കഞ്ഞിക്കൂര്‍ക്കയുടെ പ്രാധാന്യത്തെപ്പറ്റിയും അതിന് രോഗങ്ങളെ ഉന്മൂലനം ചെയ്യാനും രോഗപ്രതിരോധത്തിനും ഉള്ള കഴിവിനെപ്പറ്റിയും പണ്ടുകാലം മുതലേ ആളുകള്‍ ബോധവാന്മാരായിരുന്നു.
കഞ്ഞിക്കൂര്‍ക്കയുടെ പ്രാധാന്യത്തെപ്പറ്റിയും അതിന് രോഗങ്ങളെ ഉന്മൂലനം ചെയ്യാനും രോഗപ്രതിരോധത്തിനും ഉള്ള കഴിവിനെപ്പറ്റിയും പണ്ടുകാലം മുതലേ ആളുകള്‍ ബോധവാന്മാരായിരുന്നു. തീരെ ചെലവ് കുറഞ്ഞ രീതിയിലും എളുപ്പത്തിലും വ്യാപകമായും കഞ്ഞിക്കൂര്‍ക്ക കൃഷിചെയ്യാം. വിത്തുകളോ കായകളോ ഇല്ലാത്ത, ശിഖരങ്ങളില്‍ നിന്നും നുള്ളിയെടുത്തു നട്ടു വളര്‍ത്തുന്ന പനിക്കൂര്‍ക്ക വളരെവേഗത്തില്‍ നട്ടുവളര്‍ത്താവുന്നതും അനേകഗുണങ്ങളുള്ളതുമാണ്.
തടിച്ച ഇലയോടുകൂടിയ ഈ ചെടി രണ്ടോ മൂന്നോ ഇലക്കുതാഴെ മുറിച്ച് ചട്ടികളിലും മുറ്റത്തും വെച്ചുപിടിപ്പിക്കാവുന്നതാണ്. മുന്‍കാലത്ത് കുട്ടികള്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്ക് വിവിധ മാത്രയില്‍ ഉപയോഗിച്ചുവന്നിരുന്ന സര്‍വ്വരോഗ സംഹാരിയായിരുന്നു കഞ്ഞിക്കൂര്‍ക്ക. ധാരാളം ജലാംശം ഉള്ളതാണ് ഇതിന്റെ ഇല. ഇലവാട്ടിപ്പിഴിഞ്ഞ് നീരെടുത്താണ് ഉപയോഗിക്കാറ്. കര്‍പ്പൂരത്തിന്റെ വാസനയും, ചവച്ചാല്‍ അതിന്റെ രുചിയുമുള്ളതുകൊണ്ട് തമിഴില്‍ കര്പ്പൂരവള്ളി എന്നാണ് പറയുക. തലവേദനക്കു ലേപനമായും നസ്യമായും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. വീട്ടില്‍ നട്ടുവളര്‍ത്താവുന്ന പ്രഥമശുശ്രൂഷാഗണത്തില് പെട്ട ഔഷധച്ചെടിയാണ് കഞ്ഞിക്കൂര്‍ക്ക. കൂര്‍ക്കയുടെ ഇലപോലെ ഇരിക്കുന്നതുകൊണ്ടും കഞ്ഞിവെക്കാന്‍ കഞ്ഞിയില്‍ അരച്ചുചേര്‍ത്ത് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കും കഞ്ഞികൂര്‍ക്ക എന്നും പേര് വരാന്‍ കാരണം. ഔഷധമായി അകത്തേക്കു കഴിക്കാവുന്നതാണെങ്കിലും ലേപനമായും എണ്ണകാച്ചിയും ആവികൊള്ളിക്കാനും ഉപയോഗിച്ചുവരുന്നുണ്ട്. മൂത്രതടസ്സം യോനീസ്രാവം, കുട്ടികളിലുണ്ടാകുന്ന വയറുവേദന, അതിസാരം, കൃമിശല്ല്യം, ചുമ, ശ്വാസം മുട്ടല്‍, ഉറക്കത്തിലുണ്ടാകുന്ന ഞെട്ടല്‍, തലവേദന, ജലദോഷം, വായ്പ്പുണ്ണ്, ചെവി വേദന, പനി, ചിലതരം ദന്തരോഗങ്ങള്‍ എന്നിവക്കെല്ലാം ഉപയോഗിക്കാവുന്ന ഒരു നിത്യഔഷധമാണ് കഞ്ഞിക്കൂര്‍ക്ക. കുട്ടികള്‍ക്കുണ്ടാകുന്ന പനി, ഞെട്ടല്‍ എന്നിവക്ക് കഞ്ഞിക്കൂര്‍ക്ക ഇലവാട്ടിപ്പിഴിഞ്ഞ നീരില്‍ ഗോപീചന്ദനാദിക ഗുളിക, കൊമ്പന് ജാതി ഗുളിക എന്നിവ ചേര്‍ത്ത് രണ്ടോ മൂന്നോ പ്രാവശ്യം കൊടുത്താല്‍ ആശ്വാസം കിട്ടുന്നതാണ്.
മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന പനിക്ക് പെടുമാറന്ഗുൡ, ഗോരോചനാദിഗുളിക, മുക്കാമുക്കുടുകാദിഗുളിക എന്നിവ ഏതെങ്കിലും ചേര്‍ത്തു കഴിക്കാവുന്നതാണ്. കടുതുളസിയിലയും, കഞ്ഞിക്കൂര്‍ക്കയുടെ ഇലയും കൂട്ടി ആവശ്യത്തിനു കുരുമുളകും മല്ലിയും കാപ്പിപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന കോഫി പനിക്ക് നല്ലതാണ്. മധുരത്തിന് ശര്‍ക്കരയും ചേര്‍ക്കാവുന്നതാണ്. തലവേദനക്ക് തുളസിയിലയും കഞ്ഞിക്കൂര്‍ക്കയുടെ ഇലയും കൂട്ടി അരച്ചു വിക്സ് ചേര്ത്തുപുരട്ടാവുന്നതാണ്. ഇതുതന്നെ ആവികൊള്ളാനും ഉപയോഗിക്കാം. തുളസിയില, കഞ്ഞികൂര്‍ക്ക ഇല, കുരുമുളക് എന്നിവ ചേര്‍ത്ത് അരച്ച് പനിയുള്ളവര്‍ക്ക് കഴിക്കാവുന്നതാണ്.