വിവാഹം കഴിഞ്ഞ് പ്രശ്‌നങ്ങളെക്കുറിച്ച് പരാതി പറയുന്നതിന് പകരം
കുടുംബ ജീവിതത്തിന് പാകപ്പെടും വിധം വിവാഹത്തിന് മുമ്പേ
വ്യക്തിത്വങ്ങളെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
ഇണകള്‍ക്കിടയിലെ ചേര്‍ച്ച
പത്തു വര്‍ഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടു പേരും എഞ്ചിനീയര്‍മാരാണ്. എട്ടു വയസ്സുള്ള മകനുണ്ട്. സാമ്പത്തികമായ പ്രയാസങ്ങളില്ല. പക്ഷേ, കുടുംബ കലഹത്തിനും ഒട്ടും കുറവില്ല. വഴക്കും പിണക്കവും പതിവായിരുന്ന ഈ ദമ്പതികള്‍ക്കിടയില്‍, കാര്യങ്ങള്‍ കൈയാങ്കളിയിലേക്ക് എത്തി. കൂടുതല്‍ വഷളായപ്പോഴാണ് കുടുംബം ഇടപെട്ടത്. പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ ഒരുപാടൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. മനപ്പൊരുത്തമില്ലായ്മയാണ് കുടുംബ കലഹത്തിന്റെ മുഖ്യ കാരണം. ഭിന്നമായ അഭിരുചികളും ജീവിത വീക്ഷണവുമുള്ള രണ്ടുപേര്‍, ബാഹ്യമായ ചേര്‍ച്ചകള്‍ നോക്കി വിവാഹം ചെയ്തതാണ് പ്രശ്‌നങ്ങളുടെ ഹേതു. നന്മയുള്ളവരാണ് രണ്ട് കുടുംബങ്ങളും. സാമ്പത്തികമായി ചെറിയ അന്തരമുണ്ടെങ്കിലും സാമാന്യം നല്ല ജീവിതനിലവാരം പുലര്‍ത്തുന്നുണ്ട്. മക്കള്‍ക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് കുടുംബങ്ങളിലെയും രക്ഷിതാക്കള്‍ പരിഗണിച്ചത് എന്തൊക്കെയായിരുന്നു? വിദ്യാഭ്യാസം, ശരീര പ്രകൃതം, ജോലി എന്നിവയിലെ ചേര്‍ച്ച. ഇരു വീടുകള്‍ക്കും ഇടയില്‍ അധികം ദൂരമില്ല. മതധാര്‍മിക മൂല്യങ്ങളിലും ചേര്‍ച്ചയുണ്ട്. ഇതെല്ലാം പരിശോധിച്ചപ്പോള്‍ വിവാഹം തീരുമാനിക്കുകയായിരുന്നു. ഇത്രയും കാര്യങ്ങളില്‍ സാമാന്യം ചേര്‍ച്ചകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നിത്യകലഹങ്ങളില്‍ അകപ്പെട്ടത്? ഈ ചോദ്യത്തിന്റെ ഉത്തരമാണ് മുകളില്‍ സൂചിപ്പിച്ചത്; മനപ്പൊരുത്തത്തില്‍ ഇരുവരും പിന്നിലാണ്. വ്യക്തികളുടെ അഭിരുചികളും ജീവിത വീക്ഷണവും വിരുദ്ധമാണ്. മറ്റെന്തൊക്കെ കാര്യങ്ങളില്‍ ചേര്‍ച്ചകള്‍ ഉണ്ടായാലും, ഈ മൂന്ന് തലങ്ങളിലും യോജിപ്പുകള്‍ ഇല്ലെങ്കില്‍ ജീവിതം സങ്കീര്‍ണമായിത്തീരും. ഇണകള്‍ക്കിടയിലെ ചേര്‍ച്ചയിലാണ് കുടുംബ ജീവിതത്തിന്റെ സൗന്ദര്യം. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍, മനപ്പൊരുത്തവും ജീവിത വീക്ഷണത്തിലെ യോജിപ്പുമാണ് പ്രധാനമായി പരിഗണിക്കേണ്ടത്. മറ്റെല്ലാ മാനദണ്ഡങ്ങളും ഇതിന്റെ തുടര്‍ച്ചയില്‍ വരേണ്ട പൂരകങ്ങള്‍ മാത്രമാണ്. ഇതിനെയാണ്, 'ഇണകള്‍ക്കിടയിലെ ചേര്‍ച്ച' എന്നു പറയുന്നത്. 'മനസ്സിനിണങ്ങിയ ഇണയെ തെരഞ്ഞെടുക്കാം' എന്ന് പരസ്യങ്ങളില്‍ കാണുന്ന ഈ ആശയമാണ്, 'കുഫുവ്' എന്ന് അറബിയില്‍, വിവാഹ നിയമങ്ങളില്‍ വന്ന പ്രയോഗം.
ബലിഷ്ഠമായ കരാര്‍
ആഴമുള്ള ദാമ്പത്യത്തിന്റെയും മനോഹരമായ കുടുംബത്തിന്റെയും അസ്തിവാരമാണ് വിവാഹം. 'ബലിഷ്ഠമായ കരാര്‍' എന്ന വേദസൂക്തം ഇതാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട്, ഒരു ബഹുനില കെട്ടിടം പണിയുന്ന സൂക്ഷ്മതയും മുന്നൊരുക്കവും ജാഗ്രതയും വിവാഹവേളയില്‍ അനിവാര്യമാണ്. ഒരു ബഹുനില കെട്ടിടം പണിയുമ്പോള്‍, മണ്ണ് പരിശോധനയും പൈലിങ്ങും പ്ലാനിങ്ങും മുതല്‍ എന്തെല്ലാം കാര്യങ്ങള്‍ സൂക്ഷ്മതയോടെ ചെയ്യാറുണ്ട്. അപ്രകാരം, വിവാഹത്തിലൂടെ ഒരുമിച്ച് ചേര്‍ന്ന് ഒരു കുടുംബമാകാന്‍ ആലോചിക്കുന്ന രണ്ടു പേരുടെയും വ്യക്തിത്വങ്ങള്‍ സംബന്ധിച്ച സൂക്ഷ്മമായ പരിശോധനയും തിരിച്ചറിവും പങ്കുവെപ്പുകളുമാണ് ആദ്യഘട്ടത്തില്‍ നടക്കേണ്ടത്. വിവാഹത്തിന് ഒരുങ്ങുന്നവര്‍ തന്റെ വ്യക്തിത്വത്തെ സ്വന്തമായോ, ഒരു വിദഗ്ധന്റെ സഹായത്തോടെയോ പഠിച്ചറിയണം. തന്റെ പ്രകൃതവും പ്രത്യേകതകളും ശക്തിയും ദൗര്‍ബല്യങ്ങളും സ്വയം മനസ്സിലാക്കണം. അതിനനുസരിച്ച ഇണയെ കണ്ടെത്തണം. നൂറ് ശതമാനം ചേര്‍ച്ചയുള്ള ഇണയെ ലഭിക്കുക അസാധ്യമായിരിക്കും. പക്ഷേ, കുറേയേറെ കാര്യങ്ങളില്‍ മനസ്സിനിണങ്ങിയ ഇണയെ ലഭിക്കാനും, വിവാഹം കഴിഞ്ഞ ഉടനെ നടക്കുന്ന വിവാഹമോചനം ഒഴിവാക്കാനും പിന്നീടുണ്ടാകുന്ന കലഹങ്ങളില്‍ നിന്ന് ഏറക്കുറെ സുരക്ഷിതരാകാനും ഇത് സഹായിക്കും. ഇണകള്‍ക്കിടയിലെ ചേര്‍ച്ചയില്‍, മനപ്പൊരുത്തത്തില്‍ പരിഗണിക്കേണ്ടത് എന്തൊക്കെയാണ്? സ്വഭാവ പ്രകൃതം, ജീവിത ശീലങ്ങള്‍, തൊഴില്‍ സങ്കല്‍പ്പങ്ങള്‍, ജീവിത വീക്ഷണം, ലക്ഷ്യങ്ങളും സ്വപ്നങ്ങളും, മതധാര്‍മിക അനുഷ്ഠാന കാര്യങ്ങളിലെ ബോധ്യങ്ങള്‍, ആദര്‍ശ - സംഘടനാ നിലപാടുകള്‍, വസ്ത്രധാരണത്തിലും ബന്ധങ്ങളിലും മുറുകെപ്പിടിക്കുന്ന ഇഷ്ടങ്ങള്‍, സാമ്പത്തിക നിലപാട്, ഇണയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍,
കുടുംബത്തിന്റെ നിലവാരവും സമീപനങ്ങളും തുടങ്ങി, ഒരുമിച്ച് ജീവിക്കുന്ന രണ്ട് വ്യക്തികള്‍ പങ്കുവെക്കേണ്ട എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതും പരിശോധിക്കേണ്ടതുമായിട്ടുണ്ട്. ഇവയെല്ലാം, 'കുഫുവി'ന്റെ പരിധിയില്‍ വരുന്നതാണ്. 'വിജയകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് പരസ്പരമുള്ള ചേര്‍ച്ചയാണ്, ഭര്‍ത്താവ് തന്റെ ഭാര്യക്ക് യോഗ്യനായിരിക്കണം, തിരിച്ചും. അതായത്, പദവിയിലും സാമൂഹിക നിലയിലും ധാര്‍മികവും സാമ്പത്തികവുമായ തലത്തിലും തുല്യനാകണം' എന്ന് പണ്ഡിതന്മാര്‍ ഇതിനെ വിശദീകരിച്ചത് കാണാം. ഇരുവരും തമ്മില്‍ പരസ്പരം മനസ്സിലാക്കല്‍, തമ്മിലുള്ള വൈകാരിക ബന്ധം എന്നിവയില്‍ എത്രത്തോളം താളപ്പൊരുത്തമുണ്ട് എന്നത് കൃത്യമായി പരിശോധിക്കണം.
സ്വഭാവപ്രകൃതത്തിലെ വൈരുധ്യം
മതധാര്‍മിക മൂല്യങ്ങളിലും ചടങ്ങുകളിലും സൂക്ഷ്മതയും കണിശതയുമുള്ള ഒരാള്‍, ഈ വിഷയത്തില്‍ ഉദാസീനതയുള്ള ഇണയെ തെരഞ്ഞെടുക്കുന്നത് നല്ലതല്ല. രണ്ടിലൊരാള്‍ മാറുകയോ, പരസ്പരം ഗൗനിക്കാത്ത വ്യക്തിസ്വാതന്ത്ര്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ അതൊരു പ്രശ്നമായി പുകഞ്ഞുകൊണ്ട്, വീടകങ്ങളെ ശ്വാസം മുട്ടിക്കും. അഭിരുചികളും ജീവിത ശൈലിയുമാണ് ദാമ്പത്യ ചേര്‍ച്ചയില്‍ പ്രധാനമായിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ച എഞ്ചിനീയര്‍ ദമ്പതികളുടെ ഉദാഹരണം തന്നെയെടുക്കാം. ഐ.ടി എഞ്ചിനീയറായ ഭര്‍ത്താവ്, ഗവേഷണപഠനത്തിലും ജോലിയിലും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ്. ഏറെ ഒതുങ്ങിക്കൂടുന്ന പ്രകൃതം. ഒഴിവു സമയം വായനയിലും പഠനത്തിലുമായിരിക്കും ശ്രദ്ധ. ഇനിയും എഴുതി നേടേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആള്‍ക്ക് പ്രധാനമാണ്. അധികമൊന്നും പുറത്ത് പോകാനോ, ഏറെ പേരോട് ഇടപഴകാനോ താല്‍പര്യമില്ല. ഗവണ്‍മെന്റ് ഉദ്യോഗസ്ഥ ദമ്പതികളുടെ മകനായതിനാല്‍, നിയമചിട്ടകളില്‍ കള്ളിയും കളവും വരച്ച് ശീലിച്ചെടുത്ത ജീവിതരീതി, മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രകൃതം, വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടാല്‍ വഴിമധ്യേ നേരത്തെ നിശ്ചയിക്കാത്ത ഒരു കടയില്‍ കയറേണ്ടി വന്നാല്‍ കാറ് നിര്‍ത്തുന്നത് പോലും അസഹ്യം. ഒരു സമയം ഒരു കാര്യം മാത്രമേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കൂ. വൃത്തിയില്‍ കണിശത, ബെഡ് റൂമില്‍ കൈയെത്തും ദൂരത്ത് ടിഷ്യൂ പേപ്പറുകള്‍ നിര്‍ബന്ധം. മാതാപിതാക്കള്‍ ശമ്പളക്കാരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ആയതിനാല്‍ ലിമിറ്റഡ് ജീവിതമാണ് എല്ലാറ്റിലും ശീലിച്ചത് - ഇതാണ് ഭര്‍ത്താവിന്റെ പ്രകൃതം. സിവില്‍ എഞ്ചിനീയറായ ഭാര്യ. പുറത്ത് പോവുകയും ആളുകളോട് ഇടപഴകുകയും ചെയ്യുന്ന പ്രകൃതം. ഒഴിവ് സമയം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കാന്‍ ഇഷ്ടം. യാത്രകള്‍ ഏറെ പ്രിയം. ഒരേ സമയം പല കാര്യങ്ങളില്‍ ഏര്‍പ്പെടാനുള്ള (Multi tasking) കഴിവ്, ചടുലത, ചിലപ്പോള്‍ ദേഷ്യം നിയന്ത്രിക്കാന്‍ പാടാണ്, പക്ഷേ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും കഴിയും. ബിസിനസ് കുടുംബത്തിലെ അംഗമായതിനാല്‍ കുറേയൊക്കെ ഫ്രീയായിട്ടാണ് വളര്‍ന്നത്, അണ്‍ലിമിറ്റഡ് ജീവിതമാണ് പല കാര്യങ്ങളിലും ശീലിച്ചത്. ഭര്‍ത്താവ് കൂടെ വന്നില്ലെങ്കിലും തന്റെയും കുട്ടികളുടെയും ഭര്‍ത്താവിന്റെ തന്നെയും കാര്യങ്ങള്‍ സ്വന്തമായി വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഭാര്യ. ഭാര്യയെയും കുട്ടികളെയും കൂടക്കൂട്ടി കാര്യങ്ങള്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന, ഭര്‍ത്താവിന് പക്ഷേ, വളരെ സാവകാശത്തില്‍ മാത്രമേ എന്തും ചെയ്യാന്‍ കഴിയൂ. രാവിലെ തീരുമാനിച്ചാല്‍ രാത്രിയാകുമ്പോഴേക്കും കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഭാര്യ, ഇന്ന് തീരുമാനം എടുത്താല്‍ ഒരാഴ്ച കഴിഞ്ഞ് മാത്രം ചെയ്യുന്ന ഭര്‍ത്താവ് - ഇതാണ് സ്വഭാവപ്രകൃതത്തിലെ വൈരുധ്യങ്ങളുടെ ഒരു ഉദാഹരണം. അനിഷ്ടങ്ങള്‍ വളരുന്നത് പല ഘടകങ്ങളിലൂടെയാകും.
തികച്ചും വ്യത്യസ്തമായ രണ്ട് കുടുംബങ്ങളില്‍, രണ്ട് രീതികളില്‍, രണ്ട് പ്രകൃതങ്ങളുമായി വളര്‍ന്ന രണ്ട് വ്യക്തിത്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പത്ത് വര്‍ഷങ്ങളായി ഈ കുടുംബത്തില്‍ നടക്കുന്നത്. ഇത്തരം ദാമ്പത്യങ്ങള്‍ നമുക്കിടയില്‍ ധാരാളമുണ്ട്, ഇക്കാലത്ത് വിശേഷിച്ചും.
അക്കാദമിക രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചയാളും അഡ്വഞ്ചര്‍ ഇഷ്ടപ്പെടുന്നയാളും തമ്മിലുള്ള വിവാഹം താളഭംഗം നിറഞ്ഞതായിരിക്കും.
സാമൂഹിക ജീവിതത്തില്‍ താല്‍പര്യമെടുക്കാത്തയാളും സാഹസികതകളില്‍ ഉത്സുകരായവരും ചേര്‍ന്നു പോവുക പ്രയാസമായിരിക്കും. യാത്രകളെ പ്രണയിക്കുന്ന ഒരാള്‍ക്ക് യാത്രകളോട് താല്‍പര്യമില്ലാതെ ഒതുങ്ങിക്കഴിയുന്ന പങ്കാളിയെ ലഭിച്ചാല്‍ ഇണക്കത്തെക്കാള്‍ പിണക്കമാകും ഇവരുടെ കുടുംബ ജീവിതത്തില്‍ ഉണ്ടാവുക.
പി.ജി കഴിഞ്ഞ്, പി.എച്ച്.ഡി ലക്ഷ്യം വെച്ച് ഒരുക്കങ്ങള്‍ നടത്തുന്ന പെണ്‍കുട്ടി. നാട്ടില്‍, ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപന ജീവിതമാണ് സ്വപ്നം. അത് നേടാവുന്ന കഴിവിനും യോഗ്യതക്കും ഒട്ടും കുറവില്ല താനും. അതിനുവേണ്ടി തീവ്രമായ ശ്രമത്തിലാണവള്‍. കുടുംബത്തോടൊപ്പം ഗള്‍ഫില്‍ ജീവിതം ആഗ്രഹിക്കുന്ന, ബിരുദം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരനുമായി ഇവളുടെ വിവാഹം നടന്നാല്‍ ഒത്തുപോകില്ല എന്നുറപ്പാണ്. വേണ്ടത്ര ആലോചനയില്ലാതെ ഇത്തരം വിവാഹങ്ങള്‍ നടത്തിയാല്‍, അത് വിവാഹമോചനത്തിലേ കലാശിക്കൂ.
ശരീര പ്രകൃതത്തില്‍ പരസ്പരം ഉള്‍ക്കൊള്ളാനാകാത്ത ഘടകങ്ങള്‍ ചിലര്‍ക്കിടയിലുണ്ടാകാം. വിശാലമായ കുടുംബ ബന്ധങ്ങള്‍ സജീവമായി കാത്തുസൂക്ഷിക്കുന്നവര്‍ക്ക്, സ്വന്തം വീട്ടിലേക്ക് ചുരുങ്ങി ജീവിക്കുന്ന പ്രകൃതക്കാര്‍ ചേരില്ല.
ഇങ്ങനെ ചേരാത്ത വ്യക്തികള്‍ തമ്മില്‍ വിവാഹം നടക്കുന്നതാണ് പെരുകുന്ന വിവാഹമോചനങ്ങളുടെ ഒരു കാരണം. സൂക്ഷ്മമായ ആലോചനകളും മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് പല വിവാഹങ്ങളും നടക്കുന്നത്. രണ്ട് കുടുംബങ്ങളിലെയും പിതാക്കള്‍/പിതാമഹന്‍മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് ചിലര്‍ മക്കള്‍/ പേരക്കുട്ടികള്‍ തമ്മില്‍ വിവാഹം കഴിപ്പിക്കുക. ബിസിനസ്, സംഘടനാ ബന്ധങ്ങളാകാം മറ്റു ചിലപ്പോള്‍ കാരണം. വരന്റെ/വധുവിന്റെ മാതാപിതാക്കളുടെ സ്വഭാവം, ജനസമ്മതി, കുടുംബ മഹിമ തുടങ്ങിയവയും ചിലപ്പോള്‍ വിവാഹ ബന്ധങ്ങള്‍ രൂപപ്പെടാന്‍ കാരണമാകാറുണ്ട്. ഇതൊന്നും തെറ്റായ കാര്യമല്ല, വധൂവരന്‍മാര്‍ തമ്മില്‍ ചേരുമെങ്കില്‍, മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ശരിയായ വിധത്തില്‍ പരിഗണിച്ചിട്ടുണ്ടെങ്കില്‍. ഒന്നാമത്തെ പരിഗണ മക്കളുടെ വ്യക്തിത്വത്തിനും അഭിരുചികള്‍ക്കും ആയിരിക്കണമെന്നു മാത്രം.
ഭിന്നമായ സ്വഭാവപ്രകൃതവും ജീവിത വീക്ഷണവുമുള്ള രണ്ടുപേര്‍ വിവാഹിതരാകുന്നത് സന്തോഷകരവും സമാധാനപൂര്‍ണവുമായ ദാമ്പത്യ ജീവിതത്തിന് ഒട്ടും ഗുണകരമാകില്ല. രണ്ടിലൊരാള്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് തയാറായെങ്കിലേ അവര്‍ക്ക് ഒരു വിധം മുന്നോട്ട് പോകാന്‍ സാധിക്കൂ. പക്ഷേ, ഇത്തരക്കാര്‍ പുതിയ കാലത്ത് പരസ്പരം പൊരുത്തപ്പെട്ട് പോവുക ഏറെ പ്രയാസമായിരിക്കും, ഇതാണ് അനുഭവം. വിവാഹമോചനം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണിത്. ഇവിടെ പ്രശ്‌നം വിവാഹമോചനമല്ല, വിവാഹം തന്നെയാണ്. ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയിലും മനപ്പൊരുത്തത്തിലും കാലത്തിന്റെ മാറ്റവും വ്യക്തിത്വത്തിന്റെ വളര്‍ച്ചയും നിലപാടുകളിലെ സൂക്ഷ്മതയും കണിശതയുമൊക്കെ നന്നായി പരിഗണിക്കേണ്ടതുണ്ട്. വിവാഹം കഴിഞ്ഞ് പ്രശ്‌നങ്ങളെക്കുറിച്ച് പരാതി പറയുന്നതിന് പകരം, കുടുംബ ജീവിതത്തിന് പാകപ്പെടും വിധം വിവാഹത്തിന് മുമ്പേ വ്യക്തിത്വങ്ങളെ വികസിപ്പിച്ചെടുക്കേണ്ടതുമുണ്ട്.