''ഇസ്‌ലാം ആണ് ലോകത്തിലെ ഏറ്റവും നല്ല മതം. മുസ്‌ലിംകളാണ് അതിന്റെ ഏറ്റവും ചീത്ത അനുയായികള്‍''
''ഇസ്‌ലാം ആണ് ലോകത്തിലെ ഏറ്റവും നല്ല മതം. മുസ്‌ലിംകളാണ് അതിന്റെ ഏറ്റവും ചീത്ത അനുയായികള്‍'' എന്നു പറഞ്ഞത് ബര്‍നാഡ് ഷാ ആണ്. ഷായുടെ അനേകം ഫലിതങ്ങളില്‍ ഒന്നായി ഇതിനെ തള്ളിക്കളയാവുന്നതല്ല. അദ്ദേഹം ക്രിസ്തുവിനെ കുറിച്ചും ക്രിസ്തു മതത്തെ കുറിച്ചും ഇതിലും ക്രൂരമായ ഫലിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. ക്രിസ്തുവായിരുന്നു ലോകത്തിലെ ഏറ്റവും മഹാനായ ആധ്യാത്മിക ഗുരു. ക്രിസ്ത്യാനികളാണ് അദ്ദേഹത്തിന്റെ ഏറ്റവും വഷളായ ശിഷ്യന്‍മാര്‍ എന്നു നിരീക്ഷിച്ചതും ഇതേ ഷാ തന്നെ. എന്തുകൊണ്ടാണിതൊക്കെ ഇങ്ങനെ സംഭവിക്കുന്നത്? നായയുടെ വാലു പന്തീരാണ്ടുകാലം കുഴലില്‍ ഇട്ടാലും കുഴല്‍ ഊരുമ്പോള്‍ നായയുടെ വാലു പഴയതുപോലെ തന്നെ വളഞ്ഞു കിടക്കും. ഒരു ഗുരുവിനെ ആരാധിക്കുന്നത് പോലെ എളുപ്പമല്ല അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പിന്‍പറ്റാന്‍.
ഇസ്‌ലാം ഔദ്യോഗിക മതമായി കൊണ്ടു നടക്കുന്ന രാജ്യങ്ങളാണിന്ന് ഇസ്‌ലാമിനേറെ ചീത്തപ്പേരുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ആ രാജ്യങ്ങളില്‍ ഉള്ളതിലേറെ നല്ല മുസ്‌ലിംകള്‍ ഇന്നുള്ളത് യൂറോപ്പിലേയും അമേരിക്കയിലേയും ക്രൈസ്തവം എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ ആണ്. അവിടെയൊക്കെ പഴയ ക്രിസ്ത്യന്‍ പള്ളികള്‍ നിരീശ്വരവാദ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മുസ്‌ലിം മോസ്‌ക്കുകള്‍ പുതുതായി സ്ഥാപിക്കപ്പെടുന്നു. ആധ്യാത്മിക വിഷയങ്ങളില്‍ അന്വേഷണ തല്‍പരരായ അനേകര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെടുന്നു. ഇതെല്ലാം പടിഞ്ഞാറന്‍ ലോകത്തെ തെല്ലൊന്നുമല്ല ഉല്‍കണ്ഠപ്പെടുത്തുന്നത്. ഇതിനവര്‍ ഇട്ടിരിക്കുന്ന പേരാണ് ഇസ്‌ലാമോഫോബിയ. മറ്റു പല രോഗങ്ങളെ പോലെ തന്നെ ഈ രോഗവും ഇന്ത്യയിലേക്കിറക്കുമതി ചെയ്യപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷവേട്ടയെന്ന ഒളിയമ്പുകളുമായി ബ്രാഹ്മണമതം എന്ന പഴയ വീഞ്ഞ് ഹിന്ദുഐക്യം എന്ന പുതിയ കുപ്പിയില്‍ പകര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈ കാലത്ത് പ്രത്യേകിച്ചും കേരളത്തിലെ ക്രിസ്ത്യാനികളും മുസ്‌ലിംകളും കുറെ കൂടി അടുത്ത് പരസ്പരം മനസ്സിലാക്കേണ്ടതുണ്ട്. ഇതിന്റെ അര്‍ത്ഥം മതപരിവര്‍ത്തനം അല്ല മനഃപ്പരിവര്‍ത്തനമാണ്. അതിലൂടെ ക്രിസ്ത്യാനിക്കു കൂടുതല്‍ നല്ല ക്രിസ്ത്യാനിയാകാനും മുസ്‌ലിമിനു കൂടുതല്‍ നല്ല മുസ്‌ലിം ആകാനും കഴിയും. രണ്ടു കൂട്ടരും കൂടുതല്‍ നല്ല മനുഷ്യരാവുക എന്നതായിരിക്കും ഇതിന്റെ ആത്യന്തിക ഫലം.
ക്രിസ്ത്യാനികളുടെ ക്രിസ്തു അഥവാ യേശു തന്നെയാണ് ഇസ്‌ലാമിലെ ഈസാ നബി എന്നറിയാത്ത ക്രിസ്ത്യാനികള്‍ ധാരാളം. അതുപോലെ തന്നെ ക്രിസ്തുവിന്റെ ജന്‍മ-ദിനം ആണ് ക്രിസ്തുമസ്സ് എന്നു മനസ്സിലാക്കിവെച്ചിരിക്കുന്ന മുസ്‌ലിംകളും ധാരാളം. ബൈബിളില്‍ നിന്നും ഖുറാനിലേക്കും ഖുറാനില്‍ നിന്ന് ബൈബിളിലേക്കും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പാലങ്ങള്‍ കാണാതിരിക്കുന്നതും അതുവഴിയുള്ള സഞ്ചാരത്തെ ഭയപ്പെടുന്നതും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ ശീലമാക്കിയിരിക്കുന്നു. ഇതിന് അറുതി വരുത്തേണ്ട കാലമായിരിക്കുന്നു. രണ്ടുകൂട്ടരും അവരുടെ മത പാരമ്പര്യങ്ങളെ സ്വയം വിമര്‍ശനപരമായി അക്കാദമിക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പഠന വിഷയമാക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാം ഒരു പരിധി വരെ പൗരോഹിത്യ വിമുക്തമായിരിക്കുന്നതുകൊണ്ടുകൂടിയാവും ഒട്ടേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളും വഴി ഇത്തരം ചില വിഷയങ്ങളില്‍ താല്‍പര്യം പ്രകടമാക്കുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷകള്‍ക്കു വക നല്‍കുന്നു. എന്നാല്‍ ക്രിസ്ത്യാനികളാകട്ടെ ഈ വിഷയത്തില്‍ വളരെ പിന്നിലാണ്. നിലവാരമുള്ളതും സാമുദായിക സങ്കുചിത സമീപനങ്ങളില്‍ നിന്നു വിമുക്തമെന്ന് പറയാവുന്നതുമായ ഒറ്റ പ്രസിദ്ധീകരണം പോലും കേരളത്തിലെ ഒരു സഭാവിഭാഗത്തിനും ഇല്ല എന്നതാണ് പരമാര്‍ത്ഥം. മതത്തെ ഒരു അക്കാദമിക് വിഷയം ആയി പരിഗണിക്കാന്‍ പേരുകേട്ട ക്രിസ്ത്യന്‍ പണ്ഡിതര്‍ പോലും തയ്യാറല്ല. ആരെങ്കിലും അതിന് മുന്‍കൈ എടുത്താല്‍ അവരെ പടിയടച്ചു പിണ്ഡം വയ്ക്കുക എന്ന പഴയ ബ്രാഹ്മണിക് ശൈലിയാണ് ക്രൈസ്തവ സഭകള്‍ കരളത്തില്‍ പൊതുവെ പിന്‍തുടരുന്നത്. കേവലം വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടേയും ഇരുട്ടു മുറിയില്‍ എത്രകാലം പുറം ലോകത്തോട് സംവദിക്കാതെ തങ്ങള്‍ക്കു കഴിയാനാകും എന്ന ചിന്ത പോലും അവരെ അലട്ടുന്നില്ല.
ക്രിസ്തുമസ്സിന്റെ ചരിത്രം
യേശുവിന്റെ ദിവ്യത്വത്തെയും എന്തിന് കന്യാജനനത്തെയും വീണ്ടും വരവിനെയും പോലും പ്രകീര്‍ത്തിക്കുന്ന 7-ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ എന്തുകൊണ്ടു ക്രിസ്തുമസ്സിനെകുറിച്ചു പരാമര്‍ശിക്കാതെ വിട്ടുകളഞ്ഞു എന്ന ചോദ്യത്തിനൊരുത്തരമേയുള്ളു. 1-ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ബൈബിളിലോ 7-ാം നൂറ്റാണ്ട് വരെയുള്ള ക്രിസ്തു മതപാരമ്പര്യങ്ങളിലോ ക്രിസ്തുമസ്സ് ആഘോഷം എന്ന ഏര്‍പ്പാടു നിലവിലില്ലായിരുന്നു എന്നത് തന്നെ. പ്രവാചകന്‍മാര്‍ വിതയ്ക്കുന്ന നല്ല വിത്തുകള്‍ക്കിടയില്‍ പിശാചു വിതയ്ക്കുന്ന ചീത്ത വിത്തു(കള)കളെക്കുറിച്ച് യേശു തന്റെ പ്രഭാഷണങ്ങളില്‍ സൂചിപ്പിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ രണ്ടും ഒരുമിച്ചു വളരും. ക്രമേണ നല്ല വിത്തുകളെ കളകള്‍ ഞെരുക്കി ഇല്ലാതാക്കും എന്നും യേശു പറഞ്ഞിട്ടുണ്ട്. ഇതു പ്രകാരം യേശു ഉഴുതുമറിച്ചു വിത്തിറക്കിയ വയലില്‍ പിശാചു വിതച്ച ആദ്യത്തെ കളയായിരുന്നു ഇന്നു ലോകം കൊണ്ടാടുന്ന ക്രിസ്തുമസ്സ് എന്ന ആഗോള വ്യാപാരോത്സവം.
ക്രിസ്തുവും ക്രിസ്തുമസ്സും തമ്മില്‍ എന്തു ബന്ധം? പൗരസ്ത്യപാരമ്പര്യങ്ങളില്‍ ജന്‍മ-ദിനാഘോഷം എന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. ഇതൊരു പാശ്ചാത്യ സമ്പ്രദായം ആയിരുന്നു. ജനനദിവസം ഇന്നത്തേതു പോലെ കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നില്ല. പൗരസ്ത്യ സഭകളില്‍ ഇത്തരം പുണ്യവാളന്‍മാരുടെ ജനനദിവസമല്ല മരണദിവസമാണ് അവരുടെ പെരുന്നാളായി ആഘോഷിച്ചു വരുന്നത്. ആദ്യ നൂറ്റാണ്ടുകളില്‍ സ്‌തേഫാനോസിന്റെ രക്തസാക്ഷിത്വവും ബേത്ഹലേമില്‍ ഹേരോദോസിനാല്‍ വധിക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ രക്തസാക്ഷിത്വവും ഒരു പെരുന്നാളായി ആചരിക്കുന്നു. ജനുവരി 6-ഉം 7- ഉം ആണ് ഇതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസങ്ങള്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലായതോടെ പൗരസ്ത്യ സഭകളില്‍ ജനുവരി 6 യേശു യോഹന്നാനില്‍ നിന്നു മാമോദിസ്സാ സ്വീകരിച്ചതിന്റെ ഓര്‍മ്മപെരുന്നാളായി ആഘോഷിച്ചു തുടങ്ങി. ദനഹാ പെരുന്നാള്‍ എന്ന പേരില്‍ ജനുവരി 6 ഒരു പ്രധാന പെരുന്നാളായി ഇന്നും ആചരിച്ചു പോരുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കാത്ത നമ്മുടെ തൃശ്ശൂരിലെ കല്‍ദയാ സുറിയാനി സഭ ഇന്നും ക്രിസ്തുമസ്സാഘോഷിക്കുന്നത് ജനുവരി - 6 ന് ആണെന്ന കാര്യം അധികം ആരുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
ക്രിസതുമിസ് എന്ന പദമാണ് ക്രിസ്തുമസ് ആയി രൂപം കൊണ്ടത്. രണ്ടും ഗ്രീക്ക് പദങ്ങളാണ്. ഇവയില്‍ ആദ്യത്തേതിന് ക്രിസ്തുവിന്റെ പേരിലുള്ള കുര്‍ബ്ബാനയര്‍പ്പണം എന്നും രണ്ടാമത്തേതിന് ക്രിസ്തുവിന്റെ ജനനം എന്നും ആണര്‍ത്ഥം. ഡിസംബര്‍ 25 പുരാതനകാലം മുതല്‍ സൂര്യന്റെ പേരിലുള്ള ഒരുത്സവദിവസമായി ആഘോഷിച്ചിരുന്നു. സൂര്യപ്രകാശം നന്നെ പിശുക്കു പ്രകടിപ്പിക്കുന്ന പാശ്ചാത്യലോകത്ത് മകരസംക്രാന്തിയോട് കൂടി സൂര്യപ്രകാശത്തിന് കൂടുതല്‍ തെളിച്ചം കിട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസം. 25 ഒരു സൂര്യോത്സവമായി പാഗന്‍ മതങ്ങള്‍ ആചരിച്ചു പോന്നു. ക്രി. വ 336-നോട് അടുത്തു മാത്രമാണ് റോമാ സഭ സൂര്യോത്സവം ഉപേക്ഷിച്ച് തത്സ്ഥാനത്ത് ക്രിസ്തുമസ്സ് ഉത്സവം തുടങ്ങിയത്. ക്രമേണ അതു ചില വികാസ പരിണാമങ്ങള്‍ക്കും പൊതുമുഖങ്ങളായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വിധേയമായി ഒരാഗോള ഉത്സവമായി മാറി. ക്രമേണ ക്രിസ്തു ഏതാണ്ടു പൂര്‍ണമായും ക്രിസ്തുമസ്സില്‍ നിന്ന് തിരോഭവിച്ചു.
നോമ്പ് നോല്‍ക്കലും നോമ്പ് എന്തെന്നറിയാത്തവരുടെ നോമ്പ് വീടലും കേരളത്തിലെ സുറിയാനിക്രിസ്ത്യാനികള്‍ ക്രിസ്തുമസ്സിന് തൊട്ടു മുമ്പുള്ള 25 ദിവസങ്ങള്‍ ഉപവസിക്കുന്നു. അഥവാ നോമ്പ് ആചരിക്കുന്നു. അതിനാല്‍ അവര്‍ക്കിത് നോമ്പ് വീടലായിരുന്നു. അത് പഴയ കഥ. ഇന്ന് നോമ്പെന്തെന്നറിയാത്തവരും നോമ്പ് വീടല്‍ ആഘോഷിക്കുന്നു. ക്രിസ്തുമസ്സ് നാളിലെ ഏറെ പ്രധാനപ്പെട്ട പള്ളിചടങ്ങ് ആ ദിവസത്തെ പാതിരാ കുര്‍ബ്ബാനയാണ്. ക്രിസ്തു ജനിച്ചത് പാതിരാത്രിയില്‍ ആയിരുന്നു എന്നാണല്ലോ വിശ്വാസം. എന്നാല്‍ ഈ പാതിരാ ആരാധനക്കു പ്രതീകാത്മകമായ വേറെയും അര്‍ത്ഥം ഉണ്ട്. ചരിത്രം എന്ന രാത്രിയുടെ മധ്യഭാഗത്തായിരുന്നു യേശുവിന്റെ ജനനം. യേശുവിന് മുമ്പും യേശുവിന് ശേഷവും എന്ന നിലയില്‍ ലോകചരിത്രത്തെ വിഭജിച്ചത് ഈ ദിവ്യജനനത്തെ അടിസ്ഥാനമാക്കി ആയിരുന്നല്ലോ, പാതിരാത്രിയില്‍ തുടങ്ങുന്ന പള്ളിയിലെ ചടങ്ങുകള്‍ക്ക് പ്രഭാത സൂര്യന്‍ കിഴക്ക് വെള്ള വീശി തുടങ്ങുമ്പോള്‍ മാത്രം തിരശ്ശീല വീഴ്ത്തുന്ന തരത്തിലാണ് കേരളത്തിലെ ഓര്‍ത്തഡോക്‌സ്/യാക്കോബായ സഭകള്‍ ഇന്നും ആചരിച്ചുപോരുന്നത്.
വളരെ ഗഹനമായ ഏകദൈവാരാധനയുടെ ദാര്‍ശനിക തലങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന കാവ്യാത്മക ധ്യാന ഗീതങ്ങളും പ്രമുയോന്‍ -സെദറാ (സന്ദര്‍ഭത്തിന്റെ ഗൗരവത്തിനനുസരിച്ച് പൂര്‍വ്വ പിതാക്കന്‍മാര്‍ രചിച്ചിട്ടുള്ള സുദീര്‍ഘമായ പ്രാര്‍ത്ഥന എന്നര്‍ഥം) വേദപുസ്തക വായനകളും കൂട്ടിയിണക്കി നാടകീയ സൗന്ദര്യത്തോടെയാണ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ മറ്റേതൊരു പള്ളിച്ചടങ്ങുകളും പോലെ ക്രിസ്തുമസ്സ് അഥവാ യെല്‍ദോപെരുന്നാളിന്റെ അനുഷ്ഠാനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. പുറം ലോകം നല്ല ഉറക്കത്തിലായിരിക്കുമ്പോള്‍ പള്ളിക്കു ചുറ്റം നടത്തുന്ന പ്രദക്ഷിണവും അതിന്റെ ആമുഖമായി പള്ളി മുറ്റത്തു ക്രമീകരിക്കുന്ന അഗ്നിയാരാധനയും അതില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും ഹൃദ്യമായ ഒരനുഭവം തന്നെ ആയിരിക്കും. ആളിക്കത്തുന്ന അഗ്നിജ്വാലകളെ വലംവെച്ചുകൊണ്ട് വിശ്വാസികളും വിശേഷ വസ്ത്ര വിഭൂഷിതരായ പുരോഹിതന്‍മാരും സുറിയാനിയിലും മലയാളത്തിലും മാറിമാറി സ്തുതിഗീതങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട് പോയവര്‍ഷത്തോട് വിട പറയുകയും പുതുവര്‍ഷത്തെ വരവേല്‍ക്കുകയും ചെയ്യുന്ന അത്യന്തം രോമാഞ്ചജനകമായ ഒരനുഭവമാണ് സുറിയാനി സഭയുടെ ക്രിസ്തുമസ്സാചരണം. അന്ധമായ പരിഷ്‌കരണ വാദത്തിന്റെയും ഭ്രാന്തുപിടിച്ച ഉപഭോഗാസക്തിയുടേയും പിടിയിലമര്‍ന്ന പുതിയ തലമുറയിലെ വൈദീകരും വിശ്വാസികളും സമയദൈര്‍ഘ്യം, ഉറക്കമിളയ്ക്കല്‍ ഈ വക മുട്ടാന്യായങ്ങള്‍ പറഞ്ഞ പാശ്ചാത്യ സഭകളുടെ സ്വാധീനത്തിന് വഴങ്ങി സുറിയാനി സഭകളെ വിഴുങ്ങികൊണ്ടിരിക്കുന്നു. ഇതൊരു സാംസ്‌കാരിക കടന്നാക്രമണമാണ്. ഇതിനെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണം.
ക്രിസ്തുമസ് കരോള്‍, ക്രിസ്തുമസ് വിളക്ക്, ക്രിസ്തുമസ് ട്രീ, വേറെയും പല അസംബന്ധ കോലാഹലങ്ങള്‍ പണപ്പിരിവിനുള്ള കുറുക്കു വഴിയായി മാറിയ രാത്രികാലത്തെ ക്രിസ്തുമസ്സ് കരോളുപോലുള്ള ചടങ്ങുകള്‍ പലതരത്തിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്കും വഴിതെളിക്കുന്നുണ്ട്. കൊട്ടും പാട്ടുമായി തുള്ളി ചാടി നടന്നു മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ഈ പരിപാടി പൂര്‍ണ്ണമായും ഒരു പാശ്ചാത്യ ഇറക്കുമതിയാണ്. ക്രിസ്തുമസ്സ് വിളക്കുകളും ക്രിസ്തുമസ്സ് ട്രീകളും നിരുപദ്രവകരങ്ങളായ അലങ്കാരങ്ങളെന്ന നിലയില്‍ അംഗീകരിക്കാമെങ്കിലും ക്രിസ്തുമസ്സ് ചന്തകളെ എങ്കിലും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ക്രിസ്തുമസ്സ് നക്ഷത്രങ്ങളെന്ന പേരില്‍ വീട്ടുമുറ്റത്ത് തൂക്കിയിടുന്ന കടലാസ് ശില്‍പ്പങ്ങള്‍ പുരാതനമായ സൗരാഷ്ട്ര മതത്തിന്റെ നക്ഷത്രാരാധനയുടെ അവശിഷ്ടമാണ്. ക്രിസ്തുമസ്സ് ട്രീകള്‍ക്കു പറയാനുള്ള കഥ പൂര്‍വ്വകാല മനുഷ്യര്‍ നടത്തി വന്നിരുന്ന വൃക്ഷാരാധയും ആയി ബന്ധപ്പെട്ടു കിടക്കുന്നു. ഏദന്‍ തോട്ടത്തിലെ ദൈവം വിലക്കു കല്‍പ്പിച്ചിരുന്ന മരത്തിന്റെ ഭാവനാവിഷ്‌കാരമായും ക്രസ്തുമസ്സ് ട്രീയെ കാണാവുന്നതാണ്. മുഖം മൂടി ധാരിയായ ക്രിസ്തുമസ്സ് അപ്പൂപ്പന്‍ മാത്രമല്ല അമ്മൂമ്മമാരും ഒരു സമീപകാലപ്രതിഭാസമായി ക്രിസ്തുമസ്സ് സങ്കല്‍പ്പത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ പ്രതീകങ്ങളാണ്.
വാട്ട്‌സ്ആപ്പും ഫെയിസ്ബുക്കും ഒക്കെ വ്യാപകമായതോടെ പഴയ ക്രിസ്തുമസ്സുകാര്‍ഡുകളുടെ പ്രസക്തി നഷ്ടമായിരിക്കുന്നു. ക്രിസ്തുമസ്സ് കാര്‍ഡുകള്‍ ഒരു കാലത്ത് വിപണി കീഴ്‌പ്പെടുത്തിയത് കമിതാക്കള്‍ ഈ രംഗത്തേക്ക് ഇരച്ചുകയറിയതോടെ ആയിരുന്നു. പഴയ കാല ബൈബിള്‍ ഉദ്ധരണികളുടെ സ്ഥാനം-പ്രണയ സന്ദേശങ്ങള്‍ ഏറ്റെടുത്തു. ഏറെ അശ്ലീലമായ വാചകങ്ങളും ആഭാസ ചിത്രങ്ങളും അടങ്ങിയ ക്രിസ്തുമസ്സ് കാര്‍ഡുകള്‍ ഈ വാട്ട്‌സാപ്പു കാലത്തും ക്രിസ്തുമസ്സ് ചന്തകളില്‍ സുലഭമാണ്.
പുല്‍കൂടുകള്‍ നല്‍കുന്ന സന്ദേശം
തമാശ കലര്‍ന്ന മറ്റൊരു കരകൗശല ചാതുരിയാണ് ക്രിസ്തുമസ്സ് കാലത്തെ പുല്‍ക്കൂടു നിര്‍മ്മാണം. പള്ളികള്‍ക്കു മുന്നിലും കടകളുടേയും വീടുകളുടേയും മുറ്റത്തും സജ്ജമാക്കാറുള്ള പുല്‍ക്കൂടുകള്‍ (Creeb) യേശു പുല്‍ക്കൂട്ടില്‍ ജനിച്ച കാലത്തും സാധാരണ മനുഷ്യര്‍ പഴയകാലത്ത് പുല്ലുമേഞ്ഞ കുടിലുകളില്‍ അന്തിയുറങ്ങിയിരുന്നു എന്നതിന്റെ അനുസ്മരണം എന്ന നിലയില്‍ ആണെങ്കില്‍ ന്യായീകരിക്കാമെങ്കിലും ഇന്നത്തെ പടുകൂറ്റന്‍ പള്ളികളും കൊട്ടാര സദൃശമായ വീടുകളും കാണുമ്പോള്‍ അവയ്ക്കു മുമ്പില്‍ സജ്ജമാക്കുന്ന താല്‍കാലിക പുല്‍കൂടുകള്‍ നല്‍കുന്നത് മറ്റൊരു വിപരീത സന്ദേശമാണ്. തലചായ്ക്കാനിടമില്ലാതെ, കാലുറപ്പിക്കാന്‍ സ്വന്തമെന്നു പറയാവുന്ന ഒരു തുണ്ടു ഭൂമിയില്ലാതെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട പ്രവാസികളുടേയും ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളുടേയും ഇടയില്‍ പ്രസവവേദനകൊണ്ട് വീര്‍പ്പു മുട്ടുന്ന കന്യകമേരിമാരുമുണ്ടാകും. അവര്‍ക്കു സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട ജോസഫുമാരുമുണ്ടാകും. അവരുടെ ഇടയില്‍ ഒരു ഉണ്ണിയേശുവും ഉണ്ടായിക്കൂടെന്നില്ല. ആ യേശു തങ്ങളുടെ പഞ്ചനക്ഷത്ര പള്ളികളിലേക്കോ കൊട്ടാരക്കെട്ടുകളിലേക്കോ പഴയ ചാട്ടവാറുമായി കടന്നു വരുമോ എന്ന ആശങ്ക ഈ അഭിനവ കയ്യാഫാസ്സുമാരെ അലോസരപ്പെടുത്തുന്നു. ആ യേശുവിനുള്ള മുന്നറിയിപ്പാണോ ഈ പുല്‍ക്കുടുകള്‍?
ഉണ്ണിയായി പിറക്കാന്‍ ഇടംതേടി വന്നാല്‍ നിനക്കിതാ ഞങ്ങള്‍ പുല്‍ക്കൂടൊരുക്കിയിരിക്കുന്നു. ഞങ്ങളുടെ പള്ളിക്കകത്തേക്കോ വീടുകള്‍ക്കകത്തേക്കോ കാലുകുത്തിയേക്കരുത്. നീ നിന്റെ ഉണ്ണിത്വം വിട്ട് വളര്‍ന്നു യേശുവായിട്ടാണ് വരുന്നതെങ്കില്‍ നിന്നെ തറയ്ക്കുവാന്‍ ഞങ്ങള്‍ ഇതാ കൂറ്റന്‍ കുരിശുകള്‍ തയ്യാറാക്കിയിരിക്കുന്നു. കുരിശു കണ്ടാല്‍ പിശാചു മാത്രമല്ല യേശുവും പേടിക്കുമെന്ന് ക്രിസ്ത്യാനികള്‍ കരുതുന്നുണ്ടാകണം. കോണ്‍ക്രീറ്റും മാര്‍ബിളും തുടങ്ങി വെള്ളി കൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ കുരിശുകള്‍ ഇവിടെ ധാരാളം. ഇതൊന്നും പോരാഞ്ഞിട്ട് ആള്‍ത്താരകളില്‍ ഒരിക്കലും വളരാത്ത ഒരു ശിശുവായി (ഉണ്ണി ഈശോ)ട്ടും, കുരിശു പിടഞ്ഞു മരിക്കുന്ന നിസ്സഹായനായ മനുഷ്യനായിട്ടും യേശുവിനെ ഞങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ പരസഹസ്രം പുണ്യവാളന്‍മാരെ രംഗത്തിറക്കി രൂപക്കൂടുകളിലാക്കി നിറഞ്ഞു കവിയുന്ന ഞങ്ങളുടെ ഭണ്ഡാരപ്പെട്ടികളുടെ കാവലാളുകളായി നിയമിച്ചിരിക്കുന്നു. പിന്നെ ഞങ്ങളാരെ ഭയപ്പെടാനാണ്. അതിനാല്‍ യേശുവെ മനുഷ്യപുത്രാ ഞങ്ങളോട് കനിവു തോന്നി ദയവായി നീ വന്നിടത്തേക്കു തന്നെ മടങ്ങി പോകുക. ഞങ്ങളിവിടെ ക്രിസ്തുമസ്സ് ആഘോഷിച്ചും, കുര്‍ബ്ബാന ചൊല്ലിയും നിറം പിടിപ്പിച്ച നുണകള്‍ ചമച്ചും ഇവിടെ ഇങ്ങനെയൊക്കെ ജീവിച്ചുകൊള്ളാം. പ്ലീസ് മടങ്ങി പോകൂ. ഡസ്റ്റയോവാസ്‌കിയുടെ നോവലിലെ ഗ്രാന്റെ ഇന്‍ക്വസിറ്റര്‍ (മഹാനായ മതദ്രോഹവിചാരകന്) യേശുവിനെ മടക്കി അയക്കുന്ന ആ രംഗത്തിന് മനസ്സില്‍ മിഴിവ് വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ വര്‍ഷം ചെല്ലുംതോറും ക്രിസ്തുമസ്സ് മേളകള്‍ അധ:പതിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഇതു നമ്മുടെ ആധ്യാത്മിക മണ്ഡലത്തെയാകെ മലീമസമാക്കുന്നു. സദ്ബുദ്ധികളുടെ ചിന്തകളെ അലോസരപ്പെടുത്തുന്നു. അതിനാല്‍ ഇപ്പോള്‍ ഉള്ളു തുറന്നു ചൊല്ലാവുന്ന ഒരേ ഒരു ശരണമന്ത്രം ഇതുമാത്രം. അത്യൂന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്‍മനസ്സുള്ള മനുഷ്യര്‍ക്കു സമാധാനം!്