ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ടി. ആലിഫലി ഇന്ത്യന്‍ മുസ്ലിംകളെക്കുറിച്ചും ഇന്ത്യന്‍ അവസ്ഥകളെ കുറിച്ചുമുള്ള തന്റെ നിലപാടുകള്‍,
ആശങ്കകള്‍, ആഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കുന്നു.
കേരളത്തില്‍നിന്നും കേന്ദ്രത്തിലേക്കുള്ള മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
> ഏതൊരു മാറ്റവും സന്തോഷകരമാണ്. ഇമാം ശാഫിഈ പറയാറുണ്ടായിരുന്നു; 'ആളുകള്‍ മാറ്റങ്ങളിലൂടെയും യാത്രകളിലൂടെയുമാണ് പൂര്‍ണത പ്രാപിക്കുന്നത്.' കേരളം ഇന്ത്യയുടെ ഒരു ചെറിയ തുരുത്താണ്. ഈ തുരുത്തില്‍ ജീവിക്കുമ്പോള്‍ വിചാരിക്കും, ഇതുതന്നെയാണ് ലോകമെന്ന്. പുറംലോകത്തെ കുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും അനുഭവിച്ചറിയുക എന്നത് വേറൊന്നാണ്. കേരള അമീറായിരിക്കെ, സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ആനാരോഗ്യം കാരണം വിഷന്റെ ചുമതലകളില്‍നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ അന്നത്തെ അഖിലേന്ത്യാ അമീര്‍ ഉത്തരേന്ത്യയിലേക്ക് വരണമെന്നാവശ്യപ്പെട്ടിരുന്നു. എന്റെ പ്രതിബന്ധങ്ങള്‍ പറഞ്ഞപ്പോള്‍ 'നിങ്ങള്‍ക്ക് പുതിയ അറിവുകളും അനുഭവങ്ങളും ഉണ്ടാകാന്‍ ഒരു മാറ്റം ഉപകരിക്കും, നിങ്ങളുടെ വ്യക്തിത്വത്തിനു തന്നെ ഉപകരിക്കും' എന്നായിരുന്നു പ്രതികരണം. അത് ശരിയാണ് എന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ മുസ്ലിംകള്‍, ഇന്ത്യന്‍ സമൂഹം ഇവ രണ്ടും എന്താണെന്ന് മനസ്സിലാകുന്നത് അവരുടെ ഇടയില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമാണ്. ഹിന്ദി മീഡിയ, ഹിന്ദി ബെല്‍റ്റ് എന്ന് പറയുന്നത് ഒരു പ്രത്യേക വികാരം ഉല്‍പാദിപ്പിക്കുന്ന ഒരു സാമൂഹിക ഘടനയാണ്. ഉദാഹരണമായി, പുല്‍വാമ ആക്രമണം ഉണ്ടായപ്പോള്‍ അതിനെ സംബന്ധിച്ച് നിരവധി മറുചോദ്യങ്ങള്‍ കേരളത്തിലെ എല്ലാ മീഡിയയും ഉയര്‍ത്തിയിട്ടുണ്ട്. ഞാന്‍ ആ സമയത്ത് ഹിന്ദി മീഡിയ ശ്രദ്ധിച്ചിരുന്നു. അവിടെ ചാനല്‍ അവതാരകര്‍ ഇതിന് പ്രതികാരം ചെയ്യാന്‍ ഗവണ്‍മെന്റിനു ആവേശം പകരുകയും അതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയുമാണ് ചെയ്തത്. അതിനര്‍ഥം, ആ ജനതയും അവിടെയുള്ള മീഡിയയും സംവിധാനങ്ങളും നമ്മള്‍ വിചാരിക്കുന്നതില്‍നിന്നും ഏറെ വ്യത്യസ്തമാണ് എന്നാണ്. പിന്നെ ഗ്രാമങ്ങള്‍ വികസനത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലാത്തവയാണ്. പ്രത്യേകിച്ചും മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങള്‍. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് വളരെ ദയനീയം. അതെല്ലാം എന്റെ ജീവിതത്തിലെ വലിയൊരു അനുഭവമാണ്.
കേരളത്തില്‍ ആരിഫലി സാഹിബ് സമുദായത്തിന്റെ ഒരു ഐക്കണ്‍ ആയിരുന്നു. താങ്കള്‍ എന്ത് പറയുന്നു എന്ന് സമുദായവും മീഡിയയും ശ്രദ്ധിച്ചിരുന്നു; പക്ഷേ ദേശീയ തലത്തില്‍ അത്തരമൊരു പൊസിഷന്‍ ഉണ്ടാക്കാന്‍ കഴിയാത്തതുപോലെ, അതിനുള്ള പരിമിതി എന്താണ്?
> മാതൃഭാഷയില്‍ സംസാരിക്കുമ്പോഴുള്ള ആത്മവിശ്വാസം ഇതര ഭാഷയില്‍ സംസാരിക്കുമ്പോള്‍ ഉണ്ടാവില്ല. എനിക്ക് തോന്നിയിട്ടുള്ള ഒരു ആശയം മലയാള ഭാഷയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു പ്രയാസമില്ല. അതേയവസരത്തില്‍ അത് ഉറുദുവിലോ ഹിന്ദിയിലോ ആവുമ്പോള്‍ കേട്ടാല്‍ മനസ്സിലാവുന്നുണ്ട്, സംസാരിക്കുന്നുണ്ട് എന്നുള്ളതൊക്കെ ശരിയാണെങ്കിലും അത്രതന്നെ ഒഴുക്കോടെ സംസാരിക്കാനാവില്ല. നമ്മുടെ ഉള്ളിലുള്ള ഒരാശയത്തെ അതേ അളവിലും അതേ തൂക്കത്തിലും മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്നില്ല എന്ന തോന്നല്‍ ആത്മവിശ്വാസത്തെ കുറച്ചുകളയുന്നുണ്ട്. അതാണെന്റെ ഒന്നാമത്തെ പരിമിതി.
മറ്റൊന്ന് ഞാന്‍ എന്നെത്തന്നെ ഒരു 'ലൊ പ്രൊഫൈലി'ല്‍ വെക്കാന്‍ ശ്രമിച്ചിരുന്നു. നാല് കൊല്ലം കഴിഞ്ഞാല്‍ കേരളത്തിലേക്ക് തിരിച്ചുവരാമല്ലോ എന്നായിരുന്നു മനസ്സില്‍. പക്ഷേ, എന്നെ ലൊ പ്രൊഫൈലില്‍ വെക്കാനുള്ള ശ്രമം എനിക്ക് വിനയായി. ആളുകള്‍ പറഞ്ഞു അദ്ദേഹം വളരെ വിനയമുള്ള ആളാണ്. ഒരിക്കലും പ്രൊജക്ഷന്‍ ആഗ്രഹിക്കാത്ത ഒരാളാണ്. ഏല്‍പിച്ച പണി വളരെ നല്ലരീതിയില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ പൂര്‍ത്തിയാക്കുന്ന ആളാണ്... എന്നുള്ള വിലയിരുത്തലിലേക്കാണ് എത്തിയത്.
കേരളത്തില്‍ 10 വര്‍ഷം ഞാന്‍ അമീറായിരുന്നു. അപ്രതീക്ഷിതമായാണ് ഉത്തരേന്ത്യയിലേക്ക് പോകുന്നത്. ഉത്തരവാദിത്തങ്ങള്‍ ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല. കേരളത്തില്‍ ഇത്രയും വലിയ ഭാരം 10 വര്‍ഷമൊക്കെയേ സഹിക്കാനാവൂ. ഞാന്‍ പോകുന്ന സമയത്ത് നാലോ അഞ്ചോ ആളുകള്‍, അവരില്‍ ആരെ അമീറാക്കിയാലും ഒരു പ്രശ്നവുമില്ലാത്തവര്‍ കേരളത്തിലുണ്ടായിരുന്നു. കാരണം ഞാന്‍ അമീറായപ്പോഴും അവര്‍ തന്നെയാണ് പണിയെടുത്തത്. ഞാന്‍ അങ്ങനെ മെനക്കെട്ട് പണിയെടുക്കുന്ന ആളൊന്നുമല്ല.
മീഡിയ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണവരും. മീഡിയയെ ഞാന്‍ കൂടുതലായി അഭിമുഖീകരിച്ചത് എനിക്ക് അതിന് ചില അവസരങ്ങളുണ്ടായിരുന്നതു കൊണ്ടാണ്. ഞാന്‍ കേരളത്തില്‍ നേതൃത്വത്തിലേക്ക് വന്ന തൊട്ടുടനെയാണ് ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഞാന്‍ ആദ്യമായി മീഡിയയെ അഭിസംബോധന ചെയ്തത് ഇടതുപക്ഷത്തിന് വോട്ടുചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു. അത് അത്യാവശ്യം മുന്നൊരുക്കത്തോടെ നടത്തിയ ഒന്നായിരുന്നു. പക്ഷേ, വാര്‍ത്താസമ്മേളനം വലിയ വിവാദമായി. ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നു; അതോടെ ചുറ്റുപാട് നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ നിര്‍ബന്ധിതനായി. പിന്നീട് വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടതുപക്ഷവുമായി ഇടയേണ്ടിവന്നു. അപ്പോള്‍ അവര്‍ നമ്മെ രൂക്ഷമായി വിമര്‍ശിച്ചു. പിന്നീട് അതിന് മറുപടി പറഞ്ഞുകൊണ്ടാണ് പത്രങ്ങളെ അഭിസംബോധന ചെയ്തത്. ഇടതുപക്ഷ നേതൃത്വത്തിന്റെ നമുക്കെതിരെയുള്ള വിമര്‍ശനങ്ങള്‍, അതിനു നമ്മുടെ ഭാഗത്തുനിന്നുള്ള മറുപടികള്‍, തിരിച്ചടികള്‍... ഇതെല്ലാം അവസരങ്ങളായി. അത്തരം അവസരങ്ങള്‍ കിട്ടിയതുകൊണ്ടാണ് അങ്ങനെയായത്. പക്ഷേ, ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ പൊളിറ്റിക്കല്‍ കാര്യങ്ങളില്‍ പ്രത്യക്ഷത്തിലില്ല. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഇല്ല.
ആ രൂപത്തില്‍ കേരളത്തിന് ഒരു നഷ്ടമാണെന്ന് പറയപ്പെടുന്നു?
> ഒരു പ്രദേശത്തു നിന്ന് പ്രവര്‍ത്തിക്കുന്ന സമയത്ത് നമുക്ക് ഒരു കാപിറ്റല്‍ രൂപപ്പെട്ടുവരുന്നു. എന്നെ സംബന്ധിേച്ചടത്തോളം എന്റെ കാപിറ്റല്‍, ഒന്നാമതായി, ഞാന്‍ വ്യത്യസ്ത പള്ളികളില്‍ ഖുത്വ്ബ നടത്തിയിരുന്നു. അത് എന്റെ വൈജ്ഞാനിക നിലവാരം വളര്‍ത്താന്‍ ഉപകരിച്ചിരുന്നു. ആനുകാലിക വിഷയങ്ങളില്‍ ഞാന്‍ ധാരാളം സംസാരിക്കേണ്ടി വരും. ആ സന്ദര്‍ഭങ്ങളില്‍ അതിനെക്കുറിച്ച് പഠിക്കും. അതും വിജ്ഞാനം നേടുന്നതിന്റെ ഭാഗമാവും. മൂന്നാമത്തേത് എന്റെ ബന്ധങ്ങളാണ്. കേരളത്തിലെ ഏത് സാംസ്‌കാരിക നേതാവും മത-രാഷ്ട്രീയ-സാമൂഹിക നേതാവുമായി നേരിട്ട് സംസാരിക്കാനുള്ള ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. അത് കുറച്ചൊക്കെ ഞാന്‍ ശ്രദ്ധിച്ച് വളര്‍ത്തി എടുത്തതാണ്. പിന്നെ മാധ്യമത്തിന്റെ ചെയര്‍മാന്‍, മീഡിയവണ്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ എന്ന നിലക്കും ജമാഅത്തെ ഇസ്ലാമി അമീര്‍ എന്ന നിലക്കും സ്വാഭാവികമായും ഉണ്ടായിവന്നതാണ്. ഇതാണ് പ്രവര്‍ത്തിച്ചു വന്നപ്പോള്‍ ഉണ്ടായ സോഷ്യല്‍ കാപിറ്റല്‍. ഈ കാപിറ്റല്‍ തീര്‍ത്തും ഉപയോഗപ്പെടുത്താന്‍ കഴിയാതെയാണ് ഞാന്‍ ഉത്തരേന്ത്യയിലേക്ക് പോയത്. അത് എനിക്ക് വ്യക്തിപരമായുള്ള ഒരു നഷ്ടം എന്നതുപോലെ പ്രസ്ഥാനത്തിനു കൂടിയുള്ള നഷ്ടമായി ഞാന്‍ വിചാരിക്കുന്നു.
ഉത്തരേന്ത്യയിലെ മുസ്ലിം ദൈന്യതയെക്കുറിച്ച് പറഞ്ഞല്ലോ. സച്ചാര്‍ സമിതി ഇന്ത്യന്‍ മുസ്ലിംകളുടെ ദയനീയത വെളിപ്പെടുത്തി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നല്ലോ. അതിനുശേഷവും ഈ ദയനീയത കാണുമ്പോള്‍ സമുദായ നേതാക്കള്‍ എന്താണ് സമുദായത്തിനുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് തോന്നിയിരുന്നോ?
> മതസമൂഹമെന്ന നിലക്ക് മൂന്ന് പ്രശ്നങ്ങളാണ് മുസ്ലിംകള്‍ അഭിമുഖീകരിക്കുന്നത്. ഒന്ന്, അവരുടെ വിശ്വാസത്തില്‍നിന്നും സംസ്‌കാരത്തില്‍നിന്നും ഉള്ള പിന്നോട്ടു പോക്കാണ്. രണ്ടാമത്തേത്, അവരുടെ വ്യക്തിത്വമാണ്. ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഉര്‍ദു ഭാഷ, വഖ്ഫുകളുടെ സംരക്ഷണം തുടങ്ങിയ ഇഷ്യൂകള്‍ ആ വിഭാഗത്തില്‍ പെടുന്നു. ഇത് കൂടുതല്‍ വൈകാരികമാണ്. മൂന്നാമത്തെ കാര്യമാണ് മുസ്ലിംകളുടെ ഡവലപ്മെന്റല്‍ ഇഷ്യൂസ്. വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി, സാമൂഹിക ശാക്തീകരണം, മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക ശാക്തീകരണം, സമൂഹത്തിലും രാഷ്ട്രീയത്തിലും ഉള്ള മുസ്‌ലിംകളുടെ സ്ഥാനം, സാംസ്‌കാരിക വളര്‍ച്ച തുടങ്ങിയവ. സ്വാതന്ത്ര്യത്തിനുശേഷം മുസ്ലിം സംഘടനകളും നേതാക്കളും എപ്പോഴും ഫോക്കസ് ചെയ്തത് രണ്ടാമത് പറഞ്ഞ അവരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വൈകാരിക ഇഷ്യൂ വിലാണ്. പിന്നീട് പൊതുവേദികള്‍ രൂപപ്പെട്ടുവന്നു. ആള്‍ ഇന്ത്യ മജ്‌ലിസെ മുശാവറ, ആള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് തുടങ്ങിയ പ്രധാന പൊതുവേദികളും ജംഇയ്യത്തുല്‍ ഉലമ പോലുള്ള സംഘടനകളും കൈകാര്യം ചെയ്യുന്നത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍ ഇവരുടെയും ശ്രദ്ധ വേണ്ടത്ര പതിഞ്ഞില്ല. സമുദായത്തില്‍ സ്വാധീനമുള്ള ജംഇയ്യത്തുല്‍ ഉലമ പോലുള്ള സംഘടനകള്‍- അവരാണ് ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്- അവരും വികസനം എന്നതിനേക്കാള്‍ വൈകാരിക ഇഷ്യൂവിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍ തന്നെ വിദ്യാഭ്യാസരംഗത്തും ജനക്ഷേമ പ്രവര്‍ത്തന രംഗത്തും കാര്യമായി അധ്വാനിച്ചുകൊണ്ടിരുന്നു. എന്നാലും സമുദായത്തിന്റെ ആവശ്യം പരിഗണിച്ചാല്‍ അത് പരിമിതമായിരിക്കും. കാരണം ജമാഅത്തെ ഇസ്ലാമി അടിസ്ഥാനപരമായി ഒരു ലിറ്ററേച്ചര്‍ ബേസ്ഡ് ആയ പ്രസ്ഥാനമാണ്. അത് എപ്പോഴും സ്വാധീനം ചെലുത്തുക എഴുതാനും വായിക്കാനും അറിയുന്ന ആളുകളിലാണ്.
സമുദായത്തെ നയിക്കുന്നവര്‍ വൈകാരിക പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത് എന്നു പറഞ്ഞു. പക്ഷേ, ഈ വൈകാരിക പ്രശ്നങ്ങള്‍ അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. മുത്ത്വലാഖ്, മുസ്ലിം പേഴ്സനല്‍ ലോയിലെ പരിഷ്‌കരണം പോലുള്ള വിഷയങ്ങള്‍. സമുദായ ഐക്യം പറഞ്ഞുകൊണ്ട് സാമുദായിക പ്രസ്ഥാനങ്ങളൊന്നും അതിന്റെ നവീകരണത്തിന് മുന്നിട്ടിറങ്ങുന്നില്ല. ഇത് യഥാര്‍ഥത്തില്‍ ബി.ജെ.പി പോലുള്ള ഏകസിവില്‍ക്കോഡ് വാദക്കാര്‍ക്ക് ആയുധമായി മാറുകയാണ്. ഇത്തരം ആപല്‍ക്കരമായ സാഹചര്യത്തെ മുന്നില്‍ കണ്ട് വൈകാരികതക്കപ്പുറം ഇസ്ലാമിക ശരീരഅത്തിനനുസരിച്ച് ഉയര്‍ന്നു ചിന്തിക്കാന്‍ ജമാഅത്തിനു കഴിയേണ്ടതല്ലേ?
> വൈകാരിക പ്രശ്നമാണ് എന്നതുകൊണ്ട് തന്നെ അത് ഇരുതല മൂര്‍ച്ചയുള്ളതാണ്. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം പേഴ്സനല്‍ ലോ നവീകരിക്കണമെന്ന് അഭിപ്രായമുള്ള ആളായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട്. ഇസ്ലാം എന്ത് അവകാശമാണോ നല്‍കുന്നത് ആ അവകാശങ്ങള്‍ പൂര്‍ണമായും ഇന്ത്യയിലെ പരമ്പരാഗത മുസ്ലിം പേഴ്സനല്‍ ലോ അംഗീകരിക്കുന്നില്ല എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡില്‍ വിഷയം വരുന്ന സമയത്ത്, നാം മുസ്ലിം ഐക്യത്തിന് ഒന്നാമതായി പ്രാധാന്യം നല്‍കുന്നു. രണ്ടാമതായി, മുസ്ലിം പേഴ്സനല്‍ ലോയിലെ ഏതെങ്കിലും ഒരു വിഷയം പാര്‍ലമെന്റിന്റെ പരിഗണനക്ക് വരികയും അത് മുസ്ലിംകള്‍ അംഗീകരിക്കുകയും ചെയ്താല്‍ പിന്നീട് പേഴ്സനല്‍ ലോ മുഴുവനും പാര്‍ലമെന്റില്‍ പാസ്സാക്കേണ്ടതായ ഒന്നായി മാറുകയും തുടര്‍ന്ന് പാര്‍ലമെന്റ് ഇതിന്റെ അതോറിറ്റിയായി മാറുകയും ചെയ്യുമെന്നുള്ള മുസ്ലിം സമൂഹത്തിന്റെ ഭയമാണ്. ഈ ഭയത്തില്‍ കുറേ ശരിയുണ്ട്. ഖുര്‍ആനും സുന്നത്തുമാണ് ശരീഅത്തിന്റെ അടിസ്ഥാനം. അതിനു പകരം പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളാണ് ഇസ്ലാമിക നിയമമായി മുസ്ലിംകള്‍ പാലിക്കേണ്ടി വരുന്നത് എന്ന സാഹചര്യത്തെ മുസ്‌ലിം സമൂഹവും മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് നമ്മള്‍ പേഴ്സനല്‍ ലൊ ബോര്‍ഡിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നത്.
മുത്ത്വലാഖ്, നമുക്ക് പുരോഗമന കാഴ്ചപ്പാട് ഉള്ളതുകൊണ്ടുമാത്രം ഇന്ത്യന്‍ മുസ്ലിംകളില്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. മൂന്നു ത്വലാഖും ഒറ്റപ്രാവശ്യം മൊഴിഞ്ഞുകഴിഞ്ഞാല്‍ അത് പൂര്‍ണമായ ത്വലാഖായി എന്ന് ഏതാണ്ട് എല്ലാ മദ്ഹബുകളും പറയുന്നുണ്ട്. എല്ലാ മദ്ഹബുകളെയും തള്ളിക്കൊണ്ട് അതൊന്നും അല്ല, ഇതാണ് ഇസ്ലാം എന്ന് നിലവിലുള്ള പണ്ഡിത സമൂഹത്തെയും പൊതുസമൂഹത്തെയും മനസ്സിലാക്കിക്കൊടുക്കുക അത്ര ലഘുവായ കാര്യമല്ല. ദീനിന്റെ പ്രമാണങ്ങളായും ദീനിന്റെ നിയമങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങളായും അവര്‍ മനസ്സിലാക്കുന്ന അടിത്തറകളെ ചോദ്യം ചെയ്തുകൊണ്ടേ ഇത് സ്ഥാപിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് ഇങ്ങനെ അഭിപ്രായം വെച്ചുപുലര്‍ത്തുന്ന ധാരാളം ആളുകള്‍ മുസ്ലിംസമുദായത്തിലും മുസ്‌ലിം പേഴ്സനല്‍ ലോ ബോര്‍ഡിലും ഉണ്ടായിരുന്നിട്ടു പോലും ഇത് വലിയൊരു പ്രശ്നമായി മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന് അംഗീകരിക്കാന്‍ കഴിയാതെ പോകുന്നത്.
ഉത്തരേന്ത്യയില്‍ പള്ളികള്‍, മഹല്ലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നതുപോലുള്ള, ചലനാത്മകമായ ഇടപെടല്‍ നടത്താനുള്ള സംവിധാനം എത്രത്തോളം ഉണ്ട്?
> വളരെ ശക്തമായ ബോധവല്‍ക്കരണം മഹല്ല് സംവിധാനം ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമിയും ജംഇയ്യത്തുല്‍ ഉലമയും സലഫി പ്രസ്ഥാനങ്ങളും നടത്തിയിട്ടുണ്ട്. സലഫി പ്രസ്ഥാനം മുത്ത്വലാഖ് നിയമപരമായി തന്നെ വേണ്ട എന്നു പറയുന്നവരാണ്. അതേസമയം, ജംഇയ്യത്തുല്‍ ഉലമ, ദയൂബന്ദി, നദ്വി വിഭാഗക്കാര്‍ അങ്ങനെ പറയുന്നവരല്ല. പക്ഷേ ഇവരെല്ലാം മുത്ത്വലാഖിനെതിരായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു. മഹല്ലുകളില്‍ ഇതിനെ തടയാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. നിയമം മൂലം നിരോധിക്കാനുള്ള അവകാശം ഇല്ല എന്നാണ് ആളുകള്‍ പറയുന്നത്. അഭിപ്രായ വ്യത്യാസമുള്ളത് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ അത് മൂന്നായി പരിഗണിക്കണോ, ഒന്നായി പരിഗണിക്കണോ അല്ലെങ്കില്‍ തീരെ പരിഗണിക്കേണ്ടയോ എന്ന വിഷയത്തില്‍ ആണ്. അതനുസരിച്ച് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഗംഭീരമായ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നിട്ടുണ്ട്. ഞാന്‍ വിചാരിക്കുന്നത് നേരത്തേ ഉള്ളതില്‍നിന്നും ഈ സമ്പ്രദായം അതിന്റെ 10 ശതമാനമായി കുറയുമെന്നാണ്. കാരണം ഓരോ മഹല്ലിലും ഇത് ചെയ്യുന്നത് ഒരു ഖാദിയുടെ നേതൃത്വത്തിലായിരിക്കും. അദ്ദേഹം അത് അനുവദിക്കാന്‍ സാധ്യത ഇല്ല.
ശാന്തപുരം അല്‍ജാമിഅ പോലെ ഇസ്ലാമിക ചിന്തയുള്ളവരെ വാര്‍ത്തെടുക്കാന്‍ പ്രാപ്തിയുള്ള മതഭൗതിക സ്ഥാപനങ്ങളെക്കുറിച്ചുള്ള ആലോചന കേന്ദ്ര ജമാഅത്തിലില്ലേ?
> അല്ലാഹുവിന്റെ സഹായത്താല്‍ അത്തരം മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്നുണ്ട്. യു.
പിയിലെ ജാമിഅത്തുല്‍ ഫലാഹ്
പോലുള്ള സ്ഥാപനങ്ങള്‍ നേരത്തേ തന്നെയു്. ഇപ്പോള്‍ മുസ്ലിംകള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേവാത്തില്‍ ശാന്തപുരം ജാമിഅയുടെ ഒരു ശാഖയുണ്ട്. അവിടെ രണ്ടോ മൂന്നോ വര്‍ഷം പഠിപ്പിച്ച് പിന്നെ അവരെ ശാന്തപുരം ജാമിഅയില്‍ കൊണ്ടുവന്ന് പഠിപ്പിക്കും. ഇപ്പോള്‍ ബംഗാളില്‍ ഒരു സ്ഥലം എടുത്തിട്ടുണ്ട്. അവിടെ ജാമിഅയുടെ ഒരു ശാഖ തുടങ്ങുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി മാത്രമല്ല, ദാറുല്‍ ഹുദായുടെ ശാഖകളും ഉത്തരേന്ത്യയില്‍ രണ്ടുമൂന്ന് സ്ഥലങ്ങളിലുണ്ട്. ഈ പാറ്റേണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാവുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചേടത്തോളം പൊതുസമൂഹത്തോട് സംവദിക്കാന്‍ ആകുലതകളും പ്രയാസങ്ങളും ആവശ്യങ്ങളും ഭരണകൂടത്തോടും പൊതുസമൂഹത്തോടും പങ്കുവെക്കാന്‍ ഒരു പൊതുഭാഷ ഉണ്ട്. ഉത്തരേന്ത്യന്‍ മുസ്ലിമിന് ഭാഷാ പരിമിതി ഉള്‍വലിയുന്നതിന് കാരണമാകുന്നുണ്ടോ?
> പ്രസ്ഥാനം നേരത്തെ വിലയിരുത്തിയ കാര്യമാണിത്. ഹിന്ദി മേഖലകളില്‍ ഹിന്ദിയാണ് പൊതുസമൂഹം സംസാരിക്കുന്നത്. പക്ഷേ, മൊത്തം ദക്ഷിണേന്ത്യയില്‍ കേരളമെന്ന ഒരു തുരുത്തും നോര്‍ത്ത് ഈസ്റ്റിലെ ബംഗാള്‍, അസം പോലുള്ള പ്രദേശങ്ങളും ഒഴികെ ബാക്കി എല്ലായിടത്തും മുസ്ലിംകളുടെ സാംസ്‌കാരിക ഭാഷ ഉര്‍ദുവാണ്. ഉര്‍ദുവില്‍ എന്ത് വ്യവഹാരങ്ങള്‍ നടക്കുമ്പോഴും മറ്റൊരു സമുദായത്തിലേക്ക് വലിയ തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ല. ഉദാഹരണം കേരളത്തില്‍ 'മാധ്യമ'ത്തിന്റെ പരീക്ഷണം തന്നെയാണ്. മുസ്ലിംസമൂഹത്തിന് പൊതുസമൂഹത്തോട് പറയാനുള്ളത് പറയാനും പൊതുസമൂഹത്തിന് മുസ്ലിം സമൂഹത്തോട് സംസാരിക്കാനുമുള്ള ഒരു വേദിയായി 'മാധ്യമം' നിലനിന്നു. 'മാധ്യമം' വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരു അംബാസഡര്‍ എന്ന ജോലിയാണ് നിര്‍വഹിക്കുന്നത്. ഇങ്ങനെയൊരു ദൗത്യം നിര്‍വഹിക്കുന്ന മീഡിയയുടെ അഭാവം ഉത്തരേന്ത്യയില്‍ ഉണ്ട്. മീഡിയാ രംഗത്തു മാത്രമല്ല, സാംസ്‌കാരിക രംഗത്തും സാഹിത്യ രംഗത്തും വികസന മേഖലയിലും ഈ അകല്‍ച്ച വളരെ പ്രകടമാണ്. നമ്മള്‍ ചിലപ്പോള്‍ ഗംഭീരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു; ജനക്ഷേമപരമായ പരിപാടികള്‍, മുസ്ലിം സമൂഹത്തെ ഉണര്‍ത്താനുള്ള പരിപാടികള്‍, മുസ്ലിം സമുദായത്തിന്റെ പ്രതിഷേധമറിയിക്കാനുള്ള പരിപാടികള്‍. ഈ പരിപാടികള്‍ മുഴുവന്‍ ഉര്‍ദു മീഡിയയില്‍ പരിമിതമായിരിക്കും. അത് ഹിന്ദി മീഡിയയോ ഇംഗ്ലീഷ് മീഡിയയോ പോസിറ്റീവ് ആയി പൊതുസമൂഹത്തില്‍ എത്തിക്കുന്നില്ല. അതേസമയം വളരെ ഹൈലൈറ്റ് ചെയ്തുകൊണ്ട് മുസ്ലിം സമുദായത്തെക്കുറിച്ച നെഗറ്റീവ് ചിന്ത അവര്‍ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. ഈ ഭാഷാപരമായ വലിയ പരിമിതി ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുമുണ്ട്.
മാധ്യമം, മീഡിയവണ്‍ പോലെ പൊതു സ്വീകാര്യതയുള്ള മീഡിയ അഖിലേന്ത്യാ തലത്തില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച ആലോചനയുടെ സമയം അതിക്രമിച്ചില്ലേ?
> മാധ്യമത്തിന്റെ സ്വഭാവമുള്ളൊരു ഹിന്ദി മീഡിയ ഉത്തരേന്ത്യയില്‍ കെട്ടിപ്പടുക്കണമെന്ന ആഗ്രഹം വളരെ മുമ്പേതന്നെ ജമാഅത്തെ ഇസ്ലാമി വെച്ചുപുലര്‍ത്തുന്നുണ്ട്. പക്ഷേ പറയുന്നപോലെ എളുപ്പമല്ല. സാമ്പത്തികമായി വലിയ നിക്ഷേപം ആവശ്യമുണ്ട്. നമുക്ക് കേരളത്തില്‍ ഉണ്ടായിരുന്ന സൗകര്യമെന്താണെന്നുവെച്ചാല്‍ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ സൗഹാര്‍ദവും ആദാനപ്രദാനങ്ങളും നടക്കുന്നതു കൊണ്ട് നമുക്ക് രണ്ടിനെയും അക്കമഡേറ്റ് ചെയ്യാന്‍ പറ്റുന്ന വ്യക്തികളെ വ്യത്യസ്ത സമുദായങ്ങളില്‍നിന്നും ലഭിച്ചിരുന്നു. നമ്മള്‍ പറയുന്ന ആശയം മനസ്സിലാക്കാന്‍ പറ്റുന്ന ആളുകളുണ്ടായിരുന്നു. അതിനെ പ്രതിനിധീകരിക്കാന്‍ പറ്റുന്ന വളരെ നല്ല പത്രപ്രവര്‍ത്തകരെ ഉന്നതതലം മുതല്‍ താഴെ വരെ (ഉദാ: പി.കെ ബാലകൃഷ്ണന്‍, സി. രാധാകൃഷ്ണന്‍) നമുക്ക് സഹയാത്രികരായി കിട്ടിയതാണ് ഇത്രയും വലിയ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞത്. ഇങ്ങനെയുള്ള അനുകൂല ഘടകത്തിന്റെ അഭാവം ശരിക്കും ഉത്തരേന്ത്യയില്‍ ഉണ്ട്. സാമ്പത്തികമായ പ്രയാസം മാത്രമല്ല, ആള്‍ക്ഷാമവും ഉണ്ട്. അതാണ് ഇത്രയും വൈകിപ്പോയത്. പക്ഷേ, ഇനി വൈകാന്‍ നമുക്ക് സമയമില്ല.
വിദ്യാഭ്യാസ-ജനക്ഷേമ മേഖലകളിലാണ് ജമാഅത്ത് ഊന്നുന്നത് എന്ന് പറഞ്ഞല്ലോ. ഈ മേഖലയിലും അവിടെ ആള്‍ക്ഷാമം അനുഭവിക്കുന്നുണ്ടോ?
> വിദ്യാഭ്യാസ-ജനക്ഷേമ മേഖലയിലും ആള്‍ക്ഷാമം ഉണ്ട്, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കണമെങ്കില്‍ അതിന്റെ അഡ്മിനിസ്ട്രേറ്റീവ് അക്കാദമിക് വിഭാഗങ്ങളില്‍ പ്രാപ്തരായ ആളുകള്‍ വേണം. അത്തരം പ്രാപ്തരായ ആളുകളുടെ അഭാവം മൂലം നേരത്തേ കെട്ടിപ്പടുത്ത സ്ഥാപനങ്ങള്‍ തന്നെ വേണ്ടവിധം വികസിപ്പിച്ചുകൊണ്ടുവരാനോ അതിന്റെ റിസല്‍ട്ട് പൊതുസമൂഹത്തിന് വേണ്ടവിധം നല്‍കാനോ സാധിച്ചിട്ടില്ല.
ഈ പരിമിതിയെ മറികടക്കാന്‍ കേരളം ഇക്കാര്യത്തില്‍ നേടിയെടുത്ത മുന്നേറ്റത്തെ- മനുഷ്യവിഭവശേഷിയെ അഖിലേന്ത്യാടിസ്ഥാനത്തില്‍ വിനിയോഗിക്കുന്നതിനെ കുറിച്ച ആലോചന നടത്തിക്കൂടേ?
> കേരളത്തിലെ മുസ്ലിംകള്‍ ഇത് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി എന്നത് ശരിയാണ്. സിദ്ദീഖ് ഹസന്‍ സാഹിബ് ഉത്തരേന്ത്യയില്‍ ജനസേവനം നടത്തിത്തുടങ്ങിയതിനു ശേഷമാണ് അവിടെ ധാരാളമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന വിചാരം കേരള മുസ്ലിംകള്‍ക്ക് ഉണ്ടാകുന്നത്. നമ്മുടെ ഭാഷാപരമായ പരിമിതിയും ഉത്തരേന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ച അറിവില്ലായ്മയും കാരണം സേവന മേഖല ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിച്ചിരുന്നില്ല.
ഈ വ്യത്യാസം മനസ്സിലാവുക ക്രിസ്ത്യന്‍ കമ്യൂണിറ്റിയെ വിലയിരുത്തുമ്പോഴാണ്. നോര്‍ത്ത് ഈസ്റ്റിലോ ഹിമാലയന്‍ താഴ്വരയിലോ ചെന്നാല്‍ വളരെ മേത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണാം. ഇത് കെട്ടിപ്പടുത്തത് കേരളത്തിലെ ക്രിസ്ത്യന്‍ മിഷനറിമാരാണ്. 200 കൊല്ലമായി അവര്‍ വളരെ ഗൗരവപൂര്‍വം വിദ്യാഭ്യാസ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം അവര്‍ പല പ്രദേശങ്ങളെയും പട്ടണങ്ങളെയും ഗ്രാമങ്ങളെയും പൂര്‍ണമായും ക്രൈസ്തവവല്‍ക്കരിക്കുകയാണ് ചെയ്തത്. ഉദാഹരണം മിസോറാം. മിസോറാമില്‍ ട്രൈബ്സ് ആണ്. ഈ മിസോകള്‍ക്ക് ഒരു പൊതുഭാഷ ഉണ്ടായിരുന്നില്ല. വ്യത്യസ്ത ചെറുഭാഷകളായിരുന്നു. അവയില്‍ പലതിനും ലിപി ഉണ്ടായിരുന്നില്ല. അവര്‍ക്ക് കാര്യമായ മതവും ഉണ്ടായിരുന്നില്ല. എന്നാല്‍, ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെന്ന് അവര്‍ക്ക് ഭാഷ കൊടുത്തു, ക്രിസ്ത്യന്‍ മതവും കൊടുത്തു. ഇപ്പോള്‍ തൊണ്ണൂറ് ശതമാനം ആളുകളും അവിടെ ക്രൈസ്തവരാണ്. തൊണ്ണൂറ് ശതമാനം ആളുകളും ചെറിയ തോതിലെങ്കിലും ഇംഗ്ലീഷ് അറിയുന്നവരാണ്.
സ്വാതന്ത്ര്യം കിട്ടുന്നതുവരെ, അല്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഭരണം തുടങ്ങുന്നതുവരെ ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ രാജ്യം ഭരിച്ചുകൊണ്ടിരുന്നവരാണ്. വിദ്യാഭ്യാസം മറ്റു മേഖലകളിലേക്ക് നല്‍കിക്കൊണ്ടിരുന്നവരാണ്. ബ്രിട്ടീഷുകാര്‍ ഇവിടെ വന്നതിനുശേഷമാണ് മുസ്ലിംകള്‍ക്ക് പ്രശ്‌നങ്ങളും പരാധീനതകളും ഉണ്ടായത്. സ്വാതന്ത്ര്യത്തിനു ശേഷം മറ്റുള്ളവര്‍ മുന്നോട്ട് പോയി; മുസ്ലിംകള്‍ നിന്നേടത്ത് നില്‍ക്കുകയോ അല്‍പം പിന്നോട്ടു പോവുകയോ ചെയ്തു. ഇപ്പോള്‍ വിഷന്‍ 2026-ന്റെ പ്രവര്‍ത്തനം മാത്രമല്ല, എം.ഇ.എസ്, എം.എസ്.എസ്, മുസ്ലിം ലീഗ്, മുജാഹിദ്, സുന്നി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവര്‍ അവരുടെ സേവന പ്രവര്‍ത്തനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെയും ഒരു മുഖം ഉത്തരേന്ത്യയിലേക്ക് തിരിച്ചുവെച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍ സംഘടനാ പക്ഷപാതിത്വങ്ങള്‍ മാറ്റിവെച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു തോന്നിയിട്ടുണ്ടോ?
> സംഘടനാ പക്ഷപാതിത്വം മാറ്റിവെക്കുക എന്നത് ഒരു നല്ല ആശയമാണ്. ആ ആശയത്തോട് വിയോജിപ്പുള്ളവര്‍ ആരും ഉണ്ടാവില്ല. പക്ഷേ, മുസ്ലിം സമൂഹത്തിന്റെ പാരമ്പര്യം പരിശോധിച്ചാല്‍ സംഘടനാ പക്ഷപാതിത്വം മുസ്ലിം സമൂഹത്തിന്റെ ഒരു ഭാഗമാണ് എന്നു കാണാം. നമുക്ക് ചെയ്യാന്‍ കഴിയുന്നത് വ്യത്യസ്ത സംഘടനകള്‍ അവരുടെ ഭൂമികയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ തന്നെ മുസ്ലിം സമുദായത്തിന്റെ വികാസം എന്ന ഒരു ലക്ഷ്യത്തിലേക്ക് ഈ സമുദായത്തിന്റെ മുഴുവന്‍ കഴിവുകളെയും എങ്ങനെ തിരിച്ചുവിടാന്‍ കഴിയും എന്നുള്ള ആലോചന നടത്തുകയാണ് സംഘടനാ വൈവിധ്യം ഉള്ളതോടൊപ്പം തന്നെ മുസ്ലിം പേഴ്സനല്‍ ലോ ആയി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതെല്ലാം മാറ്റിവെച്ച് ഒരു ബോഡി ഉണ്ടാക്കാനും ആ ബോഡിക്ക് കീഴില്‍നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും കഴിയുന്നുണ്ട്. അത് ഞാന്‍ നേരത്തേ പറഞ്ഞ വൈകാരിക വിഷയമാണ്. വൈകാരിക ഇഷ്യൂ അല്ലാത്ത, ഐഡന്റിറ്റിയുമായി നേരിട്ടു ബന്ധമില്ലാത്ത, എന്നാല്‍ മുസ്ലിം സമുദായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഇഷ്യൂകളിലും ഇങ്ങനെയുള്ള പൊതുവായ സംരംഭങ്ങള്‍ നമുക്കുണ്ടാക്കാന്‍ കഴിയും. ഇപ്പോള്‍ ആളുകള്‍ ഉത്തരേന്ത്യയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇനി ഈ സംവിധാനങ്ങളെ മുഴുവന്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു ഡെവലപ്മെന്റ് കൗണ്‍സില്‍ ഉണ്ടാക്കേണ്ടതുണ്ട്. ആ ചിന്ത മുസ്ലിംകളില്‍ ധാരാളമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.
അനാഥശാലാ ബില്‍ നിലവില്‍ വന്നപ്പോള്‍ കേരളത്തിലേക്ക് നല്ല വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും പ്രതീക്ഷിച്ചെത്തിയ കുട്ടികളെയെല്ലാം തിരിച്ചയച്ചിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസവും സ്വപ്നങ്ങളും താറുമാറായി. ആ അവസ്ഥയില്‍നിന്ന് അവരെ കരകയറ്റുന്നതിനുള്ള വല്ല സംവിധാനങ്ങളും അവിടെ ഒരുക്കുന്നുണ്ടോ?
> തീര്‍ച്ചയായും. ഉത്തരേന്ത്യയില്‍നിന്ന് ധാരാളം അനാഥരായ മുസ്ലിം വിദ്യാര്‍ഥികള്‍ ഇവിടെ വന്ന് പഠിക്കുകയുണ്ടായി. അവരെ സംബന്ധിച്ചേടത്തോളം ഏറ്റവും സന്തോഷകരമായ അനുഭവമായിരുന്നു. അവരുടെ ജീവിതരീതിയില്‍നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇവിടെയുള്ളത്. ഭക്ഷണരീതി, ശൗച്യ/ശുചിത്വ നിലവാരം, ആരോഗ്യ നിലവാരം... ഇതൊക്കെ അവരെ സംബന്ധിച്ച് വലിയ മാറ്റം തന്നെയാണ്. ഇത് അവര്‍ക്ക് നല്ല ആവേശം നല്‍കുന്നുണ്ട്. മാത്രമല്ല, തിരിച്ചുപോവുമ്പോള്‍ എന്റെ ഗ്രാമവും ഗ്രാമവാസികളും ഈ തലത്തിലേക്ക് ഉയരണം എന്ന ചിന്ത ഈ കുട്ടികള്‍ക്ക് ഉണ്ടാവുന്നു. ഇത് നമുക്ക് അറ്റമില്ലാത്ത ഒരു വികസന മേഖലയാണ്. 1970-ല്‍ കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് നടത്തിയ കുടിയേറ്റം ഇന്ത്യയില്‍ തന്നെ കേരളത്തെ ഒരു വികസനത്തിന്റെ തുരുത്താക്കി മാറ്റുന്നതില്‍ സഹായിച്ചിട്ടുണ്ട്. അതുപോലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് ഇവിടെവന്ന് കുറച്ചുകാലം ജീവിച്ച് തിരിച്ചുപോകുന്ന ആളുകളില്‍ അവരുടെ ജീവിത നിലവാരത്തില്‍ മാറ്റമുണ്ടാകുന്നുണ്ട്. ഈ മാറ്റം ചെറുപ്പത്തിലേ കൊടുക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നു എന്നതാണ് കേരളത്തിലെ അനാഥാലയങ്ങളുടെ അവസ്ഥ. ജെ.ജെ ആക്ട് വന്നതിനു ശേഷം അത് തടയപ്പെട്ടു. രണ്ടുമൂന്നു കൊല്ലങ്ങള്‍ക്ക് മുമ്പാണ് ആ വിഷയം ഞങ്ങള്‍ക്കുമുമ്പില്‍ വന്നത്. അതോടെ വിഷന്‍ 2016-ന്റെ ഭാഗമായി അഞ്ച് അനാഥാലയങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഏതാണ്ട് 4000-ത്തോളം അനാഥകളെ ഇപ്പോള്‍ നമ്മള്‍ ദത്തെടുത്തിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.
വിഷന്‍ 2016 എന്നത് വിഷന്‍ 2026 എന്നായി മാറുമ്പോള്‍ ആദ്യത്തേതിന്റെ വിപുലമായ തുടര്‍ച്ചയാണോ, അല്ലെങ്കില്‍ പുതിയ പദ്ധതികള്‍ കൂടി ഉള്‍ക്കൊണ്ടിട്ടുള്ളതാണോ?
> 2016 എന്ന പദ്ധതി 10 കൊല്ലം നമ്മള്‍ നടപ്പാക്കി. അതിലൂടെ ഒന്നാമതായി കിട്ടിയത് ആത്മവിശ്വാസമാണ്. ശ്രമിച്ചുകഴിഞ്ഞാല്‍ നമുക്കത് ചെയ്യാന്‍ കഴിയും എന്നുള്ള ആത്മവിശ്വാസം. രണ്ടാമത് കിട്ടിയത് ജനങ്ങളില്‍നിന്നുള്ള പിന്തുണയാണ്. മൂന്നാമത് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞാന്‍ മനസ്സിലാക്കുന്നത്, നമുക്ക് കിട്ടിയ ഒരുപാട് നല്ല പാഠങ്ങളാണ്. എവിടെയാണ് തെറ്റുന്നത്, എന്തെല്ലാം വീഴ്ചകളാണ് നമുക്കുണ്ടായത് എന്നുകൂടി നമ്മള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 2016 വരെയുള്ള പരിപാടി അവസാനിപ്പിച്ചുകൊണ്ട് 2026-ലേക്ക് നീങ്ങുന്നതിനു മുമ്പ് 2016-നെക്കുറിച്ച് ഒരുപാട് അവലോകനങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുകൂടി മുന്നില്‍വെച്ചാണ് 2026 രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
അതില്‍ പ്രധാനമായിട്ടുള്ള ഒരു കാര്യം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പരന്നുപോകുന്നതിനു പകരം വളരെ ളീരൗലൈറ ആയിരിക്കണം. നമ്മള്‍ ഴീമഹ സെറ്റ് ചെയ്യുന്നത് ശരിക്ക് ാലമൗൈൃമയഹല ആയിരിക്കണം. എന്നിട്ട് നമുക്ക് വികസനം കാണാന്‍ കഴിയണമെന്നുള്ള ഒരവസ്ഥയിലേക്ക് 2026 മാറണം. ഒരു ുമൃശേരശുമശേ്‌ല മുുൃീമരവ ആണ് മറ്റൊന്ന്. നമ്മള്‍ കൊടുക്കുന്നവരും കുറേ ആളുകള്‍ വാങ്ങുന്നവരും ആവുക എന്നതിനു പകരം വികസനപ്രവര്‍ത്തനങ്ങളില്‍ കര്‍ത്താക്കളായി മാറ്റുന്ന ശൈലിയാണ് ഏറ്റവും ഉചിതം എന്ന് മനസ്സിലായി. നമ്മള്‍ നേരത്തേ അവര്‍ക്ക് കൊടുക്കുകയും അവര്‍ വാങ്ങുകയുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നു്. മാത്രമല്ല സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സര്‍ക്കാറിതര സംവിധാനങ്ങളില്‍ ലഭ്യമായ ഫണ്ടുകള്‍ എല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനത്തിനാണ് വിഷന്‍ 2026 പരിഗണന നല്‍കുന്നത്.
വിദ്യാഭ്യാസ കോഴ്സുകളില്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന എന്തെങ്കിലും സംവിധാനങ്ങള്‍ വിഷന്റെ കീഴിലുണ്ടോ?
> ഉണ്ട്. അതിന് നാഗരിക് വികാസ് കേന്ദ്രങ്ങള്‍ പല ദിക്കുകളിലായി ആരംഭിച്ചു. തെരഞ്ഞെടുത്ത സ്ഥലത്ത് ഇതിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി ഒരു സെന്റര്‍, വളന്റിയര്‍മാര്‍, ഒരു ഫുള്‍ടൈം പ്രവര്‍ത്തകന്‍ എന്ന സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ ചെലവ് വിഷന്‍ വഹിക്കും. ഇതിലൂടെ ഗ്രാമങ്ങളില്‍ സ്‌ക്വാഡ് നടത്തി അടിസ്ഥാന രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഐ.ഡി കാര്‍ഡ്, ഭൂമിയുടെ ആധാരം, ടാക്സ് തുടങ്ങി ജീവിക്കുന്നതിനാവശ്യമായ അടിസ്ഥാന രേഖകള്‍, വ്യത്യസ്ത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, എല്ലാം ശരിപ്പെടുത്തിക്കൊടുക്കുന്നു. ഒരു സെന്റര്‍ തന്നെ കോടിക്കണക്കിന് രൂപയുടെ അപേക്ഷകള്‍ തയാറാക്കുന്നുണ്ട്. ചിലപ്പോള്‍ 50-60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വരെ ഒരു സെന്റര്‍ വഴി ജനങ്ങള്‍ക്ക് ലഭിക്കും. നമ്മള്‍ അതിനുവേണ്ടി ഒരു കൊല്ലത്തില്‍ ചെലവഴിക്കുന്നത് അഞ്ചു ലക്ഷം രൂപയായിരിക്കും. ആ അഞ്ചു ലക്ഷത്തിലൂടെ 50 ലക്ഷത്തിന്റെ ഗവണ്‍മെന്റ് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നു. ഇതോടൊപ്പം വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ചികിത്സാ സഹായ ഫണ്ട്, പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള സഹായം, ഗര്‍ഭിണികള്‍ക്ക് പ്രസവസഹായം... ഇങ്ങനെ തുടങ്ങി സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അറിയാത്തവര്‍ക്കു വിവരങ്ങള്‍ എത്തിക്കാന്‍ നാഗരിക് വികാസ് മുഖേന കഴിയുന്നുണ്ട്.
മോദി ഭരണ സാധ്യതയുടെ ആശങ്ക മുന്‍കൂട്ടി കണ്ടുകൊണ്ട് കേരളത്തില്‍ യു.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ കൊടുത്തിരുന്നു; അതുപോലെ ഉത്തരേന്ത്യയില്‍ ഒരു സാധ്യത ഉണ്ടാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ ജമാഅത്തിനു കഴിഞ്ഞില്ല?
> പൊതുവില്‍ സ്ട്രാറ്റജിക്കല്‍ വോട്ടിംഗ് എന്നു പറയുന്ന ഒരു പാറ്റേണില്‍ ആണ് ഇപ്രാവശ്യം വോട്ട് ചെയ്തിട്ടുള്ളത്. 545 മണ്ഡലങ്ങളില്‍ 25-ഓളം മണ്ഡലങ്ങള്‍ മുസ്ലിം സമുദായത്തിന്റെ ഐക്യം ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ വിജയം ഉണ്ടാക്കാന്‍ പറ്റുമായിരുന്നു. ഹിന്ദു മുസ്ലിം ധ്രുവീകരണം ഉണ്ടാകുന്ന സമയത്ത് ഇങ്ങനെ മുസ്ലിം സമുദായത്തിന്റെ ഏകീകരണം കൊണ്ട് യാതൊരു കാര്യവുമില്ല. അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കഴിയില്ല. അതാണ് ഇപ്പോഴുണ്ടായത്. മോദി വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധിക്കുന്നതിനു പകരം മുസ്ലിം വിരുദ്ധ വികാരം, ഇസ്ലാം പേടി എന്നിവ വളര്‍ത്തി മറ്റു സമുദായങ്ങളെ മുസ്‌ലിംകള്‍ക്കെതിരെ ഏകീകരിക്കുക എന്ന ഒറ്റ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ വരുമ്പോള്‍ മുസ്ലിം വോട്ട് എത്ര ഏകീകരിച്ചാലും ഒന്നും ചെയ്യാന്‍ കഴിയില്ല.
ഏതാണ്ട് 30 ശതമാനം മുസ്ലിംകളുള്ള പ്രദേശമാണ് പശ്ചിമ ബംഗാള്‍. അതില്‍ പല മണ്ഡലങ്ങളും മുസ്ലിം ഭൂരിപക്ഷമുള്ളതാണ്. അവിടെ എല്ലാ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസ് ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും മുസ്ലിംകളെത്തന്നെയാണ് സ്ഥാനാര്‍ഥിയായി നിര്‍ത്തുന്നത്. അവിടെ രാഷ്ടീയമായിട്ടുള്ള ഏറക്കുറെ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് വേറെ ചില സാഹചര്യത്തിലാണ്. ഉദാഹരണമായി മമതാ ബാനര്‍ജി സ്വീകരിച്ചിട്ടുള്ള നിലപാട് ഒരു മുസ്ലിം സംഘടനയുമായും സംസാരിക്കാന്‍ അവര്‍ സന്നദ്ധമായില്ല എന്നതായിരുന്നു. അവര്‍ ചെയ്തത് മുസ്ലിംകളായ സ്ഥാനാര്‍ഥികള്‍ക്ക് ധാരാളമായി സീറ്റു കൊടുത്തു. അവര്‍ വിചാരിച്ചത് മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് കൊടുക്കുന്നതിലൂടെ മുസ്ലിം ജനസമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നായിരുന്നു. പക്ഷേ, ഇങ്ങനെ ജംഇയ്യത്തുല്‍ ഉലമയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ അതുപോലെയുള്ള മറ്റ് സംഘടനകളുമായോ സംസാരിക്കാന്‍ മമത വിമുഖത കാണിച്ചതുകൊണ്ട് മുസ്ലിംകള്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യണമോ തൃണമൂല്‍ കോണ്‍ഗ്രസിന് ചെയ്യണമോ എന്ന ആശയക്കുഴപ്പത്തിലായി. അതിന്റെ ഫലമായിരുന്നു ഇപ്പോഴത്തെ റിസല്‍റ്റ്. ഇക്കാര്യം വളരെ പ്രകടമായിരുന്നു.
അതിനര്‍ഥം മുസ്ലിം സമുദായത്തെ ലീഡ് ചെയ്യാന്‍ സമുദായ സംഘടനാ നേതൃത്വത്തിന് മാത്രമേ കഴിയൂ എന്നല്ലേ? അവിടെയാണ് മുസ്ലിം സംഘടനകള്‍ പരാജയപ്പെട്ടുപോയത്?
> ലീഡ് ചെയ്യാന്‍ ആളുകള്‍ വേണം. അല്ലെങ്കില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ല. ഉദാഹരണമായി ബിഹാറില്‍ മഹാഗഡ്ബന്ധനെയാണോ കോണ്‍ഗ്രസിനെയാണോ സഹായിക്കേണ്ടത്. ദല്‍ഹിയില്‍ ആം ആദ്മിയെ സഹായിക്കണോ, കോണ്‍ഗ്രസിനെ സഹായിക്കണോ? ഉദാഹരണമായി ഞങ്ങള്‍ താമസിക്കുന്ന ഓഖ്ല ഏരിയ, മുസ്ലിം വോട്ടേഴ്സ് കൂടുതല്‍ ഉള്ള ഒരു മേഖലയാണ്. വോട്ടിംഗിന്റെ തലേദിവസം വരെ അവര്‍ കണ്‍ഫ്യൂഷനിലാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കണമോ ആം ആദ്മി പാര്‍ട്ടിയെ സഹായിക്കണമോ എന്ന്. ആ കണ്‍ഫ്യൂഷനില്‍ മുസ്ലിം വോട്ടുകള്‍ അവിടെ ഭിന്നിച്ചു. അതുകൊണ്ടുതന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സൗത്ത് ദല്‍ഹിയില്‍ പോലും ബി.ജെ.പി ജയിക്കുന്ന അവസ്ഥ വന്നു. ഏഴില്‍ ഏഴും അവര്‍ക്ക് കിട്ടി. അപ്പോള്‍ ഒരാള്‍ പറയണം; ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ഇന്ന പാര്‍ട്ടിയെ സഹായിക്കൂ. ഇതാണ് നേതൃത്വത്തിന്റെ പ്രസക്തി. കേരളത്തില്‍ ലീഡേഴ്സ് പറഞ്ഞു; 'നമുക്ക് ബി.ജെ.പിയെ പരാജയപ്പെടുത്തണം.' ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് പറയുന്ന രണ്ട് കക്ഷികളാണ് ഇവിടെ മത്സരിക്കുന്നത്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയാണ് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഏറ്റവും നല്ലത് എന്ന്. ഇത് ഒരു മാര്‍ഗനിര്‍ദേശമാണ്. അത് കിട്ടിയപ്പോള്‍ ജനങ്ങള്‍ അതിനനുസരിച്ച് പ്രതികരിച്ചു. ഈ ഗൈഡന്‍സ് നമുക്കവിടെ കൊടുക്കാന്‍ കഴിയാത്തത് സംഘടനകളുടെ പരാജയമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ ചോദിച്ചു വന്നില്ല എന്നത് നേരാണ്. കേന്ദ്രത്തില്‍ ഇന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സ്വാധീനിക്കണം എന്ന് തീരുമാനിക്കുമാറ് മുസ്ലിം സമൂഹത്തെ ചലിപ്പിക്കാന്‍ പക്വമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് നേതൃത്വം നല്‍കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് പോലും പറ്റാത്ത അവസ്ഥ വന്നിട്ടില്ലേ?
> ജമാഅത്തെ ഇസ്ലാമിക്ക് അങ്ങനെയൊരവസ്ഥ വന്നിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ആജ്ഞാശേഷി അവരുടെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും അടുത്താണ്. ജമാഅത്ത് ഓരോ മണ്ഡലത്തിലും കൃത്യമായി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. പക്ഷേ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഒരു മതസംഘടനയാണ്. അതില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ആളുകളും കോണ്‍ഗ്രസ് അനുഭാവമുള്ളവരാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ദല്‍ഹിയില്‍ ജംഇയ്യത്തുല്‍ ഉലമയുമായി ബന്ധമുള്ള അംഗങ്ങളുണ്ട്. എസ്.പി, ബി.എസ്.പി പോലുള്ള കക്ഷികള്‍ക്ക് യു.പിയിലും അംഗങ്ങളുണ്ട്. ഒരു മതസംഘടനക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ പരിമിതികള്‍ ഉണ്ടാകും. ജമാഅത്ത് വേറൊരു കാറ്റഗറിയിലാണല്ലോ. വെറും മതസംഘടനയല്ലല്ലോ.
കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപപ്പെട്ട കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിച്ച ഒരാളെന്ന നിലയില്‍ ഉത്തരേന്ത്യയില്‍ അത്തരമൊരു മുന്നേറ്റ സാധ്യതയെ കുറിച്ച എന്തെങ്കിലും മോഹങ്ങള്‍ താങ്കളില്‍ ഉണ്ടോ?
> തീര്‍ച്ചയായും നമ്മളിപ്പോള്‍ 2019-2024-ലെ കാലയളവിലേക്കുള്ള പരിപാടികള്‍ ഉണ്ടാക്കി. അതിലെ പ്രധാനപ്പെട്ട അജണ്ട മുസ്ലിം സമൂഹത്തിന്റെ ലീഡര്‍ഷിപ്പ് പൊസിഷനിലേക്കുയര്‍ന്ന് അവരെ രചനാത്മകമായി സ്വാധീനിച്ച് ദിശാ ബോധം നല്‍കാനാവുന്ന റോളിലേക്ക് ജമാഅത്തെ ഇസ്ലാമിക്ക് വരാന്‍ എന്തുണ്ട് സാധ്യത എന്നതായിരുന്നു. പ്രത്യേകിച്ച് നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ഊന്നല്‍ മറ്റു രംഗങ്ങളിലായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ തന്നെ എങ്ങനെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയും എന്നതിനെ സംബന്ധിച്ചുള്ള ആലോചനകളും വളരെ ശക്തിയായിത്തന്നെ നടക്കുന്നുണ്ട്. നാലു വര്‍ഷത്തെ പരിപാടികളില്‍ ഇന്ത്യയുടെ വ്യത്യസ്ത സ്ഥലങ്ങളില്‍ സെമിനാറുകള്‍ നടത്തി, ജമാഅത്തിന് അകത്തും പുറത്തുമുള്ള ആളുകളില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് നാല് വര്‍ഷത്തേക്കുള്ള നയം രൂപീകരിച്ചത്. അതിലെ മുഖ്യമായ ഒരു അജണ്ട ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ ഭാവി എന്നതില്‍ ഊന്നി തന്നെയായിരുന്നു.
ഭാവിയിലേക്കുള്ള കാര്യം പറയുകയാണെങ്കില്‍ കേവലമായ മുസ്ലിം പൊളിറ്റിക്സിന് ഇന്ത്യയില്‍ വലിയ സാധ്യതയില്ല. അത് മറുഭാഗത്തെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ. പിന്നെ സെക്കുലര്‍ പ്ലൂരലിസ്റ്റിക് സ്‌റ്റൈലില്‍ ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് പ്രസക്തിയുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടി ആ തലത്തില്‍ ഉണ്ടാക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷേ വേണ്ടത്ര ആള്‍ബലം ആയികിട്ടിയിട്ടില്ല. അത് ക്രമേണ വളരുക തന്നെ ചെയ്യും. ഉത്തരേന്ത്യയില്‍ ഈ പാര്‍ട്ടി ഇനിയും കരുത്താര്‍ജിക്കേണ്ടുതുണ്ട്. വളരെ വേഗം പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം വേര് പിടിച്ച് വരികയില്ല. അതിന്റെ തനിമയാര്‍ന്ന നിലപാടുകളിലൂടെ ക്രമേണ വേരുപിടിച്ച് വരികയേ ഉള്ളൂ. അങ്ങനെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കേ ഇനി പ്രസക്തിയുള്ളൂ.
നരേന്ദ്രമോദി ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നിരിക്കുകയാണ്. ഈ സങ്കീര്‍ണ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അഖിലേന്ത്യാ തലത്തില്‍ ഏതുരൂപത്തില്‍ വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്?
> ലോകാടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക്, പ്രത്യേകിച്ച് ഇസ്ലാമിസ്റ്റുകള്‍ക്ക് സന്തോഷകരമായ സാഹചര്യമല്ല ഉള്ളത്. പലരും കഠിനമായ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു. യമന്‍, സിറിയ, ഫലസ്തീന്‍, ഈജിപ്ത്, ഏറ്റവും അവസാനം സുഊദി അറേബ്യയില്‍ വരെ പലവിധ പ്രശ്നങ്ങളുണ്ട്. അതിനെ അപേക്ഷിച്ച് ഇന്ത്യയിലെ പ്രശ്നങ്ങള്‍ വളരെ ലഘുവാണ്. കാരണം നമുക്ക് വളരെ ശക്തമായ ഒരു ഭരണഘടനയുടെ പിന്‍ബലമുണ്ട്. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ ഗാന്ധിജിയും നെഹ്റുവും മൗലാനാ ആസാദുമൊക്കെ ആയതിനാല്‍ ഇന്ത്യക്ക് ഒരു മതനിരപേക്ഷ ആത്മാവുണ്ട്. ഇവ രണ്ടും നമ്മുടെ രക്ഷാകവചമായി നില്‍ക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ അസാധാരണമായ ഭയമൊന്നും നമുക്ക് വേണ്ടതില്ല. പക്ഷേ, ഹിന്ദു-മുസ്ലിം ധ്രുവീകരണം എന്ന പോയിന്റ് ശക്തമായി നിലനിര്‍ത്താന്‍ മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ട്. അതിലാണ് അവരുടെ കാലുകള്‍ അമര്‍ന്നുനില്‍ക്കുന്നത്.
ഭഗല്‍പൂര്‍, ഗുജറാത്ത് പോലുള്ള കലാപങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. കോടിക്കണക്കിന് സമ്പത്താണ് മുസ്ലിംസമൂദായത്തില്‍ നിന്ന് കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കുകയോ ചെയ്തത്. എന്നാല്‍ ഈ അഞ്ചുകൊല്ലം ഉണ്ടായത് ഏതാനും ആള്‍ക്കൂട്ട അക്രമങ്ങളാണ്. വമ്പിച്ച വര്‍ഗീയ കലാപങ്ങള്‍ എവിടെയെങ്കിലും ഉണ്ടാവുകയോ കൂട്ടത്തോടെ ആളുകള്‍ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. 50-ല്‍ താഴെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാവും. 3000-ത്തോളം ആളുകള്‍ എന്നിടത്ത് 50 ആളുകള്‍ കുറവാണ്. പക്ഷേ, ആ മരണങ്ങള്‍ ലഘുവായ കാര്യമേ അല്ല. കലാപങ്ങളേക്കാള്‍ ഭീകരമായ പോളറൈസേഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. കലാപങ്ങളേക്കാള്‍ കൂടുതല്‍ ഗ്രാവിറ്റിയുണ്ട് ഇതിന്. ഇതിനെ നമ്മള്‍ ഭയപ്പെടണം. ഒരാളെ അടിച്ചുകൊല്ലുന്നത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണ്. ഇതൊരു മുസ്ലിം കാണുമ്പോള്‍ അവന്റെ മുസ്ലിം വികാരം തിളക്കും. ഇതൊരു ഹിന്ദു കാണുമ്പോള്‍ അവന്റെ ആവേശം കൂട്ടും. അന്ന് 3000 ആളുകളെ കൊന്നിട്ട് ഉണ്ടാവാത്ത വികാര തീവ്രത രണ്ട് ഭാഗത്തും ഉണ്ടാക്കാന്‍ ഈ ഒരാളെക്കൊണ്ട് കഴിയും. മുസ്ലിംകള്‍ക്ക് ജീവനാശം ഉണ്ടാക്കുന്നു എന്നതിനേക്കാള്‍ ഉപരി ധ്രുവീകരണത്തിലൂടെ അവര്‍ ലക്ഷ്യം നേടുന്നു. അതിനെയാണ് നാം ഭയപ്പെടേണ്ടത്.
രണ്ടാമത്തെ കാര്യം, നമ്മുടെ അടിസ്ഥാനവിശ്വാസമായ തൗഹീദിന്റെ അടിത്തറ ഇളക്കും വിധത്തിലുള്ള വിദ്യാഭ്യാസ സിസ്റ്റമാണ് ഇപ്പോള്‍ രൂപപ്പെടുത്തിയത്. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസത്തിന്റെ പുതിയ രീതി വരുമ്പോള്‍ അതിന്റെ ഘടനയില്‍ മാത്രമല്ല, ഉള്ളടക്കത്തിലും മാറ്റം വരും. ഉള്ളടക്കത്തിലെ മാറ്റം വളരെ മാരകമാണ്. ഹിന്ദുത്വം മതമല്ല എന്ന് സുപ്രീംകോടതിയുടെ വിധി ഉണ്ട്. മതമല്ലാത്തതിനാല്‍ അത് കള്‍ച്ചറാണ്. ഇന്ത്യന്‍ കള്‍ച്ചറിന്റെ ഭാഗമായി ഹിന്ദു കള്‍ച്ചറിനെ നമ്മുടെ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കും. ഹിന്ദു വിശ്വാസങ്ങളാണ് പാഠപുസ്തകങ്ങളില്‍ ഇനി പഠിപ്പിക്കാന്‍ പോകുന്നത്. അങ്ങനെ വരുമ്പോള്‍ അത് ഇസ്ലാമിന്റെ തൗഹീദീ അടിത്തറയെ തന്നെ ഇളക്കുന്ന ഒന്നാണ്. ഇത് ഏറെ ഭയപ്പെടേണ്ടതുതന്നെയാണ്.
മൂന്നാമത്തെ കാര്യം, ഏതൊരു സമൂഹവും നിലനില്‍ക്കുന്നത് അതിന്റെ പാരമ്പര്യത്തിന്റെ വേരുകളിലായിരിക്കും. ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് 1400 കൊല്ലം പഴക്കമുള്ള പാരമ്പര്യമാണുള്ളത്. പ്രവാചക കാലത്തും ശേഷം സ്വഹാബികളുടെയും താബിഉകളുടെയും കാലത്തും ഇസ്ലാം വന്നത് കേരളത്തില്‍ മാത്രമല്ല; ബംഗാളിന്റെ അങ്ങേയറ്റത്തുള്ള സില്‍ക്ക് പാത്ത് എന്ന റൂട്ടിലൂടെ അറബ് രാജ്യത്തുനിന്ന് ഇസ്ലാം ബംഗാളിലും ഉത്തരേന്ത്യയിലും വന്നിട്ടുണ്ട്. അതിനു ശേഷമാണ് പേര്‍ഷ്യയില്‍നിന്ന് മുസ്ലിം ഭരണാധികാരികളും സൂഫികളും വരുന്നത്. ഈ പാരമ്പര്യം വെറുമൊരു മതപരമായ പാരമ്പര്യം മാത്രമല്ല. അവിടെനിന്ന് വികസിച്ച് ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തെയും ഇന്ത്യയുടെ വികസന സങ്കല്‍പത്തെയും സംസ്‌കാരത്തെയും മാറ്റിമറിച്ചിട്ടുള്ള ഒന്നാണ്. ഈ പാരമ്പര്യത്തിന്റെ വേര് പിഴുതെടുക്കുക എന്നത് ആശങ്കാജനകം തന്നെയാണ്. അതായത് താജ്മഹല്‍, ചെങ്കോട്ട, മക്കാ മസ്ജിദ്, ചാര്‍ മിനാര്‍..... ഇതിനെല്ലാം പുതിയ ആഖ്യാനങ്ങള്‍ വരികയാണ്. അത് കുട്ടികളെ പഠിപ്പിക്കുക കൂടി ചെയ്ത് മുസ്ലിം സമൂഹത്തിന്റെ അസ്തിത്വവും വ്യക്തിത്വവും അതിന്റെ പാരമ്പര്യവും ഇന്ത്യയില്‍നിന്ന് വേരോടെ പിഴുതെടുത്താല്‍ അത് നമ്മുടെ സംസ്‌കാരത്തിന്റെ എല്ലാ തലങ്ങളെയും സാരമായി ബാധിക്കും.
ഭോപ്പാലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കുക അത് മധ്യപ്രദേശിന്റെ തലസ്ഥാനമാണ്. ബി.ജെ.പി ആഭിമുഖ്യമുള്ള പ്രദേശമാണ്. എന്നാല്‍ ഭോപ്പാല്‍ ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് നാല് മുസ്ലിം സ്ത്രീകളാണ് ഭരിച്ചത് എന്ന് കാണാം. 100 കൊല്ലത്തോളം അവര്‍ ഭരിച്ചു. അവരുടെ വികസനത്തിന്റെ അടയാളങ്ങളാണ് ഇന്നും ഭോപ്പാലിന്റെ അടിത്തറ. പക്ഷേ ഹിസ്റ്ററിയില്‍ പുതിയ ഒരു ആഖ്യാനം വരുമ്പോള്‍ ഇവര്‍ അപ്രസക്തമായിപ്പോവും. മുസ്ലിംകള്‍ താല്‍ക്കാലികമായി കുടിയേറിപ്പാര്‍ത്ത ആളുകളാണ് എന്നു പറയാവുന്ന അവസ്ഥ വന്നാല്‍ നമുക്ക് ഇന്ത്യയില്‍ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരും.
ആള്‍ നാശം, സ്വത്ത് നാശം, ശരീഅത്തിലിടപെടുക എന്നതൊക്കെയും വലിയ വിഷയങ്ങളാണ്. പക്ഷെ ഈ കാര്യങ്ങളെ സംബന്ധിച്ചും ആളുകള്‍ വേണ്ടത്ര ചിന്തിക്കുന്നില്ല. പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അതായത് ഒന്ന് തൗഹീദിന്റെ അടിത്തറയിലുള്ള ഇസ്ലാം. ആ ഇസ്‌ലാം നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ ഉണ്ടാവണം. മദ്‌റസകളൊക്കെ ഇനി എത്രകാലം നടക്കും എന്നു പറയാന്‍ കഴിയില്ല. നമ്മുടെ കുടുംബങ്ങളില്‍നിന്നു തന്നെ പുറമെനിന്ന് വരുന്ന തൗഹീദിന് വിരുദ്ധമായ ആശയങ്ങളുടെ തള്ളിച്ചകളെ പ്രതിരോധിച്ചു നിര്‍ത്താന്‍ മാത്രമുള്ള ഉറപ്പ് നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കണം. ഇത് വീട്ടമ്മമാര്‍ ചെയ്യേണ്ട കാര്യമാണ്.
സ്‌കൂള്‍ സിലബസുകളില്‍നിന്ന് മുസ്ലിം പാരമ്പര്യത്തെ വെട്ടിമാറ്റുമ്പോള്‍ മദ്റസാ പാഠ്യപദ്ധതിയില്‍ ഫിഖ്ഹ് / കര്‍മശാസ്ത്രം മാത്രം പഠിപ്പിച്ചതുകൊണ്ട് കാര്യമില്ലല്ലോ?
> അത് ശരിയാണ്. നേരത്തേ ഇസ്‌ലാമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു സെമിനാറില്‍ ഞാന്‍ വളരെ ശക്തമായി ഉന്നയിച്ച ഒരു പോയിന്റ് ഇതായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിക്കുന്നു. ഇന്ത്യ മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യമാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ആവശ്യമായ എല്ലാ മെറ്റീരിയലുകളും നല്‍കുകയാണ്. ഞാന്‍ ഇന്ത്യക്കാരനാണ് എന്നതില്‍ ആത്മാഭിമാനം തോന്നുന്ന രീതിയില്‍ അവതരിപ്പിക്കണം. അത് നമ്മുടെ കുട്ടികള്‍ പഠിക്കണം. അതേ അവസരത്തില്‍ ഇന്ത്യയില്‍ ഒരു മുസ്‌ലിമാണ് ഞാന്‍ എന്നു പറയുന്നതില്‍ ആത്മാഭിമാനമുണ്ടാക്കാന്‍ നമ്മുടെ മദ്‌റസ സിസ്റ്റത്തിനാണ് കഴിയുക. അതുകൊണ്ട് ഇസ്‌ലാമിക ചരിത്രപഠനം പറയുന്നതിനോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം ചരിത്രം പ്രാഥമിക മദ്റസയുടെ കൂടി പാഠമായി മാറേണ്ടതുണ്ട്.
നമ്മള്‍ കുട്ടികളെ ഇന്ത്യയിലെ മുസ്ലിംകളുടെ പാരമ്പര്യത്തെക്കുറിച്ചും പഠിപ്പിക്കണം. നമ്മുടെ മദ്രസയിലാകട്ടെ കോളേജുകളിലാവട്ടെ ആനക്കലഹം മുതല്‍ തുടങ്ങുകയും നബി(സ)യുടെ മരണത്തോടെ അവസാനിക്കുകയും ഏറിവന്നാല്‍ ഖുലഫാഉര്‍റാശിദുകളുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഹിസ്റ്ററിയാണ് പഠിപ്പിക്കുന്നത്. ചിലപ്പോള്‍ അബ്ബാസിയ കാലഘട്ടവും മറ്റും ഉണ്ടാവും. അതില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ഇസ്ലാമെങ്ങനെ വന്നു, ഇവിടെ മുസ്‌ലിംകള്‍ എന്തൊക്കെ ഉണ്ടാക്കി, അഭിനവ ഇന്ത്യ വളര്‍ത്തിയെടുക്കുന്നതില്‍ അവരുടെ പങ്കെന്താണ്, സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ പങ്കെന്താണ്. ഇത്തരം കാര്യങ്ങള്‍ മദ്രസകളിലെയും കോളേജുകളിലെയും പാഠ്യവിഷയമായി മാറട്ടെ. നമ്മുടെ ഉമ്മമാര്‍ ആ ചരിത്രം ആര്‍ജിച്ചെടുത്ത് അവരുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.
അഭിമാനകരമായ മുസ്ലിം പാരമ്പര്യത്തെക്കുറിച്ച അറിവില്ലായ്മയല്ലേ ദേശക്കൂറ് ചോദ്യം ചെയ്യപ്പെടുമ്പോള്‍, ഞാന്‍ തീവ്രവാദിയല്ല ഇന്ത്യക്കാരനാണ് എന്ന തരത്തിലുള്ള ആത്മാഭിമാനമില്ലാത്ത, ക്ഷമാ ശൈലിയിലുള്ള പ്രതികരണം നമ്മളില്‍ നിന്നുണ്ടാകുന്നതിനുള്ള കാരണം?
> അത് നമ്മള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. ഉദാഹരണമായി അബുല്‍കലാം ആസാദിനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഒരു മുസ്‌ലിമാണെങ്കിലും, വലിയൊരു ദേശസ്നേഹിയായിരുന്നു എന്ന് പറയാറുണ്ട്. അതിനര്‍ഥം ഇദ്ദേഹത്തെ പുകഴ്ത്താന്‍ വേണ്ടിയാണ് അത് പറയുന്നതെങ്കിലും മുസ്‌ലിം ഒരു ദേശസ്നേഹി ആയിരിക്കുകയില്ല എന്ന ഒരു അവബോധത്തില്‍നിന്നാണ് അത് വരുന്നത്. (മുസ്‌ലിമായി എന്നത് അദ്ദേഹത്തിന്റെ ഒരയോഗ്യതയായി ചിലര്‍ കരുതുന്നു എന്നും ഇതിനര്‍ഥമുണ്ട്) ഇങ്ങനെയൊരു വിചാരം പല വിധേന ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ആ വിചാരം ഇല്ലാതാക്കി തികഞ്ഞ ആത്മാഭിമാനത്തോടെ സംസാരിക്കാനുള്ള ആര്‍ജവം നമ്മള്‍ നേടിയെടുക്കുകയാണ് വേണ്ടത്.
പൗരത്വബില്ലും സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇക്കഴിഞ്ഞ ഇലക്ഷനില്‍ തന്നെ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്നും മുസ്‌ലിംകള്‍, ദലിതര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള ദശലക്ഷക്കണക്കിന് ജനങ്ങളെ ബോധപൂര്‍വം പുറത്താക്കിയിരുന്നു. അതിനെതിരെ മുസ്‌ലിം സംഘടനകളൊന്നും വലിയ തോതില്‍ ശ്രദ്ധിച്ചതായി കണ്ടില്ല. മാറിയ പരിതഃസ്ഥിതിയിലെങ്കിലും അത്തരം കാര്യങ്ങളെക്കുറിച്ച ചിന്ത പ്രസ്ഥാനത്തിന്റെ പരിഗണനയില്‍ ഉണ്ടോ?
> രാജ്യത്തെ ജനാധിപത്യത്തെയും ജനവിന്യാസരീതികളെയും അട്ടിമറിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഈ പൗരത്വബില്‍ വരാന്‍ പോകുന്നത്. ഇന്ത്യക്ക് പുറത്തുനിന്ന് കടന്നുവന്നവര്‍ എന്ന് ആരോപിക്കപ്പെടുന്ന ആളുകള്‍ മുസ്‌ലിംകളാണെങ്കില്‍ അവര്‍ക്ക് ഇവിടെ പൗരത്വം ഉണ്ടാവില്ല. അവര്‍ ഇവിടെ നിന്ന് പോകണം. അതല്ല, അവര്‍ ഹിന്ദുക്കളാണെങ്കില്‍ അവര്‍ക്ക് വേറെങ്ങും പോകാനില്ല, അവരെ ഇവിടെ സ്വീകരിക്കും. എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്നും മുസ്‌ലിംകളെ മാറ്റുകയും രാജ്യത്തിനു പുറത്തുള്ള ആളുകളെ കൂടി കൊണ്ടുവന്ന് ഇന്ത്യയോട് ചേര്‍ക്കുകയും ചെയ്യുക എന്നു പറയുന്ന സംഗതിയാണ്. അത് ഇസ്രയേല്‍ ചെയ്തതുപോലുള്ള ഒരു പ്രവണതയാണ്. അത് മുസ്‌ലിംകളുടെ മാത്രമല്ല. രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണ്. ഈ ബില്ലിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് അസമില്‍ മുസ്‌ലിംകളല്ല. ആസു എന്ന സംഘടനയാണ് (ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍). അതിന്റെ കാരണം ആ ബില്‍ വര്‍ധിച്ച തോതില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറല്‍ വര്‍ധിപ്പിക്കും. അതുകൊണ്ട് ബംഗ്ലാദേശുകാരെ അവര്‍ മുസ്‌ലിംകളാണെങ്കിലും ഹിന്ദുക്കളാണെങ്കിലും ഞങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധരല്ല എന്നതാണ് ആസുവിന്റെ നിലപാട്. ഇതുതന്നെയാണ് ഇന്ത്യയില്‍ ഉടനീളം ഉണ്ടാകേണ്ടത്. ഈ ബില്ലിനെതിരെയുള്ള പ്രക്ഷോഭം മുസ്‌ലിംകള്‍ മാത്രം നയിക്കേണ്ടതല്ല. അത് മൊത്തം ജനസമൂഹം നയിക്കേണ്ടതാണ്. അതാണ് ഇന്ത്യയുടെ അവസ്ഥയെയും ഡെമോഗ്രാഫിയെയും ആകെ മാറ്റിമറിക്കുന്നതിനെ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. ഇപ്പോള്‍ ബില്ല് വന്നിട്ടില്ല. വരികയാണെങ്കില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.
കേരളത്തിലെ ജനങ്ങളില്‍ മിക്കവരും അതിനെക്കുറിച്ച് ബോധ്യമുളളവരാണ്. എന്നാല്‍ ഞങ്ങള്‍ പുറംതള്ളപ്പെടുന്നു എന്നോ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരാണ് എന്നോ അറിയാത്തവരാണ് അവിടെയുളളവര്‍. അത്തരം ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ടോ?
> നമുക്കത് ഗ്രാസ് റൂട്ടില്‍ തന്നെ കൈകാര്യം ചെയ്യണം. മിക്കവാറും ഇത് സംഭവിക്കുന്നത് ചേരി പ്രദേശങ്ങളിലാണ്. അര്‍ബനൈസേഷന്‍ എന്ന പ്രക്രിയയെത്തുടര്‍ന്ന് ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് എന്തെങ്കിലും ജോലി കിട്ടും. ഒന്നുമില്ലെങ്കില്‍ വീടുകളില്‍നിന്ന് മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്ന ജോലിയെങ്കിലും; പക്ഷേ ഇങ്ങനെ ജോലി പ്രതീക്ഷിച്ച് ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് അവിടെ വീടോ സ്ഥലമോ ഉണ്ടാവില്ല. റോഡരികിലോ ഒഴിഞ്ഞ സര്‍ക്കാര്‍ ഭൂമികളിലോ പുറമ്പോക്ക് ഭൂമികളിലോ ആയിരിക്കും അവര്‍ താമസിക്കുക. വീട്ടുനമ്പര്‍ ഉണ്ടെങ്കിലല്ലേ ആധാര്‍ കാര്‍ഡ് ലഭിക്കുകയുള്ളൂ. ആധാര്‍ ഉണ്ടായാലേ വോട്ടര്‍ ഐ.ഡി ഉണ്ടാവൂ. ചേരിപ്രദേശങ്ങളില്‍ അഭയാര്‍ഥികളായി എത്തിയവര്‍ക്ക് ഭയങ്കരമായ ഒരു പ്രശ്‌നമാണ് അവരുടെ ഐഡന്റിറ്റി. അവരുടെ ഇടയില്‍ ചെന്ന് അവരെ ഇതിന് പ്രേരിപ്പിച്ച് ഏതെങ്കിലും വില്ലേജ് ആപ്പീസുമായി ബന്ധപ്പെടുത്തി ഐ.ഡി കാര്‍ഡ് ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വിഷന്റെ പ്രവര്‍ത്തകര്‍ അതിന് കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. താമസിക്കുന്നിടത്ത് അതിന് സാധിച്ചില്ലെങ്കില്‍ ജന്മനാട്ടില്‍ ഉണ്ടാക്കുകയും ചെയ്യാം. അത് ഫലം ചെയ്യുന്നുമുണ്ട്. അസം സ്വദേശികള്‍ കേരളത്തില്‍ ധാരാളമായി ജോലിചെയ്യുന്നുണ്ട്. ഇവിടെ ഞാന്‍ കാണുന്ന ആളുകളോടൊക്കെ പറയുന്നത് എന്‍.ആര്‍.സി എന്ന പോപ്പുലേഷന്‍ രജിസ്റ്ററില്‍ അവരുടെ പേര് വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണ്. കാരണം അവിടെ അവരുടെ പേരുണ്ടെങ്കിലേ അവര്‍ക്ക് ഇന്ത്യന്‍ പൗരനായി നില്‍ക്കാന്‍ കഴിയൂ.
ബംഗാളില്‍നിന്നും അസമില്‍നിന്നുമെല്ലാം കേരളത്തിലേക്ക് കുടിയേറിയവരുടെ കണക്കുകള്‍ നിലവില്‍ എന്തെങ്കിലുമുണ്ടോ?
> ഗവണ്‍മെന്റിന്റെ കൈയിലുള്ള ഏകദേശ കണക്കനുസരിച്ച് കേരളത്തില്‍ 30 ലക്ഷത്തിനു മേല്‍ ആളുകള്‍ ഉത്തരേന്ത്യയില്‍നിന്ന് വന്ന് താമസിക്കുന്നുണ്ട്. ഏതാണ്ട് 30 ലക്ഷത്തോളം മലയാളികള്‍ പ്രവാസികളുമുണ്ട്. അവരുടെ അഭാവം നികത്തുന്നത് ഇവരാണ്. എന്റെ പഠനത്തില്‍ അസമില്‍നിന്നും ഇവിടെ വന്ന് താമസിക്കുന്നതില്‍ മിക്കവരും പൗരത്വ രേഖ ഉള്ളവരാണ്. എ.പി.സി.ആറിന്റെ പേരില്‍ വലിയ കാമ്പയിന്‍ നടത്തിയിരുന്നു. 250-ഓളം വളന്റിയേഴ്‌സ് 4 മാസത്തോളം ഫുള്‍ടൈം വര്‍ക്കര്‍മാരായി അതിനുവേണ്ടി പണിയെടുത്തു. അവര്‍ക്ക് മേല്‍നോട്ടത്തിന് വക്കീലുമാരെ നിയമിച്ചു. ആരുടെയെല്ലാം പേരാണ് ലിസ്റ്റില്‍ വരാത്തത് എന്ന് നോക്കി രേഖകളും മറ്റും ശേഖരിച്ച് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. അവസാന പരിശോധനയില്‍ ഏതാനും ആയിരങ്ങളാണ് മുസ്‌ലിംകളില്‍ അവശേഷിച്ചത്. മറ്റു സമുദായങ്ങളില്‍, പ്രത്യേകിച്ച് ഹൈന്ദവ സമുദായങ്ങളില്‍ വരാത്തവരുടെ കണക്ക് അത്ര കാര്യമായി എടുത്തിട്ടില്ല. അവര്‍ മനസ്സിലാക്കുന്നത് ഞങ്ങള്‍ ഹിന്ദുക്കളാണ്, ഞങ്ങള്‍ക്കതിന്റെ ആവശ്യമില്ല എന്നാണ്. എന്നാല്‍ മുസ്‌ലിംകള്‍ അക്കാര്യത്തില്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ ഇനി വളരെ കുറച്ചാളുകളേ പുറത്തുളളൂ. എന്നാല്‍ അവരുടെ പ്രശ്‌നം അവരെ ഫോറിനേഴ്‌സായി പ്രഖ്യാപിക്കും എന്നുള്ളതാണ്. അങ്ങനെ പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ പിന്നെ അവര്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്കായിരിക്കും മാറ്റപ്പെടുക. ആ ക്യാമ്പുകള്‍ ജയിലിനേക്കാള്‍ കഷ്ടമാണ്.
കേരളത്തില്‍ വിദ്യാര്‍ഥിനി പ്രസ്ഥാനമായ ജി.ഐ.ഒ വിപുലമായ തോതില്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അഖിലേന്ത്യാ തലത്തില്‍ എങ്ങനെയാണ് ജി.ഐ.ഒവിന്റെ പ്രവര്‍ത്തനം? അത് പരിമിതപ്പെടുത്തപ്പെടുന്നുണ്ടോ?
> എവിടെയൊക്കെ ജി.ഐ.ഒ ഉണ്ടോ അവിടെയൊക്കെ സജീവമായ ഇടപെടലുകള്‍ അവര്‍ നടത്തുന്നുണ്ട്. പക്ഷേ, കേരളത്തില്‍നിന്നും വ്യത്യസ്തമായ സാഹചര്യമാണ് ഉത്തരേന്ത്യയില്‍. കേരളത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് മുഖം മറയ്ക്കാതെ തന്നെ മുഖം മറയ്ക്കുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനാകുന്നുണ്ട്. അത് വളരെ ഉയര്‍ന്ന കാഴ്ചപ്പാടാണ്. പക്ഷേ, അത്തരം കാഴ്ചപ്പാടുകളൊന്നും അവിടെ വികസിച്ചുവന്നിട്ടില്ല. കേരളത്തില്‍ നിന്നും വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളെ, നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയാണ് അവര്‍ക്ക് നേരിടേണ്ടിവരുന്നത്. അവര്‍ അതിനുവേണ്ടിയുള്ള പ്രയത്‌നങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഞാന്‍ നേരത്തേ പറഞ്ഞ ഭാഷയുടെ പരിമിതികാരണം അവര്‍ അവരുടെ ചുറ്റുവട്ടത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത്. അതുകാണ്ടാണ് അവരുടെ പ്രവര്‍ത്തനം പരിമിതപ്പെട്ടുപോകുന്നത് എന്നു തോന്നുന്നു.
അഖിലേന്ത്യാ തലത്തില്‍ പ്രസ്ഥാനത്തിനകത്ത് മുഖം മറച്ച സ്ത്രീയാണ് കാണുക. കേരളത്തില്‍ മുഖം മറയ്ക്കാതെയുള്ള പൊതു പ്രവര്‍ത്തനമാണ് സ്ത്രീകള്‍ നടത്തുന്നത്. ഇതു തമ്മിലൊരു വൈരുധ്യമില്ലേ.
> മുഖം മറച്ച സ്ത്രീയും മുഖം മറയ്ക്കാത്ത സ്ത്രീയും ഇവര്‍ക്ക് രണ്ടുപേര്‍ക്കും പൊതു ധാരയില്‍ ഇടപെടുന്നതിന് പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ ഇടപെടുമ്പോള്‍ പ്രത്യേകിച്ചും മുഖം മറയ്ക്കുക എന്നത് അത്ര വലിയ പ്രശ്‌നമായി തോന്നില്ല. എനിക്കും ആദ്യം വലിയ പ്രശ്‌നം തോന്നിയിരുന്നു. ഒരാളുടെ മുഖം കണ്ടാല്‍ മാത്രമല്ലേ അവരോട് സംവദിക്കാനും ആശയവിനിമയം ചെയ്യാനും പറ്റൂ എന്ന തോന്നല്‍. പക്ഷേ ക്രമേണ അതില്‍ പ്രയാസമില്ലെന്നു ബോധ്യപ്പെട്ടു. കാരണം അത്തരം മുഖം മറച്ച സ്ത്രീകള്‍ ഞങ്ങളുടെ കൂടെ സംസാരിക്കുമ്പോള്‍ വളരെ ആര്‍ജവത്തോടെ ഇടപെടുന്നുണ്ട്. അവര്‍ക്ക് ഞങ്ങളോട് സംസാരിക്കുമ്പോള്‍ പ്രയാസമില്ല. ജമാഅത്തെ ഇസ്‌ലാമി ഇത് രണ്ടിനെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നു. ഒന്ന് നല്ലതായും മറ്റൊന്ന് മോശമായും പ്രസ്ഥാനം കാണുന്നില്ല. അതുകൊണ്ടാണ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍തന്നെ മുഖം മറച്ച അതിയ്യ സിദ്ദീഖിയോടൊപ്പം കേരളത്തില്‍നിന്നും ഉള്ള മുഖം മറയ്ക്കാത്ത റഹ്മത്തുന്നിസ കൂടി സെക്രട്ടറിയായി അഖിലേന്ത്യതലത്തില്‍ ഉണ്ടാവട്ടേയെന്ന നിലപാടെടുക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞത്. അത് വലിയൊരു മെസ്സേജ് ആണ്. മുഖം മറയ്ക്കാത്തവര്‍ മുഖം മറയ്ക്കുന്നവരുടെ അവകാശത്തിനു വേണ്ടി നിലകൊള്ളുന്ന ജനാധിപത്യപരമായ സമീപനമാണ് പ്രസ്ഥാനത്തിനകത്ത് കാണാനാവുക.
സ്ത്രീ ശാക്തീകരണത്തെ, വിദ്യാഭ്യാസ മുന്നേറ്റത്തെ എങ്ങനെ കാണുന്നു? സംവരണം തികക്കാന്‍ ഉതകുന്ന ഒരു തൊഴില്‍ ശക്തികൂടിയാണല്ലോ അത്? അതെങ്ങനെ വിനിയോഗിക്കാന്‍ കഴിയും?
> ഇത് യഥാര്‍ഥത്തില്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്തുന്ന ആളുകള്‍ ചിന്തിക്കേണ്ടതാണ്. പെണ്‍കുട്ടികളെ എവിടേക്കാണ് തിരിച്ചുവിടേണ്ടത്, അവരെ ജോബ് ഫോഴ്‌സ് എന്ന നിലയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മേഖലയിലേക്ക് എങ്ങനെ തിരിച്ചുവിടണം, അതുപോലെ ആണ്‍കുട്ടികള്‍ക്ക് പറ്റുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തണം. കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള വിദ്യാഭ്യാസ രീതി വിമന്‍ ഫ്രന്റ്‌ലിയാണ്. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ. പഠിക്കാനുള്ള അന്തരീക്ഷത്തെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. കരിക്കുലം, സിലബസ്സ്, പാഠ്യരീതി, ഇവാല്വേഷന്‍ മെത്തേഡ് ഇതെല്ലാം വിമന്‍ ഫ്രന്റ്‌ലി ആണ്. എന്നുപറഞ്ഞാല്‍ ഒതുങ്ങിനിന്ന് പഠിച്ച് നിശ്ചിത പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു രീതി. അതുകൊണ്ട് പെണ്‍കുട്ടികളായിരിക്കും പ്ലസ് ടു കഴിഞ്ഞു ഏറ്റവും മാര്‍ക്ക് വാങ്ങിവരുന്നവര്‍.
മതത്തിനപ്പുറം പൊതുവിഷയങ്ങളില്‍ ജമാഅത്ത് എന്തു പറയുന്നു എന്നറിയാന്‍ പൊതുസമൂഹവും ചാനലുകളും വരുമായിരുന്നു. അന്ന് ജമാഅത്തിന് പറയാനും ചിലതുണ്ടാകും. എന്നാല്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കു കൂടി പങ്കാളിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി വന്നശേഷം അത്തരം അവസരമില്ല. യാഥാസ്ഥിതിക മതസംഘടനയില്‍നിന്ന് വ്യത്യസ്തമായി ശക്തമായ ഒരു മതസംഘടന എന്ന നിലയില്‍ റോള്‍ കുറഞ്ഞുപോയി എന്നു തോന്നുണ്ടോ? ഒരു മതസംഘടന എന്ന നിലയില്‍ ഇന്ത്യന്‍ പൊളിറ്റിക്‌സിനെ നിയന്ത്രിക്കാനോ മറ്റോ കഴിയാത്ത അവസ്ഥ?
> ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഒരു മതസംഘടന എന്നു വിശേഷിപ്പിക്കുന്നത് ശരിയല്ല. അതൊരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. ആ നിലക്ക് മറ്റെല്ലാ ജീവിതവശങ്ങളെയും പോലെ രാഷ്ട്രീയവും ജമാഅത്തെ ഇസ്‌ലാമിയുടെ പരിധിയില്‍ വരും. പാര്‍ട്ടി കൂടി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദൈനംദിന കക്ഷി രാഷ്ട്രീയ വ്യവഹാരങ്ങളില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമി മാറിനില്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ജനാധിപത്യ മൂല്യങ്ങളിലും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പൊതുമൂല്യങ്ങളിലും ഊന്നിനില്‍ക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡിസ്‌കോസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രസ്ഥാനം ബാധ്യസ്ഥമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും വഴി കാണിക്കാനുള്ള ബൗദ്ധിക ശേഷി നാം ആര്‍ജ്ജിക്കുക തന്നെ വേണം. ഒരളവോളം നമുക്കതിന് കഴിയുന്നുണ്ട്. ഇത്തരമൊരു ദിശാനിര്‍ണയമാണ് നമ്മുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. പ്രസ്ഥാനത്തിന്റെ പോഷക സംഘടനകളും കൂടെ സഞ്ചരിക്കുന്ന മാധ്യമങ്ങളും സമാന ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടികളും ആ വഴിയിലൂടെ കരുത്തോടെ മുന്നോട്ടു നീങ്ങുകയാണ് വേണ്ടത്. ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖലകളില്‍ ഈ ആശയങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വിജയിക്കുന്നത് പ്രസ്ഥാനം തന്നെയാണ്.
ജമാഅത്തിന്റെ പിന്‍ബലമുണ്ടെന്നു മനസ്സിലാക്കപ്പെടുന്ന ഏത് സംഘടനക്കും സ്ഥാപനത്തിനും മൂവ്‌മെന്റിനും കിട്ടുന്ന അംഗീകാരം വരവുവെക്കപ്പെടുന്നത് പ്രസ്ഥാനത്തിന്റെ തന്നെ അക്കൗണ്ടിലാണ്. പുതിയ സാഹചര്യത്തില്‍ വിശേഷിച്ചും, കേരളീയ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു റീപൊസിഷനിങ്ങ് ആവശ്യമുണ്ട് എന്നു ഞാന്‍ കരുതുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അനുകൂലമായ അഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന ഒരു പ്രസ്ഥാനമായി നമുക്ക് മാറാന്‍ കഴിയണം. ഇസ്‌ലാം പേടിയെയും വെറുപ്പിനെയും നിഷ്പ്രഭമാക്കുംവിധം ഇസ്‌ലാമിന്റെ സൗരഭ്യവും പ്രകാശവും ആഴത്തില്‍ പരത്തുന്ന ഒരു വടവൃക്ഷമായി നമ്മള്‍ മാറണം. അങ്ങനെ വരുമ്പോള്‍ ഇനിയും ഏറെ വ്യക്തികളും കൂട്ടായ്മകളും ഈ പ്രാസഥാനത്തിന്റെ ശീതളച്ഛായയിലേക്ക് മാറിനില്‍ക്കും.
തയാറാക്കിയത്: ഫൗസിയ ഷംസ്, ബിശാറ മുജീബ്
ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്
EDITOR : RUKSANA. P
SENIOR SUB EDITOR : FOUSIA SHAMS
SUB EDITOR : FATHIMA BISHARA
Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com
Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com
Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com
Phone: 8281572448
advtaramam@gmail.com
© Aramam monthly. All Rights Reserved. Powered by: D4media