ഊരും ഉയിരും നഷ്ടപ്പെട്ട കുടുംബങ്ങള്‍. വീടും ഉപജീവനോപാധിയുമുള്‍പ്പെടെ ഉരുള്‍ പിഴുതെടുക്കപ്പെട്ടവര്‍. ജീവിതം തന്നെ സ്തംഭിച്ചു പോയ മനുഷ്യര്‍. മൃതശരീരങ്ങള്‍ വന്‍മരങ്ങള്‍ക്കൊപ്പം ചേറില്‍ പുതഞ്ഞും അംഗഭംഗം വന്നും മലവെള്ളപ്പാച്ചിലില്‍ ചാലിയാറിന്റെ ആഴങ്ങളിലേക്കെത്തിയപ്പോഴും ഒട്ടും പകച്ചുനില്‍ക്കാതെ അവയൊക്കെയും വീണ്ടെടുത്ത ഇരുള്‍ നിമിഷങ്ങള്‍ വയനാടിന്റെ ചരിത്രത്തില്‍ അതിശയമായി നില്‍ക്കുന്നു. സ്വന്തക്കാരും ബന്ധുക്കളും അഴുകിയ മൃതശരീരങ്ങളില്‍നിന്ന് അകലം പാലിച്ച സന്ദര്‍ഭങ്ങളില്‍ പോലും സേവന സന്നദ്ധതയോടെ സ്‌നേഹത്തിന്റെ ഉരുള്‍' പൊട്ടിച്ച ദുരന്ത ഭൂമിയിലെ മാലാഖമാരായിരുന്നു നമ്മുടെ സോദരിമാര്‍.
ഭക്ഷണവും മരുന്നും വസ്ത്രവും വെള്ളവും ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനാവാതെ ജീവിതത്തിന്റെ താളം തെറ്റിയവര്‍ ഒരു ഭാഗത്ത്. കണ്ടെടുത്തുകൊണ്ടിരിക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കേണ്ട പ്രവൃത്തി മറുഭാഗത്തും. ഈ നിര്‍ണായക സന്ധിയില്‍ യുദ്ധ മുഖത്തെന്ന പോലെ സ്വയം സമര്‍പ്പിതരാവുകയായിരുന്നു കാരുണ്യത്തിന്റെ ഈ പെണ്‍കൂട്ടങ്ങള്‍. 'ഒരു വേള ആകാശത്തു നിന്ന് മാലാഖമാര്‍ പോലും അന്തിച്ചു കാണും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പവും അല്ലാതെയും ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ചവരാണ് IRW, ടീം വെല്‍ഫെയര്‍. ഇസ്ലാമിക പ്രസ്ഥാനം പാകപ്പെടുത്തിയെടുത്ത വിശ്വാസദാര്‍ഢ്യത്തിന്റെയും ആത്മബലത്തിന്റെയും ഉടമകളായ സോദരിമാര്‍ ദുരന്ത ഭൂമിയില്‍ വേറിട്ടൊരു ചരിത്രം രചിക്കുകയായിരുന്നു. അവര്‍ക്ക് താങ്ങായി സ്വന്തം കുടുംബം പിന്തുണച്ചതും ശ്രദ്ധേയമായി. ജീവിതത്തിലെ അകം പിടയുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണിവര്‍.
പി.കെ ജമീല മേപ്പാടി
ഉരുള്‍പൊട്ടിയ വിവരം നാടറിഞ്ഞത് മുതല്‍ ദുരന്തമുഖത്ത് സജീവ സാന്നിധ്യമായി ഇടപെട്ടുകൊണ്ടിരിക്കുകയായിരുന്നു ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്റ് പി.കെ ജമീല. എ.പി.ജെ അബ്ദുല്‍ കലാം കമ്യൂണിറ്റി ഹാളിലെ വെള്ളവിരിച്ച മേശകളില്‍ നിന്നും അവസാന മയ്യിത്തും കഫന്‍ ചെയ്ത് സംസ്‌കരിക്കുന്നത് വരെ ഉള്‍ക്കരുത്തോടെ പിടിച്ചുനില്‍ക്കുകയും ശേഷക്രിയകളില്‍ വ്യാപൃതയാവുകയും ചെയ്ത അവരുടെ അനുഭവങ്ങള്‍ മനസ്സിനെമഥിക്കുന്നതായിരുന്നു. ദുരന്തമണ്ണില്‍ നിന്നും മൃതദേഹങ്ങള്‍ വാരിയെടുത്തുകൊണ്ടിരുന്നപ്പോള്‍ വനിതകളുടെ മയ്യിത്ത് പരിപാലനത്തിനുള്ള ചുമതല ഏറ്റെടുക്കാമെന്ന തീരുമാനം പഞ്ചായത്ത് സെക്രട്ടറിയെ ഇവര്‍ അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രതിസന്ധികള്‍ സര്‍വവും മറികടന്ന് കമ്യൂണിറ്റി ഹാളിലും എം.എസ്.എ ഓഡിറ്റോറിയത്തിലും അതിനുള്ള സംവിധാനങ്ങളൊരുക്കി. മൃതദേഹങ്ങള്‍ പെരുകി വന്നപ്പോള്‍ IRW വനിതാവിഭാഗത്തിന്റെ സഹായത്തോടെ ഏറെ ആദരവോടെ അതിന്റെ പരിപാലനം ഏറ്റെടുക്കുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ചതഞ്ഞരഞ്ഞതും ജീര്‍ണിച്ചതുമായ ശവശരീരങ്ങള്‍ ലഭിച്ചത്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും തിരിച്ചറിയാനാവാത്ത ദേഹ രൂപങ്ങള്‍. അവിടെ ഉയര്‍ന്ന തേങ്ങലുകള്‍, കണ്ടു നിന്നവരുടെ ശരീരവും മനസ്സും വിറങ്ങലിച്ചു പോയ സന്ദര്‍ഭങ്ങള്‍. സര്‍വവും നഷ്ടപ്പെട്ട വിഹ്വലതയില്‍ നൊന്തുപെറ്റ മകളെപ്പോലും തിരിച്ചറിയാനാവാത്ത മാതാവിന്റെ ആര്‍ത്ത നാദങ്ങള്‍. അണിഞ്ഞിരുന്ന ആഭരണങ്ങളും മൈലാഞ്ചിയും നൈല്‍ പോളിഷ് അടയാളങ്ങളുമായി വന്ന മൃതദേഹങ്ങള്‍ കാണുമ്പോള്‍ മനസ്സ് തേങ്ങി. ഉടയവരുടെ അവശിഷ്ടങ്ങളെയെങ്കിലും കാത്ത് അന്നവും പാനീയവും വെടിഞ്ഞുള്ള പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പില്‍ പ്രത്യക്ഷപ്പെടുന്ന വികൃതമായ മൃതശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരുടെ തീരാദുഃഖത്തിന് ഒന്നുകൊണ്ടും പകരം വെക്കാനാവില്ല.
കൃത്യമായ അടയാളങ്ങളറിഞ്ഞിട്ടും മൃതശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കളില്‍ ഒരാള്‍ പോലും ഉണ്ടായില്ലയെന്നതും ഏറെ വേദനാജനകം തന്നെയായി. സകലരും നഷ്ടപ്പെട്ട് ഏകയായിപ്പോയ അഞ്ചുവയസ്സുകാരിയുടെ വിങ്ങല്‍ ആരുടെയും മനസ്സ് പിടിച്ചുലക്കും. ഇത്തരം സങ്കടക്കടലിലൂടെ നീന്തുന്ന സഹജീവികളോടൊപ്പം ഒന്നിച്ചു നില്‍ക്കുകയായിരുന്നു ഈ ദൗത്യസംഘം. വീടും കുടുംബവും സഹോദരങ്ങളെയേല്‍പിച്ച് ദൈവ മാര്‍ഗത്തില്‍ ഇറങ്ങുകയായിരുന്നു അവര്‍. ഊണും ഉറക്കവുമില്ലാതെ സ്വന്തത്തെ മറന്ന് നടത്തിയ സേവനങ്ങളെ ഉദ്യോഗസ്ഥരും, പോലീസുകാരും ഏറെ ശ്ലാഘിച്ചെങ്കിലും ഞങ്ങള്‍ക്ക് ഇനിയുമെത്രയോ ചെയ്യാന്‍ ബാക്കിയുണ്ടെന്ന നോവാണ് അവരുടെ മനസ്സിനെ മഥിക്കുന്നത്.
റജീന വളാഞ്ചേരി
ദുരന്ത ഭൂമിയില്‍, പ്ര േതൃകിച്ച് നിലമ്പൂരിലും മേപ്പാടിയിലുമായി ചിലവഴിച്ച ഒരാഴ്ച ടീം വെല്‍ഫെയര്‍ വളണ്ടിയറായ അവരുടെ അനുഭവം വേദനാജനകമായിരുന്നു. അതവര്‍ അയവിറക്കിയത് ഉള്‍ക്കിടിലത്തോടെയാണ്.
കവളപ്പാറ ഉരുള്‍പൊട്ടല്‍, പരപ്പനങ്ങാടി ബോട്ടപകടം, ഭീതി വിതറിയ കോവിഡിന്റെ ആഗോള ദീനക്കാലം തുടങ്ങിയേടത്തൊക്കെയും മയ്യിത്ത് പരിപാലന രംഗത്ത് പ്രവര്‍ത്തിച്ച സേവന പാരമ്പര്യമുള്ള ഇവര്‍ ഈ ദുരന്തമുഖത്ത് പക്ഷേ പകച്ചുപോയി. മൃതദേഹങ്ങളുടെ വൈരൂപ്യം വിവരണാതീതമാം വിധം ബീഭല്‍സമായിരുന്നു. ചാലിയാറില്‍ അടിഞ്ഞെത്തിയ നിരവധി മൃതദേഹങ്ങളുടെയും ശരീരാവശിഷ്ടങ്ങളുടെയും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം, ഡി.എന്‍.എ ടെസ്റ്റ്, പേക്കിംഗ്' തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ ഇവര്‍ സജീവമായി സേവന രംഗത്ത് ഉണ്ടായിരുന്നു. വിശപ്പിന് അവധി നല്‍കി പ്രതികൂല കാലാവസ്ഥയിലും സേവന സന്നദ്ധയാവാന്‍ സൈക്കോളജിയിലെ ബിരുദാനന്തര ബിരുദം
തുണയായി.
ഐശ്വര്യ
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കല്‍ സന്നാഹങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഇവര്‍. ദുരിതത്തിനിരയാവാന്‍ വിധിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന ഹതഭാഗ്യരുടെ മാനസികാഘാതത്തിന് ശമനം ലഭിക്കുക അടിയന്തര ശ്രദ്ധ പതിയേണ്ട മണ്ഡലമായിരുന്നു.
അവരനുഭവിച്ച ഭീതിയുടെ തീക്ഷ്ണത അളക്കാന്‍ ഒരു മാപിനിക്കും കഴിയില്ല. ഘോര ശബ്ദത്തോടെ പാറക്കെട്ടുകളും വന്‍മരങ്ങളും കടപുഴകി ആര്‍ത്തട്ടഹസിച്ചു വന്ന മലവെള്ളപ്പാച്ചിലില്‍ വീടും കുടുംബവും ഒന്നാകെ ഒഴുകിപ്പോകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണിവര്‍, ഉടുതുണി പോലുമില്ലാതെ കാടുകളിലേക്ക് അഭയം തേടിയവര്‍, ഒരു രാത്രി മുഴുവന്‍ കൊടും കാട്ടില്‍ ഭയത്തിന്റെ പുതപ്പു മൂടി കഴിഞ്ഞവര്‍.'
നേരം പുലര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെത്തിക്കുമ്പോഴാണ് ഒരു കുടുംബത്തിലെ 16 പേര്‍ ആ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയതറിയുന്നത്.
ഇതു വിവരിച്ച ഒരു ഉമ്മയെ സമാശ്വസിപ്പിക്കാന്‍ കഴിയാതെ സകല വീര്യവും ചോര്‍ന്നു കരഞ്ഞ സന്ദര്‍ഭങ്ങള്‍. ഓര്‍ക്കുമ്പോള്‍ വല്ലാത്ത ആധിയാണിപ്പോള്‍.' ഞങ്ങളോടൊപ്പം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, സൈക്കോ സ്റ്റാഫുകള്‍ അടങ്ങിയ സംഘം അവര്‍ക്ക് ആവശ്യമായ മരുന്നുകളും നിര്‍ദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു. IRW വനിതാ വളണ്ടിയര്‍മാര്‍ മൃതശരീരങ്ങള്‍ ആദരവോടെ പരിപാലിക്കുന്നത് ഏറെ ഹൃദയ വായ്‌പോടെയാണ് ഞാന്‍ കണ്ടത്. സ്‌നേഹവും കാരുണ്യവും നല്‍കുന്ന സ്ത്രീ ജന്മങ്ങള്‍.
ആമിന പോത്തുകല്ല്
ടീം വെല്‍ഫെയറിന്റെ Google meet-ല്‍ പങ്കെടുക്കുന്നതിനിടെ പോത്തുകല്ലില്‍ ആദ്യ മൃതദേഹം ലഭിച്ച വാര്‍ത്ത പരന്നു.
ഈ ഭാഗത്ത് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ടെന്ന അറിയിപ്പില്‍ തൊട്ടടുത്ത മുണ്ടേരി, ഇരുട്ടുകുത്തിമല, കുമ്പളപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സേവന സന്നദ്ധരായി പോയവര്‍ക്കുള്ള ഭക്ഷണമൊരുക്കുന്നതില്‍ വ്യാപൃതരാവാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. താമസംവിനാ സഹപ്രവര്‍ത്തകര്‍ വിറകും മറ്റു ഭക്ഷണസാധനങ്ങളും ശേഖരിച്ച് തന്റെ പണി തീരാത്ത വീട് അടുക്കളയാക്കി പാചകം ഒരുക്കുകയും തിരച്ചിലിനായി പോയവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍, രണ്ടു മൂന്ന് ദിവസത്തിനകം, ദുരന്തത്തിന്റെ വ്യാപ്തി കൂടുകയാണെന്നും ഭക്ഷണവും മറ്റും കൂടുതല്‍ ആവശ്യമാണെും മനസ്സിലാക്കി നിലമ്പൂര്‍ ആശുപത്രിയിലേക്ക് ഞങ്ങള്‍ നീങ്ങി. അങ്ങനെ സേവന സന്നദ്ധരായ വളണ്ടിയര്‍മാര്‍, ബന്ധുക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊക്കെ ആഹാരം നല്‍കാനായി അധ്വാനിച്ചു. കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ഉദാത്ത മാതൃക തീര്‍ക്കുകയായിരുന്നു ഇവര്‍.
സുമയ്യ എം.എ
വയനാട് മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു കോഴിക്കോട് ജില്ലാ IRW ലീഡര്‍ കൂടിയായ സുമയ്യ.
'IRW വഴി കൃത്യമായ പരിശീലനം ലഭിച്ചിരുന്നെങ്കിലും ഏതൊരു ശരീരവും മനസ്സും വിറങ്ങലിച്ചു പോവുന്ന അപൂര്‍വ സന്ദര്‍ഭങ്ങളിലൂടെയാണ് കടന്നുപോയത്. ഹെല്‍ത്ത് സെന്ററില്‍ മൃതദേഹമെത്തുമ്പോഴേക്കും പ്രസരിപ്പിക്കുന്ന സുഗന്ധതൈലങ്ങളൊന്നും മതിയാവാതെ വരുന്ന അവസ്ഥ.
ഉറ്റവരെ തേടി ഫോട്ടോയും മറ്റടയാളങ്ങളുമായി വന്നെത്തുന്ന ബന്ധുക്കള്‍. സ്വന്തക്കാരെ തിരിച്ചറിയാനാവാതെ മടങ്ങുന്ന അടുപ്പക്കാര്‍. സാന്ത്വനമേല്‍ക്കാത്ത ഹൃദയവും ശരീരവുമായി നില്‍ക്കുന്ന സാധു മനുഷ്യര്‍. മ്ലാനമായ അന്തരീക്ഷവും പരിസരവും.''
ഈ സന്ദിഗ്ധ ഘട്ടത്തിലും ആത്മധൈര്യം വീണ്ടെടുത്ത് കര്‍മനിരതരായ നീലക്കുപ്പായക്കാര്‍. വനിതാ സേവകരെന്ന നിലയില്‍ ആരോഗ്യ വകുപ്പും പോലീസും നല്‍കിയ അകം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാര്‍ഥനയും വിലമതിക്കാനാവാത്തതാണ്. വിപ്ലവ പ്രസംഗങ്ങള്‍ക്കപ്പുറം കര്‍മമണ്ഡലത്തില്‍ സേവനത്തിന്റെയും കാരുണ്യത്തിന്റെയും ഗാഥ രചിക്കുന്ന പെണ്‍പടകള്‍ അന്നവിടെയൊക്കെയും വിസ്മയം തീര്‍ക്കുകയായിരുന്നു.
വി.എ ഫായിസ
(പ്രസി. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്)
ദുരന്ത ദിനത്തില്‍ കോരിച്ചൊരിയുന്ന മഴയും തണുപ്പും വകവെക്കാതെ നിലമ്പൂര്‍ ഭാഗത്തെ ചാലിയാറില്‍ ആദ്യമായെത്തിയ വനിതയാണ് വി.എ ഫായിസ.
ചേറും ചെളിയും കുത്തൊഴുക്കും പറഞ്ഞു പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുകിയെത്തിയ മൃതദേഹങ്ങളെ കരക്കടുപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ സജീവമാവുകയായിരുന്നു. വലിയ വടി കുത്തിപ്പിടിച്ച് ചെളിക്കൂനകളില്‍ മൃതദേഹങ്ങള്‍ പരതുകയായിരുന്നു അവര്‍.
ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹങ്ങളെ തന്നാലാവുന്ന ശക്തി സംഭരിച്ച് വീണ്ടെടുക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവരും സേവനനിരതയായി. നിലമ്പൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഇറക്കിവെക്കുന്ന മൃതശരീരങ്ങള്‍, അംഗഭംഗം വന്ന ദേഹ ഭാഗങ്ങള്‍, തലയോട്ടി, കുടല്‍മാലകള്‍, തല വേര്‍പെട്ടു പോയ ഉടലുകള്‍, ഇങ്ങനെ ഹൃദയഭേദകമായിരുന്നു ആ കാഴ്ചകള്‍. ഇതിന്റെയൊക്കെ ഇടയില്‍ നിന്നാണ് ഇവര്‍ ജോലി ചെയ്തത്. മ്യതദേഹ സംസ്‌കരണം ഏറ്റംഭംഗിയായി ആദരവോടെത്തന്നെ നിര്‍വഹിച്ചു. അങ്ങനെ ചെയ്യേണ്ടതുണ്ടെന്ന തിരിച്ചറിവ് ഇവര്‍ സഹപ്രവര്‍ത്തകര്‍ക്ക് കൈമാറാനും മറന്നില്ല. അതുപോലെ ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുകയും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പഴകിയതും ജീര്‍ണിച്ചതുമായ മൃതശരീരങ്ങളെ പരിപാലിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ലഹരി നല്‍കിയാണത്രേ ജോലിക്കാരെ നിയോഗിക്കാറ്. ഇവിടെയാണ് ഈ വനിതകള്‍ നടപടികളത്രയും പൂര്‍ത്തിയാക്കി മരിച്ചവരെ ആചാര വിധി പ്രകാരം സംസ്‌കരിച്ചത്. ഇതു കണ്ടാണ് ഉദ്യോഗസ്ഥര്‍ വിസ്മയം പ്രകടിപ്പിച്ചത്.
ഡോ. ഷിഫ പി.പി
(ഫ്രറ്റേണിറ്റി ജില്ലാ കൗണ്‍സില്‍ മെമ്പര്‍)
ദുരന്തഭൂമിയില്‍ ആദ്യമായെത്തി മെഡിക്കല്‍ സേവനമാരംഭിച്ചത് മെഡിക്കല്‍ ഫ്രറ്റേണ്‍സ് വിഭാഗമായിരുന്നു. മെഡിക്കല്‍ എയ്ഡ് ടീം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമുണ്ടാക്കിയിരുന്നത്. സര്‍ക്കാര്‍ സംവിധാനം ആരംഭിച്ചപ്പോഴും അതിന്റെ ഔദ്യോഗിക വിംഗിലേക്ക് ഞങ്ങളെ ചേര്‍ത്തുനിര്‍ത്തി മുഴുവന്‍ പേരേയും സേവന സന്നദ്ധരാക്കുകയായിരുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയ സൈനികര്‍, ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍, പോലീസുദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി മുണ്ടക്കൈയിലും ചൂരല്‍മലയിലും ആരംഭിച്ച ക്യാമ്പുകളിലായിരുന്നു സേവനത്തിന്റെ പ്രഥമ ദിനം. 'മലിന ജലത്തിലും ദുര്‍ഗന്ധം വമിക്കുന്ന ചെളിയിലും ഇടപഴകുന്നവര്‍ക്ക് വരാന്‍ സാധ്യതയുള്ള എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കുക, മുറിവേറ്റവരേയും മറ്റസുഖങ്ങളുള്ളവരേയും ചികിത്സിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ സ്വഭാവം. കൂടാതെ ദുരന്തത്തിന്റെ ആഘാതത്തില്‍ അകംവെന്ത മനസ്സുമായി എത്തുന്നവര്‍ക്ക് കൗണ്‍സലിംഗും മറ്റു പരിചരണവും ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചു.