കാമ്പസ് പറയുന്നു

Aramam
സെപ്റ്റംബർ 2024
പുതിയ തലമുറ വിവാഹം തന്നെ വേണ്ട എന്ന് വെക്കുന്നുണ്ടോ? ഇണയെ കുറിച്ചുള്ള കാഴ്ചപ്പാട്, പെണ്ണുകാണല്‍, വിവാഹാഘോഷം, സ്ത്രീധനം തുടങ്ങിയ ചോദ്യങ്ങളോട് കാമ്പസ് പ്രതികരിക്കുന്നു

ഫാത്തിമത്ത് സഹറ വി.വി
അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ, ശാന്തപുരം

ഇസ്ലാം ഏറെ പവിത്രമാക്കിയ ബന്ധമാണ് ദാമ്പത്യ ജീവിതം. എന്നാല്‍ പുതിയ തലമുറയില്‍ കാഴ്ചപ്പാടുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിവാഹം വൈകിപ്പിക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ സാധാരണമായിരിക്കുന്നു. കേരളീയ കുടുംബ ചുറ്റുപാടുകള്‍, ആചാരങ്ങള്‍, അതിരുകവിഞ്ഞ 'വിശ്വാസങ്ങള്‍', പുരുഷകേന്ദ്രീകൃത കുടുംബ സംവിധാനം, കരിയറിനെ സംബന്ധിച്ച തീരുമാനങ്ങള്‍, സ്ത്രീധന - ഗാര്‍ഹിക പീഡനങ്ങള്‍, അതിരുകടന്ന ഫെമിനിസ്റ്റ് താല്‍പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ തലമുറയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കുഞ്ഞുനാളിലേ കേള്‍ക്കുന്ന 'അന്യവീട്ടിലേക്ക് പോകാന്‍' വേണ്ടി പെണ്‍കുട്ടിയെ പാകമാക്കി തുടങ്ങുന്നതു മുതലേ പലപ്പോഴും മിക്ക പെണ്‍കുട്ടികള്‍ക്കും വിവാഹവും അതിനെ തുടര്‍ന്നുള്ള ഘട്ടങ്ങളും പേടിയും ഒരുതരം അരക്ഷിതത്വവും ഏല്‍പ്പിക്കുന്നതാണ്. തനിക്ക് പറ്റിയ ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശം, മഹ് ര്‍ ആവശ്യപ്പെടല്‍ തുടങ്ങി ദാമ്പത്യ ജീവിതത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഇസ്ലാം അനുവദിച്ച പല അവകാശങ്ങള്‍ക്കും നാട്ടുനടപ്പുകള്‍ വിലക്കേര്‍പ്പെടുത്തുന്നു. എന്നാല്‍, ഇസ്ലാം പ്രോത്സാഹിപ്പിക്കാത്ത പല ആചാരങ്ങളും 'മൊഞ്ചുള്ള' പേരുകളിട്ട് ആഘോഷിക്കുന്നു.

ഇണയെ സംബന്ധിച്ച കാഴ്ചപ്പാട് ദീനിലും വിജ്ഞാനത്തിലും സൂക്ഷ്മത പുലര്‍ത്തുന്ന വ്യക്തി എന്നതിനോടൊപ്പം ആദര്‍ശ പൊരുത്തവും ഉള്‍ച്ചേര്‍ന്നിരിക്കണം. ഒരണു കുടുംബ വ്യവസ്ഥയില്‍ വളര്‍ന്ന മകളെന്ന നിലയില്‍ അത്തരമൊന്ന് ഉത്തമമായി തോന്നിയിട്ടുണ്ടെങ്കിലും കൂട്ടുകുടുംബ വ്യവസ്ഥിതിയോട് നിബന്ധനകളോടെ ചേര്‍ന്ന് പോകാന്‍ സാധിച്ചേക്കാം. വിവാഹാന്വേഷണത്തിന് മുമ്പ് രണ്ടുപേരും കാണുന്നതും സംസാരിക്കുന്നതും കൂടുതല്‍ വിശാലാര്‍ഥത്തില്‍ കുടുംബങ്ങള്‍ മനസ്സിലാക്കണം. മാധുര്യവും സഹവര്‍തിത്വവുമായിരിക്കണം വിവാഹബന്ധത്തെ മുന്നോട്ടു നയിക്കേണ്ടത്.


ആയിഷ കെ.എം
മഹാരാജാസ് കോളേജ്, എറണാകുളം

രണ്ട് വ്യക്തികള്‍ ഒന്നിക്കുന്നതിലുപരി രണ്ട് കുടുംബങ്ങള്‍ ഒന്നാവുന്ന മഹനീയ സന്ദര്‍ഭമാണ് വിവാഹം. ലളിതമായ വിവാഹ ചടങ്ങുകളോടാണ് താല്‍പര്യം.

പുതുതലമുറ വിവാഹത്തോട് കാണിക്കുന്ന വൈമുഖ്യത്തിന്റെ പ്രധാന കാരണം ലിബറല്‍ ആശയങ്ങളുടെ സ്വാധീനമാണെന്നാണ് മനസ്സിലാക്കുന്നത്. 'വ്യക്തി സ്വാതന്ത്ര്യത്തിന് വിവാഹം വിലക്കേര്‍പ്പെടുത്തുന്നു' എന്ന ചിന്തയില്‍ നിന്നാണ് ഈ വൈമുഖ്യം. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ആണ്‍കോയ്മയും ഒരു കാരണമാണ്. വ്യക്തി താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്ന, സ്വപ്നങ്ങള്‍ അണക്കുന്ന, സ്വതന്ത്രമായ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും മേലുള്ള അതിര്‍വരമ്പായി വിവാഹത്തെ കാണുന്ന ഒരുപാട് പേര്‍ ഈ തലമുറയില്‍ ഉണ്ട്. ഇത് മിഥ്യാ ധാരണയാണ്. ഭാര്യാ ഭര്‍തൃ ബന്ധം പരസ്പര ബഹുമാനത്തോടെയുള്ളതാകുമ്പോള്‍ പരസ്പരം സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ വൈവാഹിക ജീവിതം കാരണമാകുന്നു.

വധൂ വരന്മാരുടെ പ്രായ വ്യത്യാസം മുുള്ളതിനെയപേക്ഷിച്ച് ഇപ്പോള്‍ കുറവാണ്. പൊതുവെ സമപ്രായക്കാരോടാണ് താല്പര്യം. പ്രായവ്യത്യാസം പരസ്പരം മനസ്സിലാക്കുന്നതിനും അംഗീകരിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍, സമപ്രായക്കാര്‍ തമ്മിലുള്ള വിവാഹം പലപ്പോഴും ഈഗോ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നതായിട്ട് കാണാന്‍ കഴിയും. പ്രായ വ്യത്യാസം ഈ പ്രശ്‌നത്തെ മറികടക്കുന്നു.
തന്റെ ഇണയാവേണ്ട ആളെ കുറിച്ച പൂര്‍ണ ബോധ്യം വിവാഹത്തിന് മു് ഉാവുന്നത് വൈവാഹിക ജീവിതം കൂടുതല്‍  മനോഹരമാക്കാന്‍ സഹായിക്കുന്നു. വിവാഹത്തിന് മുമ്പ് വധൂ വരന്മാര്‍ക്ക് കൃത്യമായ അതിരോട് കൂടി പരസ്പരം സംസാരിക്കാനും അറിയാനും കുടുംബാംഗങ്ങള്‍ അവസരം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ബാഹ്യ സൗന്ദര്യത്തോടൊപ്പം ആന്തരിക സൗന്ദര്യമുള്ള ഒരു ഇണയെ കിട്ടണമെന്ന് ആഗ്രഹിക്കുന്നു.


അമീന ഷെറിന്‍
വിമല കോളേജ് ഓട്ടോണമസ്, തൃശൂര്‍

എന്നെക്കാള്‍ പ്രായമുള്ള ആളെ കല്യാണം കഴിക്കാനാണ് എനിക്കിഷ്ടം. ഏജ് കൂടിയ ആളാവുമ്പോള്‍ പക്വമായി തീനുമാനമെടുക്കുന്നവരായിരിക്കുമെന്നു തോന്നുന്നു. കല്യാണം തന്നെ വേണ്ട എന്നതിനോട്  തീരെ യോജിപ്പില്ല. അങ്ങനെ ചിന്തിച്ചു പോകുന്നതിന് കാരണം, നമുക്ക് ചില കാര്യങ്ങളോടുള്ള പേടിയാണ്. പ്രത്യേകിച്ച്, അറേഞ്ച്ഡ് മാരേജിന്റെ കാര്യത്തില്‍. അഞ്ചോ ആറോ വര്‍ഷം പ്രണയിച്ച് വിവാഹം ചെയ്യുന്നതിനെ എതിര്‍ക്കുകയും അഞ്ചു ദിവസം കൊണ്ട്, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തെ പെണ്ണുകാണല്‍ കൊണ്ട് പരിചയപ്പെട്ട ആളുടെ കൂടെ മകളെ പറഞ്ഞയക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ക്ക് ഒരു മടിയുമില്ല. അങ്ങനെ തികച്ചും അപരിചിതനായ ഒരാളോടൊത്തുള്ള ജീവിതം ഏതു രീതിയില്‍ പോകും എന്ന് ഒരു ഉറപ്പുമില്ലാതെ കല്യാണം കഴിക്കുന്നതിനോടാണ് പൊതുവേ പെണ്‍കുട്ടികള്‍ വിരക്തി കാണിക്കുന്നത്.

വിവാഹ ജീവിതത്തെക്കുറിച്ച് പൊതു സമൂഹത്തില്‍നിന്ന് കേള്‍ക്കാറുള്ളത് 'നീയും ഞാനും എന്നില്ല നമ്മള്‍ ഒന്നാണ്' എന്ന രീതിയിലാണ്. പക്ഷേ, രണ്ടുപേരും ഓരോ വ്യക്തികളാണ്. പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകുമ്പോഴാണ് അത് വിജയിക്കുക. കാഴ്ചപ്പാടുകള്‍ ഷെയര്‍ ചെയ്യുക. ശരിയെന്ന് ബോധ്യമുള്ളതിനെ അടിസ്ഥാനമാക്കിയേ തീരുമാനമെടുക്കാവൂ.
മാതാപിതാക്കളെയും കുടുംബത്തെയും വിട്ട് അപരിചിതമായ ഒരു കുടുംബത്തിലേക്ക് ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒരു യാഥാര്‍ഥ്യമാണ്. കുടുംബത്തെ വിട്ടുപോകണമെന്ന് വിചാരിച്ച് വിവാഹത്തിന് മടിക്കുന്നവരും ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

 

ഫാത്തിമ റിഷ്ണു
സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി
വാഴയൂര്‍

ഞാന്‍ തന്നെ കണ്ടെത്തിയ ആളുടെ കൂടെ വിവാഹ ജീവിതം നയിക്കുന്ന ആളാണ് ഞാന്‍. മുമ്പത്തെ പോലെ അല്ല കാര്യങ്ങള്‍. വളരെ ലിബറല്‍ ആണ്. മാതാപിതാക്കളോട് തുറന്ന് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ സാഹചര്യം ഇന്നുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിനു മുമ്പുള്ള ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് അവരോട് സംസാരിക്കാനാവും. കൂട്ടുകാര്‍, ബന്ധുക്കള്‍, സോഷ്യല്‍ മീഡിയ തുടങ്ങി പങ്കുവെക്കാന്‍ ഇടങ്ങള്‍ കൂടുതലായി  ഉപയോഗിക്കുന്നവരാണ് ഇന്നുള്ളവര്‍.

വിവാഹം വേണ്ട എന്ന് പറയുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. താല്‍പര്യമില്ലാത്തതുകൊണ്ടോപേടിയുള്ളതുകൊണ്ടോ ഒക്കെ ആയിരിക്കും. ഡൊമസ്റ്റിക് വയലന്‍സ,് സ്ത്രീധനം, ജോലിക്കും പഠിക്കാനും വിടുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ പേടിച്ചിട്ടാവണം പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്ന് പറയുന്നത്. പഴയ കാലത്തൊക്കെ 'പഠിച്ചാല്‍ നിങ്ങള്‍ക്ക് മക്കള്‍ ഉണ്ടായാല്‍ അവര്‍ക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കാലോ' എന്ന രീതിയില്‍ ആയിരുന്നു. ഞാന്‍  വിവാഹത്തിനുശേഷമാണ് പി.ജിക്ക് ചേര്‍ന്നത്. എന്റെ ക്ലാസ്സില്‍ തന്നെ വിവാഹം കഴിഞ്ഞ് കുട്ടികളുള്ളവരുണ്ട്.

ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ പഠിക്കാനും ജോലിക്ക് പോകാനും വിടാതെ മരുമക്കളെ തടയുന്ന ഭര്‍തൃ മാതാപിതാക്കള്‍ വളരെ കുറവാണ്. ഒരാളെക്കൊണ്ട് വീട്ടിലെ ചെലവുകള്‍ നികത്താന്‍ കഴിയില്ല എന്ന സാമൂഹികാവസ്ഥ അവര്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
പരസ്പരം ബഹുമാനവും അതില്‍നിന്ന് വരുന്ന സൗഹൃദവുമൊക്കെയാണ് പ്രധാനം. വയസ്സ് കൂടുതലുണ്ട് എന്ന് വിചാരിച്ച് പക്വത ഉണ്ടായിക്കൊള്ളണം എന്നില്ല. കൂടുതല്‍ ആവുമ്പോള്‍ ചിലപ്പോള്‍ ജനറേഷന്‍ ഗ്യാപ്പ് ഉണ്ടാവും. അഭിപ്രായങ്ങള്‍ പറയാന്‍ ചിലപ്പോള്‍ പ്രശ്‌നമുണ്ടാവാം. വയസ്സില്‍ വലിയ വ്യത്യാസമില്ലാത്തവര്‍ ആവുമ്പോള്‍ മറ്റെയാള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. എങ്കിലും വയസ്സ് വിവാഹ ചര്‍ച്ചയില്‍ വരേണ്ടതില്ല.

എന്റർടെയിൻമെന്റ് മാഗസിനുകളില്‍ മാത്രം വലിയ നടീ നടന്മാരുടെയോ വ്യാപാരികളുടെയോ ഒക്കെ വിവാഹമായിരിക്കും ആദ്യകാലത്ത് നമ്മള്‍ കണ്ട വലിയ വിവാഹങ്ങള്‍. ആ പുസ്തകത്തിനപ്പുറമുള്ള വലിയ ഫാഷന്‍ ഒന്നും അറിയാന്‍ പറ്റിയിരുന്നില്ല. ഇപ്പോള്‍ ആ സങ്കല്‍പങ്ങളെല്ലാം അടിമുടി മാറിയിരിക്കുന്നു.


ആയിഷത്ത് നഫ യൂസുഫ്
ഗവ.ബ്രണ്ണന്‍ കോളേജ് - തലശ്ശേരി


ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് വിവാഹം. പാരന്റ്‌സുമായി അടുത്തു നില്‍ക്കുന്നവരാണെങ്കില്‍ ആലോചനകള്‍ വരുന്ന സമയത്ത് നമ്മുടെ താല്‍പര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാവും. മെച്യുരിറ്റി എത്തി എന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാറായി എന്നും തോന്നുന്ന സമയമാണ് ഓരോരുത്തരുടെയും വിവാഹപ്രായം.

മുമ്പുള്ളവര്‍ക്ക് അവരുടെ കുടുംബത്തിലും നാട്ടിലും നടക്കുന്ന വിവാഹ രീതി തന്നെയായിരുന്നു മാതൃക. ഇന്ന് സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തിലൂടെ പരിചയപ്പെടുന്ന ജീവിതരീതി ഭാവനയില്‍കണ്ട് മുന്‍ധാരണയോടെ വിവാഹജീവിതത്തിലേക്ക് കയറിയാല്‍ പലപ്പോഴും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉടഞ്ഞുപോയതായി അനുഭവപ്പെടും. ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ സൗന്ദര്യം, സമ്പത്ത് എന്നതിനേക്കാള്‍ അവരുടെ സ്വഭാവം, കുടുംബത്തിലും സമൂഹത്തിലും അവര്‍ എങ്ങനെ എന്നെല്ലാം അറിഞ്ഞിരിക്കണം.
പെണ്‍കുട്ടികളെ മറ്റൊരു വീട്ടിലേക്കയക്കാന്‍ പേടിക്കുന്ന പാരന്റ്‌സ് ഉണ്ട്. പുതിയ ബന്ധത്തോടെ ആ കുടുംബവും തങ്ങളുടേത് കൂടിയാണ് എന്ന് മനസ്സിലാക്കിക്കൊടുക്കണം. സന്തോഷമായാലും ദുഃഖമായാലും ഉള്‍ക്കൊള്ളുന്ന, എന്നെ മനസ്സിലാക്കുന്ന ഒരാളാണ് വിവാഹത്തിലേക്ക് കൂട്ടാവേണ്ടത്. എന്നാല്‍, വിവാഹം വേണ്ട എന്നുള്ളതിലേക്ക് കുട്ടികള്‍ മാറുന്നത് അവര്‍ കണ്ടറിഞ്ഞ ജീവിതത്തിന്റെ സ്വാധീനമാവാം. സോഷ്യല്‍ മീഡിയയ്ക്ക് കുട്ടികളുടെ ചിന്താഗതി മാറ്റുന്നതില്‍ നല്ല സ്വാധീനമുണ്ട്.

കുടുംബം, കുട്ടികള്‍, ജോലി ഇതൊക്കെ ജീവിതത്തില്‍ പറഞ്ഞ സംഗതിയാണ്. പഠിക്കാനും ഒരു ഇണയോടൊപ്പം ജീവിക്കാനും ദൈവമാണ് പറഞ്ഞിട്ടുള്ളത്. ആ ജീവിതം മനോഹരമാക്കാനും ദൈവമാണ് പഠിപ്പിച്ചിട്ടുള്ളത്. അതിനൊക്കെയുള്ള സ്‌പേസ് നമ്മുടെ ജീവിതത്തിലുണ്ട്.
വിവാഹത്തിന് മുമ്പ് എന്റെ ആഗ്രഹങ്ങള്‍ ഇതൊക്കെയാണ് എന്ന് ഇണയാവാന്‍ പോകുന്നയാളോട് ആദ്യമേ പങ്കുവെക്കാനാവണം. അത് അവര്‍ക്കും മാതാപിതാക്കള്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ മുന്നോട്ടു കൊണ്ടുപോയിട്ട് കാര്യമുള്ളൂ. കമ്യൂണിക്കേഷനും പരസ്പരം അംഗീകരിക്കലും വിവാഹ ജീവിതത്തില്‍ അത്യാവശ്യമാണ്. ഏജ് ഡിഫറന്‍സ് അധികം പറ്റില്ല. 10 വയസ്സൊക്കെ വ്യത്യാസമുണ്ടെങ്കില്‍ രണ്ടുപേരുടെയും ചിന്ത രണ്ട് രീതിയില്‍ ആവാന്‍ സാധ്യതയുണ്ട്.

പെണ്ണുകാണല്‍ ഒക്കെ വല്ലാത്ത ചടങ്ങായി മാറിയിട്ടുണ്ട് ഇന്ന്. ചെക്കനും വീട്ടുകാരും മാത്രം വേണ്ട ഒരു സന്ദര്‍ഭം കൈകാര്യം ചെയ്യാന്‍ ബന്ധുക്കളും കൂട്ടുകാരും അയല്‍വാസികളും എല്ലാമാകുമ്പോള്‍ അത് തീരെ ശരിയാവില്ല. പെണ്ണിനെ വില്‍ക്കാന്‍ വെച്ചപോലെ അണിയിച്ചൊരുക്കി നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി ഒരു പ്രദര്‍ശന വസ്തുവാക്കി നിര്‍ത്തുന്നതിനോട് യോജിപ്പില്ല. വിവാഹം വരെ മാതാപിതാക്കളോടൊത്ത് കഴിയുന്നതുപോലെ ശേഷം അദ്ദേഹവും കുടുംബവുമായി ഒത്തുപോവണം. അത്രയേ ഉള്ളൂ. കുറെ വലിയ പ്രതീക്ഷകളുമായി ജീവിതത്തിലേക്ക് കടന്നിട്ട് കാര്യമില്ല. നമ്മളെ നമ്മളായി കാണുന്ന, നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന, തന്റെ ആദര്‍ശങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകാന്‍ സഹായിക്കുന്ന ഒരാളായിരിക്കണം.

വിവാഹത്തിന് മുമ്പെ തമ്മില്‍ സംസാരിക്കേണ്ടതുണ്ട്. എന്നിട്ട് വേണം സമ്മതമറിയിക്കാന്‍. ഉമ്മാക്കും ഉപ്പാക്കും സമ്മതമാണെങ്കില്‍ എനിക്കും സമ്മതം എന്നല്ല പറയേണ്ടത്. അവരുടെ ഇഷ്ടങ്ങള്‍ കൂടി അറിഞ്ഞിരിക്കണമെന്ന് മാത്രം. ആണിനും പെണ്ണിനും പ്രീമാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ് നല്ല സപ്പോര്‍ട്ട് ആയിരിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media