പോരാട്ടവീഥിയിലെ പെണ്ണുങ്ങള്‍

ഡിസംബര്‍ 2017
ശീലങ്ങളും ശൈലികളും തെറ്റിച്ചുകൊണ്ടാണ് സമരങ്ങളും ധര്‍ണ്ണകളും നാടിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്.

ശീലങ്ങളും ശൈലികളും തെറ്റിച്ചുകൊണ്ടാണ് സമരങ്ങളും ധര്‍ണ്ണകളും നാടിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍  അര്‍ഹതപ്പെട്ടവര്‍ എന്നാണ് പൊതുധാരണ. നാട്ടിലൊരു ഭരണപക്ഷവും അവരെയെതിര്‍ക്കുന്ന പ്രതിപക്ഷവും. ജനങ്ങളാകെ ഏതെങ്കിലുമൊരു പക്ഷം പിടിച്ച് അവരുടെയാരുടെയെങ്കിലും പിന്നില്‍ ആവശ്യങ്ങള്‍ക്കായി അണിനിരക്കണം. ഇതായിരുന്നു പഴയൊരു ജനാധിപത്യരീതി. പക്ഷേ ഈ രീതിശാസ്ത്രത്തെ പൊളിച്ചെഴുതിയും തുറന്നെതിര്‍ത്തുമാണ് ഇന്ന് സമരങ്ങള്‍ നടക്കുന്നത്. ജനങ്ങള്‍ ആരെയും കാത്തുനില്‍ക്കാതെ അവരുടെ ആവശ്യങ്ങള്‍ക്കായി സമരമുഖത്ത് അണിനിരക്കുകയാണ്. നിലനില്‍പ്പിനായുള്ള ജനകീയപോരാട്ടങ്ങളാണ് എല്ലാ സര്‍ക്കാരുകളുടെയും പേടി. ഈ സമരങ്ങളുടെയും ധര്‍ണകളുടെയും പ്രത്യേകത ആരും വിളിച്ചിറക്കിക്കൊണ്ടുവരാതെ തന്നെ ഇത്തരം പോരാട്ടമേഖലകളിലേക്കിറങ്ങുന്ന സ്ത്രീ സാന്നിധ്യമാണ്. 

ജീവിതത്തിന്റെ തീക്ഷ്ണസാഹചര്യങ്ങളില്‍ പലപ്പോഴും പ്രയാസമനുഭവിക്കുന്നത് ആണിനേക്കാള്‍ പെണ്ണാണ്. ഏതൊരു നാട്ടിലും യുദ്ധവും കെടുതിയും ബാക്കിവെച്ചത് നിസ്സഹായരായ പെണ്‍ജീവിതങ്ങളെതന്നെ. അതുകൊണ്ടുതന്നെയാണ് പെണ്‍ജീവിതങ്ങള്‍ ചില തീരുമാനങ്ങളെടുക്കുന്നതും ഇനി കാത്തുനില്‍ക്കാന്‍ ആരും ഇല്ലെന്ന ഉറപ്പോടെ സമരമുഖത്തേക്കിറങ്ങുന്നതും. വീടും കുടുംബവും മാത്രമല്ല തന്റെ പരിസരവും പരിസ്ഥിതിയും കൂടി സംരക്ഷിക്കാന്‍ താനും കൂടിയിറങ്ങണമെന്ന് ഇന്ന് ഓരോ പെണ്ണും തീരുമാനിച്ചിട്ടുണ്ട്. കേരളമടക്കം വിജയിച്ച എല്ലാ ജനകീയ സമരങ്ങളിലും പെണ്‍ സാന്നിധ്യം സജീവമാണ്. മയിലമ്മയെന്നൊരു പെണ്ണാണ് പ്ലാച്ചിമടയെ രക്ഷിച്ചെടുത്തത്. മേധാപട്കറോടൊപ്പം ഒരുപാടുപെണ്ണുങ്ങള്‍ നര്‍മ്മദയെ താങ്ങിനിര്‍ത്തുന്നു. ആതിരപ്പള്ളിയും പശ്ചിമഘട്ട വനമേഖല യാത്രയിലും ചാലക്കുടിപ്പുഴ സംരക്ഷിക്കാനും പരിസ്ഥിതിക്കുമേല്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന കയ്യേറ്റങ്ങളെ ചെറുക്കാനും മുന്നില്‍ നടന്ന അടുത്തദിവസം നമ്മെവിട്ടുപിരിഞ്ഞ ഡോ. എ ലതയുമെല്ലാം ഇതിലെ എടുത്തുപറയേണ്ട സ്ത്രീ നാമങ്ങളാണ്. അവരോടൊപ്പം പേരറിയാത്ത മറ്റൊരുപാട് സ്ത്രീകളും.

തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരിട്ടുവിളിച്ച്  ഭരണകൂടം ഒതുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എരഞ്ഞിമാവില്‍ ജനവാസഇടങ്ങളിലൂടെ ദുരിതം വിതച്ചുകൊണ്ട് കടന്നുപോകാന്‍ ശ്രമിക്കുന്ന ഗൈയില്‍ വാതക പൈപ്പ് ലൈന്‍ സമരവുമായി ബന്ധപ്പെട്ടും സ്ത്രീ സാന്നിധ്യം സജീവമായിരുന്നു. നവംബര്‍ ഒന്നിന് നടന്ന പോലീസ് ലാത്തിച്ചാര്‍ജും സമരപ്പന്തല്‍ പൊളിക്കലുമൊക്കെ കേരളം കണ്ടതാണ്. ഇരകളുമായി സംസാരിക്കാന്‍ പോലും തയ്യാറാകാതെ ഗെയില്‍ അധികൃതര്‍ക്കു വേണ്ടി സര്‍വസന്നാഹങ്ങളുമൊരുക്കി  സര്‍ക്കാര്‍ നിലയുറപ്പിച്ചപ്പോള്‍ അതിനെ വകവെക്കാതെ ഇരകളായ ജനങ്ങള്‍ക്കൊപ്പം നിന്നവരിലും സ്ത്രീകളുണ്ടായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പൂരിപ്പിക്കാന്‍ കഴിയാത്ത ഇടങ്ങളെ ജനങ്ങള്‍ക്കു വേണ്ടി പൂരിപ്പിച്ചെടുക്കുകയാണിക്കൂട്ടര്‍. തട്ടമിട്ട മുസ്‌ലിം പെണ്ണിന്റെ സാന്നിധ്യം ഇവിടങ്ങളില്‍ ശ്രദ്ധേയമാണ്. അവരുടെ മതചിഹ്നങ്ങളാണ് മറ്റേതൊരു മതവിഭാഗത്തിന്റെ മതചിഹ്നങ്ങളെക്കാള്‍ ബന്ധപ്പെട്ടവരെ അലോസരപ്പെടുത്തുന്നതും തീവ്രതയാരോപിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും. മര്‍ദ്ദിതനോടൊപ്പം നിന്ന് അധികാരഗര്‍വ്വിനെതിരെ പൊരുതിയ സമുദായ പാരമ്പര്യത്തിന്റെ പിന്മുറക്കാരിയാണവള്‍. അനീതിയുടെ, ഗര്‍വ്വിന്റെ രാഷ്ട്രീയത്തെ ചെറുക്കാനാണ് ഈ പെണ്‍കൂട്ടം സമരപ്പന്തലിലെത്തുന്നത്. ഈ ചെറുത്തുനില്‍പ്പിലാണ് ഒരു ജനതയുടെ ഉയിര്‍പ്പെന്നു തീരുമാനിക്കുന്നവളാണ് തീവ്രവാദിയെന്ന ഭീഷണിയെ വകവെക്കാതെ വരുന്നത്.   മനുഷ്യാവകാശ ദിനം ആചരിക്കുമ്പോള്‍ ജീവിക്കാന്‍ വേണ്ടി പൊരുതുന്ന ജനകീയ ശക്തികളെ അടിച്ചോടിക്കാതിരിക്കാനുള്ള ക്ഷമയെങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media