ശാരീരിക വളര്‍ച്ചക്കാവശ്യമായ പോഷകം നിറഞ്ഞ ആഹാരസാധനങ്ങള്‍ വളരെ ചെറുപ്പത്തിലേ തന്നെ കഴിക്കാന്‍ കൊടുക്കണം. കുഞ്ഞിന് രുചി തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേ തന്നെ വീട്ടിലുണ്ടാക്കുന്ന റാഗി, ഏത്തക്കപ്പൊടിച്ചത്, ആപ്പിള്‍, ഏത്തപ്പഴം പുഴുങ്ങിയത്, ജ്യൂസ്, സൂപ്പ് മുതലായവ ഉള്‍പ്പെടുത്തുക. പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികളുടെ ഭാവി ആരോഗ്യത്തിന് മുതല്‍കൂട്ടാണ്. മക്കളുടെ ഇഷ്ടം മാത്രമല്ല പോഷകഗുണവും കണക്കാക്കിവേണം അവര്‍ക്ക് ഭക്ഷണം നല്‍കാന്‍. എല്ലുകളുടെ വളര്‍ച്ചക്ക് ആവശ്യമുള്ള കാത്സ്യവും കോശ വളര്‍ച്ചക്ക് വേണ്ട പ്രോട്ടീനും പാലില്‍ ഏറെ അടങ്ങിയിരിക്കുന്നു. ദിവസം രണ്ട് ഗ്ലാസ്സ് പാല്‍കൊടുത്താല്‍ മതി. പ്രോട്ടീന്‍ നല്‍കുന്ന ഇറച്ചി, മീന്‍, മുട്ട വിഭവങ്ങളും പയറുപരിപ്പു വര്‍ഗ്ഗങ്ങളും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇറച്ചിയും മീനും കഴിക്കാത്തവര്‍ പയര്‍, പരിപ്പുവര്‍ഗങ്ങളുടെ ഉപയോഗം കൂട്ടണം. കുട്ടികളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ എയുടെ അഭാവമുണ്ടായാല്‍ കാഴ്ചകുറവുണ്ടാവാം. വിവിധതരം പച്ചക്കറികളും ഇലക്കറികളും വിറ്റാമിന്‍ എ ധാരാളം ഉള്ളവയാണ്. ചില കുട്ടികള്‍ എപ്പോഴും എന്തെങ്കിലും കഴിക്കണമെന്ന ആഗ്രഹക്കാരായിരിക്കും. അവര്‍ക്ക് കഴിക്കാന്‍ പോഷക സമൃദ്ധമായിട്ടുള്ളതു മാത്രം നല്‍കുക. അമിതവണ്ണം മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. വ്യായാമം ചെയ്യാന്‍ ചെറുപ്പം മുതലേ ശീലിപ്പിക്കുക. അനാരോഗ്യകരമായ ഭക്ഷണരീതി നിരുത്സാഹപ്പെടുത്തുക എന്നിവ ബുദ്ധിയും ആരോഗ്യവും ആത്മവിശ്വാസവും ഉള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വളരെ അത്യാവശ്യമാണ്.
സമീകൃത ഭക്ഷണം തയാറാക്കാം
കുട്ടികള്‍ക്കും പ്രമേഹം, അമിത വണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും പറ്റിയ ഒരു സമീകൃത ഭക്ഷണം.
ചേരുവകള്‍
1. ഏത്തപ്പഴം തൊലികളഞ്ഞ് അരിഞ്ഞത് ഒന്ന്
2. ബദാം വെള്ളത്തിലിട്ട് തൊലികളഞ്ഞ് വൃത്തിയാക്കിയത് 15
3. ഈത്തപ്പഴം കുരുകളഞ്ഞത് 10
4. തേന്‍ (ശര്‍ക്കരപ്പാനി) 50 മി. (മധുരമനുസരിച്ച്)
5. തേങ്ങപാല്‍ / സോയാപാല്‍ / പശുവിന്‍ പാല്‍ - 100 മി.ലി
6. തിളപ്പിച്ചാറിയ വെള്ളം - ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
വെള്ളമൊഴിച്ചുള്ള ചേരുവകള്‍ മിക്‌സിയിലാക്കി നന്നായി അരച്ചതിനുശേഷം തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ചേര്‍ത്ത് കുറുക്കുരൂപത്തിലോ, കുടിക്കാന്‍ പാകത്തിനോ ആക്കി ഒരുവയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങള്‍ക്കും, വയസ്സായവര്‍ക്കും കൊടുക്കാവുന്നതാണ്. രുചികരമായ ഈ പാനീയത്തില്‍ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും നാരുകളും ഇരുമ്പും കാല്‍സ്യം, അന്നജം, പ്രോട്ടീന്‍, നല്ല കൊഴുപ്പ്, അമിനോ ആസിഡുകള്‍, ആവശ്യത്തിന് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു ഭക്ഷണം കഴിച്ചില്ലെങ്കില്‍ കൂടി ശരീരത്തിന് സമ്പൂര്‍ണപോഷണം ലഭ്യമാകും.