ബിജാപ്പൂര്‍ സുല്ത്താന്മാരുടെ സ്മാരക കുടീരങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രശസ്തമായ നിര്‍മിതിയാണ് ഇബ്രാഹിം റൗള. ലോകപൈതൃക സ്മാരകങ്ങളുടെ ഗണത്തില്‍പ്പെട്ട, കര്‍ണാടകയിലെ ബിജാപ്പൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്മാരക സമുച്ചയം ആദില്‍ ഷാ കാലത്തെ ശ്രേഷ്ഠ നിര്മിതികളില് ഒന്നാണ്. സഞ്ചാരികള്‍ എപ്പോഴും എത്തുന്ന ഒരിടം. സ്മൃതിസൗധവും അതിനഭിമുഖമായി നില്ക്കുന്ന മസ്ജിദും ഒരേ തട്ടകത്തില്‍ സ്ഥിതിചെയ്യുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇന്തോ ഇസ്ലാമിക് സ്മാരകങ്ങളുടെ ശ്രേണിയില്‍പ്പെട്ട ഇരട്ട നിര്‍മിതികളാണ് ഇബ്രാഹിം റൗളയിലെ സ്മൃതിമന്ദിരവും പള്ളിയും. ആലി റൗസയെന്നും ഇത് അറിയപ്പെടുന്നു. ആദില്‍ ഷാ യുഗത്തിലെ ലിപികലയുടെയും വാസ്തുവിദ്യയുടെയും മികവുറ്റ ആവിഷ്കാരങ്ങള്‍ പേറുന്ന നിര്‍മിതി. കരിങ്കല്ലുകള്‍കൊണ്ട് തീര്‍ത്ത സ്മാരക മന്ദിരം.
ദക്ഷിണേന്ത്യയിലെ കറുത്ത താജ്മഹല്‍ എന്നാണ് ഇബ്രാഹിം റൗള അറിയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ഇബ്രാഹിം ആദില്‍ ഷാ രണ്ടാമന്റെ കാലത്താണ് ഇതിന്റെ നിര്‍മാണം നടന്നത്. കൃത്യമായി പറഞ്ഞാല്‍, 1627ല്‍ ഇബ്രാഹിം ആദില്‍ ഷാ രണ്ടാമന്റെ പ്രഥമ പത്നി താജ് സുല്‍ത്താനയാണ് ഈ സമുച്ചയം പണിതുയര്‍ത്തുന്നതിന് വേണ്ടി മുന്‍കൈയെടുത്തത് എന്ന് പറയപ്പെടുന്നു. എട്ട് വര്‍ഷക്കാലം കൊണ്ടാണത്രെ ഇബ്രാഹിം റൗളയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അതിസുന്ദരമായ ഒരു ലാന്ഡ്സ്കേപ്പിനുള്ളിലാണ് ഇബ്രാഹിം റൗള. പ്രവേശന കവാടത്തിലൂടെ കോമ്പൗണ്ടില്‍ എത്തുമ്പോള്‍ വിസ്തൃതമായ പുല്‍മൈതാനവും അതിനുമധ്യേ തലയെടുപ്പോടെ നില്ക്കുന്ന സ്മൃതി കുടീരവും പള്ളിയും അവയുടെ മകുടങ്ങളും ഗോപുരങ്ങളും മിനാരങ്ങളും എല്ലാം ചേര്‍ന്ന ഗംഭീരദൃശ്യം. പുല്പരപ്പിനിടയില് ഭംഗിയുള്ള പൂച്ചെടികളുമുണ്ട്. പൂന്തോപ്പിലും പള്ളിമുറ്റത്തും പരിസരത്തുമെല്ലാം ആളുകള്‍ വിശ്രമിക്കുന്നതും കാണാം.
ഹരിതാഭക്ക് നടുവിലെ ഉയര്‍ന്ന ചതുരത്തറയില്‍ 140 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന കരിങ്കല്ലുകള്‍ കൊണ്ടുള്ള സ്മാരക സമുച്ചയമാണ് ഇബ്രാഹിം റൗള. മൈതാനത്തില്‍നിന്ന് അവിടേക്ക് പ്രവേശിക്കാന്‍ തെക്കുവടക്ക് ദിശകളില്‍നിന്ന് പടിക്കെട്ടുകളുണ്ട്. ചതുരാകൃതിയിലുള്ള സ്മാരക മന്ദിരത്തിന്റെ വശങ്ങള്‍ക്ക് 43 അടി വീതം നീളവും വീതിയുമുണ്ട്. നാല് കോണുകളിലും ഭംഗിയുള്ള മിനാരങ്ങളും ഇരുവശത്തും വരാന്തകളുമുണ്ട്. ബിജാപ്പൂര്‍ സുല്ത്താന്മാരുടെ കാലത്തുണ്ടായിരുന്ന കലാപാടവത്തിന്റെയും കരവിരുതിന്റെയും വൈവിധ്യമുള്ള ചിത്രശില്പവേലകള് കൊണ്ട് ഭംഗിയാര്‍ന്ന താഴികക്കുടവും മേല്‍ക്കൂരയും തൂണുകളും ഭിത്തികളുമാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നത്. അവയെല്ലാം അഴകേറെയുള്ള രൂപമാതൃകകള്‍ തന്നെ. കാലപ്പഴക്കം കൊണ്ടാകാം ചിലയിടങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. തേക്ക് തടി കൊണ്ടുള്ള വലിയ വാതിലുകളാണ് ഈ സ്മാരക മന്ദിരത്തിലെ മറ്റൊരു ആകര്‍ഷണം. ഇബ്രാഹിം റൗള സ്മാരക സമുച്ചയത്തിന്റെ ഉള്ളില്‍ വരിവരിയായി, പല വലുപ്പത്തിലാണ് സ്മൃതി കുടീരങ്ങളുള്ളത്. താമരയുടെ ആകൃതിയുള്ള ചുവടും കൊത്തുപണികളുള്ള സ്മാരക കുടീരങ്ങളും പ്രവേശന കവാടങ്ങളും ഇടനാഴികളും എല്ലാം സുന്ദരം. ഇടനാഴികളിലൂടെ വെളിച്ചം വീണ് സ്മാരകങ്ങള്‍ തിളങ്ങി നിന്നു. ഇബ്രാഹിം ആദില്‍ ഷാ രണ്ടാമന്റെയും, രാജ്ഞി താജ് സുല്‍ത്താനയുടെയും, മറ്റ് നാലു കുടുബാംഗങ്ങളുടെയും ഉള്‍പ്പെടെ ആറു ശവകുടീരങ്ങളാണ് ഇവിടെയുള്ളത്.
ഇബ്രാഹിം റൗളയെന്ന സ്മാരക സൗധത്തെ പ്രശസ്തമാക്കുന്ന പ്രധാന കലാരൂപങ്ങളില്‍ എടുത്തുപറയേണ്ട ഒന്നാണ് ഇവിടുത്തെ ലിപികലയുടെ ശ്രേണി. അക്ഷരകലയില്‍ വിരിഞ്ഞ അറബി വചനങ്ങളും വാചകങ്ങളും മഖ്ബറക്കും മുകള്ത്തട്ടിനുമെല്ലാം വിവരിക്കാന്‍ പറ്റാത്തത്ര ഭംഗിയും പ്രൗഢിയും നല്കുന്നു. ഇന്ത്യയില്‍ മറ്റെങ്ങും കാണാത്ത ലിപികലയുടെ സൂക്ഷ്മ സുന്ദരങ്ങളായ വൈവിധ്യങ്ങളും ഉദാഹരണങ്ങളുമാണ് ഇവിടെയുള്ളത്. ശിലകളില്‍ കാലിഗ്രാഫിക് രൂപങ്ങള്‍ കൊത്തിനിറച്ച ജാലകങ്ങളും ഇവിടെ കാണാം. കല്ലില്‍ തുരന്നും കൊത്തിയുമുണ്ടാക്കിയ എണ്ണമറ്റ ചെറുതും വലുതുമായ ശില്പങ്ങളും വിടവുകളും എല്ലാം ഇബ്രാഹിം റൗളയെ ആദില്‍ ഷാ കാലഘട്ടത്തിലെ വ്യത്യസ്തമായ ഒരു നിര്‍മിതിയാക്കുന്നു.
ഇബ്രാഹിം റൗള മസ്ജിദ്
ഇബ്രാഹിം റൗസ സ്മാരക മന്ദിരത്തിന് നേരെ എതിര്‍വശത്ത് കിഴക്കുഭാഗത്താണ് മസ്ജിദ്. ഭംഗിയേറിയ താഴികക്കുടവും മിനാരങ്ങളും ഗോപുരങ്ങളും എല്ലാം കാഴ്ചയില്‍ നിറഞ്ഞുനിന്നു. പുറമെ നിന്ന് നോക്കിയാല്‍ പള്ളിക്കും സ്മൃതി കുടീരത്തിനും ഒരേ ഛായ തോന്നും. പക്ഷേ, പല വ്യത്യാസങ്ങളുമുണ്ട്. സ്മാരക കുടീരത്തെ അപേക്ഷിച്ച് മസ്ജിദിനും മകുടത്തിനും വലുപ്പം കുറവാണ്. എങ്കിലും ശാന്തസുന്ദരമായ അതിന്റെ ഉള്‍ത്തളങ്ങള്‍ കണ്ടാല്‍ ആരും മയങ്ങിപ്പോകും.
പരമ്പരാഗതമായ കരവിരുതിന്റെ ഭംഗിയും മികവും മസ്ജിദിനുള്ളില്‍ എവിടെയും കാണാം. മേല്‍ക്കൂരയും അകത്തളങ്ങളും ആര്‍ച്ചുകളും ഭിത്തികളും എല്ലാം ഗംഭീരമായ നിര്‍മ്മിതികളാണ്. താമരയിതളുകള്‍ പോലെയുള്ള മേലാപ്പും വലിയ ഇടനാഴികളും അതിസുന്ദരം. ഇന്തോ ഇസ്ലാമിക് ശൈലിയില്‍ തന്നെയാണ് ഈ പള്ളിയും പണിതുയര്‍ത്തിയിട്ടുള്ളത്. ഉള്‍ഭാഗത്തെല്ലാം അലങ്കാരങ്ങളും കൊത്തുപണികളുമുണ്ട്. കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ചങ്ങലകളും പൊഴികളും വിവിധ രൂപങ്ങളും ഇവിടെ കാണാം. കല്ലിനൊപ്പം കുമ്മായവും മറ്റ് അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് പള്ളിയുടെ അകത്തളങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. മൂന്നു വരിയായുള്ള വിശാലമായ നിസ്കാര ഹാള്‍ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഇബ്രാഹിം റൗളയിലെ പള്ളിയുടെയും മഖ്ബറയുടെയും ഇടയില്‍ ഒരു ജലധാരയുണ്ട്. അത് വരണ്ടുകിടക്കുന്നു. പുരാതനമായ ഒരു ജലസംഭരണിയും നീര്‍ച്ചാലുകളും അത്യാവശ്യ താമസത്തിനുള്ള സൗകര്യവും സ്റ്റോര്‍ റൂമും ഒക്കെ പഴമയുടെ അടയാളങ്ങളായി ഈ കോമ്പൗണ്ടില്‍ ഉണ്ട്.
കൂറ്റന്‍ മതില്‍ക്കെട്ടും മനോഹരമായ പ്രവേശനകവാടവും പള്ളിയും സ്മൃതി കുടീരങ്ങളും പുല്‍മൈതാനവും എല്ലാം ചേര്‍ന്ന ഇബ്രാഹിം റൗള എന്ന വിഖ്യാത നിര്‍മിതി, പ്രാചീനതയുടെ പ്രതാപത്തിന്റെയും രാജവാഴ്ചയുടെയും സൂചകമായി, ബിജാപ്പൂരിന്റെ അഭിമാനമായി നിലകൊള്ളുന്നു.