1965-ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധം നടക്കുന്ന കാലം. രാജ്യമാകെ ഒറ്റക്കെട്ടായി നിന്ന്, ശത്രുവിനെതിരെ രോഷംകൊണ്ട നേരം. ഇന്ത്യയിലുടനീളം ദേശഭക്തി റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. ശത്രുവിനെതിരെ ഒന്നിച്ചണിനിരന്ന്, അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന ധീര ജവാന്മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന വമ്പന്‍ റാലികള്‍. എറണാകുളത്തും അതുപോലൊരു വലിയ റാലി നടന്നു. നഗരത്തിലെ എല്ലാ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളും അതില്‍ പങ്കെടുത്തു. സ്‌കൂള്‍ ഗ്രൗണ്ടില്‍ വരിവരിയായി നിന്ന ഞങ്ങളെ നയിച്ച് കൊണ്ട് പോകാന്‍ വന്നത്, ലോ കോളേജ് വിദ്യാര്‍ഥിയായ ഒരു ചെറുപ്പക്കാരനാണ്. മുണ്ട് മടക്കിക്കുത്തി ഒരു സൈക്കിളില്‍ വന്ന ആ കുറിയ മനുഷ്യന്റെ പേര് എ.കെ ആന്റണി എന്നായിരുന്നു. അദ്ദേഹം കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അദ്ദേഹം ഞങ്ങളെ നയിച്ച് കൊണ്ട് മുന്നില്‍ സൈക്കിള്‍ ചവിട്ടി. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എല്ലാവരും സമ്മേളിച്ചതിനു ശേഷം ഒരു മഹാപ്രകടനമായി അത് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. ആവേശത്തില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ഞങ്ങള്‍ ആ റാലിയില്‍ പങ്കെടുത്തു. വളരെ ആവേശകരമായ ഒരു അനുഭവം ആയിരുന്നു അത്. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍, കായിക്കാന്റെ ഹോട്ടലിലെ ഇറച്ചിയും പത്തിരിയും മോഹിച്ച്, മറ്റൊന്നുമറിയാതെ, വിമോചന സമരത്തില്‍ പങ്കെടുത്തതിന് ശേഷം, ഞാന്‍ മറ്റൊരു ജാഥയില്‍ പങ്കെടുക്കുന്നത് ഇപ്പോഴാണ്. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ആയിരുന്നു, അന്ന് ഞങ്ങളെ നയിച്ച നേതാവ്.
എന്നാല്‍ അന്ന് സ്‌കൂളില്‍ വിദ്യാര്‍ഥി രാഷ്ട്രീയമോ വിദ്യാര്‍ഥി സംഘടനകളോ ഒന്നും ഉണ്ടായിരുന്നില്ല. ആകെയുള്ളത് വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളുടെ നേതാവായി ഒരു ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന പരിപാടിയാണ്.. പക്ഷെ അത് വളരെ നിശബ്ദമായി നടക്കുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു. ആ വര്‍ഷം തെരഞ്ഞെടുപ്പിന്റെ നോട്ടീസ് വന്നപ്പോള്‍ മത്സരിക്കാന്‍ കൂട്ടുകാര്‍ എന്നെ നിര്‍ബന്ധിച്ചു. എന്നും എന്നെ കുഴിയില്‍ ചാടിച്ചിട്ടുള്ളത് കൂട്ടുകാര്‍ തന്നെ ആണല്ലോ. മൈക്കിലൂടെ ദേശീയ ഗാനം ആലപിക്കാന്‍ വേറെ നല്ല ഗായകന്മാര്‍ വന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ ഗായകന്‍ എന്ന നിലയിലുള്ള എന്റെ ഇമേജ് എളുപ്പത്തില്‍ ജയിക്കാന്‍ സഹായിക്കുമെന്ന്, കൂട്ടുകാര്‍ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിജയം ഉറപ്പാണെന്ന് തോന്നിയത് കൊണ്ട് ഞാന്‍ നോമിനേഷന്‍ കൊടുത്തു. തെരഞ്ഞെടുപ്പിന്റെ ദിവസം അടുത്തപ്പോഴാണറിയുന്നത്, സ്ഥാനര്‍ഥികളുടെ നീണ്ടനിര തന്നെ ഉണ്ടെന്ന്. ഹെഡ്മാഷെപ്പോലും അത്ഭുതപ്പെടുത്തി ക്കൊണ്ട് പതിനാലു പേരാണ് സ്ഥാനാര്‍ഥികളായത്. അതോടെ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചു. സ്ഥാനര്‍ഥികളെല്ലാം പ്രചാരണം ആരംഭിച്ചു. പലരും നോട്ടീസ് അടിച്ചു വിതരണം ചെയ്തു. നമ്മളും അതുപോലെ ചെയ്തില്ലെങ്കില്‍ തോറ്റുപോകും എന്ന് കൂട്ടുകാര്‍ പറഞ്ഞു. അങ്ങിനെ ഞാനും നോട്ടീസ് അടിച്ചു..
ഇത്രയധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് അര്‍ഹനായ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാവും എന്ന് ഹെഡ്മാസ്റ്റര്‍ക്ക് തോന്നി. അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പിന്റെ ദിവസം രാവിലെ സ്‌കൂള്‍ അസ്സംബ്ലിയില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വിദ്യാര്‍ഥികളെ അഭിസംേബാധന ചെയ്ത്, തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അഞ്ചു മിനിറ്റ് സമയം അനുവദിക്കും. എല്ലാവര്‍ക്കും പറയാനുള്ളത് കേട്ടിട്ട്, വിദ്യാര്‍ഥികള്‍ തീരുമാനിക്കട്ടെ, ആര്‍ക്കു വോട്ട് ചെയ്യണമെന്ന്. ഇത് കേട്ട തോടെ എന്റെ ഗ്യാസ് പോയി. ആരും കാണാതെ മൈക്കിനു മുന്നില്‍ നിന്ന് ' ജന ഗണ മന' പാടുന്നതുപോലെയല്ലല്ലോ രണ്ടായിരത്തഞ്ഞൂറു വിദ്യാര്‍ഥികളുടെ മുന്നില്‍ നിന്ന് പ്രസംഗിക്കുന്നത്. അത് ആലോചിക്കാനേ വയ്യ. സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചാലോ എന്നാലോചിച്ചു. പക്ഷെ കൂട്ടുകാര്‍ സമ്മതിക്കു ന്നില്ല. പ്രസംഗം മനഃപ്പാഠം പഠിച്ച് പറഞ്ഞാല്‍ മതിയെന്നവര്‍ പറഞ്ഞു. പക്ഷെ എഴുതി ഉണ്ടാക്കണ്ടേ? ആരെഴുതും? അശോകന്‍ പറഞ്ഞു അവന്‍ എഴുതിത്തരാമെന്ന്. ശശി പറഞ്ഞു അവനെഴുതാമെന്ന്.
രണ്ടു പേരും എഴുതിക്കൊണ്ട് വന്നത് വായിച്ചിട്ട് ഞാനത് വൃത്തിയായി കീറി അവന്മാരുടെ മുഖത്തേക്ക് തന്നെ വലിച്ചെറിഞ്ഞു. പെട്ടെന്ന് പോംവഴി കണ്ടുപിടിച്ചു
പ്രസംഗം എഴുതിത്തരാന്‍ മന്നത്തപ്പന്‍ മാഷിനെ സമീപിക്കുക. അദ്ദേഹം ഞങ്ങളുടെ മലയാളം അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേര് ബാലകൃഷ്ണന്‍ എന്നാണ്. ചന്ദ്രനെപ്പോലെ തിളങ്ങുന്ന കഷണ്ടിയുള്ള അദ്ദേഹത്തെ ഞങ്ങള്‍ ''മന്നത്തപ്പന്‍'' എന്നാണ് വിളിക്കുന്നത്. നേരിട്ട ്അങ്ങനെ വിളിക്കാറില്ല.
എനിക്കദ്ദേഹത്തിന്റെ ശരിയായ പേര് അറിയില്ലായിരുന്നു.
ഒരിക്കല്‍ ക്ലാസ് ടീച്ചര്‍, മോണിട്ടറായ എന്നോട് ചോദിച്ചു ''നിങ്ങളുടെ മലയാളം അധ്യാപകനാരാണ്?'' ഞാന്‍ പറഞ്ഞു ''മന്നത്തപ്പന്‍ സാര്‍''. ടീച്ചര്‍ എനിക്ക് ചൂരല്‍ കൊണ്ട് ഒരു അടി തന്നിട്ട് ശരിയായ പേര് പറഞ്ഞു തന്നു.
അങ്ങിനെയാണ് ബാലകൃഷ്ണന്‍ സാറിന്റെ ശരിയായ പേര് ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. നന്നായിട്ട് പഠിക്കുന്നത് കൊണ്ടല്ല. അദ്ദേഹത്തിന് മുറുക്കാന്‍ വാങ്ങിക്കൊടുക്കുന്നത് ഞാനാണ്. മുറുക്ക് ബന്ധം വലിയ മുറുക്കമുള്ള ബന്ധം തന്നെയല്ലേ. ഞാന്‍ അദ്ദേഹത്തെ സമീപിച്ച് കാര്യം പറഞ്ഞു.
അദ്ദേഹം പറഞ്ഞു-''എടോ ഇന്നല്ലേ അസംബ്ലി? താന്‍ നേരത്തേ വരണ്ടേ. ഞാന്‍ ഇപ്പോള്‍ തന്നെ ഒരു പാട് പേര്‍ക്ക് പ്രസംഗം എഴുതിക്കൊടുത്തു കഴിഞ്ഞു.''
ഞാന്‍ വളരെ വിഷമത്തോടെ പറഞ്ഞു. ''ഹെഡ്മാഷ് ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് വിചാരിച്ചില്ല. ഇനി സാര്‍ മാത്രമാണ് എന്റെ പ്രതീക്ഷ''.
എന്റെ മുഖഭാവം കണ്ടപ്പോള്‍ മാഷിനു സഹതാപം തോന്നി.
അദ്ദേഹം എന്റെ നോട്ട്ബുക്കില്‍ നിന്ന് ഒരു പേജ് വലിച്ചുകീറി അതില്‍ എന്തോ കുത്തിക്കുറിച്ചു തന്നു. ഞാന്‍ വായിച്ചു നോക്കി:- ''ഒരു നേതാവാകാനുള്ള മോഹമല്ല, എന്റെ എളിയ കഴിവുകള്‍ ഈ വിദ്യാലയത്തിനും ഇവിടത്തെ വിദ്യാര്‍ഥികള്‍ക്കും വേണ്ടി വിനിയോഗിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്...''
അങ്ങിനെ പോകുന്നു പ്രസംഗം. കുറച്ചേ ഉള്ളുവെങ്കിലും സംഭവം നന്നായിട്ടുണ്ട്. ഇനി ഇത് മനഃപ്പാഠം പഠിക്കണം. അധികം സമയമില്ല. ഞാന്‍ ഒരു മൂലയില്‍ പോയി കുത്തിയിരുന്ന് പ്രസംഗം പഠിക്കാന്‍ തുടങ്ങി. ഒന്നും തലയില്‍ കേറുന്നില്ല. അശോകനും ശശിയും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് കൂടെയുണ്ട്. അശോകന്‍ പറഞ്ഞു, ആദ്യം വലതു കൈ ഉയര്‍ത്തിക്കൊണ്ട് ''മാന്യ മഹാ ജനങ്ങളെ'' എന്ന് പറയണം. അപ്പോള്‍ ശശി പറഞ്ഞു, അത് വേണ്ട, കൈ കൂപ്പിക്കൊണ്ട്, 'പ്രിയപ്പെട്ട വിദ്യാര്‍ഥി സുഹൃത്തുക്കളെ' എന്ന് പറഞ്ഞാല്‍ മതി. അവന്മാര്‍ തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍, ഞാന്‍ രണ്ടിനെയും ഓടിച്ചു വിട്ടു. ''പോടാ, ഞാനിതൊന്നു പഠിക്കട്ടെ.''
അപ്പോഴേക്കും അസംബ്ലി തുടങ്ങാനുള്ള ബെല്‍ അടിച്ചു. സ്ഥാനാര്‍ഥികള്‍ എല്ലാവരും സ്റ്റേജിനു പിന്നില്‍ എത്തണമെന്ന് ഹെഡ്മാഷുടെ അനൗണ്‍സ്‌മെന്റ് വന്നു. ഒരക്ഷരം പോലും പഠിച്ചിട്ടില്ല. ഞാന്‍ പ്രസംഗം വായിച്ചു കൊണ്ട് തന്നെ സ്റ്റേജിനു പിന്നിലേക്ക് നടന്നു. ആദ്യത്തെ വാചകം പോലും കാണാതെ പറയാന്‍ പറ്റുന്നില്ല. അപ്പോഴേക്കും മൈക്കിലൂടെ ഹെഡ്മാഷുടെ ശബ്ദം മുഴങ്ങി ''ആദ്യമായി നിങ്ങളെ അഭിസംബോധന ചെയ്യുന്ന സ്ഥാനാര്‍ഥി- ആദം അയൂബ്.'' ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ക്ലാസ് രജിസ്റ്ററിലും മറ്റെല്ലായിടത്തും അക്ഷരമാലാ ക്രമത്തില്‍ എന്റെ പേര് എന്നും മുന്നിലായിരുന്നതില്‍ ഞാന്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇന്നാദ്യമായി 'എ' യില്‍ തുടങ്ങുന്ന എന്റെ പേരിനെ ഞാന്‍ ശപിച്ചു. ഹെഡ്മാഷ് വീണ്ടും വിളിച്ചു ''ആദം അയൂബ്'' വിറച്ചു വിറച്ചു കൊണ്ട് ഞാന്‍ സ്റ്റേജില്‍ എത്തി. ശൂന്യമായ സ്റ്റേജിന്റെ നടുവില്‍ ഒരു മൈക്ക്. അതിനു മുന്നിലെ ഗ്രൗണ്ടില്‍ കൂവാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടായിരത്തഞ്ഞൂറ് കശ്മലന്മാര്‍! ഞാന്‍ വിയര്‍ത്തുകുളിച്ചു. ഹെഡ്മാഷ് പറഞ്ഞു ''അഞ്ചു മിനിട്ട് സമയമുണ്ട്. തുടങ്ങിക്കോളൂ''
ഞാന്‍ വായ തുറന്നു. ശബ്ദമൊന്നും വന്നില്ല. പിന്നെ ഞാന്‍ ഇടതു കൈ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു, ''മാന്യ മഹാ വിദ്യാര്‍ഥികളെ''
ആദ്യത്തെ കൂവല്‍ അപ്പോള്‍ തന്നെ കിട്ടി. അതോടെ ഞാന്‍ പ്രസംഗം മുഴുവന്‍ മറന്നു. പിന്നെ ഞാന്‍ വിക്കി വിക്കി പറഞ്ഞു ''ഒരു നേതാവാകാന്‍ ആഗ്രഹിച്ചാല്‍ മാത്രം പോരല്ലോ.''
''പോരാ, പോരാ'' വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പറഞ്ഞു.
പിന്നെ ഒന്നും ഓര്‍മ്മ വരുന്നില്ല. ''അദമ്യമായ'' എന്ന വാക്ക് ഓര്‍മയുണ്ട്. ബാക്കി ഓര്‍മ വരുന്നില്ല. ഞാന്‍ പറഞ്ഞു, ''അദമ്യമായ മോഹം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.'' കാതടപ്പിക്കുന്ന കൂവല്‍ ആയിരുന്നു അതിന്റെ മറുപടി. പിന്നെ ഒന്നും പറയാന്‍ കഴിയുന്നില്ല. ഹെഡ്മാഷ് അഞ്ചു മിനിട്ട് സമയം അനുവദിച്ചിരുന്നെങ്കിലും ഞാന്‍ ഒരു മിനിട്ട് കൊണ്ട് പ്രസംഗം അവസാനിപ്പിച്ചു മടങ്ങി. പിന്നെ ഓരോരുത്തരായി മൈക്കിനു മുന്നില്‍ വന്നു നിന്ന് എന്തൊക്കെയോ പറഞ്ഞും പറയാതെയും പോയി. കൂട്ടത്തില്‍ രണ്ടു പേര്‍ മാത്രം നന്നായി പ്രസംഗിച്ചു. അതില്‍ ഒരാള്‍, മലയാള സിനിമയില്‍ പിന്നീട് പ്രശസ്തനായ ജേസീ കുറ്റിക്കാടിന്റെ അനിയന്‍ ആല്‍ഫ്രഡ് ജെ കുറ്റിക്കാട് ആയിരുന്നു. എന്നാല്‍ അയാളെയും കടത്തി വെട്ടിയത് സദാനന്ദന്‍ ആയിരുന്നു. സദാനന്ദന്‍ പറഞ്ഞു 'തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പതിനാല് സ്ഥാനാര്‍ഥികളില്‍ പതിമൂന്നു പേരുടെയും നോട്ടീസ് നിങ്ങളുടെ കൈയില്‍ കിട്ടിയിട്ടുണ്ടാവും, എന്നാല്‍ എന്റെ നോട്ടീസ് നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. കാരണം ഞാന്‍ നോട്ടീസ് അടിച്ചിട്ടില്ല. നോട്ടീസും പോസ്റ്ററും ഒന്നും അടിക്കാന്‍ എന്റെ കൈയില്‍ പൈസയില്ല. ആത്മാര്‍ഥതയും അര്‍പ്പണ ബോധവുമാണ് എന്റെ കൈമുതല്‍. എന്നെ വിജയിപ്പിച്ചാല്‍ ഏതു കാര്യത്തിനും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു...' അങ്ങനെ അഞ്ചു മിനിട്ടും കഴിഞ്ഞു പോയി സദാനന്ദന്റെ പ്രസംഗം. വിദ്യാര്‍ഥികള്‍ എല്ലാവരും നിശബ്ദരായി നിന്ന് ആ പ്രസംഗം കേട്ടു. പ്രസംഗത്തില്‍ മുഴുകി നിന്ന ഹെഡ്മാഷും അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ബസ്സര്‍ അടിക്കാന്‍ മറന്നു. സദാനന്ദന്‍ സ്വയം പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സ്‌കൂള്‍ അങ്കണം ആകെ കരഘോഷത്തില്‍ മുഴങ്ങി. സദാനന്ദന്‍ പുഷ്പം പോലെ ജയിച്ചു എന്ന് പറയേണ്ടതില്ലല്ലോ.
അങ്ങനെ ഞാന്‍ ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു പരാജയം ഏറ്റുവാങ്ങി. എന്നെ ആശ്വസിപ്പിക്കാനെത്തിയ അശോകനോടും ശശിയോടും ഞാന്‍ ആ രഹസ്യം പറഞ്ഞു. ''ഞാനും സദാനന്ദനാണ് വോട്ട് ചെയ്തത്''.