വിവാഹം സാധുവാകാന്‍ നാല് മദ്ഹബുകളില്‍ വന്നിട്ടുള്ള
നിബന്ധനകള്‍ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു
?? എനിക്ക് മുപ്പത് വയസ്സാണ് പ്രായം. നാല് വര്‍ഷമായി എനിക്ക് ഒരു യുവതിയുമായി ബന്ധമുണ്ട്. അടുപ്പം എത്രത്തോളമെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ പറ്റാത്ത അവസ്ഥയിലാണ്. അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ എന്റെ വീട്ടുകാരോട് പല തവണ അനുവാദം ചോദിച്ചു. അവര്‍ തന്നില്ല. അവള് വിവാഹമോചിതയല്ലേ എന്നാണവര്‍ ന്യായം പറയുന്നത്. അവളുടെ കുടുംബക്കാരും ഈ വിവാഹത്തിനെതിരാണ്. എന്റെ കുടുംബക്കാര്‍ക്ക് ഇഷ്ടമില്ലല്ലോ, അവര്‍ പങ്കെടുക്കുന്നില്ലല്ലോ, അതുകൊണ്ട് ഈ ബന്ധം വേണ്ട എന്നാണവര്‍ പറയുന്നത്. ഞാനാണെങ്കില്‍ ഈ യുവതിയുമായി നിത്യവും കാണും. ഞാന്‍ അവളെയും അവള് എന്നെയും വല്ലാതെ സ്നേഹിച്ചുപോയി. അവിഹിത ബന്ധത്തിലേക്ക് അത് ചെന്നെത്തുമോ എന്ന് പോലും ഞാന്‍ ഭയന്നു. മറ്റൊരു മാര്‍ഗവും മുമ്പിലില്ലാതെ വന്നപ്പോള്‍, ഞങ്ങള്‍ വിവാഹിതരായിരിക്കുന്നു എന്ന് ഒരു കരാര്‍ പത്രമെഴുതി. അതില്‍ വലിയ്യിന്റെ പേരിന്റെ സ്ഥാനത്ത് ഞങ്ങള്‍ എഴുതിയിരിക്കുന്നത് 'അല്ലാഹു സുബ്ഹാനഹു തആലാ' എന്നാണ്. അല്ലാഹുവിനെക്കാള്‍ വലിയ വലിയ്യ് മറ്റാരാണുള്ളത്! സാക്ഷികളായി ഞങ്ങളോടൊപ്പമുള്ള രണ്ട് മലക്കുകളെയും ചേര്‍ത്തിരിക്കുന്നു. ഇരുവരും ഞങ്ങളുടെ ഓരോ പ്രവൃത്തിയും കൃത്യമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടല്ലോ.
സംഗതി വളരെ വിചിത്രമാണ് എന്നെനിക്കറിയാം. ഞങ്ങളുടെ സദുദ്ദേശ്യങ്ങള്‍ അല്ലാഹു അറിയുന്നുണ്ടല്ലോ. താങ്കളുടെ അഭിപ്രായമെന്താണ്, ഈ വിവാഹബന്ധം സാധുവാണോ, അല്ലേ?
ഉത്തരം
ഒരു അന്യ സ്ത്രീയുമായി ഇങ്ങനെയുള്ള ബന്ധങ്ങളൊന്നും ഇസ്ലാമിക ശരീഅത്തില്‍ അനുവദനീയമല്ല. ഇതാണ് നിങ്ങള്‍ ആദ്യമായി മനസ്സിലാക്കേണ്ടത്. ഇത് പലതരം കുഴപ്പങ്ങളിലേക്കും അധാര്‍മികതകളിലേക്കും വഴിതുറക്കും. മനുഷ്യനെ പിഴപ്പിക്കുന്ന പിശാചിന്റെ വഴിയിലാണ് നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത്. 'ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കിയത് പോലെ, പിശാച് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കാതിരിക്കട്ടെ' (അല്‍അഅ്റാഫ് 27) എന്ന് അല്ലാഹു മുന്നറിയിപ്പ് തന്നിട്ടുണ്ടല്ലോ. അതിനാല്‍ ചെയ്തുപോയതില്‍ ഖേദിച്ച് ഉടനടി ഈ ബന്ധം അവസാനിപ്പിക്കുക. വിവാഹം ചെയ്തുകൊടുക്കുന്ന വലിയ്യ് വേണം, രണ്ട് സാക്ഷികള്‍ വേണം. ഇതൊക്കെ വിവാഹം സാധുവാകുന്നതിനുള്ള ഉപാധികളാണ്. സ്ത്രീയുടെ വലിയ്യ് അവളുടെ പിതാവാണ്; പിതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ അടുത്ത മറ്റു ബന്ധുക്കളാണ് ആ സ്ഥാനത്തേക്ക് വരിക.
സാക്ഷികള്‍ മനുഷ്യരില്‍ നിന്നുള്ളവരാവണം. മലക്കുകളായാല് പറ്റുകയില്ല. സാക്ഷികളില്‍ ഒത്തുവരേണ്ട ഗുണങ്ങളും പണ്ഡിതന്മാര് എണ്ണിപ്പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ വലിയ്യും മലക്കുകളെ സാക്ഷികളുമാക്കി നിങ്ങള്‍ ഈ പവിത്ര കരാറിനെ പ്രഹസനമാക്കി മാറ്റിയിരിക്കുകയാണ്; ശരീഅത്ത് വിധികളെ കൊഞ്ഞനം കുത്തുകയാണ്. ഇത് സാധുവല്ലാത്ത വിവാഹമാണ്. അതില്‍നിന്ന് പിന്മാറുക. ശേഷം അവളുടെ പിതാവിനെയോ വലിയ്യിന്റെ സ്ഥാനത്തുള്ള മറ്റുള്ളവരെയോ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ വലിയ്യും സാക്ഷികളുമൊക്കെയായി ശരീഅത്ത് ചിട്ടപ്രകാരം വിവാഹം നടത്തുക. സദുദ്ദേശ്യങ്ങള്‍ തിന്മ ചെയ്യാനുള്ള ന്യായമല്ല.
* *
ഒറ്റ നോട്ടത്തില്‍ ഇതൊരു സാങ്കല്‍പ്പിക ചോദ്യവും അതിന് നല്കപ്പെട്ട മറുപടിയും ആണെന്ന് തോന്നാം. അത്ര വിചിത്രമായ രീതിയിലാണ് വിവാഹം നടന്നിട്ടുള്ളത്. പക്ഷേ, ഇത് ഒരു യഥാര്‍ഥ ചോദ്യം തന്നെയാണ്. islamweb.netല്‍ (24.4.2019) നിങ്ങള്‍ക്ക് ഈ ചോദ്യവും ഉത്തരവും കാണാം. ഒരുമിച്ചുള്ള ജീവിത(living together)ത്തിന്റെ മറ്റൊരു രൂപം മാത്രമാണിത്. ഏതോ തരത്തിലുള്ള മതബോധവും 'ദൈവപേടി'യും ഈ കാമുകീകാമുകന്മാരെ പിടികൂടിയിട്ടുള്ളതുകൊണ്ട് അവര്‍ തങ്ങളുടെ അവിഹിത ബന്ധത്തെ ഇസ്ലാമികമായി സാധൂകരിക്കാന്‍ ശ്രമിക്കുന്നു. ഈ പ്രവണത പുതുതലമുറയില്‍ ശക്തിപ്പെടുന്നുണ്ടെന്ന് മേല്‍ സൂചിപ്പിച്ച വെബ്സൈറ്റിലെ ചോദ്യോത്തരങ്ങളിലൂടെ കടന്നുപോയപ്പോള്‍ മനസ്സിലായി.
കേരളത്തിലും സമാന രീതിയിലുള്ള ന്യായങ്ങള്‍ 'ഇസ്ലാമികമായി' തന്നെ ഉയര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. ചില വിവാഹ ചടങ്ങുകളില്‍ അതിലേക്കുള്ള ചില സൂചനകളും കണ്ടുതുടങ്ങിയിരിക്കുന്നു. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന രീതികളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് അതിന്റെ തുടക്കം. അങ്ങനെ ചെയ്യുന്നതു കൊണ്ട് എന്താണ് കുഴപ്പം, റസൂല്‍ അത് എതിര്‍ത്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിനുള്ള തെളിവ് എന്നൊക്കെ പറഞ്ഞ് അവര്‍ നമ്മുടെ വായടപ്പിച്ചു കളയും. വിവാഹച്ചടങ്ങിന്റെ പാരമ്പര്യ രീതികളോട് തങ്ങള്‍ക്കുള്ള വിയോജിപ്പാണ് അവര്‍ യഥാര്‍ഥത്തില്‍ പ്രകടിപ്പിക്കുന്നത്. ലിബറലിസത്തിന്റെ സ്ത്രീവാദങ്ങള്‍ കുറച്ചൊക്കെ അവരെ അവരറിയാതെ സ്വാധീനിക്കുന്നുണ്ടാവാം. വിവാഹച്ചടങ്ങിനെ സംബന്ധിച്ചിടത്തോളം അത് ഏറക്കുറെ ഇസ്ലാമിന്റെ പാരമ്പര്യത്തനിമയില്‍ തന്നെയാണ് നടന്നുവരുന്നത്. സ്ത്രീധനം പോലുള്ള ചില അത്യാചാരങ്ങള്‍ മാത്രമാണ് ഇതര സംസ്കാരങ്ങളില്‍നിന്ന് അതിലേക്ക് കയറിവന്നിട്ടുള്ളത്. അവയെ പുറന്തള്ളുക തന്നെ വേണം. അത്തരം അനിസ്ലാമികതകള് മാറ്റിനിര്‍ത്തിയാല്‍ ലോകത്തെ എല്ലാ മുസ്ലിം സമൂഹങ്ങളിലും ഏതാണ്ട് സമാനമായ രീതിയിലാണ് വിവാഹങ്ങള്‍ നടക്കുന്നത്. റസൂലിന്റെ കാലത്തെ വിവാഹമാതൃക തലമുറകളായി കൈമാറിവരുന്നതുകൊണ്ടാവാം ഈ സമാനത.
അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ എന്നീ നാല് പ്രധാന മദ്ഹബുകളെടുത്ത് പരിശോധിച്ചാലും ഈ സമാന സ്വഭാവം കാണാന്‍ കഴിയും. വിവാഹത്തിന്റെ ഉപാധികളാണ് ഏറെ പ്രധാനം. ഹദീസുകളുടെ പിന്‍ബലത്തില്‍ തന്നെ അവ സ്ഥിരപ്പെട്ടതുമാണ്. ലിബറല്‍ കടന്നാക്രമണം മറ്റു സമൂഹങ്ങളെ പ്രത്യക്ഷമായി തന്നെ പരിക്കേല്‍പ്പിക്കുമ്പോള്‍, ചെറുത്തു നില്‍ക്കാനുള്ള ആശയാടിത്തറ ഉണ്ടാവുക മുസ്ലിം സമൂഹങ്ങള്‍ക്ക് മാത്രമായിരിക്കും. എങ്കിലും അതിന്റെ പരോക്ഷമായ സ്വാധീനങ്ങള്‍ അവരിലുമുണ്ടാവും. അത് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക സ്ത്രീ-പുരുഷ ബന്ധങ്ങളിലുമായിരിക്കും. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ മദ്ഹബും വികസിപ്പിച്ചെടുത്ത വിവാഹരീതികള്‍ ലിബറല്‍ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് അവയെക്കുറിച്ച് സാമാന്യ ജ്ഞാനമുള്ള ഏതൊരാള്‍ക്കും ബോധ്യമാവാതിരിക്കില്ല.
മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കരാര്‍ ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ-വിവാഹക്കരാര്‍. ആ കരാര്‍ സ്നേഹത്തിലും കാരുണ്യത്തിലും (മവദ്ദ, റഹ് മ) അധിഷ്ഠിതമായിരിക്കണമെന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. നേരത്തെ പറഞ്ഞ പോലെ വിവാഹത്തില്‍ ഉപാധികളാണ് പ്രധാനം. അവ പൂര്‍ത്തീകരിച്ചിരിക്കണം. എങ്കിലേ വിവാഹം സാധുവാകുകയുള്ളൂ. ഉപാധികളുടെ കാര്യത്തില്‍ മദ്ഹബുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടല്ലോ എന്നൊരാള്‍ക്ക് ചോദിക്കാം. ആ അഭിപ്രായ ഭിന്നതകള്‍ യഥാര്‍ഥത്തില്‍ അനുഗ്രഹമാണ്. വിവാഹം ചില സങ്കീര്‍ണതകളില്‍ ചെന്നുപെടുമ്പോള്‍ ഈ ഭിന്നാഭിപ്രായങ്ങളില്‍ ഏതെങ്കിലുമൊന്ന് രക്ഷക്കെത്തും എന്നതിനാലാണിത്.
ശാഫിഈ മദ്ഹബില്‍
ഞാന്‍ നിങ്ങള്‍ക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു പോലുള്ള വാക്കുകള്‍ (സ്വീഗ) പറയുക എന്നതാണ് ഒന്നാമത്തെ ഉപാധി. മറ്റൊരു കാര്യം സംഭവിച്ചാലേ ആ ഉപാധി പൂര്‍ത്തിയാകൂ എന്ന വ്യവസ്ഥയും വെക്കരുത്. 'നീ എനിക്കൊരു വീട് തന്നാല്‍ ഞാന്‍ എന്റെ മകളെ നിനക്ക് വിവാഹം ചെയ്തു തന്നു' എന്ന മട്ടില്‍ വ്യവസ്ഥ വെച്ചാല്‍ അത് സ്വീകാര്യമല്ല. 'ഒരു മാസത്തേക്ക് എന്റെ മകളെ വിവാഹം ചെയ്തു തന്നു' എന്നിങ്ങനെ നിശ്ചിത കാലത്തേക്കാക്കിയാലും വിവാഹം അസാധുവാകും. പ്രയോഗിക്കുന്ന വാക്കുകള്‍ വിവാഹത്തെ വ്യക്തമായി സൂചിപ്പിക്കുന്നതാവണം; 'സവ്വജ്തുക, അന്കഹ്തുക, തസവ്വജ്തു' പോലുള്ള വാക്കുകള്‍.
വരന് പൂര്‍ത്തീകരിച്ചിരിക്കേണ്ട വ്യവസ്ഥകളും ശാഫിഈ മദ്ഹബില്‍ വ്യക്തമാക്കിയിട്ടുണ്ട്. രക്തബന്ധത്താലോ വിവാഹ ബന്ധത്താലോ മുലകുടി ബന്ധത്താലോ തനിക്ക് വിവാഹം നിഷിദ്ധമായ സ്ത്രീ ആയിരിക്കരുത് വധു. നിര്‍ബന്ധിതാവസ്ഥയില്‍ ആയിരിക്കരുത് വിവാഹം നടക്കുന്നത്; സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം. ഈ വ്യവസ്ഥകളൊക്കെ വധുവിനും ബാധകമാണ്. ത്വലാഖ് ചൊല്ലപ്പെട്ടതിനാലോ ഭര്‍ത്താവ് മരിച്ചതിനാലോ ഇദ്ദയിലിരിക്കുന്ന സ്ത്രീയുമാവരുത്.
വിവാഹത്തിന് രണ്ട് പുരുഷ സാക്ഷികള്‍ വേണം. നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരോ തോന്ന്യാസികളോ ആകരുത് അവര്‍. വലിയ്യിനെ സാക്ഷികളിലൊരാളാക്കാന് പറ്റില്ല; അയാള്‍ വിലായത്ത് മറ്റൊരാള്‍ക്ക് കൈമാറിയാല്‍ തന്നെ. കാരണം, അപ്പോഴും അയാള്‍ വലിയ്യ് തന്നെ. വലിയ്യ് സാക്ഷിയാകാന്‍ പാടുള്ളതല്ല. വലിയ്യിനും ഉപാധികളുണ്ട്. അയാള്‍ നിര്‍ബന്ധിതാവസ്ഥയില്‍ വിലായത്ത് നിര്വഹിക്കുന്നവനാകരുത്. സ്വാഭീഷ്ടപ്രകാരമാവണം. മുസ്ലിമായിരിക്കുക എന്നതും ഉപാധിയാണ്. തനിക്ക് വിവാഹം നിഷിദ്ധമായവള്‍ (മകള്‍ പോലെ) ആയിരിക്കണം താന്‍ വിലായത്ത് ഏല്ക്കുന്ന സ്ത്രീ. നീതിമാനായിരിക്കുക എന്നതും തെമ്മാടിയാവാതിരിക്കുക എന്നതും വലിയ്യിന്റെ മറ്റു ഉപാധികളാണ്.
ഹനഫീ മദ്ഹബില്‍
ഏറെക്കുറെ സമാനമാണ് ഹനഫി മദ്ഹബിലെയും വിവാഹ രീതികള്‍. വിവാഹം ചെയ്തുതന്നു, അത് സ്വീകരിച്ചു പോലുള്ള പ്രയോഗങ്ങള്‍ / സ്വീഗകള് ഉണ്ടാവണം. ഈജാബ്, ഖബൂല്‍ എന്നാണ് ഇതിന് സാങ്കേതികമായി പറയുക. 'സവ്വജ്തുക' പോലുള്ള വ്യക്തമായ സ്വീഗകള് തന്നെയാണ് നല്ലത്. വ്യംഗ്യമാക്കി (കിനായ) പറഞ്ഞാല്‍ അത് സ്വീകാര്യമാവണമെങ്കില്‍ അതു കൊണ്ടുദ്ദേശ്യം വിവാഹം തന്നെയെന്ന് അവിടെ കൂടിയവര്‍ക്കൊക്കെ വ്യക്തമായിരിക്കണം. ഈജാബും ഖബൂലും വിരുദ്ധമാകരുത് എന്നുമുണ്ട്. ഉദാഹരണത്തിന്, ഇത്ര സ്വര്‍ണാഭരണം മഹ് ര്‍ നിശ്ചയിച്ച് വിവാഹം ചെയ്തുതന്നിരിക്കുന്നു, എന്ന് പറയുമ്പോള്‍ ആ മഹ്റില്ലാതെ വിവാഹം ചെയ്തു തന്നത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിവാഹം സാധുവാകുകയില്ല. നിശ്ചിത കാലത്തേക്ക് വിവാഹം ചെയ്തുതന്നാലും അത് ശരിയാവുകയില്ല. ബുദ്ധിസ്ഥിരതയുണ്ടാവുക, പ്രായപൂര്‍ത്തിയെത്തുക, സ്വാതന്ത്ര്യമുണ്ടാവുക എന്നതൊക്കെ വധൂവരന്മാരില് ഇരുവര്‍ക്കും ബാധകമാണ്. ഇദ്ദയിലിരിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യരുത്. വധു ആര്, വരന് ആര് എന്ന് എല്ലാവരും വ്യക്തമായി അറിഞ്ഞിരിക്കണം. രണ്ട് സാക്ഷികളും ഉണ്ടായിരിക്കണം. ഒരു സാക്ഷി സ്ത്രീയായാലും മതി. ബുദ്ധിസ്ഥിരത, നീതിബോധം, പ്രായപൂര്‍ത്തിയെത്തുക തുടങ്ങിയവ സാക്ഷികള്‍ക്കും ബാധകമാണ്.
മറ്റു മദ്ഹബുകളുമായും ഭൂരിപക്ഷം പണ്ഡിതന്മാരുമായും ഹനഫി മദ്ഹബ് വിയോജിക്കുന്ന ഒരു വിഷയമുണ്ട്. സ്ത്രീ ബുദ്ധിമതിയും പ്രായപൂര്ത്തിയെത്തിയവളും കാര്യപ്രാപ്തയുമാണെങ്കില് വലിയ്യ് നിര്‍ബന്ധമില്ല എന്നതാണത്. ത്വലാഖിനെ സംബന്ധിച്ച് പറയവെ 'അവള് മറ്റൊരു ഭര്‍ത്താവിനെ വേള്‍ക്കുകയും...' (അല്‍ബഖറ 230) എന്ന് ഖുര്‍ആനില്‍ വന്നിട്ടുണ്ടല്ലോ. ഭാഷാപരമായി ഈ പരാമര്‍ശം സ്ത്രീ സ്വയം വേള്ക്കുന്നതിനെപ്പറ്റിയാണ് എന്നാണ് ഇമാം അബൂ ഹനീഫയുടെ പക്ഷം. തൊട്ടുടനെ വന്ന, ''അവരുടെ ഇദ്ദ പൂര്‍ത്തിയായാല്‍ പിന്നീട് സ്വന്തം കാര്യത്തില്‍ ന്യായമായ രീതിയില്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് (സ്ത്രീകള്‍ക്ക്) സ്വാതന്ത്ര്യമുണ്ട്''(അല്‍ബഖറ 234) എന്ന സൂക്തമാണ് മറ്റൊരു തെളിവായി ഉദ്ധരിച്ചിരിക്കുന്നത്. ഈ രണ്ട് സൂക്തത്തിലും വിവാഹ കര്‍മത്തെ, അതിന്റെ കര്‍തൃത്വത്തെ സ്ത്രീയിലേക്കാണ് ചേര്‍ത്തു പറഞ്ഞിരിക്കുന്നതെന്നും അതിനാല്‍ വലിയ്യ് ഇല്ലെങ്കിലും വിവാഹം സാധുവാകുമെന്നുമാണ് അബൂ ഹനീഫയുടെ വാദം. മറ്റുള്ള മദ്ഹബിലെ പണ്ഡിതന്മാരോ സ്വതന്ത്ര പണ്ഡിതന്മാരോ ഇത് അംഗീകരിക്കുന്നില്ല. ഇതൊരു വ്യാഖ്യാനം മാത്രമാണെന്നും സ്വഹീഹായി വന്ന നബിവചനങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും അവര്‍ പറയുന്നു. വലിയ്യ് ഇല്ലാതെ നികാഹ് ഇല്ലെന്നും സ്ത്രീ സ്വന്തത്തെയോ മറ്റുള്ളവരെയോ നികാഹ് ചെയ്ത് കൊടുക്കരുതെന്നും നബിവചനങ്ങളില്‍ വന്നിട്ടുള്ളതാണ്. 'ഇക്കാര്യത്തില്‍ അമാന്തം കാണിക്കുന്നത് തെറ്റാണ്. ഇത്തരം ഭിന്നാഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ നിവൃത്തിയില്ല. തെളിവില്ലാത്ത ഭിന്നാഭിപ്രായങ്ങള്‍ സ്വീകരിക്കരുത്. വലിയ്യ് വേണം എന്ന് റസൂല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ അതിന് വിരുദ്ധമായത് എങ്ങനെയാണ് സ്വീകരിക്കുക?' - പ്രമുഖ മുഫ്തി ഇബ്നു ബാസ് പറഞ്ഞതാണിത്. ഈ അഭിപ്രായമാണ് മുസ്ലിം ലോകം പൊതുവെ സ്വീകരിച്ചു വരുന്നതും.
ഹമ്പലി മദ്ഹബില്‍
മറ്റു മദ്ഹബുകളിലെപ്പോലെ ഹമ്പലി മദ്ഹബിലും, വിവാഹം ചെയ്തു കൊടുക്കുന്നതും വിവാഹം ചെയ്തുതന്നത് സ്വീകരിച്ചു എന്നു പറയുന്നതും ( ഈജാബ്, ഖബൂല്‍) കൃത്യമായ വാക്കുകളിലായിരിക്കണം. ഞാന്‍ വിവാഹം ചെയ്തുതന്നു എന്ന് തന്നെ വലിയ്യ് പറയണം. മറുപടിയായി വരന് 'ഞാന്‍ സ്വീകരിച്ചു' എന്ന് മാത്രം പറഞ്ഞാലും പ്രശ്നമില്ല. ഈജാബിന് മുമ്പായി ഖബൂല്‍ പറഞ്ഞുപോകരുതെന്ന് മാത്രം. നിര്‍ബന്ധം ചെലുത്താതെ ഇരുവരുടെയും ഇഷ്ടപ്രകാരമാവണം വിവാഹം നടക്കേണ്ടത്. പുരുഷനായിരിക്കണം വലിയ്യ്. പ്രായപൂര്ത്തിയെത്താത്തവരെയോ ബുദ്ധിസ്ഥിരത ഇല്ലാത്തവരെയോ വലിയ്യ് ആക്കാന്‍ പറ്റില്ല. വധു സ്വന്തം നിലക്ക് വിലായത്ത് ഏല്‍ക്കാനും പാടില്ല. വിവാഹത്തിന് രണ്ട് സാക്ഷികള്‍ വേണം. ആ സാക്ഷികള്‍ വരന്റെയോ വധുവിന്റെയോ ബന്ധുക്കള്‍ ആവരുത്. ഇരുവരും തമ്മിലുള്ള വിവാഹത്തെ തടയുന്ന ശറഈ കാരണങ്ങള്‍ ഇല്ലാതിരിക്കുകയും വേണം.
മാലികി മദ്ഹബില്‍
ഈജാബിന്റെയും ഖബൂലിന്റെയും വാക്കുകള്‍ കൃത്യവും വ്യക്തവുമായിരിക്കണം. വിവാഹത്തെ കുറിക്കുന്നത് തന്നെയാവണം. ഈജാബ് പറഞ്ഞ് കുറേ കഴിഞ്ഞാവരുത് ഖബൂല്‍ പറയുന്നത്. ക്രമത്തില്‍ ഉടന്‍ തന്നെ പറയണം. ഒരു മാസത്തേക്ക് അല്ലെങ്കില്‍ ഒരു കൊല്ലത്തേക്ക് വിവാഹം എന്നിങ്ങനെ ഉപാധികള്‍ വെക്കാന്‍ പാടില്ല. ഇരുവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിവാഹക്കരാറില്‍ നിന്ന് ഒഴിവാകാം എന്ന ചോയ്സും ഈജാബ്-ഖബൂലുകളില് ഉണ്ടാവരുത്. പുരുഷനാവുക, പ്രായപൂര്‍ത്തിയെത്തുക, സ്വതന്ത്രനായിരിക്കുക, കാര്യശേഷി ഉള്ളവനാവുക, മുസ്ലിമാവുക എന്നതൊക്കെ വലിയ്യ് ആകാനുള്ള യോഗ്യതകളാണ്. രണ്ട് സാക്ഷികളില്‍ ഒരാള്‍ വലിയ്യ് ആകാനും പാടില്ല.
വിവാഹം സാധുവാകാന്‍ നാല് മദ്ഹബുകളില്‍ വന്നിട്ടുള്ള നിബന്ധനകളാണ് സംക്ഷിപ്തമായി മുകളില്‍ വിവരിച്ചത്. നിബന്ധനകള്‍ എത്ര സമാന സ്വഭാവത്തിലുള്ളതാണെന്ന് നോക്കൂ. പരസ്പരം മാറിപ്പോയാല്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം സാമ്യമുള്ളത്. വലിയ്യ് ഇല്ലെങ്കിലും നികാഹ് സാധുവാകും എന്ന ഹനഫി മദ്ഹബിന്റെ അഭിപ്രായം മാത്രമാണ് വ്യത്യസ്തമായുള്ളത്. അവിടെയും സാധുവാകും എന്നേ പറയുന്നുള്ളൂ. പ്രയോഗത്തില്‍ വലിയ്യോട് കൂടി തന്നെയാണ് അവിടെയും വിവാഹം. വിവാഹത്തിന്റെ ഓരോ ഘട്ടത്തിലും സുവ്യക്തമായ ദൈവിക നിര്‍ദേശങ്ങളുണ്ട് എന്നതിനാലാണ് ഇക്കാര്യത്തില്‍ മദ്ഹബുകള്‍ ഇത്രയേറെ ചേര്ന്നുനില്ക്കുന്നത്.
അതേസമയം ഈ ലേഖനത്തിന്റെ ആദ്യം ചേര്‍ത്ത ചോദ്യോത്തരത്തില്‍ നിന്ന് വ്യക്തമാവുന്ന പോലെ, പരിധികളും വിലക്കുകളും പാലിക്കാതെയുള്ള ബന്ധങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു. പലരും വിവരമില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്. പലപ്പോഴും മദ്ഹബുകള്ക്കകത്തോ പുറത്തോ ഒക്കെ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള ഇസ്ലാമിക പരിഹാരങ്ങള്‍ തന്നെ സാധ്യമാണ്. മദ്ഹബ് തന്നെ വേണമെന്നുള്ളവര്‍ക്ക് ചില സങ്കീര്‍ണ പ്രശ്നങ്ങളില്‍ സ്വന്തം മദ്ഹബില്‍ പരിഹാരം കാണാതെ വരുമ്പോള്‍ മറ്റൊരു മദ്ഹബില്‍ പരിഹാരമുണ്ടെങ്കില്‍ അത് സ്വീകരിക്കാവുന്നതാണ്. കടുംപിടിത്തമില്ലാത്ത മദ്ഹബിന്റെ വക്താക്കള്‍ ഇത് അംഗീകരിച്ചിട്ടുമുണ്ട്. ഇതിന് സാങ്കേതിക ഭാഷയില്‍ 'തല്‍ഫീഖ്' എന്നാണ് പറയുക. 'തുന്നിച്ചേര്‍ക്കുക' എന്നാണ് ഇതിന്റെ ഭാഷാര്‍ഥം. പുതിയ കാലത്തെ പൊതു സ്വീകാര്യതയുള്ള മുഫ്തിമാര് ഒരു സങ്കീര്‍ണ പ്രശ്നം മുന്നില്‍ വരുമ്പോള്‍ ആദ്യം മദ്ഹബുകള്‍ എന്ത് പറയുന്നു എന്ന് നോക്കും. അതില്‍ കാലത്തോട് ഏറ്റവും യോജിച്ചതും ഇസ്ലാമികമായി സ്വീകാര്യമായതുമായ അഭിപ്രായം അവര്‍ മുന്നോട്ടുവെക്കും. മദ്ഹബിന്റെ അഭിപ്രായങ്ങള്‍ ആ സന്ദര്‍ഭത്തില്‍ ഫിറ്റല്ല എന്ന് തോന്നിയാല്‍ ഖുര്‍ആനും ഹദീസും മുന്നില്‍ വെച്ച് തന്റെതായ അഭിപ്രായത്തിലെത്തും. അത്തരം സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ധാരാളമായി ഉയരുന്ന ഒരു മേഖല വിവാഹമാണെന്നതില് തര്‍ക്കമില്ല. പുതു തലമുറയെ ബോധ്യപ്പെടുത്തുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന മറുപടികളും വരുന്നുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ലിബറല്‍ കാഴ്ചപ്പാടുകളെ ചെറുക്കാന്‍ അത്തരം മറുപടികള്‍ മലയാളത്തിലാക്കുന്നത് നന്നായിരിക്കും.