പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് കേരള ജനതയുള്ളത്. നമ്മോടൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ജനം വിധിയെഴുതുകയും ചെയ്ത ആസാം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ഫലം അറിയാനുള്ള കാത്തിരിപ്പിലാണ്. ബാനറുകളും
പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് കേരള ജനതയുള്ളത്. നമ്മോടൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ജനം വിധിയെഴുതുകയും ചെയ്ത ആസാം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ഫലം അറിയാനുള്ള കാത്തിരിപ്പിലാണ്. ബാനറുകളും പോസ്റ്ററുകളും ചാനല്‍ ചര്‍ച്ചകളുമായി തെരഞ്ഞെടുപ്പു രംഗം കാലാവസ്ഥയെപ്പോലെ തന്നെ ചൂടിലാണ്. പക്ഷേ, തെരഞ്ഞെടുപ്പുകളില്‍ എന്നും അനുവര്‍ത്തിക്കുന്ന ശീലങ്ങളും ശൈലികളും തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എടുത്തിരിക്കുന്നത്. സ്ത്രീകള്‍ എന്നും രാഷ്ട്രീയ കളരിയില്‍ പുറത്തുനിന്നും ആര്‍പ്പുവിളിക്കാനുള്ള കൂട്ടങ്ങള്‍ മാത്രമാണ്. അല്ലാതെ നേരിട്ട് ഗോദയിലിറങ്ങി മത്സരിക്കാനുളള യോഗം ഒരു സമൂഹമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് ഇനിയും ആര്‍ജിതമായിട്ടില്ല. യോഗ്യതയും കഴിവും ഉള്ളവര്‍ ഇല്ലാത്തതുകൊണ്ടോ അതവര്‍ തെളിയിച്ചുകൊടുക്കാത്തതുകൊണ്ടോ അല്ല. അത് അംഗീകരിച്ചുകൊണ്ട് നേതൃസ്ഥാനത്തേക്ക് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇച്ഛാശക്തി നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാതെപോയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയ ചിത്രം തെളിഞ്ഞപ്പോള്‍ ഇടതുമുന്നണി 17-ഉം യു.ഡി.എഫും ബി.ജെ.പി ബി.ഡി.ജെ.എസ് സഖ്യം ഏഴും വനിതകളെയാണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു വനിതയെ എങ്കിലും മത്സരിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചെങ്കിലും ചില ജില്ലകളില്‍ അതിനു കഴിഞ്ഞില്ല പോലും. കാസര്‍കോഡ്,് ഇടുക്കി, കോട്ടയം ജില്ലകളില്‍ സ്ത്രീപ്രാതിനിധ്യം ഇല്ല. കൊല്ലത്ത് രണ്ട് വനിതകളെ സി.പി.എം സ്ഥാനാര്‍ഥിയാക്കി. സി.പി.ഐ നാല് വനിതകളെയും ജനതാതള്‍ എസ് ഒരു വനിതയെയും രംഗത്തിറക്കി.
മാനന്തവാടിയിലും തൃശൂരും ആലപ്പുഴയിലും റാന്നിയിലും ചേലക്കര, ഒറ്റപ്പാലം എന്നിവിടങ്ങളിലുമാണ് കോണ്‍ഗ്രസിന് വനിതാ സ്ഥാനാര്‍ഥികള്‍ ഉള്ളത്.
പാലക്കാട്, കോങ്ങാട്, പയ്യന്നൂര്‍, തൃത്താല, ഗുരുവായൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി സംഖ്യകക്ഷിയായ ബി.ഡി.ജെ.എസ് കൊടുങ്ങല്ലൂരില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെയും നിര്‍ത്തിയിട്ടുണ്ട്. ആര്‍.എം.പിക്ക് വനിതാസ്ഥാനാര്‍ഥിയായി വടകരയില്‍ കെ.കെ രമയും രംഗത്തുണ്ട്. കേരള നിയസഭാ തെരഞ്ഞടുപ്പില്‍ ആദ്യ അങ്കം കുറിക്കാനിരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്ന 39 സീറ്റില്‍ അഞ്ച് സീറ്റുകള്‍ സ്ത്രീകള്‍ക്ക് നീക്കിവെച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
1000 പുരുഷന്മാര്‍ക്ക് 10,40 ആണ് സ്ത്രീ ജനസംഖ്യ. കേരളത്തിലെ സാക്ഷരതാ നിരക്ക് 90.6 ശതമാനമാണ്. അതില്‍ സ്ത്രീകളുടെത് 87 ശതമാനമാണ.് പുരുഷന്മാരുടെത് 94.9-ഉം. എന്നിട്ടും നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇന്നും സ്ത്രീകള്‍ക്കുണ്ടായിട്ടില്ല. 1957 മുതലുളള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ നമുക്കത് ബോധ്യമാകും. ആദ്യ നിയമസഭ തൊട്ട് ഇന്ന് നിലവിലുള്ള യു.ഡി.എഫ് മന്ത്രിസഭ വരെ ആകെ ഉണ്ടായിട്ടുള്ള സ്ത്രീ സാമാജികരുടെ എണ്ണം 44 മാത്രമാണ്. ഓരോ സഭയിലും നമുക്കുള്ള ആകെ അംഗങ്ങള്‍ 140 ആണ്. 57 മുതലിങ്ങോട്ട് കാലാവധി തികച്ചതും അല്ലാത്തതുമായ പതിമൂന്ന് നിയമസഭകള്‍ ഉണ്ടായി. വനിതാ പ്രാതിനിധ്യം 13 തികച്ചത് പത്താം നിയമസഭ മാത്രമാണ.് 1957-ലെ ഒന്നാം നിയമസഭയിലേക്ക് 9 സ്ത്രീകള്‍ മത്സരിച്ചെങ്കിലും വിജയിച്ചത് ആറു പേര്‍. രണ്ടാം നിയമസഭയില്‍ 13 പേര്‍ മത്സരിച്ചതില്‍ വിജയിച്ചത് ഏഴുപേര്‍. നിയമസഭ കൂടാതെ പോയ 1965-ലെ തെരഞ്ഞെടുപ്പില്‍ പത്തുവനിതകള്‍ മത്സരിച്ചെങ്കിലും വിജയിച്ചത് മൂന്നുപേര്‍ മാത്രം. 1967-ല്‍ വനിതകളുടെ എണ്ണം ഏഴായി ചുരുങ്ങി. ഏറ്റവും കുറവ് വനിതകള്‍ മത്സരിച്ചതും ഈ തെരഞ്ഞെടുപ്പില്‍ തന്നെ. വീണ്ടും നടന്ന 1970-ലെ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതു പേര്‍ മത്സരിച്ചെങ്കിലും നിയമസഭ കണ്ടത് രണ്ടുപേര്‍. അതില്‍ ഒരാള്‍ സ്വതന്ത്രയായിരുന്നു. 1997-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പതിനൊന്നു പേര്‍. വിജയിച്ചത് അഞ്ചുപേര്‍.
1982-ല്‍ മത്സരിച്ച വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായി. മത്സരിച്ച പതിനേഴുപേരില്‍ 4 പേര്‍ വിജയിച്ചു. 87-ല്‍ 34 ആയി. ഇതില്‍ എട്ടുപേര്‍ വിജയിച്ചു. 1991-ല്‍ 26 വനിതകള്‍ മത്സരിച്ചതില്‍ എട്ടുപേര്‍ വിജയിച്ചു. 1996-ല്‍ പതിമൂന്ന് വനിതകള്‍ നിയമസഭയിലെത്തി. പതിനൊന്നാം നിയമസഭയില്‍ വനിതകളുടെ എണ്ണം എട്ടായി കുറഞ്ഞു. 2006-ലെ തെരെഞ്ഞടുപ്പില്‍ 70 വനിതകള്‍ മത്സരിച്ചെങ്കിലും ഏഴു വനിതകള്‍ മാത്രമാണ് നിയമസഭയിലെത്തിയത്. ഈ 71 സ്ത്രീകളില്‍ പ്രധാനികളായ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രാതിനിധ്യം 11-ഉം ഏഴും മാത്രമായിരുന്നു. നിലവിലെ നിയമസഭയില്‍ സ്ത്രീകള്‍ ഏഴുപേര്‍ മാത്രമാണ്.
കേരള സംസ്ഥാനപ്പിറവി മുതല്‍ ഇരുമുന്നണികള്‍ക്കും രാഷ്ട്രീയ ബലാബലം തീര്‍ക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്‌ലിംലീഗിന് ഇന്നേവരെ ഒരു വനിത അംഗം നിയമസഭയില്‍ ഉണ്ടായിട്ടില്ല. 2001-ല്‍ കോഴിക്കോടുനിന്ന് ഖമറുന്നിസ അന്‍വറിനെ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിച്ചെങ്കിലും സി.പി.എമ്മിന്റെ എളമരം കരീമിനോട് പരാജയപ്പെട്ടു. ഓട്ടേറെ കഴിവും വിദ്യാഭ്യാസവും തദ്ദേശ ഭരണപരിചയവും ഉള്ള വനിതാ സ്ഥാനാര്‍ഥികള്‍ ലീഗിന് ഉണ്ടെങ്കിലും പാര്‍ട്ടിയിലെ യാഥാസ്ഥിക മതസംസംഘടനയെ പേടിച്ച് ഇക്കുറിയും വനിതകളെ നിര്‍ത്താനുള്ള ധൈര്യം ലീഗിന് ഉണ്ടായില്ല. സ്ത്രീപുരുഷന്മാര്‍ക്കിടയിലെ സമത്വവും സ്ത്രീകളുടെ സാമൂഹിക പദവിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ചര്‍ച്ചകളും ചിന്തകളും നാളിതുവരെയായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഭരണഘടന ഉദ്‌ഘോഷിക്കുന്ന തരത്തിലുളള സാമൂഹ്യപരിവര്‍ത്തനം സാധ്യമായിട്ടില്ലായെന്നാണിത് കാണിക്കുന്നത്. നമ്മുടെ രാഷ്ട്ര നയനിര്‍ദേശ തത്വങ്ങളുടെ മാര്‍ഗരേഖയില്‍ സ്ത്രീകളുടെ പദവിയും അന്തസ്സും സംരക്ഷിക്കുകയെന്നത് ഭരണകൂടങ്ങളുടെ ബാധ്യതയായിട്ടാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീപുരുഷസമത്വം ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ പെട്ടതുമാണ്. എന്നിട്ടും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഇടവഴികളില്‍ തപ്പിത്തടയേണ്ട ഗതികേട് എന്തുകൊണ്ട് സ്ത്രീക്ക് ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം കാണേണ്ടത് ജനാധിപത്യ ഇന്ത്യയുടെ സാംസ്‌കാരികതയില്‍ ഉള്‍ച്ചേര്‍ത്തുവെച്ച സ്ത്രീവിരുദ്ധ മനോഭാവങ്ങളിലേക്കാണ്. സ്ത്രീക്കുനേരെ വരേണ്യ ഫ്യൂഡല്‍ വര്‍ഗം ചുമത്തിയ ചിന്തകള്‍ തന്നെയാണ് നാം ഇപ്പോഴും പുലര്‍ത്തുന്നത്. അല്ല, അവര്‍ തന്നെയാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നതും.
അധികാരം സ്ത്രീകള്‍ക്ക് നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും സ്ത്രീ പൊതുപ്രവേശത്തെക്കുറിച്ച മിഥ്യാധാരണകളും സമൂഹത്തിലെ വലിയൊരു വിഭാഗം വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും സംവരണത്തിന്റെ ബലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ കഴിഞ്ഞ സ്ത്രീകളില്‍ പലരും മെച്ചപ്പെട്ട ഭരണപാടവം കാണിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പൊതുഭരണ ഭാരം കെട്ടുറപ്പുള്ള കുടുംബജീവിതം നയിക്കുന്നതിന് ഇത്തരം സ്ത്രീകള്‍ക്ക് വലിയ തടസ്സമായിട്ടുമില്ല. എന്നിട്ടും സ്ത്രീ ശാക്തീകരണ മുദ്രാവാക്യത്തിന്റെ കൊടിവാഹകരെന്നു സ്വയം വിശേഷിപ്പിക്കുന്ന സമൂഹത്തിന്റെ പല മേഖലകളിലുള്ള പുരുഷന്മാര്‍ക്കും അധികാരത്തിനു പുറത്ത് സ്ത്രീകളെ നിര്‍ത്തുന്നതില്‍ വലിയ പരിഭവമില്ല. രാഷ്ട്രപൗരന്മാരെ ബാധിക്കുന്ന നയരൂപീകരണങ്ങള്‍ എടുക്കുന്ന സഭകളില്‍ അര്‍ഹിക്കുന്ന തോതിലുള്ള പരിഗണന ലഭിക്കാതെ പോവുന്നു എന്നതിനര്‍ഥം യഥാസ്ഥിതിക പാരമ്പര്യവാദികള്‍ മതരംഗത്തെ മാത്രം പ്രതിഭാസമല്ല അത് രാഷ്ട്രീയ ചിന്തയുടെ കൂടി ഭാഗമാണെന്നാണ്. ഇനി, തങ്ങളെ വോട്ടുചെയ്ത് വിജയിപ്പിക്കാനേ പറ്റൂ അല്ലാതെ വേണ്ടത്ര രാഷ്ട്രീയ പക്വത സ്ത്രീകള്‍ ഇനിയും നേടിയിട്ടില്ല എന്നാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും തോന്നലെങ്കില്‍ അവര്‍ തങ്ങളുടെ പാര്‍ട്ടികളില്‍ അര്‍ഹിക്കുന്ന പരിഗണനയും പദവിയും സ്ത്രീകള്‍ക്ക് നല്‍കുകയാണ് ചെയ്യേണ്ടത്.