പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്റെ അന്വേഷണത്തിലാണ്. ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എന്ത് പഠിക്കണം, ഏത് സ്ഥാപനമാണ് മികച്ചത്, പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി ലഭിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ ഉദിക്കാറുണ്ട്. വാനില്‍ തെളിയുന്ന തിളക്കമാര്‍ന്ന നക്ഷത്രങ്ങളെപ്പോലെ വിശാലമാണ് ഉപരിപഠനസാധ്യതകള്‍. ശരിയായ
"ബാഹ്യശക്തികളുടെ പ്രേരണക്ക് വഴങ്ങി കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നത് ഗുണകരമല്ല എന്നോര്‍ക്കണം. ലക്ഷ്യപ്രാപ്തിയിലെത്താന്‍ അശ്രാന്തമായ പരിശ്രമം അനിവാര്യമാണ്. കാലത്തെ അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും നേടാനുതകുന്ന കരിയര്‍ സ്വന്തമാക്കിയാല്‍ ഭാവി ജീവിതം ശുഭകരമാവുമെന്നത് തീര്‍ച്ചയാണ്."
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്റെ അന്വേഷണത്തിലാണ്. ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എന്ത് പഠിക്കണം, ഏത് സ്ഥാപനമാണ് മികച്ചത്, പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി ലഭിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ ഉദിക്കാറുണ്ട്. വാനില്‍ തെളിയുന്ന തിളക്കമാര്‍ന്ന നക്ഷത്രങ്ങളെപ്പോലെ വിശാലമാണ് ഉപരിപഠനസാധ്യതകള്‍. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കലാണ് അഭിലഷണീയം. സ്വന്തം അഭിരുചികള്‍, താല്പര്യങ്ങള്, പഠന കഴിവുകള്‍, ആഗ്രഹിക്കുന്ന ജീവിത ശൈലി, വ്യക്തിത്വ സവിശേഷതകള്‍, വിശ്വസിക്കുന്ന മൂല്യങ്ങള്‍, കോഴ്സുകളുടെ ഭാവി സാധ്യതകള്‍ എന്നിവ പരിഗണിച്ച് സുചിന്തിതമായ തീരുമാനമെടുക്കണം. വിദ്യാര്‍ഥിയുടെ കഴിവനുസരിച്ച് വഴി തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. വൈവിധ്യമാര്‍ന്ന കോഴ്സുകളെക്കുറിച്ച് അറിയുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. കരിയര്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും ഗുണം ചെയ്യും.
പ്ലസ് ടു വിന് ശേഷം നിരവധി കോഴ്സുകളുണ്ട്. പ്രൊഫഷണല്‍, ടെക്നിക്കല്‍, സയന്‍സ്, മെഡിക്കല്‍, അലയഡ് സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മാനേജ്മെന്റ്, ഫിനാന്‍സ്, ഐ.ടി, ലാംഗ്വേജ്, സോഷ്യല്‍ സയന്‍സ്, അക്കാദമിക്ക്, മീഡിയ തുടങ്ങിയ മേഖലകളില്‍ ധാരാളം കോഴ്സുകള്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലഭ്യമാണ്. ഡിപ്ലോമ, ഡിഗ്രി, സര്‍ട്ടിഫിക്കറ്റ്, പി.ജി, ഡോക്ടറല്‍ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കോഴ്സുകളും യഥേഷ്ടമുണ്ട്. പഠനം കഴിഞ്ഞാലുടന്‍ ജോലി ലഭിക്കാവുന്ന മേഖലയാണ് പ്രൊഫഷണല്‍ കോഴ്സുകള്‍. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വക്കീലന്മാര് തുടങ്ങിയവര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞ് പുറത്തുവരുന്നവരാണ്. പ്രൊഫഷണല്‍ കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് മെഡിക്കല്‍ വിഭാഗം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബിഎച്ച്.എം.എസ്, ബി.എ.എം.എസ്, ബി.വി.എച്ച്.സി. ആന്റ് അനിമല്‍ ഹസ്ബന്ററി, ബി.എസ്.എം.എസ്, ബി.എന്‍.എം.എസ് മുതലായവ മെഡിക്കല്‍ രംഗത്തെ പ്രധാന കോഴ്സുകളാണ്. വൈദ്യശാസ്ത്ര മേഖലയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്ലസ് ടുവിന് ബയോളജി ഉള്‍പ്പെട്ട സയന്‍സ് ഗ്രൂപ്പ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പുതിയ കണക്കുപ്രകാരം ഇന്ത്യയില്‍ ഇനിയും ആറ് ലക്ഷം ഡോക്ടര്‍മാരെ ആവശ്യമുണ്ട്.
വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നേഴ്സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി, ഒപ്ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, ഓപ്പറേഷന് തിയേറ്റര്‍ ടെക്നോളജി, എമര്‍ജന്‍സി കെയര്‍ ടെക്നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയാര്‍ മെഡിസിന്, കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്നോളജി, സൈറ്റോ ടെക്നോളജി, ബ്ലഡ്ബാങ്ക് ടെക്നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്സുകളാണ്. പ്ലസ് ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് മാത്രമേ ഈ കോഴ്സുകളില്‍ ചേരാന്‍ കഴിയൂ. ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുള്ള കോഴ്സുകളാണിത്. സമീപ ഭാവിയില്‍ പത്തു ലക്ഷത്തിലധികം നഴ്സുമാരെ രാജ്യത്ത് ആവശ്യമായി വരുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്ലസ് ടു തലത്തില്‍ സയന്‍സ് പഠിച്ചവര്‍ക്ക് അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, ഡയറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ ലഭ്യമാണ്.
അവസരങ്ങളുടെ വാതിലുകളാണ് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ കോഴ്സുകളുമുണ്ട്. ഗവേഷണ തല്പരരായ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന പഠന മേഖലയാണ് അലയഡ് സയന്‍സ്. ബയോ ടെക്നോളജി, മൈക്രോ ബയോളജി, നാനോ ടെക്നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്സ്, കെമി ഇന്‍ഫര്‍മാറ്റിക്സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്നോളജി തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. ഐ.ടി. മേഖലയിലെ കോഴ്സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ധാരാളം ലഭ്യമാണ്. ഐ.ടി. മേഖലയില്‍ ഏതെങ്കിലും ഒരു സ്പെഷലൈസേഷന് തെരഞ്ഞെടുത്ത ശേഷം ഉപരിപഠനം തുടര്‍ന്ന് തൊഴില്‍ മേഖലയിലെത്തുന്നതാണ് ഉചിതം.
സാങ്കേതിക മേഖലയില്‍ താല്പര്യവും ഉന്നതപഠനവും ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിംഗ് പഠനം. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്നിക്കല്‍ മേഖലയില്‍ വരുന്ന പ്രധാന കോഴ്സുകളാണ്. ഈ മേഖലയില്‍ ബി.ടെക്/ബി.ഇ, ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ലഭ്യമാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്നോളജി, ഫൂട്വെയര് ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ. പരീക്ഷ. പ്ലസ് ടു വിന് ഫിസിക്സും മാത്സും പഠിച്ചവര്‍ക്ക് പൈലറ്റ് കോഴ്സിനും ചേരാവുന്നതാണ്.
പ്ലസ് ടുവിന് മാനവിക വിഷയങ്ങള്‍ (ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്ക് നിയമം, സാമ്പത്തിക ശാസ്ത്രം, ആര്‍ക്കിയോളജി, വിദേശ ഭാഷകള്‍, കായിക പഠനം, പബ്ലിക് റിലേഷന്‍സ്, മാധ്യമരംഗം എന്നിവയില്‍ നൂതനവും വേറിട്ടതുമായ ധാരാളം കോഴ്സുകളും ഉപരിപഠന സാധ്യതകളുമുണ്ട്. പ്ലസ്ടുവിന് ശേഷം പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്സിന് ചേരാവുന്നതാണ്. ഇന്ത്യയിലും വിദേശത്തും ഏറെ വളര്‍ച്ചയുള്ള ഒരു വ്യവസായ മേഖലയായി ടൂറിസം രംഗം മാറിയതോടെ ഈ രംഗത്ത് ബിരുദവും, ഡിപ്ലോമകളും നേടുന്നവര്‍ക്ക് നിരവധി തൊഴില്‍ സാധ്യതകളുണ്ട്. ബി.എ. ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ്, ബി.ടി.എസ്, ബി.ബി.എ എന്നീ കോഴ്സുകള്‍ ലഭ്യമാണ്. മികച്ച തൊഴിലവസരങ്ങളുള്ള ഹോട്ടല്‍ മാനേജ്മെന്റ് രംഗത്ത് നിരവധി ബിരുദകോഴ്സുകള്‍ ഉണ്ട്. അധ്യാപനം, ഗവേഷണം, പരിഭാഷ, പത്രപ്രവര്‍ത്തനം, കോപ്പിറൈറ്റര്‍, ലാംഗ്വേജ് എഡിറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, ഇന്റര്‍പ്രെട്ടര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഭാഷാ പഠനത്തില്‍ ഉന്നത ബിരുദം നേടുന്നവര്‍ക്ക് അവസരങ്ങളുണ്ട്. എഞ്ചിനീയറിംഗ്, എം.ബി.എ, മെഡിക്കല്‍ തുടങ്ങിയ ജോലി ലഭ്യത കൂടുതലുള്ള പഠനങ്ങളില്‍ ഭാഷാപഠനവും ഇടം നേടിയിട്ടുണ്ട്. സിനിമ, ടി.വി, കമ്പ്യൂട്ടര്‍ ഗെയിം, പരസ്യം, വിദ്യാഭ്യാസം, ഫാഷന്‍ ഡിസൈന്‍, പബ്ലിഷിങ്ങ് തുടങ്ങിയ മേഖലകളിലേക്ക് അവസരങ്ങളുടെ വാതില്‍ തുറക്കുന്ന കോഴ്സാണ് ആനിമേഷന്‍. പഠിച്ച് മികവ് തെളിയിക്കുന്ന സമര്‍ഥരായവര്‍ക്ക് ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, അഡ്വേര്ടൈസിങ്ങ്, സിവില്‍ സര്‍വീസ്, ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ്, അധ്യാപനം, ഗവേഷണം മുതലായ പല കരിയറുകളിലേക്കും എത്തിച്ചേരാം. മാധ്യമ മേഖലയില്‍ റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, ന്യൂസ് റീഡര്‍ തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഡി.എഡ്, ബി.എഡ്, എം.എഡ്, ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിങ്ങ്, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് തുടങ്ങിയ കോഴ്സുകള്‍ അധ്യാപന മേഖലയിലേക്ക് കടക്കാന്‍ ഉപകരിക്കും. കായികാധ്യാപകന്, പരിശീലകന്, ഫിറ്റ്നസ് മാനേജര്‍ എന്നീ കായിക പരിശീലന മേഖലയിലേക്ക് സി.പെഡ്, ബി.പി.ഇ./ബി.പെഡ്, എം.പി.ഇ/എം.പെഡ് എന്നീ കോഴ്സുകള്‍ തെരഞ്ഞെടുക്കണം. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, ആന്ത്രോപോളജി, റൂറല്‍ ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ സോഷ്യല്‍ സയന്‍സ് മേഖലയിലെ പ്രധാന പഠനങ്ങളാണ്. ഈ മേഖലയില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് സാധ്യതകളേറെയാണ്. അനന്ത സാധ്യതകളുള്ള മറ്റൊരു മേഖലയാണ് കൊമേഴ്സിന്റെ വഴികള്‍. ബി.കോം കഴിഞ്ഞാല്‍ എം.ബി.എ. അല്ലെങ്കില്‍ സി.എ. എന്നതായിരുന്നു ബിസിനസ് രംഗത്തെക്കുറിച്ചുണ്ടായിരുന്ന മുന്ധാരണയെങ്കില്, ഇന്ന് അത് മാറിവരുന്നുണ്ട്. ബി.ബി.എ. ആയിരുന്നു ആദ്യം എത്തിയത്. ഇന്ന് ബി.ബി.എം, ബി.ടി.എ. തുടങ്ങിയ കോഴ്സുകളുണ്ട്. കോസ്റ്റ് വര്‍ക്ക് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, മാനേജ്മെന്റ്, ടാക്സേഷന്‍, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ ആന്റ് ഇന്വെസ്റ്റ്മെന്റല് അനലിസ്റ്റ്, റിസോഴ്സ് മാനേജ്മെന്റ് ഇവയെല്ലാം കൊമേഴ്സ് പഠിച്ചവര്‍ക്ക് മുന്നിലെ വാതായനങ്ങളാണ്. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ഓഹരി വിപണി, സഹകരണ സംഘം തുടങ്ങിയ മേഖലകളിലെല്ലാം ബി.കോം ബിരുദധാരികള്‍ക്ക് ഏറെ അവസരങ്ങളുണ്ട്. ബി.കോമും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങില്‍ പരിശീലനവും നേടുന്നവര്‍ക്ക് ലോകത്തിന്റെ ഏതു കോണിലും അക്കൗണ്ടന്റായി ജോലി ചെയ്യാവുന്നതാണ്.
സ്പെഷലൈസേഷന്റെ കാലമാണിത്. ഏത് മേഖലകള്‍ക്കും സ്പെഷലൈസേഷനും ഉപരിപഠനസാധ്യതകളുമുണ്ട്. ശാസ്ത്രപുരോഗതിയുടെ ഫലമായി ലോകം വിരല്‍തുമ്പിലാണ്. അറിവും അവസരങ്ങളും മഹാസാഗരം പോലെ വിസ്തൃതമാണ്. ഡോക്ടര്‍, എന്‍ജിനീയര്‍, മാനേജ്മെന്റ് എന്ന ഗോള്‍ഡന്‍ ട്രയാങ്കിളിന് പുറത്തുകടന്ന് പുതിയ പാതകള്‍ തേടിയവര്‍ വലിയ വിജയഗാഥകള്‍ രചിക്കുന്ന സംഭവങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ബിരുദം അടിസ്ഥാനയോഗ്യതയുള്ളവര്ക്ക് കൃത്യമായ തയ്യാറെടുപ്പോടെ സിവില്‍ സര്‍വീസിനും ശ്രമിക്കാവുന്നതാണ്. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഭാഷ പഠിച്ചവരെ തേടുന്നു. ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യയുടെ വിളനിലങ്ങളായ ഐ.ഐ.ടി.കള്‍ വരെ മാനവിക വിഷയങ്ങളില്‍ കോഴ്സുകള്‍ ലഭ്യമാക്കുന്നു. ബാഹ്യശക്തികളുടെ പ്രേരണക്ക് വഴങ്ങി കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നത് ഗുണകരമല്ല എന്നോര്‍ക്കണം. ലക്ഷ്യപ്രാപ്തിയിലെത്താന്‍ അശ്രാന്തമായ പരിശ്രമം അനിവാര്യമാണ്. കാലത്തെ അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും നേടാനുതകുന്ന കരിയര്‍ സ്വന്തമാക്കിയാല്‍ ഭാവി ജീവിതം ശുഭകരമാവുമെന്നത് തീര്‍ച്ചയാണ്.