കണ്‍നിറയെ കഅ്ബ കണ്ട്
ഉമ്മുറുജ്ഹാന്‍
ആഗസ്റ്റ് 2019
കുഞ്ഞുനാളില്‍ പുത്തനുടുപ്പണിഞ്ഞ് മൈലാഞ്ചിയിട്ട് തുള്ളിച്ചാടി ഉപ്പാന്റകത്തേക്കൊരു പോക്കാണ്. അതേ മാനസികാവസ്ഥയാണ് മക്കത്തേക്ക് പുറപ്പെടുമ്പോള്‍ എനിക്കുണ്ടായിരുന്നത്. ആദിമാതാവിന്റെയും
കുഞ്ഞുനാളില്‍ പുത്തനുടുപ്പണിഞ്ഞ് മൈലാഞ്ചിയിട്ട് തുള്ളിച്ചാടി ഉപ്പാന്റകത്തേക്കൊരു പോക്കാണ്. അതേ മാനസികാവസ്ഥയാണ് മക്കത്തേക്ക് പുറപ്പെടുമ്പോള്‍ എനിക്കുണ്ടായിരുന്നത്. ആദിമാതാവിന്റെയും ആദിപിതാവിന്റെയും സംഗമസ്ഥാനം. സര്‍വസുഖലോലുപരായി കഴിഞ്ഞിരുന്ന ജന്നാത്തുല്‍ ഫിര്‍ദൗസില്‍നിന്ന് പടച്ചവന്റെ കല്‍പന ലംഘിച്ചതിന് രണ്ടുപേര്‍ക്കും ലഭിച്ച ശിക്ഷയുടെ ഫലമായി ഭൂമിയിലേക്കിറക്കപ്പെട്ട ശേഷം ആദ്യമായി കണ്ടുമുട്ടുകയും ഒന്നിച്ചു കുടുംബമായി ജീവിക്കുകയും ചെയ്തു എന്നു പറയപ്പെടുന്ന സ്ഥലം. ഭൂമിയെന്ന ഈ ഗ്രഹത്തിലെ മനുഷ്യന്റെ ആദ്യകാല്‍വെപ്പുകളും കുടുംബ സങ്കല്‍പത്തിലെ മൂലബിന്ദുവും ഇവിടെയായിരുന്നല്ലോ. ധിക്കാരം പഠിപ്പിച്ച പാഠത്തില്‍നിന്ന് അനുസരണയുള്ള അടിമയായി ഭൂമിയില്‍ അല്ലാഹുവിന്റെ നിയമങ്ങളും കല്‍പനകളും സ്ഥാപിക്കുന്നതിന് പ്രവാചകത്വത്തിന്റെ ഭാരവും പേറി ആദിപിതാവും കൂടെ സന്തതസഹചാരിയായി ഹവ്വായും ജീവിതം തുടങ്ങിയതിവിടെയാണല്ലോ. ആരാധനകള്‍ക്ക് ദിശനിര്‍ണയിച്ചുകൊടുക്കുന്ന ഹജറുല്‍ അസ്‌വദിനെ ആദ്യമായി സാക്ഷിയാക്കിയതും ഇവരിവിടെയാണല്ലോ... മനസ്സില്‍ നിറയെ സന്തോഷപ്പൂക്കളുമായാണ് പുണ്യഭൂമിയില്‍ കാലുകുത്തിയത്. പരിശുദ്ധ കഅ്ബയും റൗളാ ശരീഫും കാണാനുള്ള കുഞ്ഞുനാളിലേയുള്ള ആഗ്രഹ പൂര്‍ത്തീകരണം സാധ്യമാവാന്‍ പോവുന്ന നിമിഷങ്ങള്‍.... ഹിറാഗുഹയിലെ ഇഖ്‌റഇന്റെ ആദ്യാക്ഷരക്കുറിയും ബദ്‌റിന്റെയും ഉഹുദിന്റെയും വിജയപരാജയ പാഠങ്ങളും മനസ്സില്‍ അലയടിച്ചു. ഓരോ മണല്‍ത്തരികള്‍ക്കും ആയിരക്കണക്കിന് കഥകള്‍ പറയാനുള്ളതു പോലെ.
വ്യത്യസ്ത രാജ്യങ്ങളിലെ ഒരേ ആദര്‍ശത്തിന്റെ പൂച്ചെണ്ടില്‍ കോര്‍ത്ത ലക്ഷക്കണക്കിന് മനുഷ്യര്‍. വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കുന്നവരെങ്കിലും പ്രാര്‍ഥനകളിലും രീതികളിലും ഏകീകൃത രൂപം. വ്യത്യസ്ത ആകാരഭംഗിയാണെങ്കിലും സാഹോദര്യത്തിന്റെ മാധുര്യമൂറുന്ന പെരുമാറ്റ മര്യാദകള്‍. ഇവിടെയെത്തിയ എല്ലാവരുടെയും മനസ്സില്‍ ഒരേ ലക്ഷ്യം, ഒരേ മാര്‍ഗം. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാവരും ഉരുവിടുന്നത് ഒരേ ദിക്‌റുകള്‍. മനസ്സില്‍നിന്നുയരുന്നത് ഒരേ പ്രാര്‍ഥനകള്‍. നിറഞ്ഞ മനസ്സോടെയും തികഞ്ഞ ഭക്തിയോടെയും ഇവിടെ വന്നെത്തിയ ലക്ഷക്കണക്കിന് മനുഷ്യരില്‍ ഒരാളായി ഞാനും മാറി.
വേഷത്തിലുമുണ്ട് ഐക്യരൂപം. സ്വന്തം നാട്ടിലുപയോഗിക്കുന്ന ആര്‍ഭാടപൂര്‍ണമായ ഉടയാടകള്‍ വലിച്ചെറിഞ്ഞ് ലാളിത്യത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമായ വെള്ളവസ്ത്രങ്ങള്‍. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അറബിയെന്നോ അനറബിയെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ല. എല്ലാവരും സര്‍വശക്തനു മുമ്പില്‍ തുല്യര്‍. പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ദൃഢനിശ്ചയം ചെയ്ത് പാഥേയമൊരുക്കി നേരത്തേ ഒരുങ്ങിവന്നവര്‍ തന്നെയാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നു വന്ന ഈ ലക്ഷക്കണക്കിനാളുകള്‍. ആരും യാദൃഛികമായി എത്തിപ്പെട്ടവരാണെന്നു തോന്നുന്നില്ല.
പോരുന്ന വഴിയില്‍ ഇരുവശവും കണ്ണുപായിച്ചു. വൃത്തിയുള്ള വിശാലമായ റോഡിനിരുവശവും നിരനിരയായി നില്‍ക്കുന്ന ഈത്തപ്പനകള്‍. മലകളും മണല്‍കുന്നുകളും പാറകളും നിറഞ്ഞ പാതയോരം. തുരങ്കങ്ങള്‍ക്കിടയിലൂടെ വിദഗ്ധമായി നിര്‍മിക്കപ്പെട്ട റോഡുകള്‍. മക്കയില്‍ കടക്കുന്നിടത്തേക്ക് ഒരു ബോര്‍ഡ് കണ്ടു. പ്രവേശനം മുസ്‌ലിംകള്‍ക്ക് മാത്രം. അതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനം ഓര്‍മവന്നു.
റൂമിലെത്തി ഭക്ഷണം കഴിച്ച് ഇശാ നമസ്‌കാരത്തിനു ശേഷം വിശ്രമിക്കാനാണ് നിര്‍ദേശം ലഭിച്ചത്. പരിശുദ്ധ ഹറമിനടുത്തു തന്നെ താമസസൗകര്യം ലഭിച്ചത് ഭാഗ്യമായി. റൂമില്‍നിന്നിറങ്ങി നേരെ നടന്നാല്‍ ഹറമിലെത്തും. നിര്‍ദേശപ്രകാരം വിശ്രമിക്കാന്‍ തോന്നിയില്ല. റൂമില്‍നിന്നിറങ്ങി നേരെ ഹറമിലേക്കു തന്നെ നടന്നു. റമദാനിലെ ഇന്നത്തെ പകല്‍ പതിവിലും ദീര്‍ഘിച്ചതാണെങ്കിലും ഒട്ടും ക്ഷീണം അനുഭവപ്പെട്ടിരുന്നില്ല. കാലുകള്‍ക്ക് പതിവില്ലാത്ത ആവേശമായിരുന്നു. അവ ധൃതിയില്‍ ചലിച്ചു കൊണ്ടേയിരുന്നു. ജനസാഗരത്തിനൊത്ത് ഞാനും ഒഴുകിനടന്നു. ഒഴുകിയെത്തിയത് പരിശുദ്ധ ഹറമിലേക്കാണ്. കുറച്ച് സമയം അവിടെയിരുന്നു. പ്രാര്‍ഥനകളില്‍ മുഴുകി ചുറ്റും കണ്ണോടിച്ചപ്പോള്‍ പരിശുദ്ധ കഅ്ബ അടുത്തുതന്നെയുണ്ട്. ഉള്ള് കോരിത്തരിച്ചു. മനസ്സ് തുടിക്കുന്നതിനനുസരിച്ച് കാലുകളും ചലിച്ചു. മീറ്ററുകളോളം ഉയര്‍ന്നുനില്‍ക്കുന്ന മേല്‍ക്കൂരയുടെ ഭംഗിയിലേക്ക് നോക്കുന്നതിനിടയില്‍ അങ്ങേയറ്റത്ത് മത്വാഫിലേക്കുള്ള വഴി എന്നെഴുതിയ ബോര്‍ഡ് കണ്ടു. ലക്ഷ്യം തൊട്ടുമുമ്പിലുണ്ടെന്ന ബോധം നടത്തത്തിനു വേഗത കൂട്ടി. ആള്‍ക്കൂട്ടത്തിന്റെ ഒഴുക്കിനനുസരിച്ചു തന്നെ നടന്നു. നടന്നു നടന്ന് നേരെ ചെന്നെത്തിയത് മത്വാഫിന്റെ ഒന്നാം നിലക്കാണ്. കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോള്‍ എന്താണ് കാണാന്‍ ആഗ്രഹിച്ചത് അതാ മുന്നില്‍ നില്‍ക്കുന്നു. കണ്ണുനിറച്ചു കാണാന്‍ വേണ്ടി കുറേക്കൂടി മുന്നോട്ട് നീങ്ങിനിന്നു. അല്‍ഹംദു ലില്ലാഹ്. താഴെ ചുറ്റും ജനസമുദ്രം വൃത്താകൃതിയില്‍ മെല്ലെ നീങ്ങുന്നു. വലിയ ആറ്റത്തിനു ചുറ്റും ഇലക്‌ട്രോണുകള്‍ ഭ്രമണം ചെയ്യുന്ന പോലെ. മനസ്സിലാകെ നിറച്ചുവെച്ചത് കണ്ണുകളിലൂടെ ഒഴുകി. ആ നിമിഷത്തെ വിവരിക്കാന്‍ വയ്യ. പറയാനുള്ളതു മുഴുവന്‍ ഇരു കൈകളുയര്‍ത്തി ഒറ്റ ശ്വാസത്തില്‍ ചുണ്ടുകളിലൂടെ വിതുമ്പി.. യാ റബ്ബീ.. നിന്നനില്‍പില്‍ ചുറ്റും നോക്കിയപ്പോള്‍ എല്ലാ ഹൃദയങ്ങളും ഒരേ താളത്തില്‍. നാളത്തേക്ക് വെച്ചിരുന്ന കാര്യം നേരത്തേ സാധിച്ച സന്തോഷത്തില്‍ തിരിച്ച് റൂമിലേക്ക് നടക്കുമ്പോള്‍ ശരീരത്തിന് തീരെ ഭാരമില്ലാത്തതുപോലെ അനുഭവപ്പെട്ടു. റൂമിലെത്തിയപ്പോള്‍ എല്ലാവരും യാത്രാക്ഷീണത്തില്‍ നല്ല ഉറക്കത്തിലാണ്. പിറ്റേന്ന് രാവിലെ 7 മണിക്ക് ഉംറ ചെയ്യേണ്ടതാണ്. പക്ഷേ, ഉറക്കം കണ്‍പോളകളില്‍നിന്നും എത്രയോ അകലെ.... കിടക്കുന്നത് കട്ടിലിലാണെന്ന് തോന്നുന്നില്ല.. സന്തോഷാധിക്യം കൊണ്ട് ആകാശത്ത് ഒഴുകിനടക്കുന്നതു പോലെ.
സ്വുബ്ഹ് നമസ്‌കാരത്തിനു മുമ്പേ കുളിച്ചു വൃത്തിയായി. എയര്‍പോര്‍ട്ടില്‍വെച്ചു തന്നെ ഇഹ്‌റാമില്‍ പ്രവേശിച്ചിരുന്നു. നാഥന്റെ വിളിക്കുത്തരം നല്‍കികൊണ്ടും സ്തുതിയുരുവിട്ട് അവന് പങ്കുകാരില്ലെന്ന് പ്രഖ്യാപിച്ചും അമീറിനു പിറകിലായി എല്ലാവരും നടന്നു. ചുറ്റും ജനക്കൂട്ടങ്ങള്‍ നടന്നു നീങ്ങുന്നത് ഇതേ ഈണത്തിലാണ്. ത്വവാഫ് നിര്‍വഹിക്കുന്നത് താഴത്തെ നിലയില്‍വെച്ചു തന്നെ. തലേന്ന് രാത്രി ഒന്നാംനിലയില്‍നിന്ന് നോക്കിക്കണ്ടത് ഇപ്പോള്‍ നേരെ അഭിമുഖമായി. വൃത്താകൃതിയില്‍ ചുവടുതെറ്റാതെ ചലിച്ചുകൊണ്ടിരിക്കുന്ന ജനസമുദ്രം. വീട്ടിലെ ചുമരില്‍ തൂക്കിയ ഫോട്ടോക്ക് പെട്ടെന്ന് ജീവന്‍വെച്ച് വലുതായതുപോലെ. ആ വലിയ ന്യൂക്ലിയസ്സിനുചുറ്റും കാണുന്ന ചെറിയ ഒരു ഇലക്‌ട്രോണായി ഞാനും മാറി. ഹൃദിസ്ഥമാക്കിയ പ്രാര്‍ഥനകള്‍ തിരക്കില്‍ മറന്നുപോകാതിരിക്കാന്‍ കൈപ്പുസ്തകം കൈയില്‍തന്നെയുണ്ടായിരുന്നു. മെല്ലെ നടന്ന് പരമാവധി കഅ്ബക്കരികിലേക്കെത്താന്‍ ശ്രമിച്ചു. നീങ്ങിനീങ്ങി കൈയെത്തും ദൂരത്തെത്തി. ഇബ്‌റാഹീം (അ) പണിത പരിശുദ്ധ ഭവനം. ഏകദൈവവിശ്വാസത്തിന്റെ കരിങ്കല്ലും നെടുംതൂണും കൊണ്ട് നാട്ടിയെടുത്ത ആരാധനാലയം. ഇബ്‌റാഹീം(അ) കഅ്ബ പണിയുന്നത് മനസ്സില്‍ തെളിഞ്ഞുവന്നു. റസൂലുല്ലാഹ് ഖുറൈശികളിലെ പ്രഗത്ഭന്മാരുടെ ഇടയില്‍ തലയുയര്‍ത്തിനിന്ന് ഹജറുല്‍ അസ്‌വദ് എടുത്തു വെക്കുന്നത് നേരില്‍ കാണുന്നതു പോലെ. കുറച്ചുകൂടി തിരക്കില്‍ നീങ്ങി ഒന്നാം നിരയിലെത്തിയപ്പോള്‍ ഒരു സാമ്രാജ്യം കീഴടക്കിയ പ്രതീതി.
നേരെ തൊട്ടുനിന്ന് ത്വവാഫ് ചെയ്യുമ്പോള്‍ പ്രാര്‍ഥനകള്‍ക്കൊപ്പം ഗദ്ഗദങ്ങളും തൊണ്ടയില്‍നിന്നുയരുന്നു. ചുറ്റിലുമുള്ള ഓരോരുത്തരും അവരവരുടെ ലോകത്ത്, ആരും ആരെയും ശ്രദ്ധിക്കുന്നില്ല. അറബിയും അനറബിയും കറുത്തവനും വെളുത്തവനും നീണ്ടവനും കുറിയവനും സുന്ദരനും വിരൂപിയും ആണും പെണ്ണുമെല്ലാം തോളുരുമ്മിതന്നെ. എല്ലാ പ്രാര്‍ഥനകളും ദിക്‌റുകളും ചൊല്ലി വിങ്ങലുകളും നെടുവീര്‍പ്പുകളും ഗദ്ഗദങ്ങളും തേങ്ങലുകളും സമര്‍പ്പിച്ചുകൊണ്ട് വട്ടം വെച്ചു. പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട നാട്ടിലെ പല മുഖങ്ങളും മിന്നിമറഞ്ഞു. ഏഴു ചുറ്റലുകളും പൂര്‍ത്തിയാക്കുമ്പോഴേക്കും എല്ലാ വേദനകളും പ്രയാസങ്ങളും ആശങ്കകളും ഇറക്കിവെച്ചുകഴിഞ്ഞിരുന്നു. മാതാപിതാക്കളുടെയും മക്കളുടെയും ഗുരുനാഥന്മാരുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. മഖാമു ഇബ്‌റാഹീമില്‍നിന്നും രണ്ടു റക്അത്ത് നമസ്‌കരിച്ചു. തിരികെ നിര്‍ദേശം ലഭിച്ചതനുസരിച്ച് മര്‍വാ ഗേറ്റിലേക്ക് നീങ്ങി. തുടര്‍ന്ന് ഹാജറാബീവി ഒരിറ്റു കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ സ്വഫാ-മര്‍വ മലകളുടെ ഇടയിലേക്ക്. ശീതീകരിച്ച പാതയിലൂടെ തണുത്തുവിറച്ച് സഅ്‌യ് ചെയ്യുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് കാലുകള്‍ നിലത്തുവെക്കാന്‍ കഴിയാതെ മലകള്‍ക്കിടയിലൂടെ പരക്കം പാഞ്ഞിരുന്ന ഹാജറാ ബീവിയെ മുമ്പില്‍ കാണുന്നപോലെ. ദാഹിച്ചു തൊണ്ടപൊട്ടിയ ഇസ്മാഈലിന്റെ കരച്ചില്‍ എവിടെനിന്നോ കാതില്‍ വന്നലച്ചു. അവര്‍ക്കു മുന്നില്‍ ഉറവയായി അണപൊട്ടിയൊഴുകിയ സംസം ജനകോടികള്‍ക്ക് അനുഗ്രഹമായി, അമൂല്യജലമായി ഇന്നും നിറഞ്ഞൊഴുകുന്നു. കുടിച്ചിട്ടും കുടിച്ചിട്ടും മതിയാവാതെ കൈയിലുള്ള കുപ്പികളിലും കാനുകളിലും നിറച്ച് നെഞ്ചോടു ചേര്‍ത്ത് ആ മഹതിയുടെ ഓര്‍മകളില്‍ സര്‍വശക്തന്റെ സ്തുതിഗീതം പാടി എല്ലാവരും തിരിച്ചു നടന്നു.
ബാക്കിയുള്ള ദിനങ്ങള്‍ പരമാവധി ഹറമില്‍തന്നെ ചെലവഴിക്കുകയായിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം റൂമിലെത്തും. എത്രയും പെട്ടെന്ന് ഹറമിലേക്ക് തന്നെ തിരിക്കും. രാവും പകലും വ്യത്യസ്ത രാജ്യക്കാര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. എല്ലാവരും സ്വന്തം ഭാണ്ഡത്തിലേക്ക് പുണ്യങ്ങള്‍ നിറക്കാന്‍ മത്സരിക്കുന്നു. നമസ്‌കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളുരുവിട്ടും ദിക്‌റുകള്‍ ചൊല്ലിയും ദിനരാത്രങ്ങള്‍. സുദീര്‍ഘമായ രാത്രി നമസ്‌കാരത്തില്‍ നീണ്ട ഖുനൂത്താണ്. മിക്കവാറും ആ പ്രാര്‍ഥനകളില്‍ ഇഹപരമായ എല്ലാ സംഗതികളും പെടും. അത്രയും ഹൃദയസ്പര്‍ശിയായ പ്രാര്‍ഥനയില്‍ ലോകത്തിലെ എല്ലാ വിഭാഗം മുസ് ലിംകളും പെടും. ഇത്രയും പുണ്യമായ ദിവസങ്ങളില്‍ സല്‍മാന്‍ രാജാവിനെ ഒരുപാട് പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ ഫലസ്ത്വീനികള്‍ക്കു വേണ്ടി ഒരു തവണ പോലും പ്രാര്‍ഥിക്കാതിരുന്നതില്‍ അത്ഭുതവും സങ്കടവും തോന്നി. സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികളെ എന്തിനിങ്ങനെ ഭരണകൂടം ഭയപ്പെടുന്നു?
ആള്‍ക്കൂട്ടത്തില്‍ പ്രായമേറിയ സ്ത്രീപുരുഷന്മാരുണ്ട്. കൊച്ചുകുട്ടികളെ കൂടെക്കൂട്ടി വന്ന മാതാക്കളുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളുണ്ട്. രോഗബാധിതരുണ്ട്. തീരെ വയ്യാത്തവരുണ്ട്. എങ്കിലും ആര്‍ക്കും ഇവിടെ അവരുടെ പ്രായമോ വയ്യായ്കയോ രോഗമോ വേദനകളോ പ്രശ്‌നമല്ല. എല്ലാവരും നിറഞ്ഞ സംതൃപ്തിയില്‍ രാവും പകലും മാറിമാറി പ്രതീക്ഷിച്ചിരിക്കുന്നു. തിങ്ങിനിറഞ്ഞിരിക്കുന്നു. സ്വഫുകളില്‍ ഇരിക്കുന്നതും സുജൂദ് ചെയ്യുന്നതുമായ സ്ഥലം മാത്രമാണവരുടെ ലോകം. അതിനപ്പുറത്തേക്ക് ആരും ഒന്നും അറിയുന്നില്ല. അന്വേഷിക്കുന്നുമില്ല. വ്യത്യസ്ത ഭാഷക്കാരായതിനാല്‍ ആശയ വിനിമയത്തിലുള്ള പ്രയാസം പരസ്പരം പുഞ്ചിരിയിലൊതുക്കും. ചിലപ്പോള്‍ ചുമലില്‍ തട്ടി 'മാശാ അല്ലാഹ്' എന്ന് പറയും. ചെറിയ ചെറിയ ഉപകാരങ്ങള്‍ക്കുപോലും അല്ലാഹു നിനക്ക് പ്രതിഫലം തരട്ടെ എന്ന് മറുപടി തരും. സ്വര്‍ഗത്തില്‍ നമ്മെ ഒരുമിച്ചുകൂട്ടട്ടെ എന്ന് പ്രാര്‍ഥിക്കും. ഓരോരുത്തരും ആശയവിനിമയം നടത്തുന്നത് ഇവിടെ അല്ലാഹുവിനോടാണ്. ഇസ്തിഗ്ഫാര്‍ നടത്തി പരമമായ സ്വര്‍ഗത്തിനുവേണ്ടി അര്‍ഥിക്കുന്നതിനിടയില്‍ അവര്‍ ചുറ്റും നടക്കുന്നതൊന്നും അറിയുന്നതുപോലുമില്ല. പരസ്പരം സംസാരിച്ചും കഥപറഞ്ഞും സമയം കൊല്ലാനുമില്ല. ഒരു നിമിഷം പോലും വെറുതെ കളയാനില്ലാത്തതിനാല്‍ എല്ലാവരും തിരക്കിലാണ്. മറക്കാനാവാത്ത അനുഭവങ്ങളില്‍ ചിലതിവിടെ കുറിക്കാതിരിക്കാനാവില്ല. അല്‍പം അറബിയും കുറച്ച് ഇംഗ്ലീഷും അറിയുന്നതിനാല്‍ അടുത്തിരിക്കുന്നവരോട് ആശയവിനിമയം നടത്താന്‍ പറ്റുമോയെന്ന് ഞാനൊന്നു ശ്രമിച്ചുനോക്കി. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നു വന്ന മുസ്‌ലിംകളുടെ സംസ്‌കാര വൈവിധ്യങ്ങളും ആചാരരീതികളും നാട്ടിലെ വിശേഷങ്ങളുമറിയാന്‍ ഇതില്‍പരമൊരു അവസരം ഇനി കിട്ടില്ലല്ലോ.
കൂടെയുള്ളവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മിസ്‌രികളാണെന്നു തോന്നുന്നു. വ്യത്യസ്ത ഗ്രൂപ്പുകളിലൂടെ ഇവിടെ എത്തിയവര്‍. അവരുടെ ബാഗും വസ്ത്രവും അതിന്റെ ഐഡന്റിറ്റിയാണ്. ഒരു ദിവസം അസ്‌റ് നമസ്‌കാരത്തിനു ശേഷം മഗ്‌രിബ് ബാങ്കും പ്രതീക്ഷിച്ച് ഖുര്‍ആന്‍ പാരായണം ചെയ്തുകൊിരിക്കുകയായിരുന്നു. പെട്ടെന്ന് പിന്നില്‍നിന്നും ഒരു ഏങ്ങിക്കരച്ചില്‍. കരച്ചില്‍ ഇടക്കിടെ തൊണ്ടയില്‍ കുടുങ്ങുന്നതുപോലെയും വീണ്ടും ഉച്ചത്തിലാവുന്നതും പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോഴുള്ള വിതുമ്പലും എന്റെ ശ്രദ്ധതിരിച്ചു. പിന്നിലുള്ള രൂപം കണ്ട് ഞെട്ടിത്തരിച്ചു പോയി. സുന്ദരിയായ പതിനേഴുകാരി പെണ്‍കുട്ടി. അഫ്ഗാനിസ്താന്‍കാരി ഹനൂന്‍ മര്‍യം. നാഡീഞരമ്പുകള്‍ക്ക് തകരാറു സംഭവിച്ച് കോച്ചിവലിക്കുന്ന മുഖവും കൈകാലുകളും. തനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത നാഡീവ്യവസ്ഥ പേറി, ഒരു ഞരമ്പിനും തകരാറില്ലാത്ത മനസ്സുമായി അഫ്ഗാനിസ്താനില്‍നിന്നും നാഥന്റെ വിളിക്കുത്തരം നല്‍കി എത്തിയതാണവള്‍. കോച്ചിവലിക്കുന്ന കാലുകള്‍ നീട്ടിയും ചുരുട്ടിയും വെച്ച് പ്രാര്‍ഥനകള്‍ക്കായി ഉയര്‍ത്തുന്ന കൈകളെ നേരെ നിര്‍ത്താന്‍ പാടുപെടുന്നു. വിതുമ്പുന്ന ചുണ്ടുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. വലിഞ്ഞു മുറുകിയ സുന്ദരമായ മുഖത്തെ ഭംഗിയുള്ള കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തി കണ്ണീര്‍തൂകി പ്രാര്‍ഥിക്കുന്ന ആ പെണ്‍കുട്ടി മനസ്സില്‍നിന്നും മായുന്നില്ല.
ഒരു നിമിഷം എന്റെ നെഞ്ചു പിടഞ്ഞുപോയി. റബ്ബേ... ഇത്ര വയ്യാത്ത കുട്ടി എങ്ങനെ ഇത്രയും ദൂരം താണ്ടി ഇവിടെയെത്തി? ഞാന്‍ തിരിഞ്ഞു നോക്കിയതും അവളെ കതും ആദ്യമൊന്നും അവളുടെ ശ്രദ്ധയില്‍ പെട്ടില്ല. ഇടക്കെപ്പോഴോ അവളുടെ പ്രാര്‍ഥനക്ക് ചെറിയൊരു തടസ്സം നേരിട്ടതില്‍ തെല്ലൊരു ഈര്‍ഷ്യയോടെ എന്നെ നോക്കി. ഞാനവളെ നോക്കി പുഞ്ചിരിച്ചു. അവള്‍ വീണ്ടും പ്രാര്‍ഥനയില്‍ മുഴുകി. ഞാനും കൈകളുയര്‍ത്തി മനംനൊന്തു അവള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുപോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവളുടെ തൊട്ടടുത്തിരുന്ന സ്ത്രീ മുസ്വല്ലയെടുത്തു മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. ഞാന്‍ പിന്നിലേക്ക് നീങ്ങി അവളുടെ തൊട്ടടുത്ത സ്ഥാനം പിടിച്ചെടുത്തു. മെല്ലെ അവളുടെ വളഞ്ഞുകോടിപ്പോയ സുന്ദരമായ കൈകളെടുത്തു തലോടി. വിടരുംമുമ്പേ മുരടിച്ചുപോയ പൂമൊട്ടുപോലെ അവ എന്റെ കൈക്കുള്ളില്‍ കിടന്ന് കോച്ചി വലിക്കുന്നുണ്ടായിരുന്നു. അവളെന്നെ നോക്കി ചിരിച്ചു. എന്ത് ഭംഗിയുള്ള ചിരി! എന്റെ ചുമലില്‍ സ്‌നേഹത്തോടെ തലചായ്ച്ച് അവളുടെ കോച്ചിവലിക്കുന്ന മുഖത്തെ ചുണ്ടുകള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനവളുടെ തോളത്ത് കൈയിട്ട് എന്നോട് ചേര്‍ത്തിരുത്തി. ആശ്ലേഷിച്ച് സ്‌നേഹചുംബനങ്ങള്‍ നല്‍കി. ആശയവിനിമയത്തിന് ഭാഷ ഒരു തടസ്സമല്ല എന്ന് ഞാനറിഞ്ഞു. സാഹോദര്യം ചേരുന്നിടത്ത് മതിലുകള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്ന പോലെ.
വീല്‍ചെയറില്‍ ധാരാളം പേര്‍ എത്തിയിട്ടുണ്ട്. അവശരും പ്രായമായവരുമാണവര്‍. സ്‌നേഹമുള്ള മക്കള്‍ അവരെ അനുഗമിക്കുന്നുണ്ട്. ചെവിയില്‍ പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടുകൊടുക്കുന്നു. അവര്‍ അത് ഏറ്റു പറയുന്നു. സ്‌നേഹബന്ധങ്ങളുടെ ഊഷ്മളത കുറഞ്ഞുവരികയല്ല, കൂടിവരികയാണെന്ന് ബോധ്യപ്പെടുത്തുന്ന കാഴ്ച. വെയിലത്ത് ഗേറ്റിനരികെ ഒരു സ്ത്രീ വീല്‍ചെയറിലിരുന്ന് കരഞ്ഞ് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നു. അവരുടെ ഒരു കാല് മുറിച്ചുമാറ്റിയിട്ടുണ്ട്. മുറിച്ചു മാറ്റാന്‍ കാരണമായ രോഗം തന്നെയായിരിക്കണം മറ്റേ കാലിനും ബാധിച്ചിട്ടുണ്ട്. ഇവരൊക്കെ എത്ര പ്രയാസപ്പെട്ടാണ് ഇവിടെയെത്തുന്നത്! പരസഹായം ആവശ്യമായ അവരുടെ ദൈന്യത എന്റെ മനസ്സില്‍ നിറഞ്ഞുനിന്നെങ്കിലും അവരുടെ മുഖത്ത് ഒട്ടുമില്ല. റബ്ബേ, ആ സ്ത്രീ എന്താണാവശ്യപ്പെട്ടത് അത് നല്‍കണമെന്ന് അകമുരുകി പ്രാര്‍ഥിച്ചു.
അള്‍ജീരിയയില്‍നിന്നും ധാരാളം പേരുണ്ടായിരുന്നു. അവരെ കൂടുതല്‍ സ്‌നേഹമുള്ളവരായി തോന്നി. സാഹോദര്യത്തിന്റെ സ്‌നേഹചുംബനങ്ങള്‍ സമ്മാനിച്ച ഫാത്വിമയെയും ഖദീജയെയും മറക്കാനാവില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ സാല്‍വേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അവര്‍ ഒരേ തൂവല്‍പക്ഷികളായി. ഇന്ത്യക്കാര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് തീരെ അറിയില്ലെന്നും കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിന്റെ സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ഉപദേശിച്ചു. സുന്ദരിയായ ഖദീജക്ക് 32 വയസ്സായിട്ടും അവള്‍ക്ക് യോജിച്ച ഒരു ഭര്‍ത്താവിനെ ലഭിക്കാത്തതിനാല്‍ അന്വേഷണത്തിലാണ്. അവള്‍ക്ക് യോജിച്ച ഒരു ഇണയെ കിട്ടട്ടെ എന്നു പ്രാര്‍ഥിച്ചപ്പോള്‍ അവള്‍ ആവേശഭരിതയായി. പരസ്പരം സൗഹൃദം പങ്കുവെച്ച് അതിരുകള്‍ മറന്നു.
ഇറാഖി സ്ത്രീകളുടെ ഇടയില്‍ ഒരു തവണ ഒറ്റക്കായി. അവര്‍ക്ക് ഞാന്‍ ജന്മനാ മുസ്‌ലിം തന്നെയാണോ എന്ന് ഉറപ്പു വരുത്തണം. ആണെന്നു മനസ്സിലായപ്പോള്‍ ഉമ്മയും വാപ്പയും മുസ്‌ലിമാണോ എന്നായി. അതും ഉറപ്പുവരുത്തിയപ്പോള്‍ ഉമ്മാമ്മയും ഉപ്പാപ്പയും മുസ്‌ലിമാണോ എന്ന്. ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചതാണോ എന്നാണ് അവരന്വേഷിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. അവരെന്നെക്കൊണ്ട് ഫാതിഹ ഓതിച്ചു. ശേഷം സൂറ അല്‍ബഖറ. പിന്നെ സൂറ അന്നൂര്‍. ഓതിക്കഴിഞ്ഞപ്പോള്‍ സന്തോഷത്താല്‍ കെട്ടിപ്പിടിച്ചു. അവരുടെ നാട്ടില്‍ പെണ്ണിനെ അന്വേഷിക്കുമ്പോള്‍ എത്ര ഖുര്‍ആന്‍ ഓതി എന്ന് നോക്കിയാണ് തെരഞ്ഞെടുക്കുന്നത്. അവരുടെ കൂട്ടത്തിലിരുത്തി സല്‍ക്കരിച്ചാണ് അവരെന്നെ വിട്ടത്. സംസാരമധ്യേ, സദ്ദാം ഹുസൈനെ പറ്റിയും അമേരിക്കന്‍ പട്ടാളക്കാര്‍ വന്നു കാട്ടിയ ക്രൂരതകളെക്കുറിച്ചും പറഞ്ഞു.
ആള്‍ക്കൂട്ടത്തിനിടയില്‍ പ്രായമായ സുഡാനി സ്ത്രീകള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. പ്രായമായ മിക്ക സുഡാനി സ്ത്രീകളുടെ മുഖത്തും ഒരേ തരത്തിലുള്ള പാടുകള്‍. അച്ചുവെച്ചപോലെ. അന്വേഷിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്, സുന്ദരികളായ സുഡാനി സ്ത്രീകളുടെ കറുത്ത മുഖത്ത് കണ്ണുതട്ടാതിരിക്കാന്‍ പൊള്ളിക്കുന്ന പതിവുണ്ടത്രെ. അതാണ് ഈ പാടുകള്‍. പാവം തോന്നി. സുഡാനികള്‍ അതികായന്മാരാണ്. ത്വവാഫിനിടയില്‍ പിന്നിലവരുണ്ടെങ്കില്‍ മെല്ലെ മാറിക്കൊടുക്കും. എല്ലാ ദിവസവും ത്വവാഫ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഹജറുല്‍ അസ്‌വദ് തൊട്ടുമുത്താന്‍ ഈ ദിവസങ്ങളില്‍ ഏറെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അത്രക്ക് തള്ളും തിരക്കുമാണ്.
പെരുന്നാള്‍ സുദിനവും ആഹ്ലാദഭരിതമായിരുന്നു. പുത്തനുടുപ്പണിഞ്ഞ് സുഗന്ധദ്രവ്യങ്ങള്‍ പൂശി പരസ്പരം മധുരം സമ്മാനിച്ചും സ്‌നേഹം പങ്കുവെച്ചും പരസ്പരം ആശ്ലേഷിച്ചു. ഈ സന്തോഷ മുഹൂര്‍ത്തത്തിന് ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വരമ്പുകളില്ല. എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതി. തിരക്കിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ തലേന്ന് രാത്രിതന്നെ കുളിച്ചു പെരുന്നാള്‍ വസ്ത്രമണിഞ്ഞ് ഹറമിലെത്തി സ്ഥലം പിടിച്ചു. സ്വുബ്ഹ് നമസ്‌കാരത്തിനു ശേഷം പെരുന്നാള്‍ നമസ്‌കാരവും കഴിഞ്ഞാണ് മടങ്ങിയത്. തുടര്‍ന്ന് മദീനയിലേക്ക്. ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ബാക്കിപത്രങ്ങള്‍ കണ്ടും അറിഞ്ഞും മനം നിറഞ്ഞ് നാട്ടിലേക്ക് തിരിച്ചു.