സ്‌നേഹസ്വരൂപിണികളാവുക
ശൈഖ് മുഹമ്മദ് കാരകുന്ന്
ആഗസ്റ്റ് 2019
കഴിഞ്ഞ ദിവസം ചിരകാല സുഹൃത്തായ, ബഹ്‌റൈനില്‍ ജോലിചെയ്യുന്ന വാഴക്കാട് സ്വദേശി അലി അശ്‌റഫ് ഓഫീസില്‍ വന്നു.
കഴിഞ്ഞ ദിവസം ചിരകാല സുഹൃത്തായ, ബഹ്‌റൈനില്‍ ജോലിചെയ്യുന്ന വാഴക്കാട് സ്വദേശി അലി അശ്‌റഫ് ഓഫീസില്‍ വന്നു. കൂടെ തന്റെ മകള്‍ ഹനാ അശ്‌റഫുമുണ്ടായിരുന്നു. അവളുടെ വിവാഹത്തിന് ക്ഷണിക്കലായിരുന്നു ലക്ഷ്യം. ഹനാ ദല്‍ഹിയിലെ കമലാ നെഹ്‌റു കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. താമസിക്കുന്നത് ദല്‍ഹി റോയല്‍ ഗേള്‍സ് പി.ജി. ഹോസ്റ്റലിലാണ്. മുപ്പത് വിദ്യാര്‍ഥിനികളാണ് അവിടെ അന്തേവാസികളായി ഉള്ളത്. അക്കൂട്ടത്തിലെ ഏക മുസ്‌ലിം വിദ്യാര്‍ഥിനിയാണ് ഹനാ അശ്‌റഫ്. ആ ഹോസ്റ്റലില്‍ നേരത്തെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക വസ്ത്രധാരണവും ആരാധനാനുഷ്ഠാനങ്ങളും സ്വഭാവ ചര്യകളും കൃത്യമായി അനുഷ്ഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഹനാ. അവിടുത്ത വിദ്യാര്‍ഥിനികളില്‍ ആദ്യമായി ഒരു മുസ്‌ലിമിനോട് സംസാരിക്കുന്നത് ഹനയോടാണെന്ന് ചിലരെങ്കിലും പറയുകയുണ്ടായി. നേരത്തേ ഒരൊറ്റ മുസ്‌ലിമുമായി ഇടപഴകാനോ സംസാരിക്കാനോ അവര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല.
വംശീയ വിവേചനമോ വര്‍ഗീയ വിദ്വേഷമോ ഒരു വിദ്യാര്‍ഥിനിയുടെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടില്ലെന്ന ഹനായുടെ വാക്കുകള്‍ എന്നില്‍ വിസ്മയമുണര്‍ത്തി. നമസ്‌കരിക്കുമ്പോള്‍ റൂമിലെ കുട്ടികള്‍ സംസാരം നിര്‍ത്തി നിശ്ശബ്ദരാവുകയും കിടക്കുന്നവര്‍ എഴുന്നേറ്റിരിക്കുകയും ചെയ്യും.
ആദ്യത്തില്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുമായിരുന്നു. ആരും അല്‍പം പോലും അസ്‌ക്യത കാണിക്കാറില്ല. ക്ഷേത്രങ്ങളില്‍ പോയി ആരാധനകള്‍ നിര്‍വഹിക്കുന്ന ഹിന്ദു മതവിശ്വാസിനികളും വിശ്വാസിനികളല്ലാത്ത ഫെമിനിസ്റ്റുകളും അക്കൂട്ടത്തിലുണ്ട്.
അവരെല്ലാം റമദാനില്‍ നോമ്പെടുക്കാന്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കും. വിശപ്പും ദാഹവും സഹിച്ച് വ്രതമെടുക്കുമ്പോള്‍ അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യും.
ഇസ്ലാമിനെയും അതിന്റെ ആരാധനാനുഷ്ഠാനങ്ങളെയും സംബന്ധിച്ച് ചോദിച്ചറിയുന്നവരും കുറവല്ല. എന്നാല്‍ മുസ്‌ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണെന്നും ഇസ്‌ലാം അവരെ കൊല്ലാന്‍ കല്‍പിക്കുന്നുണ്ടെന്നും ധരിച്ചുവെച്ചിരുന്നവരും അവരിലുണ്ടായിരുന്നു.
മുസ്‌ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് കരുതുന്നവരാണല്ലോ മുസ്‌ലിംകളില്‍ പോലും മഹാ ഭൂരിപക്ഷവും. അത് തിരുത്താനുള്ള ശ്രമം മതപണ്ഡിതന്മാര്‍ നടത്താറുമില്ല.
ഹനായുടെ അനുഭവം ഒറ്റപ്പെട്ടതാകാന്‍ സാധ്യതയില്ല. അതോടൊപ്പം അത് കേരളത്തിനു പുറത്തുള്ള വിദ്യാസ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് നല്‍കുന്ന ഗുണപാഠം ചെറുതല്ല.
വിസ്മയകരമായ മാറ്റം
കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ മഫ്ത ധരിച്ച നാലഞ്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ ഒരേ വര്‍ഷം അഡ്മിഷന്‍ നേടി. കോളേജിലേക്ക് കയറിച്ചെന്നപ്പോള്‍ അവരെ താലിബാനികള്‍ എന്നാണ് വിളിച്ചിരുന്നത്. അവര്‍ ബോധപൂര്‍വം തന്നെ വ്യത്യസ്ത റൂമുകളിലാണ് താമസിച്ചിരുന്നത്. ആദ്യമൊക്കെ അവരുടെ വസ്ത്രധാരണത്തോട് ചിലരൊക്കെ പുഛം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അതവഗണിക്കുകയാണുണ്ടായത്. അതോടൊപ്പം അവര്‍ തങ്ങളുടെ ആരാധനാനുഷഠാനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും വസ്ത്രധാരണത്തില്‍ കൃത്യത പുലര്‍ത്തുകയും ചെയ്തു. അപ്രകാരം തന്നെ സ്വഭാവവും പെരുമാറ്റവും സഹപാഠികളോടുള്ള സമീപനവും പരമാവധി മാതൃകാപരമാക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. ധാര്‍മിക-സദാചാര കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധയും സൂക്ഷ്മതയും കാണിച്ചു. ഇതൊക്കെയും മറ്റു വിദ്യാര്‍ഥികളെ അഗാധമായി സ്വാധീനിച്ചു. അവര്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ ആത്മാര്‍ഥമായി സ്‌നേഹിക്കാനും അങ്ങേയറ്റം ആദരിക്കാനും തുടങ്ങി.
തൃശൂര്‍ ജില്ലയില്‍ നടന്ന ഒരു പഠന ക്യാമ്പില്‍ ഒരു വിദ്യാര്‍ഥിനി ധാരാളം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ ആ വിദ്യാര്‍ഥിനി അടുത്തു വന്ന് പറഞ്ഞു: 'ഞാന്‍ മുസ്‌ലിമല്ല. ഇസ്‌ലാമിനെ സംബന്ധിച്ച് എന്റെ കൂട്ടുകാരികളിലൂടെ ചിലതൊക്കെ മനസ്സിലാക്കിയിട്ടുണ്ട്.'
മറ്റു മുസ്‌ലിം വിദ്യാര്‍ഥിനികളെപ്പോലെ ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിച്ചിരുന്നതിനാല്‍ തുറന്നു പറയുന്നതു വരെ അവള്‍ മുസ്‌ലിമാണെന്നാണ് ധരിച്ചിരുന്നത്. നേരത്തേ പറഞ്ഞ മുസ്‌ലിം വിദ്യാര്‍ഥിനികളോടൊന്നിച്ച് കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ പഠിക്കുകയായിരുന്നു ആ വിദ്യാര്‍ഥിനി.
സ്‌നേഹത്തിന്റെ മാസ്മരികത
നമ്മുടെ നാട്ടില്‍ ഇന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഏറ്റവും ശക്തമായ വികാരം വെറുപ്പാണ്. വളര്‍ത്തപ്പെടുന്നത് ശത്രുതയും. യഥാര്‍ഥ ദൈവദാസന്മാര്‍ വെറുപ്പിനെ നേരിടേണ്ടത് സ്‌നേഹം കൊണ്ടാണ്. ശത്രുതയെ സൗഹൃദം കൊണ്ടും.
വിശ്വാസികളുടെ ഹൃദയം വിശ്വത്തോളം വിശാലമായിരിക്കണം. അതു നിറയെ ആത്മാര്‍ഥമായ സ്‌നേഹവും. മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സ്‌നേഹിക്കാന്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ ബാധ്യസ്ഥരാണ്. അവയൊക്കെയും തങ്ങളുടെ ജീവനാഥനായ അല്ലാഹുവിന്റെ സൃഷ്ടികളാണെന്നതു തന്നെ കാരണം.
സ്‌നേഹം പനിനീര്‍ പൂ പോലെയാണ്. എത്ര ചവിട്ടിയരച്ചാലും അതിന്റെ സുഗന്ധം നഷ്ടപ്പെടുകയില്ല. അപ്രകാരം തന്നെ എന്തൊക്കെ പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടായാലും സ്‌നേഹം പരാജയപ്പെടുകയില്ല. കുളത്തില്‍ കല്ലിടുമ്പോള്‍ ഓളങ്ങളുണ്ടാവുന്നപോലെ സ്‌നേഹിക്കപ്പെടുന്നവരുടെ അകത്തളങ്ങളില്‍ സ്‌നേഹം ഇളക്കങ്ങളും ചലനങ്ങളുമുണ്ടാക്കുന്നു.
സ്‌നേഹം ശത്രുവെ മിത്രമാക്കുന്നു. എതിരാളിയെ അനുകൂലിയാക്കുന്നു. അകന്നവരെ അടുപ്പിക്കുന്നു. അതുകൊണ്ടുതന്നെ സത്യത്തെയും സന്മാര്‍ഗത്തെയും പ്രതിനിധീകരിക്കുന്നവര്‍ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ആള്‍രൂപമാകാനാണ് ആഗ്രഹിക്കേണ്ടതും ശ്രമിക്കേണ്ടതും.
ആര്‍ എത്ര തന്നെ ശത്രുത പുലര്‍ത്തിയാലും പ്രകോപനങ്ങള്‍ സൃഷ്ടിച്ചാലും സത്യവിശ്വാസിനികള്‍ ഒട്ടും പ്രകോപിതരാവുകയില്ല. അവര്‍ അത്തരം ദൗര്‍ബല്യങ്ങളില്‍നിന്നെല്ലാം ഉയര്‍ന്നു നില്‍ക്കുന്നവരായിരിക്കും.
എപ്പോഴും എല്ലാവരോടുമുള്ള ഗുണകാംക്ഷയും സ്‌നേഹവും കാരുണ്യവും കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതിന് അങ്ങേയറ്റത്തെ ക്ഷമയും സഹനവും വിട്ടുവീഴ്ചാ മനസ്സും വേണം. വിമര്‍ശിക്കുന്നവരെയും സ്‌നേഹിക്കാന്‍ സാധിക്കണം.
ബൈബിള്‍ പറഞ്ഞ പോലെ 'മഴപോലെ പെയ്യുകയും വെയില്‍ പോലെ പരക്കുകയും ചെയ്യുന്ന' സ്‌നേഹമാണ് വേണ്ടത്.
ദലൈലാമയുടെ വാക്കുകള്‍ എപ്പോഴുമോര്‍ക്കുക: 'നമുക്കു വേണ്ടത് വലിയ മനുഷ്യരെയല്ല. കുറച്ചു നല്ല സുഹൃത്തുക്കളെയാണ്. സങ്കടങ്ങളില്‍ ആശ്വസിപ്പിക്കുന്നവരെ, നഷ്ടപ്പെട്ടവരെ വീണ്ടെടുക്കുന്നവരെ, ദുഃഖമനുഭവിക്കുന്നവര്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്നവരെ, വാക്കിന്റെ തണുപ്പ് നല്‍കുന്നവരെ, സ്‌നേഹച്ചൂടിലേക്ക് ചേര്‍ത്തു പിടിക്കുന്നവരെ.'
വെറുപ്പിനെ സ്‌നേഹം കൊണ്ടും ശത്രുതയെ സാഹോദര്യം കൊണ്ടും തിന്മയെ നന്മ കൊണ്ടും അസഹിഷ്ണുതയെ സഹിഷ്ണുത കൊണ്ടും ഹിംസയെ അഹിംസ കൊണ്ടും അനീതിയെ നീതി കൊണ്ടും നേരിടുന്നവരാണ് വിജയം വരിക്കുക.
നല്ല ബന്ധം സ്ഥാപിക്കാനും സ്‌നേഹോഷ്മളമായി പെരുമാറാനും സഹജീവികളെ ആകര്‍ഷിക്കാനും കൂട്ടുകാരെ സ്വാധീനിക്കാനും സാധിക്കുക മറ്റാരേക്കാളും വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്കാണ്. പഠനകാലത്തെ ഈ സുവര്‍ണാവസരം പാഴാക്കാതിരിക്കുക.