ഒടുവില്‍ അദ്ദേഹം ആ യാത്രക്ക് സമ്മതിച്ചു. അടുത്ത ആഴ്ച എന്റെ തറവാട്ട് വീട്ടിലേക്ക്, തറവാട് വീട് എന്ന് പറയാമോ എന്നറിയില്ല. ഇപ്പോള്‍ അത് മറ്റാരുടെയോ വീട് അല്ലെങ്കില്‍ കുറെ കല്ലുകള്‍ മാത്രമോ ആയി മാറിക്കാണും. എന്തായാലും ആ നാട്ടിലേക്ക് പോകുകയാണ്. കുറേക്കാലമായുള്ള തന്റെ ആഗ്രഹമാണ് കുട്ടിക്കാലത്തെ ആ ഓര്‍മകളിലേക്കൊരു മടക്കയാത്ര. പക്ഷേ അദ്ദേഹത്തിന്റെ തിരക്ക് ഓര്‍ക്കുമ്പോള്‍ പറയാന്‍ തോന്നാറില്ല. വല്ലപ്പോഴും അവിടെ പോയാല്‍ തന്നെ തറവാട് നിന്ന സ്ഥലത്തൊന്നും പോവാറില്ല. മാമനേയും അമ്മായിയേയും കണ്ട് ഒരു ഓട്ടപ്രദക്ഷിണം. ഇപ്പോള്‍ ഇത് ഭാര്യയുടെ ഗൃഹാതുരത്വത്തിലേക്കുള്ള ഊളിയിടലിനേക്കാള്‍ മോന്റെ മഞ്ചാടിക്കുരു തേടിയുള്ള യാത്രയാണ്. മൊബൈലില്‍ ഉള്ള മോന്റെ കളി അധികമാകുമ്പോള്‍ ഞാന്‍ പറയും, താഴെ കളിസ്ഥലത്ത് പോയി കളിക്കാന്‍. ടൈല്‍ പാകിയ മുറ്റത്ത് വീണ് രണ്ട് മൂന്ന് തവണ മുട്ട് പൊട്ടിയപ്പോള്‍ അത് നിന്നു. വീടിനകത്തിരുന്ന് പിന്നെന്താ കളിക്കാ. അവന്‍ ചോദിക്കും? ഞാന്‍ പറയും, പുളിങ്കുരു, വളപ്പൊട്ട്, മഞ്ചാടിക്കുരു ഒക്കെ കളിക്കാലോ? പുളിങ്കുരു, വളപ്പൊട്ട് ഒക്കെ എന്താണെന്ന് അവന് അറിയാം. 'മഞ്ചാടിക്കുരു' അതെന്താ? അവന്‍ ചോദിച്ചു. അതൊരു മുത്താണ് ചുവപ്പ് നിറത്തിലുള്ള മുത്ത്. ഞാന്‍ പറഞ്ഞു.
പിന്നീടൊരിക്കല്‍ കണക്കില്‍ എണ്ണാനും കൂട്ടാനും കുറക്കാനും ഒക്കെ പഠിപ്പിച്ച് അവന്റെ കുഞ്ഞുതലക്ക് വട്ടായപ്പോള്‍ ഞാന്‍ പറഞ്ഞു. ഞങ്ങളൊക്കെ ഇതൊക്കെ മഞ്ചാടിക്കുരുവാണ് പഠിപ്പിച്ചത് എന്ന്.
അന്നുമുതല്‍ അത് അവനൊരു മാന്ത്രികക്കുരു ആയിമാറി. അന്ന് തുടങ്ങിയതാ മഞ്ചാടിക്കുരു കാണിച്ചുകൊടുക്കാനുള്ള അവന്റെ നിര്‍ബന്ധം. അവന്‍ കരുതിക്കാണും അത് മാത്‌സ് പഠിക്കാനുള്ള വല്ല മാന്ത്രികക്കുരുവും ആണെന്ന്.
യാത്രക്കൊടുവില്‍ ഞങ്ങള്‍ നാട്ടില്‍ എത്തി.
ഇടവഴിയുടെ അറ്റത്ത് കാര്‍ നിര്‍ത്തി പാടവരമ്പത്തൂടെ കുറെ നടക്കണം, തറവാട്ടിലെത്താന്‍. ഇപ്പോള്‍ ഇടവഴിമാറി ടാറിട്ട റോഡ് ആയി. വരമ്പിനോട് ചേര്‍ന്ന് ഒരു പൊട്ടക്കിണറുണ്ട്. ആ ഭാഗം നടന്ന് കഴിഞ്ഞാല്‍ മുന്നില്‍പോയയാള്‍ പിന്നില്‍ വരുന്നവരെ തിരിഞ്ഞുനോക്കും. കിണറില്‍ വീഴുന്നുണ്ടോ എന്ന്?
പാടം തന്നെ കാണാനില്ലല്ലോ? എന്തായാലും ഒരൂഹം വെച്ച് ഞങ്ങള്‍ നടന്നു. തറവാട് നിന്ന സ്ഥലത്തെത്തി. അവിടെ ഒരുപാട് പുതിയ വീടുകള്‍. ഇവിടെ എവിടെയായിരുന്നു മഞ്ചാരിക്കുരു?
മോന്‍ നല്ല ആവേശത്തിലായിരുന്നു. ഇവിടെയാണോ ഉമ്മാ മഞ്ചാടിക്കുരു. എനിക്ക് കുറെ പെറുക്കി കൂട്ടുകാരെയൊക്കെ കാണിക്കണം. ഞാന്‍ ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
മുന്നിലെ വീടിന്റെ വാതില്‍ തുറന്ന് ഒരു പെണ്‍കുട്ടി പുറത്തിറങ്ങിവന്നു. 'എന്താ..'
ഒന്നുമില്ല എന്ന് പറയാനോങ്ങിയ എന്നേക്കാള്‍ മുമ്പേ അവന്‍ ചോദിച്ചു. എവിടെയാ മഞ്ചാടിക്കുരു മരം? മഞ്ചാടിക്കുരുവോ അതെന്താ? മറുപടികേട്ട് ഞാനും ഞെട്ടി. 'മാത്‌സ് പഠിക്കാനുള്ള മാന്ത്രികക്കുരു.' അവള്‍ക്ക് ചിരിയാണ് വന്നത്. 'മാന്ത്രികക്കുരു? ആര്‍ യു മാഡ്?'
ഒന്നുമില്ല മോളേ ഞങ്ങള്‍ക്ക് വീട് മാറിയതാ. അവനെയും വിളിച്ച് ഞങ്ങള്‍ തിരിച്ചുനടന്നു. അവന്‍ വിശ്വാസമില്ലാതെ എന്നെ നോക്കി. കാണാത്ത പോലെ ഞാന്‍ മാറിനിന്നു.
ഞാന്‍ വിചാരിച്ചിരുന്നു പട്ടണത്തിലെ തിരക്കില്‍ എന്റെ മോന് പാടവും കുളവും എല്ലാം നഷ്ടമായെന്ന്. എന്റെ മോന് മാത്രമല്ല ഇപ്പോള്‍ ഒരുവിധം എല്ലാകുട്ടികളുടെയും നഷ്ടങ്ങളാണെന്ന് എനിക്ക് മനസ്സിലായി.
തിരിച്ച് പോവാന്‍ കാറിലിരിക്കുമ്പോള്‍ അവന്‍ എന്നോട് ചോദിച്ചു. ഇനി ശരിക്കും അങ്ങനെ ഒരു മാന്ത്രികക്കുരു ഇല്ലേ. ഉമ്മ വല്ല സ്വപ്‌നവും കണ്ടതാണോ?
അപ്പോള്‍ ആ സംശയം എനിക്കും തോന്നി. തറവാടും പറമ്പും പാടവും പൊട്ടക്കിണറും മഞ്ചാടിക്കുരുവും എല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായിരുന്നോ? ഫഌറ്റിലെ വിരസമായ പകലുകളിലെ ഉച്ചമയക്കത്തില്‍ എപ്പോഴോ ഞാന്‍ കണ്ട നിറപ്പകിട്ടുള്ള സ്വപ്‌നങ്ങള്‍?