ജീവിതരീതി പഴയതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യാസപ്പെട്ടിരിക്കുന്നു. വീട്ടില്‍ വന്നുകയറിയാല്‍ സൗമ്യമായി പെരുമാറുന്ന മക്കള്‍
ജീവിതരീതി പഴയതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യാസപ്പെട്ടിരിക്കുന്നു. വീട്ടില്‍ വന്നുകയറിയാല്‍ സൗമ്യമായി പെരുമാറുന്ന മക്കള്‍ വീടിനു പുറത്തിറങ്ങിയാല്‍ കൂട്ടുകാരുമൊത്ത് അശ്ലീല ചിത്രങ്ങള്‍ കണ്ടും രസിച്ചും അതിന് അടിമകളായിത്തീരൂ. ഇത് പക്ഷെ നമ്മള്‍ അറിയുന്നില്ല. വാട്‌സപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്ന എല്ലാവരും ചീത്തയായ വഴിയിലൂടെ പോകുന്നു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ അത്തരക്കാര്‍ ധാരാളമുണ്ടെങ്കിലും അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു എന്നതാണ് വിഷമകരം.
ഇന്നത്തെ കുടുംബാന്തരീക്ഷം ഇതിന് കൂടുതല്‍ സൗകര്യം നല്‍കുന്നു. മാതാവും പിതാവും ഒന്നോ രണ്ടോ മക്കളും വീട്ടിലുള്ളവര്‍ക്കെല്ലാം വ്യത്യസ്ത റൂമുകളും അതില്‍ എല്ലാ സൗകര്യങ്ങളും. ആര്‍ക്കും ആരെയും ആശ്രയിക്കേണ്ടതില്ല. റൂമുകളില്‍ തനിച്ചിരുന്ന് രാത്രി ഏറെ വൈകിയും ചാറ്റിംഗിലൂടെയും കോളിംഗിലൂടെയും സമയം ചെലവഴിക്കുന്നത് ആരും തന്നെ അറിയുന്നില്ല. ഒരിക്കല്‍ പോലും നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവരുമായി ചാറ്റിംഗിലൂടെ ഒരുദിവസം കൊണ്ട് പ്രണയത്തിലാവുകയും മൂന്നാംദിവസം ഒളിച്ചോടിപ്പോവുകയും ഒരുമാസം തികയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടവരായി മാനസികനില തെറ്റി തിരിച്ചെത്തുകയോ അല്ലെങ്കില്‍ ജീവിതം തന്നെ അവസാനിപ്പിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള ചാറ്റിംഗിലൂടെ മാനസിക നിലതെറ്റിയ ആണ്‍മക്കളും പെണ്‍മക്കളുമുണ്ട്.
ചതിയും വഞ്ചനയും നിറഞ്ഞതാണ് ഇന്നത്തെ പ്രണയലോകം. പരസ്പരം കണ്ടും അറിഞ്ഞും പറഞ്ഞും ഏറെനാളുകള്‍ക്ക് ശേഷം ഉടലെടുക്കുന്ന പ്രണയത്തില്‍ സ്‌നേഹം ഊഷ്മളമാകുന്നു. എന്നാല്‍ ഇന്നത്തെ തലമുറകള്‍ പരസ്പരം മനസ്സറിയുന്നതിനു മുമ്പുതന്നെ തെറ്റി പിരിഞ്ഞിരിക്കുന്നത് കാണാം. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി സഹിക്കാനും ക്ഷമിക്കാനും കഴിയാതെ വരുന്നു. സാങ്കേതിക വിദ്യയുടെ കുതിച്ചുകയറ്റം പോലെ പ്രണയവും ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് കുതിച്ചുകയറുകയാണ്. ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റൊന്നിലേക്ക് എന്നതാണ് യുവ തലമുറയുടെ ചിന്ത. ദാമ്പത്യ ബന്ധത്തിന്റെ മഹത്വമെന്താണെന്നും അതില്‍ അടങ്ങിയിരിക്കുന്ന രഹസ്യമെന്താണെന്നും ഇന്നത്തെ തലമുറ ചിന്തിക്കുന്നില്ല.
ചതിയും വഞ്ചനയും കലരാത്ത കളങ്കമില്ലാത്ത പ്രണയങ്ങളും നമുക്കിടയില്‍ ഉണ്ട്. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കുന്നതിന് ഇസ്‌ലാം എതിരല്ല. എന്നാല്‍ അത് ഇസ്‌ലാമിക പരിധിയില്‍ ഒതുങ്ങിയതായിരിക്കണം. ഒരിക്കല്‍ അലിയ്യുബ്‌നു അബൂത്വാലിബ് (റ) മുഹമ്മദ് നബിയുടെ അടുക്കല്‍ വന്ന് പറഞ്ഞു. ഞാന്‍ താങ്കളുടെ മകള്‍ ഫാത്വിമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഉടനെ തന്നെ നബി(സ) അതിന് അനുവാദം നല്‍കി. അപ്പോള്‍ അലി(റ) പറഞ്ഞു. ഇപ്പോള്‍ എന്റെ കയ്യില്‍ മഹറായി നല്‍കാന്‍ പണമൊന്നുമില്ല. അതിനാല്‍ അങ്ങ് എനിക്ക് അല്‍പസമയം തന്നാലും. ഇത് കേട്ട നബി (സ) പറഞ്ഞു. ഞാന്‍ മുമ്പ് നിനക്ക് തന്ന പടയങ്കി നിന്റെയടുത്ത് ഉണ്ടെങ്കില്‍ അത് അവള്‍ക്ക് മഹറായി നല്‍കി ഉടനെ അവളെ സ്വീകരിക്കുക.
സ്വന്തം മകളെ എത്രപണം ചെലവഴിച്ചാണെങ്കിലും പഠിപ്പിച്ച് നല്ലൊരു ജോലിയും നേടി കെട്ടിച്ചുവിടണമെന്ന് സ്വപ്‌നം കണ്ട ബാപ്പ പെട്ടെന്ന് മകള്‍ മറ്റൊരുവനുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞാല്‍ രോഷാകുലനായി മകളെ തല്ലുകയും വീട്ടുതടവിലാക്കുകയും ഉടനെതന്നെ കുടുംബത്തിന്റെ നിലക്കും വിലക്കുമൊത്ത മറ്റൊരുവനുമായി വിവാഹം നടത്തികൊടുക്കുകയും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അല്ലെങ്കില്‍ അതെത്തിച്ചേരുന്നത് അതിനേക്കാള്‍ വലിയ ആപത്തിലേക്കായിരിക്കും.
രണ്ട് മനസ്സുകളാണ് ഇവിടെ വേദനിക്കുന്നത്. തന്റെ മകളെ ഇത്രയും കാലം എല്ലാം നല്‍കി വളര്‍ത്തിയിട്ടും ഒടുവില്‍ അവള്‍ ചെയ്ത പ്രവൃത്തിയെ കുറിച്ച് വിഷമിക്കുന്ന ബാപ്പയും എല്ലാം പങ്കുവെച്ച് മരണം വരെ ഒന്നിച്ച് ജീവിക്കണമെന്നാഗ്രഹിച്ച് സ്‌നേഹിതന്‍ നഷ്ടപ്പെട്ട വേദനയില്‍ മകളും നില്‍ക്കുന്നു. ഇത് ഒരു പക്ഷെ മകളുടെ മാനസിക നില തന്നെ തെറ്റിച്ചേക്കാം. തന്റെ എല്ലാകാര്യത്തിലും ഇത്രയും കാലം ശ്രദ്ധ ചെലുത്തിയ മാതാപിതാക്കളെ വേദനിപ്പിച്ച് പടിയിറങ്ങിപോവില്ലെന്ന് മകളോ അല്ലെങ്കില്‍ സ്വന്തം മകളുടെ മാനസികാവസ്ഥ സന്തോഷകരമായിത്തീരണമെന്ന് കരുതി മാതാപിതാക്കളോ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ ഒരു കുടുംബത്തിന്റെ സമാധാനാന്തരീക്ഷമാണ് ഇവിടെ കെട്ടുപോകുന്നത്.
മകള്‍ തെരഞ്ഞെടുത്ത പയ്യന് അല്ലെങ്കില്‍ മകന്‍ തിരഞ്ഞെടുത്ത പെണ്ണിന് സൗന്ദര്യം കുറവാണെന്നൊ തറവാട്ടുമഹിമ പോരെന്നൊ നിലക്കും വിലക്കുമൊത്ത ജോലിയില്ലെന്നോ പറഞ്ഞ് മറ്റൊരു വിവാഹത്തിന് കുട്ടിയെ നിര്‍ബന്ധിപ്പിക്കുന്നതിന് പകരം പയ്യന്റെ സ്വഭാവം തരക്കേടില്ലാത്തതും ദീനിനിഷ്ഠയുള്ളവനുമാണെങ്കില്‍ അവരെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം.
മകള്‍ക്ക് വേണ്ടി ബാപ്പ തെരഞ്ഞെടുത്ത പയ്യനുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാലും പരസ്പരം സ്‌നേഹിച്ചറിഞ്ഞുള്ള ഒരു ദാമ്പത്യബന്ധം നയിക്കാന്‍ അവിടെ കഴിഞ്ഞെന്ന് വരില്ല. പഴയ സ്‌നേഹിതനോടുള്ള സ്‌നേഹം ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നു എന്നതാണതിനുകാരണം. ഇത് ജീവിതത്തിലുടനീളം അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും. ഭര്‍ത്താവിനേയും കുഞ്ഞിനെയും ഉപേക്ഷിച്ച് പഴയ സ്‌നേഹിതന്റെ കൂടെ ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളെക്കുറിച്ച് ഒന്നുമറിയാതെ ഭൂമിയിലേക്ക് വന്ന പിഞ്ചുകുഞ്ഞുങ്ങളാണ് ഇവിടെ അനാഥരാകുന്നത്. ഇങ്ങനെയുള്ള പ്രവര്‍ത്തികളില്‍ രണ്ട് കുടുംബങ്ങളാണ് ദുഃഖിതരാകുന്നതും മറ്റുള്ളവര്‍ക്ക് മുന്നില്‍ അപമാനിതരാകുന്നതും. മക്കളുടെ ഇഷ്ടം അനുസരിച്ച് കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. വിവാഹവും കുടുംബവും ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യം നല്‍കുന്ന രണ്ട് ഘടകങ്ങളാണ്. മക്കള്‍ തെരഞ്ഞെടുക്കുന്ന പങ്കാളികളെ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ച് കൊടുക്കുന്ന മാതാപിതാക്കളും നമുക്കിടയിലുണ്ട്.
വിവാഹം വളരെയേറെ ആലോചിച്ച് നടത്തേണ്ട മഹത്തായ കര്‍മ്മമാണ്. മക്കള്‍ തെരഞ്ഞെടുക്കുന്ന എല്ലാ പങ്കാളികളും നല്ലവരായി കൊള്ളണമെന്നുമില്ല. അത്തരത്തില്‍ അകപ്പെട്ട മക്കളെ സൗമ്യമായ രീതിയില്‍ സദുപദേശങ്ങള്‍ നല്‍കി തെറ്റും ശരിയും മനസ്സിലാക്കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക. ദാമ്പത്യം എന്നത് ഒന്നോ രണ്ടോ ദിവസത്തില്‍ ഒതുങ്ങിയതല്ല, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട ആനന്ദപൂര്‍ണ്ണമായ ഒന്നാണ്. ഇഷ്ടപ്പെട്ടു എന്നതിന്റെ പേരില്‍ മക്കളോട് എടുത്ത് ചാടി ശിക്ഷിക്കുന്നതിന് മുമ്പ് അവരുടെ മനസ്സറിയാന്‍ ശ്രമിക്കുക. പരസ്പരം അറിഞ്ഞും സ്‌നേഹിച്ചും ജീവിക്കേണ്ടവര്‍ അവരാണ്. ജീവിതകാലം മുഴുവന്‍ നല്ലരീതിയില്‍ ജീവിക്കാമെന്ന് വിശ്വാസം അവരില്‍ കണ്ടാല്‍ ചെറിയ കുറ്റങ്ങളും കുറവുകളും വലുതായി കാണാതെ അവരെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുക. എല്ലാം തികഞ്ഞ ജീവിതം ഉണ്ടാവുക എന്നത് അസാധ്യമാണ്. പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും പൊരുത്തപ്പെട്ടും ജീവിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് മാതാപിതാക്കള്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത്. ഒരു കുഞ്ഞിന്റെ ആദ്യ വിദ്യാലയം സ്വന്തം കുടുംബമാണ്. മാതാപിതാക്കളാണ് അവരുടെ രക്ഷിതാവും അദ്ധ്യാപകരും. സ്വന്തം മക്കളുടെ വളര്‍ച്ചയിലും പ്രായത്തിലും മാതാപിതാക്കള്‍ക്ക് എപ്പോഴും ഒരു കണ്ണ് വേണം. ഒരു വീട്ടില്‍ നാലുപേരുണ്ടെങ്കില്‍ നാല്‌പേരും തിരക്കിലാണ്. ഇന്ന് ജോലിയൊന്നുമില്ലാത്ത മാതാപിതാക്കള്‍ കുറവാണ്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി വൈകുന്നേരം വീട്ടിലെത്തിയാല്‍ ആര്‍ക്കും ആരുടെ കാര്യവും തിരക്കാന്‍ സമയമില്ല. എല്ലാവരും അവരുടേതായ കാര്യങ്ങൡ ചുരുങ്ങുന്നു. അല്ലെങ്കില്‍ ജോലിയിലെ ക്ഷീണം കാരണം സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള സംസാരത്തിന് പകരം എല്ലാം ഒരു പൊട്ടിത്തെറിയില്‍ അവസാനിപ്പിക്കുന്നു. ദിവസവും ഇത് തന്നെ തുടര്‍ന്ന് പോകുന്നു. ഇങ്ങനെയുള്ള കുടുംബാന്തരീക്ഷത്തിലെ മക്കള്‍ പെട്ടെന്ന് മറ്റൊന്നിലേക്ക് തിരിയുന്നതിനുള്ള ഏറ്റവും എളുപ്പവഴി മാതാപിതാക്കള്‍ അവര്‍ക്ക് നല്‍കിയ മൊബൈല്‍ ഫോണ്‍ ആണെന്നതില്‍ സംശയമില്ല.
മക്കളുടെ സ്വഭാവ രൂപീകരണത്തില്‍ മതാപിതാക്കള്‍ക്ക് പ്രധാന പങ്കുണ്ട്. അനുഭവങ്ങളിലൂടെയും ആവര്‍ത്തനങ്ങളിലൂടെയുമാണ് സ്വഭാവങ്ങള്‍ രൂപമെടുക്കുന്നത്. സ്‌നേഹമാണ് കുടുംബത്തിന്റെ നെടും തൂണ്‍. സ്‌നേഹത്തിന് നിലയുറപ്പുണ്ടെങ്കില്‍ മാത്രമേ കുടുംബാന്തരീക്ഷം സമാധാനപൂര്‍ണ്ണമാവുകയുള്ളൂ. ഭാര്യക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടും മാതാപിതാക്കള്‍ക്ക് മക്കളോടും മക്കള്‍ക്ക് മാതാപിതാക്കളോടും സ്‌നേഹം ഉണ്ടാവുക എന്നത് കുടുംബജീവിതത്തിന്റെ പ്രധാന പോഷകമാണ്. സ്‌നേഹത്തിന്റെ ഒഴുക്ക് ആദ്യം മാതാപിതാക്കളില്‍ നിന്നും മക്കളിലേക്കായിരിക്കണം. എങ്കിലേ മക്കള്‍ക്ക് അതിനെ തിരിച്ചറിയാനും മാതാപിതാക്കള്‍ക്ക് തിരിച്ച് നല്‍കാനും കഴിയുകയുള്ളൂ. സ്‌നേഹവും പ്രോത്സാഹനവും ആഗ്രഹിക്കാത്ത മനസ്സുകളില്ല.
മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ മറ്റാവശ്യങ്ങള്‍ എന്നിവയെല്ലാം നിറവേറ്റുന്നതിലപ്പുറം അവര്‍ക്കായി അല്‍പസമയം മാറ്റിവെക്കുകയും സ്‌നേഹ-വാത്സല്യത്തോടെ തലോടുകയും മുത്തം വെക്കുകയും അവരുടെ ആവശ്യങ്ങള്‍ ആരായുകയും ചെയ്യുക. എന്തും തുറന്ന് പറയാനുള്ള അവസരം ഉണ്ടാക്കുന്ന രീതിയില്‍ മതാപിതാക്കള്‍ക്ക് അവരോട് പെരുമാറാന്‍ കഴിയണം. സംസാരത്തില്‍ എന്തെങ്കിലും അപാകതകള്‍ വരുന്നുണ്ടെങ്കില്‍ മുളയിലേ നുള്ളുവാന്‍ ശ്രമിക്കണം. ജീവിതത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാതെ മക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എല്ലാം നല്‍കുന്നതിന് പകരം അവര്‍ക്ക് വേണ്ടി സഹിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വളരെ സ്‌നേഹത്തോടെ അറിയിക്കാന്‍ ശ്രമിക്കുക. മക്കള്‍ ആഗ്രഹിക്കുന്നതിലപ്പുറം സ്‌നേഹം അവര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുക. മനസ്സ് തുറന്ന് സംസാരിക്കുവാനും അത് കേള്‍ക്കുവാനും വീട്ടില്‍ ഒരാളുണ്ടെന്ന ബോധം ഉണ്ടാക്കിത്തീര്‍ക്കുക. വഴിവിട്ട ബന്ധങ്ങൡലേക്ക് മക്കള്‍ തെന്നിമാറുന്നതിന് ഇത് സഹായകരമായേക്കാം. ഇത് മൂലം നമ്മുടെ മക്കളെ ഒരു പരിധിവരെ മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നിര്‍ത്തുവാനും സമാധാനപരമായ കുടുംബാന്തരീക്ഷം നിലനിര്‍ത്തുവാനും സാധിക്കുന്നു. ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ഉത്തമം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ശ്രദ്ധിക്കലാണ്.