വെറുതെയൊരു ശ്രമം നടത്തിനോക്കി, പഠനകാലത്തിനിടെ മുന്നിലേക്കെത്തിയ അധ്യാപകരില്‍ ആകെ എത്രപേരെ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്ന്. എണ്ണം ഓര്‍ക്കാനാവുന്നില്ല. എന്നാല്‍ ചിലര്‍ മാത്രം വ്യക്തതയോടെ മനസ്സിനുള്ളില്‍ മിന്നി നില്‍ക്കുന്നു. ഒന്നാം ക്ലാസില്‍ പഠിപ്പിച്ച നീണ്ട മുടിയുള്ള സുനിത ടീച്ചര്‍, മുറ്റത്തെ മരച്ചുവട്ടിലിരുത്തി അറബി അക്ഷരങ്ങളെ പരിചയപ്പെടുത്തിത്തന്ന തങ്ങള്‍ മാഷ്, ചൂരല്‍ വടികൊണ്ട് മേശപ്പുറത്തടിച്ച് സകലരെയും അടക്കിയിരുത്തിയ നമ്പൂതിരി മാഷ്, പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ പ്രേരിപ്പിച്ച ശ്യാമള ടീച്ചര്‍.. അധ്യാപനം എന്നത് ഒരു കലയാണ്, അത് നേരാംവണ്ണം ചെയ്യാനാവുന്നവര്‍ മികച്ച കലാകാരികളും കലാകാരന്മാരും. അങ്ങനെയെങ്കില്‍ മുകളില്‍ പറഞ്ഞവരെല്ലാം എന്റെ കണ്ണില്‍ ഉത്തമ കലാമര്‍മജ്ഞര്‍ തന്നെയാണ്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. എസ് രാധാകൃഷ്ണന്റെ പേര് പെട്ടെന്ന് ചോദിച്ചാല്‍ എല്ലാര്‍ക്കും ഓര്‍ത്തെടുക്കാന്‍ ആയെന്നുവരില്ല. പക്ഷേ, നമ്മള്‍ അധ്യാപക ദിനമായി കൊണ്ടാടുന്ന ഡോ. എസ്. രാധാകൃഷ്ണനെ പെട്ടെന്നറിയാനും സാധിക്കും. വിദ്യാഭ്യാസ വിദഗ്ധനും ദാര്‍ശനികനുമായ അദ്ദേഹം രാഷ്ട്രപതി എന്ന അടയാളപ്പെടുത്തലിനെക്കാളും താല്പര്യപ്പെട്ടത് അധ്യാപകന്‍ എന്ന വിശേഷണത്തെയായിരുന്നു. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ജീവിതം അധ്യാപകര്‍ക്കുള്ള പാഠപുസ്തകമാണ് എന്നുതന്നെ പറയാം. ഈ ആശയം ഓരോ മനസ്സുകളിലേക്കും എത്തിയാല്‍ തന്നെ ലോകത്തെ സംഘര്‍ഷങ്ങള്‍ക്ക് എത്ര മാത്രം അയവുണ്ടാകും.
ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ലഭിക്കുന്ന, മറ്റെല്ലാ തൊഴിലും പോലെ തന്നെയാണ് അധ്യാപകവൃത്തിയും എന്നാണ് എന്റെ തോന്നല്‍. പക്ഷേ, ആകെയുള്ള വലിയ വ്യത്യാസം അവര്‍ ദിനേന ഇടപഴകേണ്ടിവരുന്നത് കുഞ്ഞുങ്ങളോടാണ് എന്നതാണ്. തൂവെള്ളക്കടലാസുപോലെയാണ് കുട്ടികളുടെ മനസ്സ്. അതില്‍ കോറിയിടപ്പെടുന്ന ഓരോ വരയും കുറിയും അവരുടെ സ്വഭാവത്തെ, എന്തിന് ജീവിതത്തെ തന്നെ നിര്‍ണയിക്കുന്നുണ്ട്. അതിനാല്‍ തന്നെ മറ്റേതു ജോലിക്കുമുള്ളതിനെക്കാള്‍ ശ്രദ്ധ അധ്യാപകവൃത്തി ആവശ്യപ്പെടുന്നുണ്ട്. മുകളില്‍ ഞാന്‍ പറഞ്ഞ ഓരോ അധ്യാപകരും എന്റെ കുട്ടിക്കാലത്തെ സുന്ദരമാക്കിയവരാണ്. സ്‌കൂളിലേക്കുള്ള എന്റെ പോക്കിനെ, നടവഴികളെ, കൂട്ടുകാരെ എല്ലാം ഇഷ്ടപ്പെടുത്തിയതില്‍ സ്‌കൂളില്‍ അവര്‍ നല്‍കിയ വാത്സല്യവും സ്‌നേഹവും കാരണമായിട്ടുണ്ട്.
അപ്പോഴും നമ്മളോര്‍ക്കണം, അപാകതകള്‍ ഇല്ലാത്തവരല്ല അധ്യാപകര്‍. ഏതൊരു മനുഷ്യനെയും പോലെ ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ട്. പക്ഷേ, ആ ദൗര്‍ബല്യങ്ങളെ കുട്ടികള്‍ക്ക് മുമ്പില്‍ അടക്കിവെക്കാന്‍ സാധിക്കണം എന്നതാണ് അവര്‍ക്കു മുന്നിലുള്ള വെല്ലുവിളി.
എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. പ്രബന്ധരചനാ മത്സരത്തില്‍ സബ്ജില്ലാ തലത്തിലേക്ക് എനിക്ക് പ്രവേശനം ലഭിക്കുകയുണ്ടായി. സ്വാഭാവികമായും അധ്യാപകരാണല്ലോ കൊണ്ടുപോവേണ്ടത്. സ്‌കൂള്‍ നിയോഗിച്ചത് മധ്യവയസ്‌കയായ ചരിത്രാധ്യാപികയെ. ബസ്സില്‍ കയറി ഞങ്ങള്‍ മത്സരം നടക്കുന്ന സ്‌കൂളിലേക്ക് പോയി. മത്സരത്തില്‍ പങ്കെടുത്ത് തിരികെ പോന്നത് പാതിദൂരം ബസ്സിലും ഓട്ടോറിക്ഷയിലുമായാണ്. വണ്ടിയില്‍ നിന്നിറങ്ങിയ ഞാന്‍ ഓട്ടോകാശ് കൊടുക്കുന്നതും കാത്ത്, മറ്റെവിടേക്കോ നോക്കുന്ന ഭാവത്തില്‍ നിന്ന അധ്യാപികയെ ഞാന്‍ ഇന്നും ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. സ്വന്തം കൈയില്‍ നിന്നെടുക്കുന്ന പണമല്ല, സ്‌കൂള്‍ കൊടുക്കുന്ന ഫണ്ടാണ്. എന്നിട്ടും, പതിമൂന്നു വയസ്സായ തന്റെ വിദ്യാര്‍ഥിനിയാവണം അത് നൽകേണ്ടത് എന്ന് അവര്‍ ചിന്തിച്ചു.
എന്റെ എത്രയോ രാത്രികളിലെ ഉറക്കം നിസ്സാരമെന്ന് തോന്നാവുന്ന ആ സംഭവം കവര്‍ന്നെടുത്തിട്ടുണ്ട്. ടീച്ചര്‍ക്ക്, സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി ആ പൈസ കൊടുക്കാന്‍ ഒരിക്കല്‍ തുനിഞ്ഞെങ്കിലും ധൈര്യം വന്നില്ല. മഹാപരാധം ചെയ്തവളെപ്പോലെ തല താഴ്ത്തി ഞാന്‍ അവര്‍ക്ക് മുമ്പില്‍ എപ്പോഴും നിന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന എന്നെ വരാന്തയിലോ മറ്റോ വെച്ച് കാണുമ്പോള്‍ അവര്‍ ഗൗനിക്കാതിരുന്നാല്‍, അന്ന് ഞാന്‍ പണം കൊടുക്കാത്തതുകൊണ്ടായിരിക്കാം എന്നോര്‍ത്ത് നിശ്ശബ്ദം സങ്കടപ്പെട്ടിട്ടുണ്ട്. എത്ര വൈദഗ്ധ്യത്തോടെ അവര്‍ പിന്നീട് പഠിപ്പിച്ചിട്ടും എനിക്ക് ആ ക്ലാസുകള്‍ ഒന്നുംതന്നെ ആസ്വാദ്യകരമായില്ല എന്നതാണ് വാസ്തവം. എന്റെ മനസ്സില്‍ എക്കാലത്തേക്കുമായും വീണ ഒരു കറയാണ് ആ അധ്യാപിക. സഹജീവികളോട്, പ്രത്യേകിച്ച് കുട്ടികളോട് കാരുണ്യത്തോടെ വര്‍ത്തിക്കാന്‍ അറിയാത്തവര്‍ ഒരിക്കലും അധ്യാപകരാവരുത് എന്നാണ് ഞാന്‍ കരുതുന്നത്.
ഇതിന് നേര്‍ എതിരനുഭവങ്ങളാണ് ചൈനയെന്ന ദേശത്ത് എന്റെ മകന്‍ നേരിട്ടത്. നഴ്‌സറിക്കാലം മുതല്‍ക്കുള്ള എല്ലാ ക്ളസുകളിലും ആകെയൊരൊറ്റ ഇന്ത്യന്‍ കുട്ടിയായിരുന്ന അവനെ കൂട്ടത്തിലൊരാളെപ്പോലെയാണ് ചൈനക്കാരായ സഹപാഠികള്‍ കണ്ടത്. അപരദേശങ്ങളെക്കുറിച്ച് അറിയാന്‍ യൂട്യൂബോ, ഇന്‍സ്റ്റഗ്രാമോ, പഴയ ട്വിറ്ററോ ഇല്ലാത്ത ചൈനയിലെ കുട്ടികള്‍ക്ക് എങ്ങനെയായിരിക്കും തവിട്ട് നിറത്തൊലിയുള്ള, തങ്ങളെക്കാളും ഉയര്‍ന്ന മൂക്കുള്ള, കട്ടിത്തലമുടിയുള്ള ഇന്ത്യന്‍ കുട്ടിയെ തങ്ങളുടെ കൂട്ടത്തിലേക്ക് എളുപ്പത്തില്‍ കൂട്ടാനായത് എന്ന് അത്ഭുതത്തോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരവും എനിക്കറിയാം. ആ കുഞ്ഞുങ്ങള്‍ക്കെല്ലാം നല്ല അധ്യാപകര്‍ ഉണ്ടായിരുന്നു. ദേശം, വംശം, ജാതി എന്നീ വേര്‍തിരിവുകള്‍ ക്ലാസില്‍ ഒരിക്കലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്റെ ഓര്‍മയില്‍ മകനെ സങ്കടപ്പെടുത്തിയ ഒരേയൊരു സംഭവം, കള്ളം പറയുന്നവരുടെ മൂക്കാണ് നീണ്ടുപോവുന്നത്, അതുകൊണ്ടാണ് നിന്റെ മൂക്ക് എന്റേത് പോലല്ലാത്തത് എന്ന് അവന്റെ കൂട്ടുകാരന്‍ പറഞ്ഞതു മാത്രമാണ്.
പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സ്‌കൂളില്‍ തന്നെയുണ്ടാവും. പന്നിയും ഹലാലല്ലാത്ത മാംസവും നിഷിദ്ധമാണെന്നറിഞ്ഞപ്പോള്‍ ഉടനടി അതിനും ബദല്‍ സംവിധാനമൊരുങ്ങി. സ്‌കൂള്‍ അധികൃതര്‍ ഒരിക്കലും ചോദിച്ചില്ലായിരുന്നു എന്തുകൊണ്ട് നിങ്ങള്‍ക്ക് അതൊന്നും കഴിച്ചുകൂടാ എന്ന്. സ്വകാര്യതകള്‍ മാനിക്കപ്പെടണം എന്ന വലിയൊരു അറിവു കൂടിയാണ് ചൈനയിലെ മകന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വലിയൊരു മേന്മയായി ഞാന്‍ കാണുന്നത്.
റമദാന്‍ കാലത്ത് നോമ്പെടുക്കാനും, പ്രാര്‍ഥനക്കായി മുറി നല്‍കാനും അവര്‍ തയാറായി. അവിടെയും ചോദ്യങ്ങളില്ല. ഒരു മതത്തെയും കുറിച്ച് ധാരണയുള്ളവരായിരുന്നില്ല അവന്റെ മിക്ക അധ്യാപകരും. അവര്‍ക്ക് അറിയണമെന്നുമുണ്ടായിരുന്നില്ല. കേരളത്തിലെ ഒരു എയ്ഡഡ് കോളേജില്‍ ഈയിടെ നമസ്‌കാരമുറിയെച്ചൊല്ലിയുണ്ടായ വിവാദത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ചൈനയിലെ ആ അധ്യാപകരെ ആയിരുന്നു. പാര്‍ട്ടിയാണ് മതം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രവും, സകല മതങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയണം എന്ന് ഉദ്ഘോഷിക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യവും തമ്മില്‍ പ്രവൃത്തികളിലുള്ള അന്തരം കണ്ട് ഞാന്‍ ഞെട്ടിയെന്നു തന്നെ പറയാം. വിദ്യാഭ്യാസം നേടുകയെന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള പാകതയെത്തുക എന്നുകൂടിയാണ് അര്‍ഥം. അതൊട്ടും എളുപ്പമല്ല, അതിനു തക്ക മാനസികവികാസമുള്ള അധ്യാപകര്‍ ഇല്ലെങ്കില്‍.
മിടുക്കരും അല്ലാത്തവരും കാണും ക്ളാസില്‍. എല്ലാവരെയും ഒരുപോലെ കണ്ട്, പഠനത്തില്‍ പിന്നാക്കമുള്ളവര്‍ക്കായി കൂടുതല്‍ സമയം നല്‍കി പഠനത്തെ ആഘോഷമാക്കാന്‍ അറിയുന്ന അധ്യാപകരുണ്ടെങ്കില്‍ എത്ര രസമായിരിക്കും! അപകര്‍ഷതാബോധമുള്ള, ഒന്നിനും ധൈര്യമില്ലാത്ത, വീട്ടില്‍ നിന്ന് തന്നെ പലവിധ പീഡനങ്ങളേല്‍ക്കുന്ന കുട്ടികള്‍ എത്രയുണ്ടാവും ഓരോരോ സ്‌കൂളിലും! ഇവരുടെയെല്ലാം പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ ഒരു കൗണ്‍സലറെക്കാള്‍ സാധിക്കുക ജോലിയോട് ആത്മാര്‍ഥതയുള്ള അധ്യാപകര്‍ക്കായിരിക്കാം.
ഒരിക്കലും അപ്ഡേറ്റഡ് ആവാത്ത സിലബസ് പോലാവരുത് അധ്യാപകര്‍, അവര്‍ കുട്ടികളോടൊപ്പം തന്നെ പഠിച്ചുകൊണ്ടേയിരിക്കണം. കാരണം, അവര്‍ ഇടപഴകുന്നത് വിരലറ്റത്ത് വിജ്ഞാനോപാധികളും ഏറ്റിനടക്കുന്ന ഒരു തലമുറയോടാണ്. എല്ലാറ്റിനുമുപരി മനുഷ്യത്വം, സഹജീവികളോടുള്ള സ്‌നേഹം എന്നിവയെക്കുറിച്ച് കുട്ടികളെ സദാ ഓര്‍മപ്പെടുത്താനുള്ളവരായി, ഈ കെട്ടകാലത്ത് അധ്യാപകര്‍ മാറട്ടെ എന്നു കൂടി ആശിച്ചുപോവുകയാണ്!