പോരായ്മകളിലൂടെ തന്നെ ചേര്‍ത്തുനിര്‍ത്തുക
സാമൂഹിക മര്യാദകളെ കുറിച്ച് ഏറെ പഠിച്ചവരും ചര്‍ച്ച ചെയ്തവരുമാണ് നാം. കുടുംബത്തില്‍, തൊഴിലിടങ്ങളില്‍, അങ്ങാടികളില്‍,
സാമൂഹിക മര്യാദകളെ കുറിച്ച് ഏറെ പഠിച്ചവരും ചര്‍ച്ച ചെയ്തവരുമാണ് നാം. കുടുംബത്തില്‍, തൊഴിലിടങ്ങളില്‍, അങ്ങാടികളില്‍, ആളുകളോട് ഇടപെടേണ്ടി വരുന്ന പാരസ്പര്യത്തിന്റെ എല്ലാ വേദികളിലും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നുമറിയാത്തവരായി ആരുമില്ല. മറ്റുള്ളവരെ മാനിക്കുക എന്നതാണത്. നാഗരിക വികാസത്തിന്റെ ലക്ഷണമാണത്. പക്വതയുടെയും മാന്യതയുടെയും പ്രകടരൂപവുമാണ്. അതിന് ആദ്യമായി വേണ്ടത് മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടാക്കുക എന്നതാണ്. അന്യരെ അവന്റെ പോരായ്മകളോടെയും കുറവുകളോടെയും അംഗീകരിക്കുക. കാരണം നന്മകളോടും ഗുണങ്ങളോടും കൂടി മാത്രമല്ല, കുറവുകളോടും ന്യൂനതയോടും കൂടി തന്നെയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.
എല്ലാവരുടെയും ആശയങ്ങളും അഭിപ്രായങ്ങളും എന്റേതുപോലെയായിരിക്കണമെന്നും എല്ലാവരുടെയും പെരുമാറ്റ രീതികള്‍ ഞാനാഗ്രഹിച്ചതുപോലെയായിരിക്കണമെന്നും ഉള്ള വാശി വലിയൊരു ന്യൂനതയാണ്. ഇത്തരം ചിന്തകളാണ് പകപോക്കലും പ്രതികാരവും അവഗണനയും ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. പരസ്പരമുള്ള വിട്ടുവീഴ്ചയും ബഹുമാനവും കാത്തുസൂക്ഷിക്കാതെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അത് നാശത്തിനു കാരണമാകും. വ്യക്തിയുടേത് മാത്രമല്ല, സമൂഹത്തിന്റെ മൊത്തം നാശകാരണം അതായിരിക്കും. ഒരൊറ്റ മനുഷ്യന്റെ മേലും ആധിപത്യം സ്ഥാപിക്കാനുള്ള അവകാശം ദൈവം നല്‍കിയിട്ടില്ല എന്നത് മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം വലിയൊരു താക്കീതാണ്.
ഒരൊറ്റ ആത്മാവില്‍നിന്നാണ് നാം സൃഷ്ടിക്കപ്പെട്ടതെന്നും വര്‍ഗങ്ങളും ഗോത്രങ്ങളും ആക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി എന്നുമാണ് ഖുര്‍ആന്‍ പാഠം. വ്യക്തികളേക്കാള്‍ ഉപരി സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, കൂട്ടായ്മകള്‍, നേതൃത്വങ്ങള്‍ എന്നിവരും ഇത്തരം മര്യാദകള്‍ പാലിക്കുന്നവരാണ് എന്നുറപ്പുവരുത്തേണ്ടതാണ്. ആശയപരമായ വൈജാത്യങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അതിനെ പക്വമായ രീതിയില്‍ സൂക്ഷ്മതയോടെ പാലിച്ചവരാണ് നമ്മുടെ മുന്‍ഗാമികള്‍ എന്നുമുളള ചിന്ത ഏറ്റവും കൂടുതലായി ഉണ്ടാവേണ്ടതും ഇവര്‍ക്കു തന്നെയാണ്.
പക്ഷേ ആശയ വൈരുധ്യങ്ങള്‍ വ്യക്തിഹത്യയിലും അക്രമത്തിലും നീങ്ങുന്നതിന്റെ ദുരന്തം നാം ചിലപ്പോഴൊക്കെ അനുഭവിച്ചിട്ടുമുണ്ട്. മരണം, അപകടം, ദുരന്തം എന്നിവ ഏതു കഠിന ഹൃദയന്റെയും മനസ്സൊന്നിളക്കും. പക്ഷേ ആകസ്മിക ദുരന്തങ്ങളില്‍ പോലും സന്തോഷത്തിനുള്ള വകയായി ദുഷിപ്പുകളും വിഷം ചീറ്റുന്ന പ്രസ്താവനകളും ഇറക്കുന്നതിനും തുനിയുന്ന പ്രവണത സമുദായത്തിലെ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നു. വേദനയില്‍ കൂടെ നില്‍ക്കാനും പ്രയാസങ്ങളില്‍ ചേര്‍ത്തു നിര്‍ത്താനും കഴിയാത്ത രോഗാതുരമായൊരു മാനസികാവസ്ഥ വളരുകയാണ്. വിശ്വാസിയുടെ ഗുണത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കാരുണ്യം, ക്ഷമ, സഹനം എന്നിത്യാദി ഗുണങ്ങള്‍ ജീവിതത്തില്‍നിന്നും ചോര്‍ന്നുപോകുമ്പോഴാണ് നമുക്ക് മറ്റുള്ളവരെയും അവരോടൊപ്പം നില്‍ക്കുന്നവരെയും വേദനിപ്പിക്കുന്ന പെരുമാറ്റമുണ്ടാവുക.
അതിനുള്ള പരിഹാരമാണ് മറ്റുള്ളവരില്‍ നാം കാണരുതെന്നാഗ്രഹിക്കുന്ന പെരുമാറ്റം ഉണ്ടാകുമ്പോള്‍ പോലും പോരായ്മകളിലൂടെ തന്നെ അവരെ ചേര്‍ത്തുനിര്‍ത്തുക എന്ന മുന്‍ഗാമികള്‍ ഇട്ടേച്ചുപോയ സഹനത്തിന്റെ മാര്‍ഗം സ്വീകരിക്കല്‍. മാനുഷികതയുടെ ഉയര്‍ന്ന വിതാനത്തിലേക്കുയരാനുള്ള ഇത്തരം ശേഷി നമ്മള്‍ക്കേവര്‍ക്കും ഉണ്ടാകട്ടെ.