സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയമില്ലാത്ത ഒന്നാണ് നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റി. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും ഈ അവസ്ഥയെ തിരിച്ചറിയാനും തുടക്കത്തിലേ പരിചരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്.
ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച വ്യക്തിത്വം, അപകര്‍ഷത നിറഞ്ഞ മനോഭാവം, കുറഞ്ഞ വിദ്യാഭ്യാസം, അനുകമ്പയില്ലായ്മ ഇതൊക്കെ നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റി (NPD) ഉള്ളവരില്‍ കാണാം. വിമര്‍ശിക്കപ്പെട്ടാല്‍ ഇവര്‍ മുഖംമൂടി വലിച്ചെറിഞ്ഞ് തനിരൂപം കാട്ടും. ചെയ്തുകൂട്ടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇവരറിഞ്ഞുകൊണ്ട് തന്നെ ചെയ്യുന്നതാണ്. സ്വയം വിലയിരുത്തലിലും മറ്റുള്ളവരോടുള്ള ബന്ധങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു വ്യക്തിത്വ വൈകല്യമാണിത്. ഈ വൈകല്യമുള്ളവര്‍ക്ക് സ്വന്തത്തില്‍ അമിതമായ വിശ്വാസവും കൂടെയുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കുന്നേടത്ത് വന്‍ പരാജയവുമായിരിക്കും.
NPDയുടെ ഇര
- .NPD ഉള്ള ആളുകള്‍ തങ്ങളെക്കുറിച്ച് ദയനീയ കഥകള്‍ പറഞ്ഞ് മറ്റുള്ളവരുടെ അനുകമ്പ സമ്പാദിക്കാന്‍ ശ്രമിക്കുന്നു. അനുകമ്പയുള്ളവര്‍ ഇക്കഥകള്‍ വിശ്വസിച്ച് അവരെ സഹായിക്കാന്‍ തയാറാവുന്നു.
- മറ്റുള്ളവരില്‍ കുറ്റബോധം ഉണ്ടാക്കി കാര്യം നേടാന്‍ ശ്രമിക്കുന്നു. അനുകമ്പയുള്ളവര്‍ മറ്റുള്ളവരെ സങ്കടപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു.
- മറ്റുള്ളവരെ സഹായിക്കാന്‍ പ്രവണതയുള്ള ആളുകള്‍ നാര്‍സിസിസ്റ്റിന്റെ കൈകളില്‍ എളുപ്പത്തില്‍ പെട്ടുപോകും.
ആദ്യകാലത്ത് അമിതമായ സ്നേഹവും ശ്രദ്ധയും നല്‍കി ഇരയെ ആകര്‍ഷിക്കും. പ്രശ്നങ്ങള്‍ മുഴുവനുമുണ്ടാവുന്നത് താന്‍ കാരണമാണെന്ന് ഇരക്ക് സ്വന്തത്തെത്തന്നെ സംശയമുണ്ടാകുന്ന രീതിയില്‍ സംസാരിച്ച്; കാര്യങ്ങളെ വഴി തിരിച്ചുവിട്ട് സ്വയം രക്ഷപ്പെടാന്‍ ഇവര്‍ മിടുക്കരാവും.
മൗനം പാലിക്കല്‍: ഇരയുടെ എല്ലാ കാര്യങ്ങളും പൂര്‍ണമായി അവഗണിക്കുന്നു.
കുറ്റപ്പെടുത്തല്‍: എല്ലാ പ്രശ്നങ്ങള്‍ക്കും ഇരയെ കുറ്റപ്പെടുത്തുന്നു.
ഒറ്റപ്പടുത്തല്‍: ഇരയെ സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍നിന്നും മാറ്റിനിര്‍ത്താനും ഒറ്റപ്പെടുത്താനുമുള്ള എല്ലാ വഴികളും NPD പ്രയോഗിക്കും.
ശാരീരിക അക്രമം: NPD ശാരീരിക അക്രമം കാണിക്കുന്നത് അപൂര്‍വമാണെങ്കിലും പിടിക്കപ്പെട്ടു എന്നുള്ള സാഹചര്യങ്ങളില്‍ ഇരയെ തള്ളുക, അടിക്കുക, ഭീഷണിപ്പെടുത്തുക, കടിക്കുക തുടങ്ങിയവയെല്ലാം സംഭവിക്കാം.
മാനസിക അക്രമം: മാനസിക അക്രമം NPD ബന്ധങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ്. ഇത് ഇരയുടെ ആത്മവിശ്വാസത്തെയും യാഥാര്‍ഥ്യബോധത്തെയും തകര്‍ത്തുകളയുന്നു. മൗനം പാലിക്കല്‍, കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടുത്തല്‍ ഇതെല്ലാം മാനസിക അക്രമങ്ങളാണ്.
ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: മറ്റുള്ളവരെ കൂട്ടുപിടിച്ച് 'എത്ര നല്ലയാളാണ്' എന്നൊക്കെ വരുത്തിത്തീര്‍ത്ത് പിന്നെയും പഴയതിന്റെ ആവര്‍ത്തനങ്ങളുണ്ടാക്കുന്നു. ഇത് ഇരയെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരു തരത്തിലുള്ള മാനസിക പീഡനം തന്നെയാണിതും.
ലൈംഗിക അക്രമം: നിര്‍ബന്ധിതമോ കുടിലമോ ആയ ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ഇരയുടെ ലൈംഗിക അതിര്‍ത്തികളെ അവഗണിക്കല്‍ തുടങ്ങിയവയെല്ലാം നാര്‍സിസിസ്റ്റിക് ബന്ധങ്ങളില്‍ സംഭവിക്കാം.
സാമ്പത്തിക അക്രമം:
നിയന്ത്രിക്കാന്‍ ശക്തമായ ആഗ്രഹമുള്ളവരാണ് നാര്‍സിസിസ്റ്റുകള്‍. ഇരക്ക് പണം ലഭിക്കുന്നത് നിയന്ത്രിക്കല്‍, അതിരുകടന്ന, അനാവശ്യമായ ചെലവ് നിയന്ത്രിക്കല്‍, (വിശപ്പടക്കി ആരോഗ്യത്തോടെ ജീവിക്കാനുള്ള വഴികള്‍ വരെ അടക്കും) ഇരയുടെ പണം അനുമതിയില്ലാതെ ഉപയോഗിക്കല്‍, ഇരയുടെ കൈവശമുള്ളത് മുഴുവന്‍ നശിപ്പിക്കല്‍ തുടങ്ങിയ പെരുമാറ്റ വൈകൃതങ്ങളെല്ലാം പല നാര്‍സിസിസ്റ്റിക് വ്യക്തികളിലും കാണാം.
നാര്‍സിസിസ്റ്റിക് ബന്ധത്തില്‍നിന്ന് രക്ഷപ്പെടല്‍
NPD ബന്ധത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് ധൈര്യവും ആസൂത്രണവും ആവശ്യമാണ്.
- ഒരു രക്ഷാപദ്ധതി തയാറാക്കുക. പോലീസ്, സുഹൃത്തുക്കള്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ എന്നിവരെ, അതുപോലെ വിശ്വസ്തരായ മറ്റാളുകളെ അറിയിക്കുക.
- സാമ്പത്തികമായി സ്വയം പര്യാപ്തരാവാന്‍ ശ്രമിക്കുക.
- സുഹൃത്തുക്കളുടെയം കുടുംബത്തിന്റെയും പിന്തുണ തേടുക.
- ഒരു തെറാപിസ്റ്റിന്റെ സഹായം തേടുക. ഇത് മാനസിക മുറിവുകളില്‍നിന്ന് മുക്തി നേടാന്‍ സഹായിക്കും.
NPDയുടെ കണ്ണില്‍, 'വില്ലന്‍' എന്നത് അവരുടെ ആത്മാഭിമാനത്തിന് ഭീഷണിയാകുന്ന ആളാണ്. അവരുടെ പെരുമാറ്റ വൈകൃതങ്ങളെ, അഭിപ്രായങ്ങളെ ചോദ്യം ചെയ്യുന്ന ആരെയും അവര്‍ വില്ലനായി കാണും.
അറിവില്ലായ്മ കാരണം ഇവരുടെ കൈയില്‍ കുടുങ്ങിയവര്‍ വര്‍ഷങ്ങളോളം ജീവിതമില്ലാതെ അനുഭവിച്ച് തീര്‍ക്കുകയാണുണ്ടാവുക. ഇര പറയുന്നതൊന്നും ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാവാതെ വരുന്നത് കൊടും ക്രൂരത തന്നെയാണ്. വൈവാഹിക ജീവിതത്തില്‍ പലപ്പോഴും പൊറുക്കണം, സഹിക്കണം, മറക്കണം, വിട്ടുവീഴ്ച ചെയ്യണം, മക്കളെക്കുറിച്ചോര്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഇരയിലേക്കിട്ടു കൊടുത്ത് രക്ഷപ്പെടാനനുവദിക്കാതെ, ഇരയുടെ മനസ്സിനെ കൊന്നുകൊണ്ടിരിക്കുന്ന NPD ഘാതകനെ ആരും തിരിച്ചറിയാതെ പോവുന്നു.
കൗമാര പ്രായത്തില്‍ തന്നെ NPDകളെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാലേ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാനാവൂ. അല്ലാതെ, വിവാഹം കഴിഞ്ഞ് ഇരുപതോ മുപ്പതോ വര്‍ഷം കൂടെയുള്ളയാള്‍ക്ക് സകല വേദനകളും കൊടുത്ത് മാനസികമായും ശാരീരികമായും സാമ്പത്തികമായും നശിപ്പിച്ച്, കഴിഞ്ഞ് ചികിത്സിച്ചാല്‍ മാറുന്ന ഒന്നല്ല ഈ പെരുമാറ്റ വൈകൃതം.
ചികിത്സ
- സൈക്കോതെറാപ്പി: ഇതിലൂടെ വ്യക്തിക്ക് തന്റെ പെരുമാറ്റ രീതികളെക്കുറിച്ച് ബോധവാന്മാരാകാനും അവ മാറ്റാനുള്ള തന്ത്രങ്ങള്‍ പഠിക്കാനും സാധിക്കും.
- കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി: ഇതിലൂടെ വ്യക്തിക്ക് തന്റെ ചിന്താരീതികളെയും പെരുമാറ്റങ്ങളെയും മാറ്റാനുള്ള തന്ത്രങ്ങള്‍ പഠിക്കാം.
- ഇന്റര്‍ പേഴ്സണല്‍ തെറാപ്പി: മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
- ഗ്രൂപ്പ് തെറാപ്പി: മറ്റുള്ളവരുമായി ഇടപഴകുന്നതിനും അവരുടെ അനുഭവങ്ങള്‍ പങ്കിടുന്നതിനും ഇതൊരു സുരക്ഷിത ഇടം നല്‍കുന്നു.
ചികിത്സയിലെ വെല്ലുവിളികള്‍
- പലരും തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ചികിത്സക്ക് തയാറാകില്ല.
- ചികിത്സക്ക് ദീര്‍ഘകാലം ആവശ്യമായി വന്നേക്കാം.
- പ്രത്യേക മരുന്നുകളൊന്നുമില്ല.
- ചികിത്സ ഒരു ദീര്‍ഘകാല പ്രക്രിയ ആയതുകൊണ്ട് ക്ഷമയും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്.
നാര്‍സിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ (NPD) മാനസിക വ്യക്തിത്വ വൈകല്യമാണെന്നും തുടക്കത്തിലെ തിരിച്ചറിഞ്ഞാല്‍ ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.
ലക്ഷണങ്ങള്‍
- അമിതമായ സ്വയം പ്രാധാന്യം
- അഭിനന്ദനത്തിനുള്ള അതിയായ ആഗ്രഹം
- മറ്റുള്ളവരെ തങ്ങളെക്കാള്‍ താഴ്ന്നവരായി കണ്ട് അവരെ ഉപയോഗപ്പെടുത്തല്‍
- സഹാനുഭൂതിയില്ലായ്മ
- അഹങ്കാരം
- പരാജയത്തെ സഹിക്കില്ല
കാരണങ്ങള്‍
ശിഥിലമായ കുടുംബം, വളര്‍ന്ന ചുറ്റുപാടുകള്‍, തലച്ചോറില്‍ നടക്കുന്ന രാസമാറ്റങ്ങള്‍ ഇവയൊക്കെ കാരണങ്ങളാണ്. കുട്ടിക്കാലത്ത് ലഭിക്കുന്ന അമിത പ്രശംസ, കുറ്റാരോപണം, വിമര്‍ശനം ഇവയൊക്കെ ഒരു വ്യക്തിയെ NPD ആക്കാം.
പൊതുവെ പുരുഷന്മാരിലാണ് കൂടുതല്‍. കുട്ടിക്കാലത്ത് പലരിലും പ്രവണത കാണാം. എന്നാല്‍, കൗമാരത്തിലും യുവത്വത്തിലും ഇത് തുടര്‍ന്നാല്‍ ഇതിനെ വ്യക്തിത്വ വൈകല്യമായി മനസ്സിലാക്കണം.