അക്ഷരങ്ങളെ കീഴടക്കിയ നിരക്ഷര
യാസീന്‍ അഷറഫ്
2016 മെയ്
ജ്യേഷ്ഠനായിരുന്നു റഹ്മത്തിന്റെ സുഹൃത്തും താങ്ങും. അവള്‍ക്ക് 17 വയസ്സായപ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടു. നൈജീരിയയുടെ പട്ടാളമേധാവിയായിരുന്നു ആ സമയത്ത് ജ്യേഷ്ഠന് മുര്‍തള.
പട്ടാളക്കാരനെങ്കിലും മുര്‍തള, അനിയത്തി ബലാറബ റഹ്മത്ത് യഅ്ഖൂബുവിന് തണലായിരുന്നു, കുടുംബത്തിലും സമൂഹത്തിലും.
ജ്യേഷ്ഠനായിരുന്നു റഹ്മത്തിന്റെ സുഹൃത്തും താങ്ങും. അവള്‍ക്ക് 17 വയസ്സായപ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടു. നൈജീരിയയുടെ പട്ടാളമേധാവിയായിരുന്നു ആ സമയത്ത് ജ്യേഷ്ഠന് മുര്‍തള.
പട്ടാളക്കാരനെങ്കിലും മുര്‍തള, അനിയത്തി ബലാറബ റഹ്മത്ത് യഅ്ഖൂബുവിന് തണലായിരുന്നു, കുടുംബത്തിലും സമൂഹത്തിലും. നൈജീരിയയിലെ യാഥാസ്ഥിതിക സമ്പ്രദായമനുസരിച്ച് പെണ്‍കുട്ടികളെ ഏറെക്കാലം സ്കൂളിലയക്കില്ലായിരുന്നു. നേരത്തെ കല്യാണം കഴിച്ചയക്കുകയും ചെയ്യും. നൈജീരിയയിലെ കാനോപ്രദേശത്തെ യാഥാസ്ഥിതിക കുടുംബമായ ആ വീട്ടുകാരും മറിച്ചു ചിന്തിക്കാന്‍ ധൈര്യപ്പെട്ടില്ല.
പ്രൈമറി സ്കൂളില്‍ വെച്ചുതന്നെ പെങ്ങളുടെ പഠിത്തം നിര്‍ത്തിയപ്പോള്‍ ജേ്യഷ്ഠന് എതിര്‍ത്തു നോക്കി. ഫലമുണ്ടായില്ല. ഒരു കണക്കിന് പ്രൈമറിയിലെങ്കിലും ചെന്നു പഠിക്കാന്‍ സാധിച്ചത് ജ്യേഷ്ഠനും ഉമ്മയും ഒത്തുശ്രമിച്ചതുകൊണ്ടായിരുന്നു. തന്റെ കുട്ടികളെങ്കിലും പഠിക്കണമെന്ന് ആ ഉമ്മ ആശിച്ചു. സ്വകാര്യമായിട്ടാണ് റഹ്മത്തിനെ അവര്‍ സ്കൂളിലേക്ക് വിട്ടത്. കുടുംബത്തില്‍ റഹ്മത്തിന്റെ പ്രായക്കാരായ എണ്‍പത് പെണ്മക്കളില് അവള് മാത്രമാണ് പ്രൈമറി സ്കൂളിലെങ്കിലും പോയത്.
ഈ രഹസ്യപ്പഠിത്തം ബാപ്പ മനസ്സിലാക്കിയതോടെ അത് നിന്നു. റഹ്മത്തിന് അന്ന് 12 വയസ്സ്. ബാപ്പ അവളുടെ വിവാഹമങ്ങ് തീരുമാനിക്കുകയും ചെയ്തു. 40 കഴിഞ്ഞ ഒരാളാണ് വരന്.
മുര്‍തള എതിര്‍ത്തുനോക്കി. പക്ഷേ എന്തുഫലം? കല്യാണം നടന്നു. എന്നിട്ടോ? ഒരു വര്‍ഷവും എട്ടുമാസവും ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞശേഷം അവള് തിരിച്ചുവന്നു. ഇത്തിരി വെള്ളം ചൂടാക്കാന്‍ പോലും പഠിച്ചിട്ടില്ലെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടുകാര്‍ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു. ആ വിവാഹം അങ്ങനെ ഒഴിഞ്ഞു.
സ്നേഹത്തിന്റെ, പരിഗണനയുടെ ഒരുവാക്കും ആ വീട്ടില്‍ നിന്ന് കിട്ടിയില്ലെന്ന് തിരിച്ചറിയാനുള്ള വിവേകം പോലും അവള്‍ക്ക് കിട്ടിയത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അന്നവളത് ശക്തമായിത്തന്നെ പറയുകയും ചെയ്തു. ''ഒരുദിവസം അയാളെന്നെ പിടിച്ച് എന്റെ വീട്ടില്‍കൊണ്ടുവന്നാക്കി. പറ്റെ ചെറിയ കുട്ടിയാണ് ഞാനെന്ന് കുറ്റപ്പെടുത്തി. ഒരു കൊച്ചുകുട്ടിയെ കെട്ടുമ്പോള്‍ അയാള്‍ക്കത് അറിയാമായിരുന്നില്ലേ?''
ഉമ്മ റഹ്മത്തിന്റെ ഭാഗത്തായിരുന്നു. വിവാഹമോചനത്തിനുശേഷം അവര്‍ വീണ്ടും മകളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചു. അവളുടെ ബാപ്പ അറിയാതെത്തന്നെ.
അവരദ്ദേഹത്തോടു പറഞ്ഞു. ''മോള് വെറുതെയിരിക്കുകയല്ലേ? തുന്നലൊക്കെ പഠിക്കുന്നത് നല്ലതാണ്.''
അവളെ തുന്നല്‍ ക്ലാസില്‍ ചേര്‍ത്തു. പക്ഷേ, തുന്നലിന്റെ മറവില്‍ അവള് പോയത് മുതിര്‍ന്നവര്‍ക്കായുള്ള വിദ്യാലയത്തിലേക്കാണ്. അവിടെ അവള് ഹൗസാഭാഷ എഴുതാനും വായിക്കാനും പഠിച്ചു. ഉമ്മയും ജ്യേഷ്ഠനും മാത്രമാണ് അക്കാര്യമറിഞ്ഞത്. ബാപ്പ അന്വേഷിക്കുമ്പോള്‍, ഉമ്മ യുക്തമായ മറുപടിയെന്തെങ്കിലും പറഞ്ഞ് പ്രശ്നമൊഴിവാക്കും.
അവള് തുന്നലും പഠിച്ചു. കുഞ്ഞുടുപ്പുകള്‍ കുറെ തുന്നും. അത് വില്‍ക്കാനെന്ന് പറഞ്ഞു പുറത്തുപോകും - ക്ലാസിലേക്ക്.
ഒരു നാള് കള്ളി പൊളിഞ്ഞു. പ്രൈമറി പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് അവളുടെ ബാഗില്‍നിന്ന് ബാപ്പ കണ്ടെടുത്തു.
ഇത്തരം അനുസരണക്കേടിന് ഒരു ഒറ്റമൂലി എന്നും അയാളുടെ പക്കലുണ്ടായിരുന്നു. ''മറ്റൊരാളെ ഭര്‍ത്താവായി ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു. കല്യാണം ഉടനെ നടത്തും.'' അയാള്‍ പ്രഖ്യാപിച്ചു.
അന്ന് റഹ്മത്തിന് പ്രായം 15. ജ്യേഷ്ഠന് മുര്‍തള എതിര്‍ത്തതൊക്കെ വെറുതെ. വരുന്നതുപോലെ എന്ന് അവളും തീരുമാനിച്ചു.
ഇത്തവണ, പഠിപ്പും വായനയുമാണ് ദാമ്പത്യത്തില്‍ അസ്വാരസ്യം സൃഷ്ടിച്ചത്. അവള് പത്രവും മറ്റും വായിക്കും. സ്വന്തമായി അഭിപ്രായങ്ങള്‍ പറയും. ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കും. അതിനിടക്ക് അവള് പ്രസവിച്ചു.
മറ്റൊന്നുകൂടി സംഭവിച്ചു - സഹോദരന്റെ മരണം. പട്ടാണ ഭരണാധികാരിയായിക്കഴിഞ്ഞിരുന്ന മുര്‍തള ലാഗോസിലേക്ക് കാറില്‍ സഞ്ചരിക്കെ വെടിയേറ്റ് മരിച്ചു.
റഹ്മത്തിന് അത് വലിയ ആഘാതമായിരുന്നു. ആ കൊലപാതകത്തെപ്പറ്റി കേള്‍ക്കാനോ പറയാനോ ഇന്നും അവള്‍ക്കാകുന്നില്ല. ജ്യേഷ്ഠന് അവസാനമായി യാത്രചെയ്ത മെഴ്സിഡസ് കാര്‍, അതിലേറ്റ വെടിയുണ്ടകളുടെ പാടുകളോടെ ലാഗോസിലെ ദേശീയ മ്യൂസിയത്തില്‍ വെച്ചിട്ടുണ്ട്. ഇന്നുവരെ റഹ്മത്ത് അവിടെ സന്ദര്‍ശിച്ചിട്ടില്ല. പക്ഷേ, ഓരോ ദിവസവും അവര്‍ ജ്യേഷ്ഠനെ ഓര്‍ക്കുന്നു.
രണ്ടാം വിവാഹം മൂന്നുവര്‍ഷമേ നീണ്ടുള്ളൂ. റഹ്മത്ത് മകന് മുഹമ്മദുമായി സ്വന്തം വീട്ടിലേക്ക് തന്നെ വീണ്ടും മടങ്ങി.
പക്ഷേ, ഇ ക്കുറി അവര്‍ സ്വന്തം കാര്യം പറയാന്‍ ശേഷി നേടിയിരുന്നു. അവര്‍ ബാപ്പയോടു പറഞ്ഞു. ''എനിക്ക് പഠിക്കണം.''
അദ്ദേഹം സമ്മതിച്ചപ്പോള്‍ തനിക്കുണ്ടായ സന്തോഷം റഹ് മത്ത് ഇപ്പോഴും ഓര്‍ക്കുന്നു. തന്നെ ഇന്റര്‍വ്യൂ ചെയ്ത അല്‍ജസീറ ലേഖകനോട് അവരത് പങ്കുവെക്കുകയും ചെയ്തു.
അങ്ങനെ പതിനെട്ടാം വയസ്സില്‍ അനുഭവങ്ങള്‍ക്കൊണ്ട് ഏറെ മുതിര്‍ന്നു കഴിഞ്ഞിരുന്ന റഹ്മത്ത് യഅഖൂ ബു കാനോ സംസ്ഥാനത്തെ മാസ് എജ്യുക്കേഷനില്‍ ചേര്‍ന്ന് പഠനം പുനരാരംഭിച്ചു.
പിന്നീട് അവിടെ അധ്യാപികയായി. പിന്നെയുമവര്‍ വിവാഹിതയായെങ്കിലും ദാമ്പത്യം നീണ്ടുനിന്നില്ല.
ഇന്നവര്‍ വാര്‍ത്തയാകുന്നത്, പക്ഷേ, പരാജിതയായ ഭാര്യ എന്ന നിലയിലല്ല. സ്വന്തം പ്രയത്നത്തിലൂടെ അക്ഷരങ്ങളെ കീഴടക്കിയ എഴുത്തുകാരിയെന്ന നിലക്കാണ്.
ഒന്നുമറിയാത്തവളെന്ന മുദ്രയോടെ ഒരിക്കല്‍ അപമാനിക്കപ്പെട്ട റഹ്മത്ത് യഅ്ഖൂബു ഇന്ന് നൈജീരിയയിലെ പേരെടുത്ത നോവലിസ്റ്റുകളിലൊരാളാണ്. ഇതുവരെ ഒമ്പത് നോവലുകളെഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ആദ്യത്തെ ഹൗസാ നോവലിസ്റ്റും അവര്‍ തന്നെ. ചില നോവലുകള്‍ സിനിമയും റേഡിയോ നാടകവുമായിട്ടുണ്ട്.
എഴുത്തുകാരി മാത്രമല്ല അവര്‍. ബോകോഹറാം എന്ന തീവ്രവാദി സംഘടനയുടെ ഇരകള്‍ക്കുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. അതിനായി സ്ഥാപിച്ച മുര്‍തളാ മുഹമ്മദ് ഫൗണ്ടേഷന്റെ കീഴില്‍ ആശുപത്രിയിലും മനഃശാസ്ത്ര കൗണ്‍സിലിങ്ങിലും സജീവമാണവര്‍. ഒരു കാലത്ത് ഏക വനിതാ നോവലിസ്റ്റായിരുന്ന റഹ്മത്തിനോടൊപ്പം ഇന്ന് സാഹിത്യകാരികളുടെ സംഘടനയില്‍ 200-ലേറെ അംഗങ്ങള്‍ വേറെയുണ്ട്.