ഹസ്രത്ത് അബുല്‍ ഹൈസം മാലിക് ബ്നു ശൈബാന്‍ അന്‍സാരിയുടെ പ്രിയതമയുടെ പേരോ ഊരോ വംശമോ സംബന്ധിച്ച വിവരമോ ലഭ്യമല്ലായെങ്കിലും ആ സഹാബിവനിതയുടെ നന്മയുള്ള മനസ്സ് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം നബിതിരുമേനി (സ) അബൂബക്കര്‍, ഉമര്‍ എന്നിവരോടൊപ്പം അബുല്‍ഹൈസം അന്‍സാരിയുടെ വീട് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അടുക്കല്‍ നല്ല ഈത്തപ്പഴത്തോട്ടവും കറവയുള്ള ആടുകളുമുണ്ടായിരുന്നു. എന്നാല്‍ അവിടെ അക്കാലത്തെ മിക്ക വീടുകളിലുമുള്ളപോലെ വേലക്കാരോ സേവകരോ ഉണ്ടായിരുന്നില്ല. വീട്ടുവേലകളെല്ലാം അവര്‍തന്നെ സ്വയം ചെയ്യും.
നബിതിരുമേനി അബൂഹൈസമിന്റെ വീട്ടിലെത്തി നീട്ടിവിളിച്ചു.
'അദ്ദേഹം വെള്ളമെടുക്കാന്‍ പോയിരിക്കയാണ്.'- അകത്ത് നിന്ന് ഭാര്യയുടെ പ്രതികരണം.
ഏറെ വൈകാതെ, വെള്ളവും ചുമന്ന് അബുല്‍ഹൈസം എത്തി. തിരുമേനിയെ തന്റെ വീട്ടുമുറ്റത്ത് കണ്ടപ്പോള്‍ അബുല്‍ഹൈസമിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അബുല്‍ഹൈസം തിരുദൂതരെയും കൂട്ടുകാരനെയും ഈത്തപ്പഴത്തോട്ടത്തിലേക്ക് ആനയിച്ചു. അവിടെ ഇരിക്കാനുള്ള സൗകര്യമൊരുക്കി. ഉടനെ തന്നെ ഒരു കുല ഈത്തപ്പഴം അവര്‍ക്ക് മുന്നിലെത്തിച്ചു. 'മൂത്ത് പാകമായതാണല്ലൊ അല്ലെ'. തിരുമേനി സന്തോഷപൂര്‍വ്വം അന്വേഷിച്ചു. ഏത് തരത്തിലുള്ള ഈത്തപ്പഴവും ഉണ്ട്. അദ്ദേഹം മറുപടി പറഞ്ഞു. അവര്‍ക്ക് കുടിക്കാനുള്ള ശുദ്ധജലവും എത്തിച്ചുകൊടുത്തു. ഈ സന്ദര്‍ഭത്തില്‍ തിരുമേനി(സ) പറഞ്ഞു. 'അല്ലാഹു നമുക്ക് എന്തൊരു അനുഗ്രഹമാണ് നല്‍കിയത്. തണ്ണീര്‍ പന്തല്‍ പഴുത്ത് പാകമായ ഈത്തപ്പഴം, നല്ലകുടിവെള്ളം, ദൈവമാണെ അന്ത്യദിനത്തില്‍ ഈ അനുഗ്രഹത്തെ കുറിച്ച് ചോദിക്കപ്പെടും'.
'തിരുദൂതരെ താങ്കളും കൂട്ടുകാരും അല്പനേരം ഇരിക്കുക. ഞാന്‍ പോയി ഭക്ഷണ ത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരാം'.
അപ്പോള്‍ തിരുമേനി(സ): 'പാല് കറക്കുന്ന ആടിനെ അറുക്കരുത്'. അബുല്‍ഹൈസം ഒരു ആട്ടിന്‍കുട്ടിയെ അറുത്ത് പാകം ചെയ്ത് കൊണ്ടുവന്നു. ഭക്ഷണം കഴിഞ്ഞ് കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 'താങ്കള്‍ക്ക് വീട്ടുജോലിക്കായി ഭൃത്യന്മാരാരുമില്ലെ' തിരുമേനി ചോദിച്ചു. 'ഇല്ല'
'എങ്കില്‍ നമ്മുടെ അടുക്കല്‍ യുദ്ധാര്‍ജിത സമ്പത്തിന്റെ ഭാഗമായി എത്തുന്ന അടിമകളില്‍ ഒരാളെ താങ്കള്‍ക്ക് നല്‍കാം.' വൈകാതെ തിരുമേനിയുടെ അധീനതയില്‍ രണ്ട് അടിമകള്‍ വന്നുചേര്‍ന്നു. നബി(സ) ഉടനെ അബുല്‍ ഹൈസമിനെ വിവരമറിയിച്ചു. അദ്ദേഹം നബിയുടെ അടുക്കലെത്തിയപ്പോള്‍ ഇവരില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ള ഒരാളെകൊണ്ട് പോകാം എന്നറിയിച്ചു. താങ്കള്‍ ഏല്പിച്ചുതരുന്നത്. എനിക്കിഷ്ടം. എന്നായി അദ്ദേഹം. അങ്ങനെ ഒരടിമയെ അബുല്ഹൈസമിന് വിട്ടുകൊടുത്തുകൊണ്ട് നബി (സ) പറഞ്ഞു. ''ഇയാളോട് മാന്യമായി പെരുമാറണം.''
അബുല്‍ഹൈസം അടിമയുമായി വീട്ടിലെത്തി. പ്രിയതമയോട് സംഭവങ്ങളെല്ലാം വിവരിച്ചു. ''വീട്ടു കാര്യങ്ങള്‍ നോക്കാനായി നബി ഏല്പിച്ച് തന്നതാണ് ഈ അടിമയെ.''
''ശരി.'' നബിതിരുമേനിയുടെ നിര്‍ദ്ദേശമനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാം. 'എങ്കില്‍ ഈ അടിമയെ നമുക്ക് സ്വതന്ത്രനാക്കിയാലോ' ഭാര്യ അബുല്ഹൈസമിനോട് ചോദിച്ചു. വേലക്കാരനെ കിട്ടിയതിന് സന്തോഷിക്കുന്നതിന് പകരം അവനെ സ്വതന്ത്രനാക്കി ദൈവസാമീപ്യം നേടാനാണ് ആ സ്വഹാബി വനിത ഇഷ്ടപ്പെട്ടത്.
ഭാര്യയുടെ അഭിപ്രായം കേട്ടപാടെ അബുല്‍ഹൈസം ആ അടിമയെ മോചിപ്പിച്ചു.
ഈ വിവരമറിഞ്ഞ നബിതിരുമേനി (സ) അബുല്‍ഹൈസം ദമ്പതികള്‍ക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. അവരെ തിരുമേനി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
നബി തിരുമേനി (സ) ഒരു യുദ്ധം കഴിഞ്ഞ് മടങ്ങുകയാണ്. ഒരു സംഘം ആളുകള്‍ വഴിവക്കില്‍ ഇരിക്കുന്നു. അവരുമായി നബി കുശലമന്വേഷിച്ചു. കുറച്ചകലെ ഒരു വനിത തീ കത്തിക്കുന്നു. കൂടെ ഒരു കുഞ്ഞുമുണ്ട്. തീ ആളിപ്പടര്‍ന്നപ്പോള്‍ ആ സ്ത്രീ കുട്ടിയെയും എടുത്തോടി. ആ സമയത്താണ് പ്രവാചകനെ അവര്‍ കാണുന്നത്. പ്രവാചകന്റെ അടുക്കലെത്തിയ ആ സ്ത്രീ ഇങ്ങനെ ചോദിച്ചു.
തിരുദൂതരേ! ഒരു മാതാവിന് അവളുടെ കുട്ടിയോടുണ്ടാകുന്ന സ്നേഹത്തോളം അല്ലാഹുവിന് തന്റെ അടിയാറുകളോടുണ്ടാവുമോ?!
തീര്‍ച്ചയായും തിരുമേനി (സ) മറുപടി.
ഒരമ്മയും തന്റെ കുഞ്ഞുങ്ങളെ തീയിലെറിയാന്‍ ഇഷ്ടപ്പെടുകയില്ലല്ലോ. ആ വനിത അര്‍ത്ഥം വെച്ച ചോദ്യമുന്നയിച്ചു.
അതേ, സ്നേഹനിധിയായ ഒരു മാതാവും മക്കളെ തീയിലെറിയില്ലെങ്കില് കരുണാവാരിധിയായ ദൈവം തന്റെ അടിയാറുകളെ നരകത്തിലെറിയില്ലെന്ന യുക്തിയാണ് ആ വനിതയുടെ ചോദ്യത്തിന്റെ ഉന്നം.
ഈ അന്വേഷണം കേട്ട പ്രവാചകന് വല്ലാതെ കരഞ്ഞുപോയി. പിന്നീട് തലയുയര്‍ത്തികൊണ്ട് അദ്ദേഹം പറഞ്ഞു. ഇല്ല, അല്ലാഹു തന്റെ അടിയാറുകളെ നരകത്തിലിടില്ല. ധിക്കാരികളെ ഒഴികെ - ലാഇലാഹ ഇല്ലല്ലാഹ് എന്ന് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കൊടിയ ധിക്കാരികളെ ഒഴികെ - തിരുദൂതര്‍ വിശദീകരിച്ചു.
മരുഭൂമിയില്‍ തിരുമേനിയെ കണ്ടുമുട്ടിയ സഹാബീ വനിത എന്നാണ് ചരിത്രം ഇവരെ വിശേഷിപ്പിച്ചിട്ടുള്ളത്.
(തിദ്കാറെ സ്വഹാബിയ്യാത്ത്)