മാതാപിതാക്കള്‍ സ്വര്‍ഗവാതില്‍ക്കല്‍

ഫെബിന്‍
ആഗസ്റ്റ് 2019

ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സൈ്വര്യം കെടുത്തില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം 
പാഞ്ഞെത്തുന്ന  ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല. 
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍ 
ടോര്‍ച്ചെടുക്കേണ്ട
....
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം 
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു......

ബാല്യ കൗമാര യൗവന സ്വാതന്ത്ര്യത്തിനുമേല്‍ വിലക്കുകളായി പാഞ്ഞുവരുന്ന അമ്മമനസ്സിന്റെ കരുതലിനെ അവരുടെ അഭാവത്തില്‍ ആ അമ്മസ്‌നേഹം എത്രമാത്രം കളങ്കമറ്റതായിരുന്നുവെന്ന് വികാരനിര്‍ഭരമായി പറഞ്ഞുതരുന്നു കല്‍പ്പറ്റ നാരായണന്റെ  ഈ വരികള്‍. ഒരുരുള ചോറ് മകനായ് കരുതിവെച്ച് എല്ലാ രാത്രിയും കാത്തിരുന്ന ഒരുമ്മയെ നാം വായിച്ചിട്ടുണ്ട്; വിശ്വവിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിലൂടെ. അദ്ദേഹത്തിന്റെ ഉമ്മയെ. 
സ്‌നേഹത്തിന്റെ കരുതിവെപ്പുകളും കരുതലും കാവലും നല്‍കിയവള്‍ അമ്മ. പത്തു മാസം ചുമന്ന വയറിന്റെ ഭാരങ്ങളെ ഭൂമിയിലേക്കിറക്കി വെച്ച് ഒന്നാശ്വസിച്ചിരിക്കാനല്ല അവള്‍ പിന്നീടുള്ള ജീവിത യാത്രയില്‍ ശ്രമിക്കുന്നത്. പിന്നെയും ഓടുകയാണ്. ഓരോ രാത്രിയും ഓരോ പകലും പിന്നെയാ ജീവിതം തന്നില്‍ കുരുത്ത ആ കുഞ്ഞിനുള്ളതാണ്. കാലാണോ കൈയാണോ ആദ്യം വളരുന്നതെന്ന് നോക്കിനോക്കിയിരിപ്പാണ് പിന്നീടുള്ള ഓരോ മിനിറ്റിലും. അമ്മ മാത്രമല്ല, അഛനും. താങ്ങായി തണലായി കൂടെയെന്നുമുണ്ടാകും. ഒന്നും രണ്ടുമല്ല മക്കള്‍ എത്രയുണ്ടായാലും സ്‌നേഹത്തിന്റെ ഒരു കുറവും വരുത്താതെ ഓരോ ചുവടും അവരില്‍ ഓരോരുത്തര്‍ക്കുമുള്ളതാണ്. ഊണും ഉറക്കവുമില്ലാത്ത രാപ്പകലുകള്‍. കാലവും വേഗവും മാറുന്നതിനനുസരിച്ച് ആധിയും വ്യാധിയും കൂടുകയാണ് ഓരോ അമ്മയുടെയും അഛന്റെയും മനസ്സില്‍. മക്കള്‍ പതിയെപ്പതിയെ കാലുകള്‍ ഭൂമിയിലുറപ്പിക്കുമ്പോള്‍ പക്ഷേ അതിനായി ഓടിത്തളര്‍ന്ന കാലുകള്‍ക്ക് ബലം കുറഞ്ഞിട്ടുണ്ടാവും, മക്കളുടെ കൈകള്‍ക്ക് കരുത്തേറും തോറും അവരെ താങ്ങിനിര്‍ത്തിയ രക്ഷാകര്‍തൃത്വത്തിന്റെ കൈകള്‍ ശോഷിച്ചുവരുന്നുണ്ട്. മക്കളിലോരോരുത്തരും ഉന്നതിയിലെത്തിക്കൊണ്ടിരിക്കുമ്പോള്‍ ജീവിതഭാരം താങ്ങി അവരെ പെറ്റവരുടെയും പോറ്റിയവരുടെയും  മുതുകുകള്‍ കുനിഞ്ഞിട്ടുണ്ടാവും. 
പക്ഷേ എല്ലുകള്‍ക്ക് ബലമില്ലാത്ത, ശബ്ദത്തിന് ഇടര്‍ച്ച  നേരിടുന്ന, കാഴ്ചയുടെയും കേള്‍വിയുടെയും ലോകത്തുനിന്ന് പതിയെ പിന്മടക്കം നടത്തിത്തുടങ്ങിയ ഈ ജീവിതങ്ങള്‍ അവരാര്‍ക്കുവേണ്ടിയാണോ തേഞ്ഞില്ലാതായത് അവരാല്‍തന്നെ ജീവിതത്തിന്റെ പുറംപോക്കില്‍ വലിച്ചെറിയപ്പെടുന്ന ദയനീയ കാഴ്ചകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. വൃദ്ധ സദനങ്ങളെന്നും അയഭകേന്ദ്രങ്ങളെന്നും നാം പേരിട്ടു വിളിച്ച ഇടങ്ങളിന്ന് വൃദ്ധവിലാപങ്ങളുടെ സങ്കേതങ്ങളാണ്. തങ്ങള്‍ കരുത്തരാക്കി വളര്‍ത്തിയ മക്കളുടെ കാലൊച്ച കേള്‍ക്കാനായി കാത്തിരിക്കുന്നവരുടെ ഇടം. കാണുന്നവരോടൊക്കെ മക്കളെയന്വേഷിക്കുന്നവര്‍. മക്കളാല്‍ തിരസ്‌കരിക്കപ്പെട്ട അമ്മയുടെയോ അഛന്റെയോ മൃതദേഹം പോലും ഏറ്റുവാങ്ങാന്‍ ആളില്ലാത്ത അവസ്ഥ. സമ്പന്നതയില്‍ മക്കളെ ഊട്ടിയും ഉറക്കിയും ജീവിച്ചു തീര്‍ത്തവര്‍ക്ക് ചില മക്കളെങ്കിലും ഒരുക്കിവെച്ചത് കണ്ണീരുകളാണ്. 
ഇങ്ങനെ ആവശ്യം കഴിഞ്ഞാല്‍ തട്ടിമാറ്റേണ്ട ഉപയോഗമില്ലാത്ത വസ്തുക്കളാണോ നമ്മുടെ മാതാപിതാക്കള്‍? അവരോട് നമുക്ക് കടപ്പാടും ബാധ്യതകളും ഇല്ലേ? 
ഈ വലിയൊരു ചോദ്യത്തിനാണ് ചെറിയൊരു പുസ്തകത്തിലൂടെ ശൈഖ് മുഹമ്മദ് കാരകുന്ന് ഉത്തരം നല്‍കുന്നത്. എനിക്കാരോടാണ് കടപ്പാട് എന്ന ദൈവദൂതനോടുള്ള ചോദ്യത്തിന് നിന്റെ മാതാവിനോട്, പിന്നെയും പിന്നെയും ആരോട് എന്ന ആവര്‍ത്തിച്ചുള്ള അതേ ചോദ്യത്തിന് മാതാവിനോട് എന്നു തന്നെ ഉത്തരം. പിന്നെ ആരോടാണ് എന്നു ചോദിക്കുമ്പോള്‍ നിന്റെ പിതാവിനോട് എന്ന ദൈവദൂതന്റെ മറുപടിയെ സാക്ഷിനിര്‍ത്തി മാതാപിതാക്കളോടുള്ള കടപ്പാടും ഉത്തരവാദിത്തങ്ങളും ഓര്‍മിപ്പിക്കുകയാണ് ഈ പുസ്തകം. ഒറ്റയിരിപ്പില്‍ വായിച്ചുപോകാനാകുംവിധം ഒഴുക്കോടെ ഭംഗിയായി, ഭദ്രമായി മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ച് പറഞ്ഞുതരികയാണീ കൃതി.
ആധുനിക സംസ്‌കാരത്തിന്റെ അടിത്തറയായ ഭൗതിക സംസ്‌കാരമാണ് ഇത്തരമൊരവസ്ഥയിലേക്ക് എത്തിച്ചതെന്ന് പുസ്തക വായന നീങ്ങുമ്പോള്‍ കണ്ടെത്താനാകുന്നു. ആത്മാവിനെയും ആത്മീയതയെയും വിട്ട് കേവലമൊരു ജന്തു മാത്രമായി മനുഷ്യനെ കാണാന്‍ പഠിപ്പിച്ച ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പരാജയമാണിതെന്ന് പുസ്തകം പറഞ്ഞുതരുന്നു.
അതുകൊണ്ടുതന്നെ കടപ്പാടുകളുടെയും ഉത്തരവാദിത്തബോധത്തിന്റെയും പാതയിലൂടെ നീങ്ങാനുള്ള നല്ല ബോധ്യങ്ങളാണ് പുസ്തകം പറഞ്ഞുതരുന്നത്. സ്രഷ്ടാവായ ദൈവം എന്താണ് മാതാപിതാക്കളുടെ കാര്യത്തില്‍ നമ്മോട് കല്‍പ്പിച്ചതെന്നും പ്രവാചക അധ്യാപനം എന്തായിരുന്നുവെന്നും ചരിത്രത്തില്‍ എങ്ങനെയാണ് മാതാപിതാക്കളോടുള്ള കടമകള്‍ നിര്‍വഹിച്ച മക്കളെ അടയാളപ്പെടുത്തിയതെന്നുമുള്ള ഓര്‍മപ്പെടുത്തലാണീ ചെറുപുസ്തകം. പുസ്തക വായന അവസാനിക്കുമ്പോഴേക്കും ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമാണ് മനസ്സില്‍ വരിക. എനിക്കുവേണ്ടി ജീവിച്ച മാതാപിതാക്കളോട് ഞാന്‍ വല്ല അനീതിയും ചെയ്തുവോ എന്ന് വായനക്കാരായ നാം ഓരോരുത്തരെയും കൊണ്ട് ചിന്തിപ്പിക്കുന്ന ഓരുപാട് ചോദ്യങ്ങളിട്ടുകൊണ്ട് അവസാനിക്കുന്ന ഈ പുസ്തകം നെറികെട്ട ഇക്കാലത്ത് ചില ഓര്‍മപ്പെടുത്തലാണ്, മാതാപിതാക്കളോടുള്ള കടപ്പാടുകളുടെ നിര്‍വഹണമാണ് നാളെ സ്വര്‍ഗവാതില്‍ക്കലേക്ക് നമ്മെ അടുപ്പിക്കുന്നതെന്ന ഓര്‍മപ്പെടുത്തല്‍. ട

മാതാപിതാക്കള്‍ സ്വര്‍ഗവാതില്‍ക്കല്‍
ശൈഖ് മുഹമ്മദ് കാരകുന്ന്
പ്രസാധനം: ഐ.പി.എച്ച്
കോഴിക്കോട്
വില: 65

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media