[ആച്ചുട്ടിത്താളം-15]
വിധി നമുക്കുവച്ച പങ്ക് എന്തായിരിക്കുമെന്ന് ആര്‍ക്കെങ്കിലും അറിയുമോ? പൂക്കാലം കിനാവ് കണ്ട്, നിറങ്ങളിലാറാടാന് കൊതിച്ചു നില്ക്കുമ്പോള്, വരുന്ന പൂക്കാലത്തിന്റെ നിറങ്ങളേയുള്ളൂ മനസ്സില്‍, പൂക്കളേ ഇല്ലാത്ത കാലത്തിന്റെ കരച്ചില് ആരും ഓര്‍ക്കുന്നില്ല. ഞാനും അങ്ങനെയായിരുന്നു. അലച്ചില്‍ ഒന്നു നില്‍ക്കണം, പഠിച്ചിറങ്ങി ഒരു ജോലി, അതുമാത്രമാണു ലക്ഷ്യം. മറ്റുള്ളതൊക്കെ തല്ക്കാലം അപ്രസക്തമാണ്. പക്ഷെ, അധ്യാപക പരിശീലന കോഴ്സിനുള്ള സീറ്റുകളുടെ എണ്ണം കുറച്ചിരിക്കുന്നു. യതീംഖാനയില്‍ നിന്നും നാലുപേര്‍ മാത്രം. ഒന്നാം ക്ലാസില്‍ വന്നുചേര്‍ന്നവര്‍ ഉണ്ടാകുമ്പോള്‍ ഒന്നും ചെയ്യാനില്ല. ഒരു കൊല്ലംകൂടി കാത്തുനിന്നേ പറ്റൂ. വിവരമറിയാന്‍ വന്ന റംല ആദ്യമായി മൗനിയായി. ഇനിയെന്ത് എന്ന ചോദ്യം അവളുടെ മുഖത്ത് തങ്ങിനിന്നു. ഒരു വര്‍ഷമല്ലേ എന്നു കരുതി ഡിഗ്രിക്കുപോലും ചേര്‍ന്നിട്ടില്ല അവള്.
എന്റെ മുമ്പില്‍ വഴികളൊന്നും തെളിഞ്ഞില്ല. വഴിവിളക്കുകള്‍ കെട്ടുപോയ ഇരുട്ടില്‍ എങ്ങോട്ടുപോകണമെന്നറിയാതെ ഞാന്‍ നിന്നു. സബൂട്ടിയുടെ ചിരി മാഞ്ഞു.
''ഇത്താത്തക്ക് ഡിഗ്രിക്ക് ഇവടെ ചേര്ന്നാ പോരേയിനോ?' അവന് പത്താം ക്ലാസിലാണ്. എന്തായാലും ഈ വര്‍ഷം ഞാനുണ്ടാവുമെന്ന് അവന് ഉറപ്പിച്ചിട്ടുണ്ടാവും.
''എന്താ കുട്ടീത്, ടീച്ചറാവാണംന്ന് പറഞ്ഞു പറഞ്ഞ് കൊല്ലം പോക്ണത് അറിയ്ണ്ല്ലേ...?'
പ്രൊഫസറുടെ മുഖത്തേക്കു നോക്കിയപ്പോള്‍ കണ്ണു നിറഞ്ഞു. എത്ര കാലമായി ഒന്നു കരഞ്ഞിട്ട്.
'കൈക്കോട്ടെടുത്തു കിളച്ചാലും ഇവളുടെ കണ്ണീന്ന് കണ്ണീര് വരൂല' എന്ന കൂട്ടുകാരിയുടെ കളിയാക്കല്‍ ഓര്‍ത്തു. രാത്രി യതീംഖാനയില്‍ തന്നെ തങ്ങി. കൂടെയുള്ളവരെല്ലാവരും പോയിരിക്കുന്നു. വെക്കേഷന് സമയമായതുകൊണ്ട് എല്ലായിടത്തും ഒഴിവ്. പത്താംക്ലാസുകാര്‍ക്ക് ട്യൂഷനുള്ളത് കൊണ്ട് അവരും കുറച്ചു കോളേജുകാരും മാത്രം.
രാത്രി ഉറക്കം വന്നില്ല. നിലാവില്ലാത്ത കറുത്ത ആകാശത്തില്‍ നക്ഷത്രങ്ങള്‍ ഉറങ്ങിയെന്ന് തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു നക്ഷത്രം. കാണെക്കാണെ അതിന് ആച്ചുട്ടിയുടെ മുഖമായി.
'ന്റെ കുട്ടി നൊലോളിച്ചണ്ട'
ആച്ചുട്ടിയുടെ വിരലുകള്‍ക്ക് ആടിന്റെ മണം. കരിമ്പന്‍ കുത്തിയ കുപ്പായത്തില്‍ ചേര്‍ന്നു നിന്നു.
എത്ര നേരം ജനലഴി പിടിച്ചു നിന്നു എന്നറിയില്ല. മുറിയില്‍ ശരിക്കും അപ്പോള്‍ ആടുമണമുണ്ടായിരുന്നു വരാന്തയിലെ മങ്ങിയ വെളിച്ചത്തില്‍, റൂമിലെ നനഞ്ഞ അയച്ചോട്ടില് ഈ മണം ഇടയ്ക്കു വരാറുള്ളതാണ്.
'എടീ ജിന്ന് എറങ്ങുമ്പളാ ഈ മണം വര്ാാ...ആരുടേതായിരുന്നു ആ ശബ്ദം?' സദുട്ടിയുടെ, ഉമ്മുല്‍ ഫളീലയുടെ, അതോ വേറെ ആരുടെയോ..?''
എത്രയെത്ര രാത്രികളിലായിരുന്നു... അന്നൊക്കെ ജിന്നിനെ പേടിച്ച് നെഞ്ചിടിച്ചത്, ഇസ്ലാം ജിന്നും, കാഫിര്‍ ജിന്നും, ഇസ്ലാം ജിന്നാണെങ്കി ഒന്നും കാട്ടൂല. വലിയ കണ്ണുകള്‍ ഉരുട്ടിയുള്ള വിവരണം. ആരെങ്കിലും കണ്ടിട്ടുണ്ടോ ഈ ജിന്നിനെ? സുലു ഉറങ്ങിയിരിക്കുന്നു. അവള് മാത്രമേ റൂമിലുള്ളൂ. പേടി ഒട്ടും തോന്നിയില്ല.
നേരം പുലര്‍ന്നിട്ടും ക്ഷീണം വിട്ടുമാറിയില്ല. സുബ്ഹിക്കു പള്ളിയില്‍ പോകുമ്പോള്‍ തലക്ക് വല്ലാത്ത വിങ്ങല്‍, ഞായറാഴ്ചയാണ്, സബുട്ടി ഫ്രീ. പുറത്തുപോയി അവനിഷ്ടമുള്ള പലഹാരം വാങ്ങാന്‍ കാശുകൊടുത്തു.
'ഇത്താത്തല്ലാതെ ഇനിക്ക് പറ്റൂല.' അവന് തീര്‍ത്തു പറഞ്ഞു. 'ഞാന്‍ വായിക്കൂല്ല, പഠിക്കൂല്ല.' മുറ്റത്തെ സ്കൂളിലെ വരാന്തയുടെ തിണ്ടിലിരിക്കുകയാണവന്. മുഖത്തു ചിരിയില്ല.
'നിന്നെ ഞാന്‍ ചമ്മന്തിയാക്കും'
അവന്റെ തലക്ക് ഒരു കൊട്ടുകൊടുത്തു. അവന് അനങ്ങുന്നില്ല.
വരാന്തയില്‍ നിരത്തി വെച്ച കഞ്ഞിപ്പാത്രത്തില്‍ വറ്റും വെള്ളവും അലിഞ്ഞ് കട്ടിയായി കിടന്നു. ഒന്നെടുത്ത് ഡൈനിംഗ് ഹാളിലെത്തുമ്പോള്‍ മുകളില്‍ മൂന്നു പുഴുക്കള്‍. കൈകഴുകുന്ന ടാപ്പ് തുറന്ന് വെള്ളമൊഴിച്ച്, പാത്രം ചരിച്ചു പിടിച്ചു. കൊഴുത്ത വെള്ളത്തില്‍ നിന്ന് പോകാന്‍ അതിനു പ്രയാസമുള്ള പോലെ തോന്നി. ഓക്കാനം വരുന്നത് അമര്‍ത്തി. പിറകില്‍ അടി വീഴുകയാണ്.
'തിന്ന് മദംകുത്തി നടക്ക്ാ... അന്നം കളയാ. അതിന്റെ വെല അറീലല്ലോ...'
എത്ര പ്രാവശ്യമാണ് ചൂരല്‍ ഉയര്‍ന്നു താഴ്ന്നത്.
ഇടതു കൈയിലെ ചമ്മന്തി പാവാടയിലൂടെ താഴേക്കു വീണു, കൊഴുത്ത വറ്റ് വാരിത്തിന്നുമ്പോള്‍ കണ്ണീരിന്റെ ഉപ്പ് നല്ലവണ്ണം ഉണ്ടായിരുന്നു. വറ്റു കളഞ്ഞതല്ല, പുഴുവിനെ കളഞ്ഞതാണെന്നു പറഞ്ഞില്ല. അതു പറഞ്ഞാല്‍ അതിനുമുണ്ടാവും ന്യായങ്ങള്‍. എന്തിനു വെറുതേ...വിശപ്പു കെട്ടുപോയിരുന്നു. ഇത്തിരി വറ്റ് വയറു നിറയാന്‍ മാത്രമില്ല. എന്നിട്ടും വയറു നിറഞ്ഞു കിടന്നു. വരാന്തയിലേക്കു നടക്കുമ്പോള്‍ സബൂട്ടി തിരിച്ചു പോവുകയാണ്. ക്ഷീണിച്ച മുഖം.
'സബൂട്ടി' അവന്റെ മുഖത്ത് ചിരി
'കഞ്ഞി കുടിച്ചോ' - മൗനം
'കുടിച്ചോ സബൂട്ടീ യ്യ് ?' ഇല്ല.
'എന്തേ?'
'ഇന്ക്ക് വേണ്ട.'
'അതെന്താ?'
'കഞ്ഞീല് പുഴുണ്ട് '
'പോയി കഞ്ഞികുടിക്കെടാ' എന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ അവന്റെ മുഖത്ത് അമ്പരപ്പ.്
'പുഴു നിന്നെ തിന്നൂല, പോയി കഞ്ഞികുടിക്ക്'- അവന്റെ മുഖം കുനിഞ്ഞു. എന്റെ ശബ്ദം എനിക്ക് തന്നെ അപരിചിതമായിരുന്നു. അപ്പോള്‍ കാലിന്റെ പിറകില്‍ നീറ്റല്‍ കടുക്കുകയാണ്. റൂമിലെത്തിയിട്ടും വിറയല്‍ മാറുന്നില്ല. പാവാട ഉയര്‍ത്തി നോക്കി. മൂന്നു ചുവന്ന വരകള്‍ തടിച്ചു കിടക്കുന്നുണ്ട്. ചങ്ക് പുകഞ്ഞു.
സ്കൂളിലേക്ക് വരിയില്‍ ഏറ്റവും പിറകില്‍ നടന്നു. റോഡിന്റെ അങ്ങേ വശത്ത് ആണ്‍കുട്ടികളുടെ വരിയുടെ പിറകില്‍ എന്നെത്തന്നെ ശ്രദ്ധിച്ചു പോകുന്ന കുഞ്ഞുമുഖം അപ്പോഴാണ് കണ്ടത്.
സബുട്ടി എങ്ങനെ പിറകിലെത്തി. ഇനി അതിന് അവന് വഴക്കു വാങ്ങും.
എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടവന്‍. എന്തോ പന്തികേട് തോന്നിയിരിക്കാം. ഒരിക്കലും അവനോട് ദേഷ്യപ്പെട്ടിട്ടില്ല. രാവിലെ ബ്രഡാണ് ചായക്ക് കടി. എന്നും അതായതുകൊണ്ട് കുട്ടികളൊന്നും അത് കഴിക്കാറില്ല. മദ്രസ കഴിഞ്ഞുള്ള കഞ്ഞിയാണ് ആശ്വാസം. അതും കഴിക്കാതെ അവന് പിടിച്ചു നില്ക്കാന് പറ്റില്ല. അല്ലെങ്കില്‍ തന്നെ അവന്റെ പ്രായത്തിലുള്ളവരുടെയൊന്നും വലിപ്പം അവനില്ല. ആരോഗ്യവും കുറവ്. അതുകൊണ്ടാണ് ദേഷ്യപ്പെട്ടത്. അടി കിട്ടിയ വേദനയും സങ്കടവും കൊണ്ട് എന്റെ ഭാവം മാറിയതാവാം അവന്റെ വിഷമം. മുന്നിലേക്ക് നോക്കി നടക്കാന്‍ മുഖം കൊണ്ട് ആംഗ്യം കാട്ടി. അവന് അനുസരണയോടെ വേഗം നടന്നു. കാലു വിങ്ങി വേദനിക്കുകയാണ്. വലിഞ്ഞു നടന്നു.
ക്ലാസിന്റെ വരാന്തയിലേക്കു കയറുമ്പോള്‍ 'ഇത്താത്താ' സബൂട്ടിയുടെ വിളി പിറകില്‍. മുഖം കുനിച്ചു തന്നെയാണ് നില്പ.്
'ഞാന്‍ കഞ്ഞി കുടിച്ചു.'
അവന്റെ ചുണ്ടുകള്‍ വിതുമ്പിയെന്നു തോന്നി.
'എന്നും കുടിക്കണം. എപ്പളും ഇത്താത്ത നോക്കാന്‍ ണ്ടാവൂല. യ്യ് പട്ടിണി കെടക്ക്ണത് ഇന്ക്ക് ഇഷ്ടല്ല.' അവന്റെ കണ്ണുകള്‍ നിറഞ്ഞു.
'കുടിക്കില്ലേ? '
'ഉം'
'സങ്കടണ്ടോ ദേഷ്യപ്പെട്ടീന്?'
കരഞ്ഞുകൊണ്ടു തന്നെ അവന് ഇല്ലെന്നു തലയാട്ടി. കൈകള്‍ കവിളിലേക്കു നീണ്ടു. കണ്ണീര് തുടച്ചു.
'പൊയ്ക്കോ ക്ലാസില്‍ക്ക് '
അവന് നടന്നു. അവന്റെ ക്ലാസിന്റെ വരാന്തയില്‍ കയറുവോളം നോക്കി നിന്നു, അവന് തിരിഞ്ഞു നോക്കി. കാര്‍മേഘങ്ങള്‍ക്കിടയിലെ അമ്പിളി പോലെ അവന്റെ ചിരി. കണ്ണീരിനിടയില്‍ ഞാനും ചിരിക്കുകയായിരുന്നു.
'എന്താ ചിരിക്ക്ണ്'
സബൂട്ടിയുടെ ഗൗരവം ചിന്തകളില്‍ നിന്നുണര്‍ത്തി.
'കഞ്ഞിയിലെ പുഴു ഓര്‍ത്തതാ'
അവന്റെ മുഖത്ത് ഒരു പുഞ്ചിരി മിന്നിയെന്നു തോന്നി. വര്‍ഷമെത്ര കഴിഞ്ഞു. അഞ്ചാം ക്ലാസുകാരന് പത്താം ക്ലാസിലായി. കരഞ്ഞു തേങ്ങി നില്ക്കുന്ന കുഞ്ഞുകുട്ടിയല്ല അവനിപ്പോള്‍. പ്രായത്തേക്കാളേറെ ചിന്തകൊണ്ടു വളര്ന്നവന്. വായനയുടെ ലോകമാവാം അവനീ സ്വഭാവം നല്‍കിയത്. വാക്കുകളുടെ വരം പടച്ചോന് കനിഞ്ഞുകൊടുത്തിട്ടുണ്ടവന്. അതാവാം മൗനത്തിന്റെ മറയുണ്ടവനെപ്പോഴും.
അവന്റെ ഇപ്പോഴത്തെ ഈരണ്ടു വാക്കുപോലും അങ്ങേത്തലയാണ്. അതിലപ്പുറം അവന് ചെയ്തു കളയും. വായിക്കില്ലെന്നു പറഞ്ഞാല്‍ വായിക്കില്ല. എന്നോളം അവനെ മനസ്സിലാക്കിയവരാരും ഇല്ല. പത്താംക്ലാസാണ് അവന്. എങ്ങനെയെങ്കിലും കടന്നാല്‍ പോരാ. എന്റെ സ്വപ്നമാണത്. അനിയന് ഏതായാലും കടന്നില്ല. അവനെ ശ്രദ്ധിക്കാനും പറ്റിയില്ല. ഇനി സബൂട്ടിയും.
എന്തു പറഞ്ഞിട്ടും അവന് ബോധ്യപ്പെടുന്നില്ലെന്നു തോന്നി. കൈയില്‍ ഒരു വടിയും പിടിച്ച് വിദൂരതയിലേക്ക് കണ്ണുകളയച്ച് ഒരേ ഇരിപ്പിരിക്കുകയാണവന്.
'സബൂട്ടി....'
മൗനം കനക്കുകയാണ്. അവന്റെ മുടിയില്‍ പതിയെ വിരലുകളോടിച്ചു. എന്റെ പൊന്നുമോനേ.... എന്റെ ചങ്ക് തടഞ്ഞ കരച്ചില് പുകഞ്ഞുകത്തുന്നത് ചൂടുകൊണ്ടുതന്നെ ഞാനറിഞ്ഞു. നാലുവയ സ്സിന്റെ ഇളപ്പമല്ല. കാത്തിരുന്നു കിട്ടിയ കുഞ്ഞുമോനായിരുന്നു അവന്. തേങ്ങലിന്റെ നേരിയ ഉലച്ചില്പോലുമില്ലാതെ ഞാന്‍ കരഞ്ഞു. പുറംതിരിഞ്ഞു ഇരിക്കുന്ന അവനത് അറിയില്ല എന്നു കരുതി. പക്ഷെ എന്റെ കണ്ണുനിറഞ്ഞ നിമിഷം അവന്റെ കൈ എന്റെ കൈയില്‍ മുറുകി. സാന്ത്വനത്തിന്റെ തണുപ്പ് ആത്മാവോളം കടന്ന് കുളിരായി പെയ്തു. യുഗാന്തരങ്ങള്ക്കപ്പുറത്തുനിന്നും ഏഴാഴിയും കടന്ന് ഏഴ് മലകളും താണ്ടി ഉമ്മയ്ക്കു വേണ്ടി ഒരു മകന് കിതച്ചു നിന്നു. നോവുകളുടെ ആകാശം നെഞ്ചേറ്റിയവളേ.... വരിക. ഞാന്‍ നിന്റെ പുത്രന്. ആകാശം വിട്ടു ഭൂമിയെ തൊടുക. പുത്രഭുജങ്ങളില് ചേര്‍ന്നിരിക്കുക. ഇതു നിന്റെ താരാട്ടിന് എന്റെ പകരം. നിന്റെ ഉറക്കമൊഴിക്കലിന് എന്റെ കടംവീട്ടല്‍. നിന്റെ കണ്ണുകള്‍ നിറയുമ്പോഴാണിനി സമുദ്രങ്ങള്‍ പിളരുക. പുത്രന് മരുഭൂമിയാവുക, പൂക്കാതെയും തളിര്‍ക്കാതെയും ഒരു ജന്മം പാഴാവുക. അരുത്. എന്റെ ചില്ലകളെ ഉണക്കരുത്. എന്റെ പൂക്കളെ പൊഴിക്കരുത്. നീ തന്നെയാണു ഞാന്‍. പിന്നെയെപ്പോഴാണ് ആ കൈ എന്റെ കൈകളില്‍ നിന്ന് പറിഞ്ഞു പോയത്.... നോക്കുമ്പോള്‍ കുനിഞ്ഞ സിരസ്സുമായി സബുട്ടി പള്ളിയിലേക്കു കയറുന്നതുകണ്ടു. അവന് കരയുകയാണോ?
(തുടരും)