മാളു ഹജ്ജുമ്മ

ശിഹാബ് കരുവാരകുണ്ട്
സെപ്റ്റംബർ 2024

വെള്ളക്കാച്ചിയുടുത്ത്
നീളകൈയന്‍ കുപ്പായമിട്ട്
മക്കന കെട്ടി, മാറത്തേക്ക് പരത്തിയിട്ട്
നീണ്ടുനിവര്‍ന്ന്, ഒരു കൈയില്‍
ചെറുമല കൂമ്പന്റെ വയറ്റില്‍ നിന്നും
വെട്ടിമിനുക്കിയ ചൂരലിലൂന്നി
മറുകൈയില്‍ തസ്ബീഹ് മാലയും
അരപ്പട്ടയില്‍ മാന്‍ തോലില്‍ പൊതിഞ്ഞ
പിച്ചാംകത്തിയുമായ്
തലയുയര്‍ത്തി പിടിച്ചുള്ള വരവ്
ആരെയാണ് കൗതകപ്പെടുത്താതിരിക്കുക!
സായിപ്പിനെ വിരട്ടിയോടിച്ച്
മലബാറിലാറുമാസം സ്വതന്ത്ര രാജ്യം പണിതവന്റെ
ധീര വനിത അങ്ങനെയല്ലെങ്കില്‍ പിന്നെങ്ങനെയാവണം?

ചേറുമ്പുകാര്‍ ആദരപൂര്‍വ്വം അടക്കം പറഞ്ഞു
സ്‌നേഹാതിരേകത്താല്‍ എഴുന്നേറ്റ് നിന്നു
ചിലരെങ്കിലും മടക്കിക്കുത്തഴിച്ച്
മുഖം താഴ്ത്തി കാല്‍വിരലാല്‍
മണ്ണില്‍ ചിത്രം വരച്ചു.
വരച്ച ചിത്രങ്ങളിലൊക്കെയും
ഒരു ധീര വനിതയുടെ ജ്വലിക്കുന്ന മുഖമായിരുന്നു!

ചേറുമ്പ് നിശബ്ദമാണ്
താളത്തില്‍ കുളമ്പടി ഉയര്‍ന്നുപൊങ്ങുന്നു
കാഴ്ചക്കൊത്ത വെളുത്ത കുതിരപ്പുറത്ത്
ഒരു യോദ്ധാവായി ഇരുപ്പുറപ്പുണ്ട് ഹജ്ജുമ്മ,
അങ്ങാടി വലിയ പള്ളിയിലെ മാസാന്ത മീറ്റിംഗിനാണ്.
കമ്മിറ്റി എന്ത് ചര്‍ച്ചിച്ചാലും
തനിക്കായി പണിത പള്ളി റൂമിലിരുന്ന്
ഹജ്ജുമ്മ എന്ന മുത്തവല്ലി തീരുമാനം ഉറപ്പിക്കും
ആണുങ്ങളായോരൊക്കെയും തക്ബീര്‍ ചൊല്ലി പാസാക്കും
പെരേന്നെത്തിച്ച പാല്‍ചായേം
പുന്നെല്ലിന്റൗല് കൊയച്ചതും,
ബിസ്‌ക്കേറ്റും തേങ്ങാപ്പൂളും കഴിച്ച്
അദ്ദോല്യാരെ പ്രാര്‍ത്ഥനേം കഴിഞ്ഞാവും മാളാത്ത മടങ്ങുക.
പോകും വഴി അരയിലൊളിപ്പിച്ച പണക്കിഴിയെടുത്ത്
അര്‍ഹരെ കണ്ടെത്തി വിശപ്പ് മാറ്റും
വീടില്ലാത്തോര്‍ക്കും വേദനിക്കുന്നോര്‍ക്കും
തണലായി നിന്ന് വടവൃക്ഷമാകും.

ഹാജിപ്പാറയില്‍
മുഖം കെട്ടി വെള്ളപ്പെട്ടാളത്തെ
കശക്കിയെറിഞ്ഞ,
ആരാരും പേടിച്ച്, ഒരു തിരിച്ചുവരവില്ലെന്ന് വിധിയെഴുതുമ്പോള്‍
ഒന്നല്ല, രണ്ടല്ല, ഏഴുതവണ
മക്കയില്‍ പോയി ഹജ്ജ് ചെയ്തത് മാളാത്ത,
ഹജൂര്‍ കച്ചേരിയില്‍ ഒറ്റക്ക് പൊരുതി
ഖാന്‍ ബഹദൂര്‍മാര്‍ തട്ടിയെടുത്ത 
അവകാശങ്ങളെ തിരിച്ചുപിടിച്ചവള്‍ മാളാത്ത,
ചോര കണ്ടാല്‍ തലകറങ്ങുന്ന ഭീരുക്കളെ നാണിപ്പിച്ച്
ഉദ്ഹിയ്യത്തിന്റെ ഉരുവിനെ 
തക്ബീര്‍ ചൊല്ലി അറുത്തതും മാളാത്ത..
മക്കളേ, ഹജ്ജുമ്മയുടെ പോരിശ ഇനിയും ബാക്കി!

അല്ല, ആരാ ചരിത്രം തലകുത്തി നിറുത്തിയത്?
മാളുമാര്‍ അകപ്പുരയില്‍ അടുപ്പായെതെപ്പോള്‍?
ദീനുല്‍ ഇസ്ലാമില്‍
ഖദീജയും ആയിശയും ഉമ്മു സുലൈമും
സ്വര്‍ണ ലിപികളിലാണല്ലോ എഴുതപ്പെട്ടത്!
എന്താ ആരും മിണ്ടാത്തത്?!

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media