രോഗം പലരേയും അസ്വസ്ഥരാക്കുന്നു. അത് ശരീരത്തെയും മനസ്സിനെയും തളര്‍ത്തുന്നു
രോഗം പലരേയും അസ്വസ്ഥരാക്കുന്നു. അത് ശരീരത്തെയും മനസ്സിനെയും തളര്‍ത്തുന്നു. പല രോഗങ്ങളും കഠിനമായ ശാരീരിക വേദനക്ക് കാരണമാകുന്നു. ശാരീരിക പ്രയാസം മനസ്സിന്റെയും സൈ്വര്യം കെടുത്തുന്നു.
ആരോഗ്യാവസ്ഥയില്‍ ഉദ്ദേശിക്കുന്നിടത്തെല്ലാം എത്താന്‍ സാധിച്ചിരുന്നു. ഉദ്ദേശിക്കുന്നത് ചെയ്തുതീര്‍ക്കാനും. അതിനാല്‍ മിക്ക മോഹങ്ങളും സഫലീകരിക്കാന്‍ ഒരു പരിധിയോളം സാധിച്ചിരുന്നു.
എന്നാല്‍ രോഗം എല്ലാ സ്വാതന്ത്ര്യവും തടയുന്നു. കരുത്ത് ചോര്‍ത്തിക്കളയുന്നു. അത് മനുഷ്യനെ നടക്കാനും നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിലെത്തിക്കുന്നു. കട്ടിലില്‍ തളച്ചിടുന്നു. പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പോലും പരസഹായം അനിവാര്യമാക്കിത്തീര്‍ക്കുന്നു. ഇത് ഏത് കരുത്തനെയും ദുര്‍ബലനാക്കുന്നു. പലരെയും പറഞ്ഞറിയിക്കാനാവാത്തവിധം പിടിച്ചുലക്കുന്നു. പുറംലോകത്ത് സൈ്വര്യമായി വിഹരിച്ച നല്ലകാലത്തിനുശേഷം തടവറയില്‍ അകപ്പെട്ടപോലെ കട്ടിലില്‍ ഒതുങ്ങിക്കഴിയേണ്ടിവരുന്നു.
സ്വന്തം കാര്യം പോലും പൂര്‍ത്തീകരിക്കാനാവാത്ത അവസ്ഥ അധികപേരെയും അപകര്‍ഷബോധത്തിനടിപ്പെടുത്തുന്നു. തങ്ങള്‍ ഏവര്‍ക്കും ഭാരവും ബാധ്യതയുമാണെന്ന തോന്നല്‍ അവരെ ആകുലചിത്തരാക്കുന്നു. മക്കളും മറ്റു വേണ്ടപ്പെട്ടവരും തന്നെ പരിചരിച്ച് മടുത്തിരിക്കുന്നുവെന്ന തോന്നല്‍ അവരെ വേട്ടയാടുന്നു. സമ്പാദ്യമൊക്കെയും തനിക്കായി നഷ്ടപ്പെടുത്തുകയാണല്ലോ എന്ന വ്യഥ വേദനയായി അവരുടെ മനസ്സിനെ കീറിമുറിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ കഴിഞ്ഞശേഷം അനുഭവിക്കുന്ന ഏകാന്തത അവരുടെ അസ്വസ്ഥതയുടെ ആഴം വര്‍ധിപ്പിക്കുന്നു.
മരണം മുന്നില്‍ കാണുന്നവര്‍
താന്‍ ആസന്നമരണനാണെന്നറിയുന്നതോടെ പലരും ഭയവിഹ്വലരാകുന്നു, ഞെട്ടിവിറക്കുന്നു. തങ്ങള്‍ പോറ്റി വളര്‍ത്തിയ പ്രിയപ്പെട്ട മക്കളോടു വിടപറയുകയാണെന്ന സത്യം ആരെയാണ് പടിച്ചുലക്കാതിരിക്കുക; ജീവിതത്തിലുടനീളം താങ്ങും തണലും ഇണയും തുണയും സഖിയും സഹായിയുമായി നിലകൊണ്ട ജീവിതപങ്കാളിയില്‍ നിന്നകലുകയാണെന്ന യാഥാര്‍ഥ്യം ഏറെപ്പേരെയും കദനക്കടലില്‍ ആഴ്ത്തുന്നു. കഠിനമായി അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പത്ത്, എവിടെപ്പോയാലും പരമാവധി വേഗത്തില്‍ തിരിച്ചെത്താനാഗ്രഹിക്കുന്ന വീട്, കളി തമാശയുമായി കഴിയുന്ന കൂട്ടുകാര്‍, കണ്ണിനു കുൡമ നല്‍കുന്ന കൃഷിയിടങ്ങള്‍; നഷ്ടം പറ്റാതിരിക്കാന്‍ ജാഗ്രതയോടെ പരിപാലിച്ചുപോരുന്ന വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍; അങ്ങനെ പതിറ്റാണ്ടുകളായി തനിക്ക് ഏറ്റം പ്രിയപ്പെട്ടവയായിരുന്ന എല്ലാം വിട്ടേച്ചുപോവുകയാണെന്ന തിരിച്ചറിവ് പലര്‍ക്കും താങ്ങാവുന്നതിലപ്പുറമായിരിക്കും.
മറുഭാഗത്ത് തങ്ങള്‍ മറ്റൊരു ലോകത്തേക്ക് യാത്ര തിരിക്കുകയാണെന്ന അനിഷേധ്യ യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നു. തങ്ങളെ കാത്തിരിക്കുന്ന ഖബറിനെയും മഹ്ശറയെയും വിചാരണയെയും വിധിയെയും പരലോകത്തെയും സംബന്ധിച്ച ആലോചനകള്‍ അധികപേരെയും അത്യധികം അലോസരപ്പെടുത്തുന്നു. രോഗം തന്നെ മനുഷ്യനെ അസ്വസ്ഥനാക്കുന്നതാണെങ്കില്‍ മരണകാരണമാകുന്ന രോഗം ബാധിച്ചവര്‍ വിവരണാതീതമായ വേവലാതികള്‍ക്ക് അടിപ്പെടുന്നു.
അനുഗ്രഹവും ശാപവും
ജീവിതം ഒരു പരീക്ഷണമാണ്. ഈ ലോകം പരീക്ഷാഹാളും. എല്ലാവരും ഇവിടെ പരീക്ഷക്ക് ഹാജറായിക്കൊണ്ടിരിക്കുകയാണ്. പരീക്ഷിക്കപ്പെടുന്നത് ജീവിതവൃത്തികളാണ്.
'മരണവും ജീവിതവും സൃഷ്ടിച്ചവനാണവന്‍. കര്‍മനിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാണെന്ന് പരീക്ഷിക്കാന്‍' (ഖുര്‍ആന്‍ 67:2)
ഈ സത്യം യഥാവിധി ഉള്‍ക്കൊണ്ടവര്‍ എല്ലാം പരീക്ഷണമാണെന്ന് തിരിച്ചറിയുന്നു. സമ്പന്നതയും ദാരിദ്ര്യവും എളുപ്പവും പ്രയാസവും ആരോഗ്യവും രോഗവുമൊക്കെ പരീക്ഷണം മാത്രം. സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവര്‍ വിജയം വരിക്കുന്നു.
''ചില്ലറപേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.'' (2:155)
ലോകപ്രശസ്ത പണ്ഡിതന്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ഒരു കൊച്ചുകൃതിയുണ്ട്. രോഗികള്‍ക്കുള്ള ഇരുപത്തഞ്ചു നിര്‍ദ്ദേശങ്ങള്‍. രോഗം ശാപമല്ലെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. വിശ്വാസികള്‍ക്ക് അത് അനുഗ്രഹമാണെന്നും. നമ്മുടെ വശമുള്ളതൊന്നും നമ്മുടേതല്ലെന്നും എല്ലാം ദൈവദത്തമാണെന്നും ദൃഢബോധ്യമുള്ളവനാണല്ലോ വിശ്വാസി. എന്നാല്‍ ആരോഗ്യാവസ്ഥയില്‍ ഏറെപ്പേരും അതൊന്നും ഓര്‍ക്കാറില്ല. ദാതാവിനെ മറന്ന് അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ നിരാകരിക്കുന്നു. എന്നാല്‍ രോഗം മനുഷ്യനെ ജീവിതത്തിന്റെ ക്ഷണികത ഓര്‍മിപ്പിക്കുന്നു. ആരോഗ്യത്തിന്റെ അമൂല്യതയെക്കുറിച്ച ബോധമുണര്‍ത്തുന്നു. അതിന്റെ ദാതാവായ അല്ലാഹുവെക്കുറിച്ച് ചിന്തിക്കാന്‍ ഇത് കാരണമായിത്തീരുന്നു. സ്വഭാവികമായും അത് പശ്ചാത്താപത്തിലേക്കും പാപമോചന പ്രാര്‍ത്ഥനകളിലേക്കും നയിക്കുന്നു. അങ്ങനെ രോഗം അതിമഹത്തായ അനുഗ്രഹമായി മാറുന്നു. രോഗത്തിന് ചികിത്സ കൂടിയേ തീരൂ. എന്നാല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം രോഗംതന്നെ അതിമഹത്തായ ചികിത്സയാണ്. മനസ്സിനും ആത്മാവിനുമുള്ള ചികിത്സ. ജീവിതത്തെ കഴുകിവൃത്തിയാക്കി രോഗമുക്തമാക്കുന്ന വിദഗ്ദചികിത്സ. ക്ഷമയിലൂടെയാണിത് സാധ്യമാവുക. അതിനാലാണ് നബിതിരുമേനി ഇങ്ങനെ പറഞ്ഞത്.
'ഏതെങ്കിലും മുസ്‌ലിമിനെ ക്ഷീണമോ രോഗമോ, ദുഖമോ, സങ്കടമോ പ്രയാസമോ ഉല്‍കണ്ഠയോ, കാലില്‍ ഒരു മുള്ളുതറക്കലോ പോലും ബാധിക്കുകയില്ല; അല്ലാഹു അതു കാരണമായി അയാളുടെ പാപങ്ങള്‍ പൊറുത്തുകൊടുത്തുകൊണ്ടല്ലാതെ' (ബുഖാരി, മുസ്‌ലിം)
രോഗം ബാധിക്കുമ്പോള്‍ ക്ഷമ പാലിച്ചാല്‍ മരത്തില്‍ നിന്ന് ഇല കൊഴിയുംപോലെ പാപങ്ങള്‍ കൊഴിഞ്ഞുപോകുമെന്നും പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. അയ്യൂബ് നബി രോഗം ബാധിച്ചപ്പോള്‍ പുലര്‍ത്തിയ ക്ഷമവും നടത്തിയ പ്രാര്‍ത്ഥനയും മഹത്തായ അനുഗ്രഹങ്ങള്‍ക്ക് കാരണമായതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
'അയ്യൂബ് തന്റെ നാഥനെ വിളിച്ചുപ്രാര്‍ത്ഥിച്ച കാര്യം ഓര്‍ക്കുക: എന്നെ രോഗം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റം കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരമേകി. അദ്ദേഹത്തിനുണ്ടായിരുന്ന ദുരിതം ദൂരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു നാം തന്റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെയും കൊടുത്തു.
നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമാണത്. വഴിപ്പെടുന്നവര്‍ക്ക് ഓരോര്‍മപ്പെടുത്തലും. (21:83,84)
തന്റെ പ്രിയപ്പെട്ട രണ്ടവയങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് എന്റെ അടിമയെ പരീക്ഷിക്കുമെന്നും എന്നിട്ടവന്‍ ക്ഷമിക്കുകയാണെങ്കില്‍ അവക്കുപകരമായി ഞാനവന് സ്വര്‍ഗം നല്‍കുമെന്നും അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ അറിയിക്കുന്നു. (മുസ്‌ലിം)
ഓരോ രോഗിയും തന്നെക്കാള്‍ പ്രയാസപ്പെടുന്നവരെക്കുറിച്ച് ആലോചിക്കുന്നതും രോഗത്തെ പരീക്ഷണമായി കരുതുന്നതും മനശ്ശാന്തിക്കും സുഖത്തിനും വഴിയൊരുക്കും. എന്തെങ്കിലും രോഗമില്ലാത്ത ആരുമുണ്ടാവില്ല. അതോടൊപ്പം തന്നെ പല രോഗങ്ങള്‍ക്കും രോഗവര്‍ധനവിനും കാരണം മാനവികാവസ്ഥയാണ്. അസ്വസ്ഥതകളും ആശങ്കകളും ഉല്‍കണ്ഠകളും നിരാശയും അന്ത:സംഘര്‍ഷങ്ങളുമാണ്. ധീരതകൊണ്ടും ഇച്ഛാശക്തികൊണ്ടും പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കും. പ്രാര്‍ത്ഥന ധീരതയും ഇച്ഛാശക്തിയും പ്രദാനം ചെയ്യുകയും വര്‍ധിപ്പിക്കുകയും ചെയ്യും. പരീക്ഷണം തിരിച്ചറിഞ്ഞ് ക്ഷമ പാലിക്കാനാണ് വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നത്.
അനസ് (റ)ല്‍ നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. പരീക്ഷണത്തിന്റെ കാഠിന്യമനുസരിച്ചാണ് പ്രതിഫലം വര്‍ധിക്കുക. അല്ലാഹു ഒരുകൂട്ടരെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുന്നു. ആരെങ്കിലും അതില്‍ തൃപ്തിയടഞ്ഞ് ക്ഷമപാലിച്ചാല്‍ അല്ലാഹുവിന്റെ പ്രീതിക്ക് അവന്‍ അര്‍ഹനാകും. അതൃപ്തി കാണിക്കുന്നവന്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും ചെയ്യും. (തിര്‍മിദി)
രോഗസന്ദര്‍ശനം
പല രോഗികളും കുടുംബക്കാരെയും കൂട്ടുകാരെയും കാണാന്‍ കൊതിപൂണ്ട് കാത്തിരിക്കുന്നവരായിരിക്കും. അതിനാല്‍ അവരുടെ സന്ദര്‍ശനം രോഗികള്‍ക്ക് വലിയ ആശ്വാസമായിരിക്കും, അവരുടെ പ്രാര്‍ഥന ശമനൗഷധവും. ദീര്‍ഘകാലം രോഗക്കിടക്കയില്‍ കഴിയുന്നവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെ അസഹ്യതക്കും വേണ്ടപ്പെട്ടവരുടെ സന്ദര്‍ശനം ശമനമായിത്തീരും. അതിനാലാണ് ഇസ്‌ലാം രോഗസന്ദര്‍ശനത്തിന് വലിയ പ്രാധാന്യം കല്‍പിച്ചത്. രോഗിയെ സന്ദര്‍ശിക്കുന്നത് അല്ലാഹുവിനെ സന്ദര്‍ശിക്കുന്നതുപോലെയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു.
'അന്ത്യദിനത്തില്‍ അല്ലാഹു പറയും ഹേ മനുഷ്യാ ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ മനുഷ്യന്‍ ചോദിക്കും. എന്റെ നാഥാ, ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ? അന്നേരം അല്ലാഹു പറയും. എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞിരുന്നില്ലേ? എന്നിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെ അടുത്ത് എന്നെ നീ കാണുമായിരുന്നുവെന്ന് നിനക്ക് അറിഞ്ഞുകൂടേ.' (ബുഖാരി)
നബി തിരുമേനി അരുള്‍ ചെയ്തതായി അബൂമൂസ ഉദ്ധരിക്കുന്നു: 'വിശന്നവന് ആഹാരം നല്‍കുക, രോഗിയെ സന്ദര്‍ശിക്കുക, ബന്ധിതനെ മോചിപ്പിക്കുക.' പ്രവാചകന്‍ മറ്റൊരിക്കല്‍ ഇങ്ങനെ പറഞ്ഞു.' ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ ഉപരിലോകത്തുനിന്ന് ഇപ്രകാരം വിളിച്ചുപറയും. നീ നല്ലത് ചെയ്യൂ. നിന്റെ നടത്തം ഗുണകരമായിഭവിച്ചു. സ്വര്‍ഗത്തില്‍ നീ ഒരിടം ഒരുക്കുകയും ചെയ്തു.' (ഇബ്‌നുമാജ)
രോഗിയെ രാവിലെ സന്ദര്‍ശിച്ചാല്‍ വൈകുന്നേരം വരെയും വൈകുന്നേരം സന്ദര്‍ശിച്ചാല്‍ രാവിലെ വരെയും എഴുപതിനായിരം മലക്കുകള്‍ അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമെന്നും നബിതിരുമേനി പറഞ്ഞതായി അലി(റ) ഉദ്ധരിക്കുന്നു. (തിര്‍മിദി)
സന്ദര്‍ശനം രോഗിക്ക് ആശ്വാസവും ഉന്മേഷവും സന്തോഷവും സംതൃപ്തിയും നല്‍കും. അതിനുപകരിക്കുന്ന വാക്കുകളാണ് പറയേണ്ടത്. നബി(സ) അരുള്‍ ചെയ്യുന്നു. 'നിങ്ങള്‍ രോഗിയുടെ അടുത്തുചെന്നാല്‍ അയാളില്‍ ദീര്‍ഘായുസ്സിനെക്കുറിച്ച് പ്രതീക്ഷ വളര്‍ത്തുക. അത് ഒന്നിനെയും തടയില്ലെങ്കിലും രോഗിയുടെ മനസ്സിന് ആശ്വാസമേകും.'
രോഗം സാരമാക്കേണ്ടതില്ലെന്നും അത് പാപമോചനത്തിന് കാരണമായിത്തീരുമെന്നും പറഞ്ഞ് രോഗിയെ സമാധാനിപ്പിക്കുകയും ക്ഷമ പാലിക്കാന്‍ ഉണര്‍ത്തുകയും ചെയ്യുന്നത് മഹത്തായ പുണ്യകര്‍മമാണ്. രോഗശനത്തിനായി പ്രാര്‍ത്ഥിക്കല്‍ പ്രവാചക ചര്യയില്‍പ്പെട്ടതാണ്.
'ആയിശ(റ)യില്‍ നിന്ന് നിവേദനം. നബിതിരുമേനി തന്റെ കുടുംബാംഗങ്ങള്‍ രോഗികളായാല്‍ അവരെ സന്ദര്‍ശിക്കുമ്പോള്‍ തന്റെ വലതുകൈകൊണ്ട് രോഗിയെ തടവിക്കൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു.
'ജനങ്ങളുടെ നാഥനായ അല്ലാഹുവേ നീ പ്രയാസങ്ങള്‍ ദൂരീകരിക്കേണമേ, നീ തന്നെയാണ് രോഗം ശമിപ്പിക്കുന്നവര്‍; അതിനാല്‍ നീ രോഗശമനം നല്‍കേണമേ! നീയല്ലാതെ രോഗം മാറ്റുന്നവനില്ല. അതിനാല്‍ ഒരുവിധ പ്രയാസവും ബാക്കിയാകാത്തവിധം നീ രോഗം സുഖപ്പെടുത്തേണമേ (ബുഖാരി, മുസ്‌ലിം)
നബിതിരുമേനി രോഗിയെ സന്ദര്‍ശിക്കുമ്പോഴെല്ലാം സാരമില്ല സുഖപ്പെടും; അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ സുഖമാകട്ടെ. എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. (ബുഖാരി)
മഹത്തായ സിംഹാസനത്തിന്റെ ഉടമയായ മഹാനായ അല്ലാഹുവോട് നിനക്ക് സുഖമാക്കിത്തരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്ന് ഏഴു പ്രാവശ്യം പറയല്‍ ഏറെ പ്രാധാന്യമുള്ള സുകൃതമാണ്.(തിര്‍മിദി)
എന്നാല്‍ രോഗിക്ക് ശല്യമാകും വിധം രോഗിയുടെ അടുത്ത് വെച്ച് സംസാരിക്കരുത്. ഭയവും ഭീതിയും വര്‍ധിപ്പിക്കുന്ന വാക്കുകള്‍ പറയരുത്. രോഗവിവരങ്ങളും വിശദാംശങ്ങളും രോഗിയോട് ചോദിക്കുന്നതിനുപകരം അടുത്തുള്ളവരോട് അന്വേഷിക്കുന്നതാണ് നല്ലത്. സന്ദര്‍ശനം രോഗിക്ക് പ്രയാസകരവും അലോസരമുണ്ടാക്കുന്നതുമാകരുത്. മറിച്ച് ഏറെ ആശ്വാസദായകവും സഹനപ്രേരകവും ക്ഷമക്കും പ്രാര്‍ത്ഥനക്കും അതിലൂടെ പരലോക നന്മയുടെ വര്‍ധനവിനും വഴിവെക്കുന്നതുമാകണം. ഇങ്ങനെ ചെയ്യുന്നവര്‍ക്കാണ് അല്ലാഹു അതിമഹത്തായ അനുഗ്രഹവും പ്രതിഫലവും നല്‍കുക.