കല്ല്യാണം കെങ്കേമമായി നടന്നുവെങ്കിലും തീരാത്ത ഒരു വിഷമം മനസ്സില്‍ നിറച്ച ഒരു സംഭവമുണ്ടായി.
കുറുപ്പുമാസ്റ്ററെ കല്ല്യാണം വിളിക്കാന്‍ മറന്നു. ആരായിരുന്നു തനിക്ക് കുറുപ്പ് മാഷ്...
എല്ലാമായിരുന്നു എന്നു പറയുന്നതാകും ശരി. ഉപ്പ, നേരത്തേ മരിച്ചുപോയ ഒരു കുഞ്ഞിന്റെ വേദന ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ വലിയൊരു മനസ്സിന്റെ ഉടമയായിരുന്നു മാഷ്.
പതിനാലാം വയസ്സാണ് തനിക്ക്, ഉപ്പ മരിക്കുമ്പോള്‍.. പെട്ടെന്നുള്ള ഒരു നെഞ്ചുവേദന ഉപ്പയെ ജീവിതത്തില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയിക്കളഞ്ഞു.
മധുരമുള്ള ഒരുപിടി ഓര്‍മകള്‍ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായിരുന്നു ഉപ്പ. രാത്രി തിരിച്ചു വീട്ടിലേക്ക് വരുമ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അരിനെല്ലിക്കയോ, പരിപ്പുവടയോ ഉള്ള കടലാസ് പൊതിയുണ്ടാകും. മിഠായി കൊണ്ടുവരാറില്ല. നിന്റെ പല്ല് പുഴുതിന്നും എന്ന് പറയും.
മഞ്ഞച്ചോലക്കുളത്തില് ഒരുമിച്ച് കുളിക്കാന്‍ പോകാറുള്ളതും ഓര്‍ക്കുന്നുണ്ട്. ധാരാളം എരണ്ടകളുണ്ടായിരുന്നു കാടും പുല്ലും നിറഞ്ഞ കുളക്കരയില്‍.
കുളവാഴകള്‍ സമൃദ്ധമായി വളര്‍ന്ന കുളപ്പരപ്പിലൂടെ മിന്നെറിയുന്ന വേഗതയില്‍ എരണ്ടകള്‍ മണ്ടിപ്പോകും. ഉപ്പയുടെ കൂട്ടുകാര്‍ അതിനെ കെണിവെച്ച് പിടിക്കും . ഉപ്പാക്ക് അതിന്റെ ഇറച്ചി ഇഷ്ടമല്ല. അതുകൊണ്ടായിരിക്കണം ഉപ്പ പിടിക്കില്ല.
തന്റെയും ശീലം അതുതന്നെയാണ്. സാധാരണ മത്സ്യവും ഏറിയാല്‍ അല്പം കോഴിയോ പോത്തോ, ഇതല്ലാതെ മാംസവിഭവങ്ങള്‍ കഴിക്കാന്‍ തനിക്ക് ഒരിക്കലും കഴിയാറില്ല.
കലമാനിന്റെ ഇറച്ചി ചുട്ടത് തിന്നാന്‍ സ്പോണ്‍സറായിരുന്ന അറബി നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അതുപോലെ ഒട്ടകമാംസം. അതൊന്നും ഒരിക്കലും രുചിയോടെ തിന്നാന്‍ കഴിഞ്ഞിട്ടില്ല. ചെറുപ്പത്തിന്റെ ഇഷ്ടം എന്തായിരുന്നോ ആ ഇഷ്ടത്തില്‍ ഏതുകാലവും തൃപ്തിപ്പെടാന്‍ പാകതയുള്ള ഒരു മനസ്സായിരുന്നല്ലോ തന്റേത്.
ഉപ്പ മരിച്ചതോടെ കുടുംബം വല്ലാതെ കഷ്ടപ്പെട്ടു. അമ്മാവന്മാരാണ് പിന്നെ സഹായത്തിനെത്തിയത്.
അന്നത്തെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോള്‍ അറിയാതെ കരഞ്ഞുപോയി. പെരുന്നാളിന് ഒരു പുതുവസ്ത്രം വാങ്ങിത്തരാന്‍ കഴിയാത്ത സങ്കടത്തില്‍ ഉമ്മ ഒറ്റക്കിരുന്ന് കരയാറുള്ളത് കണ്ടിട്ടുണ്ട്. അവസാനനിമിഷം ആരെങ്കിലും കൊണ്ടുവരും. എന്നാലും അതൊക്കെ ഉമ്മാക്ക് വലിയ കുറച്ചിലായി തോന്നിയിരുന്നു.
ഫീസ് കൊടുക്കാന്‍ കഴിയാതെ സ്കൂള്‍ വരാന്തയില്‍ നിന്ന ഒരു ദിവസം കുറുപ്പ് മാഷ് രക്ഷകനായി വന്നു.
ഏഴാം ക്ലാസിലെ ചാര്‍ജ് കുറുപ്പുമാഷിനായിരുന്നു. വരാന്തയില്‍, ദുഖത്തോടെ തലകുനിച്ചു നിന്ന തനിക്കരികിലേക്ക് കുറുപ്പ് മാഷ് പുഞ്ചിരിയോടെ വന്നു.
'എന്താടാ... വല്ല കുരുത്തക്കേടും ഒപ്പിച്ചോ.'
'അല്ല സര്...' വിതുമ്പലോടെ പറഞ്ഞു.
'പിന്നെ? എന്തിനാ പുറത്തു നിര്‍ത്തിയത്?'
'ഫീസ് കൊടുക്കാഞ്ഞിട്ടാ.'
മാഷ്, പിന്നെ ഒന്നും ചോദിച്ചില്ല. ആരും കാണാതെ ഒരു അഞ്ചുരൂപാ നോട്ട് ചുരുട്ടി കൈയില്‍ പിടിപ്പിച്ചു.
'കൊണ്ടുപോയിക്കൊടുക്ക്.'
ഒരു യുദ്ധത്തില്‍ ജയിച്ച സന്തോഷത്തോടെയാണ് ക്ലാസ് ടീച്ചറുടെ അരികിലേക്ക് ചെന്നത്.
'ടീച്ചറേ... ഫീസ് കിട്ടി.'
ടീച്ചര്‍ അമ്പരപ്പോടെ ചോദിച്ചു: 'എവിടുന്ന് കിട്ടി.'
'ഉമ്മ തന്നതാ...' ഒരു കളവ് പറഞ്ഞു.
ടീച്ചര്‍ പിന്നൊന്നും ചോദിച്ചില്ല. ക്ലാസില്‍ കയറ്റിയിരുത്തി.
കുറുപ്പുമാഷിന്റെ സ്നേഹവും കരുതലും ആവോളം അനുഭവിച്ചിട്ടുണ്ട്. സ്കൂള്‍ പഠിപ്പ് കഴിഞ്ഞ് കുറേക്കാലം വെറുതെ നടന്നു. പിന്നെ ദൈവാധീനത്താല്‍ ഒരു ഗള്‍ഫ് വിസ ശരിയായി. ഗള്‍ഫിലേക്ക് പോകുന്ന ദിവസം മാഷ് യാത്രയാക്കാന്‍ വീട്ടില്‍ വന്നിരുന്നു.
ഏതാനും നോട്ടുകള്‍ ചുരുട്ടി കീശയിലിട്ടുതന്ന് മാഷ് വികാരാധീതനായി പറഞ്ഞു. 'വഴിച്ചെലവ് മാഷിന്റെ വക.' തലയിലൂടെ ആ കൈകള്‍ നീങ്ങിയപ്പോള്‍ തോന്നി, ഇത് മാഷിന്റെ വിരലുകളല്ല. ഉപ്പയുടേതാണ്. അത്രക്ക് സ്നേഹം ഉപ്പാക്കല്ലാതെ മറ്റാര്‍ക്കാണ് പകര്ന്നുതരാന് കഴിയുക.
ആ കുറുപ്പു മാഷിനെയാണ് കല്ല്യാണം വിളിക്കാന്‍ വിട്ടുപോയത്.
കല്ല്യാണത്തിന്റെ പിറ്റേന്ന് ഒരു സുഹൃത്തില്‍ നിന്നാണ് അറിഞ്ഞത്. കുറുപ്പ് മാഷ് അവശനായി കിടക്കുകയാണ്.
ഏതായാലും മാഷെ ഒന്നു കാണാന്‍ തീരുമാനിച്ചു.
റോഡരികില്‍ തന്നെയാണ് മാഷിന്റെ പഴയ ആ വീട്.
മുറ്റത്ത്, ഏതൊക്കെയോ ചെടികള്‍ പൂത്തുനില്ക്കുന്നു.
തുളസിത്തറ.
കോളിംഗ് ബെല്ലടിച്ചതും വാതില്‍ തുറന്നത് പ്രായം കൂടിയ ഒരു പ്രൗഢയായ സ്ത്രീ.
'ആരാ...'
'മാഷുടെ ഒരു ചെറിയ ശിഷ്യനാ... ഒന്നു കാണാന്‍...'
'കയറിക്കോളൂ.'
അകത്തെ കട്ടിലില്‍, മാഷ് അവശതയോടെ കിടക്കുന്നുണ്ടായിരുന്നു. സ്നേഹം നിറഞ്ഞ ആ കണ്ണുകളിലെ വെളിച്ചം അങ്ങിനെത്തന്നെയുണ്ട്. സമാധാനമായി.
മാഷ്, അല്പസമയം മുഖത്തേക്ക് ഇമവെട്ടാതെ നോക്കി. 'ഞാനാ മാഷേ... ജമാല്‍'
അല്പനേരം കഴിഞ്ഞില്ല. രണ്ടു തുള്ളി കണ്ണീര് ആ കണ്‍കോണുകളിലൂടെ ഒഴുകുന്നത് കണ്ടു.
'നീയെപ്പം വന്നു ജമാല്‍...'
'കുറച്ചുദിവസമായി, മാഷെ കാണാന്‍ അല്പം വൈകി.'
'സാരംല്ല്യ... ഇപ്പോഴെങ്കിലും നീ ഓര്‍ത്തല്ലോ... മതി.'
'അസുഖത്തിന് കുറവുണ്ടോ'
'അസുഖം ഒന്നൂല്ല. പ്രായാധിക്യം അസുഖമല്ലല്ലോ..' മാഷ് സ്വയം പരിഹസിക്കുന്നത് പോലെ വീണ്ടും ചിരിച്ചു.
'വേദനയില്ല്യാണ്ട്... കണ്ണടക്കണം. അതിനാ ഇപ്പത്തെ പ്രാര്‍ഥന.'
മാഷ് കൈക്ക് പിടിച്ചപ്പോള്‍ എഴുന്നേല്‍ക്കാനുള്ള ഉദ്യമമാണെന്നു മനസ്സിലായി.
കുശലപ്രശ്നങ്ങള്ക്കിടയിലാണ് വേദനയോടെ അക്കാര്യം അവതരിപ്പിച്ചത്. 'മനഃപൂര്‍വമല്ല. മാഷ് ന്നോട് ക്ഷമിക്കണം.'
'താന്‍ വളച്ചുകെട്ടില്ലാതെ കാര്യം പറയടോ..'
'കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇളയവളുടെ കല്ല്യാണം. തിരിക്കിനിടയില്‍ മാഷുടെ കാര്യം മറന്നു.'
മാഷ് നന്നായിട്ടൊന്നു ചിരിച്ചു.
'അതേതായാലും നന്നായി. എന്നെ വിളിക്കാന്‍ മറന്നത് സാരല്ല. അത് പറയാനായിട്ട് താനിവിടം വരെ വന്നല്ലോ. അത് തന്നെ ധാരാളം. മാത്രമല്ല, ഇനി നീ വിളിച്ചാലും ഈ പരുവത്തില്‍ ഞാനെങ്ങനെ വരാനാ.'
'ന്നാലും... മാഷുടെ സമ്മതം വാങ്ങാന്‍ വന്നില്ലല്ലോ.' 'സാരല്ലെടോ... ഇങ്ങനത്തെ ചില സെന്റിമെന്്സ് സൂക്ഷിക്കുന്നത് തന്നെ ഇക്കാലത്ത് ഒരു കുറച്ചിലാ. ഏതായാലും മകള്‍ ഒരുത്തന്റെ കൂടെ പോയല്ലോ. മനസ്സമാധാനം തന്നെ.'
മാഷ് സാവധാനം വിരലുകളില്‍ തെരുപ്പിടിച്ച് എഴുന്നേറ്റു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു.
ടീച്ചറേ ഒന്നിങ്ങട്ട് വര്വോ...'
മാഷുടെ ഭാര്യയും അധ്യാപികയായിരുന്നു. രുഗ്മിണി ടീച്ചര്‍.
ആ വിളിക്ക് ഉത്തരമെന്നോണം ടീച്ചര്‍ ഒരു ഓട്ടുമൊന്തയില്‍ സംഭാരവുമായി വന്നു.
'സംഭാരം ഇഷ്ടാവോ.' ടീച്ചര്‍ സംശയിച്ചു. 'ഏറ്റവും ഇഷ്ടം. ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് ഇതൊക്കെ അമൃതിന് സമമാണ്. അവിടെ ദാഹിക്കുമ്പോള്‍ കുടിക്കുന്നത് എന്താണെന്നറിയോ... കൊക്കക്കോള.'
'അയ്യേ...' മാഷ് നെറ്റി ചുളിച്ചു.
'വയറു കേടാക്ക്ണ സാധനല്ലേ... കഴിവതും ഉപയോഗിക്കാണ്ടിരിക്ക്യാ ഭേദം.'
'എന്താ ചെയ്യ. കഠിനമായ ദാഹത്തിന് തണുപ്പിച്ച കോളയാണ് അവിടെ ഒരേയൊരു രക്ഷ.'
സംഭാരം ഒറ്റവലിക്ക് കുടിച്ചു കഴിഞ്ഞപ്പോഴേക്കും ക്ഷീണമെല്ലാം പമ്പകടന്നു.
'ആട്ടെ, മക്കളൊക്കെ എന്തുചെയ്യുന്നു?'
'മൂന്നുപേരാണ്. മൂന്നും ആണ്മക്കള്. മൂത്തവന് ബാങ്കോക്കിലാണ്. സോഫ്റ്റ്വെയര് എഞ്ചിനീയര്‍. അവിടത്തുകാരിയെ കല്ല്യാണം ചെയ്ത് അവിടെ കൂടി. രണ്ടാമന് കിഷോര്‍. അയാള്‍ ഓസ്ട്രേലിയയില്‍ ഒരു കമ്പനിയില്‍ ഓഫീസറാണ്. മക്കളും കുടുംബവും കൂടെയുണ്ട്. ഏറ്റവും ഇളയവന് വിപിന്‍. ഇക്കഴിഞ്ഞമാസം മൂപ്പര് സ്റ്റേറ്റ്സിലേക്കുപോയി. അവിടെ ഡോക്ടറായി ജോലിചെയ്യുന്നു.''ഇവിടെ മാഷും ഭാര്യയും...'
ആ ചോദ്യത്തില്‍ മാഷ് ഒന്നും മിണ്ടാതിരുന്നു. കുറച്ചുനേരം. പിന്നെ പാതിതന്നോടെന്ന പോലെ പറഞ്ഞു. 'അല്ലാതെന്തുചെയ്യും...?'
മാഷെ വേദനിപ്പിച്ചോ എന്നുള്ള വേവലാതി മനസ്സിനെ പൊള്ളിക്കും മുമ്പേ മാഷ് തിരിച്ചു ചോദിച്ചു.
'നിനക്ക് ആണ്മക്കളില്ലേ...'
'ഉണ്ട്... ഒരാള്‍. മൈസൂരില്‍ പഠിക്കുന്നു.'
'ങ് ആ.. നന്നായി... ഏതു കോഴ്സിനാ?'
'എം.ബി.എ.'
'മക്കളെയെല്ലാവരെയും ഓരോ വഴിക്ക് പറഞ്ഞുവിട്ടു. ഇനി നിനക്ക് സുഖജീവിതമാണല്ലോ.' മാഷ് ചോദിച്ചു.
'സുഖം പോരാ മാഷേ... ശരീരത്തിന് പഴയ ഉന്മേഷമില്ല. കാഴ്ചക്ക് ഒന്നും തോന്നില്ലെങ്കിലും നട്ടും ബോള്‍ട്ടും ഒക്കെ ഇളകിക്കിടക്കുകയാണ്.'
'സാരല്ലെടോ... കുറേ ഓടുമ്പോള്‍ ഏത് വണ്ടിക്കും ചില തകരാറുകളൊക്കെയുണ്ടാവും. അത് പരിഹരിച്ചു മുന്നോട്ട് പോവുക തന്നെ...
ഒരു കണക്കിന് ആണ്മക്കള് കൂടുതലില്ലാത്തത് നന്നായി എന്നാണ് ഞാന്‍ പറയ്യാ....'
'അതെന്താ മാഷേ...'
'എനിക്ക് എത്ര പേരുണ്ടെടോ... അവരുടെ ഡോളറും റിയാലും മോഹിച്ചാണോ നമ്മള് അവരെ വളര്‍ത്തിയത്. വയസ്സാകുമ്പോ ഒന്ന് കാലുതിരുമ്മാന്‍... പഴയ ഏതെങ്കിലും കാര്യം ഓര്‍ത്തെടുത്ത് വല്ല തമാശയും പറയാന്‍... മക്കളുടെ കുട്ടികളുമായി തൊടിയിലും പാടത്തുമൊക്കെ ചുറ്റിക്കറങ്ങാന്‍... ഇതിനൊക്കെയല്ലേ...'
മാഷ് വല്ലാതെ വികാരാധീതനാകുന്നുണ്ടെന്ന് തോന്നി.
'പഴയ കാലമല്ലല്ലോ ഇത്...'
'ആരു പറഞ്ഞു... ഇക്കാലത്തിനെന്താണ് പ്രത്യേകത...'
'അച്ഛനമ്മമാരും മക്കളും തമ്മില്‍ സ്നേഹം നിലനില്ക്കുന്നില്ലെങ്കില് വാര്‍ധക്യം ഒരു വലിയ ഭാരം തന്നെയാടോ...'
മാഷ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിനിന്നു. ആരോടെങ്കിലും പറഞ്ഞ് തീര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു മാഷുടെ മനസ്സ്.
'ഒരു കഥയുണ്ട്...' ചുണ്ടില്‍ ഒരു പരിഹാസച്ചിരിയോടെ ഏതോ സംഭവം ഓര്‍ത്തെടുത്തിട്ട് മാഷ് പറഞ്ഞു.
'പണ്ട് ഞാന്‍ വയനാട്ടില്‍ ജോലിചെയ്തിരുന്ന കാലം. മായനാജീ എന്ന ഒരു പ്രമാണിയുണ്ടായിരുന്നു അവിടെ. വലിയൊരു സമ്പന്നന്. ആറാണ്മക്കള്. അയാളുടെ ഭാഗ്യത്തെക്കുറിച്ച് പറയാനേ അന്നാട്ടുകാര്‍ക്ക് നേരമുണ്ടായിരുന്നുള്ളൂ. തടിമില്ലും വസ്തുവകകളുമൊക്കെയുണ്ട്.
ഹാജിയാര്‍ക്ക് വലിയ ഇഷ്ടമായിരുന്നു എന്നെ. അയാളുടെ ഒരു വാടകവീട്ടിലായിരുന്നു എന്റെ താമസം. അസുഖമായി ഹാജിയാര് കിടപ്പിലായപ്പോള്‍ ഒരു ദിവസം ഞാന്‍ കാണാന്‍ ചെന്നു. കൊട്ടാരസദൃശ്യമായ മാളികവീട്.
എന്നെ കണ്ട്, കോലായില്‍ നിന്നും മൂപ്പര് ഒരു സഹായിയുടെ കൈപിടിച്ച് എഴുന്നേറ്റു.
മാഷെ കാണാറില്ലല്ലോ എന്നു പറഞ്ഞു.
ചായയും വര്‍ത്തമാനങ്ങളുമായി ഞങ്ങള്‍ ഒരുപാടുനേരം ഇരുന്നു. ഒടുവില്‍ ഇരുട്ടിയപ്പോള്‍ ഞാന്‍ പോകാന്‍ സമ്മതം ചോദിച്ചു.
മായനാജി എന്റെ കണ്ണുകളിലേക്ക് നോക്കി
മാഷ്ക്ക് എത്ര മക്കളുണ്ട്...
മൂന്നുപേര്‍.
ആണോ പെണ്ണോ...
ആണ് കുട്ട്യേളാ.
എന്തുചെയ്യുന്നു അവരിപ്പോള്‍...
പഠിക്കാണ്. മൂത്തവന് ബി.ടെക്കിന്, രണ്ടാമവന്‍ എം.സി.എ, മൂന്നാമന് പ്ലസ്ടു....
ഉദ്യോഗായി അവരൊക്കെ മാഷെ വിട്ട് പോകൂംന്ന് അര്‍ഥം.
ഹാജിയാര് എന്തോ പിറുപിറുക്കുന്നത് കേട്ട് ഞാന്‍ ചോദിച്ചു. എന്താ ഹാജിയാരേ...
നിങ്ങക്ക് മനസ്സിലാവോന്നറീല്ല. മാഷേ... മക്കളുടെ കൂട്ടത്തില്‍ ഒരു പോത്തുണ്ടാകുന്നത് നല്ലതാ.
എന്നുവെച്ചാല്‍,
എല്ലാവരും പഠിച്ച് ഡോക്ടറും എഞ്ചിനീയറും ഒക്കെയായി പോകുമ്പോള്‍ നമ്മളെ നോക്കാന്‍ സാമര്‍ഥ്യം കുറഞ്ഞ ഒരു ബുദ്ദൂസ് ഉണ്ടാകുന്നത് നല്ലതാണ്.
ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ല പിന്നീടെനിക്ക്. കാരണം ബോധ്യമായി. ചുട്ടുപൊള്ളിയ അനുഭവമാണ് അയാളെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.'
മാഷോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സമയം ഇരുട്ടിയിരുന്നു. മനസ്സില്‍ മാഷുപറഞ്ഞ വാക്കുകള്‍ തേട്ടിവന്നു.
മക്കളുടെ കൂട്ടത്തില്‍ ഒരു പോത്തു വേണമെന്ന് ഇക്കാലത്തോര്ക്കാത്ത രക്ഷിതാക്കള്‍ ചുരുക്കമായിരിക്കില്ലേ.
പെട്ടെന്നാണ് പ്രായമാകുമ്പോള്‍ തനിക്കുണ്ടാകാന്‍ പോകുന്ന അവസ്ഥയെക്കുറിച്ചും ചിന്തപോയത്.
ഏക മകന്. അവന് സ്നേഹമുള്ളവനാണെന്ന് മനസ്സില്‍ ഉറപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഈയിടെയായി അവനെ ഒന്നടുത്ത് കാണാന്‍ പോലും കിട്ടുന്നില്ല. മാത്രവുമല്ല അവന്റെ ചേലും കോലവും കണ്ടിട്ട് എന്തോ പന്തികേട് അനുഭവപ്പെട്ടതുമാണ്. എപ്പോഴും ഫോണ്‍ ചെയ്യാനേ അവന് നേരമുണ്ടാകാറുള്ളൂ. ഫോണ്‍ വന്നാല്‍ പിന്നെ പതുക്കെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കാണാം.
അഡ്മിഷന് സമയത്ത് ഒരിക്കല്‍ മാത്രമേ അവന്റെ കോളെജില്‍ പോകാന്‍ പറ്റിയിട്ടുള്ളൂ.
ഒരിക്കല്‍കൂടി അവന്റെ കോളെജില്‍ പോകണം. അവന്റെ ചുറ്റുപാടിനെക്കുറിച്ച് അറിയണം.
മനസ്സില്‍ അങ്ങനെ നിരൂപിച്ചു നടന്നു.
വീട്ടിലെത്തി ബെല്ലടിച്ചു.
ഉറക്കച്ചടവോടെ ഭാര്യ വന്നു വാതില്‍ തുറന്നു.
'നിങ്ങളെവിടെയായിരുന്നു. നാളെ സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു വിളിച്ചിരുന്നു.'
'സ്റ്റേഷനിലേക്കോ എന്തിന്.'
'ആവോ... നിക്കറീല്ല. അന്സാറിനേം കൂട്ടി രാവിലെ ഒന്ന് പോകുന്നതാ നല്ലത്.'
അസ്വസ്ഥതയോടെ ഉറങ്ങാന്‍ കിടന്നു.
കള്ളനോട്ടിന്റെ കാര്യം അന്വേഷിക്കാനായിരിക്കും.
ആ പ്രശ്നമെല്ലാം തീര്ന്നതായിരുന്നല്ലോ. ഇനി എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ ഉണ്ടായോ...
ഉറക്കിനുവേണ്ടി കണ്ണടച്ചു കിടന്നു.
(തുടരും)