. മലമ്പനി വന്ന കാലത്തെ 'ഡോക്ടര്‍.' പനി ചികിത്സയായിരുന്നു മുഖ്യം. ഒരു ക്ലിനിക്ക് ആയിരുന്നു അദ്ദേഹത്തിന്റേത്.
ഡോക്ടറെ കാണാന്‍ പെങ്ങളെയും കൊണ്ട് ഞങ്ങള്‍ പുറപ്പെടുമ്പോള്‍ സമയം സന്ധ്യയായിരുന്നു. വീട്ടിലിടുന്ന വസ്ത്രത്താലേ അമ്മ പെങ്ങളെയും എടുത്ത് നടക്കുകയും പിന്നാലേ കരഞ്ഞുകൊണ്ട് പോകുന്ന എന്നെയും കണ്ട് നാട്ടുകാര്‍ കാര്യമന്വേഷിച്ചു. അഛന്‍ മാഷായതുകൊണ്ട് ഞങ്ങളെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആരുടെയും ചോദ്യത്തിന് ഉത്തരമൊന്നും നല്‍കാതെ അമ്മ വേഗത്തില്‍ നടന്നു. കൂടെ ആളുകളും. കുറ്റിയാടി എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. കൂടെ ഒരു ജനക്കൂട്ടവും.
ഭാസ്‌കരന്‍ ഡോക്ടറുടെ അടുക്കലേക്കാണ് ഞങ്ങള്‍ പോയത്. അദ്ദേഹം പരിശോധിച്ചു. എന്നാല്‍ അപസ്മാരത്തിനുള്ള ചികിത്സ അവിടെ ഇല്ലായിരുന്നു. ഇതിനുള്ള മരുന്ന് എന്റെയടുക്കലില്ലെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരത്തുള്ള ഡോക്ടറെ കാണിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞു. കുറ്റിയാടിയില്‍നിന്നും 8-9 കിലോമീറ്റര്‍ ദൂരമുണ്ട് നാദാപുരത്തേക്ക്. ഞാനോ അമ്മയോ നാദാപുരത്ത് ഇതിനു മുമ്പ് പോയിട്ടുമില്ല. കൈയില്‍ പണവുമില്ല. ബസ്സുകള്‍ കുറവ്. വാഹനം വിളിച്ചുവേണം പോകാന്‍. ഞങ്ങളാകെ വിഷമിച്ചു. എന്നാല്‍ എന്തിനും തയാറായി കൂടെ കുറേ നാട്ടുകാരുണ്ട്. ഭാസ്‌കരന്‍ ഡോക്ടര്‍ അഛന്റെ സുഹൃത്തുമാണ്. ഒടുവില്‍ അദ്ദേഹം ഞങ്ങള്‍ക്ക് വിളിച്ചുതന്ന ജീപ്പില്‍ ഞങ്ങളെല്ലാവരും കൂടി നാദാപുരത്തേക്ക് പോയി. രണ്ട് ദിവസം അവിടെ ആശുപത്രിയില്‍ കിടന്നു. രോഗം ഭേദമായ ശേഷമാണ് ഞങ്ങള്‍ തിരിച്ചു പോന്നത്. ആ ഒരു സംഭവം ഇന്നും മനസ്സില്‍ മായാതെയുണ്ട്.
കോളേജില്‍ പഠിക്കുമ്പോള്‍ അവള്‍ പുസ്തകം വായിക്കും. കവിതയും ചൊല്ലുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ വെച്ച് മധുസൂദനന്‍ നായര്‍ തന്റെ 'നാറാണത്ത് ഭ്രാന്തന്‍' എന്ന കവിത ചൊല്ലിയത് ഞാന്‍ റിക്കാര്‍ഡ് ചെയ്ത് കൊണ്ടുവന്നു. അതുകേട്ട് പഠിച്ച് കോളേജില്‍ ചൊല്ലി രേണുക സമ്മാനവും നേടുകയുണ്ടായി.
ഇടശ്ശേരിയുടെ 'പെങ്ങള്‍' കവിതയിലെ പെങ്ങളെയാണ് എനിക്ക് വളരെ യാഥാര്‍ഥ്യബോധമുള്ളതായിട്ട് തോന്നിയിട്ടുള്ളത്. എന്നാല്‍ കവിതയില്‍ കാണുന്ന ബന്ധം പലപ്പോഴും ആദര്‍ശവല്‍ക്കരിക്കുന്നതാണ്. യഥാര്‍ഥ ജീവിതത്തില്‍ ബന്ധങ്ങള്‍ തട്ടിയുമുടഞ്ഞുമൊക്കെയാണ്. എനിക്ക് എന്റെ അനുജത്തിയുമായി കാല്‍പ്പനികമായോ, കവിത വായിച്ച് സങ്കല്‍പിച്ചെടുത്തതോ ആയ ഒരു ബന്ധം അല്ല. കുടുംബ ജീവിതത്തിലായാലും സാമൂഹിക ജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും ബന്ധം സ്ഥാപിക്കലാണ് പ്രധാനം.
ഒരു മുറി നമ്മള്‍ ലേ ഔട്ട് ചെയ്യുമ്പോള്‍ എന്ത്, എവിടെ വെക്കണമെന്ന് നാം തീരുമാനിക്കാറുണ്ട്. കസേരക്കും മേശക്കും അലമാരക്കും ഫോട്ടോക്കും നാം ഓരോ സ്ഥാനം തീരുമാനിക്കുന്നു. ഇതുതന്നെയാണ് ബന്ധങ്ങളും. ഇതിനപ്പുറം മറ്റൊന്നില്ല. ഈ തീരുമാനിക്കലിനെയാണ് സാംസ്‌കാരിക നാഗരികത എന്നു പറയുന്നത്. ഇതിന്റെ ഒരു പ്രതിഫലനം മാത്രമാണ് കുടുംബബന്ധങ്ങള്‍.
ആത്യന്തികമായി പ്രകൃതിയിലും ഈ തത്ത്വം കാണാം. ചില വൃക്ഷങ്ങളുടെ അടുത്ത് എല്ലാ ചെടികളും വളരില്ല. ഇത്ര അകലത്തേ ഉണ്ടാവൂ. ഏത് വൃക്ഷത്തിന്റെയടുത്ത് ഏത് ചെടി വളരുമെന്ന് പ്രകൃതിയെ നിരീക്ഷിച്ചാല്‍ നമുക്ക് കാണാം. ഇതുതന്നെയാണ് മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും. ഇതിനപ്പുറം ബന്ധങ്ങളെ കാല്‍പ്പനികമായി കാണുമ്പോഴാണ് ബന്ധത്തില്‍ വിഛേദനങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാകുന്നത്.
ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവള്‍ അംഗീകരിക്കണമെന്നില്ല. വാശിയേറെയുള്ള ആളാണ്. ഇപ്പോഴും പല കാര്യങ്ങളിലും വാശി കാണിക്കും. അതു കാണുമ്പോള്‍ എനിക്ക് ചിരി വരും. അവള്‍ മുതിര്‍ന്ന ആളാണെന്ന ഭാവത്തോടെ പല കാര്യങ്ങളും ചോദിക്കാന്‍ തുനിയുമ്പോള്‍ എനിക്കറിയാം, ഇത് കുട്ടിക്കാലത്തെ വാശിയുടെ ബാക്കിയാണെന്ന്. അഛന്റെയും എന്റെയും വാത്സല്യത്തില്‍ വളര്‍ന്നതുകൊണ്ടാവാം ഇതെന്ന് ഞാന്‍ കരുതും.
അവളുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവ് മോഹനന്‍. മക്കള്‍ രണ്ടു പേര്‍, ഹരിതയും സ്വാതികൃഷ്ണനും. താമസവും വേറെയായി. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് ഒരു കോട്ടവും ഇതുവരെ തട്ടിയിട്ടില്ല. ജീവിത തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ അവളെ ചെന്നു കാണാനോ ക്ഷേമം അന്വേഷിക്കാനോ സാധിച്ചെന്നു വരില്ല. എങ്കിലും ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ ആശയവിനിമയം നടത്താറുണ്ട്. അവള്‍ക്കെന്തെങ്കിലും അസുഖമോ ജീവിത പ്രയാസമോ വരുമ്പോള്‍ എനിക്കതറിയാന്‍ സാധിക്കും. അപ്പോള്‍ എങ്ങനെയെങ്കിലും അവിടെ പോകണമെന്നും തോന്നും. അപ്പോള്‍, അന്ന് വൈകീട്ടോ മറ്റെവിടെയെങ്കിലും പോകുന്ന സമയത്തോ ഞാനവളുടെ വീട്ടില്‍ കയറും. ഇത് പെങ്ങള്‍ക്ക് തിരിച്ചും ഉണ്ടാകാറുണ്ട്. ഇതാണ് ഞാന്‍ കണ്ട സഹോദരീ-സഹോദര ബന്ധം. ഇത് പലപ്പോഴും മറ്റ് കുടുംബബന്ധങ്ങളിലൊന്നും ഉണ്ടാവാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ പറയാം; എന്റെ സ്വത്വത്തിനു പുറത്തല്ല പെങ്ങള്‍, അകത്താണ്. ട
തയാറാക്കിയത്: ശശികുമാര്‍ ചേളന്നൂര്‍