'എനിക്കു വേണ്ടി നിങ്ങളുടെ വീട് ഒഴിഞ്ഞുതരണമെന്ന് ഹാരിസയോട് പറയാന്‍ ഇനിയും എനിക്ക് ലജ്ജയുണ്ട്' എന്ന് നബി(സ) ഒരിക്കല്‍ പറയുകയുണ്ടായി. പ്രവാചകനു വേണ്ടി മദീനയില്‍ ഒന്നിന് പിറകെ ഒന്നായി തന്റെ വീട് ഒഴിവാക്കിക്കൊടുത്ത പ്രസിദ്ധ സ്വഹാബി ഹാരിസത്തുബ്‌നു നുഅ്മാനെ കുറിച്ചാണ് തിരുമേനിയുടെ മേല്‍ പ്രസ്താവന. ഇവരുടെ കുടുംബം ഔദാര്യത്തിലും പരക്ഷേമ പ്രവൃത്തിയിലും എന്നും മുന്നിലായിരുന്നു. ഈ കുടുംബത്തിലെ പുത്രിയാണ് ഉമ്മു ഹിശാം(റ). പ്രവാചകന്‍(സ) മദീനയിലെത്തുംമുമ്പേ ഇസ്‌ലാം സ്വീകരിച്ച വനിത.
നബി(സ)യെ തങ്ങളുടെ വീട്ടില്‍ സ്വീകരിക്കുകയും വിരുന്നൊരുക്കുകയും ചെയ്യാന്‍ ഇവര്‍ക്ക് പലവട്ടം അവസരം കിട്ടി. ഇക്കാര്യമാണ് മേല്‍പ്രസ്താവനയില്‍ പ്രവാചകന്‍ എടുത്തോതിയത്. ഹാരിസത്തു ബ്‌നു നുഅ്മാന്റെ മാതാവ് ജുഅ്ദയും നബി(സ)യെ ആദരിക്കുന്നതിലും അദ്ദേഹത്തിനായി തങ്ങളുടെ വീട് ഒഴിഞ്ഞുകൊടുക്കുന്നതിലും തല്‍പരയായിരുന്നു. ആ കുടുംബത്തിലെ മകളായി വളര്‍ന്ന ഉമ്മു ഹിശാം ആ മാതൃകകള്‍ പിന്തുടരുകയായിരുന്നു. ഇവര്‍ റസൂലിന്റെ അയല്‍വാസി കൂടിയായിരുന്നു. ദൈവിക വചനം ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഉമ്മുഹിശാം മുന്നില്‍ നിന്നു.
ഖുര്‍ആന്റെ തണലില്‍ ജീവിക്കാനും അവര്‍ക്ക് പ്രവാചകന്‍(സ)യുടെ അയല്‍പക്കം ഏറെ ഉപകാരപ്പെട്ടു. ഹാരിസത്തുബ്‌നു നുഅ്മാന്റെ കുടുംബത്തിലെ ആണും പെണ്ണും വലിയവരും ചെറിയവരും ഇസ്‌ലാമിനെ പുണര്‍ന്നു. ഹാരിസയുടെ സഹോദരിമാരായ സൗദ, ഉമ്മുകുല്‍സും, ഉംറ എന്നിവര്‍ ഇസ്‌ലാം അനുസരിച്ച് ജീവിച്ചുകൊള്ളാമെന്ന് പ്രവാചകന്‍(സ)യുമായി ബൈഅത്ത് ചെയ്തിരുന്നു. അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍ എന്നിവരും ഇസ്‌ലാമിലേക്ക് നേരത്തേ തന്നെ കടന്നുവന്നു.
അയല്‍വാസിയായി കഴിഞ്ഞിരുന്ന ചരിത്ര വനിത നബി(സ)യെ അടുത്തറിയാന്‍ ശ്രമിച്ചു. നബിയുടെ ചര്യകളും സ്വഭാവങ്ങളും അവര്‍ സ്വായത്തമാക്കി. ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ''നബി(സ)യുടെയും മഹതി ഉമ്മുഹിശാമി(റ)ന്റെയും വീടുകള്‍ തൊട്ടടുത്തായിരുന്നു. എത്രത്തോളമെന്നാല്‍ ഒരേ അടുപ്പില്‍ നിന്നാണ് അവര്‍ റൊട്ടിയുണ്ടാക്കിയിരുന്നത്.''
ഉമ്മുഹിശാം (റ) തന്നെ പറയുന്നതിങ്ങനെ: 'ഞങ്ങളുടെയും റസൂലിന്റെയും അടുപ്പ് രണ്ട് വര്‍ഷമോ ഒരു വര്‍ഷമോ ഏതാനും മാസങ്ങളോ ഒന്നായിരുന്നു.' ഇരുവീട്ടുകാര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ പറ്റുംവിധം പൊതുസ്ഥലത്തായിരുന്നു അതെന്നര്‍ഥം.
ഉമ്മുഹിശാം വിശുദ്ധ ഖുര്‍ആനുമായി പ്രത്യേകബന്ധം നിലനിര്‍ത്തി; അവര്‍ പറയുന്നു: ''ഞാന്‍ 'ഖാഫ് വല്‍ഖുര്‍ആനില്‍ മജീദ്' എന്ന അധ്യായം നബി(സ)യുടെ നാവില്‍നിന്ന് നേരിട്ട് കേട്ട് പഠിച്ചതാണ്.'' ഈ അധ്യായം എല്ലാ വെള്ളിയാഴ്ചകളിലും നബി(സ) പാരായണം ചെയ്യുമായിരുന്നു. മറ്റു അധ്യായങ്ങളും ഈ മഹതി ഹൃദിസ്ഥമാക്കിയിരുന്നു. ലോകത്തെ എന്നത്തെയും നല്ല അയല്‍വാസിയുടെ അയല്‍പക്കത്ത് താമസിച്ചത് അവര്‍ക്ക് ഇതിനൊക്കെ സുവര്‍ണാവസരം ഒരുക്കി. ഖുര്‍ആന്‍ മാത്രമല്ല നബിവചനങ്ങളും(ഹദീസ്) അവര്‍ മനപ്പാഠമാക്കിയിരുന്നു. പതിനൊന്ന് ഹദീസുകള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ കാലത്ത് ജീവിച്ചവരും താബിഉകളും അവരില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ബൈഅത്ത് രിദ്‌വാനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 1500 സ്വഹാബിമാരില്‍ ഉമ്മുഹിശാമും ഉണ്ടായിരുന്നു. ഹിജ്‌റ ആറാം വര്‍ഷം ദുല്‍ഖഅദ് മാസത്തില്‍ ഇസ്‌ലാമിക മാര്‍ഗത്തില്‍ മരണം വരിക്കാന്‍ തയാറാണന്ന് അവര്‍ നബിയുമായി ബൈഅത്ത് ചെയ്തു. ഹുദൈബിയയില്‍ വെച്ചായിരുന്നു ഈ ഉടമ്പടി. ഹസ്രത്ത് ഉമ്മുഹിശാമും ബൈഅത്തില്‍ പങ്കെടുത്ത 1500 സ്വഹാബിമാരും താഴെ സൂക്തത്തിന്റെ വരുതിയില്‍ വരുമെന്നാണ് ചരിത്രം:
''ആ മരത്തിന്റെ ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് അവന്‍ മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു'' (ഖുര്‍ആന്‍ 48:18).
ഉമ്മുഹിശാം വളരെ ഉദാരമതിയും സേവനതല്‍പരയുമായിരുന്നു. രാപ്പകലുകളില്‍ അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചാണ് അവര്‍ കഴിഞ്ഞുകൂടിയത്. ദൈവപ്രീതി മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ മരണം വരിച്ചതും ആ മാര്‍ഗത്തില്‍തന്നെ. നന്മയുടെ മകള്‍ (അഖ്‌യാര്‍ കീ ബേഠീ) എന്നാണ് ചരിത്രം അവരെ വിശേഷിപ്പിച്ചിട്ടുള്ളത്.