മുഹമ്മദ് നബി(സ)യുടെ കാലത്തും അതിന്ന് മുമ്പും അറേബ്യന്‍ ഭൂഖണ്ഡത്തില്‍ നിലവിലുണ്ടായിരുന്ന ചികിത്സാരീതിയാണ് ഹിജാമ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊമ്പുവെക്കല്‍ ചികിത്സ. ആധുനികയുഗത്തില്‍ കപ്പിങ്ങ് തെറാപ്പി എന്നപേരില്‍ ഈ ചികിത്സ അറിയപ്പെടുന്നു. പ്രാചീന ഇന്ത്യയിലും ചില ആദിവാസി ഗ്രാമങ്ങളില്‍ നാട്ടുവൈദ്യന്മാര് ഇത്തരം ചികിത്സ നടത്തിയതായി അറിയപ്പെടുന്നുണ്ട്. നാട്ടുവൈദ്യങ്ങളില് ചില വിഷഹാരി വൈദ്യന്മാര് ഈ ചികിത്സാരീതി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഹിജാമ എന്ന അറബി പദത്തിന് വലിച്ചെടുക്കുക എന്നര്‍ഥമാണുള്ളത്. ശരീരഭാഗങ്ങളില്‍ കെട്ടിനില്‍ക്കുന്ന ദുഷിച്ചരക്തവും നീരും മൃഗങ്ങളുടെ കൊമ്പ് ഉപയോഗിച്ച് വലിച്ചെടുക്കുന്നതുകൊണ്ടാണ് ഹിജാമ എന്ന പേരില്‍ ഈ ചികിത്സാരീതി അറിയപ്പെടുന്നത്.
ചികിത്സാ സംബന്ധമായ പ്രാചീന ഗ്രന്ഥങ്ങളില്‍ ഹിജാമയുടെ മഹത്വത്തെക്കുറിച്ച് പ്രതിപാദിച്ചതായി കാണാന്‍ കഴിയും. പ്രശസ്ത ഹദീസ് ഗ്രന്ഥങ്ങളായ ബുഖാരിയിലും മുസ്ലിമിലും ഫിഖ്ഹീ ഗ്രന്ഥമായ ഫത്തഹുല്‍ മുഈനിലും ഈ ചികിത്സയെക്കുറിച്ച് പറയുന്നുണ്ട്. പ്രവാചകന് ഹിജാമ ചെയ്തതായും അബൂതൈബ എന്ന സ്വഹാബി അത് ചെയ്തുകൊടുത്തതായും ബുഖാരിയില്‍ കാണാം (ബുഖാരി 19,18). മറ്റൊരു ഹദീസില്‍ അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന് പറഞ്ഞു: 'നിങ്ങള്‍ ചെയ്യുന്ന ചികിത്സകളില്‍ ഏറ്റവും മുന്തിയ ചികിത്സ ഹിജാമയാണ്' (ബുഖാരി 5377). നബി(സ) നോമ്പെടുത്ത വേളയിലും ഇഹ്റാം കെട്ടിയ വേളയിലും ഹിജാമ ചെയ്തതായി ഹദീസുകളില്‍ കാണുന്നുണ്ട്. മൂന്ന് ചികിത്സാ രീതികളുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രവാചകന് അതിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. അതിലൊന്ന് ഹിജാമയും മറ്റു രണ്ടെണ്ണം തേനും കരിഞ്ചീരകവും കൊണ്ടുള്ള ചികിത്സകളുമാണ്. മെഡിക്കല്‍ മേഖല ഒട്ടും വളര്‍ച്ച പ്രാപിക്കാത്ത ഒരു കാലത്ത് മികച്ചുനിന്നിരുന്ന ചികിത്സാരീതികളായിരുന്നു മേല്പറഞ്ഞ മൂന്ന് ചികിത്സയും. അത് മൂന്നും അന്ന് മനുഷ്യര്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. 'ഹിജാമയില്‍ നിങ്ങള്‍ക്ക് ശിഫയുണ്ട്' എന്ന് പ്രവാചകന് വ്യക്തമായി പറയുകകൂടി ചെയ്തു.
ആധുനിക ലോകത്തും മനുഷ്യര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഹിജാമ എന്നറിയപ്പെടുന്ന കപ്പിങ്ങ് തെറാപ്പി. കപ്പിങ്ങ് തെറാപ്പിയുടെ മറ്റൊരു വകഭേദമാണ് ലീച്ച് തെറാപ്പി (ഘലലരവ വേലൃമു്യ) എന്നറിയപ്പെടുന്ന അട്ടചികിത്സ. ലീച്ച് തെറാപ്പി ഇന്ന് സ്വദേശത്തും വിദേശത്തുമൊക്കെ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
പഴയകാലത്ത് നാട്ടുവൈദ്യന്മാര് കൊമ്പുകൊണ്ടും വായകൊണ്ടും രക്തം വലിച്ചെടുത്തിരുന്നെങ്കില്, ഇന്നത് ഒരു പ്രത്യേക തരത്തില്‍ തയാറാക്കിയ പ്ലാസ്റ്റിക്ക് മാപ്പിന്ന് മുകളില്‍ എയര്ഗണ്വെച്ച് രക്തം വലിച്ചെടുക്കുന്ന ഒരു രീതിയാണ്. ചൈനയില്‍ നിന്നാണ് ഇതിനുള്ള ഉപകരണം വരുത്തുന്നത്. വളരെ സുഖമമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് അതിന്റെ മെച്ചം. ഉത്തരേന്ത്യയുടെ പലഭാഗത്തും ഈ ചികിത്സാരീതി സുലഭമാണ്.
അല്ഹിജാമ ഒട്ടുമിക്ക രോഗങ്ങള്‍ക്കുമുള്ള ഔഷധമാണെന്നാണ് വിദഗ്ധാഭിപ്രായം. കൈകാല്‍ വേദന, പുറംവേദന, മുട്ടുവേദന, ബ്ലഡ്പ്രഷര്‍, പ്രമേഹം, തൈറോയ്ഡ്, നടുവേദന, ത്വക്ക് രോഗങ്ങള്‍, വെരിക്കോസ്, കഫക്കെട്ട്, ആസ്ത്മ, മൈഗ്രെയ്ന് മുതലായ നിരവധി രോഗങ്ങള്‍ക്ക് ഹിജാമ ഉപയോഗിച്ചുവരുന്നുണ്ട്.
ഇസ്ലാമില്‍ മറ്റെല്ലാ മേഖലകളിലുമെന്നപോലെ വൈദ്യശാസ്ത്രരംഗത്തും വ്യതിരിക്തമായ കാഴ്ചപ്പാടുകളുണ്ട്. രോഗം വരാതിരിക്കാനുള്ള പല ഉപാധികളും ദിനചര്യകളും നിര്‍ദേശിച്ച പ്രവാചകന്, വന്ന രോഗത്തെ ചികിത്സിക്കാന്‍ പറയുകയും ചികിത്സയുടെ രീതികളും പഠിപ്പിച്ചിട്ടുണ്ട്. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട് എന്നും മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല എന്നും പ്രവാചകന് പറഞ്ഞു.
ആധുനിക ചികിത്സാരംഗം വന്‍ വ്യവസായമായി മാറുകയും സാധാരണക്കാരന് താങ്ങാനാവാത്തവിധം ചികിത്സാചെലവുകള്‍ വര്‍ധിക്കുകയും ചെയ്ത ഇക്കാലത്ത് വളരെ ലളിതവും സുലഭവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സാമുറകള്‍ സാധാരണക്കാരനും അല്ലാത്തവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്.
മനുഷ്യസൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും രോഗശമനത്തിന്നുമുള്ള മാര്‍ഗമെന്ന നിലയിലും രോഗപ്രതിരോധ മാര്‍ഗമെന്ന നിലയിലും അല്ഹിജാമയെന്ന കപ്പിങ്ങ് തെറാപ്പിയെ ഏറെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. വിശേഷിച്ചും പ്രവാചകന്(സ) സര്‍ട്ടിഫൈ ചെയ്ത നിലക്ക്, അല്ഹിജാമയെ വളര്‍ത്തിക്കൊണ്ട് വരിക കാലഘട്ടത്തിന്റെ ഒരാവശ്യവുമാണ്.